Monday, April 16, 2012

കിനാവ്‌

ഓഫീസിലെ തിരക്കില്‍ ചോറുണ്ണാന്‍ മറന്നു പോയിരുന്നു. അപ്പോഴാണ്‌ മണി നാലായപ്പോള്‍ കുശലാന്വേഷണത്തിന് വിളിച്ച ആളോട് ഊണ് കഴിച്ചില്ല എന്ന സങ്കടം പറഞ്ഞത്. " ഇനിയെന്താ നിനക്ക് വാരി തരണോ?" എന്ന ചോദ്യവും ഫോണ്‍ കട്ടായതും ഒപ്പമായിരുന്നു.. വയറു വിശന്നാലും ആരെയും അറിയിക്കരുത് എന്ന ഒന്നാം പാഠം പഠിച്ചതിനോടൊപ്പം "ഇച്ചാന്‍റെ" ഓര്‍മ്മകള്‍ മനസ്സില്‍ അലകള്‍ ഉയര്‍ത്തി.

ഉമ്മാന്റെ വകയില്‍ ഒരു സഹോദരി എന്ന ബന്ധത്തിനേക്കാള്‍ ഉപരി ഇച്ച ഞങ്ങള്‍ക്ക് എല്ലാമായിരുന്നു. കുട്ടികളും മുതിര്‍ന്നവരും അവരെ "ഇച്ചാ" എന്ന് തന്നെയാണ് വിളിച്ചിരുന്നത്‌. .. ഒതുങ്ങി ഇരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല ഇച്ച. എപ്പോഴും ഓടിനടക്കുന്ന വെളുത്തു മെലിഞ്ഞ ആ രൂപവും കണ്‍കോണിലെ നേരിയ നനവും, മനസ്സില്‍ മായാതെ നില്‍ക്കുന്നു. തൊടിയും, കൃഷിയും, അടുക്കളയും കഴിഞ്ഞാല്‍ പിന്നെ തറവാട്ടിലേക്ക് പോകുന്ന വഴിക്ക് അവരെ കാണാന്‍ ഇറങ്ങുന്ന കൂടപ്പിറപ്പുകളുടെ കാലൊച്ചക്ക് ചെവിയോര്‍ത്തു ഇച്ച ജീവിച്ചു... ഉമ്മ മുതല്‍ ഞങ്ങള്‍ കുട്ടികള്‍വരെ എല്ലാവര്‍ക്കും ഇച്ച തന്നെ ചോറ് വാരിത്തരും. ഇച്ചാന്‍റെ വീട്ടില്‍ എപ്പോള്‍ പോയാലും ഈ ഒരു കാര്യത്തില്‍ അവര്‍ വാശി പിടിച്ചിരുന്നു. പൊതുവേ ചോറു വാരി കഴിക്കാന്‍ മടിയുള്ള ഞാന്‍ ഇച്ചാന്‍റെ വാശി കുറച്ചോന്നും അല്ല ആസ്വദിച്ചിട്ടുള്ളത്. "ന്‍റെ കുട്ടീടെ പള്ള നിറഞ്ഞോ" എന്ന് ചോദിച്ച് നീണ്ടു മെലിഞ്ഞ വിരലുകളില്‍ സ്നേഹം ഉരുട്ടി ഞങ്ങളെ ആവോളം ഇച്ച ഊട്ടി.......അതില്‍ തീര്‍ന്നില്ല ആ കുളിര്, തൊടിയിലെ അവരുടെ വിയര്‍പ്പിന്റെ ഫലങ്ങള്‍ കാറിന്റെ ഡിക്കിയില്‍ അടുക്കി വെച്ച്, എല്ലാവരുടെയും വയറും കണ്ണും നിറച്ച് ഇച്ച യാത്രയാക്കും. ഇച്ചാന്‍റെ സ്നേഹവാത്സല്യങ്ങള്‍ ആയിരുന്നു ആ കൊച്ചു വീടിന്‍റെ അടിത്തറ. എല്ലാവരുടെയും ഇഷ്ടങ്ങളും ഇഷ്ടകേടുകളും ഇച്ചാക്ക് മനപാഠമായിരുന്നു.

സ്നേഹത്തിന്‍റെ ഒരു പൊട്ടു പോലെ അവര്‍ മാഞ്ഞു പോയപ്പോഴും ഇച്ചാന്‍റെ ഇഷ്ടങ്ങള്‍ ആരെങ്കിലും അറിഞ്ഞിരുന്നോ? അതോ ഈ കൂടപ്പിറപ്പുകളെ സ്നേഹത്തില്‍ ഊട്ടി ഉറക്കുക എന്നതില്‍ കവിഞ്ഞു ഒരിഷ്ടവും ഇച്ചാക്കുണ്ടായിരുന്നില്ലേ?

ഇനിയൊരിക്കലും "ഇച്ചാ" എന്ന വിളി കേട്ടു തൊടിയില്‍ നിന്നു തട്ടവും വലിച്ചിട്ടു, കൈയ്യിലെ അഴുക്കു മുണ്ടില്‍ തുടച്ചു, "ന്‍റെ ബീമോളും കുട്ടികളും വന്നോ" എന്ന് ചോദിച്ച് ഓടിവരുന്ന എന്‍റെ ഇച്ചാനെ ഞാന്‍ കാണില്ല.. സ്നേഹത്തിന്‍റെ ഒരു വല്യ ഉരുള ഞങ്ങള്‍ക്കായി മാറ്റി വെച്ചു ഇച്ച പോയി... വെറുതെയാണെന്നറിഞ്ഞിട്ടും കൊതിച്ചു പോവുകയാണ്, ഒരു പകല്‍ കിനാവ്‌ പോലെ വറ്റാത്ത സ്നേഹത്തിന്‍റെ ചോറുരുളകള്‍ക്കായി....

7 comments:

  1. പതിരില്ലാത്ത സ്നേഹം അങ്ങിനെയാണ് .. പതിയെ പതിയെ ഒഴുകി ചെന്ന് കയറികൂടിയ മനസ്സുകളിലെല്ലാം നിഷ്കളങ്ക സ്നേഹത്തിന്റെ ഒരു ഉറവ സമ്മാനിക്കും ... അവര്‍ പിരിഞ്ഞു പോയാലും ആ ഉറവ പിന്നെയും ചുരത്തി കൊണ്ടേ ഇരിക്കും ....,
    ആ സ്നേഹത്തിന്റെ മധുരം ചാലിച്ച ഓര്‍മ്മകള്‍ ഈ മനസ്സുകള്‍ മരിക്കുവോളം പിറന്നു കൊണ്ടേ ഇരിക്കും ...
    പകര്‍ത്തിയ ഓര്‍മ്മകള്‍ ഹൃദയം നനച്ചു .... ഇനിയും എഴുതുക .....എല്ലാ ആശംസകളും

    ReplyDelete
  2. ആര്‍ദ്രമായ ഒരു ഓര്‍മ്മ അതിന്റെ നനവുകളൊന്നും ഉണങ്ങാതെ പകര്‍ത്തിയിരിക്കുന്നു....

    ReplyDelete
  3. Comment moderation has been enabled. All comments must be approved by the blog author.

    ഇത് ഒഴിവാക്കിക്കൂടെ....

    ReplyDelete
  4. സ്നേഹമാണഖിലസാരമൂഴിയില്‍!
    സ്നേഹത്തിനു പകരംവെയ്ക്കാന്‍ ഒന്നുമില്ല..തിരിച്ച് സ്നേഹം നല്‍കുക, മറ്റൊന്നുകൊണ്ടും അതിനെ തുലനം ചെയ്യാന്‍ കഴിയുകയില്ല!

    ReplyDelete
  5. സ്നേഹത്തിന്‍റെ ഒരു പൊട്ടു പോലെ അവര്‍ മാഞ്ഞു പോയപ്പോഴും ഇച്ചാന്‍റെ ഇഷ്ടങ്ങള്‍ ആരെങ്കിലും അറിഞ്ഞിരുന്നോ? അതോ ഈ കൂടപ്പിറപ്പുകളെ സ്നേഹത്തില്‍ ഊട്ടി ഉറക്കുക എന്നതില്‍ കവിഞ്ഞു ഒരിഷ്ടവും ഇച്ചാക്കുണ്ടായിരുന്നില്ലേ?

    നല്ല എഴുത്ത്. ഇനിയും പ്രതീക്ഷിയ്ക്കുന്നു

    ReplyDelete
  6. അനുഭവിച്ചു മതിയായില്ല ആ സ്നേഹം... നന്ദി ശലീര്‍, പ്രദീപ്‌, കൊച്ചുമുതലാളി, അരുണ്‍.... വായനക്കും അഭിപ്രായങ്ങള്‍ക്കും...

    ReplyDelete
  7. നല്ലൊരു സ്നേഹക്കുറിപ്പ് ....

    ReplyDelete