Sunday, November 26, 2017

'തമസ്സല്ലോ സുഖപ്രദം'

'രാത്രിയില്‍ നക്ഷത്രങ്ങളുമായി ചങ്ങാത്തം കൂടി നിളയുടെ തീരത്തിരിക്കണം, അവരെ കണ്ട് കണ്ട് പുഴയുടെ താരാട്ട് കേട്ടുറങ്ങണം...’ സ്വപ്നബക്കറ്റില്‍ കിടന്ന് വീര്‍പ്പുമുട്ടിയിട്ടാവണം നിലവിളിച്ചുകൊണ്ട് ഇതെങ്ങിനെയോ മുകളിലെത്തി. പണ്ടൊരിക്കല്‍ ഇതുപോലെ നിലവിളിച്ചപ്പോള്‍ കില്ലര്‍നേ പാര്‍ക്കില്‍ രാപാര്‍ക്കലിന് പോയി നക്ഷത്രങ്ങളെ നോക്കി നിന്ന് സമാധാനിപ്പിച്ചതായിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന മകന്‍റെ കണ്ണിലും  ആകാശപ്പരപ്പിലെ  നക്ഷത്രങ്ങളുടെ കുസൃതിത്തിളക്കം പ്രതിഫലിച്ചിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന നഗരവെളിച്ചത്തില്‍ വളര്‍ന്ന കുട്ടികള്‍ക്ക് ഇരുണ്ടാകാശവും അതില്‍ പരക്കുന്ന വിസ്മയകാഴ്ചകളൊക്കെ വെറും കഥകള്‍ മാത്രമാണ്.

ടോറോന്റോയില്‍നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് വാഹനമോടിച്ചെത്താവുന്ന സെന്‍ട്രല്‍ ഒണ്ടാറിയോയിലെ മുസ്ക്കോക്കയില്‍ നാലായിരം ഏക്കറോളം വരുന്ന ഒരു ശാദ്വലഭൂമിയുണ്ട്. 1997 മുതല്‍ ‘ഇരുണ്ടാകാശ സംരക്ഷിതപ്രദേശ’മായി സര്‍ക്കാര്‍ പരിപാലിക്കുന്ന സ്ഥലമാണ്. 2.5 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ടതെങ്കിലും, അവസാനഹിമയുഗത്തിനു ശേഷം മണ്ണൊക്കെ ഒലിച്ചു പോയി പാറകളും ചെറിയ കുന്നുകളും, അരുവികളും ചതുപ്പുകളുമൊക്കെയായി മാറിയ പ്രദേശമാണിത്. മരങ്ങള്‍ കുറവാണ്, ഏറെയും പൈനും, ഓക്കും, ചുവന്ന മേപ്പിളുമാണ്. ചതുപ്പുകളില്‍ ഉഭയജീവികള്‍ ധാരാളമുണ്ട്. കാനഡയില്‍ വളരെ അപൂര്‍വ്വമായി കാണാറുള്ള പാമ്പുകളെ(Rattle Snake, Hognose Snake) ഇവിടെ കണ്ടിട്ടുണ്ടെന്ന് പറയുന്നു. ഇതൊന്നുമല്ല അവിടെ കാണാനുള്ളത്. Torrance Barrens Dark Sky Preserveന്‍റെ പ്രധാനാകര്‍ഷണം ആകാശമാണ്‌. നീലാകാശമല്ല... ഇരുണ്ടാകാശം!! 
മനുഷ്യനിര്‍മ്മിതമായ വെളിച്ചങ്ങള്‍ പാടെ മാറ്റി നിര്‍ത്തിയിരിക്കുകയാണ് ടോറന്‍സില്‍. വഴി വിളക്കുകളോ, ഫ്ലഡ് ലൈറ്റുകളോ, കണ്ണില്‍ തറക്കുന്ന മറ്റു കൃത്രിമ പ്രകാശങ്ങളോ നമുക്ക് വഴികാട്ടില്ല. പകരം പതിന്മടങ്ങായി പ്രകൃതിയുടെ വെളിച്ചമുണ്ട്. ഇരുട്ടില്‍ തപ്പിത്തടയുമ്പോള്‍ നക്ഷത്രകുഞ്ഞുങ്ങളുടെ വെള്ളി വെളിച്ചത്തില്‍ മുങ്ങി നിവരാം. കുറച്ചു സമയമെടുത്താലും കണ്ണുകള്‍ അതിനോട് പൊരുത്തപ്പെടും പിന്നെ മറ്റെല്ലാം നിഷ്പ്രഭമാകും. ബെറികളുടെ തലസ്ഥാനമായ മുസ്ക്കോക്കയിലെ ബാലയുടെ അടുത്താണ് ടോറന്‍സ്. സംരക്ഷിതപ്രദേശമായതിനാല്‍ അടുത്തൊന്നും വീടുകളില്ല. അത് കൊണ്ട് വീടുകളിലെ  പ്രകാശവും ആ പ്രദേശത്തില്ല. എന്തെല്ലാം കൃത്രിമപ്രകാശങ്ങളുമായാണ് മനുഷ്യര്‍ അന്തരീക്ഷത്തെ മലിനപ്പെടുത്തിയിരിക്കുന്നത്? ഇത്രയേറെ വെളിച്ചങ്ങള്‍ നമുക്ക് വേണ്ടി പ്രകാശം പരത്തുന്നതിനാലാണോ നമ്മുടെ ഉള്ളിലെ വെളിച്ചമൊക്കെ കെട്ടുപോയത്?
കാര്‍മേഘങ്ങളില്ലാത്ത സെപ്റ്റംബറിലെ ഒരു തെളിഞ്ഞ രാത്രിയിലാണ് ഞങ്ങള്‍ നക്ഷത്രങ്ങളെ കാണാന്‍ പോയത്. നഗരത്തില്‍ നിന്ന് ടോറന്‍സിലേക്ക് കടക്കുന്നതിന് കുറച്ചകലെവെച്ച് തന്നെ വഴിവിളക്കുകളുടെയും, വീടുകളുടെയും അഭാവം ശ്രദ്ധിച്ചു. സംരക്ഷിതപ്രദേശത്തിലേക്കാണ് കടക്കുന്നതെന്ന വ്യക്തമായ അടയാളപ്പെടുത്തലുകളൊന്നുമില്ലെങ്കിലും തികച്ചും ശാന്തമായ ഒരിടത്തേക്കാണ് എത്തുകയെന്ന അവ്യക്തമായ സൂചനകള്‍ പ്രകൃതിതന്നെ നല്‍കുന്നുണ്ട്. വല്ലപ്പോഴും കടന്നു പോകുന്ന ചില വാഹനങ്ങളുടെ ശബ്ദഘോഷങ്ങളൊഴിച്ചാല്‍ പിന്നെ നിശബ്ദതമാണ്. ഒരായുസ്സിന്‍റെ സൗന്ദര്യം മുഴുവന്‍ ഇലകളിലേക്ക് പകര്‍ന്നു നില്‍ക്കുന്ന മേപ്പിള്‍ വൃക്ഷങ്ങളുടെയും, ഓക്കിന്‍റെയും പ്രണയമര്‍മ്മരങ്ങള്‍ മാത്രമാണ് ആ നിശബ്ദതയെ ഭേദിക്കുന്നത്.
ചുവന്ന ബോര്‍ഡിനരികിലെ സ്ഥലത്ത് ഞങ്ങള്‍ കാറ് നിര്‍ത്തി. ആളുകള്‍ നടന്നു പോകുന്ന ഒരു ചെറിയ വഴിയുണ്ട്. അതിലൂടെ പോയാല്‍ ചെന്നു കയറുന്നത് ഗ്രനൈറ്റ്‌ പാറകളുടെ പ്രതലത്തിലേക്കാണ്. അതിനു താഴെ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്ന ചതുപ്പു പ്രദേശമാണ്. അതിനപ്പുറത്തൊരു കുഞ്ഞു തടാകമുണ്ട്‌. കുട്ടികളെയും കൊണ്ട് മീന്‍ പിടിക്കാന്‍ വന്നവര്‍ തടാകത്തിനരികില്‍ തമ്പടിച്ചിരിക്കുന്നു. മറ്റു ചിലരാകട്ടെ കൂടാരം കെട്ടിയുറപ്പിച്ച് നടക്കാന്‍ പോകാനുള്ള തന്ത്രപ്പാടിലാണ്. കയറി ചെല്ലുന്നിടത്തെ തിരക്കില്‍ നിന്ന് ഒഴിഞ്ഞുമാറി ഞങ്ങള്‍ മുന്നോട്ട് നടന്നു. രാത്രിയുടെ വിരുന്നാസ്വദിക്കാന്‍ പാകത്തിനൊരു ചെറിയ പാറക്കെട്ട് കണ്ടപ്പോള്‍ അവകാശം സ്ഥാപിക്കാനെന്ന പോലെ ക്യാമറയുടെ കാലുകളവിടെ നാട്ടി. പാറയില്‍ നിന്നിറങ്ങി നടന്നാല്‍ തടാകത്തിനരികിലെത്താം.
മരങ്ങള്‍ക്കിടയിലൂടെ ആളുകള്‍ ചുള്ളിക്കമ്പുകള്‍ ശേഖരിക്കാന്‍ പോകുന്നുണ്ട്. ഓരോ തവണ ഞങ്ങളെ കടന്നു പോകുമ്പോഴും ക്ഷമ ചോദിക്കും. ഞങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി അവര്‍ക്ക് തോന്നുന്നത് കൊണ്ടായിരുന്നു ഈ ക്ഷമ ചോദിക്കല്‍ ചടങ്ങ്. നമുക്കിതൊന്നും ശീലമില്ലാത്തതിനാല്‍ ഞാനിത് കേട്ട് അക്ഷമയായി കവിത കേള്‍ക്കാനിരുന്നു. ഇവിടുത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലൊരു വിശ്വാസമുണ്ട്‌. അവരിലെ മുതിര്‍ന്നവര്‍ വേനല്‍ക്കാലത്ത് കഥകള്‍ പറയില്ലാത്രെ. പ്രത്യേകിച്ച് പ്രകൃതിയുമായി ബന്ധപ്പെട്ട കഥകള്‍. അതിനൊരു കാരണമുണ്ട്. പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളും ഉണര്‍ന്നിരിക്കുന്ന സമയമാണത്രെ വേനല്‍ക്കാലം. അപ്പോള്‍ അവയ്ക്ക്  അനിഷ്ടമാകുന്ന തരത്തിലൊന്നും നാവില്‍ നിന്ന് വീഴാതിരിക്കാനാണീ കരുതല്‍. ശൈത്യകാല രാത്രികളിലാണ് മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കുന്നത്. 
ഞാന്‍ കഥ വല്ലതും പറയുന്നുണ്ടോന്ന് നോക്കാനെന്ന പോലെയാണ് സൂര്യന്‍റെ നില്‍പ്പ്. രാത്രി 8.00 മണിയായിട്ടും പോകാനുള്ള തയ്യാറെടുപ്പ് പോലുമായിട്ടില്ല. സമയാസമയത്ത് പോയാലല്ലേ ചന്ദ്രികക്ക് കുട്ടികളെയും കൂട്ടി വിരുന്നിനെത്താന്‍ പറ്റൂ. അവിടെയവരൊക്കെ ഒരുങ്ങിയിരിക്കുകയാണെന്ന് ഓര്‍ക്കാതെ ഇവിടെയെന്‍റെ കൂടെ കവിത കേള്‍ക്കാനിരിക്കുകയാണ്. പത്ത് മണിയോടെയാണ് പകല്‍ വെളിച്ചമൊന്നു മങ്ങി തുടങ്ങിയത്. 'ശൈത്യകാലത്തിന് അധിക ദിവസല്ല്യ, അപ്പോള്‍ കാണിച്ചു തരാട്ടോന്നൊക്കെ മുറുമുറുത്തും, കൈവശമുള്ള കടുംനിറങ്ങളെല്ലാം ആകാശമുറ്റത്ത് തൂവിയരിശം തീര്‍ത്തുമൊക്കെയാണ് പോകുന്നത്. ഇളം തണുപ്പില്‍ പാറപ്പുറത്ത് കിടന്നൊന്ന് മയങ്ങിയോ? വെളുപ്പിനേ കത്തിച്ച വിളക്കൂതി കെടുത്തി സൂര്യന്‍ യാത്രയാകുന്നതും നോക്കി കിടന്നതാണ്. അറിയാതെ മയങ്ങി പോയി. കണ്ണ് തുറന്നപ്പോള്‍ കണ്ടത് വിണ്ണിലെ ജാലകതിരശീല വകഞ്ഞുമാറ്റി കണ്ണിറുക്കി കാണിക്കുന്നവരെയാണ്. നോക്കിയിരിക്കെ തിരശീലക്ക് പിന്നില്‍ ഒളിഞ്ഞുനിന്നവരൊക്കെ പുറത്തെത്തി. കറുത്ത മുറ്റത്ത്‌ നക്ഷത്രപന്തലൊരുങ്ങുകയാണ്...
ഒന്ന്, രണ്ട്, മൂന്ന്... കണ്ണ് ഇരുട്ടിനോട്‌ സമാരസപ്പെടുമ്പോഴേക്കും അവിടെ എണ്ണം ലക്ഷോപലക്ഷമായിരിക്കുന്നു. ഇടയ്ക്കിടെ വലിയ പന്തലിലൂടെ പായുന്ന  കൊള്ളിമീനുകള്‍. പ്രകൃതിയുടെ ഇന്ദ്രജാലമാരംഭിച്ചു കഴിഞ്ഞു. അതാ... ആരൊക്കെയാണ് ഞാന്‍ കാണുന്നത്? നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, അങ്ങിനെ വിണ്ണിനപ്പുറമുള്ളവരെല്ലാമെത്തിയിട്ടുണ്ട്. നഗരത്തിലെ കൃത്രിമപ്രകാശങ്ങളോട് മല്ലിട്ട് തോറ്റ വിണ്ണിന്‍റെ തേജസ്സാണ് എനിക്ക് ചുറ്റും... എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും ഒരേ കാഴ്ചയാണ്. നിറചൈതന്യമായി പ്രകൃതിയും, ആ വിസ്മയത്തിന് മുന്നില്‍ വിനീതരായി നില്‍ക്കുന്ന കുറെ മനുഷ്യരും മാത്രമാണ് അവിടെ. 



360 ഡിഗ്രിയില്‍ കെട്ടിടങ്ങളുടെയോ, നാട്ടുവിളക്കുകളുടെയോ തടസ്സങ്ങളില്ലാതെ പുലരുവോളം  ആകാശകാഴ്ചകള്‍ കണ്ടാസ്വദിക്കാം. ടോര്‍ച്ചിന്‍റെ കുഞ്ഞു വെളിച്ചം പോലും പ്രകൃതിയെ അലസോരപ്പെടുത്തുന്ന സ്ഥലമാണിത്. രാത്രിയില്‍ ആകാശത്തില്‍ നിന്ന് പെയ്തിറങ്ങുന്ന വെളിച്ചത്തിന് മാത്രമായി കാത്തിരിക്കുന്ന ഭൂമിയിലെ അവകാശികള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയാണ്. ഇവിടെ മനുഷ്യനോ, മനുഷ്യനിര്‍മിതമായതിനോ സ്ഥാനമില്ല. പ്രകൃതിയുടെ അനുഗ്രഹത്താല്‍ ആ ഭാഷയും, വര്‍ത്തമാനവും കേട്ട് കുറച്ചു സമയം അതിലലിയാം. "A place where people may frequent, but do not remain..." 
ലോകത്തിലാദ്യമായി പ്രകൃതിക്ക് വേണ്ടി ഇരുട്ടിനെ സംരക്ഷിക്കാന്‍ തുടങ്ങിയതിവിടെയാണ്. ഭൂമിയുടെ സന്തുലിതമായ അവസ്ഥക്ക് രാത്രിയിലെ ഇരുട്ട് ആവശ്യമാണെന്നും അതിനായി ഇത്തിരി സ്ഥലമെങ്കിലും ബാക്കി വെക്കണമെന്നും പലര്‍ക്കും തോന്നി തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ നിന്ന് വിളിപ്പാടകലെയുള്ള ടോറന്‍സ് ശാസ്ത്രഞരുടെ പ്രിയപ്പെട്ടയിടമാണ്. മഞ്ഞും മഴയും വകവെക്കാതെ ഇവിടെ വന്ന് ആകാശവിസ്മയങ്ങള്‍ ഇമപൂട്ടാതെ നോക്കിയിരിക്കുന്നവരുമുണ്ട്‌. രാത്രിയെ ഭീതിയോടെ അകറ്റിനിര്‍ത്താനാണ് ചെറുപ്പം മുതലേ നമ്മള്‍ ശീലിക്കുന്നത്. അതേ ശീലം അടുത്ത തലമുറയിലേക്കും പകര്‍ന്നു നല്‍കുന്നു. പേടിക്ക്‌ ആക്കംകൂട്ടാനായി ഉയര്‍ന്ന ചാലകശക്തിയിലുള്ള വിളക്കുകളും ഏണ്ണത്തില്‍ കൂടുതലായി നമുക്കുണ്ട്... എന്നിട്ടും ടോറന്‍സില്‍ കണ്ട പ്രകാശത്തോളം വരില്ല അതിനൊന്നും. ഒറ്റ രാത്രി കൊണ്ട് ടോറന്‍സ് നല്‍കിയത് മറക്കാനാവാത്ത അനുഭവമാണ്. ഇരുട്ടില്‍ വിണ്ണും മണ്ണും കൈകോര്‍ക്കും, പ്രണയിക്കും, പാട്ടുകള്‍ പാടും, നക്ഷത്ര കുഞ്ഞുങ്ങള്‍ ചിരിയുടെ മത്താപ്പുകള്‍ വിരിയിക്കും... ഇതിനു സാക്ഷിയാകാന്‍ വീണ്ടും വീണ്ടുമിവിടെ മനുഷ്യരെത്തും, കാരണം അവര്‍ക്കാണല്ലോ നഷ്ടങ്ങളും, നഷ്ടപ്പെടുത്തലുകളുടെ ഭാരവും!!

കടപ്പാട്: തലക്കെട്ടായി കൊടുത്തിരിക്കുന്നത് മഹാകവി അക്കിത്തം അച്യുതന്‍നമ്പൂതിരിയുടെ "ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസം" എന്ന കവിതയിലെ വരികളാണ്. 

    

22 comments:

  1. കറുത്ത മുറ്റത്തെ നക്ഷത്രപ്പന്തലിൽ വീണുറങ്ങാൻ മോഹിപ്പിക്കുന്ന എഴുത്ത്....

    ReplyDelete
    Replies
    1. സ്നേഹം... സന്തോഷം ചേച്ചി <3

      Delete
  2. Replies
    1. നന്ദി സുരേഷേട്ടാ..

      Delete
  3. Beautiful Mubi, one more reason to visit the area��

    ReplyDelete
  4. ഇരുട്ടിനും ഒരു പാർക്കോ...? - എന്തൊക്കെ ആചാരങ്ങളാണ്... ;)

    ReplyDelete
    Replies
    1. ആവശ്യമാണ്‌ ലാസര്‍... :)

      Delete
  5. 'ഇത്രയേറെ വെളിച്ചങ്ങള്‍ നമുക്ക് വേണ്ടി പ്രകാശം പരത്തുന്നതിനാലാണോ നമ്മുടെ ഉള്ളിലെ വെളിച്ചമൊക്കെ കെട്ടുപോയത്?'പുതിയ അറിവും അനുഭവവുമായി ഈ എഴുത്ത്

    ReplyDelete
  6. പ്രകാശമലിനീകരണമില്ലാത്ത ഒരിടം നക്ഷത്രപ്രേമികളുടെ സ്വർഗ്ഗമാണ് . ഇരുട്ടിന്റെ കമ്പളം വിരിച്ച രാത്രിയിൽ മേൽക്കൂര മേയാൻ വൈകിപ്പോയ ഒരു വേനൽകാലരാവിന്റെ നനുത്ത ഓർമ്മ അന്നത്തെ മാനം നിറയെ നക്ഷത്രക്കുഞ്ഞുങ്ങളെ കണ്ട് കിടന്നുറങ്ങിയത് ഓർമ്മ വന്നു പാത്തൂ ഇത് വായിച്ചപ്പോ . എത്ര മനോഹരമായി വർണിച്ചിരിക്കിന്നു . സ്നേഹം സ്നേഹം മാത്രം ! അമ്മിണിക്കുട്ടി !

    ReplyDelete
    Replies
    1. വൈക്കോല്‍ മണമുള്ള ഓര്‍മ്മകള്‍ മനസ്സിലെത്തിച്ചു ന്‍റെ അമ്മിണിക്കുട്ടി... ഇഷ്ടംട്ടോ :)

      Delete
  7. നീ കണ്ട ആ വിസ്മയ ലോകം അത്ര തന്നെ വലിപ്പമുള്ള മോഹചിറകുകളുമായാണ് എന്‍റെ മനസിൽ പറന്നിറങ്ങിയത്.. മോഹമായി തന്നെ അവശേഷിച്ചേക്കാവുന്ന ഈ മോഹം ഇനി മുതൽ എന്‍റെ സ്വപ്നങ്ങൾക്കു കൂട്ടാവട്ടെ.. നിൻറെ എഴുത് ___ തിരശീല മാറ്റി കടന്നു വരുന്ന നക്ഷത്ര തിളക്കങ്ങളായിരുന്നു ഓരോ വരികളും..

    ReplyDelete
    Replies
    1. മോഹങ്ങള്‍ പൂവണിയട്ടെ മെഹറു... പിന്നെ ബ്ലോഗില്‍ ഇടയ്ക്കൊന്ന് കയറിക്കോളൂട്ടോ. അതവിടെ വെറുതെയിടണ്ട..

      Delete
  8. എന്റെ മുബീത്ത ഇങ്ങളിങ്ങനെ ഓരോ സ്ഥലത്തേക്കുറിച്ചെഴുതുമ്പോഴും ഈ ലോകം ഇത്രമേൽ സുന്ദരമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.... ഓരോ കാഴ്ച്ചയുടേയും സൗന്ദര്യം അത്‌ കാണുന്നവന്റെ കണ്ണുകളിലാണു ... അപ്പോൾ ഇങ്ങളുടെ കണ്ണുകളിൽ എല്ലാം സൗന്ദര്യമുളളതാണു... പടച്ചോൻ എന്നും അങ്ങനെതന്നെ നിർത്തട്ടെ.... സസ്നേഹം കാർത്തൂ..

    ReplyDelete
    Replies
    1. ആമീന്‍... മ്മളല്ലേ കാര്‍ത്തോ ലോകത്തെ ബെടക്കാക്കണത്. സ്നേഹംട്ടോ:)

      Delete
  9. പണ്ടൊക്കെ നമ്മുടെ ആകാശത്ത് നോക്കിയാൽ വാരി വിതറിയത് പോലെ നക്ഷത്രങ്ങളുണ്ടായിരുന്നു. അന്തരീക്ഷ മലിനീകരണം കൊണ്ടോ എന്തോ ഇപ്പോൾ എല്ലാം ഒരു മൂടലാണ്.

    ReplyDelete
    Replies
    1. ഞാനും നോക്കാറുണ്ട്.. വളരെ ബുദ്ധിമുട്ടി ഒന്നോ രണ്ടോ കണ്ടാലായി.

      Delete
  10. ലോകത്തിലാദ്യമായി പ്രകൃതിക്ക് വേണ്ടി ഇരുട്ടിനെ സംരക്ഷിക്കാന്‍ തുടങ്ങിയതിവിടെയാണ്. ഭൂമിയുടെ സന്തുലിതമായ അവസ്ഥക്ക് രാത്രിയിലെ ഇരുട്ട് ആവശ്യമാണെന്നും അതിനായി ഇത്തിരി സ്ഥലമെങ്കിലും ബാക്കി വെക്കണമെന്നും പലര്‍ക്കും തോന്നി തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ നിന്ന് വിളിപ്പാടകലെയുള്ള ടോറന്‍സ് ശാസ്ത്രഞരുടെ പ്രിയപ്പെട്ടയിടമാണ്. മഞ്ഞും മഴയും വകവെക്കാതെ ഇവിടെ വന്ന് ആകാശവിസ്മയങ്ങള്‍ ഇമപൂട്ടാതെ നോക്കിയിരിക്കുന്നവരുമുണ്ട്‌. രാത്രിയെ ഭീതിയോടെ അകറ്റിനിര്‍ത്താനാണ് ചെറുപ്പം മുതലേ നമ്മള്‍ ശീലിക്കുന്നത്. അതേ ശീലം അടുത്ത തലമുറയിലേക്കും പകര്‍ന്നു നല്‍കുന്നു. പേടിക്ക്‌ ആക്കംകൂട്ടാനായി ഉയര്‍ന്ന ചാലകശക്തിയിലുള്ള വിളക്കുകളും ഏണ്ണത്തില്‍ കൂടുതലായി നമുക്കുണ്ട്... എന്നിട്ടും ടോറന്‍സില്‍ കണ്ട പ്രകാശത്തോളം വരില്ല അതിനൊന്നും. ഒറ്റ രാത്രി കൊണ്ട് ടോറന്‍സ് നല്‍കിയത് മറക്കാനാവാത്ത അനുഭവമാണ്. ഇരുട്ടില്‍ വിണ്ണും മണ്ണും കൈകോര്‍ക്കും, പ്രണയിക്കും, പാട്ടുകള്‍ പാടും, നക്ഷത്ര കുഞ്ഞുങ്ങള്‍ ചിരിയുടെ മത്താപ്പുകള്‍ വിരിയിക്കും... ഇതിനു സാക്ഷിയാകാന്‍ വീണ്ടും വീണ്ടുമിവിടെ മനുഷ്യരെത്തും, കാരണം അവര്‍ക്കാണല്ലോ നഷ്ടങ്ങളും, നഷ്ടപ്പെടുത്തലുകളുടെ ഭാരവും!!

    ReplyDelete
    Replies
    1. നന്ദി മുരളിയേട്ടാ...

      Delete