Sunday, December 24, 2017

ബേ ഓഫ് ഫണ്ടിയിലെ പ്രണയസല്ലാപം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഓഖിയെന്ന ചുഴലിക്കാറ്റില്‍ മലയാളക്കരയിലെ ചിലയിടങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞത് കണ്ടവരിലും കേട്ടവരിലും ചെറുതല്ലാത്ത പരിഭ്രമമുണ്ടാക്കി. തീരത്തെ ഉമ്മവെച്ചോടുന്ന തിരയെ പ്രണയിച്ചവരെല്ലാം ഭയപ്പാടോടെ അവരുടെ പ്രണയത്തെ നോക്കാന്‍ തുടങ്ങിയത് സുനാമിയുടെ വരവോടു കൂടിയാവണം. അതുകൊണ്ടാവാം കടലിന്‍റെയും കരയുടെയും തീവ്രപ്രണയത്തിലെ പിണക്കവും ഇണക്കവും മനുഷ്യരെ ഇപ്പോള്‍ നടുക്കുന്നത്. ചുഴലിക്കാറ്റോ ഭൂകമ്പമോ ഉണ്ടാകുമ്പോള്‍ മാത്രമല്ലാതെ നിത്യവും അതെ തീവ്രതയില്‍ ഇതു സംഭവിക്കുന്നിടങ്ങള്‍ ഭൂമിയിലുണ്ട്. ഒരുപക്ഷെ ദുരന്തങ്ങളില്‍ അടിപതറാതിരിക്കുവാന്‍ മനുഷ്യര്‍ക്കുള്ള പ്രകൃതിയുടെ പാഠങ്ങളാവും. 

ഒക്ടോബര്‍ രണ്ടാംവാരത്തിലാണ് കാനഡയില്‍ വര്‍ണ്ണാഭമായ കൊയ്ത്തുല്‍സവാഘോഷം. പച്ചിലകള്‍ പൂക്കളേക്കാള്‍ ഭംഗിയുള്ള നിറങ്ങള്‍ വാരിപ്പുതച്ചു അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സമയം കൂടിയാണ്. വെറുതെ ഒരു നടത്തം പോലും കണ്ണും മനസ്സും കുളിര്‍പ്പിക്കും. പ്രകൃതിയൊരുക്കുന്ന വര്‍ണ്ണവിരുന്നിന് ദിവസങ്ങളുടെ ആയുസ്സേയുണ്ടാവൂ. എത്ര കണ്ടാലും മതിവരാത്തതിനാല്‍ എല്ലാവര്‍ഷവും കൊയ്ത്തുല്‍സവത്തിന് കാനഡയുടെ ഏതെങ്കിലുമൊരു ഭാഗത്ത്‌ എത്തിപ്പെടാന്‍ ശ്രമിക്കാറുണ്ട്ടോറൊന്റോയില്‍ നിന്ന് നിര്‍ത്താതെ വാഹനമോടിക്കുകയാണെങ്കില്‍ 13 മണിക്കൂര്‍(1500 km) കൊണ്ട് ന്യൂബ്രൺസ്വിക്കിലെത്താം. അവിടെന്ന് അടുത്ത പ്രവശ്യയായ നോവാസ്കോഷിയയിലേക്ക് പിന്നെയുമുണ്ട് അഞ്ചു മണിക്കൂര്‍. ഒന്നോ രണ്ടോ ദിവസം അവധിയെടുത്തിട്ടാണ് യാത്രക്കൊരുങ്ങുന്നത്. ഇത്രയും ദൂരമെങ്ങിനെ റോഡിലൂടെയെന്നുള്ള ചിന്തകളെ വെട്ടിച്ചുരുക്കിയത് എയര്‍ കാനഡയുടെ ഇളവുകളാണ്. രണ്ട് മണിക്കൂര്‍ കൊണ്ട് പറന്നെത്താവുന്ന ന്യൂബ്രൺസ്വിക്കിലെ St.Johnസിലേക്ക് പാതിവിലക്ക് ടിക്കറ്റ്‌ കിട്ടിയത് ആശ്വാസമായി. St.Johnസിലിറങ്ങി റെന്റ്-എ-കാറെടുത്ത് ബാക്കി ദൂരം റോഡ്‌ മാര്‍ഗ്ഗം നോവാസ്കോഷിയയുടെ തലസ്ഥാനമായ ഹാലിഫാക്സിലേക്ക്.


Fundy Trail Parkway

ഒക്ടോബര്‍ എട്ടിന് രാവിലെ ഞങ്ങള്‍  St. Johnസില്‍ വിമാനമിറങ്ങി. വിമാനത്താവളത്തിനകത്തുള്ള റെന്റ്-എ-കാര്‍ കമ്പനിയില്‍ നിന്ന് പറഞ്ഞുവെച്ച കാറിന്‍റെ താക്കോലും വാങ്ങി പുറത്ത് കടക്കുമ്പോള്‍ സമയം പത്തര മണി. റോഡിനിരുവശവും കൊയ്ത്തുത്സവത്തിന് ലഹരി പകരാനായി പൂക്കാവടികള്‍ നിരന്നിരിക്കുന്നു. വര്‍ണ്ണപ്പകിട്ടില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന മേപ്പിളിനും, ഓക്കിനും, ബിര്‍ച്ചിനുമിടയില്‍ നിത്യഹരിതയായ ബല്‍സാം ഫിറുമുണ്ട്. ക്യാമറയും സ്വന്തം വയറുകളും ആവശ്യത്തിന് നിറഞ്ഞപ്പോള്‍ ഞങ്ങള്‍ ബേ ഓഫ് ഫണ്ടി(Bay of Fundy)യിലുള്ള ഫണ്ടി നാഷണല്‍ പാര്‍ക്കി(Fundy National Park)ലേക്ക് പോയി. ന്യൂബ്രൺസ്വിക്കില്‍ കാണേണ്ടതും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന യുനസ്കോയുടെ ഈ ജൈവമണ്ഡല സംവരണ മേഖലയാണ്ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വേലിയേറ്റമാണ്(about 12 meters/) ബേ ഓഫ് ഫണ്ടിയിലേത്. ഏകദേശം നൂറ് ബില്ല്യന്‍ ടണ്‍ വെള്ളമാണ് ഉള്‍ക്കടലില്‍ നിന്ന് കയറുന്നതും ഇറങ്ങുന്നതും. ഭൂമിയെ വലംവയ്ക്കുന്നതിനിടക്ക് സൂര്യചന്ദ്രന്മാര്‍ ചെയ്തു കൂട്ടുന്ന പരാക്രമങ്ങങ്ങളാണിതെല്ലാം. ഓരോ ദിവസത്തെയും വേലിയേറ്റയിറക്കങ്ങളുടെ സമയക്രമങ്ങള്‍ പാര്‍ക്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന സമയത്തിനും 50 മിനിട്ട്‌ മുന്നേ അവിടെയത്തണമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യപ്പെടുത്തലുകള്‍. മനുഷ്യന്‍റെ നിയന്ത്രണങ്ങള്‍ക്കപ്പുറമല്ലേ പ്രകൃതിയുടെ സമയക്രമങ്ങള്‍!

Tourism NB - Pic Courtesy Google Images

ഞങ്ങള്‍ പാര്‍ക്കിലെത്തിയപ്പോഴേക്കും വേലിയിറക്കത്തിന്‍റെ സമയം കഴിഞ്ഞിരുന്നു. അതിനാല്‍ വെള്ളമിറങ്ങി പോകുന്നത് കാണാന്‍ സാധിച്ചില്ല. ഇനിയടുത്ത വേലിയിറക്കം രാത്രിയിലാവും. അഞ്ചു മണിയായാല്‍ പാര്‍ക്കില്‍ നിന്ന് പുറത്തു കടക്കണം. എന്നാല്‍പ്പിന്നെ സമയം കളയാതെ ഹോപ്‌വെല്ലിലേക്ക് പോകാമെന്നായി. കഴിഞ്ഞവര്‍ഷമാണ്‌ ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട ആനപ്പാറ നിലംപൊത്തിയത്. 2016 മാര്‍ച്ചിലാണ് കടല്‍ പിണങ്ങിയിറങ്ങിയയുടനെ  ഇരുന്നൂറു ടണോളം വരുന്ന പാറ പൊടിഞ്ഞ് വീഴുകയായിരുന്നു. അങ്ങിനെയെങ്കില്‍ വെള്ളമിറങ്ങിയാല്‍ പാറകളുടെ ഇടയിലൂടെയുള്ള നടത്തം അപകടകരമല്ലേ? വെള്ളം പെട്ടെന്ന് കയറുകയാണെങ്കില്‍ പാറകളില്‍ അള്ളിപ്പിടിച്ചു കയറാന്‍ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് ഫലകങ്ങളിലുണ്ട്. 

"Come for the Rocks, Stay for the Rest" ഹോപ്‌വെല്ലിലേ സ്വാഗതവാചകമാണ്. ആനപ്പാറയുടെ വാര്‍ത്തയിലൂടെയാണ് ബേ ഓഫ് ഫണ്ടി മനസ്സിലുടക്കിയത്. പിന്നെ തദ്ദേശീയരുടെ കഥകളിലൂടെ ഒരു ദേശത്തെയറിയുകയായിരുന്നു. ഓരോ നാടിനുമുണ്ട് തലമുറകള്‍ കൈമാറി കിട്ടിയ കഥകളുടെ സമ്പുഷ്ടമായ ശേഖരം. ഇത്രയും ദൂരം വന്നതല്ലേ നമുക്കും കേള്‍ക്കാം പാറകളും, വേലിയേറ്റവും ഇറക്കവുമുണ്ടായ കഥകള്‍. പണ്ട് പണ്ട്... അതെ Once upon a time... ദൈവത്തിനു കുളിക്കാനൊരു പൂതി. (കഥയില്‍ ചോദ്യല്യാട്ടോ) പൂതിയായ സ്ഥിതിക്ക് പള്ളിനീരാട്ടിന് ബക്കറ്റും വെള്ളവും പോരാ. ഒരു അണക്കെട്ട് തന്നെ വേണം!  അണക്കെട്ട് നിര്‍മ്മാണത്തില്‍ വിദഗ്ധനായ ബീവറിനാണ് ഉത്തരവ് കിട്ടിയത്. ദൈവകല്പന ശിരസാവഹിച്ച ബീവര്‍ ഉടനടിയൊരു ഡാമുണ്ടാക്കി. നീരാട്ടും കഴിഞ്ഞു. കഥയിനിയാണ് തുടങ്ങുന്നത്. 


Bay of Fundy & Hopewell Rocks - New Brunswick


കടലോളം വെള്ളത്തില്‍ കളിച്ചുരസിച്ചു നടന്നിരുന്ന തിമിംഗലത്തിനു പെട്ടെന്നുണ്ടായ മാറ്റം ചൊടിപ്പിച്ചു. ദൈവത്തിന് തിമിംഗലത്തിന്‍റെ അസ്വസ്ഥതയും കോപവും വേഗത്തില്‍ മനസ്സിലായി. എത്രയും വേഗം അണക്കെട്ട് പൊട്ടിക്കണമെന്ന ഉത്തരവുമായി ദൈവത്തിന്‍റെ ശിങ്കിടികള്‍ ബീവറിനെ തേടിയെത്തി. പാവം ബീവര്‍, അതിന്‍റെ വരുംവരായ്കകളെപ്പറ്റി ചിന്തിച്ചുനിന്ന് സമയം പോയതറിഞ്ഞില്ല. അപ്പോഴേക്കും മുന്‍കോപിയായ തിമിംഗലം അതിന്‍റെ വാലു കൊണ്ട് അണക്കെട്ടിന്‍റെ ഭിത്തികള്‍ അടിച്ചു തകര്‍ക്കാന്‍ തുടങ്ങി. ഭിത്തികള്‍ തകര്‍ന്നതോടെ വെള്ളം ശക്തില്‍ പുറത്തേക്ക് ഒഴുകിയപ്പോഴാണത്രേ തിമിംഗലത്തിന് ചെയ്തത് മണ്ടത്തരമായല്ലോന്ന് ബോധ്യം വന്നത്. വെള്ളത്തിന്‍റെ പോക്കുവരവുകളെ പറ്റിയുള്ള കഥയിതാണെങ്കില്‍ പാറകള്‍ക്കും, വെള്ളത്തിന്‍റെ നിറമാറ്റത്തിനുംവരെ കഥകളുണ്ട് പറയാന്‍. ഒരിക്കല്‍ കുട്ടികള്‍ക്ക് പുരാണകഥകള്‍ പറഞ്ഞു കൊടുക്കുന്നതിനിടയില്‍ ദുര്‍വാസാവ് മഹര്‍ഷിയെ പരാമര്‍ശിച്ചപ്പോള്‍ ഇവിടെയുള്ള കുട്ടി പറഞ്ഞതിങ്ങിനെയാണ്,'I know him, person with anger issues..." അതു പോലെ പ്രശ്നങ്ങളുള്ളതാണ് ഈ കഥയിലെ തിമിംഗലത്തിനും. ഹതഭാഗ്യരായ ചില ഗോത്രവംശരെ മൂക്കത്ത് ശുണ്‌ഠിയുള്ള തിമിംഗലം അടിമയാക്കിയിരുന്നു. പീഡനം സഹിക്കവയ്യാതെ ഓടി പോയവരെ പിന്തുടര്‍ന്ന് പിടിച്ചുകെട്ടി പാറയാക്കിയത്രെ... തങ്ങളുടെ പൂര്‍വ്വികന്മാരാണ് ഈ പാറകളെന്നു ഗോത്രവംശര്‍ വിശ്വസിക്കുന്നു.

കണ്ണാടി പോലെ തെളിഞ്ഞ വെള്ളമായിരുന്നത്രേ ബേ ഓഫ് ഫണ്ടിയിലേത്. തെളിഞ്ഞ വെള്ളം വെറുതെ കലങ്ങിയതല്ല. അതും... ഒരിക്കലൊരു ജലസര്‍പ്പം തെളിഞ്ഞ ജലം കണ്ട് മോഹിച്ച് മുകളില്‍ നിന്നിറങ്ങി വന്ന് ബേയില്‍ താമസമാക്കി. അടങ്ങിയൊതുങ്ങി കഴിയാതെ ബേയിലെ സമാധാനപ്രേമികളായ ജീവജാലങ്ങളെ ഉപദ്രവിക്കാന്‍ തുടങ്ങി. സ്വൈര്യം കെട്ടപ്പോള്‍ ആമ പരാതിയുമായി ദൈവസന്നിധിയിലെത്തി. ജലസര്‍പ്പത്തെ ആട്ടിയോടിച്ച് ബേയിലെ സമാധാനം പുനസ്ഥാപിക്കാന്‍ ദൈവം ലോബ്സ്റ്ററിനോടാണ് കല്‍പ്പിച്ചത്. അങ്ങോട്ടുമിങ്ങോട്ടും ഉന്തിയും തള്ളിയും, നീണ്ട കൊമ്പ് കൊണ്ട് കുത്തിയും കാലുകള്‍ കൊണ്ടിറുക്കിയും ജലസര്‍പ്പത്തെ വലിയ ചെമ്മീന്‍ ഒരുവിധത്തില്‍ ഓടിച്ചു. ചെളിയും ചേറുമിളക്കി വെള്ളം കലക്കിയിട്ടാണ് എതിരാളി പിന്‍വാങ്ങിയത്. അങ്ങിനെ കലങ്ങിയ വെള്ളം പിന്നീടൊരിക്കലും തെളിഞ്ഞില്ലെന്ന് ദേശത്തിന്‍റെയും കഥകളുടെയും അവകാശികള്‍ പറയുന്നു. 

Flower Pot Rocks - The Hopewell Rocks/ Bay of Fundy - NB

ഞങ്ങള്‍ ഹോപ്‌വെല്ലിലെത്തുമ്പോള്‍(The Hopewell Rocks)  വേലിയേറ്റമായിരുന്നു. കടലിന്‍റെ മടിത്തട്ടിലേക്കിറങ്ങി പോകാവുന്ന തരത്തില്‍ ഗോവണി നിര്‍മ്മിച്ചിട്ടുണ്ട്. ഗോവണി മൂന്നു നിലകളിറങ്ങാം. അതിനുതാഴെ തിര ശക്തിയില്‍ വന്നടിച്ചിട്ടു പോകുന്നത് കാണാം. സുരക്ഷാകാരണങ്ങളാല്‍ താഴേക്കുള്ള പടികളിറങ്ങാന്‍ അനുവാദമില്ല. ആരെങ്കിലും പടികള്‍ക്കിടയിലൂടെ ഊര്‍ന്നുവീണാല്‍ ദൈവംതന്നെ തുണ. വെള്ളം കയറുന്നതിനനുസരിച്ചാണ് സന്ദര്‍ശകര്‍ക്ക് ഓരോ നിലകളിറങ്ങാനുള്ള അനുമതി ലഭിക്കുന്നത്. നേരത്തെ ഇരുട്ടാവുന്നതിനാല്‍ വെള്ളമിറങ്ങിയാലും കടലിലേക്കുള്ള വഴി തുറക്കുകയില്ല. ഗോവണി തട്ടില്‍ നിന്ന് പാറകളും കലങ്ങിയ വെള്ളവും, ശക്തമായി വന്നടിക്കുന്ന തിരയും നോക്കി നില്‍ക്കേ വായിച്ച കഥകളിലെ കഥാപാത്രങ്ങള്‍ ഓര്‍മ്മയിലെത്തി. പാറകള്‍ക്ക് മുകളില്‍ വളരുന്ന ചെടികളുടെ ഇലകളിലും നിറമാറ്റമുണ്ട്. അതിനാലാവണം കടലിനു നടുവിലാരോ മറന്നുവെച്ച പൂപ്പാത്രങ്ങള്‍ പോലെയുണ്ട്  പാറകള്‍. തിരയുടെ ഉയര്‍ച്ചയും ശക്തിയും പാറകളില്‍ മുദ്രകള്‍ പതിപ്പിച്ചിരിക്കുന്നത് കണ്ടു പഠിക്കാനാവും.  

ഗോവണികള്‍ കയറിയൊരു ചെറിയ കാട്ടുവഴിയിലൂടെ നടന്നാല്‍ പാറകളുടെ മറുവശത്തെത്താം. താഴെ തിരയുടെ മേളമാണ്. "ബേ ഓഫ് ഫണ്ടി"യുടെ കരയില്‍ നില്‍ക്കുമ്പോള്‍ വെള്ളം അനുനിമിഷം ഉയരുന്നത് കണ്മുന്നില്‍ കാണാം. നാളീരൂപമാണ് ഫണ്ടിക്കെന്നാണ് ശാസ്ത്രത്തിന്‍റെ കണ്ടെത്തല്‍. അതിലൂടെ വെള്ളം അടിച്ചു കയറി പാറകള്‍ക്കരികിലെത്തുമ്പോഴേക്കും നാലു നിലകളോളം ഉയര്‍ച്ചയുണ്ടാവുമെത്രെ. ഇത്രയും ശക്തിയില്‍ പൂപ്പാത്രങ്ങളുടെ മുകളറ്റത്തുവരെയെത്തുന്ന തിരയാണ് പിന്നെ മണിക്കൂറുകളോളം പിണങ്ങി വലിഞ്ഞു പോകുന്നത്. സൗരയൂഥത്തിലെവിടെയോ വച്ച് നടക്കുന്ന സൂര്യചന്ദ്രന്മാരുടെ വടംവലിയുടെ ആഘാതമനുഭവപ്പെടുന്നത് ഭൂമിയിലാണ്. അതിനു മുന്നിലൊരു നിമിഷം നിന്നാല്‍ മതിയാകും ഒരണുവോളം അഹന്ത നമ്മില്‍ അവശേഷിക്കുകയില്ല. 

മാനത്ത് മഴക്കോള് കണ്ടിട്ടാവണം ആളുകള്‍ മടങ്ങുകയാണ്. അന്നെടുത്ത ടിക്കെറ്റു തന്നെ മതിയാകും പിറ്റേദിവസത്തെ വേലിയിറക്കം കാണുവാനും. അന്തിയുറങ്ങാന്‍ ഹാലിഫാക്സിലെത്തേണ്ടതിനാല്‍ ഞങ്ങള്‍ക്ക് ഫണ്ടിയില്‍ നിന്ന് മടങ്ങേണ്ടിയിരുന്നു.  ചില കാഴചകള്‍ മറ്റൊരിക്കലിലേക്ക് നീട്ടിവെക്കപ്പെടുന്നത് യാത്രകളിലെ അനിവാര്യതയാണ്. ഒന്നുപേക്ഷിക്കുമ്പോള്‍ മറ്റുവല്ലതും ആ വിടവ് നികത്തുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നത്. അതിനാല്‍ സന്തോഷത്തോടെ ഹാലിഫാക്സിലേക്ക് യാത്ര തുടര്‍ന്നു.  

13 comments:

  1. ഭൂമിയെ വലംവയ്ക്കുന്നതിനിടക്ക് സൂര്യചന്ദ്രന്മാര്‍ ചെയ്തു കൂട്ടുന്ന പരാക്രമങ്ങങ്ങളാണിതെല്ലാം. ?????????????ങേ??!??!?!?!?


    ആ പാറക്കൂട്ടത്തിനിടയ്ക്ക്‌ കാണുന്ന വെള്ളം സ്ഥിരമായി കലങ്ങിയാണോ???

    ReplyDelete
    Replies
    1. അതെ... ഞാന്‍ കണ്ടപ്പോഴും കലങ്ങിയിട്ടായിരുന്നു. സുധി, ബ്ലോഗില്‍ നിന്ന് ലീവ് കഴിഞ്ഞ് തിരിച്ചെത്തിയതില്‍ സന്തോഷം :)

      Delete
  2. ഒഴുക്കോടെ വായിച്ചു. സന്തോഷം...

    ReplyDelete
  3. നോവ സ്കോഷ്യ... ഹാലിഫാക്സ്... ഇതെല്ലാം സ്റ്റോം വാണിങ്ങിൽ പ്രതിപാദിച്ചിട്ടുള്ള സ്ഥലങ്ങളാണ്... അങ്ങനെയാണ് ആദ്യമായി ഈ സ്ഥലങ്ങളെക്കുറിച്ച് അറിയുന്നത് തന്നെ... ഇപ്പോഴിതാ മുബി അവിടെയെല്ലാം സന്ദർശിച്ച് വിശദവിവരങ്ങൾ ഞങ്ങൾക്ക് തരുന്നു... വളരെ സന്തോഷം തോന്നുന്നു...

    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...

    ReplyDelete
    Replies
    1. അവിടെയുള്ള പ്രധാനപ്പെട്ട ചില സ്ഥലങ്ങള്‍ മാത്രമാണ് ഇപ്രാവശ്യം കാണാന്‍ ശ്രമിച്ചത്... ന്‍റെ മടിയെ എന്നെക്കാളും നന്നായി വേറെയാര്‍ക്കും അറിയില്ലെന്നാണ് ഞാന്‍ കരുതിയത്. ഇനിയിപ്പോ അടുത്ത ലക്കങ്ങള്‍ പോസ്റ്റ്‌ ചെയ്യാതെ പറ്റില്ലല്ലോ...

      Delete
  4. വീണ്ടും കാണാത്ത കാഴ്ച്ചകളുമായി
    മുബി വായനക്കാരെ കൊതിപ്പിക്കുകയാണ് ...
    അതും സൂപ്പർ ഫോട്ടോകളും ,വീഡിയ ലിങ്കുകളും
    ആലേഖനം ചെയ്തുകൊണ്ട് ...
    'ഗോവണികള്‍ കയറിയൊരു ചെറിയ കാട്ടുവഴിയിലൂടെ
    നടന്നാല്‍ പാറകളുടെ മറുവശത്തെത്താം. താഴെ തിരയുടെ
    മേളമാണ്. "ബേ ഓഫ് ഫണ്ടി"യുടെ കരയില്‍ നില്‍ക്കുമ്പോള്‍
    വെള്ളം അനുനിമിഷം ഉയരുന്നത് കണ്മുന്നില്‍ കാണാം. നാളീരൂപമാണ്
    ഫണ്ടിക്കെന്നാണ് ശാസ്ത്രത്തിന്‍റെ കണ്ടെത്തല്‍. അതിലൂടെ വെള്ളം അടിച്ചു
    കയറി പാറകള്‍ക്കരികിലെത്തുമ്പോഴേക്കും നാലു നിലകളോളം ഉയര്‍ച്ചയുണ്ടാവുമെത്രെ.
    ഇത്രയും ശക്തിയില്‍ പൂപ്പാത്രങ്ങളുടെ മുകളറ്റത്തുവരെയെത്തുന്ന തിരയാണ് പിന്നെ മണിക്കൂറുകളോളം
    പിണങ്ങി വലിഞ്ഞു പോകുന്നത്. സൗരയൂഥത്തിലെവിടെയോ വച്ച് നടക്കുന്ന സൂര്യചന്ദ്രന്മാരുടെ വടംവലിയുടെ
    ആഘാതമനുഭവപ്പെടുന്നത് ഭൂമിയിലാണ്.

    അതിനു മുന്നിലൊരു നിമിഷം നിന്നാല്‍ മതിയാകും
    ഒരണുവോളം അഹന്ത നമ്മില്‍ അവശേഷിക്കുകയില്ല...! '

    ReplyDelete
    Replies
    1. ബേ ഓഫ് ഫണ്ടിയില്‍ നിന്ന് മടങ്ങുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു മുരളിയേട്ടാ...

      Delete
  5. ഇന്നത്തെ എറ്റ്ന്റെ കറക്കം ഈ ബേ ഓഫ് ഫണ്ടിയിൽ അവസാനിപ്പിക്കട്ടെ...

    ReplyDelete
  6. I was not able to read your posts for some time. Beautifully written. Thank you.

    ReplyDelete
  7. I am sorry to hear that Rajitha, not sure what went wrong. Happy to see you & thanks for reading :)

    ReplyDelete