2026 ഓഗസ്റ്റ് 22, ശനിയാഴ്‌ച

എ ലെറ്റർ ടു ജാനെറ്റ്

 പ്രിയപ്പെട്ട ജാനെറ്റ്,


സുഖമല്ലേ? ഈ ചോദ്യത്തിന് വലിയ പ്രസക്തിയൊന്നുമില്ലല്ലോന്ന് ഓർത്തു ചിരി വരുന്നുണ്ടാകും. എന്നാലും ഔപചാരികത കൈവിടാതെ കത്തെഴുതണമെന്ന് പഠിച്ച പാഠത്തിൻ്റെയാണെന്ന് കരുതി ക്ഷമിക്കുക. വീട്ടിലെത്തിയാൽ എഴുതാമെന്ന വാക്ക് ഞാൻ മറന്നതല്ല കാരണമൊന്നുമില്ലാതെ നീണ്ടു പോയി. ഉമ്മയുണ്ടായിരുന്നെങ്കിൽ “മാപ്പും മുല്ലപ്പും” കളിക്കാൻ നിക്കാതെ ചെയ്യാനുള്ളത് ചെയ്യൂന്ന് പറയുമായിരുന്നു. കാലാന്തരത്തിൽ മാഞ്ഞു പോയ ഈ പ്രയോഗവും ഇപ്പോൾ ഓർമ്മയിലെത്തിയത് എന്താവോ? 


Photo: Hussain Chirathodi 


2026 ജൂൺ 27ന്  ഒൻപത് ദിവസത്തെ റോഡ് യാത്രക്കിടയിലാണ് നാട്ടുചന്ത നടക്കുന്ന Bulkley Valleyയിലെത്തിയത്. 1913ൽ  ഗ്രാൻഡ് ട്രങ്ക് പെസഫിക് റയിൽവേയുടെ ഡിവിഷണൽ തലസ്ഥാനമായി രൂപം കൊണ്ടതാണെന്ന് പറയുന്ന ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സ്മിതേഴ്‌സ് (Smithers, BC) എന്ന കൊച്ചു പട്ടണവും ഈ വാലിയുടെ ഭാഗമാണല്ലോ? പ്രത്യേകിച്ച് ലക്ഷ്യവും തിരക്കൊന്നുമില്ലാത്ത യാത്രയായതിനാൽ ചെറുപട്ടണങ്ങളിലെ ലാളിത്യവും സൗന്ദര്യവും ആസ്വദിച്ച് നടക്കുന്ന ആനന്ദത്തിലായിരുന്നു ഞങ്ങൾ. കാർ പാർക്ക് ചെയ്യുമ്പോൾ നാട്ടുചന്തയിലെ വിൽപ്പനക്കാർ അവരുടെ സ്റ്റാളുകളിൽ സാധനങ്ങൾ നിരത്തുന്ന തിരക്കിലായിരുന്നു. ഹിമയുഗത്തിന് മുൻപേ  Bulkley വാലിയിലുണ്ടായിരുന്ന Wet'suwet'en  നിവാസികളുടെ ജീവിതരീതികളും കഥകളും അറിഞ്ഞും കേട്ടും ഞങ്ങൾ നടക്കുമ്പോഴാണ് മൗണ്ടൻ ഈഗിൾ ബുക്‌സ് എന്ന ബോർഡ് കണ്ടത്‌.


Smithers BC (Photos: Mubi/HC)


ജാനെറ്റ്, ഈ ചെറു പട്ടണങ്ങളിലെ  വായനശാലകളും പുസ്തക കടകളും എപ്പോഴും എൻ്റെ കണ്ണിൽപ്പെടാറുണ്ട്. ഇനി അഥവാ അങ്ങനെയൊന്ന് കണ്ടിലെങ്കിൽ ഇവിടെയുള്ളവർ വായിക്കാനെന്തു ചെയ്യുമെന്നോർത്ത് മനസ്സ് ആശങ്കപ്പെടും. “ഇനിയങ്ങോട്ട് പോണോ” എന്ന ചോദ്യമൊന്നും വകവെയ്ക്കാതെ റോഡ് മുറിച്ചു കടന്ന് ഞാൻ കടയിലേക്ക് നടന്നിരുന്നു. ആ കൊച്ചു കടയുടെ പുറത്ത് കുറച്ചു പുസ്തകങ്ങൾ ആദായവില്പനയ്ക്ക് വെച്ചിരുന്നു. അത് മാത്രമല്ല കറുത്ത ബോർഡിലെ ചോക്കെഴുത്താണ് എനിക്കിഷ്ടപ്പെട്ടത്. നിങ്ങളിലേക്ക് ഞങ്ങളെത്തിയതങ്ങിനെയാണ്.


Mountain Eagle Books, Smithers BC


വാതിലിനടുത്തുള്ള ബോർഡിൽ ‘ചായ്“ എന്നെഴുതിയിരുന്നെങ്കിലും ജാനെറ്റ്, സത്യത്തിൽ ഞാനതത്ര കാര്യത്തിലെടുത്തില്ല. ചായ പ്രാന്ത് മൂത്ത് നടക്കുന്ന ഞാൻ കാനഡയിലെ ചായ്ക്ക്(Chai) കൊടുക്കുക പൂജ്യം മാർക്കാണ്. ഇതെല്ലാം തകിടം മറിഞ്ഞത് നിങ്ങളുടെ ആ കുഞ്ഞു വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ്. പുസ്തകങ്ങളുടെയും, ചായയുടെയും  കൊതിപ്പിക്കുന്ന ആ ഗന്ധം ഓർമ്മയിലെത്തുമ്പോൾ ഇപ്പോഴും ഞാൻ മനസ്സിലങ്ങോട്ട് യാത്ര ചെയ്യാറുണ്ട്. നാട്ടിലെത്തിയോ എന്ന് തോന്നിപ്പിച്ച വിധം പരിചിതമായിരുന്നു ആ മണവും പരിസരവും! പുസ്തകങ്ങളെ തൊട്ടും തലോടിയും മണത്തും മറിച്ചു നോക്കിയും ഞാൻ ഷെൽഫുകൾക്കിടയിലൂടെ നടന്നു. സമയത്തിൻ്റെ തിരക്കും ഓട്ടപാച്ചിലുമില്ലാതെ വളരെ സമാധാനമായി ആളുകളവിടെ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അവിടെയായിരുന്നെങ്കിൽ എന്നെ അടിച്ചിറക്കേണ്ടി വരുമായിരുന്നു നിങ്ങൾക്ക്! 


Inside Mountain Eagle Books, Smithers BC 

1859 ൽ പ്രസിദ്ധീകരിച്ച ചാൾസ് ഡിക്കൻസിൻ്റെ " എ ടെയിൽ ഓഫ് ടൂ സിറ്റീസ്(A Tale of Two Cities)" എന്ന പുസ്തകത്തിൻ്റെ സ്പെഷ്യൽ എഡിഷൻ കോപ്പിയുമായി ഞാൻ നിൽക്കുമ്പോഴാണ് ഹുസൈൻ ചായ വേണോന്ന് ചോദിച്ചെത്തിയത്. പുസ്തകത്തിൽ നിന്ന് മുഖമുയർത്തി നോക്കിയത് ജാനെറ്റ് നിങ്ങളുടെ കണ്ണുകളിലേക്കായിരുന്നു. ‘എനിക്ക് ചായ വേണം’ എന്ന ഉത്തരത്തിന്  അധികം താമസമുണ്ടായിരുന്നില്ല., ചായ പെട്ടെന്ന് കിട്ടില്ല കുറച്ചു സമയമെടുക്കുമെന്ന് നിങ്ങൾ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചത്  അത്രയും നേരം പുസ്തകങ്ങൾ നോക്കാമെന്നുള്ളത് കൊണ്ടാണ്. അത് മനസ്സിലായത് ഡേവിഡിനാണെന്ന് തോന്നുന്നു. ഈ അസുഖം സ്ഥിരം കാണുന്നത് കൊണ്ടാവണം ഹുസൈന് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും കണ്ടില്ല. എന്തായാലും ഞാൻ വീണ്ടും പുസ്തകങ്ങളുടെ ഇടയിലേക്ക് ഊളിയിട്ടു. എത്ര സമയം കഴിഞ്ഞിട്ടാണ് ചായ തയ്യാറായെന്ന് പറഞ്ഞു നിങ്ങൾ വിളിച്ചതെന്ന് ഓർമ്മയില്ല. എനിക്ക് വേണ്ടി മാത്രമായി ഉണ്ടാക്കിയതെന്ന് തോന്നിപ്പിക്കും വിധമായിരുന്നു നിങ്ങൾ ചായ കപ്പ് എനിക്ക് നേരെ നീട്ടിയത്. കറുത്ത ടീ ഷർട്ട് ധരിച്ച് പുസ്തകങ്ങൾക്കിടയിലൂടെ ഓടി നടക്കുന്ന മനുഷ്യനെ ചൂണ്ടി 'സഞ്ചാരിയായ ഡേവിനറിയുന്ന പ്രത്യേക കൂട്ടിൽ തയ്യാറാക്കിയതാണെന്ന് നിങ്ങൾ പറയാൻ മറന്നില്ല.


ചായയുടെ മണം മതി അഭിപ്രായം പറയാനെന്ന് ഞാൻ പറഞ്ഞപ്പോൾ ജാനെറ്റ് നിങ്ങളെന്നെ അടുക്കളയിലേക്ക് കൂട്ടികൊണ്ടു പോയത്  ഓർക്കുന്നുവോ? അത് അപ്രതീക്ഷിതമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഇഞ്ചിയും, ഏലവും, കുരുമുളകും, പട്ടയും റോസിതളുകളും കിഴികെട്ടിയിട്ട്  തിളയ്ക്കുന്ന ചായ പാത്രത്തിനരികിൽ നിന്ന് നമ്മൾ കൈമാറിയ ചായ കഥകൾക്ക് ദേശാന്തരങ്ങളുടെ രുചിയായിരുന്നു. ജാനെറ്റ്, എൻ്റെ ഉമ്മ കാപ്പിയെ കുടിച്ചിരുന്നുള്ളൂ. എന്നാൽ ഏറ്റവും നല്ല ചായ ഉണ്ടാക്കി തന്നിരുന്നത് ഉമ്മയാണ്. വീട്ടിൽ കാപ്പി ഉമ്മാക്കും ചായ ഉപ്പാക്കും ഞങ്ങൾക്കുമായിരുന്നു. ചെറുകരയിലും ഉമ്മയാണ് നല്ല ചായയുണ്ടാക്കിയിരുന്നത്. ഉമ്മ രാവിലെ ചായക്ക് വെള്ളം അടുപ്പത്ത് വെച്ച് പശുവിനെ കറക്കാൻ പോകും. ഇന്നത്തെ കുട്ടികൾ ചെയ്യുന്നത് പോലെ അളവ് കോലുകളൊന്നും ഉമ്മാക്കില്ലായിരുന്നു. കൃത്യമായ കൈ അളവിൽ പാലും പൊടിയും പഞ്ചാരയും ചേർത്താണ് ചായ കൂട്ടിയിരുന്നത്. ചെറു ചൂടോടെ ചായ കുടിക്കുന്ന എനിക്കും ഉമ്മാക്കും അത് വേറെയെടുത്തു മാറ്റിവെക്കുന്നത് കണ്ടാൽ “എന്നാ പിന്നെ ഐസ് ക്യൂബിട്ടു കുടിച്ചാൽ പോരെ’ എന്ന് ചോദിച്ചു ഹുസൈൻ കളിയാക്കാറുണ്ട്. അടുക്കളയിലെ ചായ മണത്തിൽ ഓർമ്മകൾ ആർത്തിരമ്പിയെത്തി കണ്ണു നിറച്ചു. മകനും മരുമകൾക്കും ചായ കൊതിയും വായനയും ഞാൻ പകർന്നു കൊടുത്തിട്ടുണ്ട്. അവൾക്കായി ഞാനെടുത്ത കാർഡുകളുടെ ചെറിയ നീല പെട്ടി ഓർക്കുന്നില്ലേ? ദിവസവും അതിൽ നിന്നൊരു കാർഡ് എടുത്തു വായിച്ചു നോക്കാറുണ്ടവൾ.


കഥകളുടെ ബാക്കി പറയാനായി മേശക്കരികിലേക്ക് നീങ്ങിയപ്പോൾ ഡേവിഡും നമ്മുടെ കൂടെ കൂടി. ടെയിൽ ഓഫ് ടൂ സിറ്റീസിലെ ആദ്യ വാചകം ഉദ്ധരിച്ചു കൊണ്ടാണ് ഞങ്ങളുടെ പുസ്തക ചർച്ച തുടങ്ങിയത്. രുചിയുള്ള ചായയുടെയും സംഗീതത്തിൻ്റെയും വായനയുടെയും നമ്മളിടത്തിൽ എത്ര പെട്ടെന്നാണ് നമ്മൾ അലിഞ്ഞു ചേർന്നത്. അന്നത്തെ ഓരോ നിമിഷവും നിറമുള്ള ഓർമകളായി എന്നും കൂടെയുണ്ടാകും. ജാനെറ്റ്, കുട്ടികളെ കൂട്ടി വീണ്ടും വരാമെന്ന് പറഞ്ഞല്ലേ നമ്മൾ പിരിഞ്ഞത്? ഇനിയൊരിക്കലും കാണാനാകാത്ത  വിധം മറ്റൊരു ലോകത്തേക്ക് നിങ്ങൾ പത്തു ദിവസത്തിനകം യാത്രയാകുമെന്ന് അറിഞ്ഞില്ലല്ലോ?


എന്നാലും ഞാനെഴുതുകയാണ്, നിങ്ങൾക്കിത് വായിക്കാനാകുമെന്ന പ്രതീക്ഷയോടെ… പറഞ്ഞതു പോലെ കുട്ടികളെയും കൂട്ടി ഡേവിഡിനെ കാണാൻ പുസ്തകങ്ങൾ തൊട്ടറിയാൻ സൗഹൃദത്തിൻ്റെ കൂട്ടിലേക്ക് അധികം വൈകാതെ ഞങ്ങൾ പോകുന്നുണ്ട്.


Photo: Hussain Chirathodi 


ജാനെറ്റ്, സി.ബി.സി പോഡ്‌കാസ്റ്റ് കേട്ടപ്പോൾ  പറയാൻ ബാക്കി വെച്ച കുറെ കഥകളുണ്ടായിരുന്നു നമുക്കെന്ന് ഓർത്തു പോയി… ഞാനുൾപ്പെടുന്ന അസംഖ്യം മനുഷ്യർക്കിടമായ തെരുവിനോരത്തെ  ചെങ്കൽ നിറമുള്ള ആ കുഞ്ഞു കടയിൽ ഡേവിനും മകൾക്കും നിങ്ങളുടെ അസാന്നിദ്ധ്യത്തിലും സൗഹൃദത്തിൻ്റെ വെളിച്ചം പകരനാകട്ടെ… “വരും വർഷം ആരെന്നും എന്തെന്നും ആർക്കറിയാം!”


അന്ന് പറഞ്ഞത് പോലെ ഇൻഡീ പുസ്തക കടകളിൽ നിന്ന് തന്നെയാണ് പുസ്തകങ്ങൾ വാങ്ങുന്നത്. ഇപ്പോൾ വായിക്കുന്നത് ലൈബ്രറിയിൽ നിന്നെടുത്ത  She Who Remains - Rene Karabash യുടെ പുസ്തകവും, ടൊറോന്റോയിൽ പോയപ്പോൾ ഹസീന തന്ന വിചത്രമീയമേരിക്കര എന്ന യാത്രാവിവരണ പുസ്തകവുമാണ്. 



ഇനി നിർത്തട്ടെ,


സ്നേഹത്തോടെ 

മുബി  


In loving memory of Janet Wallford 



1 അഭിപ്രായം: