Saturday, February 6, 2021

ചരിത്രം പറയുന്നവർ!

ഉറൂബിൻ്റെ 'ഉമ്മാച്ചു' എന്ന നോവലിൽ നാടുകളുടെയും വീടുകളുടെയും കഥകളറിയുന്ന ചരിത്രകാരനായ കിഴവൻ അഹമ്മദുണ്ണിയെന്നൊരു കഥാപാത്രമുണ്ട്. ഇയാളിൽ നിന്നാണ് ദേശക്കാർ കുടുംബങ്ങളുടെ ചരിത്രപശ്ചാത്തലം അറിയുന്നത്. ചരിത്രസത്യങ്ങൾ വെളിപ്പെടുത്തി അയാൾ ബന്ധങ്ങൾ ഇണക്കുകയും പിണക്കുകയും ചെയ്തിട്ടുണ്ട്. നോവലിൽ വളരെ പ്രാധാന്യമുണ്ട് കിഴവൻ അഹമ്മദുണ്ണിയുടെ ചരിത്രകഥകൾക്ക്. ഇതുപോലെ ദേശങ്ങളിലും നമ്മുടെ വീടുകളിലും ചരിത്രം പറയുന്നവർ ധാരാളമുണ്ടായിരുന്നു. ചെറുകരയിൽ എത്തിയതിനുശേഷം "ഈ കുടുംബം എപ്പോഴുണ്ടായി" എന്ന അങ്കലാപ്പുമായി നിൽക്കുന്ന എനിക്ക് കുടുംബങ്ങളുടെ ഉൽപവും മറ്റു ബന്ധങ്ങളും പറഞ്ഞു തന്നിരുന്നത് ഉമ്മയാണ്. അതിരാവിലെ ഉറക്കമുണരുന്ന ഞങ്ങൾ വീടുണരുന്നതുവരെ കഥകളുടെ ലോകത്തായിരിക്കും. ഇതെല്ലാം കേട്ട് വളർന്ന നമുക്ക് അപരിചിതമായ ലോകമാണ് ജർമനിക്കാരിയായ ജെന്നിഫർ ടീക "My Grandfather Would Have Shot Me" എന്ന അവരുടെ പുസ്തകത്തിലൂടെ കാണിച്ചു തരുന്നത്. 

വായനശാലയിൽ നിന്ന് കിട്ടിയ പുസ്തകം അശനിപാതം കണക്കെ തൻ്റെ ജീവിതത്തിൽ പതിക്കുമെന്ന് ജെന്നിഫർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ഒരുദിവസം പതിവുപോലെ കുട്ടികളെ സ്കൂളിലാക്കി ജെന്നിഫർ ലൈബ്രറിയിലേക്ക് പോയി. ലൈബ്രറിയിലെ സൈക്കോളജി സെഷനിൽ നിന്ന് ചുവന്ന പുറംചട്ടയുള്ള Matthias Kessler ൻ്റെ 'I have to Love My Father, Don't I?'  എന്ന പുസ്തകം അവർക്കു കിട്ടുന്നു. ഒരു നിയോഗം പോലെയാണ് ഷെൽഫിൽ നിന്ന് തെറിച്ചു നിൽക്കുന്ന ആ പുസ്തകത്തിലേക്ക് അവരുടെ കൈകൾ നീണ്ടത്. പേരിൻ്റെ പ്രത്യേകത കൊണ്ട് ജെന്നിഫർ പുസ്തകം മറിച്ചു നോക്കുകയും അതിലെ ഒരു ചിത്രവും പേരും വളരെ പരിചിതമായി ജെന്നിഫറിന് അനുഭവപ്പെടുകയുമുണ്ടായി. ലൈബ്രറിയിൽ നിന്നു തന്നെ ആ പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് കൊടുത്ത കുറിപ്പുകളിലൂടെ കണ്ണോടിച്ചപ്പോൾ അതിലെ വാചകങ്ങൾക്ക് അവരുടെ ദത്തെടുക്കൽ രേഖകളുമായി സാമ്യം തോന്നിയതിനാൽ ആ പുസ്തകവുമായി അവർ വീട്ടിലേക്ക് പോവുകയായിരുന്നു. തൻ്റെ കുടുംബചരിത്രമാണ് ആ പുസ്തകത്തിൽ ഉള്ളതെന്ന് മനസ്സിലാക്കിയ ജെന്നിഫർ തകർന്നത്, കുപ്രസിദ്ധനായ നാസി കമാൻഡറായിരുന്ന അമോൺ ഗോത് തൻ്റെ മുത്തച്ഛനാണെന്ന അറിവിലായിരുന്നു. ഞെട്ടിപ്പിക്കുന്ന ആ സത്യം ഉൾക്കൊള്ളുവാനും താൻ ആരാണെന്നറിയുവാനും അവർ നടത്തിയ നീണ്ട പരിശ്രമങ്ങളുമാണ്  "My Grandfather Would Have Shot Me" എന്ന പുസ്തകത്തിലുള്ളത്. 


Screenshot from Jennifer-Teege.com


സ്റ്റീവൻ സ്‌പിൽബെർഗ് 1993ൽ സംവിധാനം ചെയ്ത 'Schindler's List' എന്ന പ്രശസ്ത ചലച്ചിത്രം കണ്ടവർക്ക് Ralph Fiennes അഭിനയിച്ചു പ്രതിഫലിപ്പിച്ച Amon Göth നെ മറക്കാനാവില്ല. രണ്ടാംലോകമഹായുദ്ധ കാലത്ത് ജർമൻ അധീന പോളണ്ടിലെ രണ്ട് നാസി കോൺസെൻട്രേഷൻ ക്യാമ്പുകളുടെ കമാൻഡറുടെ ക്രൂരതകൾ  വായിച്ചു മാത്രം പരിചയമുള്ള ജെന്നിഫർ മുപ്പത്തിയെട്ടാം വയസ്സിൽ ഒരു പുസ്തകത്തിലൂടെ തിരിച്ചറിയുന്ന സത്യം അവരെ തീവ്രവിഷാദരോഗത്തിനടിമയാക്കുന്നു. ഇടയ്ക്കിടയ്ക്ക് കണ്ണാടിയിൽ നോക്കി  അമോണിൻ്റെ ഛായ തനിക്കുണ്ടോയെന്ന് നോക്കിയിരുന്നതായി ജെന്നിഫർ എഴുതിയിട്ടുണ്ട്. പുറമേക്ക് സുരക്ഷിതമെന്ന് തോന്നുമെങ്കിലും ശിഥിലമായ ഒരു ബാല്യമായിരുന്നു തനിക്കെന്ന് ജെന്നിഫർ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

കൈക്കുഞ്ഞായിരിക്കുമ്പോൾ സ്വന്തം അമ്മയാണ് ജെന്നിഫറിനെ അനാഥാലയത്തിൽ ഏല്പിക്കുന്നത്. നാലാം വയസ്സിൽ ജെന്നിഫറിനെ  ഒരു ഫോസ്റ്റർ കുടുംബത്തിലേക്ക് മാറ്റുന്നു. പിന്നീട് ഏഴ് വയസ്സായപ്പോൾ ആ കുടുംബം തന്നെ ഈ കുട്ടിയെ ദത്തെടുക്കുകയും ചെയ്തു. അതോടെ പെറ്റമ്മയുമായുള്ള എല്ലാ ബന്ധങ്ങളും മുറിച്ചു മാറ്റപ്പെടുകയായിരുന്നു. ദത്തെടുക്കലിന് ശേഷം അവർ അവരുടെ അമ്മയെയോ അമ്മൂമ്മയേയോ കണ്ടിട്ടില്ല. ദത്തെടുക്കപ്പെടുന്നതുവരെ വളരെ ചുരുക്കം ദിവസങ്ങളെ അമ്മയോടൊപ്പം കുഞ്ഞു ജെന്നിഫർ കഴിഞ്ഞിട്ടുള്ളൂ. അപ്പോഴൊക്കെയും അമ്മയേക്കാൾ അവളോട് വാത്സല്യം കാണിച്ചിരുന്നത് അമ്മമ്മയായ റൂത്തായിരുന്നു. നൈജീരിയക്കാരനായ ഭർത്താവുമായുള്ള ബന്ധം ജെന്നിഫറിൻ്റെ ജനനത്തിന് മുമ്പ് തന്നെ അമ്മയായ മോണിക്ക അവസാനിപ്പിച്ചിരുന്നു. ചുരുക്കത്തിൽ കുടുംബമുണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥയായിരുന്നു ജെന്നിഫറിന്. 

ജെന്നിഫറിൻ്റെ മുത്തശ്ശിയായ റൂത്ത് ഐറിനാണ് അമോൺ ഗോതിനൊപ്പം പോളണ്ടിലെ ക്യാമ്പിനരികിലുള്ള വില്ലയിൽ താമസിച്ചിരുന്നത്. അയാളുടെ ക്രൂരതകൾക്ക് ഇവർ സാക്ഷിയായിരുന്നെങ്കിലും ഒരിക്കൽ പോലും അതിനെതിരെ ശബ്ദിച്ചില്ല. അയാളോടുള്ള അന്ധമായ പ്രണയത്തിൽ ജീവിച്ച റൂത്ത് 1983ൽ അവരുടെ അറുപത്തിയഞ്ചാം വയസ്സിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. റൂത്തിൻ്റെയും അമോണിൻ്റെയും മകളാണ് ജെന്നിഫറിൻ്റെ അമ്മയായ മോണിക്ക. റൂത്ത് ഗർഭിണിയായിരിക്കെയാണ് അമോൺ അമേരിക്കൻ പട്ടാളത്തിൻ്റെ പിടിയിലാവുന്നത്. കഴുത്തിൽ കുരുക്ക് മുറുകിയിട്ടും തെറ്റുകൾ സമ്മതിക്കാതെ ഹിറ്റ്ലർക്ക് ജയ് വിളിക്കുന്ന അമോണിനെ മോണിക്ക കണ്ടിട്ടില്ല. യുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാരനാണ് അവളുടെ അച്ഛനെന്നായിരുന്നു റൂത്ത് മകളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

അച്ഛനാരെന്ന സത്യമറിയാൻ മോണിക്കയും വളരെ വൈകിയിരുന്നു. അറിഞ്ഞപ്പോഴാകട്ടെ അതവർക്ക് ഉൾക്കൊള്ളാൻ പ്രയാസമുണ്ടായിട്ടുണ്ടാവാം. അതുകൊണ്ട് തന്നെ മകളായ ജെന്നിഫറിൽ നിന്ന് അവരത് മറച്ചുവെച്ചു.  മരിച്ചവരുടെ കൂടെയാണ് താൻ ജീവിക്കുന്നതെന്ന് മകളോട് പരിതപിക്കുന്നുണ്ട് മോണിക്ക. ജെന്നിഫർ മുതിർന്നപ്പോഴെങ്കിലും പരസ്പരം തുറന്ന് സംസാരിച്ചിരുന്നെങ്കിൽ രണ്ടുപേരും അനുഭവിച്ച മാനസീക സംഘർഷങ്ങൾക്ക് അയവുണ്ടായേനെ... ഇക്കാലമത്രയും താനാരാണെന്ന് പോലുമറിയാതെ മറ്റൊരു കുടുംബത്തിൻ്റെ കാരുണ്യത്തിൽ ജീവിക്കുകയായിരുന്നു ജെന്നിഫർ. നാല് വർഷം ബിരുദ പഠനത്തിനായി ഇസ്രായേലിൽ കഴിഞ്ഞിട്ടുള്ള ജെന്നിഫർ ജർമൻ പോലെ ഹീബ്രു ഭാഷയും  നന്നായി കൈകാര്യം ചെയ്യും. ഭാവിയിൽ വരാനിരിക്കുന്നതിനെ നേരിടാൻ  സ്വയമറിയാതെ പ്രാപ്തയാകുന്ന തരത്തിലായിരുന്നു ജെന്നിഫറിൻ്റെ ഇസ്രായിലിലെ ജീവിതം. 

മറ്റൊരു ചിത്രമായ Inheritanceൽ അമോൺ ഗോതിനെ തൂക്കിലേറ്റി അറുപത് വർഷങ്ങൾക്കുശേഷം അയാളുടെ വീട്ടിലെ സഹായിയായിരുന്ന ഹെലനും മോണിക്കയും തമ്മിൽ കാണുന്ന രംഗമുണ്ട്. ജൂതന്മാർ വൃത്തിയില്ലാത്തവരായിരുന്നത് കൊണ്ടാണ് അമോൺ അവരെ ഉപദ്രവിച്ചതെന്ന അമ്മയുടെ വാക്കുകൾ മോണിക്ക ആവർത്തിക്കുമ്പോൾ "Monika, you have to stop this nonsense, he was a monster!" എന്നു പറഞ്ഞാണ് ഹെലൻ പൊട്ടിത്തെറിക്കുന്നത്. ജീവിതം തലകീഴായി മറിച്ചിട്ട ആ ചുവന്ന പുറം ചട്ടയുള്ള പുസ്തകത്തിലൂടെ കുടുംബചരിത്രം അന്വേഷിച്ചു കണ്ടെത്തിയ ജെന്നിഫർ ഞെട്ടലോടെ മനസ്സിലാക്കുന്ന കാര്യമുണ്ട്, കറുത്ത നിറമുള്ള അവരെ ജീവിച്ചിരുന്നെങ്കിൽ മുത്തച്ഛൻ കൊന്നിരിക്കുമെന്ന വസ്തുത. സത്യമാണത് അത്രയധികം വർഗ്ഗീയ വിഷം അയാളിലുണ്ടായിരുന്നു.

"My Grandfather Would Have Shot Me" എന്ന പുസ്തകവും 'Schindler's List' എന്ന സിനിമയും വ്യക്തിപരമായി പ്രാധാന്യമുണ്ട്. അമോണിൻ്റെയും റൂത്തിൻ്റെയും വീട്ടിലെ സഹായിയായ ഹെലനെ പോലെ കൊടും പീഡനങ്ങൾ അനുഭവിച്ച ഒരാളുണ്ട്. എൻ്റെ സുഹൃത്തിൻ്റെ അമ്മ. അനുഭവിച്ച ക്രൂരതകൾ എങ്ങും തൊടാതെയാണ് അവർ മക്കളോട് പറഞ്ഞിട്ടുള്ളത്. പോളണ്ടിലെ ഏതോ നാസി പട്ടാള ഉദ്യോഗസ്ഥൻ്റെ വീട്ടിലെ തടവുകാരിയായിരുന്നു. മരണത്തിൻ്റെ നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച ആ നാളുകൾക്ക് ശേഷം യു.എൻ അഭയാർത്ഥിയായി അവർ കാനഡയിലെത്തിയതാണ്. ഇന്ന്, ഓർമ്മകൾ താളംതെറ്റിയ  ദിവസങ്ങളുമായി മല്ലിടുകയാണ് അമ്മയും മകനും. കറുത്ത ദിനങ്ങളുടെ ഓർമ്മയിലാണ് അമ്മയുടെ ഉണർച്ചയെങ്കിൽ ആ ദിവസം വേദനാജനകമാണ്. "ഇന്നൊരു നല്ല ദിവസമായിരുന്നു. ജാക്കെറ്റെടുക്കാൻ മറക്കരുതെന്ന് നിന്നോട് പറയാൻ മമ്മി ഏൽപ്പിച്ചിട്ടുണ്ട്." എന്ന സന്ദേശങ്ങൾ കുറഞ്ഞു തുടങ്ങിയിരിക്കുന്നു... ജീവിതനഷ്ടങ്ങളുടെ തീരാവേദനയിൽ ദിനരാത്രങ്ങൾ തള്ളിനീക്കുകയാണ് ജീവിച്ചിരിക്കുന്നവർ. ഹോളോകാസ്റ്റ് ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് നമ്മളോരോരുത്തരും മൂഢമായി വിശ്വസിച്ചു. ശേഷം പകയുടെയും, വെറുപ്പിൻ്റെയും, വിദ്വേഷത്തിൻ്റെയും എത്രയെത്ര കൂട്ടക്കുരുതികൾ... ഇപ്പോഴും തുടരുകയാണ് ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത്! ഭൂതകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുകളുമായി ജെന്നിഫറിനെ പോലെയുള്ളവർ മുന്നിൽ വരുമ്പോഴും നമ്മൾ ഒന്നും അവസാനിപ്പിച്ചിട്ടില്ല... ഒന്നും! 

Viewer Discretion Advised for the following blog post mentions.

1. Jennifer Teege, granddaughter of a Nazi war Criminal/ DW English

2. Schindler's List 25th Anniversary Official Trailer

3. Inheritance- Commander of Camp Plazlow (1/2)- POV

4. Inheritance - Returning to Villa (2/3) -POV 

5. Inheritance - Death of Ruth (3/3)-POV

14 comments:

  1. ഉറൂബിന്റെ ( പി സി കുട്ടികൃഷ്ണൻ) ഉമ്മാച്ചു  മലയാളത്തിലെ മൂല്യമുള്ള വളരെ മൂല്യമുള്ള നോവലുകളിൽ ഒന്നാണ്. അതിൽ നിന്ന് തുടങ്ങിയത് നന്നായി. വളരെ കൗതുകത്തോടും ജിത്ന്യാസയോടും കൂടിയാണ് ജെനിഫറിന്റെ ജീവിതത്തെ വായിച്ചറിഞ്ഞത്. വളരെ താൽപ്പര്യം ജനിപ്പിക്കുന്ന രീതിയിൽ ആയിരുന്നു എഴുത്തിന്റെ രീതി. അത് മനോഹരമായി. അഭിനന്ദനങ്ങൾ..ഒപ്പം ആശംസകൾ. 

    ReplyDelete
    Replies
    1. നന്ദി ഷൈജു... സൗകര്യപ്പെടുകയാണെങ്കിൽ പുസ്തകം ഒന്ന് വായിക്കൂ. 

      Delete
  2. മരിക്കുന്നില്ല വായനയും പുസ്തകങ്ങളുമെന്നു ഇവിടെ വരുമ്പോഴാണ് കൂടുതല്‍ ഓര്‍മ്മിക്കുക...അഭിനന്ദനങ്ങള്‍ മുബീ !
    ഉറൂബും.ബഷീറും,എം.മുകുന്ദനും,തകഴിയും,എം.ടി........തുടങ്ങിയവരുടെ വിശാലമായ പുസ്തക പ്രപഞ്ചത്തിലാണ് ഞാനൊക്കെ വളര്‍ന്നത്‌.
    "ഹോളോകാസ്റ്റ് ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് നമ്മളോരോരുത്തരും മൂഢമായി വിശ്വസിച്ചു. ശേഷം പകയുടെയും, വെറുപ്പിൻ്റെയും, വിദ്വേഷത്തിൻ്റെയും എത്രയെത്ര കൂട്ടക്കുരുതികൾ...'
    അധികാരം ദുഷിച്ചു നാറുന്ന ധിക്കാരികളെ പിഴുതെറിയാന്‍ ദൈവത്തിന്റെ ഇടപെടലുകള്‍ അനിവാര്യമാക്കുന്നു...ധര്‍മം വിജയിക്കുമ്പോള്‍ അധര്‍മം തകരുക തന്നെ ചെയ്യും ! നമുക്കു പ്രത്യാശിക്കാം,പ്രാര്‍ഥിക്കാം !!

    ReplyDelete
    Replies
    1. സ്നേഹം മാഷേ... പ്രത്യാശയോടെ, കരുതലോടെ നമുക്ക് പ്രവർത്തിക്കാം :)

      Delete
  3. ഔഷ്വിറ്റ്സ് ബിർക്നൗ ഒക്കെ കണ്ട് മടങ്ങുമ്പോൾ ഉണ്ടായ ഒരു depressing feel െറുമൊരു കാഴ്ചക്കാരി ആയിരുന്നിട്ടു പോലും എന്നെ ഇപ്പോഴും വിട്ടു മാറുന്നില്ല. അപ്പോൾ ജെനിഫറുടെ അവസ്ഥ എന്താവും എന്ന് കുറച്ചൊക്കെ ഊഹിക്കാം. സുഹൃത്തിന്റെ അമ്മയ്ക്ക് ഒരു പാട് സ്നേഹം. അവരൊക്കെ ആ നരകജീവിതം എങ്ങനെ അതിജീവിച്ചുവെന്നത് ആലോചിക്കാനേ വയ്യ! കാലമെത്ര കഴിഞ്ഞാലും മായാത്ത മുറിപ്പാടുകളുമായാവും അവർ ജീവിക്കുന്നത് 🙏

    ReplyDelete
    Replies
    1. അതെ നിഷ, തരപ്പെട്ടാൽ പുസ്തകമൊന്ന് വായിക്കൂ. ഞാൻ ലൈബ്രറിയിൽ നിന്നെടുത്തതാണ്. നിഷയുടെ Auschwitz vlog link:https://www.youtube.com/watch?v=imYzCPAja-0

      Delete
  4. ഏറ്റവും വേദനാജനകം .... നന്നായി പറഞ്ഞിരിക്കുന്നു പുസ്തകത്തെപ്പറ്റി ... ആശംസകൾ മുബി ...

    ReplyDelete
  5. ജെന്നിഫറിന്റെ കഥ ഈ പരിചയപ്പെടുത്തലിൽ തന്നെ മനസ്സിൽ നോവ് പടർത്തുന്നു... അപ്പോൾ ആ പുസ്തകം മുഴുവൻ വായിക്കുമ്പോഴുള്ള അവസ്ഥ. നല്ല പരിചയപ്പെടുത്തൽ.

    ReplyDelete
  6. മാനവ കൂട്ടകുരുതികളിൽ പങ്കാളികളായിരുന്നവരുടെ പാപം പേറികൊണ്ട് പിന്നീട് ജീവിക്കേണ്ടി വന്നവരുടെ മാനസിക സംഘർഷങ്ങൾ വ്യക്തമാക്കിത്തരുന്ന നൊമ്പരമുണർത്തുന്ന വരികളാൽ ജെനിഫർ ആഗോള വായനക്കാരുടെ ഇഷ്ട്ട എഴുത്തുകാരിയയായി മാറിയ പുസ്തകത്തെ അസ്സലായി പരിചയപ്പെടുത്തിയിരിക്കുന്നു ...

    ReplyDelete
    Replies
    1. മുരളിയേട്ടാ... സ്നേഹം :)

      Delete
  7. Replies
    1. നന്ദി... സന്തോഷം :)

      Delete