Sunday, May 26, 2019

ഉലകം ചുറ്റിയ സൈക്കിൾ സഞ്ചാരി


യാത്രാവിവരണങ്ങളെന്നുമെനിക്ക് സ്വന്തം യാത്രകളാണ്. ഇപ്പോൾ യാത്രയൊന്നുമില്ലേയെന്ന് ചോദിക്കുന്നവർക്കറിയില്ല ഞാനെന്നും യാത്രയിലാണെന്നതും. യാത്രാവായനകളിലൂടെ സഞ്ചാരിയുടെ ഉന്മാദം അനുഭവിച്ചറിയുന്നതും, താളുകൾ മറിയുന്നതറിയാതെ കാഴ്ചകളും അനുഭവങ്ങളും വരികളിലൂടെ ഉൾകൊണ്ട് അവരോടൊപ്പം യാത്ര ചെയ്യുന്നതും യാത്രയോളം ഹൃദ്യവുമാണ്. അങ്ങിനെയൊരു യാത്രയെ കുറിച്ചാണ് ഈ പോസ്റ്റ്. പരിചിതമായ ചില വഴികളിൽ കാണാൻ ബാക്കിവെച്ചതെല്ലാം സ്വരുക്കൂട്ടി 400 പേജുകളിലാക്കി ഒപ്പിട്ട് നൽകിയത് ദ്രുവാണ്. ഉത്തരധ്രുവത്തിലെ Prudhoe Bayയിൽ നിന്ന് ജൂൺ 16, 2016ന് തുടങ്ങിയ യാത്രയവസാനിച്ചത് പതിമൂന്ന് മാസങ്ങൾക്ക് ശേഷം July 2017 ലാണ്.  വടക്കേ അമേരിക്കയിലെ അലാസ്കയിൽ തുടങ്ങി തെക്കെ അമേരിക്കയിലെ പെറുവിലേക്കുള്ള 15,000 km ദൂരം ഇന്ത്യക്കാരനായ ദ്രുവ് ബോഗ്ര താണ്ടിയത് സൈക്കിളിലായിരുന്നു. നാലു വ്യത്യസ്ത സമയ മേഖലകളും പത്തു രാജ്യങ്ങളും താണ്ടുന്നതിനിടയിൽ ഒരു നിയോഗം പോലെ ഞങ്ങൾ പരസ്പരം കാനഡയുടെ യുകോൺ പ്രവശ്യയിൽ വെച്ചു കണ്ടു മുട്ടുകയും ചെയ്തു. ദ്രുവിനെ സോഷ്യൽ മീഡിയ വഴി പിന്തുടർന്നിരുന്നെങ്കിലും ആ യാത്ര അതിൻ്റെ പരിപൂർണ്ണതയിൽ ഉൾക്കൊള്ളാനായത് ' Grit, Gravel and Gear' എന്ന പുസ്തകത്തിലൂടെയാണ്.വടക്കേ അമേരിക്കയുടെ കാലാവസ്ഥയും, വഴങ്ങി തരാത്ത വഴികളും, വിജനതയും, പതിയിരിക്കുന്ന അപകടങ്ങളും കുറച്ചൊക്കെ അറിയുന്നതിനാലാവും ഈ പുസ്തകം പതിവിലുമധികം സമയമെടുത്താണ് ഞാൻ വായിച്ചു തീർത്തത്. പേജുകൾ അവസാനിക്കരുതേയെന്ന മോഹവുമുണ്ടായിരിക്കാം. കാനഡയിലെത്തിയതിനു ശേഷം മാത്രം സൈക്കിൾ സവാരി പഠിച്ചയെനിക്ക് ദ്രുവിൻ്റെ യാത്രയൊരു സ്വപ്ന സഞ്ചാരമായിരുന്നു. മനുഷ്യരോട് ഇണങ്ങാത്ത പ്രകൃതിയും, നോക്കി നിൽക്കേ മാറുന്ന കാലാവസ്ഥയും, കാടിൻ്റെ വശ്യസംഗീതവും, പ്രണയവും, നിശ്ശബ്ദതയുടെ ഗാംഭീര്യവും, വന്യമൃഗങ്ങളും, ഗ്രാമവാസികൾക്കൊപ്പം വഴിയാത്രികരും ചേർന്ന് തലോടിയും തളർത്തിയും ഒരു നാല്പത്തൊൻപതുകാരൻ മുന്നോട്ട് ആഞ്ഞു ചവിട്ടി തീർത്ത യാത്രയാണിത്. അതുകൊണ്ടാവും വരികളിലെ വിയർപ്പിലും, കണ്ണീരിലും, വിശപ്പിലും എൻ്റെ കണ്ണ് നിറഞ്ഞതും സന്തോഷങ്ങളിൽ മുഖത്ത് ചിരി പടർന്നതും. അസ്ഥി തുളഞ്ഞു കയറുന്ന തണുപ്പിൽ യാത്ര തുടരാനാവാതെ അലാസ്കയിലൊരിടത്ത് ക്യാമ്പ് ചെയ്തൊരനുഭവം ദ്രുവ് പുസ്തകത്തിൽ പറയുന്നുണ്ട്. തണുപ്പിൽ നിന്ന് രക്ഷനേടാനായി തമ്പടിച്ചവരോട് എങ്ങിനെയുണ്ട് നിലമെന്ന ചോദ്യത്തിന്, ' Its soft like ice cream' എന്നുള്ള മറുപടി ഓർമ്മിപ്പിച്ചത് ഞങ്ങളുടെ തന്നെ ഈ വർഷത്തെ ശൈത്യകാല ക്യാമ്പനുഭവമായിരുന്നു!

സുഖകരമായ കാഴ്ചാനുഭവങ്ങൾ കൊണ്ട് സമ്പന്നമാക്കപ്പെടുന്നതല്ല ഇതുപോലെയുള്ള സഞ്ചാരങ്ങൾ. വംശീയാധിക്ഷേപങ്ങളും, ആട്ടിയിറക്കലുകളും തരുന്ന ചവർപ്പുകൾ എത്ര മറക്കാൻ ശ്രമിച്ചാലും തികട്ടി വരും. തൊലി നിറം നോക്കി ബിയർ പങ്കുവെക്കുന്ന അമേരിക്കകാരനും, വൈഫൈ പാസ് വേർഡ് നൽക്കാതെ കബളിപ്പിക്കുന്ന സ്റ്റോർ ജീവനക്കാരനും, മുറിയൊഴിവില്ലെന്ന് പറഞ്ഞ് മടക്കിയവരും ഭ്രമിപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് വായനക്കാരെ വലിച്ചിടും. ജാസ്പർ ഫോക്ക് സംഗീതോത്സവത്തിൽ വെച്ച്  Delhi 2 Dublin എന്ന ഇൻഡോ-കനേഡിയൻ ബാൻഡിൻ്റെ പരിപാടി കാണുന്നതും, രാത്രിയിൽ ഒറ്റയ്ക്ക് ക്യാമ്പിലിരിക്കുമ്പോൾ കണ്ടാസ്വദിച്ച ഹോളിവുഡ് ഹൊറർ സിനിമകളിലെ കഥാപാത്രങ്ങളുടെ ഓർമ നൽകുന്ന ഭീതിയും, കിൻഡിൽ വായനയും, 15 മിനിറ്റോളം ദ്രുവിൻ്റെ സൈക്കിളിന് കടന്നു പോകാനായി Astoria-Megler പാലത്തിൽ ട്രാഫിക്ക് നിർത്തിയതും, ദേശാടകരായ Grey Whales നെ കണ്ടതും വളരെ രസകരമായി വിവരിച്ചിട്ടുണ്ട്.

കാലിഫോർണിയയിലെ മുന്തിരിത്തോപ്പുകളിലൂടെ സൈക്കിളിൽ വൈനും, ഐസ്ക്രീമും നുണഞ്ഞലയുന്നത് വായിച്ചാൽ ആരായാലും സൈക്കിളെടുത്ത് പുറപ്പെടും! ഇടയ്ക്ക് ലഭ്യമാകുന്ന വൈഫൈയിലാണ് ഫേയുമായുള്ള പ്രണയം തളിരിടുന്നത്. ഒരിക്കലും തമ്മിൽ കാണാത്ത രണ്ടുപേർ അടുക്കുന്നതും, പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ആകുലതകളിൽ മുങ്ങിപൊങ്ങുന്നതും ഈ യാത്രയിലാണ്. സഞ്ചാരികൾ താമസിക്കാൻ തിരഞ്ഞെടുക്കുന്ന ഹോസ്റ്റലുകൾ ലിംഗഭേദമില്ലാതെ പങ്കിടുന്നവയാണ്. സ്ത്രീകൾ അടിവസ്ത്രങ്ങൾ ധരിച്ചു മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും, സഹമുറിയർ രതിയിലേർപ്പെടുന്നതുമെല്ലാം കണ്ട് ഉറക്കം നഷ്ടപ്പെട്ട രാത്രികൾ ദ്രുവിൻ്റെ അനുഭവ ഏടുകളിലൊന്നു മാത്രമാണ്. സൈക്കിൾ സഞ്ചാരിയാണെന്നതിനാൽ മെക്സിക്കൻ ബോർഡറിലെ പരിശോധനയിൽ നിന്ന് മുക്തമായി ടാക്കോസും, ടെക്കീലയും, ടോർട്ടിലാസും സുലഭമായ ബാഹ (Baja) പെനിൻസുലയിലെ തെരുവിലെത്തിയപ്പോൾ ഇന്ത്യൻ നിർമിത ഓട്ടോറിക്ഷ കണ്ടമ്പരുന്നു നിൽക്കുന്നുണ്ട് ദ്രുവ്. ആകാശംമുട്ടെ വളർന്നു നിൽക്കുന്ന ബുജൂം മരങ്ങളും ബാഹ മരുഭൂമിയിലെ കള്ളിമുൾച്ചെടികളും, ഇഴ ജന്തുക്കളും, പക്ഷികളും, Maya, Aztec, Inca സംസ്കാരങ്ങളുടെ വൈവിധ്യവും, Santa Rosalia എന്ന പട്ടണത്തിലെ മഹാത്മാഗാന്ധി ലൈബ്രറിയും, ലാ പാസിലെ ആർട്ട് ഗാലറികളും, തെരുവുകളും സഞ്ചാരികളുടെ സ്പന്ദനങ്ങളാവുന്നു. വേദനകളും, രോഗപീഡകളും യാത്രയിൽ വിഘനങ്ങളാകുന്നുണ്ടെങ്കിലും വിശ്രമിക്കാൻ കൂട്ടാക്കാത്ത മനസ്സുമായി റോഡിലേക്ക് Quest എന്നു വിളിപ്പേരുള്ള ൻ്റെ സൈക്കിളിനെയും വിശ്വസിച്ചിറങ്ങുന്ന ദ്രുവെന്ന സഞ്ചാരി വായനക്കാരുടെ മനസ്സിലാണ് ഇടം പിടിക്കുന്നത്.

Page 45- Grit, Gravel & Gear

ചന്ദ്രനിലും മലയാളി ചായക്കട നടത്തുന്നുണ്ടാവുമെന്ന തമാശ മക്കളോട് ഞാനിടക്ക് പറഞ്ഞ് ആളാവാറുണ്ട്. ഇതിവിടെ പറയാൻ കാരണം മലയാളിയായ ഷെൽബി ജോസഫി
ൻ്റെ സ്നേഹം സാൻ ക്രിസ്റ്റോബാളെന്ന നഗരത്തിൽ വെച്ച് ദ്രുവ് അനുഭവിക്കുന്ന ഭാഗം വായിച്ചത് മറക്കാത്തതു കൊണ്ടാണ്. കോസ്റ്റാ റിക്കയിൽ വെച്ച് സത്യസായി ബാബയുടെ സ്വപ്ന ദർശനം ലഭിച്ച വെനിസ്വലക്കാരനായ റിച്ചേർഡിൽ നിന്നും വേദപാഠങ്ങൾ ശ്രവിക്കുന്നതും, ലിമയിലെ ലാർക്കോ മ്യൂസിയവും, പെറുവിലെ പിസ്ക്കോ(Pisco)യെന്ന ദേശീയ പാനീയവും, പാൻ-അമേരിക്കൻ ഹൈവേയിലെ Huacachinaയും, ആൻഡിയൻ സംസ്കാരവും, മാച്ചു പിച്ചുവും, റെയിൻബോ മൗണ്ടനും, റോയൽ എൻഫീൽഡിൽ മണാലിയിൽ നിന്ന് കന്യാകുമാരിയിലേക്ക് യാത്ര ചെയ്തപ്പോൾ ബൈക്ക് സർവീസ് ചെയ്തു കൊടുത്ത പപ്പുവിനെ ഓർമിക്കുന്ന ഇറ്റലിക്കാരനുമെല്ലാം നമ്മുടെ കൂടെ കൂടി വായനയെ അനുഭവയോഗ്യമാക്കുകയാണ്.
യാത്രയിൽ ഉപയോഗിച്ച സാധനങ്ങൾ, തങ്ങിയ സ്ഥലങ്ങൾ, തെരുവുകൾ, കഴിച്ച ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ, ചിലവുകൾ എല്ലാം വളരെ ക്യത്യതയോടു കൂടി ദ്രുവ് വിവരിച്ചിട്ടുണ്ട്. ആർദ്രമായ പ്രണയവും, യാത്രയും, ഏകാന്തതയും ദ്രുവിലെ കവിക്കും അനുകൂലമായെന്നു വേണം കരുതാൻ. ഇരുപത്തിരണ്ട് അധ്യായങ്ങളുള്ള പുസ്തകത്തിലെ ഓരോ കാണ്ഡവും തുടങ്ങുന്നത് അതാത് സ്ഥലത്ത് നിന്ന് ദ്രുവെഴുതിയ കവിതകളുമായാണ്. യാത്രയിൽ വഴി പിരിഞ്ഞു പോയവരല്ല ഞങ്ങൾ, ഇന്നും യാത്രകളിൽ വഴികാട്ടിയായി ഒപ്പമുണ്ട് ആ സൗഹൃദം.. കാതങ്ങൾക്കകലെ നിന്ന് പ്രാർത്ഥന പോലെ ഒഴുകിയെത്തുന്ന സ്നേഹവും…


Book- Grit, Travel and Gear
Publisher- The Write Place
Price- INR 499.00


12 comments:

 1. സ്വന്തം അനുഭവങ്ങൾക്ക് പകരം മറ്റൊരു യാത്രികന്റെ അനുഭവങ്ങൾ സ്വമേധയാ അനുഭവിച്ചറിഞ്ഞ പോലെ വായനക്കാർക്കും പരിചയപ്പെടുത്താൻ ഈ ലേഖനത്തിലൂടെ കഴിഞ്ഞു. ദ്രുവ് ബോഗ്രയുടെ മനോഹരമായ അനുഭവങ്ങളിൽ ചിലതൊക്കെ ആസ്വദിച്ച പ്രതീതി...

  ReplyDelete
 2. നന്ദി ഇക്ക :)

  ReplyDelete
 3. ആഹാ . നിങ്ങളും ഒരു സ്വപ്നയാത്രയിലെ കഥാപാത്രങ്ങൾ ആയല്ലേ .

  അത്ഭുതപ്പെടുത്തുന്ന ചില മനുഷ്യർ . യാത്ര ഇഷ്ടമാണെങ്കിലും ഒരു സൈക്കിളിൽ അഞ്ചു മിനുട്ട് ഓടിക്കാൻ എന്നെ കൊണ്ട് പറ്റൂല്ലാന്ന് മാത്രമല്ല ഇഷ്ടവുമല്ല .
  ധ്രുവിന്റെ പുസ്തകത്തിന്റെ വായന ഈ പോസ്റ്റോടെ കഴിഞ്ഞു . ഇത് റീഡേഴ്സ് സർക്കിളിൽ പോസ്റ്റ് ചെയ്യാറില്ലേ ?

  ReplyDelete
 4. ങേ... നീ ബ്ലോഗ് വഴി വന്നോ? മടി മാറി വരുന്നതിന്റെ സൂചനയാണോ ഞങ്ങളുടെ അന്നത്തെ യാത്രയിൽ കുറെ ആളുകളെ കണ്ടിരുന്നു. പലരെയും പലയിടങ്ങളിൽ വെച്ച് ദ്രുവും കണ്ടിരുന്നു. ചിലരെല്ലാം ഇപ്പോഴും യാത്രയിലാണ്!

  നിന്റെ കൂടെ കൂടി എനിക്കും മടിയായിരിക്കുന്നു. FB ഗ്രൂപ്പുകളിൽ ഒന്നും പോസ്റ്റ് ചെയ്യാറില്ല.

  ReplyDelete
 5. കുറേക്കാലത്തിന് ശേഷം വീണ്ടും എത്തിയല്ലോ... നല്ലൊരു പോസ്റ്റുമായി...

  ധ്രുവിനെ പരിചയപ്പെടുത്തിയതിൽ നന്ദിയും സന്തോഷവും...

  ReplyDelete
  Replies
  1. രണ്ട് പോസ്റ്റ് വിനുവേട്ടൻ കണ്ടില്ലെന്ന് തോന്നുന്നു... :(

   Delete
 6. മുബി, കുറച്ചു കാലം കമ്പ്യൂട്ടര്‍ പ്രോബ്ലം. പിന്നെ കൊചുമക്കളൂമൊത്ത് രണ്ടു മാസം. വീണ്ടും വായനയിലേക്ക് എത്തി. തുടര്‍ന്നു കാണാം

  ReplyDelete
  Replies
  1. വെട്ടത്താൻ ചേട്ടനും ബ്ലോഗ് വായന നിർത്തിയോന്ന് കരുതിയിരുന്നു ഞാൻ. എന്തായാലും വായനയിലേക്ക് മടങ്ങിയതിൽ സന്തോഷം. ഇടയ്ക്ക് കൊച്ചു മക്കളുടെയടുത്തും എത്തണംട്ടോ :)

   Delete
 7. ഒരു യാത്രിക മറ്റൊരു സാഹസിക
  സഞ്ചാരിയുടെ യാത്രാവിവരണ പുസ്തകത്തിൽ
  കഥാപാത്രമാകുന്ന കാഴ്ച്ചയോടൊപ്പം അദ്ദേഹത്തെ
  നന്നായി പരിചയപ്പെടുത്തുകയും ചെയ്തിരിക്കുന്നു ..

  ReplyDelete
  Replies
  1. അതെ മുരളിയേട്ടാ... 2016 ലെ ബ്ലോഗ് പോസ്റ്റിൽ ഞാൻ ഇദ്ദേഹത്തെ കണ്ടത് എഴുതിയിരുന്നു. https://mubidaily.blogspot.com/2016/09/1500.html

   Delete
 8. യാത്രാവിവരണം മറ്റൊരാളുടെ മുബി മനോഹരമായി പകർത്തി . ആശംസകൾ

  ReplyDelete
 9. നന്ദി ഗീത...

  ReplyDelete