Thursday, October 11, 2012

ഇലച്ചാര്‍ത്ത്Gatineau Park - Ottawa
ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ച കാനഡയില്‍ പൊതു ഒഴിവാണ്. പോയ വര്‍ഷം കൊയ്തെടുത്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാന്‍ അവര്‍ ഈ ദിവസം മാറ്റി വെക്കുന്നു.  പ്രകൃതി ഒരുക്കിയ വര്‍ണ്ണ കാഴ്ച കണ്‍ കുളിര്‍ക്കെ  കാണാന്‍. ഞങ്ങള്‍ ശനിയാഴ്ച പുറപ്പെട്ടു, കാനഡയുടെ തലസ്ഥാന നഗരിയായ ഒട്ടാവയിലേക്ക്. ടൊറന്റോയില്‍ നിന്ന് അഞ്ചു മണിക്കൂര്‍ യാത്രയുണ്ട്. ശര്തകാലത്തെ പ്രതിഭാസമായ ഇലകളുടെ നിറമാറ്റം ആവോളം ആസ്വദിച്ചു കൊണ്ടായിരുന്നു യാത്ര. റോഡിനിരുവശവും പ്രകൃതി വര്‍ണ്ണാഭമായ പൂക്കാവടി എടുത്തു നില്‍ക്കുന്നത് പോലെ. അത്രയ്ക്ക് മനോഹരമായിരുന്നു ആ കാഴ്ച... 


Walking Trail - Gatineau

ഇല പൊഴിയുന്ന കാടുകളുടെ പ്രത്യേകതയായ ഇലകളുടെ വൈവര്‍ണ്ണ്യം കാലാവസ്ഥ വ്യതിയാനം മൂലം വളരെ കുറവായിരിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ടു കൊണ്ട് പ്രകൃതി കൃത്യ സമയത്ത് തന്നെ പ്രതികരിച്ചു. പ്രധാനമായും വിവധ ഇനം മേപ്പിള്‍ മരങ്ങളുടെ ഇലകളാണ് നിറങ്ങളുടെ വര്‍ണ്ണ പെയ്ത്ത് നമുക്ക് സമ്മാനിക്കുന്നത്. റോഡിനിരുവശവും ചുവപ്പിന്റെ ഒരു പ്രത്യേക നിറം പടര്‍ന്ന ഇലകള്‍ കൊണ്ട് ശരത്കാലത്തെ  ജ്വലിപ്പിച്ചു നിര്‍ത്തുന്ന ചുവന്ന മേപ്പിള്‍ വൃക്ഷങ്ങളും, പച്ചയുടെ നിറഭേദങ്ങളില്‍ നിന്ന് മഞ്ഞയും, പിന്നീടു ഓറഞ്ചു നിറത്തിലേക്കും , അവസാനം ചുവപ്പിലേക്കും   ചുവടു മാറി നിറങ്ങളുടെ ഒരു വസന്തകാലം തന്നെ തീര്‍ക്കുന്ന ഷുഗര്‍ മേപ്പിള്‍ വൃക്ഷങ്ങള്‍ക്കൊപ്പം പേരറിയാത്ത മരങ്ങളും തിങ്ങി നിറഞ്ഞിരുന്നു.

Red Maple Leaves

വൈകുന്നേരം അഞ്ചു മണിയോട് കൂടി ഞങ്ങള്‍ ഒട്ടാവയില്‍ എത്തി. താമസിക്കാന്‍ ഏര്‍പ്പാട് ചെയ്തിരുന്ന ഹോട്ടലില്‍ സാധനങ്ങള്‍ വെച്ച്, ഒരു മണിക്കൂര്‍ വിശ്രമിച്ചു. വെയിലാറി തുടങ്ങിയപ്പോള്‍  ഞങ്ങള്‍ നഗരം കാണാന്‍ ഇറങ്ങി. മരങ്ങള്‍ പൊഴിച്ചിട്ട ഇലകള്‍ നിറഞ്ഞ വഴിയിലൂടെ കുറച്ചു ദൂരം നടന്ന്  പാര്‍ലിമെന്റ് ഹില്ലില്‍ എത്തി.  ഒരു ചെറിയ ജലധാരായന്ത്രത്തിന് നടുവില്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് നീളുന്ന അഗ്നിനാളങ്ങള്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നു. തണുപ്പ് കൊണ്ടാവും അതിനു ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. പഴമയുടെ പ്രൌഡിയുള്ള മൂന്ന് പ്രധാന കെട്ടിടങ്ങളാണ് ഇവിടെ ഉള്ളത്. പീസ്‌ ടവറും, ഗ്രന്ഥശാലയും, ഹൌസ് ഓഫ് കോമണ്‍സും, സെനറ്റര്‍  ചേംബറും ഉള്‍പ്പെടുന്ന മദ്ധ്യ ബ്ലോക്കും, ചരിത്ര പ്രാധാന്യമുള്ള മുറികള്‍ ഉള്ള കിഴക്കന്‍ ബ്ലോക്കും, പിന്നെ  പാര്‍ലിമെന്റ് അംഗങ്ങളുടെ ഓഫീസ്  മുറികള്‍ ഉള്ള പടിഞ്ഞാറേ  ബ്ലോക്കും. ഇതില്‍ പടിഞ്ഞാറെ ബ്ലോക്കിലേക്ക് സന്ദര്‍ശനാനുമതിയില്ല. 1919 ലെ അഗ്നിബാധയെ തുടര്‍ന്ന് പുനര്‍നിര്‍മ്മിക്കപ്പെട്ട പാര്‍ലിമെന്റ് കെട്ടിടം ഒരു കുന്നിന്‍ മുകളില്‍ ആണ് നിലക്കൊള്ളുന്നത്‌..,. പിന്‍വശത്ത് നിന്ന് നോക്കിയാല്‍ നിറഞ്ഞൊഴുകുന്ന ഒട്ടാവ  നദിയും, അതിന്റെ കരകളില്‍ നിറങ്ങളുടെ പട്ടു മേലാപ്പണിഞ്ഞു നില്‍ക്കുന്ന മരങ്ങളും കാണാം. അത് നോക്കി നിന്നപ്പോള്‍  കാറ്റിനോട് കിന്നാരം പറഞ്ഞു കുഞ്ഞോളങ്ങള്‍ തീര്‍ത്ത് ഒഴുകുന്ന പഴയ  നിളയുടെ ചിത്രമായിരുന്നു മനസ്സില്‍,.  തണുപ്പും വിശപ്പും ഒന്നിച്ചു ആക്രമണം തുടങ്ങിയപ്പോള്‍ ഞങ്ങള്‍ അവിടെന്നിന്നു മടങ്ങി.
 
Parliament Building - Ottawa, Canada
രാത്രി ഭക്ഷണം വഴിയരികില്‍ കണ്ട ഒരു ഇന്ത്യന്‍ ഭക്ഷണശാലയില്‍ നിന്ന് കഴിച്ചു, പിറ്റേ ദിവസത്തേ പരിപാടികളുടെ ഒരു കരടു രൂപം മനസ്സില്‍ കുറിച്ച് മുറിയില്‍ എത്തിയ ഉടനെ ഞാന്‍ കിടന്നുറങ്ങി. ഞായറാഴ്ച കാലത്ത് ഞങ്ങള്‍ പോയത് വിക്ടോറിയ മെമ്മോറിയല്‍ മ്യൂസിയത്തിലേക്കായിരുന്നു. കനേഡിയന്‍ മ്യൂസിയം ഓഫ് നേച്ചര്‍  എന്ന പേരിലാണ് ഇത് ഇന്നറിയപ്പെടുന്നത്. ഒഴിവു ദിവസം ആയത് കൊണ്ടാവാം മ്യുസിയത്തില്‍ തിരക്കുണ്ടായിരുന്നു.
Victoria Memorial Museum - Ottawa

പൂര്‍ണമായും കല്ല്‌ കൊണ്ട് പടുത്തുയര്‍ത്തിയ ഈ കെട്ടിടം ഇരുപതാം നൂറ്റാണ്ടിലെ   വാസ്തു വിദ്യയുടെ മനോഹാരിത ഓര്‍മ്മപ്പെടുത്തുന്നു. കൂറ്റന്‍ വാതില്‍ തള്ളി തുറന്നു അകത്തു കടന്നപ്പോള്‍ തന്നെ എന്‍റെ കണ്ണുകള്‍ പതിച്ചത് ഈ വാചകത്തിലാണ് , "When nature speaks, are we listening?" എന്തുകൊണ്ടോ ഈ വാക്കുകള്‍  മനസ്സില്‍ തറച്ചു. നാലു നിലകളാണ് മ്യൂസിയത്തില്‍, സ്വീകരണ സ്ഥലവും, ഒരു ചെറിയ ഭക്ഷണ ശാലയുമുള്ള താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് കയറിയാല്‍ എത്തുന്നത്‌ ഒരിക്കല്‍ ഭൂമിയുടെ അവകാശികള്‍ ആയിരുന്നവരുടെ അസ്ഥിപഞ്ജരങ്ങള്‍ക്ക് നടുവിലാണ്. കാലപ്രയാണത്തില്‍ ചരിത്രമായി തീര്‍ന്ന കാല്‍പ്പാടുകള്‍ക്ക് ഇനിയും പറയാന്‍ എത്രയോ കഥകള്‍ ഉണ്ടാവും. അപൂര്‍വ ശേഖരങ്ങള്‍ പലതും കണ്ടും അറിഞ്ഞും നീങ്ങിയെത്തിയത് കെട്ടഴിച്ചു വിട്ട പ്രകൃതി താണ്ടവങ്ങളുടെ നേര്‍പ്പകര്‍പ്പിലേക്കായിരുന്നു.കൊടുങ്കാറ്റും, ഭൂകമ്പവും, സുനാമിയും ചുഴലിക്കാറ്റും അങ്ങിനെ എല്ലാം അവിടെ കണ്ടു.കൊടുങ്കാറ്റ് അനുഭവിച്ചറിയാനായി ഒരുക്കിയ സിമുലേറ്ററില്‍ എന്‍റെ ചെറിയ മകന്‍ ധൈര്യത്തോടെ കയറിയെങ്കിലും ഇറങ്ങി വരുമ്പോള്‍ ആ ധൈര്യം മുഖത്ത് കണ്ടില്ല. അധിക സമയം മ്യൂസിയത്തില്‍ ചിലവഴിക്കാന്‍ ആയില്ല.


Museum collections
 
അവിടെ നിന്നും  ഞങ്ങള്‍ കാനഡയുടെ അഭിമാനമായ  "റിഡ്യു  കനാല്‍" കാണാന്‍ പോയി. മഞ്ഞു കാലത്ത് ലോകത്തെ ഏറ്റവും നീളം കൂടിയ സ്കേറ്റിംഗ്  റിന്ക്  എന്ന പ്രധാന്യത്തേക്കാള്‍, ജീവിക്കുന്ന ഒരു ചരിത്രമായാണ്  ഈ കനാല്‍ അറിയപ്പെടുന്നത്. 1832 ല്‍ നിര്‍മ്മിച്ച കനാലില്‍ അന്ന് ഉണ്ടാക്കിയ  ജലപ്രവാഹത്തെ നിയന്ത്രിക്കുന്ന ചീപ്പുകള്‍ തന്നെയാണ് ഇന്നും  ഉപയോഗിക്കുന്നത്. ചരിത്രം വിസ്മരിക്കുന്ന  തലമുറയ്ക്ക് കാത്തു സൂക്ഷിക്കുന്ന പൈതൃക സ്വത്ത്. 2007 ല്‍ യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ആയി റിഡ്യു  കനാല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഒട്ടാവ നദിയെ  ഓണ്‍ടെറിയൊ തടാകവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഈ കനാല്‍,. പ്രകൃതി ഭംഗി നിറഞ്ഞു നില്‍ക്കുന്ന കനാലിന്റെ കരയിലൂടെ  തണുപ്പ് വകവെക്കാതെ കുറെ ദൂരം  ഇലകളുടെ ഭംഗി ആസ്വദിച്ചു നടന്നു. നൂറു കണക്കിന് കനാല്‍ തൊഴിലാളികളുടെ വിയര്‍പ്പ് വീണു കുതിര്‍ന്ന മണ്ണില്‍ കിളിര്‍ത്തതു കൊണ്ടാണോ അവിടുത്തെ  ഇലകളുടെ ചുവപ്പിന് ഇത്രയേറെ തീവ്രത?


Rideau Canal - Ottawa
 
പ്രകൃതിയുടെ ഈ വിരുന്നൂട്ടിന് ഇനി ഒരു കൊല്ലം കാത്തിരിക്കണം. അത് കൊണ്ട് തിങ്കളാഴ്ച  തിരിച്ചു വരുന്നതിനു മുന്‍പായി ഗാട്ടിനോ പാര്‍ക്കിലേക്ക് ഹൈക്കിങ്ങിനു പോയി. കണ്ണും മനസ്സും നിറഞ്ഞ ആ  കാഴ്ച വാക്കുകള്‍ കൊണ്ട് വിവരിക്കുക അസാധ്യമാണ്.

Trekking 

"ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ ...." കുട്ടിക്കാലത്തെ പ്രധാന കളികളില്‍ ഒന്നിന്‍റെ പാട്ടാണിത്. പക്ഷെ വിവധ വര്‍ണ്ണങ്ങളുടെ ഇലച്ചാര്‍ത്ത്  കണ്‍ കുളിര്‍ക്കെ കണ്ടു മടങ്ങുമ്പോള്‍ ഈ പാട്ടിലെ വരികള്‍ ഒന്ന് മാറ്റി പാടി നോക്കുകയായിരുന്നു ഞാന്‍,.. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കാഴ്ചകള്‍ പിന്നിലേക്ക്‌ ഓടി മറയുമ്പോള്‍ വരാന്‍ പോകുന്ന മഞ്ഞുകാലത്തെ കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ആയില്ല.

70 comments:

 1. മഞ്ഞയും ചുവപ്പുമായി ഇലകള്‍ കൊഴിഞ്ഞു വീഴുന്നതോടൊപ്പം മനസ്സിലും വിഷാദം ചേക്കേറുന്നത്, വരാന്‍ പോകുന്ന മഞ്ഞുകാലത്തിന്റെ മരവിപ്പോര്‍ത്താണോ... അറിയില്ല, ഹൃദ്യമായ വിവരണങ്ങളും ചിത്രങ്ങളും മുബീ ....!
  (അടുത്ത യാത്രയില്‍ കൂടാം ട്ടോ .... :))

  ReplyDelete
  Replies
  1. നന്ദി ചേച്ചി ആദ്യ വായനക്കും അഭിപ്രായത്തിനും. അടുത്ത തവണ നമുക്ക് ഒരുമിച്ചു പോകാം (ഇന്ഷാ അല്ലാഹ് )

   Delete
 2. അവിടെ പോയ പ്രതീതി ,,ഇവ്ടെയടുത്തുഇതുപോലെ യൊന്നുണ്ട് ,,പോകാറുണ്ട് പക്ഷെ ഏറെ നേരെ ഇരിക്കാന്‍ മനസ് അനുവാദം തരില്ല,പക്ഷെ യാത്ര പോകുമ്പോള്‍ ഇരു വശവും ശ്രന്തിക്കും വിവിധ നിറങ്ങളില്‍ ,തവിട്ടു കളറിലുള്ള ഇലകളും ചുവപ്പും റോസും ഇടകലര്‍ന്നുഅങ്ങനെ ,എല്ലാം പ്രകൃതി ഒരുക്കുന്ന വികൃതി നമ്മുടെ കണ്ണുകള്‍ക്ക്‌ ഇമ്പം പകരാനായി മാത്രം

  ReplyDelete
  Replies
  1. അതെ ചേച്ചി, ഇതെല്ലാം കാണുമ്പോള്‍ മനസിന്‌ ഒരു സുഖം...

   Delete
 3. നല്ല വിവരണം..

  പണ്ട് കാനഡായില്‍ പോയപ്പോള്‍ ഞാനിതൊന്നും കണ്ടില്ലല്ലോ..
  ഹിഹി- കേരളത്തിന് വെളിയില്‍ പോയിട്ടില്ല.., പിന്നാ കാനഡ....

  ReplyDelete
 4. യാത്രാ വിവരണം നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍...////

  ReplyDelete
  Replies
  1. സന്തോഷം മുജീബ്‌

   Delete
 5. ചിത്രങ്ങള്‍ അതിമനോഹരം.അത് മനസ്സിലെ കാനഡയെ ഒരു സ്വപ്നഭൂമികയാക്കുന്നു. അവതരണവും നന്നായി.ആശംസകള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി ഇക്കാ

   Delete
 6. വര്‍ണ്ണാലകൃതമായ പ്രകൃതിയെ കാണുന്നു ഈ വരികളില്‍. പൂക്കളെ തോല്‍പ്പിക്കുന്ന വര്‍ണ്ണമുള്ള ഇലകള്‍. ഹാ , ചിന്തകള്‍ക്ക് തന്നെ എന്തു ഭംഗി. അപ്പോള്‍ നേരിട്ടു കാണുമ്പോഴോ... ആശംസകള്‍ മുബി.

  ReplyDelete
 7. Replies
  1. ഒരു ബ്ലോഗ്‌ മീറ്റ്‌ ഇവിടെ വച്ചാലോ?

   നന്ദി ഷബീര്‍

   Delete
 8. കാനഡയിലെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ നടന്ന പ്രതീതി വായനക്കാരനും അനുഭവപ്പെട്ടു ...... അനുബന്ധമായി ചേര്‍ത്ത ചിത്രങ്ങള്‍ വിവരണത്തിന് ഭംഗി കൂട്ടി അഭിനന്ദനങ്ങള്‍

  ReplyDelete
 9. നല്ല വിവരണം, മനോഹരമായ ചിത്രങ്ങൾ
  ഒരു നിറകുടം തുളുമ്പിയപോലെ ചില ചിത്രങ്ങൾ

  ReplyDelete
  Replies
  1. ഷാജു കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്‌., എല്ലാം കൂടെ ഇവിടെ ഇടാന്‍ പറ്റിയില്ല.

   Delete
 10. മുബിയുടെ ചിത്ര സഹിതമുള്ള വിവരണം ശരിക്കും കൊതിപ്പിക്കുന്നു ...

  when Mubi speaks ofcourse I am listening ....

  ReplyDelete
  Replies
  1. താങ്ക്സ് വേണുവേട്ടാ.... കേട്ടിലെങ്കില്‍ ഞാന്‍ വഴക്കുണ്ടാക്കും. പട്ടാമ്പിയില്‍ തന്നെയാണ് ഞാനും.

   Delete
 11. പീസ്‌ ടവര്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി നിങ്ങള്‍ ഒറ്റയടിക്ക് ലണ്ടനില്‍ എത്തിയെന്ന്!

  ചിത്രങ്ങള്‍ എല്ലാം കൂടി കാണിച്ചു കൊതിപ്പിച്ചു പണ്ടാരമടക്കി ...

  ഇനി ഒറ്റ ചോദ്യം മാത്രം.

  കാനഡയില്‍ വരാന്‍ ഒരു വിസ അയച്ചു തര്വോ...? ഹിഹി..!

  ReplyDelete
  Replies
  1. വിസക്ക് പകരം വിഷ്ണുവിന് ഇതിരിക്കട്ടെ,

   https://plus.google.com/photos/104062060402560837665/albums/5798606984794418193?authkey=COym1sis6J-hUw

   ചേര്‍ക്കാന്‍ പറ്റാതെ പോയ ചിത്രങ്ങള്‍ ഇതിലുണ്ട്.

   Delete
  2. ഒരു വിസ മാത്രം ചോദിച്ച എനിക്ക് ഒരു ആല്‍ബം നിറയെ കണ്ണഞ്ചിപ്പിക്കുന്ന കനേഡിയന്‍ ഫോട്ടോസ് തന്ന് എന്റെ ഉള്ള സമാധാനം കൂടി കളഞ്ഞു!

   ഇനി എന്‍റെ ഫ്യൂച്ചര്‍ പ്ലാനില്‍ ഒരു കാനഡ ട്രിപ്പ്‌ കൂടി ചേര്‍ക്കണം! ആ!!!

   Delete
  3. സ്വാഗതം വിഷ്ണു

   Delete
 12. പറഞ്ഞു പറഞ്ഞു നമ്മുടെ ഈ കൊച്ചു കേരളം തീരെ കൊച്ചായി പോയ സങ്കടം മാത്രം മനസ്സില്‍..
  യാത്രാ വിവരണം നന്നായിട്ടുണ്ട്, ഏറെ ഇഷ്ടായി.. ചിത്രങ്ങള്‍ കണ്ണുകള്‍ക്ക് ഏറെ ആനന്ദം നല്‍കുന്നു.. മനോഹരം..
  ജീവിതവും ഇതുപോലെ സുന്ദരമാകാന്‍ പ്രാര്‍ത്ഥനകളോടെ...

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ...

   Delete
 13. കാനഡയുടെ തലസ്ഥാനം ഒട്ടോവയിലേക്ക് നടത്തിയ യാത്രയും, വിവരണവും, മനോഹരമായ ചിത്രങ്ങളും വളരെ നന്നായി മുബീൻ...

  അവധി കിട്ടുമ്പോൾ വീട്ടിൽ ഒരിക്കലും ഒതുങ്ങിയിരിക്കരുത് ;)

  ReplyDelete
 14. ചിത്രങ്ങള്‍ക്ക് എന്ത് ഭംഗി ....കാനഡ ഒരു സുന്ദരിയാണല്ലേ....എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി .

  ReplyDelete
  Replies
  1. കുഞ്ഞുമയില്‍പീലി, നന്ദി

   Delete
 15. ഞങ്ങളും കാനഡയ്ക്കു വരാന്‍ ശ്രമിക്കുന്നുണ്ട്, അവിടെ വരുമ്പോള്‍ മ്നോഹരങ്ങളായ എല്ലാ ഇടവും കൊണ്ട് കാട്ടിത്തരണേ...

  ReplyDelete
 16. ചിത്രങ്ങളും വിവരണവും എല്ലാം കൂടി ശരിക്കും കൊതിപ്പിച്ചു.. ആശംസകള്‍ കൂടുതല്‍ യാത്രകള്‍ക്കും എഴുത്തിനും.

  ReplyDelete
  Replies
  1. ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം...

   Delete
 17. എന്നത്തേയും പൊലെ മനസ്സിനേ
  കവരാന്‍ , അവിടേക്ക് കൂട്ടി കൊണ്ട്
  പൊകാന്‍ പ്രാപ്തമുള്ള വരികള്‍ ...
  വരികളും ചിത്രങ്ങളും കൂട്ടി ചേര്‍ത്ത്
  വര്‍ണ്ണാഭമാക്കിയിരിക്കുന്നു ഈ പൊസ്റ്റിനേ .. മുബീ ..
  പ്രകൃതിയോട് നൂറു ശതമാനം സംവേദിച്ചിരിക്കുന്നു
  കൂട്ടുകാരിയുടെ മനസ്സും അതില്‍ നിന്നുതിര്‍ന്ന വരികളും ..
  വരികള്‍ ലളിതമെങ്കിലും പറയുന്ന കാര്യങ്ങളില്‍
  അഗാദമായി സ്പര്‍ശിച്ചിട്ടുണ്ട് .. യാത്രവിവരണങ്ങള്‍
  എപ്പൊഴും നമ്മേ കാണാത്ത സ്ഥലങ്ങളിലേക്ക്
  കൊണ്ടു പൊയി കാണിക്കാറുണ്ട് , അതിനുള്ള
  വശിവും അഴകും ഈ വരികള്‍ക്കുമുണ്ട് .. സ്നേഹാശംസകള്‍ ..

  ReplyDelete
  Replies
  1. റിനി, ഞാന്‍ എന്ത് പറയാന്‍? നന്ദി, വിശദമായ വായനക്കും, അഭിപ്രായത്തിനും....

   Delete
 18. ചിത്രങ്ങളുടെ ലിങ്കില്‍ പോയി കാഴ്ചകള്‍ എല്ലാം കണ്‍ നിറയെ കണ്ടു.അഭിനന്ദനങ്ങള്‍....

  ReplyDelete
 19. ഇത്താടെ വിവരണത്തെ കുറിച്ച് ഇനിയുമിനിയും പറയുന്നില്ല.. എന്നത്തേയും പോലെ ഇപ്പോഴും ഹൃദ്യം തന്നെ ചിത്രങ്ങള്‍ കൂടെ കഥ പറഞ്ഞു .ആശംസകള്‍... .... :)

  ReplyDelete
  Replies
  1. സന്തോഷം ശലീര്‍...

   Delete
 20. മികച്ച ചിത്രങ്ങള്‍. നന്നായി എഴുതിയിരിക്കുന്നു ......സസ്നേഹം

  ReplyDelete
  Replies
  1. ഈ യാത്ര ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം...

   Delete
 21. വളരെ നന്നായിരിക്കുന്നു ഈ വിവരണം. എഴുത്തിനു ഭംഗിയുണ്ട് . ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പിട്ടാല്‍ നന്ന്. വായനക്കാര്‍ ചിത്രങ്ങളെ സങ്കല്‍പ്പിച്ച് എടുക്കെണ്ട ഗതികേടില്‍ ആണ്.
  എഴുത്ത് തുടരുക. ആശംസകള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തെ മാനിക്കുന്നു, തീര്‍ച്ചയായും ശ്രദ്ധിക്കാം...

   നന്ദി

   Delete
 22. excellent photos and nice description

  thanks for sharing...

  ReplyDelete
 23. ഇല പൊഴിക്കുന്ന മാപ്പിള്‍ മരങ്ങള്‍ അത് കണ്ടിട്ടില്ലാത്തവരുടെ മനസ്സില്‍ പോലും ഒരു കാല്‍പ്പനിക ദൃശ്യമാണ് . അതിനെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേ മനസ്സിന് ഒരു ആര്‍ദ്രത . മനോഹരമായ ചിത്രങ്ങള്‍ . സുന്ദരമായ ഒരു യാത്ര പോയി വന്ന പ്രതീതി

  ReplyDelete
  Replies
  1. സന്തോഷം നിസാര്‍, ഈ യാത്ര ആസ്വദിച്ചതിനു...

   Delete
 24. മനോഹരമായ വിവരണം ,അതിനേക്കാള്‍ ആകര്‍ഷകമായത് ആ ചിത്രങ്ങള്‍ പ്രത്യേകിച്ചും അവസാന ചിത്രം ,,,കണ്ടു കൊതി തീരാത്തതിനാല്‍ ആ ലിങ്കും ഒന്ന് ചെക്ക് ചെയ്തു .പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫര്‍ ആണല്ലേ !!സൂപ്പര്‍ !!

  ReplyDelete
  Replies
  1. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ അത്രയ്ക്കു വേണോ? ഇതുവരെ മൊബൈലില്‍ ആണ് ചിത്രങ്ങള്‍ എടുത്തിരുന്നത്. ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തിയതാണ്. ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം , ഫൈസല്‍

   Delete
 25. നല്ലൊരു യാത്രാവിവരണം.ആലങ്കാരികത ഒഴിവാക്കിയുള്ള സ്വാഭാവികമായ താങ്കളുടെ വര്‍ണ്ണന ഹൃദ്യമാണ്.അഭിനന്ദനങ്ങള്‍

  ReplyDelete
 26. Yaathrayude Charuthakal...!

  Manoharam, Ashamsakal..!!!

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തേ...

   Delete
 27. കൊള്ളാം... വളരെ മനോഹരമായിരിയ്ക്കുന്നു.....ചിത്രങ്ങൾ പ്രത്യേകിച്ച്.... ഇത്തരം മനോഹരമായ ചിത്രങ്ങൾ ഞങ്ങൾ കലണ്ടറിലൊക്കെ മാത്രമേ കണ്ടിട്ടുള്ളൂ... വിവരണവും നന്നായിരിയ്ക്കുന്നു... കൂടുതൽ യാത്രകളും, വിവരണങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിയ്ക്കുന്നു..

  ReplyDelete
  Replies
  1. കലണ്ടറില്‍ കണ്ടത് നേരില്‍ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു എനിക്കും. വിശ്വസിക്കാന്‍ കഴിയാത്ത പോലെ.

   Delete
  2. Mubi, I was then in school when heard about Ottawa.it was the place that defeated my kallayi in timber business , my social teacher repeatedly said.i hated Ottawa and canada.only because of this Ottawa my kallayi never reached on the top.and this Ottawa is now in your post.today I m in toronto,but I don't know whether I can visit Ottawa and see the river dressed with logs. My fathers house was close to kallayi river and by seeing the endless bank with logs,wood carpet I have asked several time,ente kallaayee nee ennu canadaye tholppikkum.even after kallayi has declined,I ask myself by reading your words,Ottawa nee enikku Nintendo prathaapam kava niche tharumo.np.hafiz mohamad

   Delete
 28. Ninte. Prathaapam enikku kaaanichu tharumo.nandi mubi

  ReplyDelete
  Replies
  1. ഇപ്പോള്‍ മഞ്ഞ് മാത്രമേ കാണാന്‍ ഉണ്ടാവു. മെയ്‌- ജൂണ്‍ മാസത്തില്‍ ഒട്ടാവയില്‍ പോവാം, എന്നിട്ട് മതി നാട്ടിലേക്കു തിരിച്ച് പോകുന്നത്..
   നന്ദി, ഈ വായനക്കും വിലയേറിയ അഭിപ്രായത്തിനും...

   Delete
 29. 1919 ലെ അഗ്നിബാധയെ തുടര്‍ന്ന് പുനര്‍നിര്‍മ്മിക്കപ്പെട്ട പാര്‍ലിമെന്റ് കെട്ടിടം ഒരു കുന്നിന്‍ മുകളില്‍ ആണ് നിലക്കൊള്ളുന്നത്‌..,. പിന്‍വശത്ത് നിന്ന് നോക്കിയാല്‍ നിറഞ്ഞൊഴുകുന്ന ഒട്ടാവ നദിയും, അതിന്റെ കരകളില്‍ നിറങ്ങളുടെ പട്ടു മേലാപ്പണിഞ്ഞു നില്‍ക്കുന്ന മരങ്ങളും കാണാം. അത് നോക്കി നിന്നപ്പോള്‍ കാറ്റിനോട് കിന്നാരം പറഞ്ഞു കുഞ്ഞോളങ്ങള്‍ തീര്‍ത്ത് ഒഴുകുന്ന പഴയ നിളയുടെ ചിത്രമായിരുന്നു മനസ്സില്‍..

  നിളയെ വിവരിച്ചത് വളരെ ഹ്ര്ദ്യമായി തോന്നി..

  ReplyDelete
 30. 1919 ലെ അഗ്നിബാധയെ തുടര്‍ന്ന് പുനര്‍നിര്‍മ്മിക്കപ്പെട്ട പാര്‍ലിമെന്റ് കെട്ടിടം ഒരു കുന്നിന്‍ മുകളില്‍ ആണ് നിലക്കൊള്ളുന്നത്‌..,. പിന്‍വശത്ത് നിന്ന് നോക്കിയാല്‍ നിറഞ്ഞൊഴുകുന്ന ഒട്ടാവ നദിയും, അതിന്റെ കരകളില്‍ നിറങ്ങളുടെ പട്ടു മേലാപ്പണിഞ്ഞു നില്‍ക്കുന്ന മരങ്ങളും കാണാം. അത് നോക്കി നിന്നപ്പോള്‍ കാറ്റിനോട് കിന്നാരം പറഞ്ഞു കുഞ്ഞോളങ്ങള്‍ തീര്‍ത്ത് ഒഴുകുന്ന പഴയ നിളയുടെ ചിത്രമായിരുന്നു മനസ്സില്‍

  നിളയെ വിവരിച്ചത് വളരെ ഹ്ര്ദ്യമായി തോന്നി..

  ReplyDelete
  Replies
  1. നന്ദി നിസാര്‍...

   Delete
 31. പൂക്കളേക്കാൾ ഭംഗിയുള്ള ഇലകൾ പൊഴിഞ്ഞ വഴിയിലൂടെയുള്ള യാത്രയിൽ ഞാനും കൂടി ..രസകരമായിരുന്നു
  ഇനിയും വരാം

  ReplyDelete
  Replies
  1. സന്തോഷം ഈ വായനക്ക്... :)

   Delete
 32. ഈ ഫാള്‍ ഫാള്‍ എന്ന് പറയുന്ന സംഭവം ആണോ ഇത്? ഇലപൊഴിക്കും മുന്പുള്ള നിറം മാറ്റം?

  കൊള്ളാം... എഴുത്തും പടങ്ങളും കേമം...എല്ലാ വായിച്ചിട്ട് അവസാനം അഭിനന്ദിക്കാം.

  ReplyDelete
  Replies
  1. അതെ അതുതന്നെയാണ്... ഇവിടെ വന്നതില്‍ സന്തോഷം എച്ച്മു...

   Delete
 33. യാത്രയില്‍ നിന്ന് വായിച്ചു..
  ഫോട്ടോസ് കാണാനായി ഇങ്ങട് യാത്ര ചെയ്തു :)
  മനോഹരം - എഴുത്തും , ചിത്രങ്ങളും.

  സമ്മര്‍ ആണല്ലേ അവിടൊങ്ങളിലൊക്കെ ആഘോഷം..?

  ഇത് ഓഫ് സീസണ്‍ ആണെന്ന് പറഞ്ഞപ്പോള്‍, കുറച്ച് ദിവസം വന്ന ഒരു ജര്‍മ്മന്‍ ടൂറിസ്റ്റ് ചോദിച്ചു എന്നാ ഇവിടുത്തെ (ദുബായ് ) ബെസ്റ്റ് സീസണ്‍ എന്ന്.. ഞാന്‍ പറഞ്ഞു ഡിസംബര്‍ , ജനുവരി ഒക്കെ ആയാല്‍ നല്ല തണുപ്പാവും - ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ മഞ്ഞും , തനുപ്പുമല്ലാതെ വേറെന്താ ബെസ്റ്റ് സീസന്‍..- അവരൊന്ന് ചിരിച്ചു... മിക്കവാറും മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്നവര്‍ക്ക് മഞ്ഞും , തണുപ്പും ബെസ്റ്റ് സീസണല്ലല്ലൊ....
  :)

  ReplyDelete
  Replies
  1. നന്ദി സമി... ഫാള്‍ ആണ് ബെസ്റ്റ്‌ സീസണ്‍ ഇവിടെ. നിറമാറ്റവും പിന്നെ ഇലകള്‍ പൊഴിയുന്നതും, കിളികള്‍ പറന്നു പോകുന്നതും മഞ്ഞ് പൊഴിയുന്നതും... ഒടുവില്‍ മഞ്ഞുകാലം വരുന്നതും

   Delete
 34. വായിക്കാൻ വൈകി. ഞാനും പോകും കാനഡയിൽ :P

  ReplyDelete
  Replies
  1. നീ ഇതുവരെ പുറപ്പെട്ടില്ലേ റൈനി? ഇവിടെവരെ വന്നതില്‍ സന്തോഷം...

   Delete