Tuesday, June 26, 2012

" ഇരാഞ്ചിരി പെരുമഴ...."



ഭര്‍ത്താവ്, രണ്ടു കുട്ടികള്‍, ഗള്‍ഫിലെ മൂന്നു മുറി ഫ്ലാറ്റില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. ജീവിതം സ്വര്‍ഗ്ഗതുല്യം...

എല്ലാവര്‍ക്കും ഒഴിവുള്ള ദിവസമാണ് വെള്ളിയാഴ്ച, എങ്കിലും പതിവ് തെറ്റാതെ അതിരാവിലെ എന്‍റെ അലാറം "അടിച്ചു മോളെ....." എന്ന സിനിമാ ഡയലോഗ് പോലെ മുഴങ്ങി. ഒരു പണിയും ഇല്ലല്ലോ വെറുതേ തിരിഞ്ഞാമതീലോ ഈ വാച്ചിന്റെ സൂചിക്ക്! ഇന്നെത്തെ കണി എങ്ങിനെയാണാവോ? അല്ലെങ്കിലും ഉപ്പുമാവില്‍ ഉപ്പിടാന്‍ മറക്കുന്നതിനും, കുക്കെറില്‍ പരിപ്പ് കരിഞ്ഞു പിടിക്കുന്നതിനും, ഇസ്തിരിയിട്ടു വെച്ച ഷര്‍ട്ടില്‍ മക്കളുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞു പോകുന്നതിനും കണിയെ പഴിക്കാതെ നിവര്‍ത്തിയില്ല...

"ചായ....................... " വാച്ചില്‍ മണി ഒന്‍പതു കിറുകൃത്യം. വാച്ചിന് തെറ്റിയാലും മൂപ്പര്‍ക്ക് സമയം തെറ്റൂലാ. ഉറക്കത്തിന്‍റെ ക്ഷീണം മാറാന്‍ സോഫയില്‍ വിശ്രമിക്കുമ്പോഴേക്കും ചായ കിട്ടണം. ചായ കൂട്ടാന്‍ തുടങ്ങിയപ്പോ കേട്ടു ബാത്ത് റൂമില്‍ നിന്നും മോന്റെ വിളി....ബെസ്റ്റ് ടൈമിംഗ്! അവിടെ വേറെ വല്ല അത്യാഹിതവും സംഭവിക്കുന്നതിനു മുന്നേ അങ്ങോട്ട്‌ പാഞ്ഞു. മകന്റെ അടുത്ത് നിന്നു എത്തിയപ്പോഴേക്കും ചായ തിളച്ചു പണി ഒരുക്കിയിരുന്നു. ഒപ്പം കരിഞ്ഞു വിറങ്ങലിച്ചു പോയ അപ്പവും കൂടെ നോക്കി ഇളിക്കുന്നു! "ഒന്ന് ശ്രദ്ധിക്കണേ.... " എന്ന് പറഞ്ഞിരുന്നെങ്കിലും ലോക പ്രശ്നങ്ങള്‍ അല്ലേ എന്‍റെ അടുക്കള പ്രശനങ്ങളെക്കാള്‍ വലുത്? എം. ബി. എ ക്ക് റാങ്ക് നേടിയിട്ടും എനിക്ക് ഇതുവരെ ഇതൊന്നും മനസ്സിലായിട്ടില്ല. ബുദ്ധിയുടെ ഏറ്റകുറച്ചില്‍ നടത്തുന്നത് റിപ്പോര്‍ട്ട്‌ കാര്‍ഡ്‌ ദിനത്തില്‍ ആണല്ലോ, അത് വരെ മക്കളുടെ കണക്കിലെ സംശയങ്ങള്‍ മൂളലില്‍ തന്നെ ...എന്തൊരു താളം. തെറ്റുന്നത് എന്‍റെ താളങ്ങളാണ്. മാര്‍ക്ക് കുറഞ്ഞാല്‍ "നിന്‍റെ ബുദ്ധി" കൂടിയാല്‍ "എന്‍റെ ബുദ്ധിയാ കുട്ടികള്‍ക്ക്."

ഫോണിനും വെള്ളിയാഴ്ച ഒഴിവു പ്രഖ്യാപിക്കണം എന്ന് ആരോടാണാവോ പറയേണ്ടത് ... ശ്വാസം വിടാതെ അടിച്ചോളും. എടുത്തു "ഹലോ" എന്ന് പറയണമെങ്കില്‍ ഞാന്‍ തന്നെ എത്തണം. വാക്യും ക്ലീനറിന്റെ അമര്ച്ചയിലും എനിക്ക് കേള്‍ക്കാം ആ മണിയടി... പക്ഷേ തൊട്ടടുത്ത്‌ ഇരിക്കുന്ന ആള്‍ കേട്ടിട്ടേയില്ല... "Light travels faster than sound" പഠിപ്പിച്ച ടീച്ചര്‍ക്കാണോ കേട്ട് പഠിച്ച എനിക്കാണോ തെറ്റിയത്? പരസഹായം ഇല്ലാതെ എന്നാണാവോ ഇവരൊക്കെ ജീവിക്കാന്‍ പഠിക്കാ? ഇനി അതിനു വല്ല കോളേജും തുടങ്ങുമോ ആവോ? ഗതികെട്ടാല്‍ ഏതു ഭാര്യയും തുടങ്ങും ഒരു യുണിവേര്സിറ്റി തന്നെ!! എന്ത് പറഞ്ഞാലും ഒരേ ഒരു ഉത്തരം മാത്രം, " ഉച്ചക്ക് ജോലി കഴിഞ്ഞെത്തിയാല്‍ വേറെ പണിയൊന്നും ഇല്ലല്ലോ? ഞാന്‍ അല്ലേ കഷ്ടപ്പെടുന്നത്?" ഇതിലും ഭേദം ജോലി സമയം പാതിരാത്രി വരെ നീളുന്നതാ...

ഇടി വെട്ടിയവന്റെ തലയില്‍ തേങ്ങാ വീണു എന്ന് പറഞ്ഞ പോലെയാണ് വെള്ളിയാഴ്ച ദിവസങ്ങളില്‍ ഉള്ള ക്രിക്കറ്റ്‌ മത്സരത്തിന്റെ ടെലികാസറ്റ്‌... സ്കോര്‍ അറിയാന്‍ ചെവി കൂര്‍പ്പിച്ചിരിക്കുമ്പോഴതാ വിവരദോഷിയായ എന്റെ കുക്കര്‍ നിര്‍ത്താതെ ചൂളം വിളിക്കുന്നു.... "തേങ്ങേടെ മൂഡ്‌" എന്ന പറച്ചിലും, പറപറന്ന പേപ്പറും, "പോയി ഇരുന്നു പഠിക്കെടാ" യെന്നു മകനോടുള്ള ആക്രോശവും ഒന്നിച്ചായിരുന്നു.... "Three in one!"

തീര്‍ക്കാന്‍ ബാക്കിയുള്ള വീട്ടു ജോലികള്‍ തീര്‍ക്കുന്നതിനിടെ ഓര്‍മയില്‍ തികട്ടി വന്നത് നാട്ടില്‍ പാടത്ത് പണിക്കു വന്ന പെണ്ണിനോട് "സുഖാണോ" എന്ന ചോദ്യത്തിനു കിട്ടിയ മറുപടിയാണ്

" ഇരാഞ്ചിരി പെരുമഴ
ഏത്തോന്‍ച്ചോട്ടില്‍ അടുപ്പ്
ഇണ്ണിത്തണ്ട് വിറക്
കരയണ കുട്ടി
തല്ല്ണ മാപ്പള
ചൂടുള്ള കഞ്ഞി
എരീണ .. ചമ്മന്തി .........." സുഖാണ് ന്‍റെ കുട്ടിയെ! അതെ എനിക്കും സുഖാണ്........

15 comments:

  1. ഹിഹിഹി..
    “വെറുതെ ഒരു ഭാര്യ” ആണല്ലേ..!
    കുറച്ച് ഭാവന ചേര്‍ത്ത് ഒന്നുകൂടി ഇലാബൊറേയ്റ്റ് ചെയ്തെഴുതിയിരുന്നെങ്കില്‍ നല്ലൊരു കഥയായേനെ..!

    ഇത്തരമൊരു ജീവിതരീതി, കുടുംബമായി ജീവിയ്ക്കുന്ന എല്ലാ പ്രവാസികളിലും കണ്ടുവരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതുവായിയ്ക്കുമ്പോള്‍ ഓര്‍മ്മ വന്നത് വേറെ ചില മുഖങ്ങളാണ്.. :-) എന്തായാലും ത്രീ ഇന്‍ വണ്‍ കലക്കി (പിരിവെട്ടിയാല്‍ വേറെ എന്താലേ ചെയ്യാ..!)

    ReplyDelete
  2. ഒരു അവിയല്‍ പോലെ എഴുതി. എന്നാലെന്താ .. അവിയല്‍ നല്ല ഒരു കോട്ടം ആണ്.
    പ്രത്യേകിച്ചും ഇരാഞ്ചിരി പെരുമഴ വളരെ നന്നായി .

    ReplyDelete
  3. ഈരാഞ്ചേരി മഴ എന്നു പറയുമായിരുന്നു നാട്ടിലെ പ്രായമുള്ളവര്‍. പണ്ട്. ഒരു പാടു നാള്‍ക്കുശേഷം ഈ വാക്ക് ഇപ്പോള്‍ വീണ്ടും കേട്ടു. തികച്ചും വ്യത്യസ്തമായ മറ്റൊരു കോണ്‍ടെക്സ്റ്റില്‍. നിത്യജീവിതത്തിന്‍െറ തുളുമ്പലില്‍.

    ReplyDelete
  4. ഒരു യാത്രയിലായിരുന്നു, ഇന്ന് തിരിച്ചെത്തി... വായിച്ചു അഭിപ്രായം പറഞ്ഞ Rashi, Kanakkor, ഒരില, കൊച്ചു മുതലാളി നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.

    ReplyDelete
  5. ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

    ReplyDelete
  6. ഇടക്കൊന്നു മുടങ്ങി,അടുക്കളയില്‍ ഞങ്ങള്‍ മലയാളി പുരുഷന്മാര്‍ കയറില്ല,സ്ത്രീകളുടെ അവകാശത്തില്‍ കടന്നു കയറി എന്ന പരാതി ഒഴിവാക്കാന്‍ വേണ്ടിയാണ്

    ReplyDelete
  7. " ഇരാഞ്ചിരി പെരുമഴ
    ഏത്തോന്‍ച്ചോട്ടില്‍ അടുപ്പ്
    ഇണ്ണിത്തണ്ട് വിറക്
    കരയണ കുട്ടി
    തല്ല്ണ മാപ്പള
    ചൂടുള്ള കഞ്ഞി
    എരീണ .. ചമ്മന്തി .........." സുഖാണ് ന്‍റെ കുട്ടിയെ! അതെ എനിക്കും സുഖാണ്........


    അദ്ദാണ് അതാണ് സുഖമെന്ന് പറയുന്നത്

    പനിയും തല വേദനയുമായതിനാൽ ലീവായിരുന്നു, പോസ്റ്റുകളെല്ലാം ഇപ്പോഴാണ് ഓരോന്നായി വായിക്കുന്നത്...

    തനിമയുള്ള എഴുത്തിന് ആശംസകൾ മാളൂ

    ReplyDelete
  8. മൊഹി പെട്ടെന്ന് അസുഖം മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
    NPT, വാര്‍ത്ത‍, ജയരാജ്‌ വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി...

    ReplyDelete
  9. സുരേഷ് ഗോപിയുടെ വാക്കുകള്‍ കടമെടുത്തു പറയുന്നു , " ഈ പോസ്റ്റ്‌ ഒരു ഭാര്യയുടെ രോദനം രോദനം രോദനം... "
    കലക്കി കേട്ടോ.. നല്ല അവതരണം.. :)

    "ഇരാഞ്ചിരി പെരുമഴ
    ഏത്തോന്‍ച്ചോട്ടില്‍ അടുപ്പ്
    ഇണ്ണിത്തണ്ട് വിറക്
    കരയണ കുട്ടി
    തല്ല്ണ മാപ്പള
    ചൂടുള്ള കഞ്ഞി
    എരീണ .. ചമ്മന്തി .........." ഇത് വല്ലാതെ ഇഷ്ട്ടായി.. :)

    ReplyDelete
    Replies
    1. ഫിറോസ്‌, ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം. പണ്ടത്തെ ആളുകള്‍ പറയുന്നതാ.

      Delete
  10. " ഇരാഞ്ചിരി പെരുമഴ
    ഏത്തോന്‍ച്ചോട്ടില്‍ അടുപ്പ്
    ഇണ്ണിത്തണ്ട് വിറക്
    കരയണ കുട്ടി
    തല്ല്ണ മാപ്പള
    ചൂടുള്ള കഞ്ഞി
    എരീണ .. ചമ്മന്തി .........." സുഖാണ് ന്‍റെ കുട്ടിയെ! അതെ എനിക്കും സുഖാണ്........
    ഹി ഹി ..മുമ്പ് എന്നോ കേട്ടിട്ടുണ്ട്
    അതിലേറെ പഞ്ച് കിട്ടിയത് ആ "ത്രീ ഇന് വൻ" പ്രയോഗം ആണ് .

    ReplyDelete
  11. തന്നെ തന്നെ ഇരാഞ്ചിരി മഴ തന്നെ..

    ReplyDelete