Sunday, May 5, 2019

കലകളുടെ കലവറയിൽ വാഴയില ചോറും ചക്കയും!

ഒണ്ടാറിയോ ആർട്ട് ഗാലറിയുടെ തൊട്ടടുത്ത് കിടക്കുന്ന യൂണിവേഴ്സ്റ്റി കാമ്പസിലൂടെ കറങ്ങി നടക്കാനുള്ള കുഞ്ഞു മോഹം അത്യാഗ്രഹമായി മാറ്റിയത് ക്യാൻവാസുകളും ചുരുട്ടി ദിവസവും സബ്‌വേയിൽ കാണുന്ന കുട്ടികളാണ്. അത്യാഗ്രഹം കലശലായപ്പോഴാണ് രോഗി ഇച്ഛിച്ച പോലെ മേയ് ഒന്ന് മുതൽ അഞ്ചുവരെ യൂണിവേഴ്സിറ്റിയുടെ വാതിലുകൾ പൊതുജനങ്ങൾക്കായി തുറക്കുന്നുവെന്ന അറിയിപ്പ് ട്വിറ്റർ വഴി കിട്ടിയത്. Undergraduate & Graduate പ്രോഗ്രാമുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ അവസാന തീസിസ് വർക്കുകളുടെ എക്സിബിഷനാണ്. പൊതുജനങ്ങൾക്ക് പ്രവേശനം തികച്ചും സൗജന്യമായിരുന്നു. ഡോണേഷൻ നൽകണമെങ്കിലാവാം നിർബന്ധമില്ല. ഈ വർഷം നടക്കുന്നത് യൂണിവേഴ്സിറ്റിയുടെ 104-ാം ഗ്രാഡ് എക്സിബിഷനാണ്. നഗര മദ്ധ്യത്തിൽ തലയുർത്തി നിൽക്കുന്ന OCAD യൂണിവേഴ്സിറ്റി ക്യാമ്പസിൻ്റെ ഷാർപ്പ് സെന്റർ ഫോർ ഡിസൈനുൾപ്പെടെ നിരവധി കെട്ടിടങ്ങളിലായാണ് പ്രദർശനം നടക്കുന്നത്.

 Artist Dahae Song - Live Performance/ Mobile Click - Hussain Chirathodi

ചാറ്റൽ മഴയുടെ തണുപ്പ് വകവയ്ക്കാതെ ആർട്ട് ഗാലറിയുടെ മുന്നിലിരുന്നു അമ്മൂമ്മയും പേരക്കുട്ടിയും പാട്ടുപാടുന്നുണ്ട്. അവരുടെ പാട്ടും കേട്ട് യൂണിവേഴ്സിറ്റി കവാടത്തിനരികിലെത്തുമ്പോഴേക്കും സന്ദർശക തിരക്ക് തുടങ്ങിയിരുന്നു. പ്രവേശന കവാടത്തിൽ നിന്ന് കിട്ടിയ ലഘുലേഖയിൽ ഓരോ വിഭാഗത്തിൻ്റെയും പ്രദർശനങ്ങൾ നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളുണ്ട്. അതിൽ നോക്കി താല്പര്യമുള്ള വിഭാഗം മാത്രം കണ്ടു മടങ്ങുന്നവരുമുണ്ട്. ഗ്രേറ്റ് ഹാളിൽ പൂർവ്വ വിദ്യാർത്ഥിയായ ദഹേയ് സോങ്ങിൻ്റെ തൽസമയ പേയ്ൻറിങ്ങ് പ്രദർശനമാണ്. അവരുടെ ചിത്രങ്ങളിൽ കറുപ്പും വെളുപ്പും നിറങ്ങൾക്കാണ്‌ പ്രാധാന്യം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ന്യൂ ക്ലാസ്സിക്കിന്‌ കൊടുത്ത അഭിമുഖത്തിൽ ദഹേയ് സോങ്ങ് പറഞ്ഞതിങ്ങനെ , “I am a thing of nature, a child of earth. I feel, I love. I learn and I grow. I create, the way a tree does.” അത്രയും ധ്യാനാത്മകമായി അവർ പ്രകൃതിയെ പകർത്തുന്നത് കണ്ടപ്പോൾ ഓർത്തു പോയതാണ് ഏതോ വായനയിൽ മനസ്സിൽ കുടുങ്ങിയ ഈ വരികൾ.

Art & Curation - Artist Renelyn Quinicot Javier / Mobile Click - Hussain Chirathodi

800 വിദ്യാർത്ഥികളുടെ വർക്കുകൾ വിശദീകരിക്കാൻ പ്രയാസമാണെങ്കിലും ചക്കയും ചോറും വാഴയിലയിൽ കഴിച്ചതും, എന്നെ ആകർഷിച്ച ചില അസാധ്യ ചിത്രങ്ങളെയും കുറിച്ചു പറയാം. Criticism & Curatorial Program എന്ന ബോർഡ് വായിച്ച് എന്താണെന്ന് ഒരെത്തുംപിടിയും കിട്ടാതെ പമ്മി കയറിയപ്പോഴുണ്ട് ഒരു മേശയിൽ വാഴയില നിരത്തി വെച്ചിരിക്കുന്നു. എല്ലാം മനസ്സിലായ പോലെ മറ്റു മേശകളെയെല്ലാം അവഗണിച്ച്‌ വേഗം അങ്ങോട്ട് നടന്നു. പൊതിച്ചോറ്, സദ്യ, അട, മീൻ പൊളളിച്ചത്... ഇതൊക്കെ തലയിലൂടെ ഓടിയപ്പോഴേക്കും വായിൽ പ്രളയമായി. വളരെ ഭവ്യതയോടെ ഇല തുടച്ചു വെക്കുന്ന പെൺകുട്ടിയുടെ അടുത്തേക്ക് ഞങ്ങളെത്തി. വാഴയിലയും, വിശറിയും, പുൽപ്പായയും, ചകിരിയും എല്ലാമുണ്ട്. ഞങ്ങളെയിരുത്തി ഇലയുടെയും, കൈ കൊണ്ടു ഭക്ഷണം കഴിക്കുന്നതി
ൻ്റെയും ഗുണങ്ങൾ വിവരിച്ചു തന്നു. കൈകൊണ്ടു തന്നെയാണ് ഞങ്ങൾ ഭക്ഷണം കഴിക്കുകയെന്ന് പറഞ്ഞപ്പോൾ അവർക്ക് അത്ഭുതം. പിന്നെയാണ് ഊരും പേരുമൊക്കെ ചോദിച്ചറിഞ്ഞത്. എന്നാൽ നമുക്ക് ഒരുമിച്ചു ഉച്ചഭക്ഷണം ഇലയിൽ കഴിക്കാമെന്നായി. പഠനാവശ്യങ്ങൾക്കായി കരിമീൻ പൊള്ളിച്ചതും ഇലയടയും അവരുടെ നോട്ട് ബുക്കിൽ എഴുതി കൊടുത്തു. Renelyn Quinicot-Javier എന്ന ആർട്ടിസ്റ്റായിരുന്നു അത്. അടപോലെ ഇലയിൽ പൊതിഞ്ഞു വേവിച്ചെടുത്ത ചോറും, ചക്കയും നേത്രപ്പഴവും ചേർത്ത പലഹാരവും ഇലയിൽ അവർ ഞങ്ങൾക്ക് വിളമ്പി. അതിനിടയിൽ അവരുടെ അമ്മ പൂക്കളും കൊണ്ട്‌ മകളെ കാണാനെത്തിയിരുന്നു. അമ്മയുടെ നാടായ ഫിലിപ്പീൻസ് സന്ദർശിച്ച വിശേഷങ്ങളും, യോഗയും, നാടും ഭക്ഷണരീതികളും, അങ്ങിനെ കുറെയേറെ സംസാരിച്ചാണ് അവിടെനിന്നും അടുത്ത പ്രോഗ്രാം മുറിയിലേക്ക് പോയത്.

With Corynn Kokolakis / Mobile Click - Hussain Chirathodi

കണ്ട് കണ്ട് എവിടെയെത്തിയെന്നറിയാതെ നിൽക്കുമ്പോഴാണ് ‘Mothering into View’ എന്ന പെയിന്റിങ് കണ്ടത്. അതിനടുത്തായി ഒരു കുട്ടി ഇരുട്ടിലിരുന്നു വീഡിയോ ഗെയിം കളിക്കുന്നത്, കുഞ്ഞുറങ്ങുന്നത് അങ്ങിനെ കുട്ടികളുടെ ചിത്രങ്ങളാണ് ചുമരിൽ. കുട്ടികളെ ഇത്ര വാത്സല്യത്തോടെ വരച്ചിരിക്കുന്നത്
Corynn Kokolakis എന്ന കലാകാരിയാണ്‌. അമ്മത്തം പ്രതിഫലിക്കുന്ന ചിത്രങ്ങൾ വരച്ച കോറിന്നുമായി സംസാരിക്കാനും കഴിഞ്ഞു. ലോകത്തോടുള്ള അവരുടെ കാഴ്ചപ്പാട് തന്നെ കുട്ടികൾ മാറ്റിയെന്ന് അഭിമാനത്തോടെ സമ്മതിക്കുന്നു. കുടുംബവും കുട്ടികളുമായപ്പോൾ രണ്ടു വര്ഷം പൂർത്തിയായ പഠനം വഴിയിലുപേക്ഷിച്ചതാണ് കോറിൻ. കൂട്ടുകാരുമൊത്തുള്ള പെയിന്റ് പാർട്ടിയാണ് പഠനം തുടരാനുള്ള പ്രചോദനമായത്. സ്വന്തം കുട്ടികളുടെ മാത്രമല്ല ചുറ്റിലും കാണുന്ന കുഞ്ഞുങ്ങളുടെ മനസ്സിൽ പതിഞ്ഞ നിമിഷങ്ങളും ചിത്രത്തിന് ആധാരമാകാറുണ്ടെന്നും അവർ പറഞ്ഞു. കലയും കുടുംബവും ഒന്നിച്ചു കൊണ്ടു പോകുന്നതിൻ്റെ പ്രയാസത്തിലും ജൂണിൽ ബിരുദധാരിയാകുന്നതിൻ്റെ ആഹ്ളാദത്തിലാണ് കോറിന്.

Enclosed Stare (Acrylic on Canvas sealed with resin), Every 12-24 Weeks Ascension(Acrylic on Loose canvas with red yarn accents), Baptism (Acrylic on Canvas sealed with resin) എന്ന മൂന്ന് അക്രിലിക് ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ പ്രമേയമാണ് Valarie Shvetz ആസ്വാദകന് സമ്മാനിക്കുന്നത്. എക്സിബിഷനിൽ ശ്രദ്ധിക്കപ്പെടേണ്ട 25 ആർട്ടിസ്റ്റുകളിൽ ഒരാളായി Valarieയുടെ പേരും മാധ്യമങ്ങളിൽ കണ്ടിരുന്നു. ചിത്രങ്ങൾക്ക് കീഴെ നൽകിയ കുറിപ്പിലെ അവസാന വാചകമാണിത്, “ To face and filter anxieties associated with becoming a mother in a society which demands so much of women.” കൈയിൽ തടഞ്ഞ പലതരം വസ്തുവകകൾ കൊണ്ട് Ognjen Alterac ചെയ്ത “Trash” ഉം, പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭൂമിയുടെയും ക്യാൻവാസുകൾ കാണുന്നവരെ ഇരുത്തി ചിന്തിപ്പിക്കുവാൻ പോന്നവയായിരുന്നു.

Artist - Valarie Shvetz / Mobile Click - Hussain Chirathodi

Printmaking വിദ്യാർത്ഥിയായ Brenna Griffinn ചെയ്ത രണ്ടു പുസ്തകങ്ങൾ കണ്ടു. പ്ലാന്റ്-ബേസ്ഡ് പേപ്പർ കൊണ്ടായതിനാൽ വായന കഴിഞ്ഞാൽ പുസ്തകത്തിലെ പേജുകൾ നടാമെന്നും അതിൽ പൂക്കളുണ്ടാകുമെന്നതാണത്രെ ഇതി
ൻ്റെ പ്രത്യേകത. സ്ഥല പരിമിതിയും, പുസ്തകശേഖരങ്ങൾ റീസൈക്കിൾ ബിന്നുകൾക്ക് ഭാരമാകുന്ന കാലം വിദൂരമല്ലെന്ന് ബ്രെന്ന ഓർമ്മപ്പെടുത്തിയത് ഞെട്ടലുളവാക്കി. മറ്റൊന്ന് Angela Kumar സ്ക്രീൻ-പ്രിന്റ് സീരീസിൽ ചെയ്ത ബോളിവുഡ് ചലച്ചിത്രമായിരുന്നു. ഇതിനായി Angela തിരഞ്ഞെടുത്തത് Kuch Kuch Hota Hai എന്ന സിനിമയാണ്. Alondra Ruiz H, Grace Edwards എന്ന ആർട്ടിസ്റ്റുകൾ അവരുടെ വർക്കുകളും എഴുത്തുകളും കൊണ്ട് ശ്രദ്ധേയമായിരുന്നു. കോളേജിലെ ചുവരെഴുത്തുകളിലാണ് യഥാർത്ഥ കലാകാരന്മാരെ ദർശിക്കുക. അതെവിടെയാണെങ്കിലും അങ്ങിനെത്തന്നെയെന്ന് ഇവിടുത്തെ ചുവരുകൾ ബോധ്യപ്പെടുത്തി. ഓരോ നിലയിലേക്കുമുള്ള കോണിപ്പടികൾ കയറിയിറങ്ങുമ്പോൾ വിരസതയും ക്ഷീണവും ഒട്ടും അനുഭവപ്പെട്ടില്ല. ആശയസമ്പുഷ്ടമായിരുന്നു ചുവരുകൾ. വരകളും വരികളും കൊണ്ട് ഓരോ ചുവരും വ്യത്യസ്തമായി. 1876ൽ ആരംഭിച്ച ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് 2002ലാണ് യൂണിവേഴ്സിറ്റി സ്റ്റാറ്റസ് ലഭിക്കുന്നത്. വർഷാവർഷം പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ അവസാന തീസിസ് വർക്കുകളാണ് ഇന്ന് ടോറോന്റോയിലെ ഏറ്റവും വലിയ സൗജന്യ കലാപ്രദർശനമായി മാറിയിരിക്കുന്നത്!

Mobile Click - Hussain Chirathodi

ചിത്രങ്ങൾക്ക് കടപ്പാട്: ഹുസൈൻ ചിറത്തൊടി

15 comments:

 1. ഹും! അടുക്കളേല് ഊണ്കാലവുമ്പഴേ വളപ്പീന്ന് വാഴയില വെട്ടിക്കൊണ്ടുവന്ന് നെലത്ത് ചമ്രം പടിഞ്ഞിരുന്ന് പരിപ്പ് തൊട്ട് പായസം വരെയുള്ള ഇടിവെട്ട് വിഭവങ്ങൾ ഇലയില് നിരത്തി, ഓടിപ്പോണ പായസത്തിനെ വരെ തടഞ്ഞുനിർത്തി കൈ കൊണ്ട് കോരിക്കുടിക്കാൻ ജനിക്കുമ്പോ തൊട്ട് പരിശീലനം കൊടുക്കണ കേരളത്തീന്നാ ഞാൻ വന്നേക്കണത്! അങ്ങനെയുള്ള എന്നോടാ വാഴയെലേന്ന് ചോറ് കൈ കൊണ്ട് വാരിക്കഴിക്കാനറിയോന്ന്!! കൊല്ലക്കുടീലാ സൂചിവില്പന? [Interesting write up Mubee. A reminder too. We, most of the Malayalis consider ourselves as uncivilized for not being experts in using fork and knife. But it is always wise to be skilled first in utilizing our own
  in-built gifts given by God. Today I watched another video from Thailand which praises the use of 'vazhayila' instead of plastic. When we run after western culture the rest of the world is eager to embrace ours. Isn't it?]

  ReplyDelete
  Replies
  1. ഗിരിജ, അവർക്ക് സദ്യയുടെ ഫോട്ടോ കാണിച്ചു കൊടുത്ത് ഞങ്ങളിങ്ങിനെയാണ് ഭക്ഷണം കഴിക്കുകയെന്നു പറഞ്ഞപ്പോൾ, "What a holy way to protect Mother Earth!" എന്നായിരുന്നു അവരുടെ മറുപടി. ഓഫീസിൽ എൻ്റെ കൂടെ ഭക്ഷണം കഴിക്കുന്ന ഒരു ഈസ്റ്റ് യൂറോപ്പ്യൻ വീട്ടിൽ പോയിട്ടും അറിയാതെ കൈ കൊണ്ട് കഴിക്കാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർക്ക് അത് അരോചകമായ കഥയുമുണ്ടായിട്ടുണ്ട് ... വായിച്ചതിൽ സന്തോഷം!

   Delete
  2. പ്രകൃതിക്ക് പ്രഥമസ്ഥാനം കൊടുക്കുന്ന നമ്മുടെ നാടിൻറെ പൈതൃകം ഒരിക്കലും നശിക്കാതിരിക്കട്ടെ.ആ സംസ്കാരം ലോകത്തിൻറെ വിവിധ കോണിലുള്ള ഭാരതീയർ വഴി ലോകമെങ്ങും അറിയട്ടെ. ആശംസകൾ മുബീ.

   Delete
  3. നന്ദി ഗിരിജ..

   Delete
 2. ഹോ,……………(എന്നിട്ട്‌ ഡൊനേഷൻ വല്ലതും?)

  ReplyDelete
  Replies
  1. വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയരുതെന്നല്ലേ സുധി...

   Delete
  2. അതെ ചേച്ചീ.അതാണു.

   Delete
 3. ഫാറൂഖ് കോളേജിൽ ഇങ്ങനെ ഒരു ചുവർ ഇല്ലാതെ പോയത് കൊണ്ട് പല കലാകാരന്മാരെയും ലോകം അറിഞ്ഞില്ല!!

  ReplyDelete
  Replies
  1. എന്നിട്ടും ഉള്ള സ്ഥലം പരമാവധി ഉപയോഗിച്ചിരുന്നു മാഷേ :)

   Delete
 4. നല്ലത് ...
  കലാ പ്രദർശനം മാത്രമല്ല ..
  നൊസ്റ്റാൾജിയ ഉണർത്തുന്ന മ്മ്‌ടെ
  വാഴയിലയൂണും അവിടെ താരമായതിൽ
  സന്തോഷം ..
  നമ്മളെ പോലെ ഭക്ഷണം കഴിക്കുന്നവർ
  ആഗോളതലത്തിൽ ഉണ്ടെന്നതിൽ നമുക്കും
  അഭിമാനിക്കാം ..ല്ലേ

  ReplyDelete
  Replies
  1. മുരളിയേട്ടാ... ഇന്നലെ ഇവിടെയൊരു വർക്ക് ഷോപ്പ് നടന്നിരുന്നു. Cultural Intelligence ആയിരുന്നു വിഷയം. അതിൽ ഇതുപോലെ പല സംസ്കാരങ്ങൾ തമ്മിലുള്ള സാമ്യമൊക്കെ ചർച്ചാവിഷയമായിരുന്നു.

   Delete
 5. വാഴയിലയിലെ ആ രുചികരമായ വിഭവം ഒരു ചിത്രരചനയായിരുന്നോ എന്ന സംശയം പോലും ബാക്കിനിൽക്കുന്നു, ബാക്കി പ്രദർശനങ്ങൾ കണ്ടപ്പോൾ..!

  ReplyDelete
  Replies
  1. ഇക്കാ, ഒരു ചിത്രരചന നിർവഹിക്കുന്ന മനോഭാവത്തോടെയാണ് അവർ ഇലയിടുന്നതും, ഭക്ഷണം അതിൽ നിരത്തുന്നതും കഴിക്കുന്നതും...

   Delete
 6. എവിടെയായാലും വാഴയിലയിലെ ഭക്ഷണം ഒരു വല്ലാത്ത നൊസ്റ്റു അല്ലെ ;-)

  ReplyDelete
  Replies
  1. അതെ മഹേഷ്.. സന്തോഷം ഈ വഴി വന്നതിൽ :)

   Delete