Sunday, February 14, 2010

എന്‍റെ ബാല്യം


മുറ്റത്തെ വയ്ക്കോല്‍ കൂനകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യ രശ്മികളുടെ സ്വര്‍ണശോഭയും, പാലക്കാടന്‍ കാറ്റിന്‍റെ മര്‍മരവും ഇഴചേര്‍ന്ന ദിനങ്ങളിലേക്ക് കൊതിയോടെ മടങ്ങാന്‍ വെമ്പുന്ന മനസ്സ്! അലാറത്തിന്റെ അകമ്പടി ഇല്ലാതെ കയ്യാല പുരയിലെ പെണ്ണുങ്ങളുടെ കലപില കേട്ട് കണ്ണ് തിരുമ്മി ഞങ്ങള്‍ പ്രഭാതത്തെ വരവേറ്റു.

മൂവാണ്ടന്‍ മാവിന്‍ ചോട്ടിലെ കളിവീടും, ചിക്കി ചികഞ്ഞു നടക്കുന്ന തള്ള കോഴിയും മക്കളും,മുല്ല പന്തലും, വേലിക്കരികിലെ ആടലോടകവും, കമ്മല്‍ പൂവും, പഞ്ചാര മണലിനോട്‌ കിന്നരിച്ചുകൊണ്ടൊഴുകുന്ന നിളയും,തുലാമഴയും, കര്‍ക്കിടക പേമാരിയും, പെരുന്നാളിന് കയ്യിലിടുന്ന മൈലാഞ്ചിയുടെ ചുവപ്പും എന്നും മനസ്സില്‍ സുഖമുള്ള ഓര്‍മയുടെ പൂക്കളം തീര്‍ത്തിരുന്നു.

കുട്ട്യാളിന്റെ തോപ്പിക്കുടയില്‍ ഒളിച്ചിരുന്ന് അവരെ പേടിപ്പിക്കുന്ന അനുജനും, റോസാ കൊമ്പിന് വേരുവന്നോ എന്ന് ദിവസം രണ്ടു നേരവും മുടങ്ങാതെ നോക്കിയിരുന്ന അനുജത്തിയും,വികൃതിയുടെ ആകെ തുകയായി മഞ്ചുവും ചെയ്തു വെക്കുന്ന കുസൃതികള്‍ക്ക് മറുപടി ഉമ്മ എനിക്കായി കരുതിയിരുന്നു. തിരക്കുകള്‍ക്കിടയിലും മോളെ എന്ന് വിളിച്ചു മുറ്റത്തേക്ക് എത്തിനോക്കുന്ന ഉപ്പ. കാത്തിരിക്കുന്ന രോഗികളോട് എന്‍റെ ഉപ്പയുണ്ടല്ലോ എന്നോര്‍ത്ത് സമാധാനിച്ച്‌ വീണ്ടും കളിയുടെ ലോകത്തിലേക്ക്‌ പായുന്ന കുസൃതികള്‍..

വേലായുധേട്ടന്റെ കരവിരുതില്‍ വെളിച്ചം വെക്കുന്ന തൊടിയില്‍ ഓടിക്കളിച്ചിരുന്ന ഞങ്ങളുടെ വഴക്കുകള്‍ക്കു വിരാമമിട്ടു ഉമ്മയുടെ വിളിക്കൊപ്പം എത്തുന്ന പത്തിരിയുടെയും ഇറച്ചി കറിയുടെയും കൊതിപ്പിക്കുന്ന മണം ഇന്നലയുടെ നൊമ്പരമായി എന്‍റെ ഉള്ളില്‍ നിറയുന്നു.

മീന്‍കാരന്‍റെ സൈക്കിള്‍ ബെല്ലടിക്കായി കയ്യ് നക്കി തുടച്ചിരിക്കുന്ന ചക്കി പൂച്ചയും, പ്ലാവിന്‍ കൊമ്പിലിരുന്നു വിരുന്നു വിളിക്കുന്ന കാക്കയും, തെച്ചിയും, തുളസിയും, വേപ്പ്‌ മരവും, കനകാംബരവും, തെങ്ങിന്‍ തൈകളും, മാവും, സപ്പോട്ടയും, സുനിയും, ബാലേട്ടന്റെ അപ്പുവും എല്ലാം എനിക്ക് പ്രിയപ്പെട്ടവതന്നെ...

പ്രകൃതിയേയും, മണ്ണിനെയും അറിയാതെ, ശീതികരിച്ച മുറികളിലെ ദൃശ്യ വിസ്മയങ്ങളും കണ്ടു, ഇലക്ട്രോണിക് കളികോപ്പുകളുടെ ലഹരിയില്‍ മുഴുകുന്ന എന്‍റെ മക്കളുടെ നഷ്ടങ്ങള്‍ എത്ര വലുതെന്ന് ഞാന്‍ അറിയുന്നു.

4 comments:

 1. Feel really nostalgic. Had a trip to my small village while reading this article. Its done well....those days now will only be in our dairy notes......

  ReplyDelete
 2. ഓര്‍മ്മകളുടെ ആര്‍ദ്രത വായിച്ചനുഭവിക്കാന്‍‍ കഴിയുന്നുണ്ട് ഓരോ വരികളിലും. നമ്മെ ബാല്യകാല സ്മരണകളുടെ തൊടിയിലേക്ക്‌ കൈപിടിച്ച് നടത്തി പൊടിപിടിച്ചു കിടന്ന നനുത്ത സ്മൃതികളെ തൊട്ടുണര്‍ത്താന്‍ ഈ കുറിപ്പിന് സാധിച്ചിരിക്കുന്നു. എഴുത്തിലെ ശാലീനത ഓര്‍മ്മചിത്രങ്ങള്‍ക്ക് മിഴിവേറാന്‍ ഏറെ സഹായിച്ചിരിക്കുന്നു എന്നുംപറയാതെ വയ്യ. തുടര്‍ന്നും എഴുതുക. ആശംസകള്‍ ...

  ReplyDelete
 3. നല്ലെഴുത്തു തന്നെ... തുടരട്ടെ എഴുത്ത് വീണ്ടും...

  ReplyDelete
 4. ഓരോ ബാല്യവും ഓരോർത്തർക്കും മധുര സ്മരണകൾ തന്നെ.

  ReplyDelete