2013 മാർച്ച് 2, ശനിയാഴ്‌ച

വിളക്കുമാടം

സ്വര്‍ണ്ണത്തെരുവുകളില്‍  നിന്ന് അക്ഷരങ്ങളുടെ പറുദീസയിലേക്ക്....

Travel route of knowledge - Google Image
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ദീര്‍ഘവീക്ഷകരായ ഭരണാധികാരികളുടെ കീഴില്‍ തിംബക്തൂ വാണിജ്യപരമായി മാത്രമല്ല വിദ്യാഭ്യാസപരമായി പ്രത്യേകിച്ച് എഴുത്തിലും വായനയിലും മുന്‍പന്തിയിലായിരുന്നു എന്ന വസ്തുത മനസ്സില്‍ ആരൊക്കെയോ വരച്ചു ചേര്‍ത്ത ആഫ്രിക്കയുടെ ചിത്രം മാറ്റി വരക്കുകയാണ് ഞാന്‍.നാടോടികളായിരുന്ന തിംബക്തൂവിലെ ഗോത്രക്കാരുടെ കൈവശം ഇസ്ലാമിന്‍റെ മുന്‍പുള്ള കാലഘട്ടങ്ങളിലെ അപൂര്‍വ ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം തോല്‍സഞ്ചികളില്‍ ആക്കി പോകുന്ന വഴിക്ക് മരുഭൂമിയില്‍ കുഴിച്ചിടുമായിരുന്നത്രേ. യാത്രയെല്ലാം കഴിഞ്ഞു തിരികെ വരുമ്പോള്‍ കുഴിച്ചിട്ട സ്ഥലത്ത് നിന്ന് അവരതെടുത്തു വാസ സ്ഥലത്തേക്ക്കൊണ്ടു പോരും.ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സഞ്ചരിക്കുന്ന ലൈബ്രറികള്‍ ആയിരുന്നു ഇവ. അവരുടെ ഓര്‍മശക്തിയുടെ മുന്നില്‍ സഹാറ പോലും തലകുനിച്ചിരിക്കാം. അതോ ഭൂമുഖത്ത്‌ പിറന്നു വീഴാവുന്ന ഓരോ കറുത്ത മുത്തിനും അറിവിന്‍റെ പാഠങ്ങള്‍ പകരാന്‍ വേണ്ടി പ്രകൃതി തന്നെ സൂക്ഷിച്ചതായിരിക്കുമോ?എഴുത്തും വായനയും യുറോപ്പിന്റെ കുത്തകയായിരുന്നു എന്ന കണക്കുകള്‍ ഇവിടെ തെറ്റുകയാണ്. 

Sankara University - Google Image

മക്കയില്‍നിന്നും കൈറോവില്‍ നിന്നുമുള്ള പണ്ഡിതരെ മൂസാ രാജാവ്‌ തിംബക്തൂവിലേക്ക് ക്ഷണിച്ചുവരുത്തി. വന്നവര്‍ ആരും തിരിച്ചു പോയില്ല എന്ന് വേണം കരുതാന്‍. കാരണം പന്ത്രണ്ടാം നൂറ്റാണ്ടില്‍ മൂന്ന് യൂണിവേര്‍സിറ്റികളും,നൂറ്റിയമ്പതിലധികം പഠനകേന്ദ്രങ്ങളും തിംബക്തൂവില്‍ ഉണ്ടായിരുന്നു. ലോകത്തിലെ തന്നെ പഴക്കംചെന്ന സങ്കോറാ യൂണിവേര്‍സിറ്റി തിംബക്തൂവിലാണ്. ആഫ്രിക്കയിലെ ഇസ്ലാമത പ്രചാരണത്തിന്റെ ഉറവിടങ്ങളായ മാറിയത്  ഈ യൂണിവേഴ്സിറ്റികള്‍ ആണ്. കൈറോ, പേര്‍ഷ്യന്‍, ബാഗ്ദാദ് എന്ന് തുടങ്ങി ലോകത്തിന്‍റെ നാനാദിക്കില്‍ നിന്നും പണ്ഡിതര്‍ തിംബക്തൂവില്‍ എത്തി.പണ്ഡിതശ്രേഷ്ട്രര്‍ക്കായി വിശുദ്ധ  പഠന ഗ്രന്ഥങ്ങള്‍ മരുഭൂമി കടന്നു വന്നു. അറിവിന്‍റെ നിറകുടങ്ങള്‍ ആയിരുന്നു അവയെല്ലാം.  ഇസ്ലാമിക്‌ പഠനങ്ങള്‍ക്കൊപ്പം, വ്യാകരണം,  കണക്ക്, നിയമം, ശാസ്ത്ര ശാഖകള്‍ ആയ ജ്യോതിശ്ശാസ്‌ത്രം   വൈദ്യശാസ്ത്രം, തച്ചു ശാസ്ത്രം  , ഭൂമിശാസ്ത്രം, ഭൌതികശാസ്ത്രം, രസതന്ത്രം, തുടങ്ങിയവയെല്ലാം ഇവിടെ പഠിപ്പിച്ചിരുന്നു. അന്ന് പഠനത്തോടൊപ്പം എഴുത്തും ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഏഴു ലക്ഷത്തില്‍പ്പരം കണ്ടെടുത്ത കൈയെഴുത്തുപ്രതികള്‍ സൂചിപ്പിക്കുന്നത്.കറുത്ത ഭൂഖണ്ഡത്തിനെ ചവിട്ടി താഴ്ത്തി ചരിത്രം എഴുതിയവരെ ലജ്ജിപ്പിക്കുന്ന കണ്ടെത്തലുകള്‍!!!


Copy of a manuscript - Google Image

പരിശുദ്ധ ഖുര്‍ആന്‍റെ പഠനങ്ങളും, പ്രവാചകനായ മുഹമ്മദ്നബി (PBUH)യുടെ  സന്ദേശങ്ങളും അടങ്ങിയ ഗ്രന്ഥങ്ങള്‍  മക്കയില്‍ നിന്ന് കൊണ്ട് വന്നു ഇവിടെ കൈയെഴുത്തുപ്രതികള്‍ ആക്കിയിരുന്നുവത്രേ. ഓരോ കുടുംബവും തങ്ങളുടെ പൈതൃകസ്വത്തായി ഇവയെ കാത്തു വെച്ചു. തലമുറകള്‍ കൈമാറുന്ന നിധികുംഭം. 

Haidara - Google Image

മാമ്മാ ഹൈദാരാ മെമ്മോറിയല്‍ ലൈബ്രറി എന്നറിയപ്പെടുന്ന മാലിയിലെ ഈ ലൈബ്രറിയില്‍ ഹൈദാരാ കുടുംബത്തില്‍ പതിനാറാം നൂറ്റാണ്ട് മുതല്‍ സൂക്ഷിച്ചിരുന്ന ഗ്രന്ഥങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും അപൂര്‍വശേഖരമാണ്. ഓര്‍ക്കുക തിംബക്തൂവിലെ ഓരോ കുടുംബത്തിലും ഇതുപോലെയുള്ള ശേഖരങ്ങള്‍ ഉണ്ട്.  ഈ കുടുംബത്തിന്‍റെ ഇന്നത്തെ കണ്ണിയായ അബ്ദുല്‍ ഖാദര്‍ ഹൈദാറാ ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നതോടോപ്പാം ഗ്രന്ഥങ്ങള്‍ പഠിക്കുകയും അവയുടെ വിഷയ-വിവരപട്ടിക തയാറാക്കി എടുക്കാനുമുള്ള ശ്രമത്തിലാണ്.



Women in Timbaktu - Google Image
അന്നത്തെ തിംബക്തൂവിലെ സ്ത്രീകളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന അത്യാധുനികലോകത്തിലെ കാട്ടാളന്മാര്‍   അറിയണം.പെണ്‍സമൂഹം  വിശുദ്ധവും അപൂര്‍വവുമായ ഗ്രന്ഥങ്ങള്‍ പഠിക്കുക മാത്രമല്ല എഴുതി സൂക്ഷിക്കുകയും ചെയ്തു.  സമൂഹത്തില്‍ അവര്‍ക്കുണ്ടായിരുന്ന സ്ഥാനവും , സ്വാതന്ത്ര്യവും, കാഴ്ചപ്പാടുകളും  രേഖപ്പെടുത്തി വെച്ച കുറിപ്പുകളില്‍ നിന്ന് വ്യക്തമാണ്. പഠിക്കാന്‍ ഏറെയുണ്ട് പഴമയുടെ ഈ പാഠങ്ങള്‍. ഇന്ന് കണ്ടെടുക്കുന്ന  കൈയെഴുത്തുപ്രതികളില്‍ സ്ത്രീകള്‍ എഴുതിയവയുമുണ്ട്. കുടുംബ സ്വത്തായി അവര്‍ അത് കാത്തു വെച്ചു. പഠനങ്ങള്‍ മാത്രമല്ല സര്‍ഗസൃഷ്ടികളും ഉണ്ടായിരിക്കാം. യുറോപ്പില്‍ ക്രിസ്തുമതം ലാറ്റിന്‍ ഭാഷ പ്രചരിപ്പിച്ച പോലെ ഇസ്ലാംമതം അറബി ഭാഷക്ക് പ്രാമുഖ്യം നല്‍കി. അതുകൊണ്ടായിരിക്കാം ലിപികള്‍ ഇല്ലാത്ത പല ആഫ്രിക്കന്‍ ഭാഷകളിലെയും കുറിപ്പുകള്‍ അറബിയില്‍ എഴുതിയിരിക്കുക. ഏതു ഭാഷയാണെന്നു കണ്ടുപ്പിടിച്ചു എന്താണ് എഴുതിയിരിക്കുന്നത് എന്ന് മനസിലാക്കി എടുക്കുക എളുപ്പമല്ല. ചില ഭാഷകള്‍ അന്യംനിന്നുപോയവയാവാം. ഈ പൌരാണികനിധിയാണ് വിലമതിക്കാന്‍ ആവാത്ത ആഫ്രിക്കയുടെ ചരിത്രരേഖകള്‍!


Collected Manuscripts - Google Image
തിംബക്തൂവിലെ സങ്കോറാ യൂണിവേര്‍സിറ്റിയില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ത്തന്നെ 25,000 ലധികം കുട്ടികള്‍ പഠിച്ചിരുന്നതായി യൂണിവേര്‍സിറ്റി രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. ഖുറാനില്‍ അതിഷ്ടിതമായ പഠനമായിരുന്നെങ്കിലും മറ്റു ശാസ്ത്ര വിഷയങ്ങളും ഇവിടെ പഠിപ്പിച്ചിരുന്നു. വ്യാകരണവും നിയമവും, കണക്കും ഇതില്‍ പ്രധാനമായും ഉള്‍പ്പെട്ടിരുന്നു. മൂന്ന് വര്‍ഷത്തെ പഠനത്തിന് ശേഷം വാചിക പരീക്ഷയും എഴുത്ത് പരീക്ഷയും കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍ക്ക് ഡിപ്ലോമയും ഡിഗ്രിയും നല്‍കിയിരുന്നു. ഡിപ്ലോമയായി ഒരു തലപ്പാവ് ലഭിക്കും. തലയിലെ കെട്ടില്‍ നിന്ന് താഴെ ഒരു പ്രത്യേക അളവില്‍ തൂങ്ങികിടക്കുന്ന ഈ തലപ്പാവ് ധരിച്ച് സിദ്ദി യാഹിയാ പള്ളിയില്‍ കൂടിയിരിക്കുന്ന പണ്ഡിത സദസ്സിലേക്ക് കയറി വരുന്ന കുട്ടികളെ നടുക്കിരുത്തി ഇസ്ലാമിക നിയമങ്ങളെ കുറിച്ച് ഏഴു  ചോദ്യങ്ങള്‍ ചോദിക്കുന്നു. ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ തലപ്പാവ്‌ ധരിക്കാന്‍ അര്‍ഹത നേടാതെ വിദ്യാര്‍ഥി സദസ്സ് വിട്ടിറങ്ങും. എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കിയാല്‍ തലപ്പാവ് ധരിച്ച് പണ്ഡിതരുടെ കൂട്ടത്തില്‍ കൂടാം. ഇസ്ലാമിക സംസ്കാരവും, പഠനങ്ങളും അറബി ലിപികളുടെ പ്രചാരവും ആഫ്രിക്കയുടെ തനത് സംസ്കാരവുമായി കൂടിച്ചേര്‍ന്ന് പോവുകയായിരുന്നു. ഇസ്ലാമിനോടൊപ്പം സ്വന്തം സംസകാരത്തിന്റെ തനിമ കാത്തുസൂക്ഷിക്കാന്‍ തിംബക്തൂവിലെ ജനത ശ്രദ്ധിച്ചു.

Manuscript - Google Image

എഴുത്ത് എന്ന പ്രതിഭാസം കിഴക്കില്‍ നിന്നും പടിഞ്ഞാറെ അറ്റത്തുള്ള ആഫ്രിക്കയുടെ ജീവനാഡിയായതു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. ലോകത്തിന്‍റെ നെറുകയില്‍ നില്‍ക്കുന്ന പലര്‍ക്കും അംഗീകരിക്കാന്‍ മടിയുള്ള സത്യം.  കാലിഗ്രാഫി അന്ന് പടര്‍ന്നു പന്തലിച്ചിരുന്നു. ഇന്ന് വളരെ കുറച്ചു പേര്‍ മാത്രമാണ് തിംബക്തൂവില്‍ ഇത് പരിശീലിക്കുന്നത്. ഇസ്ലാമിനെയും ചരിത്രത്തെയും ആഴത്തില്‍ അറിഞ്ഞിരുന്നവര്‍ തിംബക്തൂവിലായിരുന്നു എന്നത് അതിശയം തോന്നുന്നു.വിജ്ഞാനത്തിന്‍റെ ഈ മാമാങ്കം ഇസ്ലാമിന്‍റെ ഈറ്റില്ലത്തില്‍ നിന്നും ഭൂമിയുടെ അറ്റത്തുള്ള തിംബക്തൂവിലാണ് അരങ്ങേറിയത്.  നേടിയ അറിവുകള്‍ അവര്‍ മറ്റുള്ളവരിലേക്കും പകരാന്‍ മടിച്ചില്ല. മരുഭൂമി താണ്ടി അറിവിന്‍റെ പൊന്‍കിരണങ്ങള്‍ കറുത്ത ഭൂഖണ്ഡത്തില്‍ ആകെ വെളിച്ചം വീശി.  അന്ന് അറബി ലിപികള്‍ ഉപയോഗിച്ച് പല ആഫ്രിക്കന്‍ ഭാഷകളില്‍ ഡയറിയില്‍ കുറിച്ചിടും പോലെയാണ് ഓരോ സംഭവങ്ങളും എഴുതിവെച്ചിരിക്കുന്നത്. അതില്‍ നക്ഷത്രങ്ങളുടെ സ്ഥാനനിര്‍ണ്ണയം മുതല്‍ കണക്കിലെ കളികളും, ദന്ത ശുദ്ധീകരണത്തിന്റെയും, നാട്ടു വൈദ്യത്തിന്റെയും കുറിപ്പടികള്‍ വരെയുണ്ട്.കൂടാതെ ആയിരത്തിലേറെ ഫത്‌വകളും. കണ്ടുകിട്ടിയവയില്‍ നിന്നും അറബിയില്‍ എഴുതിയ കണക്കിലെ ആള്‍ജിബ്രയുടെ കൈയെഴുത്തുപ്രതികള്‍  പരിവര്‍ത്തനം ചെയ്ത്‌ ഫ്രാന്‍സിലേക്ക് മൂല്യനിര്‍ണ്ണയത്തിനായി അയച്ചു കൊടുക്കുകയുണ്ടായി. ഇന്ന് അവരുടെ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അതെ വിഷയം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തിംബക്തൂവിലെ യൂണിവേര്‍സിറ്റികളില്‍ പഠിപ്പിച്ചിരുന്നുവെന്ന കാര്യമറിഞ്ഞ് പാശ്ചാത്യ ലോകം ഞെട്ടിയിരിക്കണം..


Library Timbaktu - Google Image

വിദേശ സഹായത്തോടെ നടത്തുന്ന മൂന്നു സര്‍ക്കാര്‍ പൊതു ലൈബ്രറികള്‍ക്കു പുറമേ അറുപതില്‍ പരം സ്വകാര്യ ലൈബ്രറികളും തിംബക്തൂവില്‍ ഉണ്ട്. മൊറോക്കന്‍ ഭരണകാലത്ത് നാടുകടത്തപ്പെട്ട പ്രധാന പണ്ഡിതനായ അഹമ്മദ്‌ ബാബയുടെ പേരിലുള്ള അഹമ്മദ്‌ ബാബാ ഇന്‍സ്റ്റിറ്റ്യൂട്ട്, വിഖ്യാതമായ മാമ്മാ ഹൈദാര ലൈബ്രറി, ഫോണ്ടോ കറ്റി ലൈബ്രറി എന്നിവയാണ് ഇന്ന് പ്രധാനമായും തിംബക്തൂവിലെ പൗരാണികമായ കൈയെഴുത്തുപ്രതികള്‍ ശേഖരിക്കുകയും, പഠിക്കുകയും, മൊഴിമാറ്റം ചെയ്തു, സൂക്ഷിക്കുകയും ചെയ്യുന്നത്. നഷ്ടപ്പെട്ടതൊന്നും തിരിച്ചെടുക്കാനാകില്ലായെന്ന അനുഭവത്തില്‍ നിന്നാവണം തിംബക്തൂവിലെ  ജനങ്ങള്‍ അവരുടെ കൈവശം ഉള്ള പാതി നശിച്ച കൈയെഴുത്തുപ്രതികള്‍ സഹാറയുടെ പൊള്ളുന്ന മാറിടത്തില്‍ ഒളുപ്പിക്കുന്നത്. കണക്കില്‍ ഉള്‍പ്പെടാത്ത എത്രയോ പ്രതികള്‍  സഹാറയുടെ ആഴങ്ങളില്‍ മറഞ്ഞിരിപ്പുണ്ട്, അല്ലെങ്കില്‍ കൈമാറി അപ്പുറം എത്തിയിട്ടുണ്ട്. ഓരോ ആഴ്ചയും എഴുനൂറിലധികം കൈയെഴുത്തു പ്രതികള്‍ ലൈബ്രറികളില്‍ എത്തുന്നുണ്ടത്രേ.


Google Image - Burned Manuscripts

മണ്ണും പൊടിയും പിടിച്ച് ദാരിദ്ര്യത്തിന്‍റെ പര്യായമായി നില്‍ക്കുന്ന തിംബക്തൂവിന്‍റെ ഇന്നത്തെ സുവര്‍ണ്ണ സമ്പത്താണ് ഇസ്ലാമിക്‌ റിബലുകളില്‍ നിന്ന് രക്ഷിക്കാന്‍ അവിടുത്തെ ജനത ജീവന്മരണപ്പോരാട്ടം നടത്തുന്നത്. അടുത്തിടെ നടന്ന ആക്രമണത്തില്‍ ഇസ്ലാമിക്‌ റിബലുകള്‍ തീയ്യിട്ടു നശിപ്പിക്കാന്‍ ശ്രമിച്ചത് ഈ അമൂല്യങ്ങളായ നിധികളായിരുന്നു. ഖുര്‍ആന്‍ പഠനങ്ങളും പ്രവാചകന്‍റെ അരുളപ്പാടുകളും ഇതില്‍പ്പെടുമെന്നു ആധുനിക ഇസ്ലാമിന്‍റെ കാവല്‍ക്കാര്‍ ഓര്‍ത്തിരിക്കാന്‍ ഇടയില്ല. അടഞ്ഞുകിടക്കുന്ന അദ്ധ്യായങ്ങളില്‍ വെളിച്ചം വീണാല്‍ ഭൂമിയുടെ കറുത്ത ഭൂഖണ്ഡത്തിന്റെ ചരിത്രം തന്നെ മാറ്റി എഴുതേണ്ടിവരുമെന്ന് തെളിഞ്ഞിരിക്കുന്നു.കൈയില്‍ വന്നുചേരുന്ന ചിതലരിച്ച കടലാസ്സുകെട്ടുകള്‍ വായിച്ചു പഠിച്ചു അവയുടെ ഇലക്ട്രോണിക് കോപ്പികള്‍ ഉണ്ടാക്കി സൂക്ഷിക്കാനുള്ള ശ്രമത്തിലാണ് തിംബക്തൂവിലെ ചരിത്രകാരന്മാരോടൊപ്പം ഇന്നത്തെ തലമുറകള്‍. വിശന്നു പൊരിയുന്ന  വയറും, എരിയുന്ന മനസ്സുമായി അവര്‍ ചികയുന്നു, പൂര്‍വികര്‍ തങ്ങള്‍ക്കായി നല്‍കിയ വിജ്ഞാനത്തിന്‍റെ അക്ഷയഖനികള്‍.... നൂറ്റാണ്ടുകള്‍ക്കിപ്പുറം ആഫ്രിക്കയുടെ ഈ വിളക്കുമാടത്തിലെ അറിവിന്‍റെ വെളിച്ചം ഇരുട്ട് നീക്കി ലോകത്താകെ പ്രകാശം പരത്തുമെന്ന വിശ്വസത്തില്‍...

"Salt comes from the North, gold comes from the South and silver from the country of white men. But word of God and the treasures of wisdom, are only to be found in Timbuktu" (Sudanese Proverb)

57 അഭിപ്രായങ്ങൾ:

  1. തിംബക്തൂവിന്‍റെ ചരിത്രം പറഞ്ഞു തന്നു എഴുതാന്‍ പ്രേരിപ്പിച്ച സ്നേഹത്തിന്.......

    മറുപടിഇല്ലാതാക്കൂ
  2. അറിവിന്റെ ഒരു ഭണ്ഡാരം.. അഭിനന്ദിക്കാതിരിക്കാന്‍ ആവില്ലെനിക്ക്

    മനസ്സിരുത്തി ഒന്ന് കൂടി വായിക്കണം

    മറുപടിഇല്ലാതാക്കൂ
  3. അറിയാത്ത പലതും മനസ്സിലാക്കാൻ ഈ കുറിപ്പ്‌ ഉപകരിച്ചു. നന്ദി മുബി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നെ കൊണ്ട് കഴിയുന്നത് പോലെ ശ്രമിച്ചിട്ടുണ്ട്. ഈ വരവിനു സന്തോഷം

      ഇല്ലാതാക്കൂ
  4. തിമ്ബക്തു ഒരു സംഭവം തന്നെ, ഇത്രയും വിവരങ്ങള്‍ പങ്കുവെച്ച നല്ല മനസിന്‌ ഒരായിരം നന്ദി...

    മറുപടിഇല്ലാതാക്കൂ
  5. രണ്ടു ഭാഗവും ഒന്നിച്ചു വായിക്കാന്‍ സാധിച്ചു മുബീ..
    ഇനിയും തുടരട്ടെ പുതിയ പുതിയ അറിവുകള്‍ ..!

    മറുപടിഇല്ലാതാക്കൂ
  6. ഇന്നലെയാണ് ആദ്യ ഭാഗം വായിച്ചത്. ഇന്നിപ്പോള്‍ ഇതും കൂടി വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു ചാരിതാര്‍ത്ഥ്യം! ഇനിയും ഇത് പോലത്തെ വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ കാത്തിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  7. രണ്ടു ഭാഗവും ഒന്നിച്ചു വായിച്ചു ഒരു നല്ല ചരിത്രത്തെ അടുത്തറിയാന്‍ കഴിഞ്ഞു ചില ധാരണകളെ തിരുത്താനും സഹായകമായി ഈ എഴുത്ത് ആശംസകള്‍ മുബീ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിഷ / മൂസാക്ക വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.

      ഇല്ലാതാക്കൂ
  8. ആദ്യ ഭാഗം വായിച്ച തൊട്ടു പിന്നാലെ രണ്ടാം ഭാഗവും വായിച്ചു . അവിടെ പറഞ്ഞ അഭിപ്രായം തന്നെ ഇവിടെ പറയുന്നത് ശരിയല്ല ല്ലോ . എന്നാലും പറയട്ടെ , എല്ലാം പുതിയ വിവരങ്ങളാണ് എന്നെ സംബന്ധിച്ച് . ചരിത്രം തെളിവ് സഹിതം മുന്നില്‍ വന്നു നിന്നാല്‍ ചരിത്രകാരന്മാര്‍ക്ക്‌ പ്രസക്തി ഇല്ലാതാകും . അതാണിവിടെ കാണാന്‍ കഴിയുന്നത്‌ . ഇന്ത്യയിലെ നളന്ദ , തക്ഷ ശില , എന്നിവയെ പറ്റിയൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ മറ്റു രാജ്യങ്ങളില്‍ ഉള്ള ഇത്തരം ചരിത്രങ്ങള്‍ അധികം അറിയാന്‍ സാധിച്ചിട്ടില്ല . എന്തായാലും ഈ എഴുത്തിനു ഒരായിരം അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രവി, പഠിച്ചതും മനസ്സില്‍ കുറിച്ചിട്ടതും തെറ്റാണെന്ന് അറിയുമ്പോള്‍ എന്തോ ഒരു വിഷമം. ഇനിയും ഇത് പോലെ എന്തെല്ലാം നമ്മള്‍ അറിയാതെ, അല്ലേ?

      ഇല്ലാതാക്കൂ
  9. ഇതുവരെ അറിയാത്ത കാര്യങ്ങള്‍ ആണിന്ന്‍ വായിച്ചത്, പങ്കുവച്ചതിന് നന്ദി. ഈ അമൂല്യമായ ശേഖരം നശിപ്പിക്കാന്‍ ഇസ്ലാമിക്‌ റബലുകള്‍ക്ക് മനസ്സ്‌ വരുന്നു എന്നത് തികച്ചും ഖേദകരം തന്നെ.

    മറുപടിഇല്ലാതാക്കൂ
  10. ഏവര്‍ക്കും അറിവുപകരുന്ന ഈ കുറിപ്പ് പങ്കുവെച്ചതിന് അഭിനന്ദനങ്ങള്‍

    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  11. ആര്‍ക്കും അധികം പരിചയമില്ലാത്ത ഒരത്ഭുതമായി ഞാനീ അറിവിനെ കാന്നുന്നു. ഒരുപക്ഷെ ഇത്തരം മേഖലകളില്‍ എന്റെ വായന എത്താതിരുന്നതും ആകാം കാരണം. എന്തായാലും വിജ്ഞാനപ്രദമായ ഈ അറിവ് കണ്ടെത്തി പകര്‍ന്നു നല്‍കിയതിനു മുബിയെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

    മറുപടിഇല്ലാതാക്കൂ
  12. വളരെ നന്നായിട്ടുണ്ട്, അറിയാത്ത ചരിത്രം പറഞ്ഞു തന്നതിന് വളരെ നന്ദി. ആഫ്രികയിലെ ഓരോ രാജ്യങ്ങളും ഓരോ പാഠപുസ്‌തകങ്ങള്‍ തന്നെ.

    മറുപടിഇല്ലാതാക്കൂ
  13. ഇങ്ങനെ അല്ലെങ്കില്‍ ഇതിലും നന്നായി ഇനിയും എഴുതുക,പുത്തന്‍ അറിവ് പകരുക.

    മറുപടിഇല്ലാതാക്കൂ
  14. നല്ല അറിവുകള്‍.. ,.. എനിക്കെല്ലാം പുതിയവ...
    എല്ലാം ഒന്ന് കൂടി വായിക്കണം...

    ആശംസകള്‍...,..

    മറുപടിഇല്ലാതാക്കൂ
  15. രണ്ടു ഭാഗങ്ങളും വായിച്ചു. അറിയാതെ പോകുന്ന നിരവധി കാര്യങ്ങള്‍.. പറഞ്ഞു വന്ന രീതിയും വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  16. എത്രമാത്രം വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും നിറഞ്ഞ നാടും നാട്ടാരും. നന്ദി ഈ കുറിപ്പിനു..ആദ്യമായി കേള്‍ക്കുന്നതാണിത്.

    മറുപടിഇല്ലാതാക്കൂ
  17. തിംബക്തൂ...! വിസ്മയമാകുന്നു
    മുബിയുടെ കണ്ടെത്തലുകളിലൂടേ ...!
    ചരിത്രത്തിന്റെ ഇരുണ്ട താളുകളില്‍
    മറഞ്ഞു പൊയ പലതും കണ്ടു ഇവിടെ ..
    അധികമൊന്നും അറിവില്ലാത്ത ഇരുണ്ട ഭൂഖണ്ടത്തിന്റെ
    തെളിച്ചമുള്ള മുഖം .. " രണ്ടും വായിച്ചു കഴിഞ്ഞപ്പൊള്‍ "
    ഒരു ചിത്രം തെളിയുന്നുണ്ട് മനസ്സില്‍ ...
    ഇന്നത്തേ സമൂഹം കണ്ടു പഠിക്കേണ്ട പലതുമുണ്ടതില്‍
    പെണ്‍കുട്ടികളുടെ വിദ്യാഭാസവും , പുസ്തകത്തിന്റെ മൂല്യവും ഉള്‍പെടേ ..
    എത്ര നശിപ്പിച്ചാലും ചിലതു ചാരത്തിനുള്ളിലും സ്വര്‍ണ്ണ വര്‍ണ്ണമായി
    നില കൊള്ളും " തിംബക്തൂ." പൊലെ ... നന്നായി ഉള്ളില്‍ തട്ടി
    പ്രതിഫലിപ്പിച്ചിട്ടുണ്ട് മുബീ ഈ ചരിത്ര വരികളേ ..
    ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ ,
    ഈ അറിവിന്റെ നല്ല ശ്രമങ്ങള്‍ക്ക് ...!

    മറുപടിഇല്ലാതാക്കൂ
  18. അറിവ് പകരുന്ന രചന ..സരളമായി എഴുതി ... നന്ദി മുബി...

    മറുപടിഇല്ലാതാക്കൂ
  19. സ്നേഹം... സന്തോഷം...എല്ലാവരോടും

    സ്നേഹപൂര്‍വ്വം
    മുബി

    മറുപടിഇല്ലാതാക്കൂ
  20. കറുത്ത ഭൂഖണ്ഡത്തിനെ ചവിട്ടി താഴ്ത്തി ചരിത്രം എഴുതിയവരെ ലജ്ജിപ്പിക്കുന്ന കണ്ടെത്തലുകള്‍!!!

    സത്യമാണ് ........... വളരെ മികച്ച എഴുത്ത്. ഒരുപാട് ഹോം വര്‍ക്ക്‌ കാണാന്‍ സാധിക്കുന്നു.

    ഒന്ന് ചോദിച്ചോട്ടെ എന്തേ ഞാനിത്രേം താമസിച്ചത് ഇവിടെ വരാന്‍ !!!

    മറുപടിഇല്ലാതാക്കൂ
  21. അറിവിന്റെ ആഴിക്ക് അടിത്തട്ടു കണ്ടെത്താനാവില്ല .. ചരിത്രങ്ങള്‍ തിരുതപ്പെടുന്നതും അത് കൊണ്ട് തന്നെയാവാം ... ചിലര്‍ക്ക് മാത്രം സാധിക്കുന്ന എഴുത്ത് . പഠനങ്ങളിലൂടെ മാത്രം പകരാനാവുന്ന പാഠങ്ങള്‍.. നന്ദി മുബിത്താ...........

    മറുപടിഇല്ലാതാക്കൂ
  22. യുറോപ്പ് അന്ധകാരത്തില്‍ ആയിരുന്ന ഒരു കാലഘട്ടത്തില്‍
    സ്പെയിനില്‍ ഉണ്ടായിരുന്ന ഇസ്ലാമിക സംസ്ക്രിതിയെ കുറിച്ചും "കൊര്‍ദോവ" എന്ന
    സര്‍വകലാശാലയെ കുറിച്ചും എല്ലാം വായിച്ചിരുന്നു, ചരിത്രത്തിന്റെ ഇരുണ്ടതാളുകളില്‍
    മറഞ്ഞത് പത്തരമാറ്റൊടെ പകര്‍ന്നുതന്നതിന് നന്ദി ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  23. അറിവ് പകരുന്ന എഴുത്ത് .... ഇനിയും തുടരുക

    മറുപടിഇല്ലാതാക്കൂ
  24. വിക്കിയില്‍ വായിക്കുന്നത് പോലെയാണ് പലരും ഇത്തരം കുറിപ്പുകള്‍ എഴുതാറു.. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി മനോഹരമായി ഒരു കഥ പറയുന്ന ശൈലിയില്‍ അറിവ് പകര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും ഈ എഴുത്തിനു അഭിനന്ദനങ്ങള്‍ ... ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  25. വളരെ വിജ്ഞാനപ്രദം..അതിശയപൂര്‍വ്വം പലതും വായിക്കപ്പെടേണ്ടിവരുന്നു.അവതരണം അതിലേറെ ഹൃദ്യം.തുടരുക.

    മറുപടിഇല്ലാതാക്കൂ
  26. പന്ത്രണ്ടാം നൂറ്റാണ്ടിനു മുമ്പുതന്നെ അറിവിന്റേയും, സംസ്കാരത്തിന്റേയും കേന്ദ്രങ്ങളായി തിംബക്തൂ പോലുള്ള ഇടങ്ങൾ തിളങ്ങി നിൽക്കുമ്പോൾ , ഇന്ന് മാനവനാഗരികതയുടെ ദിശ നിർണയിക്കുന്നതിന് കുത്തകാവകാശം ഉന്നയിക്കുന്നവരുടെ സർവകലാശാല കേന്ദ്രങ്ങളായി അറിയപ്പെടുന്ന ഓക്സ്ഫഡും, ഹാർവാഡുമൊക്കെ നിൽക്കുന്ന ഇടങ്ങൾ കൊടുംകാടുകളായിരുന്നിരിക്കണം..... മാനവസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായ തിംബക്തൂ പോലുള്ള ഇടങ്ങളിൽ സാംസ്കാരികസദസ്സുകൾ നടക്കുമ്പോൾ ഒരു പക്ഷേ ഹാർവാഡിൽ കന്നുകാലികൾ മേയുകയായിരുന്നിരിക്കണം....

    പുതിയ അറിവുകൾ പകർന്നു തന്ന രണ്ട് തുടർലേഖനങ്ങൾക്ക് നന്ദി......

    മറുപടിഇല്ലാതാക്കൂ
  27. ഒക്കെയും പുതിയ അറിവുകള്‍...!!
    ഇതിനു പിന്നിലുള്ള അദ്ധ്വാനത്തിന് എന്‍റെ സല്യൂട്ട്..
    തുടരൂ....
    എല്ലാ ആശംസകളും....

    മറുപടിഇല്ലാതാക്കൂ
  28. തിംബക്തൂവിനെ കുറിച്ചുള്ള രണ്ടാം ഭാഗം ആകാംക്ഷയോടെയാണ് വായിച്ചു തീര്‍ത്തത് , ഏറ്റവും കൌതുകം തൊന്നീയത് സന്ജരികുന്ന ലൈബ്രറി യെ കുറിച്ചുള്ള വിവരണമാണ് ,അറിവുകള്‍ വരും തലമുറക്ക് പകര്‍ന്നു നല്‍കാന്‍ ആ ജനത എടുത്ത ത്യാഗങ്ങള്‍ അവിശ്വസിനീയം തന്നെ ..അത് പോലെ കാലപ്പഴക്കത്തില്‍ കാലാഹരണപ്പെടാതിരിക്കാന്‍ ഇ ഫയലുകള്‍ ആയി സൂക്ഷിക്കാന്‍ പോകുന്നു എന്നതും സന്തോഷം നല്‍കുന്ന അറിവുകള്‍ തന്നെ ,,, തിംബക്തൂവില്‍ നിന്നും ഇനിയും പാട് പഠിക്കാനുണ്ട് ,രണ്ടു ഭാഗങ്ങളിലായി തിംബക്തൂവിനെ കുറിച്ച് പറഞ്ഞപ്പോള്‍ കൂടുതല്‍ അറിയാന്‍ പ്രേരിപ്പിക്കുന്നു..സൂപ്പര്‍ പോസ്റ്റ്‌ .

    മറുപടിഇല്ലാതാക്കൂ
  29. വെരി ഇൻഫൊർമാറ്റീവ്..
    അഭിനന്ദനങ്ങൾ മുബി!

    മറുപടിഇല്ലാതാക്കൂ
  30. കൊള്ളാം ...
    പുതിയ അറിവുകളുടെ ലോകത്തേക്ക് നയിച്ച ഈ പോസ്റ്റും നന്നായി.

    അവസാനത്തെ ആ സുഡാനീസ് പഴമൊഴി തന്നെയാണ് ഈ പോസ്റ്റിനു എനിക്ക് കമന്റ്‌ ആയി നല്‍കാനുള്ളത്.

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  31. ഇതൊന്നും അറിയില്ലായിരുന്നു എനിക്ക്. അറിവു പകര്‍ന്നു തന്നതിനു നന്ദി. കൊള്ളാലോ തിമ്ബുക്തു..!

    ഒരു പ്രദേശത്തിന്റെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ മതം വളരുന്നത് എന്നും അപകടമാണ്‌ . അതിനു കൂട്ടു നില്‍ക്കുന്നത് ആ സംസ്കാരത്തിനു കുഴികുത്തുന്നതിനു തുല്യം തന്നെ.. അതിനെതിരെ നിവര്‍ന്നു നില്‍ക്കാന്‍ തിമ്ബുക്തു ജനതയ്ക്കാകട്ടെ..

    എന്നാലും ഇത്രേം വല്യ ലൈബ്രറീം പുസ്തകങ്ങളുമൊക്കെ അവിടെ ഉണ്ടായിരുന്നോ ? സംഭവം തന്നെ..

    മറുപടിഇല്ലാതാക്കൂ
  32. എന്റെ ഭാഗത്ത്‌ നിന്നുള്ള ഒരു എളിയ ശ്രമം ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം...

    നന്ദി

    മറുപടിഇല്ലാതാക്കൂ
  33. ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത അമൂല്യമായ വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി. തുടരുക, മറച്ചു വെക്കാൻ കഴിയാത്ത ഇത്തരം സത്യങ്ങൾ ഇനിയും പങ്കുവെക്കുക.

    യുദ്ധങ്ങളും കോളനിവാഴ്ചയും അയൽ രാജ്യങ്ങളുടെ ആക്രമണവുമൊക്കെ ചരിത്രത്തെ എത്രമാത്രം നശിപ്പിച്ചിട്ടുണ്ടാവും!!!

    മറുപടിഇല്ലാതാക്കൂ
  34. തിംബക്തുവിന്റെ കാണാക്കയങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  35. ആഖ്യാനത്തിന്റെ മികവ്‌, ആഴവും, നല്ല ഒരു കലാസൃഷ്ടിയാക്കുന്നു ഈ രചനയെ.

    മറുപടിഇല്ലാതാക്കൂ
  36. ആഫ്രിക്കയെ കുറിച്ച് കൂടുതൽ ആരും അറിയാത്ത കാര്യങ്ങൾ .....എനിക്കെന്തായാലും ഇതൊരു പുതിയ അറിവാണ്...നന്ദി.

    പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന അത്യാധുനികലോകത്തിലെ കാട്ടാളന്മാര്‍ അറിയണം.പെണ്‍സമൂഹം വിശുദ്ധവും അപൂര്‍വവുമായ ഗ്രന്ഥങ്ങള്‍ പഠിക്കുക മാത്രമല്ല എഴുതി സൂക്ഷിക്കുകയും ചെയ്തു. സമൂഹത്തില്‍ അവര്‍ക്കുണ്ടായിരുന്ന സ്ഥാനവും , സ്വാതന്ത്ര്യവും, കാഴ്ചപ്പാടുകളും രേഖപ്പെടുത്തി വെച്ച കുറിപ്പുകളില്‍ നിന്ന് വ്യക്തമാണ്

    അടഞ്ഞുകിടക്കുന്ന അദ്ധ്യായങ്ങളില്‍ വെളിച്ചം വീണാല്‍ ഭൂമിയുടെ കറുത്ത ഭൂഖണ്ഡത്തിന്റെ ചരിത്രം തന്നെ മാറ്റി എഴുതേണ്ടിവരുമെന്ന് തെളിഞ്ഞിരിക്കുന്നു.കൈയില്‍ വന്നുചേരുന്ന ചിതലരിച്ച കടലാസ്സുകെട്ടുകള്‍ വായിച്ചു പഠിച്ചു അവയുടെ ഇലക്ട്രോണിക് കോപ്പികള്‍ ഉണ്ടാക്കി സൂക്ഷിക്കാനുള്ള ശ്രമത്തിലാണ് തിംബക്തൂവിലെ ചരിത്രകാരന്മാരോടൊപ്പം ഇന്നത്തെ തലമുറകള്‍. വിശന്നു പൊരിയുന്ന വയറും, എരിയുന്ന മനസ്സുമായി അവര്‍ ചികയുന്നു, പൂര്‍വികര്‍ തങ്ങള്‍ക്കായി നല്‍കിയ വിജ്ഞാനത്തിന്‍റെ അക്ഷയഖനികള്‍.... നൂറ്റാണ്ടുകള്‍ക്കിപ്പുറം ആഫ്രിക്കയുടെ ഈ വിളക്കുമാടത്തിലെ അറിവിന്‍റെ വെളിച്ചം ഇരുട്ട് നീക്കി ലോകത്താകെ പ്രകാശം പരത്തുമെന്ന വിശ്വസത്തില്‍...

    മറുപടിഇല്ലാതാക്കൂ
  37. തിംബക്തൂ!!!,, പുതിയൊരു ലോകം കണ്ടു ഇവിടെ.. നന്ദി




















    പുതിയൊരു ലോകം കണ്ടു ഇവിടെ.. നന്ദി




















    മറുപടിഇല്ലാതാക്കൂ
  38. തിമ്ബക്തു :- ഖേദം തോന്നുന്നു ഈ "തിമ്ബക്തുവും" വായിക്കാൻ വൈകിയതിൽ .. നന്ദി പുതിയ അറിവുകൾ പങ്കു വെച്ചതിന്

    മറുപടിഇല്ലാതാക്കൂ
  39. ഇവിടെ വന്നാല്‍ ഓടി പോകാന്‍ പറ്റില്ല .മനസ്സിരുത്തി , ശ്രദ്ധയോടെ വായിക്കണം ,ഒരു തവണയല്ല രണ്ടു തവണ ചീരാമുളകും ,മുബിയുമോക്കെ കുറെ അറിവുകള്‍ നല്‍കുന്നുണ്ട് ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  40. പണ്ട് ഇത് വഴി ഒന്ന് വന്നതാണ്,
    സമയക്കുറവു കൊണ്ടും അത്ര 'ഈസി റീഡിംഗ്' അല്ലാത്തതുകൊണ്ടും
    അടുത്ത സ്റ്റോപ്പിൽ ഇറങ്ങി!
    രണ്ടാമത് ക്ഷമയോടെ വായിച്ചപ്പോൾ, ഞാൻ കൈവിട്ടത് വെറും ഒരു
    നിലത്തെഴുത്ത് അല്ല എന്ന് തോന്നി - ഇനി ശരിക്കും മനസ്സി ആകണമെങ്കിൽ
    ഒന്നുകൂടി ഈ വണ്ടിയിൽ കയറേണ്ടി വരും!
    ഇനിയും വരുന്നുണ്ട് ....
    Admire the pain and effort you had taken to write this...!

    മറുപടിഇല്ലാതാക്കൂ
  41. ഗഹനമായ ഒരു വിഷയം വിസ്തരിച്ചു നന്നായി മനസിലാകുന്ന വിധം എഴുതീരിക്കുന്നു . ഒറ്റ വായനയിൽ ചരിത്രം എന്റെ തലയില കേറാറില്ല .
    ഇതിപ്പോൾ രണ്ടു തവണ വായന കഴിഞ്ഞു .. ഇത്ര നന്നായി ഇത് അവതരിപ്പിച്ച മുബിക്ക് അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  42. ഇത്രയും മഹത്തരമായ ആ നാടിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥ ഭയാനകം തന്നെ. മുബിയുടെ ബ്ലോഗ് എപ്പോഴും പുതിയ അറിവുകൾ പകരുന്നാതായിരിക്കും . തിംബക്തൂ വളരെയധികം താൽപ്പര്യവും കൗതുകവും നൽകി .

    വിലയേറിയ അറിവുകൾ പങ്കു വെച്ച മുബിക്ക് ഒരായിരം അഭിനന്ദനങ്ങൾ

    സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  43. മുബി ,ഈ വലിയൊരു ദൗത്യം ഏറ്റെടുത്തതിനു വലിയ നന്ദി. ഇതിനു മുന്‍പ് ഇത് വായിച്ചിരുന്നു. വലിയ അറിവുക ളാ ണി തു പകര്‍ന്നു തന്നത്. നദി ഒരിക്കല്‍ കൂടി. ഇനിയും പുതിയ കാര്യങ്ങള്‍ പറഞ്ഞു തരൂ ;, സ്നേഹ പൂര്‍വ്വം ....ശാന്ത വിജയന്‍

    മറുപടിഇല്ലാതാക്കൂ
  44. ടിംബക്ടൂ ഒരു പുതിയ അറിവായിരുന്നില്ല എനിക്ക്. ടിംബക്ടൂ എന്നൊരു ശൈലി പ്രയോഗം കേട്ടിട്ടുണ്ട്.. അറിവില്ലാത്തതിനെ കുറിച്ച് കാണാത്തതിനെക്കുറിച്ച് ഒക്കെ പറയുമ്പോള്‍ ഈ വാക്ക് ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. അതു തപ്പി പോയതുകൊണ്ട് ചില്ലറ പ്രാഥമിക വിവരങ്ങള്‍ എനിക്കുണ്ടായിരുന്നു.
    ഫേസ് ബുകില്‍ കണ്ടിരുന്നുവെങ്കിലും അന്നെനിക്കിത് വായിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ രണ്ട് ഭാഗങ്ങളും ഒന്നിച്ച് വായിച്ചു. വളരെ ഭംഗിയായി എഴുതിയിട്ടുണ്ട്.എല്ലാ അഭിനന്ദനങ്ങളും ....

    മറുപടിഇല്ലാതാക്കൂ
  45. സന്തോഷം................. നന്ദി എല്ലാവരോടും

    മറുപടിഇല്ലാതാക്കൂ
  46. അറിയാത്ത പല കാര്യങ്ങളും അറിഞ്ഞുകഴിഞ്ഞ സന്തോഷം മാത്രം..!

    മറുപടിഇല്ലാതാക്കൂ