Saturday, May 14, 2011

മുല്ല പന്തലും തൊട്ടാവാടിയും...പാലക്കാടാണ് ഉമ്മാന്റെ വീട്. ആ തറവാടിനെ മാറ്റി നിര്‍ത്താന്‍ എനിക്കാവില്ല. മുല്ല പന്തലും, കുളവും, മൈലാഞ്ചിയും, മാവും എല്ലാത്തിനും പുറമേ പാലക്കാടന്‍ കാറ്റിന്റെ സുഖമുള്ള തഴുകലും.. ആച്ചിയും, ഏഷയും പിന്നെ ഞാനും മറ്റു കുരുന്നുകളുടെ നേതാക്കളായി. ഏഷ വികൃതികളുടെ സൂത്രധാരകന്‍ ആണെങ്കില്‍ ആച്ചി പാവമായിരുന്നു. ഞാന്‍ കാരണം ഇവര്‍ രണ്ടും അടി വാങ്ങിയിട്ടുണ്ട്.
ഒരിക്കല്‍ ഞങ്ങള്‍ മൂവര്‍ സംഘം കളിക്കാന്‍ ഇറങ്ങി. എന്‍റെ കൈയില്‍ ഒരു കളി പാവയുണ്ട്. മറ്റു രണ്ടുപേരും കൂടെ പന്തെറിഞ്ഞു കളിക്കുന്നു. പന്ത് ഉയരത്തില്‍ എറിഞ്ഞു ടെറസ്സിന്റെ ചെറു മതില്‍ തട്ടി തിരിച്ചു വീഴുന്നത് നോക്കി രസിക്കയാണ്. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ രണ്ടും കൂടെ എന്റെ അടുത്ത് വന്നു. പന്ത് ടെറസ്സില്‍ കുടുങ്ങി. എന്റെ കൈയിലുള്ള പാവയിലാണ് അവരുടെ കണ്ണ്‍. അവര്‍ക്ക് എറിഞ്ഞു കളിക്കാന്‍ ആ പാവ വേണം. എന്നെയും കൂട്ടാം എന്ന കരാറില്‍ പാവ ഞാന്‍ കൊടുത്തു. രണ്ട് പ്രാവശ്യം എറിഞ്ഞപ്പോള്‍ കുഴപ്പമിലാതെ പാവ തിരിച്ചു വന്നു. അടുത്തതവണ എറിഞ്ഞപ്പോള്‍ പാവ കുടുങ്ങി. എന്‍റെ മുഖം മാറി. ഞാന്‍ കരഞ്ഞാല്‍ ഇവര്‍ക്ക് വഴക്ക് കിട്ടും. അതുറപ്പ്‌. രണ്ടുപേരുടെയും അനുനയ ശ്രമങ്ങള്‍ വിജയം കണ്ടില്ല പകരം എന്‍റെ കരച്ചിലിന്റെ ആക്കം കൂടി. ഉടനെ ഏഷയും, ആച്ചിയും കൂടെ ടെറസ്സില്‍ കയറാന്‍ ഉള്ള ശ്രമം തുടങ്ങി. ഞങ്ങള്‍ കുട്ടികള്‍ക്ക് ടെറസ്സില്‍ പോകാന്‍ അനുവാദമില്ല. വീട്ടില്‍ ഉള്ള എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ഇവര്‍ രണ്ടും ടെറസ്സില്‍ എത്തി. അവരെ കണ്ടതും എന്‍റെ കരച്ചില്‍ നിന്നു. ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാന്‍ ഏല്‍പ്പിച്ചത് എന്നെയാണ്. ഏഷയുടെ നിര്‍ദേശ പ്രകാരം ആച്ചി മതിലിലേക്ക് ഏന്തി വലിഞ്ഞു പാവയെ എടുക്കാന്‍ ശ്രമിക്കുന്നു. പെട്ടെന്നാണ് കാലു വഴുതി ആച്ചി വീണത്‌. ഞാന്‍ കണ്ണും പൊത്തി ഒരോട്ടം! ഏഷ എത്തുമ്പോഴേക്കും ഞാന്‍ വിവരണം തമിഴ് കലര്‍ന്ന മലയാളത്തില്‍ തുടങ്ങി കഴിഞ്ഞിരുന്നു. ആച്ചിയെ തിരഞ്ഞു അമ്മായി പുറത്തേക്കു ഓടി. പമ്മി പമ്മി മുറ്റത്ത്‌ വീണു കിടക്കുന്ന ആച്ചിയെ കാണാന്‍ ഞാനും ഏഷയും എത്തി. എല്ലാവരും ഉണ്ട് പക്ഷേ ആച്ചി മാത്രം ഇല്ലാ. ഏഷയെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.. "അച്ചി വീണു ഞാന്‍ ഓടി.." എന്നിട്ട് ആച്ചി എവിടെ എന്നുള്ള ചോദ്യത്തിനു "ഞാന്‍ ഇവിടെയുണ്ടെന്ന്" മറുപടി. ശബ്ദം ആച്ചിയുടേത് തന്നെ. പക്ഷേ അവന്‍ എവിടെ? കാണാനില്ല... ആരും ഒന്നും ചെയ്യില്ല മോന്‍ എവിടെയാ എന്ന എളേമ്മയുടെ ഉറപ്പു കിട്ടിയപ്പോള്‍ വീണ്ടും ആ ശബ്ദം, "ഞാന്‍ ഇവിടെയുണ്ട് എനിക്കിറങ്ങാന്‍ പറ്റുന്നില്ല.." അപ്പോഴാണ്‌ ഞാന്‍ കണ്ടത് ആച്ചി മുല്ല പന്തലില്‍ കിടക്കുന്നു. കാല്‍ തെറ്റി വീണ ആച്ചി ക്രാഷ് ലാന്‍ഡ്‌ ചെയ്തത് മുല്ല പന്തലിലാണ്...

******************

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ തൊടിയിലൂടെ തിരഞ്ഞു നടക്കുന്ന എന്നെ കണ്ടു ഉമ്മ ചോദിച്ചു, " നീ എന്താ മോളേ തിരയുന്നത്? എന്തെങ്കിലും കളഞ്ഞു പോയോ?" തൊട്ടാവാടി ചെടിയെ തിരയുകയാണ് എന്ന മറുപടി കേട്ടു ഉമ്മ ചിരിച്ചു. "തൊടിയില്‍ ഇപ്പോ തൊട്ടാവാടി ഒന്നും ഇല്ലാ. അതൊക്കെ വേലായുധന്‍ കിളച്ചു കളയും. ചിലപ്പോ തറവാട്ടില്‍ കാണും, അറിയില്ല." എന്ന് പറഞ്ഞു ഉമ്മ വീട്ടിലേക്കു കയറി. തൊട്ടതിന്റെ പരിഭവത്തില്‍ ഇലകള്‍ കൂമ്പി കണ്ണടച്ച് നില്‍ക്കുകയും, മുള്ള് കൊണ്ട് വേദനയുടെ മധുരവും തന്ന ആ തൊട്ടാവാടികളെ എനിക്കിഷ്ടമായിരുന്നു.
കുട്ടിക്കാലത്ത് കളിയുടെ തിരക്കില്‍ കാലില്‍ ചോര പൊടിയിച്ചു, പാവാട തുമ്പില്‍ ചുവന്ന പൊട്ടുകള്‍ സമ്മാനിക്കുന്ന തൊട്ടാവാടികളെ ശ്രദ്ധിച്ചിരുന്നില്ല. കുളിക്കുമ്പോഴാണ് നീറ്റല്‍ അറിയുക. കണ്‍ കോണില്‍ പൊടിയുന്ന കണ്ണീര്‍ കണം കൊണ്ട് മുറിവുണക്കുമ്പോഴും തൊട്ടാവാടി ഒരു അത്ഭുതമായി മനസ്സില്‍ പതിഞ്ഞു. കാലിലെ ആ മുറിവുകള്‍ക്ക്‌ എന്‍റെ ബാല്യത്തിന്റെ നിറവുണ്ടായിരുന്നു..ബോട്ടണി ക്ലാസ്സുകളില്‍ തൊട്ടാവാടിയെ കുറിച്ച് പഠിക്കുമ്പോള്‍ അറിയാതെ കൈകള്‍ കാലിലെ മുറിവുകള്‍ തലോടിയിരുന്നു.

സൗഹൃദത്തിന്റെ ഉദ്യാനത്തില്‍ ഞാന്‍ അറിയാതെ തളിര്‍ത്ത ഒരു തൊട്ടാവാടി. ചിണുങ്ങിയും വേദനിപ്പിച്ചും അതങ്ങിനെ നില്‍ക്കട്ടെ, ഞാന്‍ അറിയാതെ ആരും കിളച്ചു കളയില്ലല്ലോ. സ്നേഹത്തിന്റെ പ്രകാശം ഏല്‍ക്കാതെ കരിഞ്ഞുണങ്ങി വീണ്ടും കണ്ണ് നിറക്കുമോ എന്നറിയില്ല.

8 comments:

 1. mubi, excellent about virgin village beauty of palakkad, your blog z good

  ReplyDelete
 2. കൊള്ളാം നന്നായിട്ടുണ്ട്.

  ReplyDelete
 3. ബാല്യത്തിന്റെ ഏതൊക്കെയോ മുല്ലപ്പന്തലുകളിലേക്കു കൂട്ടിക്കൊണ്ടുപോയി ഈ കുറിപ്പ്. പില്‍ക്കാലം ഓര്‍മ്മകളായി കൂടെ കൊണ്ടുനടക്കുന്ന കഥകളുടെ കുത്തൊഴുക്കു തന്നെ ഓരോരുത്തരുടെയും ബാല്യം. പഴയ വഴികളില്‍ നടക്കുമ്പോള്‍ ഇപ്പോഴുമറിയാം അന്നത്തെ വീഴ്ചകള്‍, കുരുത്തക്കേടുകള്‍, കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍, മറ്റാര്‍ക്കും മനസ്സിലാവാത്ത സങ്കടങ്ങള്‍..
  മറ്റു കുട്ടികള്‍ കളിക്കുന്നേരം മാറിയിരുന്നു സ്വപ്നം കാണുന്നൊരു കുട്ടി. പുസ്തകങ്ങളില്‍ വീണുപോയ കളിനേരങ്ങള്‍, സ്വപ്നങ്ങള്‍,ഭാവന കൊണ്ടുമാത്രം എത്തിപ്പിടിക്കാനാവുന്ന അപരലോകങ്ങള്‍. ഉള്ളില്‍ അക്ഷരങ്ങളും ചിത്രങ്ങഴും കഥകളും നട്ടുവളര്‍ത്തിയത് ആ ബാല്യം തന്നെയെന്നു തോന്നുന്നു.
  നന്ദി, ഓര്‍മ്മകളിലേക്കു ഇങ്ങനെയൊരു വാതില്‍ തുറന്നതിന്

  ReplyDelete
 4. Woh kaagaz ki kashthi...Woh baarish ka paani..

  ReplyDelete
 5. തൊട്ടാവാടികൾക്കിടയിൽ കളിക്കുന്ന ആ ബോട്ടണിക്കുട്ടിയെ ഇഷ്ടപ്പെട്ടു..

  ReplyDelete
 6. വായിച്ചു അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി....

  ReplyDelete
 7. ഒരു വല്ലാത്ത ഓര്‍മ്മപ്പെടുത്തല്‍
  ആശംസകള്‍

  ReplyDelete
 8. ചൂയിമൂയി എന്ന് കേട്ടപ്പോള്‍ ഞാന്‍ അന്തം വിട്ടു... ചെന്നു നോക്കുമ്പോള്‍ നമ്മുടെ തൊട്ടാവാടി...

  കുറിപ്പ് ഹൃദ്യം..

  ReplyDelete