Tuesday, February 2, 2021

പേപ്പർ യോഗ്യതകൾ

പുതിയൊരു ജോലിക്കുവേണ്ടി ശ്രമിക്കുന്ന സമയം. ഒരിടത്ത് രണ്ടഭിമുഖങ്ങൾക്ക് ശേഷം എനിക്കൊരു ടെസ്റ്റ് കൂടി പാസ്സാവേണ്ടതുണ്ടായിരുന്നു. പണ്ട്, ഒരു പരീക്ഷാനടത്തിപ്പിൻ്റെ ചുമതലയേൽക്കാൻ ഞാൻ പ്രാപ്തയാണോ എന്ന് തീരുമാനമായത് രണ്ടു വർഷത്തെ അന്വേഷണത്തിന് ശേഷമാണ്! അതൊക്കെ ചാടി കടന്ന എനിക്കാണ് വെറുതെ സമയം കളയാനായിട്ടൊരു ടെസ്റ്റെന്നൊരു ചെറിയ അഹങ്കാരം സത്യത്തിൽ ഉള്ളിലുണ്ടായി. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒന്നൊന്നര പരീക്ഷ. സംഭവം എന്നെ നന്നായൊന്ന് വെള്ളം കുടിപ്പിച്ചു. ആദ്യത്തെ ഒരുമണിക്കൂർ ആവേശത്തിൽ ചെയ്‌തെങ്കിലും പിന്നീട് കിട്ടിയ ചോദ്യങ്ങളാണ് സത്യത്തിൽ എൻ്റെ തലയിൽ വെളിച്ചം വീശിയത്. ചോദ്യങ്ങൾ നിസ്സാരമെങ്കിലും ഉത്തരങ്ങൾ ഗുരുതരമാണെന്ന് രണ്ടാമത്തെ സെഷനിൽ ബോധ്യപ്പെട്ടു. ആദ്യ ഭാഗത്തിൽ ഞാൻ കൊടുത്ത ഉത്തരങ്ങൾ അടിസ്ഥാനമാക്കിയാണ് പിന്നീട് ചോദ്യങ്ങളായി തിരിച്ചും മറിച്ചും കിട്ടിയത്. Physical & Social Activities, Sense of humour, Mood fluctuations, Sleep Pattern, Energy Level, Calmness, Inclusiveness, Workplace and Family Relationships, Conflict Management, Social Media Usage, Time Management  ഇതിലൂന്നിയായിരുന്നു മിക്ക ചോദ്യങ്ങളും എന്നോർക്കുന്നു. പരീക്ഷ കഴിഞ്ഞൊരാഴ്ചക്ക് ശേഷം എനിക്ക് ജോലിക്കുള്ള ഓഫർ ലെറ്റർ കിട്ടി.  ജോലിയും കൂലിയും കിട്ടിയപ്പോൾ ഞാൻ പരീക്ഷയുടെ കാര്യം മറന്നു.  

PC: Screenshot Google Images


ഓഫീസിൽ ആരും അവസാന കടമ്പയായ പരീക്ഷയെ കുറിച്ച് സംസാരിക്കാതിരുന്നതിനാൽ അതിനത്ര പ്രാധാന്യമേ ഉണ്ടാവൂ എന്ന് ഞാനും കരുതി. കാലമങ്ങനെ കടന്നു പോയി. ഒരിക്കൽ ഞങ്ങളുടെ ടീമിലെ ഒരംഗത്തെ പറ്റി ചില സന്ദേഹങ്ങൾ വട്ടമിട്ട് പറക്കാൻ തുടങ്ങി. ഞങ്ങളിൽ ചിലർക്ക് മറ്റേയാളുടെ ജോലികൾ വീതിച്ചു കിട്ടിയപ്പോഴും സംഗതിയെന്തെന്ന് ഒരു പിടുത്തവുമില്ലായിരുന്നു. ജോലി ഭാരത്തിൻ്റെ കെട്ടുകൾ വീട്ടിൽ അഴിച്ചിട്ട് ആശ്വസിച്ചു. ഒരുനാൾ, അടച്ചിട്ട വാതിലുകൾക്കപ്പുറം മാനേജർമാരുടെ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ എന്തോ ആവശ്യത്തിനായി എനിക്കതിനകത്തേക്ക് കടക്കേണ്ടി വന്നു. അബദ്ധവശാൽ  എൻ്റെ നോട്ടം പതിഞ്ഞത് താഴെ വീണ ഒരു പേപ്പറിലാണ്. അതിലെ ചോദ്യങ്ങൾക്ക് നല്ല പരിചയം. സീറ്റിൽ വന്നിരുന്ന് സ്വസ്ഥമായി ആലോചിച്ചപ്പോഴാണ് 'അതല്ലേ ഇത്' എന്നോർമ്മ വന്നത്. പരീക്ഷയിൽ  എഴുതിയ  ഉത്തരങ്ങളും, വ്യക്തിയുടെ പെരുമാറ്റവും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടോയെന്ന് നോക്കാനായിരിക്കും അവർ അന്ന് കൂടിയിട്ടുണ്ടാവുക. എന്തായാലും രണ്ടു ദിവസത്തിനകം മുന്നിലുള്ള ക്യാബിൻ ഒഴിഞ്ഞപ്പോഴാണ് ജോലി കിട്ടിയാൽ തീരുന്ന പരീക്ഷയല്ല  Work Personality Assessment എന്ന് എനിക്കും ബോധ്യമായത്. 

ഇപ്പോൾ ഇതൊക്കെ പറയാനൊരു കാരണമുണ്ട്. കുറച്ചു ദിവസങ്ങളായി കോവിഡ് കഴിഞ്ഞാൽ  കാനഡയിലെ ചൂടുള്ള വാർത്ത ഒരു രാജിക്കത്താണ്. ഗവർണ്ണർ ജനറൽ പദവിയിൽ നിന്ന് ജൂലി പായേറ്റ് (Julie Payette) രാജിവെച്ചതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഇംഗ്ലണ്ടിലെ രാഞ്ജിയുടെ പ്രതിനിധിയാണ്  കാനഡയിലെ ഗവർണ്ണർ ജനറൽ. അവർ തന്നെയാണ് മിലിട്ടറിയുടെ കമാൻഡർ-ഇൻ-ചീഫും. പാർലിമെന്റിൽ പാസ്സാക്കുന്ന ബില്ലുകൾ പ്രാബല്യത്തിൽ വരാൻ ഗവർണ്ണർ ജനറലിൻ്റെ ഒപ്പുവേണം. ഏറെക്കുറെ നമ്മുടെ നാട്ടിലെ പ്രസിഡന്റിനെ പോലെ തന്നെ. ആ പദവിയിലേക്ക് കനേഡിയൻ സർക്കാർ തന്നെയാണ് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തി നിയമിക്കുന്നത്.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിൽ ഗവർണ്ണർ ജനറലിൻ്റെ ഓഫീസായ Rideu Hall ലേക്ക് 2017ൽ  തിരഞ്ഞെടുത്ത Julie Payette രാജ്യത്തിൻ്റെ അഭിമാനഭാജനമായിരുന്നു. (താൽപ്പര്യമുള്ളവർക്ക് പേരിൽ ക്ലിക്ക് ചെയ്‌താൽ അവരുടെ പ്രൊഫൈൽ വായിക്കാം.) ജനങ്ങളും, ഭരണപക്ഷവും, പ്രതിപക്ഷവും ഒരുപോലെ അംഗീകരിച്ച വ്യക്തി. അവരുടെ നേട്ടങ്ങൾ ഒരു പോസ്റ്റിലൊന്നും ഒതുങ്ങാത്തത് കൊണ്ട് ഞാൻ അതിന് മുതിരുന്നില്ല. ഇലക്ട്രിക്ക് എഞ്ചിനീയറിംഗിൽ ബിരുദവും, കമ്പ്യൂട്ടർ എഞ്ചിനീറിംഗിൽ ബിരുദാന്തര ബിരുദവും,  ബഹിരാകാശ സഞ്ചാരിയും, രാജ്യം  "The Order of Canada (2010)"  എന്ന ബഹുമതിയും കൊടുത്തു ആദരിച്ച വ്യക്തിയാണ് ജൂലി പായേറ്റ്. Rideu Hall ലേക്ക് എന്തുകൊണ്ടും അനുയോജ്യയായിരുന്നു അവർ... 

Screenshot: Google 

നിയമനം ആഘോഷമായി തന്നെ കഴിഞ്ഞു. എന്നാൽ കഴിഞ്ഞ വേനലിൽ CBC യിൽ Rideu Hall നെ പറ്റി വന്നൊരു റിപ്പോർട്ടിൽ ചില അപായസൂചനകൾ കണ്ടു. Perfect Resume In Paper  എന്ന് പ്രമുഖ പത്രങ്ങൾക്ക് വിലയിരുത്താൻ അധിക സമയം വേണ്ടി വന്നില്ല. കാര്യങ്ങൾ പ്രതീക്ഷിച്ച പോലെയല്ല നീങ്ങുന്നതെന്നും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നുമുള്ള സൂചനകൾ.. ഓഫീസിലെ ജോലിക്കാരിൽ ചിലർ അവർക്കുണ്ടായ മാനസീക പിരിമുറുക്കങ്ങൾ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.  സ്റ്റാഫുകളോട് ഒച്ചവെയ്ക്കുക, അവരുടെ ജോലിയെ വിലകുറച്ചു കാണുക, ബഹിരാകാശ സംബന്ധിയായ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുക, സ്റ്റാഫ് റിപ്പോർട്ടുകൾ അവഗണിക്കുക, അധിക്ഷേപിക്കുക തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർന്നപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രത്യക്ഷത്തിൽ നടപടികൾ ഒന്നും ഉണ്ടായില്ല. അതിനു കാരണമുണ്ട് ക്യാബിനറ്റിലെ അംഗങ്ങളെ മാറ്റുന്ന പോലെ രാഞ്ജിയുടെ പ്രതിനിധിയെ  മാറ്റാൻ സാധിക്കില്ല.  കണ്ടില്ലെന്ന് നടിച്ചോ, അതും ഇല്ല...

Rideu Hall ൽ നിന്ന് ഉയർന്ന ആരോപണങ്ങളെ അവഗണിക്കാതെ അതിനെ  കുറിച്ചന്വേഷിക്കാൻ സർക്കാർ ഒരു സ്വന്തന്ത്ര ഏജൻസിയെ ഏല്പിച്ചു. അന്വേഷണത്തിനു ശേഷം ഏജൻസിയുടെ  നൂറ്റിമുപ്പതോളം പേജുള്ള റിപ്പോർട്ടാണ്  സർക്കാരിന് മുന്നിലെത്തിയത്. ആരോട് എങ്ങനെ പരാതി പറയണമെന്ന് അറിയാതെ  പതിനേഴ് ജോലിക്കാർ Rideu Hallൽ നിന്ന് രാജിവെക്കുകയും പന്ത്രണ്ടു പേർ സിക്ക് ലീവിൽ പോവുകയുമുണ്ടായത്രെ. ഈ റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം പുറത്തുവിട്ടില്ലെങ്കിലും "Toxic Workplace Environment" എന്നാണ് ഗവർണ്ണർ ജനറൽ ഓഫീസിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.  അതിനെ തുടർന്ന് പ്രധാനമന്ത്രി ട്രൂഡോ ഗവർണർ ജനറലുമായി സംസാരിക്കുകയും പിറ്റേന്ന് തന്നെ അവർ പദവിയിൽ നിന്ന് രാജി വെയ്ക്കുകയും ചെയ്തു. ഔദ്യോഗികമായി മറ്റൊരാളെ നിയമിക്കുന്നതുവരെ കാനഡയുടെ ചീഫ് ജസ്റ്റിസ് താത്കാലിക ചുമതല വഹിക്കുമെന്ന് കൊട്ടാരത്തിൽ വിളിച്ചറിയിച്ചിട്ടുണ്ട്. 

സംഭവങ്ങളുടെ തീവ്രത കണക്കിലെടുത്ത്, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് തടയിടാനുമായി ഉന്നത തലത്തിലുള്ള നിയമനങ്ങളുടെ "Vetting Process" കർശനമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിലുള്ള സംവിധാനത്തിൻ്റെ പോരായ്മയാണ് ഇങ്ങനെയൊരു സംഭവത്തിന് കാരണമായത് എന്നദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട ജോലികളിൽ നിയമിക്കുന്നതിന് മുമ്പ് വ്യക്തിയെ അരച്ചു കലക്കി അന്വേഷിക്കുന്നതാണ് ഈ വെറ്റിങ് പ്രോസസ്സ്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്, അതുകൊണ്ടു തന്നെ എല്ലാവരെയും ഇത് ബാധിച്ചിട്ടുണ്ടെന്ന് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. എന്തൊക്കെ നടപടികളെടുത്താലും ഒരാളുടെ പെരുമാറ്റവൈകല്യമുണ്ടാക്കിയ  മുറിപ്പാടുകൾ ഉണങ്ങാൻ അതിന് ഇരയായവർക്ക് എത്ര കാലം വേണ്ടിവരും...


News Release- Employment & Social Development Canada- June 24, 2020


8 comments:

  1. മുബിക്കും കുടുംബത്തിനും സുഖമാണെന്ന് കരുതുന്നു. 
    യോഗ്യനായ ഒരാളുടെ പേപ്പർ യോഗ്യതകൾക്കെ വിലയുള്ളൂ.ചിലരുടെ പെരുമാറ്റം കണ്ടാൽ എന്ത് പേപ്പർ യോഗ്യത ഉണ്ടായിട്ടും കാര്യമില്ല എന്ന് പറഞ്ഞു പോകും. സ്വഭാവത്തിലുള്ള യോഗ്യത ഒരിക്കലും പേപ്പർ യോഗ്യത കൊണ്ട് നികത്താൻ പറ്റില്ല എന്ന് ചുരുക്കം... ശരിയല്ലേ ???  

    ReplyDelete
    Replies
    1. അതെ ഷൈജു,  ചിലരുടെ സ്വഭാവം/ പെരുമാറ്റം ഒരിക്കലും അവർ നേടിയ ഉയർന്ന വിദ്യാഭ്യാസ യോഗ്യത പോലെ ഉയർന്നു നിൽക്കണമെന്നില്ല... ഈ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ ഒരു പരിധി വരെ പെരുമാറ്റ വൈകല്യങ്ങൾ പുറത്തു കൊണ്ടുവരുമെന്ന് തോന്നുന്നു. 

      Delete
  2. സത്യം പറഞ്ഞാല്‍ എന്‍റെ 'തല'യില്‍ ഇതു കയറിയിട്ടില്ല....

    ReplyDelete
    Replies
    1. പെരുമാറ്റ വൈകല്യങ്ങളെ മറച്ചു പിടിക്കാൻ അക്കാദമിക് യോഗ്യതകൾക്ക് കഴിയില്ലെന്നാണ് മാഷേ. ഇവിടെ പലപ്പോഴും അക്കാദമിക് യോഗ്യതകളേക്കാൾ മുൻ‌തൂക്കം ഒരാളുടെ പെരുമാറ്റത്തിനാവും കൊടുക്കുക... 

      Delete
  3. ആ പ്രൊഫൈൽ നോക്കാൻ പറഞ്ഞതിന്റെ പൊരുൾ ഇപ്പഴാ മനസ്സിലായത്.

    ReplyDelete
    Replies
    1. അതെ, വളരെയധികം അക്കാദമിക് യോഗ്യതയുള്ള വ്യക്തിയാണ്!

      Delete
  4. ഈ വെറ്റിങ് പ്രോസസ്സ് നമ്മുടെ നാട്ടിലും ഇപ്പോൾ കർശനമായി നടപ്പിലാക്കേണ്ടതാണെന്നാണ് ഇപ്പോഴുള്ള നിയമനങ്ങൾ കാണുമ്പോൾ തോന്നുന്നത് ...

    ReplyDelete
    Replies
    1. സത്യം മുരളിയേട്ടാ... ഇതെഴുതുമ്പോൾ മനസ്സിൽ അത് തന്നെയായിരുന്നു. 

      Delete