Sunday, April 10, 2011

വാരാന്ത്യ ചിത്രങ്ങള്‍...

ഒരു വര്‍ഷമായി മഞ്ഞു പെയ്യുന്ന ഈ നാട്ടില്‍ എത്തിയിട്ട്. ആഴ്ചകളും മാസങ്ങളും സൂപ്പര്‍ ഫാസ്റ്റിന്റെ വേഗതയിലാണ് കടന്നു പോകുന്നത്. തിങ്കള്‍, ഇവിടെ പുതിയ വാരത്തിന് തുടക്കമായി. വാരാന്ത്യം ഇത്ര പെട്ടന്ന്

ഓടി തീര്‍ക്കാന്‍ വാച്ചിലെ സൂചിക്കായിരുന്നു ധൃതിയെന്നു തോന്നി രാവിലെ അലാറം മുഴങ്ങിയപ്പോള്‍. വെള്ളിയാഴ്ച അന്തിയാവുന്നതും തിങ്കളാഴ്ച പുലരുന്നതും ഞൊടിയിടകൊണ്ടാണ്. കണ്ണ് തിരുമ്മി അടുക്കളയില്‍ എത്തി ഒരു ചായ കുടിക്കുമ്പോള്‍ മനസ്സില്‍ എന്‍റെ വാരാന്ത്യ ചിത്രം കോറിയിട്ടു നോക്കി..

മഞ്ഞു മൂടികിടക്കുന്ന ബാല്‍ക്കണിയിലേക്ക് സുര്യ വെളിച്ചം പതുക്കെ അലിഞ്ഞു ചേരുന്നത് നോക്കി സ്വയം മറന്ന് നില്‍ക്കുന്നത് വാരാന്ത്യങ്ങളിലാണ്. മറ്റു ദിവസങ്ങളില്‍ സമയം എന്നെ അതിനു അനുവദിക്കാറില്ലല്ലോ എന്നോര്‍ത്തപ്പോള്‍ തെല്ലൊരു ദേഷ്യത്തോടെയാണ്‌ ചുമരിലെ വാച്ചിനെ നോക്കിയത്. സൈബര്‍ ലോകത്തോടൊപ്പമുള്ള ചായ കുടി ഒരു ശീലമായി മാറിയിരിക്കുന്നു.
ഒഴിവു ദിനങ്ങളില്‍ കുറച്ചു കൂടുതല്‍ ആണെന്ന് മാത്രം. ഈ ചെറിയ ലോകത്തിന്‍റെ ഒരു കോണില്‍ നിന്ന് ഞാന്‍ ഉറങ്ങി എണീക്കുമ്പോഴേക്കും മറു ഭാഗം ഒരു പാട് ദൂരം മുന്നോട്ടു പോയിട്ടുണ്ടാവും. അവരോടൊപ്പം എത്താന്‍ ഒരു വിഫല ശ്രമം. പത്രപാരായണത്തിനിടക്ക് സ്ക്രീനില്‍ തെളിയുന്നവരുടെ പുഞ്ചിരി. വിശേഷങ്ങള്‍ കൈമാറുന്നതിനിടയിലും ചെയ്തു തീര്‍ക്കുന്ന വീട്ടു കാര്യങ്ങള്‍. ജീ ടോക്ക് മതില്‍ പുറത്തു നിന്ന് മാടി വിളിക്കുന്ന സ്നേഹ ബന്ധങ്ങള്‍ക്കും വാല്‍സല്യത്തിനും ചെവിയോര്‍ത്തു നാളെ കാണാം എന്ന് പറഞ്ഞു പിരിയുമ്പോള്‍ പുറത്തിറങ്ങാന്‍ അക്ഷമരായി മക്കള്‍ കാത്തു നില്‍ക്കുന്നുണ്ടാവും.

ആദ്യത്തെ സ്റ്റോപ്പ് ലൈബ്രറിയില്‍. പുതിയ ബുക്കുകളുടെ പേജ് മറിക്കുമ്പോള്‍ രാവിലെ തുടങ്ങിയ ഓട്ടത്തിന്റെ കിതപ്പ് മാറും. കമ്മ്യൂണിറ്റി സെന്‍ററിലെ പരിപാടികളില്‍ എത്തി നോക്കി തിരിച്ച് വീട്ടിലേക്ക്. വരുന്ന വഴിക്ക് പഞ്ചാബിയുടെ കടയില്‍ നിന്ന് പച്ചക്കറിയും,വാള്‍ മാര്‍ട്ടില്‍ ഹലാല്‍ മുദ്ര കഴുത്തില്‍ തൂക്കി കിടക്കുന്ന ചിക്കനും ബീഫും, ചൈനീസ് മീന്ക്കാരന്റെ ഫിഷ്‌ ടാങ്കില്‍ നിന്ന് മീനും, പെറുക്കി കൂട്ടി വീട്ടില്‍ എത്തുമ്പോഴേക്കും ഉച്ച ഭക്ഷണത്തിനുള്ള നേരം തെറ്റിയിട്ടുണ്ടാവും. മയങ്ങാന്‍ സമ്മതിക്കാതെ അനിയത്തി പ്രാവിന്‍റെ കുറുകല്‍.. വിശേഷത്തിന്റെ അരിമണി വിതറി, തലോടി മടങ്ങുമ്പോള്‍ മണി അഞ്ചു കഴിയും. പതിവ് നടത്തത്തിനായി കുടുംബവും ഒന്നിച്ചു അടുത്തുള്ള ബൈക്ക് ട്രൈലിലേക്ക്.

എട്ടു മണി പിന്‍വാങ്ങി തുടങ്ങുമ്പോള്‍ അത്താഴം. പാത്രങ്ങളോട് മല്ലിട്ട് യുദ്ധക്കളം വൃത്തിയാക്കി പിന്തിരിയുമ്പോള്‍ വായിക്കാനുള്ള പുസ്തകങ്ങളും മറുപടി കാത്തു കിടക്കുന്ന കത്തുകളും പിണങ്ങി പുറം തിരിഞ്ഞു നില്‍ക്കുന്നുണ്ടാവും ... പിന്നെ അവര്‍ക്കായി കുറച്ചു സമയം.

മടിച്ചു മടിച്ചു ഞായറാഴ്ച പുലരുമ്പോള്‍ വാതില്‍ക്കല്‍ മുട്ടി വിളിക്കുന്ന സുഹൃത്ത് ബന്ധങ്ങള്‍.. അടുക്കള ബഹളങ്ങള്‍, കുട്ടികളുടെ പരിപാടികള്‍, വൈകീട്ടത്തെ നടത്തം, സ്ക്രീനില്‍ ഉയരുന്ന മ്യാവു വിളികള്‍, പരിഭവങ്ങള്‍, പരാതികള്‍ എല്ലാം കൂടെ ചേര്‍ന്ന് പൂര്‍ണമാക്കുന്ന എന്‍റെ വാരാന്ത്യ ചിത്രം. പുലരുന്ന പുതിയ ആഴ്ചയുടെ രാവിലേക്ക് എന്നെ തള്ളിയിട്ടു ഞായറാഴ്ച വിടവാങ്ങുമ്പോള്‍ വീണ്ടും തിരക്കിന്‍റെ ചക്രം ഉരുളുകയായി.

വസന്തത്തിന്‍റെ വരവറിയിച്ചു കൊണ്ട് തണുത്തുറഞ്ഞ ചെടികളില്‍ പുതു നാമ്പുകള്‍ മൊട്ടിട്ടു തുടങ്ങിയിരിക്കുന്നു. വാരാന്ത്യ ചിത്രത്തിന് മിഴിവേകാന്‍ പ്രകൃതിയുടെ പ്രണയം നുണഞ്ഞു വിസ്മയമായ നയാഗ്രയിലേക്ക് അടുത്ത ആഴ്ച..

9 comments:

 1. കൊള്ളാം ഈ വാരാന്ത്യ കുറിപ്പ്....!!

  ReplyDelete
 2. വാരാന്ത്യം വളരെ മനോഹരമായിരിക്കുന്നു!!
  നല്ല ആഖ്യാനരീതി..

  ഇനിയും തുടരുക...

  ReplyDelete
 3. ente blogilekku varu, avide gauravamulla oru vishayam charcha ceyyunnundu......

  ReplyDelete
 4. വാരാന്ത്യ കുറിപ്പ് കൊള്ളാം...
  ആശംസകൾ.

  ReplyDelete
 5. തിരക്കുകളുടെ വാരാന്ത്യങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍
  ഈയിടെ ഒറ്റ മുങ്ങല്‍. മലമോളില്‍ പഴയൊരു വീട്ടില്‍. ഇപ്പോഴതൊരു റിസോര്‍ട്ട്. ഒറ്റക്കാവുന്നതിന്റെ ഉന്‍മാദത്തില്‍ വെറുതെ നടന്നു. പാട്ടു കേട്ടു. വായിച്ചു. ഒറ്റക്കിരുന്നു, പൂമരച്ചെടിക്കരികെ.
  എന്നാല്‍, അന്തി മയങ്ങഇയപ്പോള്‍ മടുത്തു ശരിക്കും.
  തിരക്കില്ലാതെ ഇനി കഴിയാനാവില്ലെന്ന് തോന്നി.

  ReplyDelete
 6. നന്ദി എല്ലാവര്‍ക്കും...
  ഒരില പറഞ്ഞത് ശരിയാണ്.. ഇപ്പോ ഈ തിരക്കുകള്‍ ഇല്ലാതെ വയ്യന്നായിരിക്കുന്നു..
  എന്നാലും ഇടക്കൊരു മാറ്റം?

  ReplyDelete
 7. കൊള്ളാം നല്ല വാരാന്ത്യക്കുറിപ്പ്...

  ReplyDelete