രാത്രിയിൽ കാറ്റ് അതിൻ്റെ വിശ്വരൂപം പുറത്തെടുത്തു. വെറുതെയല്ല ബോട്ട് സർവീസ് റദ്ദാക്കിയത്. കാതിൽ തുളച്ചു കയറുന്ന കാറ്റിൻ്റെ ഹുങ്കാരവും, മേൽക്കൂര ഇളകിയാടുന്ന ശബ്ദവും കേട്ട് കിടന്നു. എപ്പോഴെങ്കിലും അപായ മണി മുഴങ്ങിയാൽ എങ്ങോട്ട് ഇറങ്ങി പോകും, ഇനിയെങ്ങാനും ഉറങ്ങിയാൽ ആ മണിനാദം കേൾക്കാതെ പോയാലോ എന്ന ചിന്തയും കൂടി ചേർന്നപ്പോൾ ഉറങ്ങുന്നതിനേക്കാൾ നല്ലതാണല്ലോ ഉറങ്ങാതിരിക്കുന്നത് എന്ന അവസ്ഥയിലായി. വെളുപ്പാൻ കാലത്താണ് ഒന്നുറങ്ങാൻ കഴിഞ്ഞത് അതിനാൽ ഉണരാനും വൈകി. പ്രഭാതഭക്ഷണം ഹോസ്റ്റലിൽ ലഭ്യമായതിനാൽ പുറത്തെ അവസ്ഥയെന്താണെന്നറിയില്ലായിരുന്നു. ഉച്ചയ്ക്ക് കാറ്റിനു വീണ്ടും ശക്തി കൂടുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് കണ്ടതിനാൽ വേഗമൊന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചു. പ്രതീക്ഷിച്ചത് പോലെ ഇന്ന് പോകാനിരുന്ന എംപറർ പെൻഗ്വിൻ ട്രിപ്പും ക്യാൻസലായിട്ടുണ്ട്. തിരിച്ചു പോകാനുള്ള വിമാനത്തിൻ്റെ കാര്യവും പ്രകൃതിയുടെ കാരുണ്യത്തിന് വിട്ട് ഞങ്ങൾ അന്നത്തെ സാഹസങ്ങൾക്ക് ഇറങ്ങി.
![]() |
| Pic: Photomanz/ Google Collage |
തണുത്ത കാറ്റിൽ പാറി പോകാതെ മഗല്ലൻ കടലിടുക്കും നഗരഭംഗിയും ഒന്നിച്ചു കാണാൻ കഴിയുന്ന സെറോ ലാ ക്രൂസാണ് ആദ്യ ലക്ഷ്യം. ഹോസ്റ്റലിലെ ജീവനക്കാരോട് പുറത്ത് പോകുന്ന കാര്യം പറഞ്ഞപ്പോൾ സൂക്ഷിക്കണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തിയിരുന്നു. വഴിനീളെ ചുവരുകളിലെ ജീവൻ തുളുമ്പുന്ന ചിത്രങ്ങളാണ് ഞങ്ങളെ വരവേറ്റത്. എത്ര ഭംഗിയിലും കൃത്യതയിലുമാണ് ഒരു നാടിൻ്റെ ചരിത്രം ഈ കലാകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. കാറ്റിനെ വകവെയ്ക്കാതെ ചിത്രങ്ങൾ നോക്കി നിന്ന് സമയം പോയതറിഞ്ഞില്ല. കാറ്റിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും മുഖം കാറ്റടിച്ചു നീറി തുടങ്ങിയപ്പോഴാണ് ചുവരുകളിൽ നിന്ന് കണ്ണെടുത്ത് ഹുസൈനെ തിരഞ്ഞത്. ബീച്ചിനടുത്ത് ഹുസൈൻ പക്ഷികളെ ക്യാമറയ്ക്കുള്ളിലാക്കുന്ന തിരക്കിലാണ്. റോഡ് മുറിച്ചു കടന്ന് പക്ഷിക്കൂട്ടങ്ങളുടെയും അവരുടെ ക്യാമറമാൻ്റെയും അടുത്തെത്തി.
![]() |
| Pic: Photomanz / Hussain Chirathodi |
കടലിലേക്ക് നീണ്ടുകിടക്കുന്ന മരപാലത്തിൽ ഇപീരിയൽ കോർമോറാൻ്റ (നീർ കാക്ക) പക്ഷികളുടെ സംസ്ഥാന സമ്മേളനമാണെന്ന് തോന്നുന്നു. വെള്ളത്തിലേക്ക് ഊളിയിട്ടും ആകാശത്ത് പാറിപറന്നും അവർ ആർമാദ്ദിക്കുകയാണ്. തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ ബീച്ചിലെ നടപാതയിൽ നിന്നാൽ പെൻഗ്വിനുകളെ കാണാനാകുമെന്ന് ടൂറിസം ഓഫീസിൽ നിന്ന് പറഞ്ഞിരുന്നു. അതാണ് കാറ്റുണ്ടായിട്ടും ഇങ്ങോട്ട് തന്നെ വന്നത്. പക്ഷെ ഇന്ന് ഒട്ടും തെളിമയില്ലാത്ത അവസ്ഥയാണ് കൂടാതെ തിര ശക്തിയായി അടിക്കുന്നുമുണ്ട്. അതിനാൽ നീർകാക്കകളുടെ ഉല്ലാസ തിമിർപ്പിനോട് വേഗം വിട പറഞ്ഞ് ഞങ്ങൾ ചത്വരത്തിലേക്ക് നടന്നു. ഇവിടെ ഞങ്ങൾക്ക് കാണാൻ ഒരിടം കൂടെ ബാക്കിയുണ്ട്. അതിന്നലെ കാണാൻ സാധിക്കാതെ പോയ ചത്വരത്തിനടുത്തുള്ള മഗിയോറിനോ ബോർഗറ്റെല്ലോ മ്യുസിയമാണ്.
![]() |
| Pic: Photomanz / Google Collage |
ഞങ്ങൾ എത്തിയപ്പോഴേക്കും മ്യുസിയം തുറന്നിരുന്നു. ഒരാൾക്ക് 7.00 യുഎസ് ഡോളറാണ് ടിക്കറ്റ് വില. ബാക്ക്പാക്കുകൾ ലോക്കറിൽ വെച്ച് ടിക്കറ്റെടുത്ത് ഞങ്ങൾ മ്യുസിയത്തിലേക്ക് കയറി. പലതും കണ്ടു പോകുന്നതിനിടയിൽ ഏറെ വിചിത്രമായി തോന്നിയത് സാൻസ(Tzanza)യെന്ന പ്രദർശനവസ്തുവായിരുന്നു. ചുങ്ങിയ തലകളെന്നും (Shrunken Heads) വിളിക്കാമെന്നൊക്കെ വായിച്ചത് വിശ്വസിക്കാനാവാതെ അതു തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാണ് ഹുസൈൻ ശ്രദ്ധിച്ചത്. തെക്കേ അമേരിക്കയിലെ ആമസോൺ വനാതിർത്തി പ്രദേശങ്ങളായ പെറു ഇക്വഡോർ ഭാഗങ്ങളിൽ ജീവിക്കുന്ന ഗോത്രവംശജരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്നൊരു പുരാതന ആചാരമാണ്. യുദ്ധത്തിൽ കൊല്ലപ്പെട്ട ശത്രുക്കളുടെ തലകൾ ഒരു പ്രത്യേക രീതിയിലൂടെ വലിപ്പം കുറച്ച് സൂക്ഷിക്കുന്നതാണ് 'സാൻസ' എന്ന് ചുരുക്കി പറയാം. വളരെ സങ്കീർണ്ണമായ പ്രക്രിയയിലൂടെ തല ഒരു ചെറിയ പന്തിൻ്റെ വലിപ്പത്തിലേക്ക് ചുരുങ്ങുമെത്രേ! മഗിയോറിനോ ബോർഗറ്റെല്ലോ മ്യൂസിയത്തിൽ പ്രദശിപ്പിച്ചിരിക്കുന്ന സാൻസ പാറ്റഗോണിയൻ മേഖലയിലെ മിഷനറിമാർക്ക് കിട്ടിയതാണ്. നരവംശശാസ്ത്രജ്ഞർക്ക് ആമസോൺ ഗോത്രവംശജരുടെ ഇത്തരം ആചാരരീതികളെയും സംസ്കാരത്തെയും കുറിച്ച് പഠിക്കാനും മറ്റുമായി ഇതിവിടെ സൂക്ഷിച്ചിരിക്കുകയാണ്. സാൻസ കണ്ട ക്ഷീണം മാറ്റാൻ ഞങ്ങൾ ചത്വരത്തിലെ ടാബിസ് എന്ന കാപ്പി കടയിലേക്ക് കയറി.
![]() |
| Pic: Mobile Click |
വൈകുന്നേരം ആറ് മണിയോടെ സാന്റിയാഗോയിലേക്ക് പറക്കണം. കറങ്ങി നടക്കാനിനി അധിക സമയമില്ലാത്തതിനാൽ കാപ്പിക്കടയിൽ നിന്ന് വേഗം ഞങ്ങളിറങ്ങി. പിറ്റേന്ന് സാന്റിയാഗോയിൽ നിന്നാണ് യുഎസ് വഴി കാനഡയിലേക്ക് മടങ്ങുന്നത്. ഹോസ്റ്റലിൽ തിരിച്ചെത്തി ബാക്ക്പാക്കുകൾ അടുക്കിപെറുക്കി ഞങ്ങൾ യാത്രയ്‌ക്കൊരുങ്ങി. LATAM എയർവെയ്‌സിലാണ് തിരിച്ചുള്ള യാത്രയും. "തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി.." എന്ന പാട്ടിലെ വരികൾ ഓർത്ത് വിമാനത്താവളത്തിലെ ഗേറ്റിലേക്ക് നടക്കുമ്പോഴാണ് ചുവരിലെ ഡിജിറ്റൽ പുസ്തകങ്ങളുടെ ലിസ്റ്റ് കണ്ടത്.
ഡിജിറ്റൽ വായന ലഭ്യമാകുന്ന സൈറ്റിൻ്റെ QR കോഡും നൽകിയിട്ടുണ്ട്. പ്രവചനാതീതമായ കാലാവസ്ഥയിൽ യാത്ര മുടങ്ങിയാൽ സമയം പോകാൻ പുസ്തകപ്രേമികൾക്ക് ഇതൊരാശ്വാസമാകും. LATAMനെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയ മരിയയെ കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫ്ലൈറ്റിൽ അവരില്ലായിരുന്നു. രാത്രി പതിനൊന്ന് മണിക്ക് സാന്റിയാഗോയിൽ ഇറങ്ങി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. നാളെ ചിലിയിലെ രാഷ്ട്രീയ ഭാവി തീരുമാനമാകുന്ന സുദിനമാണ്. പുണ്ട അരെനാസിലെ ചത്വരത്തിൽ തെക്കുവടക്ക് നടക്കുന്നതിനിടയിൽ ഒരു പാർട്ടിയുടെ ഇലക്ഷൻ റാലിയും അതിലെ നേതാക്കളുടെ ആവേശപ്രസംഗവും കേൾക്കണ്ടായി. ഇതൊക്കെ നമ്മളെത്ര കണ്ടതാണെന്ന മട്ടിൽ ഞങ്ങളും പങ്കെടുത്ത് വിജയിപ്പിച്ചു. നാളെയിവിടെ എന്തൊക്കെ നടക്കുമെന്നത് കാലാവസ്ഥ പോലെ ആശങ്കാജനകമാണ്.
![]() |
| Pic: Photomanz / Google Collage |
അതിരാവിലെയെണീറ്റ് ഞങ്ങൾ സാൻ്റിയാഗോയ്ക്ക് സമീപമുള്ള തീരദേശനഗരമായ വാൽപാറൈസോ കാണാനിറങ്ങി. പെട്ടെന്ന് തിരിച്ചെത്തണമെന്നതിനാലും സ്ഥലം അത്ര പന്തിയല്ലാത്തതിനാലും ഞങ്ങൾ ബസ് യാത്ര ഒഴിവാക്കിയതാണ്. ഉബർ ഡ്രൈവർക്ക് ഇംഗ്ലീഷ് വശമുള്ളതിനാൽ ദൂരയാത്ര വിരസമായില്ല. വാൽപാറൈസോ തെരുവുകലകൾക്ക് പേരുകേട്ടതാണ്. സഞ്ചാരികൾക്ക് ഇവിടമൊരു അപകടമേഖലയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നിട്ടും അവിടേയ്ക്ക് ഞങ്ങൾ പോയത് ഇൻറ്റി, ലൊറോ കൊയിറോൺ എന്നീ കലാകാരന്മാരുടെ സൃഷ്ടികൾ കാണാനുള്ള മോഹംകൊണ്ടാണ്. പല കുന്നുകളിലായി വ്യാപിച്ചുകിടക്കുന്ന നഗരത്തിലെ തെരുവുകളിലാണ് വർണ്ണാഭമായ ചുവർചിത്രങ്ങളുള്ളത്. 1970ലെ പിനോഷെ ഭരണകാലത്ത് രാഷ്ട്രീയ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ഇവിടെ മ്യൂറൽ ആർട്ട് സജീവമാകുന്നത്. ആ പാരമ്പര്യം പിന്തുടർന്ന് ചരിത്രം, പ്രാദേശിക ജീവിതം, പ്രകൃതി, രാഷ്ട്രീയം, നാടോടിക്കഥകൾ എന്നിവയൊക്കെയാണ് ഇപ്പോഴത്തെ പ്രധാന പ്രമേയങ്ങൾ.
"നിങ്ങൾ ഇതുവരെ സന്ദർശിച്ച സ്ഥലങ്ങൾ പോലെ സുരക്ഷിതമല്ല. കൂട്ടമായെ നടക്കാവൂ, ഫോണിൽ സംസാരിച്ചു നടക്കരുത്, സുരക്ഷിതമെന്ന് തോന്നിയാൽ മാത്രം ചിത്രങ്ങൾ എടുക്കുക. അധിക സമയം അവിടെ നില്കാതെ പെട്ടെന്ന് തന്നെ തിരിച്ചു പോരണം". നഗരത്തിനടുത്ത് എത്താറായപ്പോൾ ഡ്രൈവർ ഞങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് കേട്ടതോടെ കയ്ച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാന്നുള്ള അവസ്ഥയിലായി. സിറ്റി ടൂറാണ് ബുക്ക് ചെയ്തിരുന്നത്. ആ ഓഫീസിനടുത്തു ഞങ്ങളെ ഇറക്കിയിട്ട് ആശംസകൾ നേർന്ന് ഉബർ ചേട്ടൻ പോയി. ടൂർ ഓഫീസിലേക്കുള്ള പടികൾ കയറി വാതിൽക്കൽ എത്തിയപ്പോഴാണ് അത് അടഞ്ഞു കിടക്കുകയാണെന്ന കാര്യം ശ്രദ്ധിച്ചത്. തെരുവിൽ അവിടെവിടെയായി നിൽക്കുന്ന ഒന്നോരണ്ടോ പേരൊഴിച്ചാൽ തെരുവും വിജനമാണ്. പോലീസ് വാഹനങ്ങൾ റോഡിൽ അങ്ങിങ്ങായി നിർത്തിയിട്ടിട്ടുണ്ട്. അതൊക്കെ വീക്ഷിച്ച് നിൽക്കുമ്പോഴാണ് ഹുസൈന് ടൂർ ക്യാൻസൽ ചെയ്ത സന്ദേശമെത്തുന്നത്.
അധികസമയം ഒറ്റയ്ക്ക് അവിടെ കറങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയപ്പോൾ ഞങ്ങൾ ബസ്‌സ്റ്റാന്ഡിലേക്കു നടന്നു. വാൽപാറൈസോയിൽ നിന്ന് ഉബർ വിളിക്കാതെ ബസ്സിൽ തിരിച്ചു പോകുന്നതായിരിക്കും സുരക്ഷിതമെന്ന് തോന്നിയിരുന്നു. ബസ്സ്റ്റാൻഡിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആളുകളെ കണ്ടാലൊരു ഗുണ്ടാസംവിധാന വ്യവസ്ഥയിൽ നടന്നു പോകുന്ന സ്ഥലമാണെന്നേ തോന്നൂ. ബസ് വന്നപാടെ അതിൽ കയറിയിരുന്നു. സത്യത്തിൽ അപ്പോഴാണ് കുറച്ചൊരാശ്വാസം തോന്നിയത്. ഉച്ചയോടെ ഹോട്ടലിൽ തിരിച്ചെത്തിയ ഞങ്ങൾ കുളിച്ച് ഭക്ഷണം കഴിച്ചു വിമാനത്താവളത്തിലേക്ക് പാഞ്ഞു. സെക്യൂരിറ്റി, ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയപ്പോഴാണ് ഇലക്ഷൻ റിസൾട്ട് പുറത്ത് വരുന്നത്. പിനോഷെ കാലത്തിന് ശേഷം തീവ്രവലതു പക്ഷക്കാരനായ ഹോസെ അന്റോണിയോ കാസറ്റെയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിലിയിൽ ഇറങ്ങിയപ്പോൾ കണ്ട 'കാരണം കൊണ്ടോ, ബലപ്രയോഗം കൊണ്ടോ' (Por la razón o la fuerza "By reason or by force) എന്ന മുദ്രാവാക്യം വീണ്ടും ഓർമ്മിച്ച് സംഭവബഹുലമായ അന്നത്തെ ദിവസമോർത്ത് ഞങ്ങളൊന്ന് ദീർഘമായി നിശ്വസിച്ചു...
![]() |
| Pic: Hussain Chirathodi |
"Pack it in, Pack it out. Leave no trace - Preserve and Respect ”
(അവസാനിച്ചു )






അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ