Monday, August 19, 2019

ഏദൻ തോട്ടത്തിലൊരു ബ്ലോഗ് മീറ്റ്!


കട്ടൻകാപ്പിയൊക്കെ ആസ്വദിച്ച് ഞങ്ങൾ കേരളാഹൗസിൽ നിന്നിറങ്ങുമ്പോഴേയ്ക്കും ബ്ലോഗുലകത്തിൻ്റെ സ്വന്തം മുരളിയേട്ടൻ കുട്ടികളെ മാജിക് കാണിച്ച് കുപ്പിയിലാക്കിയിരുന്നു. ഞങ്ങൾ സിസിലിയാന്റിയെ (Sicily George) കേൾക്കുന്നതിനിടക്കാണ് ഈ മാജിക് ഷോ പരിപാടി നടന്നത്. വായന, എഴുത്ത്‌, പെയ്ൻറിങ്ങ്, യാത്രകൾ, 60+ Sisters Club പ്രവർത്തനങ്ങൾ അങ്ങിനെ സിസിലിയാന്റിയുടെ ജീവിതചര്യകൾ കേട്ട് കണ്ണ് തള്ളി വാ പൊളിച്ച എൻ്റെ അനിയത്തി, അവളുടെ വായ അടച്ചപ്പോഴേക്കും ആന്റിയെ റോൾ മോഡലാക്കി പ്രഖ്യാപിക്കുകയും ചെയ്തു. ആന്റി എഴുതിയ കഥ വായിച്ചേ ഇനിയുറങ്ങൂന്നൊക്കെ ശപഥം ചെയ്ത് കൈയിലെടുത്ത ബിലാത്തിയിലെ മലയാള പത്രം ഒടുക്കം വായിച്ചത് ഞാനാണെന്ന് മാത്രം! 

ബിലാത്തിക്കാരെല്ലാം കൂടെ അത്താഴ പ്രശ്നം കൂട്ടിയും കിഴിച്ചും 'അങ്ങിനെയാകട്ടെ'ന്നും പറഞ്ഞ് തലകുലുക്കിയപ്പോഴേക്കും ഞാൻ ജെറ്റ് ലാഗിൻ്റെ അനന്തവിഹായസ്സിൽ പാറി നടക്കാൻ തുടങ്ങിയിരുന്നു. ഈസ്റ്റ് ഹാമിലെ Taste of India യിലക്ക് നടക്കുമ്പോഴാണ് ആ തെരുവിലെ തിരക്കറിഞ്ഞത്. Gerald Street ൻ്റെ മറ്റൊരു പതിപ്പ്. കരയിലായാലും വെള്ളത്തിലായാലും വഴികാട്ടി മുന്നിൽ നടക്കാൻ കുട്ടികൾ തന്നെ വേണം. കൗമാരക്കാരായ റെനിയും ജോയലുമാണ് എനിക്ക് ഈസ്റ്റ് ഹാമിനെ പരിചയപ്പെടുത്തുന്നത്. അവരുടെ അമ്മമാർ സാധനങ്ങൾ വാങ്ങുന്ന കട ന്യുജെൻ പിള്ളേരുടെ കണ്ണിൽ ആക്രി കടയായത് പ്രമുഖ ബ്രാൻഡുകളുടെ അഭാവമായിരിക്കാം. അവിടെയെല്ലാം കിട്ടുമെന്ന മറുവിഭാഗത്തിൻ്റെ വാദമെല്ലാം നിഷ്ക്കരുണം തള്ളി പോയി. സത്യത്തിൽ, ഞാനാ കട കണ്ടതുമില്ല.

ശരവണഭവൻ കടന്ന് ടേസ്റ്റ് ഓഫ് ഇന്ത്യയുടെ മുന്നിലെത്തിയപ്പോഴേക്കും മണങ്ങളിലേക്ക് മൂക്ക് പരിചയ ഭാവം കാണിച്ചു തുടങ്ങി. ഇരിപ്പിടമൊക്കെ ശരിയായി മെനു ബുക്ക് വായിച്ചു തുടങ്ങുമ്പോഴേക്കും മുരളിയേട്ടനും എത്തി. അങ്ങിനെ ബിലാത്തി ദോശയും കഴിച്ചിട്ടാണ് ഈസ്റ്റ് ഹാമിൽ തന്നെയുള്ള മുരളിയേട്ടൻ്റെ വള്ളിക്കുടിലിലേക്ക് പോയത്. സ്വീകരണമുറിയിലെ വർത്തമാന ചടങ്ങുകൾ പെട്ടെന്ന് തീർത്ത് ഞങ്ങൾ വീടിനു പിറകിലേക്കു നടന്നു. മുരളിയേട്ടൻ എഴുതി മാലോകരെ കൊതിപ്പിച്ച ഏദൻ തോട്ടത്തിൽ ബീൻസും, തക്കാളിയും, സ്ട്രോബെറിയും വിളഞ്ഞു നിൽക്കുന്നുണ്ട്. നാട്ടിലേക്ക് പോകാൻ ഉദ്ദേശിക്കുന്നതിനാൽ ഇത്തവണ കൃഷി കുറവാണെന്ന് ചേച്ചി പറഞ്ഞു. ആ കൃഷിയിടത്തിൽ വളരെ ശ്രദ്ധയോടെ വിവിധയിനം ചെമ്പരത്തികൾ ചേച്ചി പരിപാലിക്കുന്നുണ്ട്. മിക്കവാറും അത് ഞങ്ങൾ ബ്ലോഗർമാർക്കുള്ളതാവാനാണ് സാധ്യത. പരീക്ഷിക്കാൻ ബിലാത്തിപട്ടണം ബ്ലോഗർ കൂടെയുണ്ടല്ലോ?
ഏദൻ തോട്ടം Pic Courtesy - Muralee Mukundan FB Post 
ഏദൻ തോട്ടത്തിലെ പച്ചപ്പിന് പിന്നിലൊരു വള്ളിക്കുടിലുണ്ട്. ബിലാത്തിപട്ടണം സംപ്രേക്ഷണവും, വായനയും, കലാസംഗമങ്ങളും ഇടക്കെല്ലാം നടക്കുന്നതിവിടെയാണ്. പോകാനൊരുങ്ങി തിരികെ നടക്കുമ്പോഴാണ് നാട്ടിൽ പോലും കാണാത്ത പല സാധനങ്ങളും ആ അടുക്കളയിലിരിക്കുന്നത് കണ്ടത്. വള്ളികൊട്ടയും, മുറവും, ചിരട്ട പുട്ടിൻ്റെ കുറ്റിയും അങ്ങിനെ പലതും ഒറ്റനോട്ടത്തിൽ കണ്ടു. കുട്ടികൾക്ക് മ്യൂസിയത്തിൽ ചെന്നുപ്പെട്ട പ്രതീതിയായിരുന്നു. പിറ്റേന്ന് എനിക്കും കുട്ടികൾക്കും ഒഴികെയെല്ലാവർക്കും ഡ്യൂട്ടിക്ക് പോകേണ്ടതിനാൽ പടംഗ്രാഫർ എത്തിയാൽ വരാമെന്ന ഉറപ്പിൻമേൽ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. അന്നുറങ്ങുന്നതുവരെ ആ പച്ച തുരുത്തിൻ്റെ തണുപ്പായിരുന്നു എല്ലാവരുടെ മനസ്സിലും.

Pic Courtesy - Sabeel Afsal

അടുത്ത രണ്ടുദിവസം ഞാനും കുട്ടികളുമാണ് ബിലാത്തി പട്ടണം കാണാനിറങ്ങുന്നത്. പ്രധാന സ്ഥലങ്ങൾ നോക്കിവെച്ചിട്ടുണ്ടെങ്കിലും പുറത്തിറങ്ങിയാൽ പിന്നെയെല്ലാം കാഴ്ചകളാണ്. ബിലാത്തിയുടെ ഭൂഗർഭ ഞരമ്പുകളിലൂടെയാണ് ഞങ്ങളുടെ യാത്രയും. ബിബിസിയും ലണ്ടൻ ട്രാൻസ്പോർട്ട് സൈറ്റുകളും തന്ന വിവരങ്ങൾ വായിച്ച് കാനഡയിൽ നിന്ന് ബിലാത്തിക്ക് കയറി പോന്നതാണ് പാത്തൂ. ഉറങ്ങിയും, അവിടെയുമിവിടെയുമിറങ്ങി ആകെ മൂന്നേ മൂന്ന് ലൈനുകളുള്ള കനേഡിയൻ സബ് വേ യാത്രാപരിചയമാണ് 270 സ്റ്റേഷനുകളും 11 ലൈനുകളുമുള്ള ബിലാത്തിയുടെ പ്രശസ്തമായ യാത്രാ ഞെരമ്പുകളിലേക്കിറങ്ങാനുള്ള കൈമുതൽ.


Escalator to an Underground Tube Station - Mobile Pic by Hussain Chirathodi
ഒരുരാത്രി പുലർന്നപ്പോൾ രൂപപ്പെട്ടതല്ല ഇന്നു കാണുന്ന ചുകപ്പും നീലയും കെണ്ടടയാളപ്പെടുത്തിയ ഭൂഗർഭ വഴികൾ. കാർഗോ സാധനങ്ങൾ അയക്കാൻ മാത്രമായി ഭൂമി തുരന്നതാണ് Sir Marc Brunel എന്ന എഞ്ചിനിയറും മകനും. അതാണ് ലോകത്തെ ആദ്യത്തെ ടണൽ - The Thames Tunnel. ഭൂമി തുരന്ന് പാപ്പരായ അപ്പനും മകനും ഈ ടണൽ പൊതുജനങ്ങൾക്ക് കാണാനായി തുറന്നു കൊടുത്തു. ആദ്യ ദിവസംതന്നെ 50,000 ആളുകൾ അതിലൂടെ കടന്നുപോയത്രേ. എന്നാ പിന്നെ ഇതങ്ങോട്ട് സ്ഥിരാക്കിയാലോന്ന് അധികാരികൾക്കും തോന്നിയിരിക്കും. ഇത് 175 വർഷങ്ങൾക്ക് മുന്നത്തേ കഥ. ഇന്ന് ഒറ്റദിവസം അഞ്ചു മില്യൺ ആളുകൾ ഭൂഗർഭയാത്രാ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. Twopenny Tube എന്ന പേരിലറിയപ്പെട്ടിരുന്ന ട്യൂബിൻ്റെ ചരിത്രം കുറേയധികമുണ്ട് പറയാൻ. 1908 ലാണ് ഇന്നും ഉപയോഗത്തിലുള്ള 'Underground' ലോഗോ പ്രചാരത്തിലായതും, ഇലക്ട്രിക് ടിക്കറ്റ് മെഷീൻ ഉപയോഗിക്കാൻ തുടങ്ങിയതും. ട്യൂബ് മാപ്പിൻ്റെ വെറും 500 കോപ്പികൾ മാത്രമാണ് 1933ൽ ആദ്യമായി അച്ചടിച്ച് കുറച്ച് സ്റ്റേഷനുകളിൽ ലഭ്യമാക്കിയത്. ഇന്ന് കൈവിരൽ തുമ്പിലാണ് എല്ലാം. ലോകമഹായുദ്ധകാലത്ത് ജനങ്ങളെയും, ബ്രിട്ടിഷ് മ്യൂസയത്തിലെ വസ്തുവകകളെയും സംരക്ഷിച്ചത് ഈ ഭൂഗർഭ ഞെരമ്പുകളാണത്രേ. മെട്രൊപൊളിറ്റൻ ലൈനിലുള്ള Aldgate സ്റ്റേഷൻ പണി തിരിക്കുന്നത് പ്ലേഗ് പിറ്റിനു മുകളിലാണ്. പ്ലേഗ് ബാധിതരായി മരണമടഞ്ഞ ആയിരത്തോളം മനുഷ്യർ വളമായ ഭൂഗർഭ പാത!

Tube Map - Mobile Pic by Hussain Chirathodi


12 comments:

  1. Mubitha. Assalayittund Sebeede aa vayathurakkalin oru kuravum vannittilla. Alle

    ReplyDelete
    Replies
    1. സന്തോഷായിട്ടോ വായിച്ചതിൽ... :) പേര്?

      Delete
  2. വീണ്ടും ബിലാത്തി വിശേഷങ്ങളുമായി
    കാനഡയിൽ നിന്നും വിരുന്നു വന്ന ഒരു കൂട്ടുകാരി ...

    പിന്നെ
    ഇത്തിരിപ്പോന്ന ആധുനിക ഏദൻ തോട്ടത്തിലെ ഹവ്വയേയും
    ആദത്തിനെയും കൂടെ കൂട്ടിയതിൽ ഒത്തിരിയൊത്തിരി സന്തോഷമുണ്ട്
    കേട്ടോ മുബീ ...

    ReplyDelete
    Replies
    1. ഇമ്മിണി ബല്യ തോട്ടത്തിലെ ചെമ്പരത്തി പൂവിലാണ് എൻ്റെ കണ്ണ് മുരളിയേട്ടാ...

      Delete
    2. അതിലെ പൂക്കൾ എനിക്ക് തന്നെ തികയില്ല ...!

      Delete
    3. എന്നാ പിന്നെ മ്മക്ക് അത് മാത്രാക്കിയാലോ കൃഷി... :)

      Delete
  3. ബിലാത്തിയിലെ മറ്റു ബ്ലോഗർമാരെയും കൂട്ടി വല്യ മീറ്റാക്കാമായിരുന്നില്ലേ? സ്റ്റ്രോബറി ഇങ്ങനെ മുകളിലേക്ക് പടർത്തുകയാണോ വേണ്ടത് ?

    ReplyDelete
    Replies
    1. സ്ട്രോബറിയുണ്ടാകുന്നത് വള്ളി ചെടികളിലാണ് ഭായ്

      Delete
    2. അപ്പോൾ ഇതിന് മുട്ടിന് മുട്ടിന് വേര് പിടിക്കുന്നത് എന്ത് ചെയ്യും? ഇങ്ങനെ മുകളിലേക്ക് പടർത്തുകയാണോ വേണ്ടത് ?

      Delete
    3. മാഷേ, ഈ ചെങ്ങായി പറയുന്നത് ഒന്ന് കേട്ടു നോക്കൂ, ചിലപ്പോ ബിരിയാണി കിട്ടിയാലോ? https://www.youtube.com/watch?v=LVMpe7UrHso

      Delete
  4. ആഹാ.. ബ്ലോഗ് മീറ്റും തരമാക്കി അല്ലേ

    ReplyDelete
  5. ബിലാത്തിയിലെ ആശാനെ കാണാതെ പോരുന്നതെങ്ങിനെ :) :) 

    ReplyDelete