Saturday, August 3, 2019

ബിലാത്തിയിലെ കട്ടൻകാപ്പി വിശേഷങ്ങൾ

ആരോരുമറിയാതെ ബിലാത്തിക്ക് പോകാനൊരുങ്ങിയ പാത്തൂനെ കാപ്പി കുടിക്കാൻ ക്ഷണിച്ചത് മുരളിയേട്ടനാണ്. പെട്ടെന്ന് വാതിലിൽ മുട്ടി മുരളിയേട്ടനെ ഞെട്ടിക്കാനുള്ള ഗൂഢതന്ത്രങ്ങൾ പൊളിച്ചടുക്കി കൈയിൽ തന്നത് അനിയനും. ബിലാത്തിതൊടിയിലെ വിളവെടുപ്പുകൾ കാണിച്ചു കൊതിപ്പിച്ചതിനാൽ അതൊന്ന് കാണാൻ ആർക്കായാലും തോന്നൂലോ? എങ്ങിനെയായാലും മുരളിയേട്ടൻ പറഞ്ഞ് സുക്കറേട്ടൻ വഴി നാട്ടാരു മുഴുവനറിഞ്ഞു. കാനഡയിൽ നിന്ന് പുറപ്പെട്ടപ്പോൾ മുതൽ കാപ്പി കുടിക്കാൻ എത്തിപ്പെടുമോയെന്നുള്ള സന്ദേഹമായിരുന്നു. മുഖപുസ്തക സുഹൃത്തായ മണമ്പൂർ സുരേഷാണ് മുരളിയേട്ടൻ നീട്ടിയ കാപ്പിയിൽ കുറച്ചൂടെ പൊടിയിട്ട് കടുപ്പം കൂട്ടിയത്. ഇത് വെറും കാപ്പിയല്ല, സുൽത്താനും കൂടെയുണ്ട്. അപ്പോൾ കനേഡിയൻ സ്റ്റൈലിൽ സംഗതി 'ഡബിൾ ഡബിളാണ്!'

Pic Courtesy: Coffee and Poetry FB post
ജൂലൈ ഇരുപതിന് "ഇപ്പോ പോവാട്ടൊ" ന്നും പറഞ്ഞ് വെസ്റ്റ് ജെറ്റ് എയർ ലൈൻസ് ജീവനക്കാർ എഴര മുതൽ തെക്ക് വടക്ക് നടക്കാൻ തുടങ്ങിയെങ്കിലും യാത്രക്കാരെ വിമാനത്തിനുള്ളിലാക്കിയത് പത്ത് മണിക്ക്. ആദ്യത്തെ പ്രശ്നമായ യന്ത്രതകരാർ ചെറിയ സ്ക്രൂഡ്രൈവർ വെച്ച് നേരയാക്കിയെങ്കിലും, എ.സിയുടെ പണിമുടക്ക് വീണ്ടും വൈകിച്ചു. കേടുപാടുകൾ തീർത്ത വിമാനത്തിൽ പാതിയുറക്കത്തിൽ കയറിയിരുന്നപ്പോഴാകട്ടെ പുറത്ത് ഇടിയും മഴയും. ആകെ ജഗപൊക! ആളുകളുടെ മുറുമുറുപ്പ് സഹിക്കാഞ്ഞിട്ടാവും ക്യാപ്റ്റൻ ഇടപ്പെട്ടത്. വിമാനത്താവളത്തിൻ്റെ എട്ട് കി.മി അകലേക്ക് ഇടിമിന്നൽ നീങ്ങിയാൽ മാത്രമേ വിമാനം പറത്താനുള്ള അനുമതി ലഭിക്കൂന്നുള്ള അറിയിപ്പ് കേട്ടതോടെ കാപ്പി കപ്പ് ഞാൻ മാറ്റിവെച്ചു. പ്രകൃതിയുടെ കാരുണ്യത്തിലാണ് യാത്ര, ക്ഷമയോടെ കാത്തിരുന്നേ പറ്റൂ. അങ്ങിനെ രണ്ട് മണിക്കൂർ വൈകിയാണ് ബിലാത്തി ബിമാനം ടൊറൊന്റോയിൽ നിന്ന് പൊങ്ങിയത്.

പിറ്റേന്ന് ഉച്ചയോടെ ഞാൻ ലണ്ടനിലെ Gatwick വിമാനത്തവളത്തിലിറങ്ങി. യാത്രയിൽ കൂട്ട് വരുന്ന നടുവേദന വിമാനത്താവളത്തിൽ നിന്ന് ബ്രോംലിയിലേക്കുള്ള വഴിയുടെ സൗന്ദര്യത്തിൽ മറന്നേ പോയി. വന്മരങ്ങളുടെ നടുവിലൂടെയുള്ള വീതികുറഞ്ഞ പാതയിൽ തിരക്ക് നന്നേ കുറവായിരുന്നു. മരങ്ങളുടെ പച്ചപ്പും തണലുമാവോളം ആസ്വദിച്ചതിനാലാവും വിമാനയാത്രയുടെ ക്ഷീണം മാറി ഞാനൊന്നുഷാറായി. അനിയത്തിയുടെ വീട്ടിലെത്തി കുളിയും ഭക്ഷണവും കഴിഞ്ഞപ്പോഴേക്കും കാപ്പി കുടിക്കാൻ പോകാനായിരുന്നു. കുടുംബസമേതമായിരുന്നു ഈസ്റ്റ് ഹാമിലെ കേരളാഹൗസിലേക്ക് പുറപ്പെട്ടത്. കട്ടൻകാപ്പിയെന്ന് കേട്ട് കണ്ണുമിഴിച്ച ന്യൂജെൻ കുട്ടിക്ക് സുൽത്താനെ പരിചയപ്പെടുത്തി കൊടുത്തു. ഈസ്റ്റ് ഹാമിലെ തെരുവിന് ഏഷ്യൻ വംശജരുടെ ചൂരാണ്. ഭക്ഷണശാലകളിൽ നിന്ന് പുറത്ത് വരുന്ന മസാലകളുടെ പരിചത ഗന്ധത്താൽ നാസാഗ്രം വിടർന്നു. കടൽ കടന്നെത്തിയ മലയാള ഗ്രാമ്യഭാഷാ പ്രയോഗങ്ങൾ കേട്ടു കൊണ്ടാണ് കേരളാഹൗസിൽ ഞങ്ങളെത്തുന്നത്.

 Kerala House - Art by Jose Antony 

MAUK (Malayalee Association of the UK) യുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തി
ൻ്റെ താഴത്തെ നിലയിൽ വിശ്വവിഖ്യാതനായ സുൽത്താൻ്റെ സാഹിത്യ സൃഷ്ടികളുടെ വായനയും ചർച്ചയും തുടങ്ങി കഴിഞ്ഞിരുന്നു. നേരം വൈകിയതിൻ്റെ വിഷമത്തിൽ മടിച്ചാണ് കയറിയത്. കട്ടൻ കാപ്പിയുടെ സാരഥികളെ മുരളിയേട്ടനും പ്രിയനും ചേർന്ന് പരിചയപ്പെടുത്തി. ഔപചാരികമായ ചടങ്ങ് തിർന്നപ്പോഴേയ്ക്കും കട്ടനെത്തി. പിന്നെ എല്ലാവരും ബഷീറിയൻ വായനയുടെ ലോകത്തായി. വായന മറന്നവരേയും, സാഹിത്യാസ്വാദകരേയും ഒരേ തലത്തിലേക്ക് കൊണ്ടുവരുന്ന എഴുത്തിൻ്റെ സുൽത്താനുള്ള സ്മരണാഞ്ജലി. 'നിത്യപൗരന്മാരായ കഥാപാത്രങ്ങൾ' എന്ന പ്രയോഗം ഏറെ പരാമർശിച്ചിട്ടുള്ളത് ബഷീർ രചനകളുടെ ചർച്ചകളിലാണെന്ന് തോന്നുന്നു. 'പാത്തുമ്മായുടെ ആട് അഥവാ പെണ്ണുങ്ങളുടെ ബുദ്ധി'യെന്ന എനിക്കേറ്റവും പ്രിയപ്പെട്ട ബഷീർ കൃതിയിൽ തുടങ്ങി ബാല്യകാലസഖി (കഥയും, സിനിമയും), മതിലുകൾ (കഥയും, സിനിമയും), ഭാർഗ്ഗവീനിലയം, പ്രേമലേഖനം, ആനവാരിയും പൊൻകുരിശും, ൻറുപ്പൂപ്പാക്കൊരാനേണ്ടാർന്ന്!, മുച്ചീട്ടുകളിക്കാരൻ്റെ മകൾ, മാന്ത്രികപ്പൂച്ച, ഭൂമിയുടെ അവകാശികളിലൂടെ നടന്ന് ധർമ്മരാജ്യത്തിൽ ചർച്ചയവസാനിപ്പിക്കുമ്പോഴും വായിക്കാനും, കേൾക്കാനും, അറിയാനും പറയാനും കുറെയേറെ ബാക്കിയുണ്ടായിരുന്നു. അതിനു കാരണം അന്നും ഇന്നും ബഷീർ കഥാപാത്രങ്ങൾ കാലങ്ങളെ അതിജീവിച്ച് നമുക്ക് ചുറ്റുമുള്ളത് കൊണ്ടാണെന്ന് ചർച്ചയിൽ സൂചിപ്പിച്ചത് ഓർമ്മയിലെത്തി. ബഷീറിന് മാത്രം അവകാശപ്പെട്ട പദപ്രയോഗങ്ങളിൽ ചിലതായ കിം ബഹുനാ, സിംപിൾഗ്രാസ്, ഹുന്ത്രാപ്പിബുസ്സാട്ടോ! , കവിസാർവ്വഭൗമാ എന്നതൊക്കെ പലരും ഓർത്ത് പറഞ്ഞത് ശ്രദ്ധേയമായിരുന്നു. അനർഘനിമിഷം(ലേഖനങ്ങൾ) വായനക്കായി കൈയിലെടുക്കണമെന്നുണ്ടായിരുന്നെങ്കിലും നടന്നില്ല.

Mobile Pics Courtesy - Adv. Afsal Ali & Sabeel Afsal
അന്നത്തെ പ്രധാന പരിപാടിയവസാനിപ്പിച്ചു പിരിയുന്നതിനു മുമ്പായി വായനയും, മലയാള പുസ്തകങ്ങളുടെ ലഭ്യതയും, പുസ്‌തക പ്രസാധനവും, വിമർശനങ്ങളും, കാനഡയിലെ വായനാരാമത്തിൻ്റെ പ്രവർത്തനങ്ങളും, മലയാളഭാഷ ക്ലാസുകളും, UK മലയാളി അസോസിയേഷൻ പ്രസിദ്ധീകരണങ്ങളും, പ്രവർത്തനങ്ങളും, എന്നു തുടങ്ങി കുറെയേറെ കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു. വായനകളും വരകളും വരികളുമായി ഒരൂട്ടം ഭാഷാസ്നേഹികളുടെ കൂട്ടായ്മയിലേക്ക് ക്ഷണിച്ചതിന് മുരളിയേട്ടനോടും, ചിരപരിചിതരേ പോലെ നിങ്ങളിലൊരാളായി എന്നെ കണ്ടതിൽ കട്ടൻ കാപ്പി സാരഥികളോടും നന്ദി പറഞ്ഞു ചെറുതാക്കുന്നില്ല. നല്ല വായനകളും, സംവാദങ്ങളുമായി ബിലാത്തിയിലെ കട്ടൻ കാപ്പിയുടെയും കവിതയുടെയും മാധുര്യമേറട്ടെയെന്ന ആശംസകളോടെ...

13 comments:

  1. ബിലാത്തി വിശേഷങ്ങൾ തുടരുംട്ടൊ :)

    ReplyDelete
  2. നന്നായിയെഴുതി. പങ്കെടുക്കാൻ കഴിഞ്ഞില്ല.

    ReplyDelete
    Replies
    1. സ്നേഹം.. ഇനിയൊരിക്കൽ നമുക്കെല്ലാവർക്കും കൂടെ കട്ടൻ കാപ്പി കുടിക്കാം :)

      Delete
  3. It was great getting you as our guest at Coffee and Poetry.

    ReplyDelete
    Replies
    1. നന്ദി പ്രിയൻ.. മനോഹരമായ ഒരു സായാഹ്നമായിരുന്നു. ഓർമ്മയിലെന്നുമുണ്ടാവും :)

      Delete
  4. അങ്ങനെ നിങ്ങളവിടെ ചെറിയൊരു ബ്ലോഗ് മീറ്റ് നടത്തിയല്ലേ...? അല്ല, ഈ കട്ടൻകാപ്പി കുടിക്കാൻ വേണ്ടി മാത്രമായിട്ടാ മുബി അവിടെ എത്തിയത്...? അതോ നാട്ടിലേക്കുള്ള യാത്രയിലാണോ...?

    ReplyDelete
    Replies
    1. അതും സംഭവിച്ചു വിനുവേട്ടാ :) അനിയത്തിടെ അടുത്ത് പോയതാ. നല്ലൊരു കാപ്പിയങ്ങിനെ തരായി..

      Delete
  5. അരിച്ചുപെറുക്കി ഭൂലോകത്തിലെ
    മഞ്ഞിന്റെ താഴ്വരകളിലും മറ്റും സഞ്ചാരം
    നടത്തി ആ മനോഹാരിതകൾ മുഴുവൻ വായനക്കാർക്ക്
    പങ്കുവെച്ച് കൊതിപ്പിക്കുന്നവൾ - യാത്രയുടേയും ,വായനയുടേയും,
    എഴുത്തിന്റേയും കൂട്ടുകാരിയാണ് മുബീൻ ഫാത്തിമ എന്ന ബൂലോക
    മൊഞ്ചത്തി .

    ഞങ്ങളൊക്കെ ബിലാത്തിയിൽ നിന്നും
    വല്ലതും നുള്ളിപ്പെറുക്കിയെടുത്ത് എഴുതിയിടാമെന്ന്
    കരുതിയിരിക്കുമ്പോൾ ; ദാ ... ബിലാത്തിയിലും ഈ ഗെഡിച്ചി
    പറന്നിറങ്ങി കറങ്ങി നടന്ന് പലതും കവർന്നിരിക്കുകയാണ് ...

    പെട്ടെന്ന് തന്നെ കട്ടൻ കാപ്പി കുടിപ്പിച്ച് ,
    വീട്ടിൽ കൊണ്ടു പോയി കഞ്ഞി കൊടുത്ത്
    തിരിച്ചു പറഞ്ഞയച്ചു .

    ഇനിയും തിരിച്ചുവരും എന്ന
    ഒരു ഭീക്ഷണിയുമായാണ് ഈ
    മുബി മൂപ്പത്തിയാര് പോയിരിക്കുന്നത് ...!

    ReplyDelete
    Replies
    1. മുരളിയേട്ടാ, സ്നേഹം... സ്നേഹംട്ടൊ ചേച്ചിക്കും :)

      Delete
  6. നല്ല സാഹിത്യാനുഭവം ആയിരുന്നു അല്ലേ. ആസ്വദിക്കൂ.

    ReplyDelete
    Replies
    1. അതേ ബിപിൻ. വളരെ നല്ലൊരു കൂട്ടായ്മയായിരുന്നു.

      Delete
  7. ഇത് വായിക്കുന്നതിന് മുമ്പ് അടുത്തത് വായിച്ചതുകൊണ്ട് അവിടെയിട്ട കമന്റ് ഇൻ‌വാലിഡ് ആക്കുന്നു.ബഷീറിന്റെ പ്രേമലേഖനം ഇന്നലെ വീണ്ടും വായിച്ച് ഇരിക്കുമ്പോഴാണ് ഇന്ന് ഈ കട്ടൻ കാപ്പി കണ്ടത്.കൂട്ടായ്മയും ചർച്ചയും നന്നായി.

    ReplyDelete