Wednesday, July 10, 2013

മേപ്പിള്‍ കൂട്ടങ്ങള്‍

2013 ജൂണ്‍, മലയാളി മാഗസിന്‍ 3 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് 

കാനഡയില്‍ എത്തിയിട്ട് മൂന്ന് വര്‍ഷം ആയി. നടത്തം ഉറച്ചു എന്ന് പറയാറായിട്ടില്ല. പിന്നെയെങ്ങിനെ ഞാന്‍ കനേഡിയന്‍ വിശേഷങ്ങള്‍ പങ്കുവെക്കും എന്നല്ലേ? വര്‍ഷങ്ങളോളം മരുഭൂമിയുടെ ചൂട് കാറ്റ് മുഖത്തടിച്ചിട്ടും മനസ്സിലേക്കോ കടലാസ്സിലേക്കോ പകര്‍ന്നില്ല. പ്രവാസത്തിന്റെ ചൂടില്‍ അക്ഷരങ്ങള്‍ വെന്തുരുകിയിരിക്കാം… ഇവിടെ വന്നപ്പോള്‍ എന്നെ ആകര്‍ഷിച്ചത് മേപ്പിള്‍ ഇലകളായിരുന്നു. ആ ഇലകളുടെ വിവിധ വര്‍ണ്ണങ്ങള്‍ ഇപ്പോഴും ഒരു കൌതുകത്തോടെ നോക്കി നില്‍ക്കും. നിലത്ത് വീണു കിടക്കുന്ന ഇലകള്‍ ശ്രദ്ധയോടെ പെറുക്കിയെടുത്തു നോക്കിയാല്‍ നിറഭേദങ്ങളില്‍ അവയ്ക്ക് പൂക്കളെക്കാള്‍ ഭംഗിയുണ്ടെന്നു തോന്നാറുണ്ട്. അങ്ങിനെ ഇതൊക്കെ നോക്കിയും കണ്ടും മഞ്ഞില്‍ വഴുക്കാതെ നടക്കാന്‍ പഠിച്ചും പകലന്തിയാക്കുമ്പോഴാണ് ഒരു വൈകുന്നേരം കുഞ്ഞേച്ചി (കുഞ്ഞൂസ്) വിളിക്കുന്നത്‌. ‘ഇവിടെ ഒരു സാഹിത്യസമ്മേളനം നടക്കുന്നുണ്ട്, എനിക്ക് കൂട്ട് വരണം. നിര്‍മലയും, റിനിയും ഉണ്ടാവും. പിന്നെ കുറെ ആളുകളെ പരിചയപ്പെടാം… വരണംട്ടോ.’ ഈ പറഞ്ഞ ആരെയും എനിക്കറിയില്ല. മണിമുത്തിലെ കഥകളും, അടുക്കള നുറുങ്ങുകളൊക്കെ വായിച്ചും, പരീക്ഷിച്ചും, ഇടയ്ക്കിടയ്ക്ക് കുഞ്ഞേച്ചിയെ വിളിച്ച് നാട്ടുവിശേഷങ്ങളും പറഞ്ഞ് നടക്കുന്ന എന്നെയാണ് ഈ ചേച്ചി വിളിക്കുന്നത്‌ എന്നോര്‍ത്ത് ചിരിയാണ് വന്നത്. ഇതെന്തു കഥ ന്റെ റബ്ബേ! എന്തായാലും കുഞ്ഞേച്ചിക്ക് കൂട്ട് പോകാനല്ലേ, ഞാന്‍ കണ്ണുംപൂട്ടി സമ്മതിച്ചു.

പട്ടാമ്പിയില്‍ നിന്ന് ചെറുകരയിലേക്കും അവിടെന്ന് സൗദിയിലേക്കും പറന്നു നടക്കുന്നതിനിടയില്‍ എഴുത്തും വായനയും പൂട്ടിട്ട് ഭദ്രമാക്കി വെച്ചിരുന്നു. അതുകൊണ്ടുതന്നെ ഭൂമിയുടെ ഇങ്ങേയറ്റത്തെ വിവരങ്ങള്‍ ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അത് അറിയാവുന്നത് കൊണ്ടാവണം കുഞ്ഞേച്ചി ‘സ്ട്രോബെറികള്‍ പൂക്കുമ്പോള്‍’ എന്ന പുസ്തകം ആദ്യമേ വായിക്കാന്‍ തന്നത്. അങ്ങിനെ നിര്‍മല തോമസ്‌ എന്ന എഴുത്തുകാരിയുടെ അക്ഷരങ്ങള്‍ പരിചയമായി. കോളേജില്‍ പഠിക്കുമ്പോള്‍ സാഹിത്യസമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു എന്നത് പഴംകഥ പോലെ ഓര്‍ത്തിരിക്കുന്ന അവസരത്തിലാണ് കുഞ്ഞേച്ചിയുടെ വിളി. അങ്ങിനെ കാത്തിരുന്ന ആ ദിവസവും പുലര്‍ന്നു. സൗദിയില്‍നിന്ന് വന്ന തപ്പിത്തടച്ചില്‍ മാറാത്തത് കൊണ്ട് എന്നെയും കുഞ്ഞേച്ചിയെയും അവിടെ കൊണ്ട് വിട്ടിട്ടും പുതിയാപ്പിളയുടെ ആശങ്ക മാറിയിരുന്നില്ല. മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തു കുഞ്ഞേച്ചിയുടെ പിന്നാലെ പതുങ്ങി പതുങ്ങി ഞാന്‍ നിന്നു. എന്റെ ചോദ്യങ്ങളും ഉത്തരവും ചിരിയില്‍ ഒതുക്കി.

ഹാളിനുള്ളില്‍ പ്രശസ്ത സാഹിത്യക്കാരന്‍ സക്കറിയയുടെ പ്രസംഗം നടക്കുന്നു. പടച്ചോനെ, നാട്ടില്‍ ഉള്ള ഈ മനുഷ്യന്മാരൊക്കെ ന്റെ പാത്ത്വോ നീ ഇവിടെ വന്നിട്ടാണല്ലോ കാണുന്നത്… എന്നോര്‍ത്ത് സദസ്സില്‍ ഇരുന്നു. കുറച്ച് പിറകിലായിട്ടാണ് ഞങ്ങള്‍ ഇടം കണ്ടെത്തിയത്. അവിടെയിരുന്നപ്പോള്‍ കോളേജില്‍ കെ.ഇ.എന്‍ സാറിന്റെ മലയാളം ക്ലാസ്സാണ് ഓര്‍മവന്നത്. ക്ലാസ്സില്‍ കയറുന്നതിനു മുന്‍പേ സഹപാഠികളുടെ കല്പന വരും, ‘നീയെല്ലാം ശരിക്ക് എഴുതിയെടുത്തോ. പരീക്ഷക്ക് കോപ്പിയെടുക്കാനുള്ളതാ ഞങ്ങള്‍ക്ക്. ഇപ്പോ ഉറങ്ങട്ടെ…’ ഇതും പറഞ്ഞ് അവര്‍ പിറകിലെ ബെഞ്ചില്‍ ഇരുന്നുറങ്ങും. അനുസരണയില്ലാത്ത മനസ്സിനെ ഫറൂക്ക് കോളേജില്‍ നിന്നും പിടിച്ചു കെട്ടി ഇവിടെ കൊണ്ടുവന്നപ്പോഴേക്കും കഥയും, കവിതയും, ചര്‍ച്ചകളും അരങ്ങു തകര്‍ക്കുന്നുണ്ടായിരുന്നു. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചപ്പോള്‍ കണ്ടു മുന്‍നിരയില്‍ ഒരു സുന്ദരികുട്ടി ഇരുന്നു കടലാസ്സു തവളയെ ഉണ്ടാക്കി കളിക്കുന്നു.. മിടുക്കി കൊള്ളാലോ, ഈ ആളുകളും ബഹളങ്ങളും ഒന്നും അവള്‍ക്കൊരു പ്രശ്നമേയല്ല. ജുനോയുടെ മോളായിരുന്നു അത്. പരിപാടി കഴിഞ്ഞപ്പോള്‍ കുഞ്ഞേച്ചി കുറേപേരെ പരിചയപ്പെടുത്തി. ഉച്ചയോടെ ഞങ്ങള്‍ അവിടെനിന്നും മടങ്ങി. ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു ദിനം എന്നതില്‍ കവിഞ്ഞ് അത് മേപ്പിള്‍ ഇലകളെ പോലെ ഈ മഞ്ഞുറഞ്ഞ നാട്ടില്‍ എന്റെ ദിവസങ്ങള്‍ സന്തോഷഭരിതമാക്കും എന്ന്‍ കരുതിയില്ല.

സമ്മേളനം കഴിഞ്ഞു കുറച്ചു നാളുകള്‍ക്കു ശേഷം കുഞ്ഞേച്ചി വിളിച്ചു. ഞാന്‍ ആണെങ്കില്‍ അന്നത്തെ കാര്യങ്ങളും അവിടെ കണ്ട മുഖങ്ങളും മറന്നു തുടങ്ങിയിരുന്നു. അപ്പോഴാണ് കുഞ്ഞേച്ചിയുടെ ഫോണ്‍കാള്‍. ഇടയ്ക്കൊക്കെ വിളിക്കാറുണ്ടെങ്കിലും ഈ വിളിക്കൊരു പ്രത്യേകത ഉണ്ടായിരുന്നു. ‘മുബി, നിര്‍മല പറഞ്ഞു നമുക്കൊന്ന് കൂടിയാലോ എന്ന്. അന്ന് പരിചയപ്പെട്ടില്ലേ ജുനോ അവരെയും വിളിക്കാം. പിന്നെ ഹാമില്‍ട്ടണില്‍ നിന്ന് നിര്‍മലയുടെ കൂടെ മാണിക്യം എന്ന ബ്ലോഗ്ഗറും ഉണ്ടാവും..’ അല്ലെങ്കിലും എനിക്കെന്താ വിരോധം. പരിചയം പുതുക്കല്‍ നല്ലതല്ലേ, പാത്തൂന് പെരുത്ത്‌ സമ്മതം. അങ്ങിനെ നവംബര്‍ പതിനേഴിന് മിസ്സിസ്സാഗായിലെ ശരവണഭവനില്‍ വെച്ച് ഒത്തുകൂടാം എന്ന് തീരുമാനിച്ചു. ശരവണഭവന്‍ തുറക്കുന്നതിനു മുന്‍പേ ഹാമില്‍ട്ടണില്‍ നിന്ന് ചേച്ചിമാര്‍ എത്തിയിരുന്നു. ഞങ്ങളെ സ്വീകരിക്കാന്‍ എന്തായാലും അവരുണ്ടായിരുന്നു അവിടെ. കുറച്ചു വൈകിയാണ് ജുനോ എത്തിയത്. അപരിചിതത്വം നേരിയതോതില്‍പോലും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതായി തോന്നിയില്ല. ചിരപരിചിതരെ പോലെ ഞങ്ങളില്‍ നിന്ന് വിശേഷങ്ങള്‍ ഒഴുകി. പങ്കു വെക്കാന്‍ ഒരുപാടുണ്ടായിരുന്നു. പ്രവാസം, വഴിത്തിരുവുകള്‍, സിനിമ, വായന, എഴുത്ത്… അങ്ങിനെ അങ്ങിനെ. ചില സദസ്സുകളില്‍ വായിലെ നാക്ക് എവിടെപോയി എന്നന്വേഷിച്ച് നടക്കാറുള്ള ഞാന്‍ അന്ന് സംസാരിച്ചത് കേട്ടാല്‍ എന്റെ ഉമ്മ പോലും ഞെട്ടിപോകും. ഭാഷയില്‍ കണ്ണൂരും, വള്ളുവനാടും, കോട്ടയവും, എറണാകുളവും, മലപ്പുറവും ശരവണഭവനിലെ ദോശക്ക് മുന്നില്‍ അലിഞ്ഞുചേര്‍ന്നു മണിക്കൂറുകള്‍ കടന്നു പോയത് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ‘ഹാപ്പി ജാമിന്റെ’ പരസ്യത്തില്‍ പറയുന്ന പോലെ സന്തോഷംകൊണ്ട് ഞങ്ങള്‍ക്കിരിക്കാന്‍ വയ്യേ എന്ന മട്ടിലായിരുന്നു ഞങ്ങള്‍ ഓരോരുത്തരും. അവിടെ തുടങ്ങുകയായി മേപ്പിള്‍ ഇലകളുടെ സംഗമം!

പിന്നീടുള്ള ദിനങ്ങളില്‍ മറന്നു വെച്ച എഴുത്തും വായനയും മടിച്ചുമടിച്ചാണെങ്കിലും എന്നിലേക്ക് മടങ്ങിയെത്തുന്നത് ഞാന്‍ അറിഞ്ഞു. ഓരോരുത്തരുടെയും ഒഴിവു നോക്കി അധികം ഇടവേളയില്ലാതെ ഞങ്ങള്‍ കൂടാറുണ്ട്. ജോജിയമ്മയും, നിര്‍മലേച്ചിയും, കുഞ്ഞേച്ചിയും, ജുനോയും ചിലപ്പോള്‍ മാത്രം തല കാണിച്ചു പോകുന്ന മായയും. പ്രവാസത്തിന്റെ ചൂടിലും തണുപ്പിലും അറിയാതെ നമ്മളെ തേടിയെത്തുന്ന തണലുകള്‍… ഓരോ തവണ പിരിയുമ്പോഴും അടുത്ത ഒത്തുചേരല്‍ എന്നാണ് എന്ന ചിന്തയും കാത്തിരിപ്പുമാണ്. അതെ ഏതു തണുപ്പിലും ഉറഞ്ഞു പോകാതെ പറയാനും, കാണാനും, പങ്കുവെക്കാനും, വായിക്കാനും ഞങ്ങളില്‍ ഒത്തിരിയുണ്ട് നിറം മങ്ങാതെ……

36 comments:

  1. പൂവുകൾ വിരിയുന്നത് എപ്പോഴാണെന്ന് കൃത്യം പറയാനാവില്ലല്ലോ ..അതുപോലെ സാഹിത്യവും വിരിയും ജീവിതത്തിലെ ചില വസന്തങ്ങളിൽ ..

    ReplyDelete
    Replies
    1. സന്തോഷം ഈ വായനക്ക്... :)

      Delete
  2. നല്ല അനുഭവങ്ങള്‍ നല്ല എഴുത്തിനായി വിനിയോഗിക്കാന്‍ കഴിയട്ടെ.
    നന്നായി എഴുതിയിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദിയുണ്ട്...

      Delete
  3. നന്നായി എഴുതിയിരിക്കുന്നു..........

    ReplyDelete
  4. എന്തിന് എഴുതുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരമുണ്ടാവുമ്പോഴേ എഴുതാന്‍ താല്‍പ്പര്യം തോന്നുകയുള്ളു. കാനഡയില്‍ നിങ്ങള്‍ തീര്‍ക്കുന്ന സാഹിത്യ കൂട്ടായ്മകള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു .....

    ReplyDelete
    Replies
    1. സന്തോഷം മാഷേ.. കുറെയേറെ വായിക്കാന്‍ കഴിയുന്നുണ്ട് ഇപ്പോള്‍.

      Delete
  5. വായിച്ചിട്ട് ലേശം അസൂയ... ഹേയ്.. പശുക്കുട്ടിക്ക് അങ്ങനെ കുശുമ്പ് കുനുട്ട് അസൂയ ഒന്നും വരില്ല.. ന്നാലും... ന്നാലും...

    ദ മേപ്പിള്‍ ലീഫ് ഫോര്‍ എവര്‍ എന്നല്ലേ... അതുകൊണ്ട് ഈ എഴുത്തും.. ഈ സ്നേഹക്കൂടിച്ചേരലുകളും എന്നുമുണ്ടാകട്ടെ.... പശുക്കുട്ടിം കനഡയിലുണ്ടെന്ന് വിചാരിക്കും വായിക്കുമ്പോള്‍ കേട്ടോ..

    ReplyDelete
    Replies
    1. ഈ പയ്യ്കുട്ടിക്കു അസൂയ എന്തിനാ.. വിശേഷങ്ങള്‍ ഒക്കെ ഞാന്‍ പറഞ്ഞു തരാട്ടോ..

      Delete
  6. കനേഡിയന്‍ സൌഹൃദസംഗമങ്ങള്‍ക്ക് ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ

      Delete
  7. സൌഹൃദങ്ങളുടെ കൂടി ചേരലുകൾക്ക് ഒരു നിർവൃതി കിട്ടാറുണ്ട് ഈ അക്ഷരങ്ങളിൽ
    മറഞ്ഞു കിടക്കുന്നുണ്ട് .സൌഹൃദം വളരട്ടെ സൗഹൃദം വിജയിക്കട്ടെ

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി കുഞ്ഞുമയില്‍പീലി..

      Delete
  8. നാട്ടില്ന്നു അകലെ ആകുമ്പോഴാണ് സൗഹൃദങ്ങൾ എത്ര ആശ്വാസമാണെന്ന് മനസിലാകുന്നത്.
    ഇത്രെയും നല്ലൊരു സൗഹൃദ കൂട്ടായ്മ അവിടെ കിട്ടിയത് ഭാഗ്യം തന്നെ .

    ReplyDelete
  9. സൌഹൃദങ്ങള്‍ വളരട്ടെ.
    എഴുത്തും.
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷായിട്ടോ... :)

      Delete
  10. ഇവിടേക്ക് ഇപ്പോഴാ ട്ടോ എത്തിയത്.... മഞ്ഞ് പെയ്യുന്ന മില്‍വാക്കിയിലും മേപ്പില്‍ക്കൂട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പൊയ് ഇത് വായിച്ചപ്പോള്‍.... ഇനിയും കാണാം, കാണണം.... :)

    ReplyDelete
    Replies
    1. ഇവിടെ കണ്ടതില്‍ സന്തോഷം ആര്‍ഷ.. നമ്മള്‍ അപ്പുറവും ഇപ്പുറവും അല്ലേ, ഇടയ്ക്കു പോരൂ ഞങ്ങളുടെ കൂടെ കൂടാം...

      Delete
    2. :) ഇനിയിപ്പോ കാനഡയിലേക്ക് എങ്ങാനും വരാന്‍ ആയാലോ..

      Delete
  11. വരാനിരിക്കുന്ന മനോഹരമായ ഓര്‍മ്മക്കുറിപ്പുകളിലേക്കുള്ള ഒരാമുഖമായിത്തീരട്ടെ ഈ വരികള്‍

    ReplyDelete
  12. പ്രവാസത്തിന്റെ മണ്ണിലെ ഒറ്റപ്പെടലിലാണ് ഉള്ളിലെ എഴുത്തും വായനയും വീണ്ടും തളിര്‍ക്കുന്നത് എന്ന് തോന്നുന്നു.നാട്ടില്‍ പോയാല്‍ പത്രവായന പോലും തലക്കെട്ടില്‍ ഒതുങ്ങുമ്പോള്‍.പ്രവാസകാലത്ത് അരിച്ചു പെറുക്കിയുള്ള വായനയാണ്.അത് പോലെ എഴുത്തും.നാട്ടില്‍ പോയാല്‍ എത്ര ഒഴിവു സമയമുണ്ടെങ്കിലും കാര്യമായ എഴുത്തൊന്നും നടക്കില്ല.പ്രവാസത്തിന്റെ എല്ലാ തിരക്കുകള്‍ക്കിടയിലും നന്നായി എഴുതാനാകും.ഇത്തരം കൂട്ടായ്മകള്‍ നല്‍കുന്ന പ്രോത്സാഹനം ചെറുതല്ല.ഇതും പ്രവാസത്തിന്റെ നേട്ടം തന്നെ..ആശംസകള്‍.വളരെ ഹൃദ്യമായി എഴുതി.

    ReplyDelete
  13. അനുഭവക്കുറിപ്പ് വളരെ നന്നായി..!
    ആശംസകൾ!

    ReplyDelete
  14. അപ്പൊൾ ഇനി കനേഡിയൻ വിശേഷങ്ങൾ പ്രതീക്ഷിക്കാമല്ലൊ അല്ലെ..?

    ReplyDelete
  15. നല്ലൊരു അനുഭവക്കുറിപ്പാണല്ലോ മുബീ ...പോസ്റ്റ്‌ വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി ...നന്നായി എഴുതിയിട്ടുണ്ട് .
    സൌഹൃദങ്ങള്‍ ഇനിയും വളരട്ടെ ..

    ReplyDelete
  16. @ നജീബ്, കൊച്ചുമുതലാളി, വി. കെ, കൊച്ചു.. ഞങ്ങളുടെ കൂട്ടായ്മയില്‍ കൂടാന്‍ എത്തിയതില്‍ സന്തോഷം. നല്ല സൗഹൃദങ്ങള്‍ എവിടെയും വളരട്ടെ..

    എല്ലാ സുഹൃത്തുക്കള്‍ക്കും റമദാന്‍ ആശംസകള്‍.

    ReplyDelete
  17. Sneham, sauhrudam, Manushyathwam ...!

    Ashamsakal...!!!

    ReplyDelete
  18. എല്ലാ ആശംസകളും .മനസ്സ് , സ്വപ്ന-സൌഹൃദ-സങ്കല്‍പഭരിതമാവട്ടെ !

    ReplyDelete
  19. ഈ മേപ്പിൾക്കൂട്ടങ്ങളിൽ കൂടി കാനഡ
    വിശേഷങ്ങൾ പോരട്ടങ്ങിനെ പോരട്ടെ
    നല്ല അനുഭവ കുറിപ്പുകളായിട്ടുണ്ടിത് കേട്ടൊ മുബി

    ReplyDelete
  20. ഈ പാതൂന് കൂടുതൽ കൂടുതൽ എഴുതാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ...ആശംസകള്

    ReplyDelete
  21. ജീവിതം എന്നും ഇതുപോലെ സന്തോഷകരമാകട്ടെ. അപ്പോൾ ഞങ്ങൾക്ക് വായിക്കാനും എന്തെങ്കിലും ഒക്കെ കിട്ടുമല്ലൊ ഹ ഹ :)

    ReplyDelete
  22. പ്രിയ കൂട്ടുകാരിക്ക് ...എല്ലാ ആശംസകളും....
    "പിന്നീടുള്ള ദിനങ്ങളില്‍ മറന്നു വെച്ച എഴുത്തും വായനയും മടിച്ചുമടിച്ചാണെങ്കിലും എന്നിലേക്ക് മടങ്ങിയെത്തുന്നത് ഞാന്‍ അറിഞ്ഞു"
    വീണ്ടും വരാം ...
    സ്നേഹപൂർവ്വം,
    ആഷിക്ക് തിരൂർ

    ReplyDelete
  23. ആ മേപ്പിള്‍ ഇലകളുടെ പ്രതീകവും കാനഡക്കൂട്ടായ്മയും ഈ എഴുത്തിനെ ഹൃദ്യമാക്കുന്നു. എഴുത്ത് തുടരട്ടെ... ആശംസകള്‍!!

    ReplyDelete
  24. നല്ലൊരു അനുഭവക്കുറിപ്പാണല്ലോ മുബീ ...പോസ്റ്റ്‌ വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി ...നന്നായി എഴുതിയിട്ടുണ്ട് .ആശംസകള്‍!!
    www.hrdyam.blogspot.com

    ReplyDelete
  25. അനുഭവങ്ങള്‍ അക്ഷരങ്ങളായി പിറക്കട്ടെ !!
    കാനഡ വിശേഷങ്ങള്‍ ബൂലോകവും അറിയട്ടെ !@@

    ReplyDelete