Monday, July 1, 2019

ജേക്കബ് അങ്കിൾ


കാനഡയിലേക്കുള്ള വരവ് തീരുമാനിച്ചുറപ്പിച്ചപ്പോൾ അന്ന് ബോംബെയിലായിരുന്ന കൂട്ടുകാരി സൗമ്യയോട് വിവരങ്ങൾ പറഞ്ഞു. 'നീയാടെ ഒറ്റയ്ക്ക് പോയെന്താക്കാനാ'ന്ന് ചോദിച്ചവളിന്ന് യു.എസിലാണ്. പന്ത്രണ്ടാം ക്ലാസ് മുതൽ ഡിഗ്രി കഴിയുംവരെ ഒരേ സ്കൂളിലും കോളേജിലുമായി പഠനം പൂർത്തിയാക്കിയവരാണ് ഞങ്ങൾ. സൗഹ്യദം ഓൺലൈനിൽ തുടരവേയാണ് സൗദിയിൽ നിന്നെൻ്റെ കൂടുമാറ്റം. സൗമ്യയിൽ നിന്നാണ് ഞങ്ങൾക്ക് ജേക്കബ് അങ്കിളിൻ്റെ ഫോൺ നമ്പർ കിട്ടിയത്. എഴുപതുകളിൽ കാനഡയിലെത്തിയ അങ്കിൾ അവളുടെ അച്ഛൻ്റെ ഉറ്റസുഹൃത്താണ്. ഇവിടെയെത്തിയ ബദ്ധപ്പാടൊന്ന് ഒതുങ്ങിയപ്പോഴാണ് അങ്കിളിനെ വിളിക്കാനായത്. ഒറ്റ വിളിയിൽ ഉറച്ചു പോയ ബന്ധമായിരുന്നു ഞങ്ങളുടേത്. അന്നുമുതൽ ജോലിയും, കാലാവസ്ഥയും, യാത്രകളും, പഴയ കഥകളുമെല്ലാം ഞങ്ങൾ പങ്കുവെച്ചു. 

ടോട്ടൻഹാമിലെ സൗത്ത് സിംക്കോ റെയിൽവേ യാത്ര കഴിഞ്ഞ് വന്നപ്പോഴാണ് തൻ്റെ റെയിൽവേ ജീവിത കാലഘട്ടവും സൗമ്യയുടെ അച്ഛനുമായുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെ വളരെ നേരം സംസാരിച്ചത്. 2011 ലെ Thanksgiving Day ഞങ്ങളൊന്നിച്ചു സുമയുടെ വീട്ടിൽ വെച്ച് ആഘോഷിച്ചു. ജേക്കബ് അങ്കിളെന്ന വ്യക്തിയുടെ സ്നേഹബന്ധങ്ങളായിരുന്നു ആ സായാഹ്നത്തിന് നിറം പകർന്നത്. മുട്ടു വേദന എന്നത്തേയും നടത്തം മുടക്കിയെന്ന പരിഭവമൊഴിച്ചു മറ്റൊന്നും അദ്ദേഹം ആരെയും അറിയിച്ചില്ല. എന്നാൽ ഞങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളിൽ വളരെയധികം പരിഭ്രമിക്കയും ചെയ്തിരുന്നു. സൗമ്യയുടെ യു.എസിലേക്കുള്ള വരവും, അവളുടെ അതിജീവനത്തിൻ്റെ നാളുകളും ഞങ്ങൾ മൂന്നു പേരുടെയും ആകുലതകളായി. 



സ്മാർട്ട്ഫോണുകളിൽ പോലും കോൾ ലോഗുകൾ കാണാത്തവരും കണ്ടില്ലെന്ന് നടിക്കുന്നവരുമായ നമുക്കിടയിൽ  ജേക്കബ് അങ്കിൾ വ്യത്യസ്തനായിരുന്നു. എന്തെങ്കിലും കാരണവശാൽ ഫോൺ എടുക്കാൻ പറ്റാതിരുന്നാൽ കണിശമായി പിറ്റേന്ന് തന്നെ അദ്ദേഹം തിരിച്ചു വിളിച്ചിരിക്കും. മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു.   അനാവശ്യമായ ചോദ്യങ്ങളും പറച്ചിലുകളുമൊന്നുമില്ലാതെ തെളിനീർ പോലൊഴുകിയൊരു സ്നേഹം. അതിന് പ്രായഭേദമില്ലായിരുന്നു. ഞങ്ങളോടെന്ന പോലെ തന്നെ മക്കളോടും… 

അത്യസന്ന നിലയിലാണെന്നറിഞ്ഞ് ഞങ്ങൾ Scarborough Central Hospital ലിൽ എത്തിയപ്പോൾ രാത്രി എട്ട് മണിയോടടുത്തിരുന്നു. ജോലി കഴിഞ്ഞു നേരെ അങ്ങോട്ട് പോവുകയായിരുന്നു. ആശുപത്രി സ്റ്റാഫിൻ്റെ സഹായത്തോടെ ഞങ്ങൾ അങ്കിൾ കിടക്കുന്ന മുറിയിലെത്തി. സംസാരിക്കാൻ പ്രയാസമുണ്ടായിരുന്നു, ചെറിയ തോതിൽ ഓർമ്മക്ക് മങ്ങലേറ്റിരുന്നു. എങ്കിലും ഞങ്ങളെ തിരിച്ചറിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു. ഏറെ ബുദ്ധിമുട്ടി ചോദിച്ചത് ഭക്ഷണം കഴിച്ചോന്നായിരുന്നു. അപ്രതീക്ഷിതമായിരുന്നില്ല അദ്ദേഹത്തിൻ്റെ മരണവാർത്ത. ഇന്നലെ ഫ്യുണറൽ ഹോമിൽ എത്തുമ്പോഴേക്കും അച്ചൻ പ്രാർത്ഥന അവസാനിപ്പിക്കാറായിരുന്നു. ഹാളിനുള്ളിൽ കടന്ന് അങ്കിളിനെ നോക്കിയപ്പോൾ ആ മുഖം ശാന്തമാണ്. യാത്ര പറഞ്ഞിറങ്ങുമ്പോൾ 'ഫാത്തിമാ… ന്ന് വിളിക്കുന്നത് പോലെ… ഇനിയൊരിക്കലും കേൾക്കാൻ കഴിയാത്ത വിധം ആ ശബ്ദം നിലച്ചാലും എന്നുമോർക്കാൻ ഞങ്ങളിലാ കരുതലുണ്ട്, "ഭക്ഷണം കഴിച്ചോ..."


14 comments:

  1. മുബീ.... ആദ്യം വായിച്ചപ്പോൾ നല്ല സന്തോഷം തോന്നി.. സ്നേഹവാത്സല്യങ്ങൾ ഉള്ള ഒരു അച്ഛന്റെ മുഖം. മരണവാർത്ത സങ്കടപ്പെടുത്തി.
    ആത്മാവിന് ശാന്തിയേകാൻ പ്രാർത്ഥിക്കുന്നു.

    ReplyDelete
  2. ഓർമ്മകളിലൂടെ അദ്ദേഹം എന്നെന്നും ജീവിയ്ക്കട്ടെ.

    ReplyDelete
  3. അശ്രുപുഷ്പങ്ങൾ... :(

    ReplyDelete
  4. ശരീരം മാത്രമേ മരിക്കുന്നുള്ളൂ....ഓർമ്മകൾ മരണമില്ലാതെ മറ്റുള്ളവരുടെ മനസ്സിൽ ജീവിക്കുന്നു...

    ReplyDelete
  5. ചിലർ അങ്ങിനെയാണ് ...
    ഇവിടം വിട്ടു പോയാലും
    മറവിയിൽ നിന്നും വിട്ടുപോകാതെ
    എന്നും ഇങ്ങനെ നിറഞ്ഞു നിൽക്കും ...!

    ReplyDelete
  6. അപ്രതീക്ഷിതമായി കിട്ടിയ സ്നേഹാശിസ്സുകൾ വിടപറയുമ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുന്നത് പ്രാർത്ഥന മാത്രം.

    ReplyDelete
  7. ഹൃദയം തൊട്ട അനുസ്മരണം

    ReplyDelete