Sunday, June 9, 2019

ഇത്...ഞങ്ങളുടെ വഴി!

ഒരു വഴിയുടെ കഥയാണ്.. ഈ വഴി വെറുമൊരു വഴിയാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. അത്രയേറെ അടുപ്പമുണ്ടതിനോട്… ചിരിച്ചും, കരഞ്ഞും, വഴക്കടിച്ചും ഞങ്ങളോട് കൂട്ടായിട്ട്  പത്ത് വർഷങ്ങൾ കഴിഞ്ഞു. 'Welcome to Canada ' യെന്ന് ഞങ്ങളെ ചേർത്തു നിർത്തി പറഞ്ഞതും, സൈക്കളിൻ്റെ ബാലപാഠങ്ങൾ പഠിക്കാൻ പ്രോത്സാഹിപ്പിച്ചതും, പ്രണയവിരഹ ഇശലുകൾക്ക് താളമിട്ടതും, മക്കളോടൊപ്പം കളിച്ചും, ഭയപ്പെടുത്തിയും തൊട്ടടുത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ നീണ്ടു കിടക്കുകയായിരുന്നു. രാവിലെ തീർത്തും നിശ്ശബ്ദമാണ് വഴിയിടം. ശബ്ദമുഖരിതമായൊരു നഗരത്തിനു നടുവിൽ കിളി പേച്ചുകൾക്ക് കാതോർത്ത്, ഇളം തണുപ്പേറ്റ് ശാന്തമായി കിടക്കുന്നിടത്തേക്ക് നടക്കുമ്പോൾ അറിയാതെ നമ്മുടെ ചുവടുകളും പതുക്കെയാവും. എന്തിനിത്ര തിരക്ക്? വഴിയറിഞ്ഞ്, കിളിപ്പാട്ടും, ഇളം കാറ്റും, വഴിമണങ്ങളും ആസ്വദിച്ച് സമാധാനമായി കുറച്ച് സമയം ചിലവഴിക്കൂവെന്ന് സ്നേഹപൂർവ്വം ശാസിച്ച്‌  നമ്മളെ അങ്ങേയറ്റം വരെ നടത്തിക്കും.



ബ്രാപ്ടൺ, മിസ്സിസ്സാഗ, ടൊറൊൻറോ എന്നീ മൂന്നു നഗരങ്ങളിലൂടെ കടന്നു പോകുന്ന multi-use ട്രെയിലായ 'Etobicoke Creek Trail' നെ കുറിച്ചാണ് ഞാൻ പറയുന്നത്. മിസ്സിസ്സാഗ നിവാസികളുടെ സ്വന്തം Forest Glen, Fleetwood, Centinnial പാർക്കുകളേയും ഈ വഴി ബന്ധിപ്പിക്കുന്നുണ്ട്. ഫ്ലീറ്റ് വുഡ് പാർക്കിൽ നിന്നാണ് ഞങ്ങൾ ട്രെയിലിലേക്ക് കയറുക. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കളിയിടങ്ങൾ ഇടത് വശത്താണ്. മറുവശത്തൊരു അരുവിയാണ്. ഇതിനിടയിലൂടെയാണ് ടാറിട്ട നടപാത. നടക്കുന്നവർക്കും, സൈക്കിൾ സവാരിക്കാർക്കും ഉപയോഗിക്കാനായി നഗരസഭാ അധികൃതർ വെറുതെ ഉണ്ടാക്കിയിട്ടതാണ്. മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നുണ്ടെങ്കിലും പുതിയ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നുണ്ട്. മിസ്സിസ്സാഗ നഗരസഭയും, കാനഡ സർക്കാറും ചേർന്നാണ് ട്രെയിലിനുള്ള ചിലവുകൾ  വഹിക്കുന്നതെന്ന  വിവരങ്ങളൊക്കെ വളരെ കൃത്യതയോടെ അറിയിക്കുന്നത് സർക്കാർ വെബ്‌സൈറ്റാണ്. കൂട്ടിയും കുറച്ചും കണക്കുകൾ ശരിയാകുന്നില്ലെങ്കിൽ വിളിച്ചന്വേഷിക്കാനുള്ള നമ്പറുമുണ്ട്. അതായത് എൻ്റെ നികുതി പണമാണ് ആരോഗ്യ-സന്തോഷദായകത്തിനായി 11 കി.മീറ്ററോളം  നീണ്ട് കിടക്കുന്നത്. എന്തെങ്കിലും കുറവ് തോന്നിയാൽ വിളിച്ചു ചോദിക്കാം. 

Mobile Clicks of the trail by Hussain Chirathodi & Screenshot of pdf file from Mississauga City website

അൽഡർ മരങ്ങൾ വളരുന്നയിടമെന്നർത്ഥം വരുന്ന ഒരു ഗോത്ര പദത്തിൽ നിന്നുരുത്തിരിഞ്ഞ വാക്കാണ് Etobicoke. വില്ലോ മരങ്ങളും, എൻ്റെ അമ്മ മരവും (മുകളിലെ ചിത്രത്തിലുള്ളത്), പൈൻ മരങ്ങളും, ചെടികളും, പൂക്കളും, പക്ഷികളും, മുയലുകളും, താറാവുകളും, വിരുന്നു വരുന്ന മാനുകളുമാണ് സ്ഥലത്തെ പ്രധാന അവകാശികൾ. അവരെ ശല്യപ്പെടുത്താതെ കുറെ മനുഷ്യർ ഓരം ചേർന്ന് നടക്കുന്നു. എനിക്ക് മാത്രം പരിചയമുള്ള വഴിയുടെ മണമുണ്ട്. പേരറിയാത്ത പൂവുകളും ഇലകളും, പുല്ലുകളും ചേർന്നൊരുക്കുന്നത്. വഴിയിലെ ഒരു പാലമാണ് എൻ്റെ കാലുകൾക്കടയാളം. രണ്ടു വർഷമായി അവിടെയെത്തിയാൽ തിരിച്ചു പോരുകയായിരുന്നു പതിവ്. അതിനപ്പുറമുള്ള നടവഴിയുടെ പണിയാണ് ഈ വർഷം പൂർത്തിയാക്കി പൊതുജനങ്ങൾക്ക്  നൽകിയിരിക്കുന്നത്. പച്ചപ്പിനിടയിലൂടെ പ്രകൃതിയെ ധ്യാനിച്ചും, മണത്തും നടന്നാൽ ടൊറൻറോ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തെത്താം. ഇങ്ങിനെയാണ്‌ വഴിയെങ്കിൽ ഞാൻ പട്ടാമ്പിവരെ നടന്നേനെ... ജനങ്ങൾ എത്രത്തോളം നന്നായി ട്രെയിൽ ഉപയോഗിക്കുന്നുണ്ടെന്ന് നോക്കാനുള്ള ടെക്നോളജിയും ഇവിടെവെക്കുമെന്ന്  ഞങ്ങളെ നോക്കാൻ പ്രതിജ്ഞയെടുത്തവർ അറിയിച്ചിട്ടുണ്ട്. നല്ല കാര്യം!

ശൈത്യകാലത്ത് സ്കീയിങ്ങിനും ഐസ് സ്കേറ്റിങ്ങിനും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ട്രെയിൽ. പക്ഷെ അപ്പോൾ അറ്റകുറ്റപണികൾ ഒന്നുമുണ്ടാവില്ല. അതിനാൽ ശ്രദ്ധിക്കണം. ഈ രണ്ട് സംഗതികൾ എനിക്കറിയാത്തതും, ഇലപൊഴിച്ച് നിർവികാരമായ നിൽക്കുന്ന മരങ്ങളെ കാണാൻ വയ്യാത്തത്‌ കൊണ്ടും ഞാനീ വഴി വരില്ല. ജൂൺ മുതൽ നാലു മാസമാണ് ഞാനിവിടെ കണ്ണും മൂക്കും വിടർത്തി കിന്നാരങ്ങൾ കേട്ട് തെക്ക് വടക്ക് നടന്നു തീർക്കുക. കാൽനടക്കാർക്കും, സൈക്കിൾ സവാരിക്കാർക്കും വഴി ഉപയോഗിക്കേണ്ടുന്ന നിർദ്ദേശ ഫലകങ്ങൾ വഴിയരികിലുള്ളത് പോലെ പാതയിലും വരച്ചു വെച്ചിട്ടുണ്ട്. നടന്നു ക്ഷീണിച്ചാൽ ഒന്നിരിക്കാൻ വലിയ കല്ലുകൾ കൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കി തന്നിട്ടുണ്ട്. വെള്ളം കയറാതിരിക്കാനാണെങ്കിലും അരുവിയുടെ അതിർത്തിയിൽ കൂട്ടിയിട്ട കല്ലുകൾക്കും, അതിനടുത്തുള്ള വേലിക്കും എന്തൊരു ശേലാണ്! ശൈത്യകാലത്തെ മടിയൊക്കെ തൂത്തെറിഞ്ഞ്  ഞാനും വഴിയും ഉണർന്ന് തുടങ്ങിയിരിക്കുന്നു... വരൂ നമുക്ക് നടക്കാം...


10 comments:

  1. മുബി ഞങ്ങളെ കാനഡയില്‍ എത്തിക്കും

    ReplyDelete
    Replies
    1. വെട്ടത്താൻ ചേട്ടാ... വരൂ :) :)

      Delete
  2. ഞങ്ങൾക്കജ്ഞാതമായ വഴികൾ കൺമുന്നിൽ കാണുന്നു..
    സൈക്കിൾപ്പാത്തും മറ്റും പറഞ്ഞ് ഞങ്ങളെ കൊതിപ്പിക്കണ്ട.. ഞങ്ങള് നന്നാകില്ല ...!

    ReplyDelete
  3. ടൊറൊൻറോയിലൂടെ ഒരു യാത്ര .നന്നായിട്ടുണ്ട്

    ReplyDelete
  4. എത്ര രസമാ മുബീ. അതിലെ ഇങ്ങനെ നടക്കാൻ ... എന്തൊരു പച്ചപ്പ്‌ ... Beautiful ...

    ReplyDelete
    Replies
    1. മൂന്നു മാസം കിട്ടുന്ന പച്ചപ്പാണ് ഗീത... അതിനെയാണ് ഇവർ ഇങ്ങിനെ സംരക്ഷിക്കുന്നത്. നമ്മളോ??

      Delete
  5. വഴി കാണിച്ച്
    വാ വാ എന്ന് പറയാതെ
    വഴിപറഞ്ഞു തന്ന് കാനഡയുടെ ദേശാന്തര കാഴ്ച്ചകൾ
    വമ്പത്തിയായി വിവരിച്ച് കാട്ടി നമ്മളെയൊക്കെ ഈ മുബി, ഒരു
    വഴീക്കാക്കും എന്നാണ് തോന്നുന്നത് ...!

    ReplyDelete
    Replies
    1. ഹഹഹ...നടന്നു തീർക്കാൻ വഴികളെത്ര കിടക്കുന്നു മുരളിയേട്ടാ :) :)

      Delete