Thursday, September 20, 2012

പ്രണയ കുളിരായി അബഹ


സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയുടെ തലസ്ഥാന നഗരിയാണ്‌ അബഹ. മരുഭൂമിക്ക് പ്രകൃതി നല്‍കിയ വരദാനം. സറാവത്ത് മലനിരക്കുകള്‍ക്കിടയില്‍ മണലാരണ്യത്തിലെ കുളിരായി അബഹയെന്ന കൊച്ചു നഗരം.   94 ലാണ് ഞാന്‍ അബഹയില്‍ എത്തുന്നത്‌. വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിനു ശേഷം.ജിദ്ദയിലാണ് ആദ്യം വിമാനമിറങ്ങിയത്. ഒറ്റയ്ക്കുള്ള ആദ്യത്തെ വിമാന യാത്രയുടെ അമ്പരപ്പും, വിരഹത്തിന്‍റെ ചൂടും ആറി തണുപ്പിക്കാന്‍ എന്നത് പോലെ ഉച്ചതിരിഞ്ഞ് അബഹയുടെ കുളിരിലേക്ക്... തണുപ്പിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാത്തത് പല്ലുകള്‍ വെളിപ്പെടുത്തി തുടങ്ങി. രാത്രി ആയതിനാല്‍ തണുപ്പിനു ശക്തി കൂടിയിരുന്നു. പുറത്തു കാത്തു നിന്ന ഭര്‍ത്താവിനൊപ്പം റൂമില്‍ എത്തുമ്പോള്‍ ഞങ്ങളെ വരവേല്‍ക്കാന്‍ കുറച്ചു സുഹൃത്തുകള്‍. ,. അവിടെ നിന്ന് സ്ഥലം മാറ്റം വാങ്ങി പോരുന്നത് വരെ ഈ സൗഹൃദങ്ങള്‍  ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അടുക്കളയില്‍ സുലൈമാനിയും, കുറച്ചു ഈത്തപ്പഴവും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.  മധുരമില്ലാത്ത സുലൈമാനിയോടും ഈത്തപ്പഴത്തിനോടും ഉള്ള മുഹബ്ബത്ത് അന്ന് തുടങ്ങിയതാണ്.


രാത്രി ഭക്ഷണം "മന്തി ചോറായിരുന്നു". സുഹൃത്ത് കൊണ്ട് വന്നതാണ്. ഇനി അവനെ വിഷമിപ്പിക്കണ്ട എന്ന് കരുതി, ഉമ്മാടെ ചോറും കറികളും മനസ്സില്‍ ഓര്‍ത്തു കുറച്ച് "മന്തി" വാരി വിഴുങ്ങി. പിറ്റേന്നു ഞാന്‍ ഉണര്‍ന്ന് എണീക്കുമ്പോഴേക്കും വീട് പോലെ തന്നെ അടുക്കളയും കാലി. അടച്ചു പൂട്ടിയ ബാല്‍കണിയില്‍ നിന്ന് റോഡിനപ്പുറം കണ്ട കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാം എന്ന് കരുതി ഞാന്‍ അബായയും ഷാളും എടുത്തിട്ടു. അടുക്കളയിലേക്കു ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉമ്മ എഴുതി തന്നിരുന്നത് ബാഗില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു. കൈവശം ഉണ്ടായിരുന്ന കുറച്ചു റിയാലുമായി ഞാന്‍ ആ കടയില്‍ എത്തി. വഴിയില്‍ കണ്ടവരും, കടയില്‍ ഉള്ളവരും എന്നെ വല്ലാത്ത ഒരു നോട്ടം നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. കടയുടമ മലയാളിയായിരുന്നു. അദ്ദേഹം സാധനങ്ങള്‍ എടുത്തു തരാന്‍ ധൃതി വെക്കുകയും, പെട്ടെന്ന് വീട്ടിലേക്കു പോകാനും പറഞ്ഞു. ഉച്ചക്ക് എനിക്ക് ഭക്ഷണവും ആയി വന്ന ഹുസൈന്‍  അടുക്കളയിലെ വിഭവങ്ങള്‍ കണ്ടു അമ്പരന്നു. കടയില്‍ പോയതും , ആളുകളുടെ വിചിത്രമായ നോട്ടത്തെ കുറിച്ചും പറഞ്ഞപ്പോള്‍ മറുത്തു ഒന്നും പറയാതെ മൂളുക മാത്രം ചെയ്തു. ഗള്‍ഫില്‍ എത്തിയാല്‍ ആളുകള്‍ ഒക്കെ ഇങ്ങിനെയായിരിക്കും എന്ന് കരുതിയ എനിക്ക്, ഈ പെരുമാറ്റ വൈകല്യത്തിന്റെ രഹസ്യം വൈകാതെ മനസിലായി. ഒന്നുരണ്ടാഴ്ചക്കു ശേഷം ഒരു വൈകീട്ട് ഞങ്ങള്‍ പുറത്തു  ഇറങ്ങിയപ്പോള്‍, "മുത്ത്വവ്വ" എന്ന സൗദി മതകാര്യ പോലീസിന്റെ സാന്നിധ്യം ഞാന്‍ അറിഞ്ഞു. എന്നോട് മുഖം മറക്കാന്‍ ആവശ്യപ്പെട്ടു ഹുസൈന് പുറകില്‍ ചൂരലുമായി നില്‍ക്കുന്ന ഒരു സൗദി! പിന്നീട് അബഹയില്‍ നിന്ന് പോരുന്നത് വരെ ഞാന്‍ ഒറ്റയ്ക്ക് പുറത്തിറങ്ങിയിട്ടില്ല... അദൃശ്യമായ രണ്ടു കണ്ണുകള്‍ എപ്പോഴും എന്നെ  പിന്തുടരുന്നതായി  തോന്നിയിരുന്നു. നാലു മുറി ഫ്ലാറ്റില്‍ പകലന്തിയോളം ഒറ്റക്കായ ഞാന്‍  ബുക്കുകളും, പാചക പരീക്ഷണങ്ങളുമായി ദിനങ്ങള്‍ നീക്കി. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചാണ് ഞാന്‍ കടല്‍ കടന്നത്. പരീക്ഷ എഴുതാന്‍ നാട്ടിലെത്താം എന്ന നിബന്ധനയുമായി. 

ബാത്ത്റൂമിലേക്ക് ഒരു ബക്കെറ്റും, കപ്പും വേണമെന്ന് ചെറുകരയില്‍  ഉള്ള ഒരു സുഹൃത്ത്‌ വന്നപ്പോള്‍ പറഞ്ഞു. അന്ന് ഞങ്ങള്‍ക്ക് വണ്ടിയുണ്ടായിരുന്നില്ല. പുറത്തു പോകാനും സാധനങ്ങള്‍ വാങ്ങാനും സുഹൃത്തുക്കള്‍ തന്നെയാണ് സഹായിക്കുന്നത്. എന്തായാലും ഞാന്‍ അവരോടു  ബക്കെറ്റും , മഗും (Mug), വേണം എന്ന് പറഞ്ഞപ്പോള്‍ ഒന്നും പറയാതെ തലകുലുക്കി ഇറങ്ങി പോയി. വഴിയില്‍ വെച്ച് അവന്‍ ഹുസൈനോട്, " ഇജ്ജ് അന്‍റെ  ഓളോട് ഇബടെ  തേങ്ങയൊന്നും പൊളിക്കാന്‍ കിട്ടൂല്ല എന്ന് പറഞ്ഞു കൊടുത്തിട്ടില്ലേ? തേങ്ങ പൊളിക്കാനുള്ള മഗ്ഗ് (മഴു എന്നതിന് മലപ്പുറം ഭാഗത്ത് പറയുന്നത്) വാങ്ങി വരാനാണ് ഓള് പറഞ്ഞുക്കുന്നത്" ഭാഷയുടെ പ്രയോഗം ഉണ്ടാക്കിയ ചിരിയുടെ മാലപടക്കം പൊട്ടാന്‍ പിന്നെ അധികം താമസം ഉണ്ടായില്ല.

വിരസമായ ദിനങ്ങള്‍ എന്നില്‍ ഞാന്‍ അറിയാതെ മടിയുടെ വിത്ത് പാകി തുടങ്ങിയിരുന്നു. പഠിക്കാനുള്ള പുസ്തകകെട്ടുകള്‍ കൊണ്ട് വന്മതില്‍ തീര്‍ത്തു ഞാന്‍ സുഖമായി ഉറങ്ങി. അങ്ങിനെ ഒരു ദിവസം പഠനത്തിനിടയില്‍ സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങിയ ഞാന്‍ വാതിലില്‍ ശക്തിയായ മുട്ട് കേട്ട്  ഞെട്ടിയുണര്‍ന്നു.  വാതില്‍ തുറക്കാതെ പുറത്തു ആരാണെന്നു നോക്കിയ ഞാന്‍ കണ്ടത് കറുത്ത ബുര്‍ഖ അണിഞ്ഞ ഒരു സ്ത്രിയെയാണ്. മുഖം മറച്ചിരിക്കുന്നതിനാല്‍ ആരാണെന്നു തിരിച്ചറിയാനും വയ്യ. എന്തായാലും വാതില്‍ തുറക്കിലെന്നു ഉറപ്പിച്ചു ഞാന്‍ ശ്വാസം വിടാതെ നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വീണ്ടും വാതിലില്‍ മുട്ടലും ദയനീയമായി നിലവിളിയും അടിയുടെ ശബ്ദവും! ആ സ്ത്രീയെ ചൂരല്‍ വെച്ച് തോപ്പിട്ട ഒരുത്തന്‍ അടിക്കുന്നു. അവര്‍ രക്ഷയ്ക്കായി എന്റെ വാതിലില്‍ ആണ് മുട്ടുന്നത്.  ഒരു വാതിലിന്‍ അപ്പുറവും ഇപ്പുറവും ജീവിതത്തിന്‍റെ രണ്ടറ്റങ്ങള്‍, .. ആരെയും സഹായത്തിനു വിളിക്കാന്‍ അന്ന് ഫോണ്‍ എന്ന സംവിധാനവും വീട്ടില്‍ ഇല്ലായിരുന്നു. വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍  വന്നപ്പോള്‍ ആണ് അറിഞ്ഞത് ആ സ്ത്രീ തൊട്ടു മുന്നില്‍ താമസിക്കുന്ന യെമനിയുടെ ആദ്യ ഭാര്യയാണെന്നും, അവര്‍ ഇവിടെ വന്നത് അയാള്‍ക്കിഷ്ടപ്പെടാത്തത് കൊണ്ടാണ് അടിച്ചെതെന്നും... ഇതൊരു സ്ഥിരം കാഴ്ചയാണ് ശ്രദ്ധിക്കാന്‍ നില്‍ക്കണ്ട എന്ന ഉപദേശവും കിട്ടി. 

നീതിയേക്കാള്‍ അനീതിയും, ശരിയേക്കാള്‍ തെറ്റുമാണ് പ്രവാസ ജീവിതത്തിന്‍റെ അടിത്തറ ബലപ്പെടുത്തുന്നത് എന്നത് എനിക്ക് തോന്നിയതാകാം...നാട്ടിലേക്ക് ഒന്ന് ഫോണ്‍ ചെയ്യാന്‍ നീണ്ട ക്യൂവില്‍ നിന്നു തളരുന്ന ബാച്ചിലര്‍മാര്‍, ഫാമിലി കൂടെയുണ്ടെങ്കില്‍ പെട്ടെന്ന് ഫോണ്‍ ചെയ്തു പോരാം. അത്യാവശ്യ ഘട്ടങ്ങളില്‍ സുഹൃത്തുക്കള്‍ ഞങ്ങളുടെ സഹായം തേടാറുണ്ടായിരുന്നു. ഇക്കാമ ബൂത്തിലിരിക്കുന്ന സൗദിയുടെ കൈയില്‍ കൊടുക്കണം, എന്നാലെ ഫോണ്‍ ചെയാന്‍ പറ്റൂ. ഫോണ്‍ ചെയുക എന്ന കര്‍മ്മ പരിപാടിയേക്കാള്‍ ഞാന്‍ കാത്തിരുന്നത് വിശേഷങ്ങള്‍ കുത്തിനിറച്ച് നാട്ടില്‍ നിന്നെത്തുന്ന കത്തുകളെയായിരുന്നു. മഷി പടര്‍ന്ന മഞ്ഞകടലാസ്സില്‍ പെരുന്നാളും, ഓണവും, വിഷുവും, കല്യാണവും, ജനനവും, മരണവും എന്നെ തേടിയെത്തി. 

പ്രവാസത്തോട് ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകുന്നതിനിടക്കാണ് ഞങ്ങള്‍ക്ക് കൂട്ടായി ഒരാള്‍ കൂടെ എത്തും എന്ന് ഡോക്ടര്‍ പറഞ്ഞത്. കടുപ്പമേറിയ സുലൈമാനിയിലും മധുരമൂറുന്നത് ഞാന്‍ അറിഞ്ഞു. അബഹയുടെ കുളിരില്‍ അലിഞ്ഞ പ്രണയത്തിന്‍റെ ചൂട്. അടിവയറ്റില്‍ ഞങ്ങളുടെ ജീവന്‍റെ തുടിപ്പ്, അമ്മയുടെ കാവലായി അറിയാതെ ഉദരത്തിലേക്ക് നീളുന്ന കൈകള്‍, ലോകം ഞങ്ങളുടേത് മാത്രമായി.. ഒറ്റക്കുള്ള താമസവും, പഠനവും എന്‍റെയും കുഞ്ഞിന്റെയും ആരോഗ്യത്തെ സാരമായി ബാധിച്ചു തുടങ്ങിയപ്പോള്‍ താമസിയാത ഞാന്‍ അബഹയോടു യാത്ര പറഞ്ഞു. ആറു മാസത്തെ ഇടവേളയ്ക്കുശേഷം കുഞ്ഞുമായി ഞാന്‍  തിരിച്ചു വന്നത് സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിലേക്കാണ്.  പ്രണയത്തിന്‍റെയും, വിരഹത്തിന്റെയും ഒരു തുരുത്തായിരുന്നു അബഹ.  പതിനഞ്ചു കൊല്ലത്തിലേറെ സൗദിയില്‍ താമസിച്ചിട്ടും, ഒരിക്കല്‍ പോലും എനിക്കാ പ്രണയ തുരുത്തിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞിട്ടില്ല. മനസ്സില്‍ അബഹയിലെ സുന്ദരമായ പ്രണയ ദിനങ്ങള്‍ മാത്രം മങ്ങാതെ നിറഞ്ഞു  നില്‍ക്കുന്നു....


ചിത്രത്തിന് കടപ്പാട്: ഇമാന്‍ സയീദിനോട്. 



45 comments:

  1. കടുപ്പ മേറിയ സുലൈമാനിയിലെ മധുരവും ....അബഹ യുടെ കുളിളിരില്‍ അലിഞ്ഞ പ്രണയത്തിന്റെ ചൂടും .....നന്നായി എഴുതി മുബി ....great writing....luv ..rasheed

    ReplyDelete
  2. അബഹയുടെ പ്രണയക്കുളിരില്‍ മുങ്ങി നിവര്‍ന്നത്‌ അമൂല്യമായ നിധിയും കൊണ്ടല്ലേ.... മധുരിക്കുന്ന ആ ഓര്‍മകള്‍ക്ക് മുന്നില്‍ ചെറിയ കയ്പ്പുനീരുകള്‍ ഒഴുകിപ്പോട്ടെ ല്ലേ.... അനുഭവങ്ങളുടെ ഈ പങ്കു വെക്കല്‍ ഏറെ ഹൃദ്യമായി ട്ടോ...

    ReplyDelete
  3. മലയാള സമീക്ഷയില്‍ കണ്ടിരുന്നു.
    വളരെ നന്നായി പറഞ്ഞു അബഹ ഓര്‍മ്മകള്‍. ,
    എന്‍റെയും ഒരു സുഹൃത്ത്‌ പറഞ്ഞിട്ടുണ്ട് ഏ സി പോലും വേണ്ടാത്ത അവിടത്തെ കാലാവസ്ഥയെ പറ്റി.
    പിന്നെ ആദ്യത്തെ സ്ഥലം, അത് ആദ്യ പ്രണയം പോലെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും.
    ആശംസകള്‍ മുബി.

    ReplyDelete
    Replies
    1. നന്ദി മന്‍സൂര്‍, വായനക്കും അഭിപ്രായത്തിനും...

      Delete
  4. മുബി ,ഓര്‍മ്മകള്‍ വളരെ മനോഹരമായി അക്ഷരങ്ങളായി ..........സൌദിയുടെ തൊട്ടടുത്ത് ഉണ്ടെങ്കിലും അബഹ എന്നാ സ്ഥലത്തെ കുറിച്ച് കേള്‍ക്കുന്നത് ഈ പോസ്റ്റ്‌ വഴിയാണ് ......വളരെ ഇഷ്ട്ടപെട്ടു,ആശംസകള്‍ !!!!

    ReplyDelete
    Replies
    1. പറ്റിയാല്‍ ഒന്ന് പോയി നോക്കു ജോമോന്‍.., ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.

      Delete
  5. അബഹ , കുളിരും പ്രണയവും ചേര്‍ത്തു വയ്ക്കുന്നു-
    വരികളിലൂടെ മനസ്സിലും ..
    കോലാഹലങ്ങളില്ലാതെ , വളരെ സുന്ദരമായ പോസ്റ്റ് മുബീ ..
    ജീവിത സാഹചര്യങ്ങള്‍ ചില സ്ഥലങ്ങളില്‍
    വളരെ മോശമായാല്‍ പൊലും , ഓര്‍ക്കാന്‍ ചിലതുണ്ടാകും
    മടങ്ങി പൊകാനെപ്പൊഴും മനസ്സ് കൊതിക്കും ..
    നനുത്ത ഓര്‍മയായ് " അബഹ " ഈ മനസ്സിനേ മാടി വിളിക്കുന്നുണ്ട് ..
    മനസ്സ് ഒന്നു , അവിടെ കൊരുക്കുകയും ചെയ്തു ..
    വരികളില്‍ ഒരു ചിത്രം വരച്ചിട്ടൂ , കടുത്ത ചായ് കൂട്ടുകളില്ലാതെ
    പതിഞ്ഞ് പൊകുന്ന ഒന്ന് ,, സ്നേഹാശംസ്കള്‍ കൂട്ടുകാരീ ..

    ReplyDelete
  6. ഒരിക്കല്‍ കൂടി അവിടേക്ക് പോയി അവിടെ വച്ചുമറന്ന ഓര്‍മകളും പെറുക്കി വരൂ.. എല്ലാ ആശംസകളും

    ReplyDelete
  7. നല്ല എഴുത്ത് ശൈലി...
    ഓര്‍മകളുടെ അയവിറക്കല്‍ -( കെടക്കട്ട്)- ഗമണ്ടനായി

    ReplyDelete
  8. ദുബായിലെ എന്‍റെ കമ്പനി ആവശ്യങ്ങള്‍ക്കായി സൗദിയില്‍ നാലഞ്ചു പ്രാവശ്യം വന്നിട്ടുണ്ട്. റിയാദിലും ദാമാമിലുമാണ് ഞാന്‍ വന്നത്. അവിടെയുള്ള സുഹൃത്തുക്കളില്‍ നിന്ന് അബഹയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഒരു പ്രാവശ്യം പോകാന്‍ ഒരുങ്ങിയതാ പക്ഷെ പറ്റിയില്ല. ഇനി അടുത്തമാസം റിയാദില്‍ വരുമ്പോള്‍ ഇന്ഷാ അല്ലാഹ് പോകണം..
    ഭര്‍ത്താക്കന്മാര്‍ ജോലിക്ക് പോകുമ്പോള്‍ ഫ്ലാറ്റില്‍ തനിച്ചാകുന്ന ഭാര്യയുടെ മാനസികാവസ്ഥ വളരെ ഭംഗിയായി അവതരിപ്പിച്ചു. ഏകദേശം ഇതേ പോലെ തന്നെയായിരുന്നു പ്രവാസത്തിന്‍റെ ആദ്യ നാളുകളില്‍ എന്‍റെ ഭാര്യയുടെയും അവസ്ഥ. നാട്ടില്‍ പോകാനും വല്യ ഇഷ്ടമില്ല.. ഇവിടെയാണെങ്കില്‍ പകല്‍ സമയത്ത് തനിച്ചും. അങ്ങനെ ഞങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷം പകര്‍ന്നു കൊണ്ട് രണ്ട് കുസൃതി കുട്ടികള്‍ വന്നതോടെ അവള്‍ക്കു സമയം മതിയാവാതായി. ഇന്ന് എന്‍റെ ഇരട്ടകുട്ടികള്‍ക്ക് 3 വയസ്സാകാറായി. കുസൃതി അതിന്‍റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോള്‍ നാട്ടിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സമയമില്ലാതായി...മുബിയുടെ കഥ അവള്‍ ആവേശത്തോടെ വായിക്കുന്നത് കണ്ടു.. പ്രവാസ ജീവിതത്തിലെ തീരാ നൊമ്പരങ്ങളെ കുറിച്ച് എന്‍റെ ബ്ലോഗില്‍ 'സഹായാത്രക്കാരി' എന്ന പേരില്‍ ഒരു കഥയുണ്ട്. സമയം കിട്ടുമ്പോള്‍ സന്ദര്‍ശിക്കുക.
    ആശംസകള്‍.

    ReplyDelete
    Replies
    1. തീര്‍ച്ചയായും... വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദിയുണ്ടുട്ടോ..

      Delete
  9. ആ..ഹാ.. അബഹ
    സൌദിയിലെ അനുഭവങ്ങള്‍ രസകരമായി പങ്കുവെച്ചു ..
    മഗ്ഗ് ... മഴുവിന് പഴയ ആളുകള്‍ ഞങ്ങടെ നാട്ടിലും ഇങ്ങനെ പറയും..
    നല്ലോരു കുറിപ്പ്. മുബി

    ReplyDelete
    Replies
    1. വേണുവേട്ടാ, സന്തോഷായിട്ടോ...

      Delete
  10. പ്രവാസത്തെ മുഴുവൻ എഴുതുയ ഒരു കഥയും ഞാൻ ഇന്ന് വരേ വയിച്ചിട്ടീല്ല, കാത്തിരിപ്പാണ്, ഞാൻ അടക്കമുള്ളവരുടെ മുഴുവൻ കഥയും വായിക്കാൻ, അല്ല അത് വായിക്കാൻ പേടിയുമാണ്,

    കൊള്ളാം, നല്ല വിവരണം
    ആശംസകൾ

    ReplyDelete
    Replies
    1. ഷാജു, അതൊരു തുടര്‍കഥയല്ലേ? അത് കൊണ്ടാവും മുഴുവനകാത്തത്.

      Delete
  11. ഞാനും റിയാദിലാ, അബഹയേപ്പറ്റി കുറേ കേട്ടിട്ടുണ്ട്.ഒരു ദിവസം പോണം.
    നല്ല എഴുത്താണു . ആ മഗ്ഗ് ചിരിപ്പിച്ചു.
    മന്തി മീൽസിനെന്താ ഒരു കുഴപ്പം. അതൊക്കെയാണു നമ്മുടെ പ്രധാനഭക്ഷണങ്ങൾ!

    ReplyDelete
    Replies
    1. സുമേഷ്‌, ഒന്ന് പോയി വരൂ. "മന്തി" ഇപ്പോള്‍ എനിക്കിഷ്ടമാണ്. അന്ന് പ്രവാസത്തിന്റെ ആദ്യ ദിവസം എന്തോ ഇഷ്ടായില്ല. മട്ട അരിയുടെ ചോറും, പരിപ്പ് കറിയും, പപ്പടവും അച്ചാറും മാത്രല്ലേ അന്ന് വരെ കഴിച്ചിരുന്നത്, അതോണ്ടാവും.

      Delete
  12. മലയാള സമീക്ഷയില്‍ വായിച്ചിരുന്നു....

    സൌദിയില്‍ കാണാനൊരു പാട് നല്ല സ്ഥലങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ട്.. പക്ഷേ അവിടെത്തെ ഓരോ നിയമങ്ങള്‍ കാരണം വരാനും തോന്നുന്നില്ല...
    പുതിയ സ്ഥലങ്ങളെ പറ്റിയുളള വിവരങ്ങള്‍ പോരട്ടെ...

    ReplyDelete
    Replies
    1. യാത്ര ഇഷ്ടാണല്ലേ സുനി? എന്നാ ഇങ്ങോട്ട് പോന്നോളൂ.. കാനഡയിലേക്ക്.

      Delete
  13. ഞാനും ജിദ്ദയില്‍ വന്നിട്ടുണ്ട്, കൂടെ ഒരു അമേരിക്കകാരന്‍ ഉണ്ടായതുകൊണ്ട് സ്വതന്ത്രമായി വിഹരിക്കാന്‍ പറ്റി. എന്നാലും അവിടുത്തെ പെണ്ണുങ്ങളുടെ കാര്യം ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു.

    ReplyDelete
  14. അബഹയുടെ മനോഹാരിതായി ഒന്ന് ചുന്നു നില്‍ക്കണമെന്ന് കുറെ നാളായുള്ള ഒരു ആഗ്രഹമാണ് ..
    ഇന്ഷാ അല്ലഹ്.. പോകണം...
    ഹൃദയം തൊട്ടു ഈ ഓര്‍മ്മക്കുറിപ്പ്‌...
    ആശംസകള്‍. ഇത്താ...

    ReplyDelete
    Replies
    1. ശലീര്‍, ഇടയ്ക്കൊരു യാത്ര നല്ലതാണ്. ഒന്നു പോയി മനസ്സ് തണുപ്പിച്ചു വരൂ....

      Delete
  15. ഭാഷ കൊണ്ട് വിരട്ടി ഞങ്ങളെ തോല്‍പിക്കാനാവില്ല മക്കളേ ...
    മഗ്ഗിനു വേറെയും അര്‍ഥങ്ങള്‍ ഞങ്ങള്‍ മലപ്പുറം ദേശത്ത് പറയാറുണ്ട്‌ കേട്ടോ
    "എന്താടാ മഗ്ഗേ ?" എന്ന് ചോദിച്ചാല്‍ "എന്താടാ മണ്ടാ" എന്ന അര്‍ത്ഥവും കൂടി ഉണ്ട് .
    വിവരണങ്ങള്‍ ആകര്‍ഷകമായി
    ആശംസകള്‍

    ReplyDelete
    Replies
    1. ഹഹഹ ഇസ്മായില്‍..., സത്യാട്ടോ... ഞാനിപ്പോഴും പഠിച്ചു കൊണ്ടിരിക്കാ. സന്തോഷായി വന്നതിനും അഭിപ്രായം പറഞ്ഞതിനും.

      Delete
  16. പ്രവാസജീവിതത്തിന്റെ അടിത്തറയിലെ നീതികളും നീതികേടുകളും ഭംഗിയായി അവതരിപ്പിച്ചു. ഹൃദയസ്പർശിയായി, തെളിഞ്ഞ വാക്കുകളുടെ സംഗീതമുള്ള ഈ ഓർമ്മക്കുറിപ്പ്‌...

    ReplyDelete
    Replies
    1. സന്തോഷായി, മറക്കാതെ ഈ വഴി വന്നു അഭിപ്രായം പറയുന്നതിന്..

      Delete
  17. യാത്രകളെ വെറുത്തുകൊണ്ടിരിക്കുന്ന എനിക്ക് സന്തോഷത്തോടെ സന്ദര്‍ശിക്കുവാന്‍ സുന്ദരമായ ഒരു സ്ഥലം ചൂണ്ടിക്കാട്ടി തന്ന ഈ പോസ്റ്റിനു നന്ദി, മുബി. അടുത്ത യാത്ര അബഹയിലേക്ക് ..പ്ലാന്‍ ചെയ്തു കഴിഞ്ഞു. കൊള്ളാം എഴുത്ത് പുരോഗമിക്കുന്നു..ആശംസകള്‍..! (പിന്നെ, ഈ പോസ്റ്റ്‌ മറന്നു കിടന്ന ഒരു സംഭവം ഓര്‍മ്മപ്പെടുത്തി. അത് ഒരു പോസ്റ്റായി കാണാം .താമസിയാതെ..ഇന്ഷാ അല്ലഹ്..)

    ReplyDelete
  18. ഇതൊരു 'യാദോം കി ബാരാത്' ആണോ ?

    ReplyDelete
  19. മുബി...പരിചയപെടാന്‍ വൈകിയതില്‍ ക്ഷമിക്കണം !
    എഴുത്ത് വളരെ ഹൃദ്യമായി തോന്നി...പ്രവാസത്തിന്റെ ആ ഒറ്റെപെടല്‍ മനോഹരമായി അവതരിപ്പിച്ചു . പിന്നെ അബഹ ,കമീസ് വളരെ അധികം മനോഹരിയാനെന്നുള്ളത് ഞാന്‍ നേരിട്ട് അറിയുന്നവനാണ്. ഒരു പക്ഷെ നാട്ടില്‍ ഞാന്‍ കാണാത്ത ഇടിയും മഴയും കാറ്റും കോലും വളരെയധികം കൂടുതല്‍ ഞാന്‍ അവിടെ ആസ്വദിച്ചിട്ടുണ്ട്.
    പിന്നെ മുഖം മറക്കാത്തത്തിനു മുത്തവ പിടിക്കും അല്ലങ്കില്‍ അടിക്കുമെന്നുള്ളത് എന്റെ പുതിയ അറിവാണ്.പിന്നെ ഞാന്‍ പരിചയമുള്ള എന്റെ അടുത്ത സുഹുര്ത്തുക്കള്‍ ഒരു പാട് യമനികള്‍ ഉണ്ട് അവരെല്ലാം ഒരു ഭാര്യയുമായി സന്തോഷത്തോടെ കഴിയുന്നവരാണ്.
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
    Replies
    1. Asrus, ഇത് 94 ലെ അവസ്ഥയാണ്. ഇപ്പോള്‍ സൗദിയില്‍ ഒരുപ്പാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. യെമനികള്‍ എല്ലാവരും ഇത് പോലെ ആണെന്ന് ഞാന്‍ പറഞ്ഞില്ല. കഷ്ടക്കാലത്തിനു അങ്ങിനെ ഒരാള്‍ ഞങ്ങളുടെ അയല്‍വാസിയായി..

      Delete
  20. വിവരണങ്ങള്‍ നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തേ

      Delete
  21. മുബി ഞാന്‍ ഈ മുബിയുടെ ബ്ലോഗില്‍ പുതിയതാണ് കേട്ടോ ...തലകുലുക്കി ഇറങ്ങി പോയി. വഴിയില്‍ വെച്ച് അവന്‍ ഹുസൈനോട്, " ഇജ്ജ് അന്‍റെ ഓളോട് ഇബടെ തേങ്ങയൊന്നും പൊളിക്കാന്‍ കിട്ടൂല്ല എന്ന് പറഞ്ഞു കൊടുത്തിട്ടില്ലേ? തേങ്ങ പൊളിക്കാനുള്ള മഗ്ഗ് (മഴു എന്നതിന് മലപ്പുറം ഭാഗത്ത് പറയുന്നത്) വാങ്ങി വരാനാണ് ഓള് പറഞ്ഞുക്കുന്നത്" ഭാഷയുടെ പ്രയോഗം ഉണ്ടാക്കിയ ചിരിയുടെ മാലപടക്കം പൊട്ടാന്‍ പിന്നെ അധികം താമസം ഉണ്ടായില്ല.

    ഭാഷയുടെ പ്രയോഗ ത്തിന്‍റെ ചിരി അലകള്‍ ഇടക്ക് എല്ലായിടത്തും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നന്നയിരിക്കുന്നു അവതരണം..

    നീതിയേക്കാള്‍ അനീതിയും, ശരിയേക്കാള്‍ തെറ്റുമാണ് പ്രവാസ ജീവിതത്തിന്‍റെ അടിത്തറ ബലപ്പെടുത്തുന്നത് എന്നത് എനിക്ക് തോന്നിയതാകാം...നാട്ടിലേക്ക് ഒന്ന് ഫോണ്‍ ചെയ്യാന്‍ നീണ്ട ക്യൂവില്‍ നിന്നു തളരുന്ന ബാച്ചിലര്‍മാര്‍,..
    എല്ലാ മനുഷരിലും നല്ല ആള്‍ക്കാരും ചീത്ത ആള്‍ക്കാരും ഉണ്ട് അത് അറബിയെന്നോ?മലയാളി എന്നോ ? ഇഗ്ലിഷ് കാര്‍ എന്നോ മാറ്റമില്ല അങ്ങിനയാണ്‌ ചില ആള്‍ക്കാര്‍ക്ക് സംശയവും ഒരു രോഗമാകറുണ്ട് അപ്പോളാണ് ഇതു പോലെ അടിയും വഴക്കും സംഭവിക്കുന്നത് .
    അയല്‍വാസിയെ സന്ദര്‍ശിച്ചാല്‍ മറ്റുളളവരുമായി ഒന്ന് മിണ്ടിയാല്‍ അങ്ങിനെ ,എനിക്കറിയാവുന്ന ഒരു മലയാളി ഉണ്ട് അവരുടെ ഭര്‍ത്താവ് ഒരു ദിവസം ജോലി കയിഞ്ഞു വരുമ്പോള്‍ സ്ത്രി കുളിക്കാന്‍ കുറച്ചു വൈകിയിരുന്നു കുളിച്ച ഉടനെ ആയിരുന്നു അവര്‍ എത്തിയത് നീ എന്താടി ഇപ്പോള്‍ കുളിച്ചത് അരാദീ ഞാന്‍ ഇല്ലാത്തപ്പോള്‍ വന്നത് എന്നും പറഞ്ഞു വാഴ്ക്കുണ്ടായതും ഞാന്‍ ഓര്‍ത്തു പോയി ..
    ഈ വരികള്‍ എന്നെ കൊണ്ടെത്തിക്കുനത് 1986-ലെ ഞങ്ങളുടെ ഫ്ലാറ്റിന്റെ താഴ്ത്തുള്ള ബൂത്തിലേക്ക് അവിടെ നിരനിര ആയി നില്‍ക്കുന്ന ബംഗാളികളും നേപ്പാളികളും പാകിസ്ഥാനികളും ഇന്ത്യന്‍സും എല്ലാം എന്‍റെ കണ്ണില്‍ മുന്നില്‍ വീണ്ടും തെളിയുന്നു....
    ആശസകള്‍ മുബീ...

    ReplyDelete
    Replies
    1. നന്ദി, ഇത്താ... ഇവിടെ വരെ വന്നു വിശദമായ അഭിപ്രായം പറഞ്ഞതിന്.

      Delete
  22. നല്ല വിവരണം.....

    ReplyDelete
  23. ഈ വഴി വരാന്‍ ഞാനല്‍പം വൈകി, ബുക്ക്‌ മാര്‍ക്ക്‌ ചെയ്തവ വായിച്ച്‌ പോകുന്നതിനിടെ ഇവിടെ എത്തി.. ഹാ അബഹയുടെ കുളിരുള്ള എഴുത്ത്‌, വിവരണം മനോഹരം, തണുപ്പ്‌ സമ്മാനിച്ചത്‌ വിലമതിക്കാന്‍ കഴിയാത്ത്‌ ഒരു നിധിയാണെന്ന് തുറന്ന് പറഞ്ഞ്‌ മുബീന്‌ അഭിനന്ദങ്ങള്‍ ഈ എഴുത്ത്‌ എനിക്ക്‌ താങ്കളുടെ മറ്റ്‌ രചനകളേക്കാള്‍ ഇഷ്ടപ്പെട്ടു എന്നുകൂടെ പറഞ്ഞ്‌ കൊള്ളട്ടെ ആശംസകള്‍

    ReplyDelete
  24. "നീതിയേക്കാള്‍ അനീതിയും, ശരിയേക്കാള്‍ തെറ്റുമാണ് പ്രവാസ ജീവിതത്തിന്‍റെ അടിത്തറ ബലപ്പെടുത്തുന്നത് എന്നത് എനിക്ക് തോന്നിയതാകാം."ഇതൊക്കെ എല്ലാവര്ക്കും ഇടയ്ക്ക് തോന്നാറുണ്ട്

    ReplyDelete
  25. ആഹാ! മഗ്ഗ് അല്ലേ?

    സുന്ദരം ഈ ഓര്‍മ്മകള്‍...

    ReplyDelete