Wednesday, December 6, 2017

രംഗകലകളുടെ ആനന്ദനടനം...

കാനഡയിലെത്തിയപ്പോള്‍ തുടങ്ങിയതാണ് ഒരു ബാലേ മോഹം... അവിടെന്നുമിവിടെന്നും പരിപാടി നടക്കുന്ന വിവരങ്ങളറിയുമ്പോള്‍ അസ്വസ്ഥത കൂടും. ടിക്കറ്റ്‌ വില കാണുന്നതാണ് ഫലപ്രദമായ ചികിത്സ. രോഗിയും വൈദ്യനും ഒരാള്‍ തന്നെയായതിനാല്‍ രോഗവും ചികിത്സയും പരമ രഹസ്യമായിരുന്നു. ഒരു ദിവസം $15.00 ന്‍റെ ടിക്കറ്റ്‌ കൈയില്‍ തന്നിട്ട്, "കുറച്ചാശ്വാസം കിട്ടു"മെന്നു പറഞ്ഞപ്പോഴാണ് രഹസ്യം വീട്ടില്‍ പാട്ടായ വിവരം ഞാനറിയുന്നത്! 

അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ ന്യൂയോര്‍ക്ക് സിറ്റി സെന്ററിന്‍റെ ഫാള്‍ ഫോര്‍ ഡാന്‍സുത്സവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തുടങ്ങിയതാണ് ടോറോന്റോയിലെ ഫാള്‍ ഫോര്‍ ഡാന്‍സ് നോര്‍ത്തെന്ന(Fall For Dance North) നൃത്തോല്‍സവം. ഇന്നാട്ടിലെ സാംസ്കാരിക വൈവിധ്യമുള്ള ജനങ്ങള്‍ക്ക്‌ ദേശീയവും അന്തര്‍ദേശീയവുമായ നൃത്തങ്ങളുടെ തല്‍സമയ പ്രകടനങ്ങള്‍ കണ്ടാസ്വദിക്കുവാനുള്ള വേദിയൊരുക്കുകയാണ് ഫാള്‍ ഫോര്‍ ഡാന്‍സ് നോര്‍ത്ത് സംഘാടകര്‍. കലാകാരന്മാര്‍ക്ക് മാത്രമല്ല ആസ്വാദകര്‍ക്കും നൃത്തകലയുടെ പുതിയ വാതായനങ്ങള്‍ തുറന്നു കൊടുക്കാന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ വളരെ കുറഞ്ഞ നിരക്കിലാണ് നൃത്തോത്സവത്തിനുള്ള ടിക്കെറ്റുകള്‍ വിറ്റഴിക്കുന്നത്. സാധാരണയായി നൂറ് ഡോളറിനടുത്തോ അതിന് മുകളിലോ ഒക്കെയാണ് സോണി സെന്ററിലെ ടിക്കറ്റ്‌ നിരക്ക്. ലോകോത്തരകലകള്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലാക്കുകയെന്നതാണ് ഫാള്‍ ഫോര്‍ ഡാന്‍സ് നോര്‍ത്ത് ലക്‌ഷ്യമിടുന്നത്. അതുകൊണ്ട് എന്‍റെയസുഖം മാറിക്കിട്ടി!

Inside View of Sony Centre For Performing Arts, Toronto /Pic Courtesy: Google Images

1960 ഒക്ടോബര്‍ ഒന്നിനാണ് ടോറോന്റോയുടെ അഭിമാനമായ സോണി സെന്റര്‍ തുറന്നത്. 
അന്നുമുതല്‍ ഇന്നുവരെ നഗരത്തിന്‍റെ സംസ്കാരിക വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കാന്‍ സോണി സെന്ററിന് കഴിഞ്ഞിട്ടുണ്ട്. 1960 ലെ ഉല്‍ഘാടനത്തിന് അരങ്ങേറിയ  "Musical Camelot"ലൂടെ കലകളുടെ ജൈത്രയാത്ര സോണിയില്‍ തുടങ്ങി.1966ല്‍ "The Hummingbird Centre" എന്നാക്കി  തിയേറ്ററിന്‍റെ പേരൊന്നു പരിഷ്കരിച്ചു. എന്നാല്‍ 2007ല്‍  അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ട ഹമിംഗ്ബേര്‍ഡ് വീണ്ടും പറക്കാന്‍ തുടങ്ങിയത് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അതും സോണി സെന്റര്‍ ഫോര്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്സ് (Sony Centre For Performing Arts) എന്ന പുതിയ പേരിലും രൂപത്തിലും. മൂവായിരത്തോളം ഇരിപ്പിടങ്ങളുള്ള സോണി സെന്ററിലെ തിയേറ്ററിലെവിടെയിരുന്നാലും തടസ്സങ്ങളില്ലാതെ വേദിയില്‍ നടക്കുന്നത് കാണാം.

കലയിലൂടെ സ്നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, കഴിഞ്ഞതെല്ലാം മറന്ന്, ഒന്നിച്ച് മുന്നോട്ട് പോകാനും കഴിയുമെന്ന വിശ്വാസമാണ് സോണി സെന്ററിനും അത് പോലെ തന്നെ ഫാള്‍ ഫോര്‍ ഡാന്‍സ് നോര്‍ത്തിനുമുള്ളത്. ഇടം നല്‍കിയവരെ നന്ദിയോടെ സ്മരിക്കുന്ന വാചകങ്ങള്‍ എടുത്തെഴുതുന്നു..."Today, the meeting place of Toronto is still the home to many Indigenous people from across Turtle Island and we are grateful to have the opportunity to work in the community, on this territory." 
Pic Courtesy: Google Images
നിയമാവലികള്‍ വളരെ വ്യക്തമായി സെന്ററിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുണ്ട് അതിനാല്‍ ഈ പോസ്റ്റില്‍ ഗൂഗിള്‍ കനിഞ്ഞുനല്‍കിയ ചിത്രങ്ങള്‍ മാത്രമേയുള്ളൂ. Unless otherwise specified, the use of cameras, video cameras or sound-recording devices of any kind, including a cell phone, is prohibited. Any person using an unauthorized recording device may be asked to leave. No refunds will be issued. FFDNന്‍റെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറായ ഇല്‍റ്റര്‍ ഇബ്രാഹിമോഫിന്‍റെ സ്വാഗതപ്രസംഗത്തോടെ ഒക്ടോബര്‍ അഞ്ചിലെ കലാസന്ധ്യക്ക് തിരശീലയുയര്‍ന്നു.
Michaela Hinds / Pic Courtesy: Google Images
ബ്രാംപ്ടനില്‍ ജനിച്ചുവളര്‍ന്നു ഐറിഷ് നൃത്തത്തില്‍ ഏഴു പ്രാവശ്യം വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്‌ പട്ടം നേടിയ Michaela Hindsന്‍റെ കലാപ്രകടനത്തോടെയാണ് നൃത്തപരിപാടികള്‍ ആരംഭിച്ചത്. ഹിന്ദ്സിനു വേണ്ടി Yzanne Noone സംവിധാനം ചെയ്ത "Reflections of an Irish Journey"യായിരുന്നു അവര്‍ അവതരിപ്പിച്ചത്. ഐറിഷ് മത്സരനൃത്തത്തില്‍ നിന്ന് വിരമിക്കുന്ന ഹിന്ദ്സിന്‍റെ ആദ്യത്തെ തിയേറ്റര്‍ അവതരണമായിരുന്നു. ഐറിഷ് നൃത്തത്തില്‍ പ്രാധാന്യം കാലുകള്‍ക്കാണ്. കൈകള്‍ രണ്ടും ശരീരത്തില്‍ ചേര്‍ത്ത് വെച്ച് പുഞ്ചിരിക്കുന്ന മുഖവുമായി നൃത്തം ചെയ്യുന്ന വ്യക്തിയുടെ കാലുകളിലാണ് പാട്ടിന്‍റെ ഭാവവും താളവും മാറിമറിയുന്നത്. പാദങ്ങള്‍ കൊണ്ട് മൃദുലമായും, ശക്തമായും, വേഗത്തിലും തട്ടുന്നതോടൊപ്പം വേദിയില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയുമൊക്കെയാണ് ചുവടുകള്‍വെക്കുന്നത്. ഇതിനെക്കുറിച്ച്‌ വായിച്ചപ്പോള്‍ രസകരമായ പല ഉത്ഭവകഥകളും കണ്ടു. 

നാടോടികളായ ഐറിഷ് നര്‍ത്തകര്‍ക്ക് പ്രദര്‍ശനവേദികള്‍ കിട്ടാതിരുന്നപ്പോള്‍ മേശപ്പുറത്തും വീപ്പകള്‍ക്ക് പുറത്തുമായിരുന്നുവെത്രേ നൃത്തം ചെയ്തിരുന്നത്. കാലുകള്‍ ശക്തിയില്‍ തട്ടിയിട്ടായിരിക്കും അവര്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുക. മറ്റൊരു കഥയിങ്ങിനെയാണ്, ബ്രിട്ടീഷ്‌ പട്ടാളം ഐര്‍ലാന്‍ഡില്‍ നൃത്തം നിരോധിച്ചപ്പോള്‍ ജനങ്ങള്‍ നൃത്തം ചെയ്താണ് പ്രതിഷേധിച്ചതെത്രേ. വീടുകളിലെ പ്രധാന വാതിലിന്‍റെ മേലേ പാളി തുറന്നിട്ട്‌ ശരീരം അനക്കാതെ, കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വെച്ച് അവര്‍ കാലുകള്‍ തട്ടി നൃത്തം ചെയ്തു. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് അനങ്ങാതെ നില്‍ക്കുന്നവരെയാണ് കാണുക. എന്നാല്‍ ശരീരത്തിന് താഴെ കാലുകള്‍ നൃത്തത്തിന്‍റെ താളലയങ്ങള്‍ തീര്‍ത്തു. ഇങ്ങിനെയൊക്കെയാവും ഐറിഷ് നൃത്തം ഇന്നത്തെ രൂപത്തില്‍ ഉരുത്തിരിഞ്ഞു വന്നത്. 

Kosmos by BJM / Pic Courtesy: Google Images
ഐറിഷ് നൃത്തം കഴിഞ്ഞെത്തിയത് BJM(Les Ballets Jazz de Montreal) ട്രൂപ്പായിരുന്നു. 14 പേരുടെ ഈ സംഘം അവതരിപ്പിച്ചത്  പ്രശസ്ത ഗ്രീക്ക് നൃത്തസംവിധായകനായ Andonis Foniadakisന്‍റെ "കോസ്മോസാ"യിരുന്നു. തിരക്കും വേഗതയും നിറഞ്ഞ ഇന്നത്തെ നാഗരിക ജീവിതത്തിന്‍റെ പകര്‍പ്പാണ് കോസ്മോസ്. നഗരത്തിനു മാത്രം സ്വന്തമായ ആള്‍ത്തിരക്കും, അതിലേക്കു അലിഞ്ഞുചേരുകയും പിരിയുകയും ചെയ്യുന്ന സംഘര്‍ഷങ്ങളും ഒറ്റപ്പെടലുകളുമെല്ലാം ചടുലമായ ചുവടുവെപ്പുകളിലൂടെയും വേദിയിലെ ശബ്ദ-വെളിച്ച ക്രമീകരണങ്ങളിലൂടെയും കാണികളെ അനുഭവിപ്പിക്കുകയായിരുന്നു. ഏതോ തിരക്കുള്ള നഗരത്തിലകപ്പെട്ട് പുറത്തെത്തിയത് പോലെയാണ് കോസ്മോസ് അവസാനിച്ചപ്പോള്‍ തോന്നിയത്.

Alejandro Cerrudoയുടെ Pacopepeplutoയുമായി "Gauthier Dance Company" യാണ് അടുത്തതായി രംഗത്തെത്തിയത്. മൂന്ന് പുരുഷന്മാര്‍ ഒറ്റക്കും കൂട്ടമായും നൃത്തം ചെയ്തു. ശരീരത്തോട് ഒട്ടിനില്‍ക്കുന്ന തൊലിനിറത്തിലുള്ള ഡാന്‍സ് ബെല്‍റ്റ്‌ മാത്രമാണ് ആകെയുള്ള വസ്ത്രാലങ്കാരം. അതിനാല്‍ ഓരോ മാംസപേശികളുടെ അനക്കവും സദസ്സിലുള്ളവര്‍ക്ക് വ്യക്തമാകും. Dean Martinന്‍റെ King of Cool എന്ന സംഗീതത്തിന് ചുവടു വെക്കുന്ന Pacoയും Pepeയും Plutoയും പല സമയങ്ങളിലായാണ് വേദിയില്‍ വന്നു പോകുന്നത്. ഓരോരുത്തരും അവരുടെതായ ലോകത്ത് നൃത്തം ചെയ്യുന്നത് പോലെ... 

A Blossoming Apricot Branch - Dong Mei Dance/ Pic Courtesy: Google Images
പതിനഞ്ചു മിനിറ്റിന്‍റെ ഇടവേളയ്ക്കു ശേഷം Dong Mei Huang അവതരിപ്പിച്ച  "A Blossoming Apricot Branch" അതിമനോഹരമായ കാവ്യശില്‍പമായിരുന്നു. Xiao Mei Zhang നോടൊപ്പം ചേര്‍ന്ന് ഡോങ്ങ് തന്നെയാണ് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  പുരാതന ചൈനീസ് സംസ്കാരത്തില്‍ പൂത്തു നില്‍ക്കുന്ന ആപ്രിക്കോട്ട് ചില്ലയോടാണ് വിവാഹിതയായ സ്ത്രീയെ ഉപമിച്ചിരിക്കുന്നത്. മതിലിനപ്പുറത്തെന്താണെന്ന് അറിയാതെ പൂത്തുലഞ്ഞു നില്‍ക്കുന്ന ആപ്രിക്കോട്ട് പോലെയാണത്രെ സ്ത്രീയും. പരമ്പരാഗതമായ അനുശാസനങ്ങളും സദാചാരസംഹിതകളിലും അടച്ചിടപ്പെടുന്ന സ്ത്രീക്കും  പുറംലോകത്തെ കുറിച്ച് അറിയില്ല അഥവാ അറിയാനുള്ള സ്വാതന്ത്യ്രമില്ല."  'The apricot tree makes its presence felt by extending a bough of blossoming flowers over the top of the wall. Unbeknownst to those who live behind the wall.' (പുരാതന ചൈനീസ്‌ കവിയായ യേ ഷോവേങ്ങിന്‍റെ വരികളാണ്) പെരുമഴ പെയ്ത് തോര്‍ന്ന ശാന്തതയായിരുന്നു തിയേറ്ററിനകത്ത്. ശ്രുതിമധുരമായ സംഗീതത്തിനൊപ്പിച്ചുള്ള മൃദുലമായ ചുവടുകളും ഭാവങ്ങളുമായി  ഡോങ്ങ്‌ അരങ്ങും മനസ്സും  കീഴടക്കി.  

Memory On Water by Guangzhou Ballet / Pic Courtesy: Google Images

Memory On Water യെന്ന നിയോ-ക്ലാസിക്കല്‍ പ്രണയകാവ്യവുമായി വന്നത് Guangzhou Ballet ട്രൂപ്പാണ്. ബാലേ നര്‍ത്തകര്‍ക്കൊപ്പം ഞാനൊഴുകി നടക്കുകയായിരുന്നു. പ്രണയിക്കുന്ന രണ്ടുപേര്‍ക്കിടയിലെ പ്രതിബന്ധമായ പുഴയാണ് ഇതിവൃത്തം.  നൃത്തത്തില്‍ നായകനും നായികയും പരസ്പരം തൊടുന്നതേയില്ല. പ്രണയവും, സ്വപ്നങ്ങളും, മോഹങ്ങളും, വിരഹവുമെല്ലാം ഏറ്റുവാങ്ങി പുഴ നിശബ്ദമായി അവര്‍ക്കിടയിലുണ്ട്. പുഴയില്ലാതെ അവര്‍ക്ക് പ്രണയമില്ലെന്ന പോലെ... Peter Quanz എന്ന കനേഡിയനാണ് ബാലേയുടെ സംവിധായകന്‍. അനുയോജ്യമായ വസ്ത്രാലങ്കാരവും, സംഗീതവും, വെളിച്ച ക്രമീകരണങ്ങളും ബാലേയെ പൂര്‍ണ്ണതയിലെത്തിച്ചു. ആളുകളുടെ നിര്‍ത്താതെയുള്ള കരഘോഷമായിരിക്കണം സദസ്സിലുണ്ടായിരുന്ന പീറ്ററിനെ വേദിയിലെത്തിച്ചത്. ഗുരുവിനും ശിഷ്യര്‍ക്കും കാനഡയുടെ "Standing Ovation!!!"

72 Person Ball Passing / Pic Courtesy: Toronto Star (Google Images)

ഒടുവിലായി അരങ്ങേറിയ "72-Person Ball Passing" ഡാന്‍സാണോന്ന് ചോദിച്ചാല്‍ പെട്ടെന്നുള്ള ഉത്തരം അല്ലാന്നായിരിക്കും. വേദിയിലെ നാലു തട്ടുകളിലായി നിരന്ന 72 പേര്‍ പല നിറങ്ങളിലുള്ള പന്തുകള്‍ ദ്രുതഗതിയില്‍ കൃത്യതയോടെ പരസ്പരം കൈമാറുന്നു. തലയിളക്കി, കൈകള്‍ നീട്ടിയും കുറുക്കിയും ഇതിനൊരു നൃത്തരൂപം നല്‍കിയിരിക്കുകയാണ് സംവിധായകനായ Charles Moulton. മൃദുവായ പന്തുകള്‍ അവതരിപ്പിക്കുന്നവരുടെ അരയിലും കെട്ടിവെച്ചിട്ടുണ്ട്. ഇടയ്ക്കു പന്ത് വീണു പോകാനുള്ള സാധ്യത കൂടുതലാണ് ഈ കളിയില്‍. നേര്‍ത്ത പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെ നടന്ന പന്ത് ഡാന്‍സില്‍ ആരും ഒറ്റ പന്തു പോലും താഴെവീഴ്ത്തിയില്ല! നാനാത്വത്തിന്‍റെ പ്രതിഫലനമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ വേദിയില്‍ കണ്ടത്. ഭിന്നതകളില്ലാതെ പരസ്പരം ചേര്‍ന്ന് നില്‍ക്കാനാവുന്നത് നൃത്തമെന്ന ഹൃദയഭാഷയിലൂടെ സംവദിക്കുന്നത് കൊണ്ടാകണം...


16 comments:

 1. അവിടെ ഫോട്ടോ എടുക്കാൻ പാടില്ലേ

  ReplyDelete
  Replies
  1. "Unless otherwise specified, the use of cameras, video cameras or sound-recording devices of any kind, including a cell phone, is prohibited.." ഇതില്‍ കൂടുതല്‍ എനിക്ക് പറയാനില്ല.

   Delete
 2. ഇത്തരം യാത്രകൾ രസകരമാണ്.(ഒരു പുഴ നടുവിൽ ഉള്ളത് നല്ലതാണ്)
  Informative,indeed.

  ReplyDelete
  Replies
  1. നീന്തല്‍ അറിഞ്ഞാല്‍ നല്ലതാ, ഇല്ലെങ്കില്‍ മുങ്ങി മരിക്കാം...നന്ദി സുരേഷേട്ടാ

   Delete
 3. മുബി വെറുതെ ഡാൻസുകൾ കണ്ടു പോരുകയല്ല ചെയ്തത്.. അവയുടെയൊക്കെ ഉള്ളം പഠിച്ചു മനസ്സിലാക്കി കാവ്യ സുന്ദരമാക്കി വിളമ്പി തന്നു.. നന്ദി.. memory on water പുഴയും പ്രണയവും കവിത നിറച്ചുവോ?

  ReplyDelete
  Replies
  1. ഹഹഹ... കവിതക്ക് വളമേകുന്ന ഘടകങ്ങള്‍! സന്തോഷം മെഹറു :)

   Delete
 4. ഇതൊരു ഗവേഷണം തന്നെയായിപ്പോയല്ലോ മുബീ...

  ReplyDelete
  Replies
  1. സത്യം വിനുവേട്ടാ... ഇറങ്ങിയപ്പോഴല്ലേ ഇത്രയ്ക്കു ആഴമുണ്ടെന്ന് മനസ്സിലായത്‌!

   Delete
 5. കാമ്പുള്ള എഴുത്ത് ..ആശംസകൾ

  ReplyDelete
  Replies
  1. നന്ദി പുനലൂരാന്‍...

   Delete
 6. അപ്പോഴിതൊരു സംഭവം തന്നെ. ശ്രദ്ധിക്കാതിരുന്ന പല കാര്യങ്ങളും ആഴത്തിൽ പോകുമ്പോൾ എന്തൊക്കെയാണ് കണ്ടു പിടിക്കുന്നത്. നന്നായി എഴുതി

  ReplyDelete
  Replies
  1. അതെ ബിപിന്‍... കുറെ കാര്യങ്ങള്‍ പഠിച്ചു. നന്ദി :)

   Delete
 7. വിജ്ഞാനപ്രദം ...
  ലോകോത്തരകലകള്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍
  പറ്റുന്ന രംഗമണ്ഡപത്തിൽ ' ഫാള്‍ ഫോര്‍ ഡാന്‍സ് നോര്‍ത്ത് '
  കൺകുളിർക്കേ കണ്ടിട്ട് , പാശ്ചാത്യ രംഗകലകളുടെ ഉള്ളുകള്ളികൾ
  വരെ തുറന്നു കാണിച്ചുകൊണ്ടുള്ള ഒരു അത്യുത്തമ ആലേഖനമാണിത് ...

  ReplyDelete
  Replies
  1. സ്നേഹം... സന്തോഷം മുരളിയേട്ടാ

   Delete