2013 മേയ് 17, വെള്ളിയാഴ്‌ച

മഞ്ഞിന്‍റെ നാട്ടിലെ മലയാളിജീവിതം


(മെയ്‌ 17, 2013 കുടുംബമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)

ഉച്ചക്ക് ഒരുമണിയായപ്പോള്‍, കൂടെ ജോലി ചെയ്യുന്ന നാന്‍സി വന്ന് എന്‍റെ ചോറ്റുപാത്രവും കൊണ്ട് ഓഫീസിലെ ഊണു മുറിയിലേക്ക് പോയി. ഞാന്‍ എത്തുമ്പോഴേക്കും ഭക്ഷണം ചൂടാക്കി കഴിഞ്ഞിരുന്നു. ഇഡലിയും സാമ്പാറും രണ്ടു പ്ലേറ്റിലാക്കി ഞങ്ങള്‍ കഴിച്ച് തുടങ്ങി. 
“ഇന്ന് കറിക്ക് എരിവ് കുറവാണല്ലോ..” നാന്‍സിയുടെ അഭിപ്രായം കേട്ട് ഞാന്‍ ചിരിച്ചു. അഞ്ചാറ് മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ഫുഡ്‌ ടേസ്റ്റ് ചെയ്യണം എന്നും പറഞ്ഞ് ഒരു സ്പൂണ്‍ ബിരിയാണി വായിലിട്ടയുടനെ ചുവന്നു തുടുത്ത അവളുടെ മുഖം ഞാന്‍ മറന്നിട്ടില്ലായിരുന്നു. ഇപ്പോള്‍ സ്ഥിരമായി എന്‍റെ ഭക്ഷണത്തിന്‍റെ ഒരു പങ്ക് കനേഡിയന്‍ വംശജയായ ഇവള്‍ക്ക് വേണം. സ്പൂണും ഫോര്‍ക്കും ഉപേക്ഷിച്ചു ഇപ്പോള്‍ കൈകൊണ്ടാണ് കഴിക്കുന്നത്‌. ബിരിയാണി, ഇഡലി, ദോശ, അപ്പം, പത്തിരി എന്നു വേണ്ട സര്‍വതും അവള് കഴിക്കും. വിവധ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്കിടയില്‍ അതിര്‍ത്തികള്‍ നേര്‍ത്ത് ഇല്ലതെയാവുന്നു. ഭാഷയും സംസ്കാരങ്ങളും കൂടി ചേര്‍ന്ന് കാനഡ എന്ന ലോകത്തിലെ രണ്ടാമത്തെ വലിയ രാഷ്ട്രം വേറിട്ടുനില്‍ക്കുന്നു.

ഗള്‍ഫിന്റെ മലയാളം മണക്കുന്ന തെരുവുകളില്‍ നിന്നും മക്കളുടെ ഭാവിയോര്‍ത്ത് കുടിയേറിയവരാണ് മിക്കവാറും മലയാളികള്‍. പെട്രോ ഡോളറിന്‍റെ സമ്പന്നതയില്‍ നിന്ന് വരുന്നവര്‍ക്ക് ഇവിടുത്തെ രീതികളുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയം വേണം. കാലാവസ്ഥയാണ് ഒന്നാമത്തെ കീറാമുട്ടി. ഞങ്ങള്‍ സൗദിയില്‍ നിന്ന് കാനഡയിലേക്ക്  മാറുകയാണെന്ന് പറഞ്ഞപ്പോള്‍ ബാല്യകാല സുഹൃത്തിന്‍റെ ഇവിടെയുള്ള ഒരു ബന്ധു അവളോട്‌ പറഞ്ഞത് ഇങ്ങിനെ, “കാനഡയിലെ ആദ്യത്തെ മഞ്ഞുകാലം അവര്‍ തരണം ചെയ്‌താല്‍ പിന്നെ അവരിവിടെ ജീവിച്ചോളും” അതെ, മൈനസിലേക്ക് താഴുന്ന താപനിലയും, മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന പുറംലോകവും, പേരിന് മാത്രം വന്നു പോകുന്ന സൂര്യനും ചേര്‍ന്ന് ഓര്‍മപ്പെടുത്തുക താണ്ടാനുള്ള വഴികളിലെ പ്രതിബന്ധങ്ങളാണ്. ഉരുകാന്‍ മടിച്ചു നില്‍ക്കുന്ന മഞ്ഞിന്‍റെ ഉറച്ച കട്ടകള്‍ പോലെ...



വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ സ്വന്തം സംസ്കാരവും പുറത്ത് വടക്കേ അമേരിക്കന്‍ സംസ്കാരവുമായി ഏറ്റുമുട്ടുന്ന മക്കള്‍. കുട്ടികളെ വഴക്ക് പറയാനോ തല്ലാനോ പാടില്ലാത്ത നിയമവ്യവസ്ഥ പലപ്പോഴും മാതാപിതാക്കളെ ആശയക്കുഴപ്പത്തില്‍ ആക്കാറുണ്ട്. മക്കള്‍ കുറച്ചു മുതിര്‍ന്നതിനുശേഷമാണ് ഞങ്ങള്‍ ഇവിടേയ്ക്ക് വന്നത്. മൂത്തമകന്‍ ഒന്‍പതിലും, ചെറിയ മകന്‍ മൂന്നാം ക്ലാസ്സിലുമായിരുന്നു. ചെറിയവന് കുസൃതിക്ക് കുറവില്ലാത്ത സ്വഭാവമായിരുന്നു. ഓരോ  അവധിക്കാലവും കഴിഞ്ഞ് സൗദിയില്‍ തിരിച്ചെത്തുമ്പോള്‍ അവന്‍റെ കൈയിലോ, കാലിലോ, മുഖത്തോ അതിന്റെ അടയാളം കാണും. താമസസ്ഥലത്തിനടുത്തുള്ള പബ്ലിക്‌ സ്കൂളിലാണ് അവനെ ചേര്‍ക്കാന്‍ കൊണ്ടുപോയത്. ഓഫീസിലെ അഡ്മിഷന്‍ പരിപാടികള്‍ കഴിഞ്ഞ് സ്കൂള്‍ കൌണ്‍സിലറെ കാണാന്‍ പോയി. ഇവിടുത്തെ പഠന രീതികളും, ചിട്ടകളും, അവര്‍ സാവകാശം വിവരിച്ചു തന്നു. പിന്നെ മോനെ വിളിച്ച് മുഖത്ത് എങ്ങിനെയാണ് മുറിവ് പറ്റിയതെന്ന് വളരെ സൗമ്യമായി ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. മകന്‍ തന്നെ അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു. ‘കുഞ്ഞു മനസ്സില്‍ കളങ്കമില്ല” എന്നല്ലേ? എല്ലാം കേട്ട് തലകുലുക്കി ചിരിച്ച് അവര്‍ ഞങ്ങളെ യാത്രയാക്കി. ഇവിടെ വ്യക്തിസ്വാതന്ത്ര്യത്തിനു ഊന്നല്‍ കൊടുക്കുമ്പോള്‍, കുട്ടികളെ വ്യക്തികളായി കണക്കാക്കാത്ത നമ്മുടെ വീക്ഷണങ്ങള്‍ക്ക് മുറിവേല്‍ക്കുന്നു. രണ്ട് സംസക്കാരങ്ങളുടെയും ഇടയില്‍പെട്ട്‌ നട്ടംതിരിയുന്ന കുട്ടികള്‍ക്ക് നല്ലതും ചീത്തയും വേര്‍തിരിച്ച്‌ മനസിലാക്കി കൊടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുണ്ട്.

കുട്ടികളെ ഭാഷ പഠിപ്പിക്കാനുള്ള പരിമിതികള്‍ മലയാളികളുടെ ഇടയില്‍ ഉണ്ട്. ഇവിടുത്തെ ലൈബ്രറിയില്‍ കുട്ടികള്‍ക്ക് ഫോണിലൂടെ കഥ പറഞ്ഞു കൊടുക്കുന്ന ഒരു പരിപാടിയുണ്ട്. സുഹൃത്ത് മലയാളം കഥ പറഞ്ഞു കൊടുക്കാന്‍ തയ്യാറായി പേര് കൊടുത്തെങ്കിലും, ഒരിക്കലും കഥ ചോദിച്ചു ആരും അവരെ വിളിച്ചില്ല. ലൈബ്രറിയില്‍ അന്വേഷിച്ചപ്പോള്‍ നിങ്ങളുടെ ഭാഷയില്‍ കഥ കേള്‍ക്കണം എന്ന് പറഞ്ഞു അഭ്യര്‍ത്ഥന വന്നില്ല എന്നാണറിഞ്ഞത്. ഇങ്ങിനെയൊക്കെയാണെങ്കിലും മലയാളത്തെ ഇവിടെ പറിച്ചു നടാന്‍ ശ്രമിക്കുന്നവര്‍ ധാരാളം. ബുക്കുകളും മാസികകളും വരുത്തി വായനാകൂട്ടങ്ങളില്‍ പങ്കിട്ട് മലയാളമണ്ണിന്‍റെ വളര്ച്ചക്കൊപ്പം എത്താന്‍ ശ്രമിക്കുന്നവര്‍... ജോലിയും കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും സമയം കണ്ടെത്തി ഇത് പോലെയുള്ള പ്രവര്‍ത്തനങ്ങളിലും, തുടര്‍ പഠനങ്ങളിലും  ഏര്‍പ്പെടുന്നവരുണ്ട്.

ജോലി ചെയ്യുന്ന കോളേജില്‍ പാര്‍ട്ട്‌ ടൈം കോഴ്സ് പഠിക്കാന്‍ വന്ന ഒരു മലയാളി ചെറുപ്പക്കാരനോട് രജിസ്റ്റര്‍ ചെയ്യുന്നില്ലേ എന്ന്  മാനേജര്‍ ചോദിച്ചപ്പോള്‍ “പാരെന്റ്സിനെ കൂട്ടി വരാമെന്ന മറുപടി കേട്ട് “വാട്ട്‌” എന്ന് തിരിച്ച് ചോദിക്കുന്നത് കേട്ടപ്പോള്‍ എനിക്ക് കാര്യം മനസ്സിലായെങ്കിലും അത് അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടി. പോകാന്‍ നേരം ആ കുട്ടി എന്നോട് പറഞ്ഞത് “ഞാന്‍ കേരളത്തില്‍ ആണോ കാനഡയില്‍ ആണോ എന്നെനിക്കറിയാന്‍ വയ്യ ചിലപ്പോള്‍...” എന്നാണ്. കടുത്ത നിയന്ത്രണങ്ങളിലൂടെ സംസ്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അവരെ സ്വന്തം ഭാഷയെയും സംസ്കാരത്തെയും വെറുക്കാനേ ഉപകരിക്കു. വേരുകള്‍ മറക്കാന്‍ അവര്‍ക്ക് കഴിയില്ല, അത്കൊണ്ട്തന്നെ അവരുടെ ആശയകുഴപ്പങ്ങള്‍ മനസിലാക്കി അവരോടൊപ്പം നില്‍ക്കാനുള്ള മാനസീക പക്വത ഓരോ കുടിയേറ്റ കുടുംബവും നേടേണ്ടിയിരിക്കുന്നു. 

സംഘടനകളും കൂട്ടായ്മകളും ആവശ്യത്തില്‍ക്കൂടുതല്‍ ഉണ്ട്. വളരുന്തോറും പിളര്‍ന്നു കൊണ്ട് ഓരോ സംഘടനയും ശക്തി നേടുന്നു. പക്ഷെ പലപ്പോഴും ഇവിടുത്തെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ ഇത്തരം സംഘടനകളെ കാണാറില്ല. മണ്ണിന്‍റെ ഗുണമറിയാതെ നട്ടു നനച്ചുണ്ടാക്കുകയാണ് നമ്മള്‍. ഞങ്ങള്‍ താമസിക്കുന്ന മിസ്സിസ്സാഗായിലെ കഴിഞ്ഞവര്‍ഷത്തെ ‘ടൂര്‍ ദേ മിസ്സിസ്സാഗാ” എന്ന സൈക്ലിംഗ് പരിപാടിയില്‍ പങ്കെടുത്ത ഭര്‍ത്താവും മൂത്തമകനും പറഞ്ഞത് അതില്‍ അധികം ഇന്ത്യക്കാരെയൊന്നും കണ്ടില്ലയെന്നാണ്. ഇതേകാര്യം മറ്റൊരു കുടുംബ സുഹൃത്തും ഒരിക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വന്തം കാര്യം മാത്രം നോക്കിയാല്‍ മതിയെന്ന ചിന്താഗതിയോ, ഇവരുടെ കൂട്ടത്തില്‍ കൂടാന്‍ നമ്മള്‍ പ്രപ്തരല്ല എന്ന തോന്നലോ? സംഘടനകള്‍ മുന്നോട്ട് വന്നു ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ ഇതിനൊരു മാറ്റം കാണാന്‍കഴിയൂ. ജോലി സമയത്തെ ഒഴിവു വേളയില്‍ മറ്റുള്ളവരുമായി ഇടപഴകാതെയിരുന്നത് കൊണ്ട് കിട്ടിയ ജോലി പോയി എന്ന് കമ്മ്യൂണിറ്റി ക്ലാസ്സിലെ സുഹൃത്ത്‌ അനുഭവം പങ്കുവെച്ചതോര്‍ക്കുന്നു.
  

കുടുംബ സദസ്സുകളും കൂട്ടായ്മകളും ഗള്‍ഫിലെ പോലെ സജീവമല്ലെങ്കിലും ഇവിടെയും ചെറിയ തോതില്‍ ഉണ്ട്. സ്ത്രീകളുടേത് മാത്രമായ ഒരു നൈറ്റ്‌ ഔട്ട്‌ പരിപാടിയില്‍ ഞാന്‍അടുത്തിടെ പങ്കെടുത്തിരുന്നു. കുട്ടികളുടെ ചുമതല അവരുടെ പിതാക്കന്മാരെ ഏല്‍പ്പിച്ചു സ്ത്രീകള്‍ മാത്രം സുഹൃത്തിന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന് ഒരു രാത്രി മുഴുവന്‍ പാട്ടും, ഡാന്‍സും കഥപറച്ചിലുമായി നേരം വെളുപ്പിച്ചു. നാട്ടിലെ തറവാട്ടിലെ വിരുന്നു പാര്‍ക്കലാണ് എല്ലാവരുടെയും മനസ്സില്‍ എത്തിയിട്ടുണ്ടാവുക. “ഒന്ന് നാട്ടില്‍ പോയി വന്ന പോലെ” എന്നാരോ പറഞ്ഞപ്പോള്‍, നാട്ടിലേക്കു വിചാരിച്ച പോലെ പോകാന്‍ കഴിയാത്ത മനസ്സിന്‍റെ നീറ്റലാണ് മറനീക്കി പുറത്തു വന്നത്. ഒറ്റയ്ക്ക് തുഴഞ്ഞ് കരക്കണയാന്‍ ശ്രമിക്കുന്ന തളര്ച്ചയറിയാത്ത കരങ്ങളും ധാരാളം. സ്വയം തിരഞ്ഞെടുത്തതും, വിധി അടിച്ചേല്‍പ്പിച്ച ദുരന്തങ്ങളിലും മനസ്സിടറാതെ മുന്നോട്ട് പോകുന്നവര്‍..

ജനവാസമില്ലാതെ മഞ്ഞുറഞ്ഞു കിടക്കുന്ന എത്രയോ സ്ഥലങ്ങള്‍ കാനഡയില്‍ ഉണ്ട്. കുടിയേറ്റക്കാരായ മലയാളികള്‍ അധികവും ടൊറോന്റോയിലാണ്. പിന്നീട് ജോലി കിട്ടുന്നതിനനുസരിച്ച് മറ്റു പ്രൊവിന്‍സുകളിലേക്ക് മാറാറുണ്ട്. എഴുപതുകളില്‍ ഇവിടെ വന്നവര്‍ മലയാളം സംസാരിക്കാന്‍ കഴിയാതെയും ഒരു ദോശ കഴിക്കാന്‍ ശ്രീലങ്കന്‍ ഹോട്ടലിലേക്ക് നാല്‍പതു കിലോമീറ്റര്‍ വണ്ടി ഓടിച്ചു പോയ കാര്യവും ഇന്നത്തെ ആളുകളില്‍ അത്ഭുതമുണ്ടാക്കും. കാരണം ചൂലും ചിരവയും അമ്മിയും, മണ്‍കലവും, തൈലവും, താളിയും കടയില്‍ കണ്ട ഞാന്‍ പഴയ തലമുറ പറയുന്നത് കേട്ട് അങ്ങിനെയൊരു കാലത്തിലേക്ക് മനസ്സ് കൊണ്ടെങ്കിലും പോകാന്‍ ശ്രമിച്ചു പരാജയപ്പെട്ടു തിരികെയെത്തി. അതിജീവനത്തിന്‍റെ പാതകള്‍ താണ്ടി ഇവിടെയെത്തി മരവിച്ചു നില്‍ക്കുന്ന പ്രകൃതിയോട് പടവെട്ടി ജീവിതം കരുപിടിപ്പിച്ച എത്രയോ മുഖങ്ങള്‍. ഡോളറിന്‍റെ മൂല്യമനുസരിച്ചു പ്രവാസിയുടെ മൂല്യം അളന്ന്‌ മാറ്റി നിര്‍ത്തിയ വടക്കേ അമേരിക്കയുടെ പ്രവാസ ചരിത്രത്തിലും ഉണ്ട് സഹനത്തിന്റെയും ത്യാഗത്തിന്റെയും ആരും അറിയാത്ത കഥകള്‍!

49 അഭിപ്രായങ്ങൾ:

  1. ഒരു ദിവസം നൂറുകൂട്ടം കാര്യങ്ങൾ പറയാൻ പറ്റും പ്രവാസത്തെ പറ്റി . വെറും സങ്കടങ്ങളും പരാതികളും മാത്രമല്ല അത് . പക്ഷെ എന്തെഴുതിയാലും പ്രവാസിയുടെ വിലാപം എന്ന വിളിപ്പേരിൽ മാറ്റി നിർത്തും ചിലർ .

    നല്ല ലേഖനമാണിത് മുബീ . വ്യക്തമായ നിരീക്ഷണങ്ങൾ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആരോ പറയുന്നത് കേട്ടു, "പ്രവാസം" എന്നുള്ള പേര് തന്നെ എടുത്തു മാറ്റണം എന്ന്...

      ഇല്ലാതാക്കൂ
  2. ഗള്‍ഫ് തന്ന പ്രവാസ നീറ്റലുകള്‍ തന്നെ മനസ്സിന് വല്ലാത്ത ഭാരമാണ് , മൂന്നര മണിക്കൂറിന്റെ അകലം മാത്രമേ അതു തമ്മില്‍ ഉള്ളുവെങ്കിലും അതു പൊലും താങ്ങാന്‍ ആകാതെ വരും ഇടക്ക് . അപ്പൊഴാണ് മഞ്ഞു പ്രദേശത്തേക്കുള്ള ദൂരത്തേ കുറിച്ച് ചിന്തിക്കുന്നത് . മുന്‍പൊരിക്കല്‍ ഒരു സുഹൃത്ത് വിളിച്ചിരിന്നു . നല്ലൊരു ഓഫറുമായിട്ട് , എന്തൊ മനസ്സപ്പൊഴും പറഞ്ഞു വേണ്ടാന്ന് . ഈ പ്രവാസം തന്നെ അന്നു വേണ്ടായിരുന്നു എന്നു പറഞ്ഞിരുന്നെകില്‍ എന്നെപ്പൊഴും വെറുതെ ആശിക്കുമിപ്പൊള്‍ . പക്ഷേ ജീവിക്കാതെ എങ്ങനെ , അതിജീവനത്തിന്റെ പാതയിലൂടെ എത്ര പേരാണ് , അതും നമ്മുടെ മലയാളികള്‍ ലോകത്തിന്റെ ഒരൊ മൂലയില്‍ ജീവിക്കുന്നത് . മുബി എപ്പൊഴും ചിലത് പറയുമ്പൊള്‍ അതിന്റെ ആധികാരികമായ വശങ്ങള്‍ നന്നായി പറയും . ഇതിലും മാതാപിതാക്കളുടെ മനസ്സ്, അതും ഒരു സംസ്കാരവും ദേശവും വിട്ട് ജീവിക്കുമ്പൊള്‍ എങ്ങനെയൊക്കെയാണെന്നുള്ളത് വ്യക്ത്മായി പറഞ്ഞിട്ടുണ്ട് . നമ്മളെല്ലാം ജീവിക്കുന്നത് തന്നെ പലപ്പൊഴും അവര്‍ക്ക് വേണ്ടിയിട്ടാകുമല്ലൊ , അതിനാല്‍ അതു വളരെ പ്രധാന്യവുമര്‍ഹിക്കുന്നു . ജീവിതം കരക്കെത്തിക്കുവാന്‍ നാം എവിടെയൊക്കെ ജീവിക്കുന്നുവല്ലേ , ഇന്ന് എല്ലായിടവും ഒരുവിധം എല്ലാം ലഭിക്കുന്ന ഒന്നായി മാറിയെങ്കിലും , ആദ്യമാദ്യം ചെന്നു തൊട്ടവരും ജീവിച്ചവരെയും സ്തുതിക്കുക തന്നെ വേണം . ഇത്രയൊക്കെയായിട്ടും നമ്മളൊക്കെ നാട്ടിലേക്ക് വല്ലപ്പൊഴും പൊകുമ്പൊഴും നമ്മൊട് കാട്ടുന്നത് ഇത്തിരി കഷ്ടം തന്നെയല്ലേ .. ഈ മഞ്ഞ് പൊഴിയുന്ന നേരത്ത് എങ്ങനെയാ ജോലിക്കൊകെക് പൊകുക മുബീ ? അതൊ ആ സമയമൊക്കെ എല്ലാവര്‍ക്കും അവധിയാകുമോ ? എന്തായാലും എന്നത്തെയും പൊലെ ഭംഗിയാക്കിയേട്ടൊ ഇതും .. സ്നേഹപൂര്‍വം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റൈനി, നന്ദി...

      റിനി, ഇവിടെ മഞ്ഞ് കാലത്ത് അവധിയൊന്നും ഇല്ല. റോഡില്‍ ഉള്ള മഞ്ഞെല്ലാം ഉപ്പിട്ട് കളയും. മഞ്ഞായാലും വെയിലായാലും ജോലിക്ക് പോയല്ലേ പറ്റൂ. കുട്ടികള്‍ക്ക് ചില ദിവസങ്ങളില്‍ അവധി കൊടുക്കാറുണ്ട്.

      ഇല്ലാതാക്കൂ
  3. വിത്യസ്തമായ ചില കാഴ്ച്ചകള്‍ ,നിഗമനങ്ങള്‍ . .നന്നായി.

    മറുപടിഇല്ലാതാക്കൂ
  4. കനപ്പെട്ട ലേഖനവും നല്ല ഉള്‍ക്കാഴ്ച്കയും

    (സബ് സീറോ ടെമ്പറേച്ചര്‍ ആണെങ്കില്‍ ഞാനില്ല കാനഡയ്ക്ക്. എന്നെ വിളിയ്ക്കേണ്ടാ കേട്ടോ)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇക്കാ, നന്ദിട്ടോ...

      അജിത്തേട്ടാ, ഒരിക്കല്‍ ഒന്ന് വരൂ, ഇഷ്ടാവും, മഞ്ഞിനും ഉണ്ട്ട്ടോ ഒരു ഭംഗിയൊക്കെ...

      ഇല്ലാതാക്കൂ
  5. മുബീ ലേഖനം ഭംഗിയായി കേട്ടോ.. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  6. നല്ല ലേഖനം.
    എത്ര ബുദ്ധിമുട്ടിയാണ് പുതിയ ഇടത്തു വേരുറപ്പിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പറിച്ചു നടല്‍ വിഷമം തന്നെയാണ്... വന്നതിലും വായിച്ചതിലും ഒത്തിരി സന്തോഷം. റോസാപൂക്കള്‍ & എച്ചുമകുട്ടി

      ഇല്ലാതാക്കൂ
  7. കുടുംബമാധ്യമത്തിലൂടെ കൂടുതല്‍ വിപുലമായ വായനാസമൂഹത്തിനുമുന്നില്‍ ലേഖനം എത്തിക്കാന്‍ സാധിച്ചതിന് അഭിനന്ദനങ്ങള്‍..... കാനഡയും അവിടുത്തെ ഭൂപ്രകൃതിയും മനുഷ്യരുമൊക്കെ വായനയിലൂടെ മാത്രം ലഭിച്ച അറിവുകളാണ്. അവിടെ എത്തുന്ന മലയാളികള്‍, അവരുടെ ജീവിതം.... എല്ലാം ഈ ചെറിയ ലേഖനത്തിലൂടെ വാങ്മയചിത്രങ്ങളായി അറിഞ്ഞു.....

    മറുപടിഇല്ലാതാക്കൂ
  8. കാനഡയിലെ വിശേഷങ്ങളില്‍ കൂടി കുട്ടികളുടെയും പ്രവാസി സംഘടനകളുടെയും അവസ്ഥ വിവരിച്ചത് നന്നായി,ചിലകാര്യങ്ങള്‍ ഏറെ കൌതുകമായി തോന്നി പ്രത്യേകിച്ചും ദോശ കഴിക്കാന്‍ നാല്പത് കിലോമീറ്റര്‍ യാത്ര ചെയ്ത വിശേഷങ്ങളൊക്കെ, കൂടുതല്‍ പേര്‍ ഈ പോസ്റ്റ്‌ വായിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രദീപ്‌ മാഷിനും ഫൈസലിനും, തിരക്കില്‍ ഇവിടെ എത്താന്‍ സമയം കണ്ടതിന്... സന്തോഷം ആ വാക്കുകള്‍ക്കും

      ഇല്ലാതാക്കൂ
  9. ഇതിപ്പോ ഭയങ്കര സംഭവാട്ടോ..ഇങ്ങനെയുള്ള ഈ പരിചയപെടുത്തല്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കമന്റ്‌ വായിച്ചപ്പോ ക്ലാസ്സിലെ കുട്ടികളെയാണ് ഓര്‍മ്മ വരുന്നത്... കഥകള്‍ പറഞ്ഞു കഴിഞ്ഞാലുള്ള അവരുടെ മുഖം..

      ഇല്ലാതാക്കൂ
  10. നല്ല ലേഖനം ..കുടിയേറ്റത്തിന്റെ പൊരുത്തപ്പെടലുകളും പൊരുത്തകേടുകളും സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
  11. മനസ്സറിഞ്ഞ്‌ വായിക്കുകയായിരുന്നു..
    നെഞ്ചോട്‌ എത്ര ചേർക്കാൻ ശ്രമിച്ചാലും ചേരാത്ത ചേരുവകളും, നെഞ്ചിൽനിന്ന് വിട്ടകലുമോ എന്ന് ഭയക്കുന്ന മൂല്യങ്ങളും..
    പലതരത്തിലൂടെ കടന്നുപോകുന്ന അവസ്ഥകൾ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..
    നല്ല വായന നൽകി..നന്ദി..ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നെഞ്ചോടു ചേര്‍ക്കുന്നു ഈ വാക്കുകള്‍... സന്തോഷം മാത്രം

      ഇല്ലാതാക്കൂ
  12. നല്ല ഒഴുക്കോടെ വായിക്കാൻ പറ്റിയ ലേഖനം... നന്നായി അവതരിപ്പിച്ചു.. :)

    മറുപടിഇല്ലാതാക്കൂ
  13. നല്ല ലേഖനം മുബീ.. ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  14. നല്ല ഒഴുക്കുള്ള ലേഖനം. നല്ല വായന....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഫിറോസ്‌, അശ്വതി, വിനോദ്.... നന്ദി നല്ല വായനക്ക്

      ഇല്ലാതാക്കൂ
  15. പ്രവാസത്തില്‍ ഇരുന്നുനമ്മുടെ മണ്ണിനേയും ഭാഷയെയും സ്നേഹിക്കുന്ന ഒരു മനസ്സിന്‍റെ പങ്കു വെക്കലാണ് ഈ എഴുത്ത് ആശംസകള്‍ മുബീ

    മറുപടിഇല്ലാതാക്കൂ
  16. വളരെ നല്ലൊരു ലേഖനം.
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  17. പ്രവാസ ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍...

    ലേഖനം നന്നായി.

    മറുപടിഇല്ലാതാക്കൂ
  18. ചെപ്പിൽ വായിച്ചിരുന്നു. കുറച്ചൊരു ഹൈക്ളാസ് ഫീൽ ഉണ്ടായത് കൊണ്ടാകാം പ്രവാസത്തിന്റെ വേദനകൾ കൂടുതൽ ഏശാതെ പോയത് :)

    നിലവാരമുള്ള ലേഖനം. ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊമ്പന്‍, ശ്രീ, തങ്കപ്പന്‍ ചേട്ടന്‍, ജെഫു,

      ഒത്തിരി നന്ദി....

      ഇല്ലാതാക്കൂ
  19. വെള്ളിയാഴ്ച മാധ്യമം ചെപ്പില്‍ ഈ ലേഖനം വായിച്ചപ്പോഴേ ഒരു വ്യത്യസ്തത തോന്നിയിരുന്നു.സാധാരണ ഗള്‍ഫ് പ്രവാസ വിശേഷങ്ങള്‍ മാത്രം വായിക്കുന്നത് കൊണ്ടാവും.വ്യക്തമായ വീക്ഷണം നന്നായി എഴുതി ആശംസകള്‍ (എന്റെ ബ്ലോഗില്‍ ഇടയ്ക്ക് കമന്റ് ഇടുന്ന ആളാണ്‌ ഇത് എഴുതിയത് എന്ന് ഇപ്പോഴാണ് അറിയുന്നത്.ഇരട്ടി സന്തോഷം )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നജീബ് ഇവിടെ താങ്കളെ കണ്ടതില്‍ സന്തോഷം തോന്നുന്നു... നന്ദി

      ഇല്ലാതാക്കൂ
  20. ലേഖനം വളരെ നന്നായിരിക്കുന്നു മുബി .പ്രവാസത്തെക്കുറിച്ച് കൂടുതല്‍ അറിയാത്തോണ്ട് എന്താ പറയുക !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത്രയും പറഞ്ഞില്ലേ മിനി... അതുതന്നെ വലിയ കാര്യം. :)

      ഇല്ലാതാക്കൂ
  21. പ്രവാസ ചരിത്രത്തിലെ ആരും അറിയാത്ത സഹനത്തിന്റെയും ത്യാഗത്തിന്റെയും നേര്‍ക്കാഴ്ച ..... മനസ്സിന്റെ നീറ്റല്‍ പലപ്പോഴും മറനീക്കി വരുന്നുണ്ട്.... ....മറ്റെവിടെയാലും എത്ര ആഡംബര ജാവിതം ഉണ്ടെങ്കിലും ജന്മനാട് എന്നും ഒരു ഗൃഹാതുരത തന്നെയാണ്.....നല്ല എഴുത്ത് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  22. മറുപടികൾ
    1. ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി കൃഷ്ണ..

      ഇല്ലാതാക്കൂ
  23. DEAR MUBI CHECHI ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും എത്ര ആഡംബര ജീവിതം ഉണ്ടെങ്കിലും ജന്മനാട് എന്നും ഒരു ഗ്രഹാതുരത തന്നെയാണ് വാക്കുകൾ കഥപറയുന്നു അഭിനന്ദനങൾ
    www.hrdyam.blogspot.com

    മറുപടിഇല്ലാതാക്കൂ
  24. അനിഭവക്കുറിപ്പ് ആസ്വദിച്ച് വായിച്ചു..
    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  25. വളരെ നന്നായി മുബീ.... ഇനിയും വരാം

    മറുപടിഇല്ലാതാക്കൂ
  26. പ്രവാസത്തിന്റെ സങ്കടങ്ങളും ,സന്തോഷങ്ങളും മാത്രമല്ല
    തീർത്തും വേറിട്ട കാഴ്ച്ചകളുള്ള ഒരു രാജ്യത്തിന്റെ സ്പന്ദനം കൂടി ഇവിടെ വന്നാൽ തൊട്ടറിയാമാല്ലോ ..അല്ലേ മുബി

    മറുപടിഇല്ലാതാക്കൂ
  27. A trucκѕ сargо sρaсe maу be
    largеr than that oof Miѕsissiρρі,
    the poorеst statе in the union.
    It is sometimes very hard to obtain help from thhe bad bіll
    Ϲonsоlіԁatiοn program,
    there are alѕo several morе benefits of debt Cοnѕolidatiοn, you arе paying off
    youг ԁebts іndividually.

    My weblog :: debt relief for

    മറുപടിഇല്ലാതാക്കൂ
  28. നല്ല ലേഖനം .സംസ്കാരങ്ങളുടെ അന്തരം ശരിക്കും വെളിവാക്കുന്നു

    മറുപടിഇല്ലാതാക്കൂ
  29. സുനി, ഷറഫുദീന്‍.... പ്രിയരേ നന്ദി

    മറുപടിഇല്ലാതാക്കൂ
  30. മഞ്ഞു നിറഞ്ഞ ദേശത്തെ, മരവിക്കാത്ത മനസ്സില്‍ നിന്നും ഉയിര്‍ക്കൊണ്ട അതിജീവനത്തിന്റെ പാതകളിലൂടെ സഞ്ചരിച്ച് ഞാനും ചിലതൊക്കെ കണ്ടും കേട്ടും അനുഭവിച്ചു.

    മറുപടിഇല്ലാതാക്കൂ