Sunday, September 30, 2012

ഒരു വിളി കേട്ടാല്‍.., ഒരു മൊഴി കേട്ടാല്‍


ഇ മഷി രണ്ടാം ലക്കത്തില്‍  പ്രസിദ്ധീകരിച്ചത്

പണ്ട്  വീടിന്‍റെ കോലായില്‍ ഇരുന്നു പാഠപുസ്തകത്തില്‍  നിന്ന് "കാനഡ" യെ  കുറിച്ചുള്ള വിവരണങ്ങള്‍ വായിച്ചു പഠിക്കുമ്പോള്‍ ഇതേതു അത്ഭുതലോകമാണ് എന്ന് തോന്നലായിരുന്നു. വന്നിട്ട് രണ്ടു വര്‍ഷത്തില്‍ ഏറെ ആയെങ്കിലും ഇപ്പോഴും തോന്നലില്‍ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മീതെ അറേബ്യയുടെ ചൂടും ചൂരും അറിഞ്ഞ ഞാന്‍ ഈ തണുപ്പില്‍ വിറങ്ങലിച്ചു നിന്നു. 2008 ലാണ് ഞങ്ങള്‍ ആദ്യമായി ഇവിടെ വന്നത്. അന്ന് മുതല്‍ ഇന്ന് വരെ ഈ നാടും ഇവിടുത്തെ മനുഷ്യരും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.  സ്ഥിരതാമസത്തിനുള്ള അനുമതി നേടിയിരുന്നെങ്കിലും വ്യക്തമായ ഒരു തീരുമാനം ഞങ്ങള്‍ എടുത്തിരുന്നില്ല. നാല്‍പ്പതു ദിവസത്തെ ഒഴിവുകാലം ചിലവഴിച്ചു  പ്രകൃതി വിസ്മയമായ നയാഗ്ര വെള്ളച്ചാട്ടവും, ഓറഞ്ചും ചുവപ്പും ഇടകലര്‍ന്ന നിറങ്ങളിലേക്കുള്ള  ഇലകളുടെ നിറമാറ്റവും, തണുപ്പും, അനുഭവിച്ചറിഞ്ഞ് ഞങ്ങള്‍ മടങ്ങി. 


പിന്നീട് രണ്ടു വര്‍ഷത്തിനുശേഷം സൗദിയില്‍ നിന്ന് വിസ റദ്ദാക്കി വരുമ്പോള്‍ മനസ്സിലെ ചൂട് പുറത്തെ മഞ്ഞുരുക്കാന്‍ മാത്രം പോന്നതായിരുന്നു. പുതിയ നാട്, സംസ്ക്കാരം, ആളുകള്‍, ജോലിക്കായുള്ള അലച്ചില്‍ ഇതെല്ലാം ഒരിക്കല്‍ അനുഭവിച്ചതാണെങ്കിലും വീണ്ടും ആദ്യം മുതല്‍ തുടങ്ങുക എന്നത് ഏറെ ശ്രമകരമായിരുന്നു. അന്നും ഇന്നും ഞങ്ങള്‍ക്ക് സൗഹൃദത്തിന്റെ തണല്‍ വിരിച്ച് തന്നത് സുഹൃത്തായ ഇനാംഖാനും കുടുംബവുമാണ്. അതിര്‍ത്തികള്‍ വേലികെട്ടി തിരിക്കാത്ത സ്നേഹ ബന്ധം! കുടുംബസമേതം ഞങ്ങള്‍ വരുന്ന വിവരം  വിളിച്ചു പറഞ്ഞപ്പോള്‍ "നിങ്ങള്‍ വരുമ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടാവില്ല" എന്ന് പറഞ്ഞൊഴിഞ്ഞ  വളരെ കാലമായി അടുത്തറിയാവുന്ന വ്യക്തിയില്‍  നിന്ന് തുടങ്ങി കനേഡിയന്‍ പഠനം. ഇനാം എന്ന തണല്‍ വൃക്ഷത്തിനു ചുവട്ടില്‍ ഞങ്ങള്‍ സുരക്ഷിതരായിരുന്നു. പുതിയ വീടെടുത്തു താമസം മാറിയിട്ടും ഇവിടുത്തെ കാര്യങ്ങള്‍ക്കും മറ്റും  സഹായങ്ങള്‍ ചെയ്തു തന്നത് അതിര്‍ത്തിക്കപ്പുറത്തെ സൗഹൃദങ്ങള്‍ തന്നെ. 

കുടിയേറ്റക്കാര്‍ അധികമുള്ള  കാനഡയില്‍ വേഷഭൂഷാദികളിലും, ഭാഷയിലും, പെരുമാറ്റങ്ങളിലും വൈവിദ്ധ്യങ്ങള്‍ ഏറെയാണ്. ഒരിക്കല്‍ സകുടുംബം ഞങ്ങള്‍ നടക്കാന്‍ ഇറങ്ങി. കൊച്ചു കൊച്ചു സംഭാഷണങ്ങളിലും ചിരിയിലും മുഴുകി ഞങ്ങള്‍ നടക്കുകയാണ്, ഇടയ്ക്കു എപ്പോഴോ ഒരു സ്ത്രി ഞങ്ങള്‍ക്ക് മുന്നിലൂടെ കടന്നു പോയി. പെട്ടെന്ന് അവരെ കണ്ടപ്പോള്‍ മുഖത്തെ പുഞ്ചിരി മായിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല.  കുറച്ചു ദൂരം പിന്നിട്ട അവര്‍ എന്നെ വിളിച്ച് "എന്തിനാ ചിരിച്ചത്, നിനക്ക് എന്നെ പരിചയമുണ്ടോ" എന്നൊക്കെയായി.. അവരോടു ചിരിച്ചത് പോലും  മറന്നു പോയിരുന്നു. ഉത്തരം മുട്ടിപോയ ഞാന്‍  "സോറി" എന്ന് മാത്രം പറഞ്ഞു തിരിഞ്ഞു നടന്നു. ആ സ്ത്രിയുടെ പെരുമാറ്റവും ചോദ്യവും എന്നെ  വളരെ അസ്വസ്ഥമാക്കി. പിന്നീടൊരിക്കല്‍ അവരെ ബസ്സില്‍ വെച്ച് കാണാന്‍ ഇടയായി. ഇരിക്കാന്‍ അവരുടെ അടുത്ത് സ്ഥലമുണ്ടായിട്ടും  അവിടെ ഇരിക്കുകയോ അവരുടെ മുഖത്ത് നോക്കുകയോ ചെയ്തില്ല. അടുത്തിരിക്കാന്‍ അവര്‍ ക്ഷണിച്ചെങ്കിലും കാണാത്തത് പോലെ ഞാനും നിന്നു. ബസില്‍ നിന്ന് ഇറങ്ങി പോകുമ്പോഴും അവര്‍ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അപരിചിതരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കരുതല്ലോ? 

മലയാളികളുടെ ഒരു കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ഒരു സുഹൃത്ത്‌ ഞങ്ങളെ കൊണ്ടുപോയി. നാട്ടുകാരെ കാണാനുള്ള അവസരമല്ലേ മടിച്ചില്ല. കുറെ പേരെ കണ്ടു. ചിരിക്കാന്‍ അപ്പോഴും പേടിയായിരുന്നു. കുറച്ചു പേര്‍ വന്നു സംസാരിച്ചു, മറ്റു ചിലര്‍ കണ്ടിട്ടും കണ്ടില്ല എന്ന മട്ട്. ചിലരാകട്ടെ, "വിളിക്കൂ" എന്ന് പറഞ്ഞു തന്ന ഫോണ്‍നമ്പറുകള്‍ പലതും ശബ്ദിച്ചില്ല അഥവാ തിരക്കിലായിരുന്നു.പിന്നീടൊരിക്കല്‍ പുതിയ താമസസ്ഥലത്തിനടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയതായിരുന്നു ഞങ്ങള്‍, കടയില്‍ വെച്ച് മലയാളം സംസാരിക്കുന്ന ദമ്പതികളെ കണ്ട്, സന്തോഷത്താല്‍ മതിമറന്ന് പരിചയപ്പെടാന്‍ മുന്‍കൈയെടുത്തത് ഞാന്‍ തന്നെ. പേരും നാടും ചോദിച്ചറിഞ്ഞ ശേഷം അടുത്ത ചോദ്യം "ജോലിയെന്താ" എന്നതായിരുന്നു. "ഇപ്പോ വന്നതേയുള്ളൂ, ജോലി ഒന്നും ആയില്ല" എന്ന മറുപടി കേട്ട ഉടനെ, " ചേട്ടാ, കുഞ്ഞിനു ഒരു സാധനം കൂടെ എടുക്കാന്‍ ഉണ്ടായിരുന്നു...." എന്ന് പറഞ്ഞു ആ സ്ത്രീ അവരുടെ ഭര്‍ത്താവിനെ വിളിച്ചോണ്ട് പോയി. സംസ്കാരിക ആഘാതങ്ങള്‍ ഓരോന്നായി ഏറ്റു വാങ്ങുകയായിരുന്നു. അതിര്‍ത്തി കടന്നു വീശിയ കുളിര്‍ കാറ്റ് ഈ ആഘാതങ്ങളെ മറികടക്കാന്‍ എനിക്ക് സഹായകമായിട്ടുണ്ട്. 

ഇന്ന്  ശ്രദ്ധയോടെ വേരുറപ്പിച്ചു തുടങ്ങിയ  ബന്ധങ്ങള്‍ ഇവിടുത്തെ സ്ട്രോബെറികള്‍ പോലെ മധുരിച്ചു തുടങ്ങിയിരിക്കുന്നു. നടക്കാന്‍ പോകുമ്പോള്‍ കണ്ടു പരിചയപ്പെട്ട ഒരാള്‍ മഞ്ഞുകാലം തുടങ്ങുന്നതിനു മുന്‍പായി കാലാവസ്ഥയുടെ മട്ടും ഭാവവും, എടുക്കേണ്ട മുന്‍കരുതലുകളും ഓര്‍മ്മപ്പെടുത്തി കൊണ്ട് ഇമെയില്‍ സന്ദേശം അയച്ചു ഞങ്ങളെ അത്ഭുതപ്പെടുത്തി.  മകന്‍റെ സ്കൂളിലെ ആദ്യത്തെ രക്ഷിതാക്കളുടെ  മീറ്റിങ്ങ് കഴിഞ്ഞ് പ്രധാന ഹാളില്‍ എത്തിയപ്പോള്‍ കുട്ടികളെ കൊണ്ട് അവരുടെ മാതൃഭാഷ ബോര്‍ഡില്‍ എഴുതിക്കുകയാണ് സ്കൂളിലെ ഒരധ്യാപിക.  "മലയാളം" ഉണ്ടാവില്ല എന്ന് പറഞ്ഞ ഞങ്ങളോട് ചുവന്ന കാര്‍ഡില്‍ "മലയാളം" എന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിവെച്ചത് അവര്‍ കാണിച്ചു തന്നു. താഴെ മകന്‍റെയും ഉപ്പയുടെയും പേരെഴുതി ഞങ്ങള്‍ മറ്റേ മലയാളിയെ തിരഞ്ഞു കണ്ടു പിടിച്ചു. അകലങ്ങളിലേക്ക് പറിച്ചു നട്ട, മത്തിയെ സ്നേഹിക്കുന്ന ആ തിരൂര്‍ക്കാരന്റെ തിരിച്ചു വരവിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.  മഞ്ഞ് പെയ്യുന്ന ഒരു ദിവസം ജിദ്ദയില്‍ വെച്ച് നഷ്ടപ്പെട്ട ഒരു സൌഹൃദത്തെ തേടി കുറെ ദൂരം ട്രെയിനില്‍ യാത്ര ചെയ്തത്  ഓര്‍ക്കുന്നു. പൊള്ളുന്ന അനുഭവങ്ങള്‍ ഉള്ളതു കൊണ്ടാവും അവിടെ എത്തി അവരെ കാണുന്നത് വരെ മനസ്സ് കൊണ്ട്  യാത്രയെ മാത്രമാണ് ഞാന്‍ സ്നേഹിച്ചത്. 

ശ്രിലങ്കന്‍ കുടിയേറ്റക്കാരായ ചില തലമുതിര്‍ന്ന ആളുകളെ വഴിയില്‍ വെച്ച് കാണാറുണ്ട്.  ഇന്നും അവര്‍ വേഷത്തിലും പെരുമാറ്റത്തിലും  പഴമയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നവരാണ്. എപ്പോള്‍ കണ്ടാലും കുശലം ചോദിക്കാന്‍ മടിക്കാറില്ല. അതുകൊണ്ട് തന്നെ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞും ചോദിച്ചും നടന്നു നീങ്ങുമ്പോള്‍ അവര്‍ തിരിച്ചു നല്‍ക്കുന്ന പുഞ്ചിരി വിലമതിക്കാനാവാത്തതാണ്.  ഇവിടെ ഏറെക്കാലമായുള്ള ഒരു സുഹൃത്ത്‌ പറഞ്ഞത് ഓര്‍മ്മ വരുന്നു,  "രണ്ടു മാസം കൊണ്ട് കനേഡിയന്‍ ആകുന്നവര്‍ക്കിടയില്‍ നിന്ന് ഭൂമിയോളം താഴ്മയും വിനയവും ഉള്ളവരെ അപൂര്‍വ്വമായെ കാണൂ." 

മലയാളികളില്‍ മിക്കവരും ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരാണ്. കൊടും ചൂടില്‍ നിന്ന് കൊടും തണുപ്പിലേക്കുള്ള  കാലാവസ്ഥാ മാറ്റം പോലെ തന്നെയാണ് മറ്റു പലതും. ജോലി, പരിചയിച്ച ചുറ്റുപാടുകള്‍ എല്ലാം ഈ വ്യതിയാനത്തില്‍ പെട്ട് ഉഴലും. ജോലി കിട്ടാനുള്ള കടമ്പകള്‍ ഏറെ.. പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ളതാണ് "കാനഡയില്‍ ജോലിക്ക് അപേക്ഷിക്കല്‍ തന്നെ ഒരു ജോലിയാണ്" എന്നത്. എഞ്ചിനീയര്‍, നഴ്‌സ്, ഡോക്ടര്‍, ടീച്ചര്‍, തുടങ്ങിയ പല തൊഴിലുകള്‍ക്കും "നോര്‍ത്ത്‌ അമേരിക്കന്‍" ഡിഗ്രി" നിര്‍ബ്ബന്ധമുള്ളതാണ് ഒട്ടുമിക്ക കുടിയേറ്റക്കാരെയും പ്രതിസന്ധിയില്‍ ആക്കുന്നത്. തുടക്കത്തില്‍ മറ്റു പല ചെറിയ ജോലികളും ചെയ്തു ഇവിടുത്തെ തൊഴില്‍ മേഖലയും ഭാഷയും പഠിച്ച് പതിയെപ്പതിയെ സ്വന്തം തൊഴിലിലേക്ക് കടക്കുകയാണ് പലരും ചെയ്യുക. 

ഗള്‍ഫിലെ നല്ല ജോലിയും,  ബന്ധുമിത്രാദികളെയും ഉപേക്ഷിച്ചു ഇവിടെ വരുന്ന പലര്‍ക്കും ഈ വിഷമതകള്‍ താങ്ങാവുന്നതിലും അപ്പുറമാണ്. പെട്ടെന്ന് നാട്ടിലേക്ക് പറന്നെത്താന്‍ കഴിയാത്തത് പോലെ തന്നെ, നാടിനെ ഏറ്റവും കൂടുതലായി  നഷ്ടപ്പെടുന്നതും ഇവിടെയുള്ള പ്രവാസികള്‍ക്കാണ്. ഓരോ  പുഞ്ചിരിയും വേനല്‍ മഴ പോലെ ആശ്വാസത്തിന്റെ കുളിരാകുന്നത് അത് കൊണ്ടാണ്. പ്രവാസം ഒരു യാത്രയാണ്. ചൂടുള്ള മണല്‍ കാറ്റേറ്റാലും, കൊടും തണുപ്പേറ്റാലും, യാത്രയിലെ അനുഭവങ്ങള്‍ക്ക് മാറ്റമേകുന്നത് സഹയാത്രികരുടെ മനോഭാവങ്ങളാണ്. അത് ചവര്‍ച്ചും മധുരിച്ചും അങ്ങിനെ നീളും.....


37 comments:

 1. മനോഹരം ,ഹൃദ്യം,

  ReplyDelete
  Replies
  1. സന്തോഷം, ആദ്യ വായനക്കും അഭിപ്രായത്തിനും...

   Delete
 2. കുടിയേറ്റത്തിന്റെ അനുഭവങ്ങൾ നന്നായി വിവരിച്ചിരിക്കുന്നു... ഗൾഫിന്റേതു അല്ലാത്ത വിവരണങ്ങൾ പൊതുവെ കുറവാണു എന്നത്കൊണ്ട് ഇതൊരു പുതിയ അനുഭവമായി...

  പല അതിരുകളും അപ്രസക്തമാകുന്നതും പുതിയ അതിരുകൾ വരക്കപ്പെടുന്നതും എങ്ങനെയെന്നും അറിയുന്നു...

  ഭാവുകങ്ങൾ...!

  - Omar Sherif

  ReplyDelete
  Replies
  1. കുറെ കാലത്തിനു ശേഷം ഇവിടെ കണ്ടതില്‍ സന്തോഷം ഒമര്‍., നന്ദി.

   Delete
 3. Mubi....appropriate ingredients ...well served ...and of course ......... mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmTastes gooooooooooooooooooooooooooood......
  luv rasheed

  ReplyDelete
 4. ഇഷ്ട്ടായി ...

  ചവര്ച്ചും മധുരിച്ചും പ്രവാസമങ്ങിനെ നീളട്ടെ...
  ഇതൊക്കെ തന്നെയല്ലേ ജീവിതം

  ഹൃദ്യമായ വിവരണം..... മുബി

  ReplyDelete
  Replies
  1. നന്ദി വേണുവേട്ടാ

   Delete
 5. ""പ്രവാസം ഒരു യാത്രയാണ്.
  ചൂടുള്ള മണല്‍ കാറ്റേറ്റാലും, കൊടും തണുപ്പേറ്റാലും,
  യാത്രയിലെ അനുഭവങ്ങള്‍ക്ക് മാറ്റമേകുന്നത്
  സഹയാത്രികരുടെ മനോഭാവങ്ങളാണ്.
  അത് ചവര്‍ച്ചും മധുരിച്ചും അങ്ങിനെ നീളും.....""
  വരികള്‍ക്കിടയില്‍ ഗദ്ഗദം കണ്ടു മുബീ ..
  പ്രവാസത്തിന്റെ പല പല മുഖങ്ങള്‍
  ഈ വരികളിലൂടേ പല വട്ടമായീ വായിക്കുന്നു ..
  വളരെ ലളിതമായീ അതു പകര്‍ത്തപെടുന്നുണ്ട് ഇവിടെ ..
  മത്തിയേ സ്നേഹിക്കുന്ന തിരൂര്‍ക്കാരനും ,
  ഒന്നും പ്രതീക്ഷിക്കാതെ കാലവസ്ഥ വ്യതിയാനത്തിന്റെ
  മുന്‍ കരുതലുകള്‍ പറഞ്ഞു തന്ന ആ നല്ല മനുഷ്യനുമൊക്കെ
  ഉള്ളില്‍ എന്തൊ തരം വികാരപരമായ മുഖം കൊണ്ടു തന്നു ...
  എന്തൊക്കെ കണ്ടാലും കേട്ടാലുമാണ് ഒരു ജീവിതം തീരുക ..
  നാമൊക്കെ എത്ര സ്വാര്‍ത്ഥരാണല്ലേ , നാളെ വഴിയില്‍ വീണു പൊകേണ്ടവര്‍
  എന്തിനിങ്ങനെ മുഖം തിരിക്കുന്നുവല്ലെ , ഒരു പുഞ്ചിരിക്കു പൊലും പിശുക്കി ..
  എനിക്ക് ഈ പൊസ്റ്റ് വല്ലാതങ്ങ് ഇഷ്ടായേട്ടൊ മുബീ .. സ്നേഹാശംസകള്‍ ..

  ReplyDelete
  Replies
  1. എഴുതിയ ആളിന്‍റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട്‌ എഴുതുന്ന റിനിയുടെ കമന്റുകള്‍ ഹൃദ്യം..

   Delete
 6. വളരെ ലളിതമായി ഭംഗിയായി എഴുതീരിക്കുന്നു.
  എന്തിനു വേണ്ടിയാണെങ്കിലും ഒരാളുടെ നേരെ മുഖം തിരിക്കുമ്പോള്‍ ,
  അതും അപരിചിതമായ സ്ഥലത്ത്.
  അവരുടെ ആ വേദന,ആരെങ്കിലും അറിയുന്നുണ്ടോ.
  അതോ അറിഞ്ഞാലും അറിഞ്ഞതായി ഭാവിക്കത്തതോ .
  ആവുന്ന സഹായം ചെയ്തു കൊടുക്കാന്‍ എന്നും നമ്മുക്കാവട്ടെ.
  അത് വാക്കുകള്‍ കൊണ്ടായാലും ,പ്രവൃത്തികള്‍ കൊണ്ടായാലും.
  ഞാന്‍ ഈ വഴി ആദ്യായിട്ടാണ്‌.
  ഒരുപാടിഷ്ട്ടായി.

  ReplyDelete
  Replies
  1. നീലിമ നന്ദി, ഈ വഴി വന്നതിനും അഭിപ്രായം പങ്കുവെച്ചതിനും...

   Delete
 7. മ്മളേം കൊണ്ടോവോ മുബീ, ജെദ്ദേന്നു കാനടെക്ക്?

  ReplyDelete
  Replies
  1. അതിനെന്താ പോന്നോളൂ..

   Delete
 8. ഒരു പുനരധിവാസത്തിന്റെ കഥ.
  നേരിട്ട പ്രതിസന്ധികള്‍ , അനുഭവങ്ങള്‍ , സന്തോഷങ്ങള്‍ , സങ്കടങ്ങള്‍ .
  വിത്യസ്തമായ മുഖഭാവം ഉള്ള മനുഷ്യര്‍ , അവരുടെ പ്രകൃതം.
  സൗഹൃദത്തിനു നേരെ മുഖം തിരിക്കുന്നവര്‍ , ചേര്‍ത്ത് നിര്‍ത്തുന്നവര്‍ .
  പ്രവാസത്തിന്റെ മരവിപ്പ്,
  നന്നായി എഴുതി മുബി
  ആശംസകള്‍

  ReplyDelete
  Replies
  1. "ഒരു പുനരധിവാസത്തിന്റെ കഥ" ശരിയാണ് മന്‍സൂര്‍

   Delete
 9. കൊള്ളാം.. നന്നായിട്ടുണ്ട്...ആശംസകള്‍...!

  ReplyDelete
  Replies
  1. നന്ദി രാജേഷ്കുമാര്‍

   Delete
 10. ചില വരികള്‍ മനസ്സില്‍ തറക്കുന്ന പോലെ തോന്നി. എന്തായാലും സ്വന്തം നാട് കഴിഞ്ഞാല്‍ പിന്നെ നമുക്ക് നല്ലത് ഈ ഗള്‍ഫ് തന്നെ എന്ന് ഓര്‍മ്മപ്പെടുത്തി. ഇവിടെ അപരിചിതരോടും ചിരിക്കാം. തിരിച്ചു ചിരിക്കാന്‍ അവര്‍ മറന്നാലും, ചിരിച്ചതിന്റെ പേരില്‍ സോറി പറയേണ്ടിവരില്ല നമുക്ക്, അതുറപ്പാണ്. ആശംസകളോടെ അഷ്‌റഫ്‌ അമ്പലത്ത്

  ReplyDelete
  Replies
  1. അഷ്‌റഫ്‌, സന്തോഷം ഈ കമന്റിനു. അനുഭവം നമ്മളെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കും എന്നല്ലേ?

   Delete
 11. മുഖം മൂടി അണിയുന്ന പ്രവാസി.

  ReplyDelete
 12. സംസ്കാരിക ആഘാതങ്ങള്‍ എന്ന പ്രയോഗം ഏറെ ശ്രദ്ധയമായി തോന്നി. പ്രവാസയാത്രയിലൂടെ, വിഭിന്ന വ്യക്തിത്വങ്ങളെ അടുത്തറിയാനാവുന്നതും വലിയ നേട്ടം തന്നെ.

  പറിച്ചുനടപ്പെടുമ്പോൾ ഏതൊരു ചെടിയും വേരുകൾ ആ മണ്ണിലുറപ്പിക്കാൻ അൽപ്പം ആയസപ്പെടുമെന്നതും പ്രപഞ്ചനിയമമാണ്......

  നല്ലൊരു കുറിപ്പ്......


  ReplyDelete
  Replies
  1. നന്ദി പ്രദീപ്‌ മാഷേ..

   Delete
 13. പുതിയ സ്ഥലത്തേക്കുളള പറിച്ചു നടല്‍ ഒരു പണി തന്നെയാണല്ലേ.... ഇതു വായിച്ചപ്പോള്‍ ഞങ്ങളുടെ ഫ്രണ്ടും, ഫാമിലിയും ആസ്ട്രലിയക്ക് കുടിയേറിയത് ഓര്‍മ്മ വന്നു..

  ReplyDelete
  Replies
  1. അതെ സുനി.. ഗള്‍ഫില്‍ വീടുമാറുന്നത് തന്നെ വലിയ ഒരു തലവേദനയായിരുന്നു എനിക്ക്.

   Delete
 14. ഇ മഷിയില്‍ തന്നെ എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്നാണെന്റെ ഓര്‍മ..

  ReplyDelete
  Replies
  1. പറഞ്ഞിരുന്നു സംഗീത്...

   Delete
 15. ഒരുപാട് വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെയുള്ള ഒരു യാത്രയല്ലേ പ്രവാസം..നല്ലൊരു കുറിപ്പ്‌.

  ReplyDelete
 16. കൊള്ളാം കേട്ടോ ... എന്തൊക്കെ പറഞ്ഞാലും എനിക്കും ഒന്ന് വരണം കാനഡയില്‍ ഹ ഹ

  മുങ്ങണ്ട... സഹായത്തിനു നുംമാലാരേം വിളിക്കാനില്ല ട്ടാ... പടച്ചോന്‍ മതി മ്മടെ സഹായത്തിനു ഹ ഹ

  നന്ദി സുഖമുള്ള ഒരു വായന നല്‍കിയതിന്

  ReplyDelete
  Replies
  1. മുങ്ങില്ലാട്ടോ... ഇവിടെ തന്നെയുണ്ടാവും. പോന്നോളൂ.

   Delete
 17. മുബീ ഒരായിരം മുത്തം പറയാനുള്ളത് മുഴുവന്‍ പറഞ്ഞു ............വായിച്ചപ്പോള്‍ പറയാനുള്ളത് മുഴുവന്‍ സദസ്സിനും മനസ്സിലാവുന്ന ഭാഷയില്‍ പ്രസംഗം അവസനിപിച്ച പ്രതീതി

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം തോന്നുന്നു ഈ കമന്റിനു... തരുന്ന എല്ലാ പ്രോത്സാഹനത്തിനും ഒത്തിരി നന്ദിയുണ്ട്.

   Delete
 18. പ്രവാസം ഒരു യാത്രയാണ്. ചൂടുള്ള മണല്‍ കാറ്റേറ്റാലും, കൊടും തണുപ്പേറ്റാലും, യാത്രയിലെ അനുഭവങ്ങള്‍ക്ക് മാറ്റമേകുന്നത് സഹയാത്രികരുടെ മനോഭാവങ്ങളാണ്. അത് ചവര്‍ച്ചും മധുരിച്ചും അങ്ങിനെ നീളും.....

  ReplyDelete
 19. നമ്മുടെ ചിരി ഒരു "ഇളിയായി" മാറ്റേണ്ട അവസ്ഥ പലരില്നിന്നും പലപ്പോഴായി ഉണ്ടാവാറുണ്ട് .
  "എന്നെ അറിയുമോ " എന്നാ ചോദ്യം ചിരിയെ പെട്രോൾ ഒഴിച്ച് തീ കൊടുത്ത പോലെയാക്കും .
  അതിനിടക്കും കണ്ടെത്തിയ സൌഹൃദത്തിന്റെ ഒരു സവിശേഷ ഗുണത്തിൽ കയറി വന്ന മത്തി , മത്തിയോടുള്ള മുബിയുടെ പ്രണയം മറ യേതുമില്ലാതെ വെളിവാക്കി തന്നു .
  അത് കൊണ്ട് ലോകത്തിന്റെ ഇതു കോണിൽ ചെന്നാലും ജോലി കിട്ടിയില്ലെങ്കിലും മത്തി കിട്ടാൻ അവസരമുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു....
  നല്ല ശൈലി .......കേട്ടോ ..ഒറ്റ ഇരുപ്പിൽ വായിക്കാൻ കഴിയുന്നു . നന്ദി ഫൈസൽ ബാബുവിന് ഈ വഴി തെളിച്ചു വിട്ടതിന്

  ReplyDelete
 20. ഗള്‍ഫ് കനഡ ... ഈ എഴുത്ത് നന്നായിട്ടുണ്ട്.. ഇമ്മാതിരി അനുഭവങ്ങള്‍ക്ക് ഇന്ത്യാ മഹാരാജ്യത്തിന്‍റെ വിവിധയിടങ്ങളും ഒട്ടും മോശമല്ല...

  ReplyDelete