Tuesday, November 27, 2012

സൗഹൃദമേ നന്ദി

Ottawa Tulip Festival - Google Images
മെയ്‌ മാസത്തിലാണ് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ ടുലിപ് ഉത്സവം കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ നടക്കുന്നത്. മുപ്പത് പൂത്തടത്തിലായി അറുപത് വിവിധയിനത്തില്‍പ്പെട്ട 300,000 ടുലിപ്പുകള്‍ വിരിഞ്ഞു നില്‍ക്കുന്ന നദിക്കരയും, അതിനു പിന്നിലായി പ്രൌഡിയോടെ നില്‍ക്കുന്ന പാര്‍ലമെന്റ്‌ മന്ദിരവും എല്ലാവര്‍ഷവും ആയിരങ്ങളെ ആകര്‍ഷിക്കുന്നു. രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തിന്‌ പിന്നില്‍ കടല്‍ കടന്നെത്തിയ ഒരു സൗഹൃദത്തിന്‍റെ ചരിത്രമുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്ത് യുറോപ്പില്‍ തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി ഡച്ചുകാര്‍ പൊരുതുന്ന സമയം. നെതെര്‍ലാന്‍ഡില്‍ നാസികളുടെ കടന്നുകയറ്റത്തിന്‍റെ  രണ്ടാം ദിവസം ഡച്ച് രാജകുടുംബാംഗങ്ങളെ ബ്രിട്ടീഷ്‌ യുദ്ധക്കപ്പലില്‍ സുരക്ഷിതമായി ലണ്ടനിലേക്ക്  നാടുകടത്തി. ലണ്ടനിലെ ലോര്‍ഡ്‌ ബ്ലേടിസ്ലോയിയുടെ അതിഥിയായി താമസിക്കവേ, 1940 ജൂണില്‍ ജൂലിയാന രാജകുമാരിയും അവരുടെ രണ്ടു പെണ്മക്കളും കാനഡയുടെ അന്നത്തെ ഗവര്‍ണര്‍ ജനറലിന്റെ ക്ഷണം സ്വീകരിച്ചു ഒട്ടാവയിലേക്ക് പുറപ്പെട്ടു. ഡച്ച് യുദ്ധക്കപ്പലായ സുമാത്രയില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ദീര്‍ഘദൂരം കടല്‍ യാത്രചെയ്തു രാജകുമാരിയും മക്കളും ഹാലിഫക്സില്‍ വന്നിറങ്ങി.  കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം അവര്‍ അവിടെ നിന്ന് തലസ്ഥാനമായ ഒട്ടാവയിലേക്കു പോന്നു.   നല്ലൊരു വ്യക്തിത്വത്തിനു ഉടമയായ ജൂലിയാന രാജകുമാരി പല സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നുവെത്രേ. 

File photo Princess Juliana & Family (1943) -- Google Images
ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ഭര്‍ത്താവായ ബേര്‍ണ്‍ഹാര്‍ഡ്‌ രാജകുമാരന്‍ കാനഡയില്‍ എത്തി കുടുംബത്തോടൊപ്പം ചേര്‍ന്നു. ഗര്‍ഭിണിയായ ജൂലിയാന രാജകുമാരിയെ ഒട്ടാവയിലെ സിവിക്‌ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.  പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഡച്ച് പൗരത്വം  സംരക്ഷിക്കുന്നതിനായി സിവിക്‌ ആശുപത്രിയില്‍ രാജകുമാരി കിടന്നിരുന്ന മുറിയുടെയും പരിസരത്തിന്റെയും  അവകാശം താല്‍ക്കാലികമായി നെതര്‍ലന്‍ഡിനു കാനഡ വിട്ടു കൊടുക്കുകയായിരുന്നു. 1943 ജനുവരി പത്തൊന്‍പതാം തിയതി സമാധാനത്തിന്‍റെയും പ്രതീക്ഷയുടെയും പ്രതീകമായി മാര്‍ഗരെറ്റ്‌ രാജകുമാരി കാനഡയുടെ ഡച്ച് മണ്ണില്‍ പിറന്നു വീണു. അന്നേ ദിവസം ഒട്ടാവയിലെ പാര്‍ലിമെന്റ് പീസ്‌ ടവറില്‍ ഡച്ച് പതാകയാണ് പാറിയത്.


വടക്കേ അമേരിക്കയില്‍ ജനിച്ച ആദ്യത്തെ രാജകുമാരിയായി മാര്‍ഗരെറ്റ്‌. യുദ്ധം അവസാനിച്ചതിനു ശേഷം നെതര്‍ലന്‍ഡ്സില്‍ തിരിച്ചെത്തിയ ജൂലിയാന രാജകുമാരി തനിക്കും തന്റെ കുടുംബത്തിനും, അതിലുപരിയായി രാജ്യത്തിനും കാനഡ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി സൂചകമായി 100,000 ടുലിപ് കിഴങ്ങുകള്‍ കൊടുത്തയച്ചു.


City of Ottawa Archives (Google images)
കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം സൗഹൃദത്തിന്‍റെ കൈയൊപ്പ്‌ പതിപ്പിച്ച്‌ വിവിധ വര്‍ണ്ണങ്ങളില്‍ പൂത്തു നില്‍ക്കുന്ന ഡച്ച് ടുലിപ്പുകള്‍ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയുടെ പ്രധാന ആകര്‍ഷണമായി മാറി. പതിനേഴാം നൂറ്റാണ്ടിലാണ്  ടുലിപ്പുകള്‍ നെതെര്‍ലാന്‍ഡ്സില്‍ എത്തുന്നത്‌. ടുലിപ്പാ ജെസ്നെറിയാനാ എന്ന ശാസ്ത്രനാമമുള്ള ടുലിപ്പുകള്‍ ആദ്യമായി കണ്ടത് പേര്‍ഷ്യയിലും തുര്‍ക്കിയിലുമാണ്. പണ്ട് കാലങ്ങളില്‍ തുര്‍ക്കിയിലെ ആണുങ്ങള്‍ അവരുടെ തലപ്പാവ് ടുലിപ്പുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. പേര്‍ഷ്യന്‍ നവവത്സരത്തെ വരവേല്‍ക്കാന്‍ ഇറാനിലെ ജനങ്ങള്‍ ടുലിപ്പുകള്‍ കൊണ്ടാണ് വീടുകള്‍ മോടിപിടിപ്പിച്ചിരുന്നത്. പേര്‍ഷ്യയില്‍ "ലാലെഹ്" എന്നറിയപ്പെടുന്ന ടുലിപ്, പ്രണയത്തിന്‍റെ പ്രതീകം കൂടിയാണ്..ഏതോ ഒരു ആത്മാര്‍ത്ഥ പ്രണയത്തിന്‍റെ രക്തത്തുള്ളികളില്‍ ഭൂമിയില്‍ ഇറ്റി വീണതില്‍ നിന്നാണെത്രേ ആദ്യത്തെ ടുലിപ്പുകള്‍ വിടര്‍ന്നത് എന്നാണ് പേര്‍ഷ്യന്‍ വിശ്വാസം. 


ചരിത്രത്തില്‍ ടുലിപ്പ് യുഗം എന്നത് ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തെ സൂചിപ്പിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയായിരുന്ന മുശാരിഫുദിന്‍ സാദിയുടെ “ഗുലിസ്ഥാന്‍” എന്ന കവിതയില്‍ ടുലിപ്പുകളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ടുലിപ്പ് കൃഷിയുടെ പശ്ചാത്തലത്തില്‍ കോര്‍നെലിസും റോസയും തമ്മിലുള്ള പ്രണയമാണ് അലക്‌സാണ്ടര്‍ ദുമസ് പെരെ എഴുതിയ “ദി ബ്ലാക്ക്‌ ടുലിപ്പ്” എന്ന നോവലിലെ ഉള്ളടക്കം. 

ലോകമെമ്പാടുമുള്ള പ്രകൃതി സ്നേഹികളുടെ ശ്രദ്ധ ആകര്‍ഷിച്ച കാനഡയിലെ ടുലിപ്പുകളുടെ  ദ്രിശ്യങ്ങള്‍ പകര്‍ത്തിയത് മലക്ക്‌ കര്ഷ് എന്ന അര്‍മേനിയന്‍ വംശജനായ കനേഡിയന്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു.

Tulip - Photo from Flickr
ടുലിപ്പുകളുടെ  മാസ്മരികത തന്‍റെ ചിത്രങ്ങളിലൂടെ അദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്തു. ടുലിപ്പുകളുടെ സൗന്ദര്യം അനശ്വരമാക്കിയ ആ കലാകാരന്‍ തന്നെയാണ് ടുലിപ് ഉത്സവത്തിനും നാന്ദികുറിച്ചത്. 1953 ലാണ് മലക്കിന്റെ ഉപദേശപ്രകാരം ഒട്ടാവ ബോര്‍ഡ്‌ ഓഫ് ട്രേഡ് ആദ്യമായി ടുലിപ് ഉത്സവം നടത്തുന്നത്. അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മരണംവരെ ടുലിപ്പുകളെ സ്നേഹിച്ച മലക്കിനെ ആദരിക്കാന്‍ കാനഡ മടിച്ചില്ല. ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. കനേഡിയന്‍ തപാല്‍വകുപ്പ്‌ പുറത്തിറക്കിയ ടുലിപ് സ്റ്റാമ്പിലും, ഒരു ഡോളര്‍ കനേഡിയന്‍ നോട്ടിലും മലക്ക്‌ കര്ഷിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒട്ടാവയിലെ ഒരു തെരുവ് മലക്കിന്റെ പേരില്‍ അറിയപ്പെടുന്നു. ഓര്‍ഡര്‍ ഓഫ് കാനഡ,  വിറ്റെന്‍ അവാര്‍ഡ്‌, ഫിലിം ബോര്‍ഡ്‌ ഓഫ് കാനഡയുടെ ഗോള്‍ഡ്‌ മെഡല്‍ എന്നിവക്കും ഈ കലാകാരന്‍ അര്‍ഹനായി. 

Canada Post stamp - Google images


1967 ല്‍ ടുലിപ്പുമേളത്തില്‍ പങ്കെടുക്കാനായി ജൂലിയാന രാജ്ഞി കാനഡയില്‍ എത്തിയിരുന്നു. സ്നേഹവും സൗഹൃദവും വരും തലമുറയ്ക്ക് കൈമാറി തൊണ്ണൂറ്റിനാലാം വയസ്സില്‍ അവര്‍ ഈ ലോകത്തോട് വിട പറഞ്ഞു. പിന്നീട് ടുലിപ് ഉത്സവത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനായി മാര്‍ഗരെറ്റ്‌  രാജകുമാരിയും പിറന്ന മണ്ണിലെത്തുകയുണ്ടായി. ഒരു മില്യണ്‍ ടുലിപ്പുകള്‍ വിരിഞ്ഞുനില്‍ക്കുന്ന ഒട്ടാവയുടെ മണ്ണിന് പറയാന്‍ ഇനിയും കഥകള്‍ ഏറെയുണ്ടാകും. പകയും പ്രതികാരവും അശാന്തിയും ദിനംപ്രതി ഉറക്കംകെടുത്തുന്ന ഇന്നത്തെ കാലത്തു അരനൂറ്റാണ്ടിനു മുന്‍പ് തുടങ്ങിയ ഒരു സ്നേഹബന്ധത്തിന്‍റെ പ്രതീകമെന്നോണം എല്ലാവര്‍ഷവും ആയിരം ടുലിപ്പുകള്‍  ഡച്ചില്‍ നിന്ന് കാനഡയില്‍ എത്തുന്നു. സൗഹൃദങ്ങള്‍ക്ക് അതിര്‍ത്തികള്‍ ഇല്ലായെന്ന ഓര്‍മ്മപ്പെടുത്തലോടെ...

ചരിത്ര പ്രസിദ്ധമായ സൗഹൃദത്തിന്റെ കഥ ഞാന്‍ അറിഞ്ഞത് മറ്റൊരു സൗഹൃദത്തില്‍ നിന്ന്. നിര്‍മല ചേച്ചി (നിര്‍മല തോമസ്‌)യുടെ  കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ച കൊല്ലം രാജാവിന്‍റെ ടുലിപ്പുകള്‍  എന്ന കഥയില്‍ നിന്നാണ് എന്‍റെ ഈ പോസ്റ്റിന്റെ പിറവി.   സൗഹൃദങ്ങള്‍ നെഞ്ചോട്‌ ചേര്‍ത്ത് ടുലിപ്പുകളെ അടുത്തറിയാന്‍ ഇനി,

City of Ottawa official site - image from Google



36 comments:

  1. സൗഹൃദങ്ങള്‍ക്ക് അതിര്‍ത്തികള്‍ ഇല്ലായെന്ന ഓര്‍മ്മപ്പെടുത്തലോടെ........"
    നന്നായി.
    അഭിനന്ദനങ്ങള്‍! നല്ല വിവരണം .....

    ReplyDelete
  2. അറിയില്ലായിരുന്നു.അമേരിക്കന്‍ ഹിസ്റ്ററി പഠിച്ചു കാനഡയുമായുള്ള ഡച്ചിന്റെ ഈ കൊച്ചു സൌഹൃദ സന്ദേശം മുബീയുടെ വിരല്‍ തുബിനാല് കോ റിയിട്ടതു ക്കണ്ടപ്പോള്‍ കുറച്ചു കൂടി പഠിച്ചു .,പക്ഷെ ഈ കാനഡ ടൂലിപ് കഥ അറിയില്ലായിരുന്നു ,,നന്ദി മുബീ

    ReplyDelete
    Replies
    1. ചരിത്രം ഇനിയും നമ്മള്‍ ഏറെ പഠിക്കേണ്ടിയിരിക്കുന്നു സല്യേച്ചി

      Delete
  3. നല്ലൊരു വിവരണം പുതിയ അറിവുകള്‍ സമ്മാനിച്ച വായന..നന്നായിരിക്കുന്നുട്ടോ

    ReplyDelete
    Replies
    1. ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം

      Delete
  4. ടൂലിപ് കഥ പറഞ്ഞു തന്നതിനു നന്ദി.

    ReplyDelete
  5. ടുലിപ് ടുലിപ്
    എന്റെ ഡസ്ക് ടോപ്പിലും ടുലിപ് ആണ്

    താങ്ക്സ് ഫോര്‍ ഹിസ്റ്ററി

    ReplyDelete
  6. എന്റെ കയ്യില്‍ ടുളിപ് പൂക്കളുടെ കുറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു , അതിനു പിന്നിലെ ചരിത്രം വിശദീകരിച്ചതിനു നന്ദി ...

    ReplyDelete
  7. പട്ടേപ്പാടം റാംജി, അജിത്തേട്ടന്‍, ജോയ്‌ എല്ലാവര്‍ക്കും ടുലിപ് കഥ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം....

    ReplyDelete
  8. ഇത്തിരിയാണെങ്കിലും ഒത്തിരി ഇഷ്ടമായി

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം കോയാസ്...

      Delete
  9. ടുലിപ് പൂവുകളെ പറ്റി കുറച്ച് കൂടി അറിയാന്‍ സാധിച്ചു. പോയോ ഈ മേള കാണാന്‍? പോയെങ്കില്‍ അതിന്‍റെ പടങ്ങള്‍ ഇടണേ.... ആശംസകള്‍

    ReplyDelete
    Replies
    1. അടുത്ത മെയ്‌ മാസത്തില്‍ പോണം വിഗ്നേഷ്... അപ്പോ ചിത്രങ്ങള്‍ അയച്ചു തരാട്ടോ. (ഇന്ഷാ അല്ലാഹ്)

      Delete
  10. അപ്പൊ ടുലിപ് ഉത്സവം ഒരു സംഭവം തന്നെ ...നല്ല കളറ് പരിപാടി തന്നെയായിരിക്കും ഇത് ...എന്നേലും അവിടെക്കൊക്കെ ഒന്ന് പോയി വരാന്‍ പറ്റിയാല്‍ ഈ സ്ഥലത്തൊക്കെ ഒന്ന് കറങ്ങുക തന്നെ ചെയ്യും...നല്ല വിവരണം ട്ടോ.. ആശംസകള്‍ ...

    ReplyDelete
    Replies
    1. തീര്‍ച്ചയായും വരണംട്ടോ...

      Delete
  11. പുത്തന്‍ അറിവുകള്‍ സമ്മാനിച്ച പോസ്റ്റ്‌
    താങ്ക്സ് മുബീ

    ReplyDelete
    Replies
    1. "പുത്തന്‍ അറിവുകള്‍ സമ്മാനിച്ച പോസ്റ്റ്‌" ഇതിന്‍റെ കോപ്പിറൈറ്റ് മൊഹിക്കല്ലേ കൊമ്പന്‍സ്? ചുമ്മാ പറഞ്ഞതാ.

      വന്നതിനും വായിച്ചതിനും നന്ദി

      Delete
  12. ഇതെന്താണ് ഇങ്ങിനെ?

    ReplyDelete
  13. വിവരണം നന്നായി.. ചിത്രങ്ങള്‍ മനോഹരം... പരിചയപ്പെടുത്തലിനു നന്ദി. :)

    ReplyDelete
  14. ടുലിപ് കണ്ടിട്ടുണ്ട് ഫോട്ടോയില്‍ , ന്റെ ലാപ്പിലും അതുണ്ട് പക്ഷെ പേര് പോലും ഞാന്‍ അറിയുന്നത് ഇപ്പോളാണ് സത്യം ..അറിയാത്ത കാര്യങ്ങള്‍ , നന്നായി വിവരിച്ചിരിക്കുന്നു മുബീ ...ഇനി ടുലിപ് ഉത്സവം കണ്ടു അതിന്റെ ഫോട്ടോകളും കൂടെ ഇടണം ട്ടോ ...എന്ത് ഭംഗിയാവും അത് നേരിട്ട് കാണാന്‍ തന്നെ ..!!!

    ReplyDelete
    Replies
    1. ഫിറോസ്‌, കൊച്ചു... സന്തോഷം ഈ വായനക്ക്. ഇനി അവിടെ പോയി നേരില്‍ കണ്ടു ഫോട്ടോസ് പോസ്റ്റ്‌ ചെയ്യാട്ടോ

      Delete
  15. ടുലിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ആകര്‍ഷകം. പേര്‍ഷ്യന്‍ സാഹിത്യത്തില്‍ ടുലിപ്പിനു വലിയ സ്ഥാനമുണ്ടെന്ന് മുന്‍പേ കേട്ടിരുന്നു. ഇപ്പോള്‍ ആഭിജാത്യ പൂക്കളുടെ കൂട്ടത്തിലാണ് ടുലിപ്.

    ReplyDelete
  16. ആഹാ.. എത്ര നല്ല സ്നേഹസമ്മാനം , നന്നായി വിവരണം ആശംസകള്‍@ PUNYAVAALAN

    ReplyDelete
    Replies
    1. നിസാര്‍, പുണ്യവാളന്‍..ഒത്തിരി സന്തോഷം

      Delete
  17. ഹൃദ്യമായ വായനാനുഭവം ! ...കാനഡയില്‍,എത്തപ്പെട്ട പ്രതീതി ...സന്തോഷം തോന്നുന്നു മുബി .

    ReplyDelete
  18. അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്കൊഴുകിയ സ്നേഹസമ്മാനമാണ് കനേഡിയന്‍ മണ്ണിലെ ടുലിപ്പ് പുഷ്പ്പങ്ങള്‍ എന്ന് പറഞ്ഞ് തന്ന മുബി...നന്ദി..ഈ അറിവിന്.ഈ ദൃശ്യങ്ങള്‍ ജനകീയമാക്കിയതിന് മലക്കിന് മുന്നില്‍ ഒരു ടുലിപ്പ് പുഷ്പ്പവും ...

    ReplyDelete
  19. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!!!

    ReplyDelete
  20. ടുലിപ് പുഷ്പ ത്തിനു പിന്നിലെ ചരിത്ര പശ്ചാത്തലം പുതിയ ഒരു അറിവ് നല്‍കി ,,നല്ല പോസ്റ്റ്‌ .

    ReplyDelete
    Replies
    1. മിനി, തുമ്പി, അശ്വതി, ഫൈസല്‍.... വായിച്ചു അഭിപ്രായം അറിയിച്ചതില്‍ സന്തോഷം. എല്ലാവര്ക്കും വൈകിയാണെങ്കിലും പുതുവത്സരാശംസകള്‍...

      Delete
  21. ടുലിപ് വിശേഷങ്ങള്‍ പങ്കു വച്ചതിനു നന്ദി.

    പോസ്റ്റ് നന്നായിട്ടുണ്ട്, ആശംസകള്‍!

    ReplyDelete
  22. ടുലിപ് വിശേഷങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു..

    ReplyDelete
  23. അതിർത്തികളില്ലാത്ത സൌഹൃദത്തിന്റെ കഥ പറഞ്ഞ മുബിക്കും അതിനു പ്രചോദനമായ കൊല്ലത്തിന്റെ ടുലിപ്പുകൾ രചിച്ച നിർമല തോമസിനും നന്ദി

    ReplyDelete
  24. വളരെ പഴയ കാലത്ത് എഴുപതുകളില്‍ എടുത്ത ഒരു ടുലിപ് ഉല്‍സവത്തിന്‍റെ രണ്ട് ഫോട്ടൊ എന്‍റെ പക്കലുണ്ട്.. പിന്നെ ബ്ലാക് ടുലിപ്പിനെപ്പറ്റി വായിച്ചിട്ടുണ്ട്... പഴയ സില്‍സില സിനിമേലു ടുലിപ്പ് പാടം ഉണ്ടല്ലോ ധാരാളമായിട്ട്....

    ഈ ടുലിപ്പ് കഥ ഒത്തിരി ഇഷ്ടായി... ഈ കഥയൊന്നും അറിയില്ലായിരുന്നു..

    ReplyDelete