Thursday, July 10, 2014

കാറ്റിനൊപ്പം കാറ്റാടിപ്പാടങ്ങളിലേക്ക്...

സാക്ഷാല്‍ക്കരിക്കുന്ന സ്വപ്നമാണ് ഓരോ യാത്രയും. എണ്ണിച്ചുട്ട അപ്പം പോലെയുള്ള വേനല്‍ ദിനങ്ങളിലെ ചെറുതും വലുതുമായ കാനഡയിലെ എല്ലാ യാത്രകളും സ്വപ്ന സുന്ദരമാണ്. കുറേകാലമായി മനസ്സില്‍ താലോലിച്ചുറക്കിയ ഒരു മോഹമാണ് ഈയിടെ സാധ്യമായത്. ദൂരേ ദൂരേ.... കരയുടെ അറ്റത്തേക്ക്... ക്യുബെക് സമുദ്രതീരത്തെ “ഗാസ്പെസ്സി”യെന്ന സ്ഥലത്ത് കര അവസാനിക്കുന്നു. സെന്റ് ലോറന്‍സ് ഉള്‍ക്കടല്‍ തീരത്താണ് ഗാസ്പെസ്സി. ഇനിയങ്ങോട്ട് കരയില്ലെന്ന് കരുതിയാകണം പ്രകൃതി എല്ലാ അനുഗ്രഹങ്ങളും ഇത്രയധികം വാരിക്കോരി നല്‍കിയത്. സെന്റ് ലോറന്‍സ് ഉള്‍ക്കടലി(Gulf of St. Lawrence)നപ്പുറം പരന്നുകിടക്കുന്നതോ അറ്റ്‌ലാന്റിക് സമുദ്രവും. അപ്പലേച്ച്യന്‍ പര്‍വതനിരകള്‍ ഒരുവശത്തും മറുവശത്ത് കടലും ചേര്‍ന്ന് പ്രകൃതി ഒരുക്കിയ സ്വപ്നതുരുത്ത്! 
  
Route 132 
മുന്നൊരുക്കങ്ങള്‍ ഒരുപാട് വേണ്ടിയിരുന്നു ഞങ്ങളുടെ ഈ യാത്രക്ക്. മക്കളുടെയും ഞങ്ങളുടെയും അവധി ദിനങ്ങള്‍, താമസ സൗകര്യങ്ങള്‍, കാലാവസ്ഥ അങ്ങിനെ എല്ലാംകൂടി ഒത്തുവന്നത് ജൂലൈ ആദ്യവാരമാണ്. ഞങ്ങളുടെ താമസസ്ഥലമായ മിസ്സിസ്സാഗായില്‍ നിന്ന് ആയിരത്തി അറുനൂറു കിലോമീറ്ററിലധികം ദൂരമുണ്ട്. 2011 ല്‍ ഇരുപത് ബെസ്റ്റ്‌ ഡ്രൈവു”കളില്‍ ഒന്നായി നാഷണല്‍ ജിയോഗ്രഫി സാക്ഷ്യപ്പെടുത്തിയ ഗാസ്പെസ്സിയിലേക്ക്(Route 132) വണ്ടിയോടിച്ചു പോകാന്‍ തന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹം. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞെത്തിയതിനു ശേഷമാണ് കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം ശ്രദ്ധിച്ചത്.

വഴിയില്‍ തടസ്സമായി നില്‍ക്കുന്നത് കാറ്റാണ്. മനസ്സ് തണുപ്പിക്കുന്ന ഇളം കാറ്റല്ല. “ആര്‍തര്‍” എന്ന കൊടുങ്കാറ്റാണ് കൂട്ട് വരുന്നത്. ഒരുപാട് മോഹിച്ചത് കൊണ്ട് മാറ്റിവെക്കാനും മനസ്സ് അനുവദിച്ചില്ല. യാത്രയുടെ ഉത്സാഹത്തിലായിരുന്ന മക്കള്‍ “ആര്‍തറി”ന്‍റെ വരവൊന്നും അറിഞ്ഞിട്ടിലായിരുന്നു. അയല്‍വാസിയും മക്കളുടെ സുഹൃത്തുമായ ആര്‍തറിന്റെ കൈയ്യില്‍ നിന്ന്  “ഗോപ്രോ” ക്യാമറയും വാങ്ങി വരുന്ന മകനോട്‌ “ആര്‍തര്‍ നമ്മടെ വെക്കേഷന്‍ നശിപ്പിക്കോ?” എന്ന് ഹുസൈന്‍ ചോദിച്ചപ്പോഴേക്കും, കുട്ടികള്‍ ആകെ പരിഭ്രാന്തരായി. “എങ്ങിനെ? ആര്‍തര്‍ എന്താ ചെയ്തത്? അവനൊന്നും പറഞ്ഞില്ലല്ലോ....” കുട്ടികളുടെ മറുപടി കേട്ട് അന്താളിച്ച ഹുസൈന് കാര്യം പിടികിട്ടാന്‍ കുറച്ചു വൈകി. കാലാവസ്ഥ മുന്നറിയിപ്പ് അറിയാത്ത മക്കളാണെങ്കിലോ അവരുടെ കൂട്ടുകാരനെ കുറിച്ച് ഉപ്പയെന്താണ് ഇങ്ങിനെ പറയുന്നത് എന്നോര്‍ത്ത് വിഷമിച്ച് നില്‍ക്കുകയാണ്. രണ്ടു കൂട്ടര്‍ക്കും പറ്റിയ അമളി പരസ്പരം പറഞ്ഞപ്പോള്‍ അതൊരു കൂട്ടച്ചിരിക്ക് വക നല്‍കിയെങ്കിലും ഉള്ളില്‍ പരിഭ്രമമായിരുന്നു.

ജൂലൈ നാലിന് മിസ്സിസ്സാഗയില്‍ നിന്ന് ഞങ്ങള്‍ രാവിലെ അഞ്ചരയോടെ പുറപ്പെട്ടു. ആയിരം കിലോമീറ്റര്‍ അകലെയുള്ള റിവിയെര്‍ ഡ്യൂ ലൂ(Rivière du Loup)ലെ ഒരു മോട്ടെലില്‍ തങ്ങി പിറ്റേന്ന് വീണ്ടും യാത്ര തുടരണം. “ആര്‍തര്‍” എന്താണ് ഞങ്ങള്‍ക്ക് വേണ്ടി കാത്തുവെക്കുക എന്നറിയാത്തതിനാല്‍ ഇരുട്ടുന്നതിന് മുന്‍പായി റിവിയെര്‍ ഡ്യൂ ലൂവില്‍ എത്തേണ്ടിയിരുന്നു. നിത്യേനയുള്ള തിരക്കുകള്‍ പിന്നിലേക്ക്‌ ഓടി മറയുമ്പോള്‍ യാത്രകള്‍ പ്രാര്‍ത്ഥന പോലെ സ്വസ്ഥവും സമാധാനവുമാണ് ഞങ്ങള്‍ക്ക്. കടുത്ത മഞ്ഞു വീഴ്ച മൂലം റോഡുകള്‍ക്ക് വരുന്ന കേടുപാടുകള്‍ തീര്‍ക്കുന്നതും, പുതിയ റോഡ്‌ നിര്‍മ്മാണവും തകൃതിയായി നടക്കുന്നത് വേനലിലാണ്. റോഡ്‌ പണിക്കാരുടെ സുരക്ഷക്കാണ് പ്രാധാന്യം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റോഡുകളില്‍ സ്പീഡ്‌ ലിമിറ്റ് മറികടന്നാല്‍ ഫൈന്‍ തുക ഇരട്ടി നല്‍കേണ്ടിവരും. ഇങ്ങിനെയുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ചെറിയ സിഗിനലുകളും സ്ഥാപിച്ചിരുന്നു. പണിക്കാര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ സിഗിനലുകളില്‍ വണ്ടി നിര്‍ത്തി ഓരോ വാഹനവും വളരെ പതുക്കെയാണ് കടന്നു പോകുന്നത്. തിളച്ച ടാറിന്‍റെയും, വാഹനങ്ങളുടെയും ഇടയില്‍ കരിപിടിച്ച് നില്‍ക്കുന്ന നാട്ടിലെ പരിചിത കാഴ്ചകളില്‍ നിന്ന് ഏറെ വിഭിന്നമാണിത്.

മനംമയക്കുന്ന സൂര്യാസ്തമയ ദ്രിശ്യങ്ങള്‍ പകര്‍ത്താന്‍ ആര്‍ട്ടിസ്റ്റുകളും, ഫോട്ടോഗ്രാഫര്‍മാരും വരുന്ന സ്ഥലമാണത്രേ ഇംഗ്ലീഷില്‍ “വോള്‍ഫ് റിവര്‍” എന്നര്‍ത്ഥം വരുന്ന റിവിയെര്‍ ഡ്യൂ ലൂ. മൂടികെട്ടിയ ആകാശവും നേരിയ ചാറ്റല്‍ മഴയും ഫോട്ടോഗ്രാഫിക്ക് പ്രതികൂലമായിരുന്നെങ്കിലും ഓരോ നിമിഷവും ആസ്വദിച്ച് ഞങ്ങള്‍ സന്ധ്യയോടു കൂടെ മോട്ടലില്‍ എത്തി. കാലാവസ്ഥ മുന്നറിയിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ശനിയാഴ്ചയാണ് “ആര്‍തര്‍” ഞങ്ങളുടെ വഴിയിലൂടെ കടന്നു പോകുന്നത്. “ആര്‍തറല്ലേ, പേടിക്കേണ്ട”യെന്നൊരു മനോഭാവമായിരുന്നു മക്കള്‍ക്ക്‌. കുളിയും പ്രാര്‍ത്ഥനയും ഭക്ഷണം കഴിക്കലും കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പുറത്ത് കാറ്റിന്‍റെ ചൂളംവിളിക്ക് ശക്തിയേറിയിരുന്നു. പിറ്റേന്നു സൂര്യോദയത്തിന് മുന്‍പായി ഞങ്ങള്‍ മോട്ടലില്‍ നിന്നിറങ്ങി. രാവിലെ കുറച്ചു സമയത്തേക്ക് കാറ്റും മഴയും  മാറി നിന്നത് കാറ്റാടിപ്പാടത്തേക്കുള്ള യാത്ര രസകരമായിരുന്നു. എന്നാല്‍ ഇടയ്ക്കു വെച്ച് വണ്ടി നിര്‍ത്തിയിടാന്‍ പോലീസ് സിഗ്നല്‍ കിട്ടി. പോലീസ് അകമ്പടിയോടെ വരുന്ന വി.ഐ.പിയെ കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. മൂന്ന് ട്രൈലെര്‍ വലിപ്പമുള്ള ഒരു കൂറ്റന്‍ ട്രൈലറിനായിരുന്നു എസ്കോര്‍ട്ട്. ട്രെയിലറില്‍ ആകട്ടെ  നല്ല വെള്ള നിറത്തില്‍ ആന കൊമ്പിന്റെ ആകൃതിയില്‍ നീണ്ട് നിവര്‍ന്നു കിടക്കുന്നൊരു പെരുത്ത സാധനവും! ഇതെന്ത് നിധിയാണ് എന്ന് കരുതി ഭവ്യതയോടെ വഴിമാറി നിന്നു. കാറ്റാടി പാടങ്ങള്‍ കണ്ട് തുടങ്ങിയപ്പോഴാണ് വഴിയില്‍ വെച്ച് കണ്ടത് കാറ്റാടിയന്ത്രത്തിന്‍റെ ചിറകായിരുന്നെന്ന് മനസ്സിലായത്‌. ഞങ്ങള്‍ കാറ്റ് വൈദ്യുതി കൊയ്ത്തു നടത്തുന്ന പാടങ്ങള്‍ക്ക് അടുത്തെത്തിയിരുന്നു. 
  
Wind Farm in Cap-Chat Village
മൂവായിരത്തില്‍ താഴെ ജനങ്ങള്‍ താമസിക്കുന്ന “കാപ് ചാറ്റ്” എന്ന ഗ്രാമത്തിലാണ് നൂറിലധികം കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. പൂച്ചയെ പോലെ തോന്നിക്കുന്നത് കൊണ്ടാണ് ഗ്രാമത്തിന് ഈ പേര് വന്നതെന്നാണ് കേട്ടത്. ചാറ്റ് എന്ന ഫ്രഞ്ച് വാക്കിനര്‍ത്ഥം പൂച്ചയെന്നാണ് എന്ന്  മക്കളും പറഞ്ഞു. മലമുകളില്‍ നിരനിരയായി നില്‍ക്കുന്ന കൂറ്റന്‍ കാറ്റാടിയന്ത്രങ്ങള്‍ ദൂരെ നിന്നേ നമുക്ക് കാണാന്‍ കഴിയും. ഇതിനിടക്ക് വ്യത്യസ്ഥനായി “ഇയോള്‍” (vertical-axis wind turbine) തലയുയര്‍ത്തി നില്‍ക്കുന്നു. പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന് നില്‍ക്കുന്ന വിധത്തിലാണ് കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ വിന്‍ഡ്‌ ഫാമുകളില്‍ ഒന്നാണിത്. ഇവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാനും ടവറിനുള്ളില്‍ കയറാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. മറ്റു പല രാഷ്ട്രങ്ങളും ഇത് കണ്ട് കാറ്റാടിപ്പാടങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഒരുങ്ങി കഴിഞ്ഞു. ആസിഡ്‌ മഴയും, ഗ്രീന്‍ ഹൗസ് ഗ്യാസ് എമിഷനും ക്രമാതീതമായി കുറച്ച് ഭൂമിയെ സംരക്ഷിക്കുന്ന കാറ്റാടികളുടെ ചിറകുകളെ വെറുതയല്ല ഇത്രയധികം ശ്രദ്ധാപൂര്‍വ്വം കൊണ്ടുപോയിരുന്നത്...

പൂച്ച ഗ്രാമത്തിലെ കാഴചകള്‍ കണ്ട് മടങ്ങുമ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു. ചെവിത്തുളച്ചെത്തുന്ന കാറ്റിന്‍റെ ചൂളം വിളിയിലൂടെ ഇവിടെയെത്തിയിരിക്കുന്നുവെന്ന സന്ദേശം ആര്‍തര്‍ ഞങ്ങള്‍ക്ക് നല്‍കി. എത്രത്തോളം മുന്നോട്ട് പോകാന്‍ പറ്റുമോ അത്രയും ദൂരം പോവുക തന്നെയാണ് നിര്‍ത്തിയിടുന്നതിലും നല്ലതെന്ന അഭിപ്രായമായിരുന്നു എല്ലാവര്‍ക്കും. വലിയ ആര്‍.വി (Recreational Vehicles) കള്‍ക്ക് പുറകിലായി പതുക്കെ ഞങ്ങളും നീങ്ങി. മലനിരകളില്‍ നിന്ന് കാറ്റില്‍ അടര്‍ന്ന് വീഴാവുന്ന കല്ലുകളെക്കാള്‍ ഭയപ്പെടുത്തിയത് ശക്തിയോടെ തീരത്തടിക്കുന്ന തിരകളായിരുന്നു. 
Way to Gaspesie

വഴിയരികിലെ വിശ്രമകേന്ദ്രങ്ങള്‍ എല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. ആരും വണ്ടി നിര്‍ത്തുന്നില്ല. എത്ര ദൂരം പോയി എന്നറിയില്ല കാര്‍ പാര്‍ക്ക്‌ ചെയ്യാന്‍ പറ്റിയ ഒരു സ്ഥലം കണ്ടപ്പോള്‍ ഹുസൈന്‍ കാര്‍ നിര്‍ത്തി കടല്‍ കാണാന്‍ ഇറങ്ങി. മറ്റൊരു കാറും അവിടെയുണ്ടായിരുന്നു. മഴക്കോട്ട് ധരിപ്പിച്ച  ക്യാമറയും കൊണ്ട് ഒരാള്‍ കടലിലേക്ക്‌ നോക്കി നില്‍ക്കുന്നത് ഹുസൈന്‍ ഇറങ്ങിപ്പോയപ്പോഴാണ് ഞാന്‍ കണ്ടത്. അമ്പടാ... വെറുതയല്ല ഇത്രയും ധൈര്യത്തോടെ ഇവിടെ കാറ് പാര്‍ക്ക് ചെയ്തത് എന്ന് മനസ്സില്‍ കരുതി.

കടലിന്റെ അവസ്ഥ കാണാന്‍ പോയ ആളെ തിരഞ്ഞ്  ഞാന്‍ ഇറങ്ങിയപ്പോള്‍ കണ്ടത്, ഞങ്ങള്‍ വരുമ്പോള്‍ കുപ്പായമിട്ട് കടലിലേക്ക്‌ നോക്കി കൊണ്ടിരുന്ന ക്യാമറ ഹുസൈന്‍റെ മുഖത്തേക്ക് തിരിച്ചു വെച്ചിരിക്കുന്നു അടുത്തൊരു പെണ്ണ് മൈക്കും പിടിച്ചു നില്‍ക്കുന്നു. “ന്‍റെ റബ്ബേ...” ഇത്ര പെട്ടെന്ന് ഇതൊക്കെ എവിടുന്ന് വന്നുവെന്നറിയാതെ കാറിന്‍റെ ഡോറും തുറന്നു പിടിച്ചു ഞാനും... അമ്പരപ്പ് മാറിയപ്പോഴാണ് അടുത്ത് കിടന്ന കാറില്‍ എഴുതിയത് വായിച്ചത്. കണ്ണ് തിരുമ്മി ഒന്നൂടെ വായിച്ചു ഉറപ്പ് വരുത്തിയതിനു ശേഷം ഉറങ്ങിപ്പോയ മക്കളെ വിളിച്ചു കാണിച്ചു കൊടുത്തു. കനേഡിയന്‍ ബ്രോഡ്‌കാസ്റ്റിംഗ് കോര്‍പ്പറേഷന് (CBC Radio) കാലാവസ്ഥയെ കുറിച്ചുള്ള ഒരു ഡോക്യുമെന്റ്ററിക്ക് വേണ്ടി ഹുസൈന്‍റെ ഇന്റര്‍വ്യൂ എടുക്കുകയായിരുന്നു. ഈ മറിമായങ്ങള്‍ എല്ലാം വീക്ഷിച്ച് ഞങ്ങള്‍ മൂവരും കാറില്‍ തന്നെയിരുന്നു. ഞങ്ങളുടെ “ഹീറോ” വെപ്രാളം കൊണ്ടോ സന്തോഷം കൊണ്ടോ ഡോക്യുമെന്റ്ററി ‘എവിടെ, എപ്പോള്‍, എങ്ങിനെ’ സംപ്രേഷണം ചെയ്യുമെന്ന് ചോദിച്ചുമില്ല. അവരോട് യാത്ര പറഞ്ഞ് പിരിയുമ്പോഴും കലിയടങ്ങാതെ ആര്‍തര്‍ കൂടെയുണ്ടായിരുന്നു. കുത്തിയൊലിച്ച് വരുന്ന മഴവെള്ളവും മൂടലും യാത്ര കൂടുതല്‍ ദുഷ്ക്കരമാക്കുക തന്നെ ചെയ്തു. കര അവസാനിക്കുന്നിടത്തേക്കാണ് യാത്ര... ആര്‍തര്‍ അവശേഷിക്കുന്ന കരയെ തന്നെ ഇല്ലാതെയാക്കുമോയെന്ന ഭയമായിരുന്നു ഉള്ളില്‍. മനുഷ്യന്‍ ചെയ്തു കൂട്ടുന്ന പാതകങ്ങള്‍ നിശബ്ദം സഹിക്കുന്ന പ്രകൃതിയുടെ വല്ലപ്പോഴുമുള്ള പ്രതികരണം താങ്ങാന്‍ പോലും നമുക്ക്‌ ശേഷിയില്ല. എന്നിട്ടും തീര്‍ന്നിട്ടില്ല അഹങ്കാരവും ഹുങ്കും! ഒരു കപ്പ് വെള്ളം ചെടിക്ക് ഒഴിക്കാത്തവരുടെ പ്രകൃതിദിനത്തിലെ  സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകള്‍ വായിച്ചിരുന്നെങ്കില്‍ ആര്‍തര്‍ ഇതിലും ശക്തമായി വീശിയേനെ.... ഇനിയുമേറെയുണ്ട് താണ്ടുവാന്‍ എന്നോര്‍പ്പിക്കുന്ന സൈന്‍ ബോര്‍ഡുകളും കടന്ന് ഞങ്ങള്‍ ഗാസ്പെസി ഉപദ്വീപിലെ പേര്‍സിലേക്ക്... 


Rocher Perce, Gaspesie
    

26 comments:

 1. ആര്‍തര്‍ എന്ന് കേള്‍ക്കുമ്പോളെ കാട്ടു കടന്നലിലേക്ക് മനസ്സ് പായുന്നു , എന്ത് സുന്ദരമായിട്ടാണ് നിങ്ങള്‍ എല്ലാം ജീവിതം ആസ്വദിക്കുന്നത് , ഓരോ യാത്രകളും അനുഭവങ്ങളും അനുഭൂതികളും ഇവിടെ കുറിചിടുമ്പോള്‍ ഒത്തിരി സന്തോഷം ... ഈ ജീവിതം ഇങ്ങനെ അനുഭവിച്ചു തീര്‍ക്കാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ ...അസൂയയോടെ ....

  ReplyDelete
  Replies
  1. നന്ദി വിജിന്‍... അസൂയ ഒന്നും വേണ്ടാട്ടോ :)

   Delete
 2. പൂച്ച ഗ്രാമത്തിലെ കാഴ്ചകള്‍ നന്നായിരുന്നു. കാറ്റാടിപ്പാടങ്ങളെക്കുറിച്ച് പറയുമ്പോള്‍ പ്രകൃതിയോടുള്ള ചിന്തകളും സ്നേഹവും വ്യകതമാണ്. എന്നാലും “ഹീറോ” വെപ്രാളം കൊണ്ടോ സന്തോഷം കൊണ്ടോ ഡോക്യുമെന്റ്ററി ‘എവിടെ, എപ്പോള്‍, എങ്ങിനെ’ സംപ്രേഷണം ചെയ്യുമെന്ന് ചോദിക്കാതിരുന്നത് കഷ്ടമായിപ്പോയി.
  ഇത്തവണയും ഭംഗിയായിരിക്കുന്നു.

  ReplyDelete
  Replies
  1. റാംജിയേട്ടാ, ക്യുബെക്ക് ഭാഗങ്ങളില്‍ ഫ്രെഞ്ചിനാണ് പ്രാമുഖ്യം. അത് കൊണ്ട് തന്നെ ഇന്റര്‍വ്യൂ അവര്‍ ഫ്രെഞ്ചിലായിരിക്കണം സംപ്രേക്ഷണം ചെയ്തിരിക്കുക.

   Delete
 3. ഇത്തരം യാത്രാനുഭവങ്ങള്‍ വായിക്കുന്നത് തന്നെ ഉള്ളം കുളിര്‍പ്പിക്കും

  ReplyDelete
 4. ഒരു സാഹസികയാത്ര തന്നെയായിരുന്നു..ആര്തറിനെ പേടിച്ച് അടങ്ങിയിരിക്കാതെ കാഴ്ച്ചകള്‍ കാണാന്‍ ഇറങ്ങിത്തിരിക്കുമെന്ന് വിചാരിച്ചില്ല. പ്രകൃതി സൌന്ദര്യം പകര്‍ത്തിയ ചിത്രങ്ങളും കൌതുകകരമായ വിവരണവും അസ്സലായി.. ഈ കണക്കില്‍ പോയാല്‍ ഗാസ്പെസ്സിയിലെത്തിയാല്‍ എന്തു രസമായിരിക്കും..!

  ReplyDelete
  Replies
  1. ഇക്കാ.... സന്തോഷം :)

   Delete
 5. "കാപ്ചാറ്റ്" എന്ന ഗ്രാമത്തെ കുറിച്ച് വായിച്ചപ്പോള്‍ തമിഴ്നാട്ടിലെ കാറ്റാടിയന്ത്രങ്ങളെയും ഓര്‍ത്തുപോയി.....
  നമ്മുടെ നാട്ടിലൊക്കെ റോഡുപണി നടക്കുമ്പോഴുണ്ടാകുന്ന വാഹനങ്ങളുടെ പോക്കും.................
  ഡോക്യുമെന്ററി എന്തായാവോ.......
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പന്‍ ചേട്ടാ.... അതെന്നെയാണ് ഞങ്ങളും ആലോചിക്കുന്നത്.

   Delete
 6. കഴിഞ്ഞ അവധിയ്ക്ക് തമിഴ് നാട്ടില്‍ പോയപ്പോള്‍ കാറ്റാടിയന്ത്രങ്ങള്‍ നിരനിരയായി നില്‍ക്കുന്നത് കണ്ട് ഇറങ്ങി കുറെ ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ഈ കാറ്റാടിച്ചിത്രങ്ങള്‍ കണ്ടപ്പോള്‍ അതോര്‍മ്മ വന്നു.

  (സഹോദരപുത്രി ക്യൂബെക്കിലേയ്ക്ക് പോകണമെന്ന് പറഞ്ഞ് ചില കാര്യങ്ങളൊക്കെ ചെയ്യുന്നു. എന്താണഭിപ്രായം?)

  ReplyDelete
  Replies
  1. "ഇയോള്‍" നില്‍ക്കുന്നിടത്തെ ഫോട്ടോ എടുക്കാന്‍ പറ്റിയില്ല... അജിത്തേട്ടാ.

   ക്യുബെക്കില്‍ ഫ്രെഞ്ചിന് പ്രാമുഖ്യമുള്ള പ്രോവിന്‍സ് ആണ്. വിസിറ്റ് ചെയ്യാനാണോ, പഠിക്കാന്‍ വരുന്നതാണോ?

   Delete
  2. അവള്‍ നഴ്സ് ആണ്. ജോലിയ്ക്കായി വരുന്നു.

   Delete
 7. കൊടുങ്കാറ്റ് ആസ്വദിച്ച് കാനഡയുടെ ഗ്രാമാന്തരങ്ങളിലൂടെയുള്ള ആ യാത്ര. ജീവിതം ഇങ്ങിനെയൊക്കെയാണ് ആസ്വദിക്കേണ്ടത് എന്നു തോന്നിപ്പോവുന്നു.... യാത്രയുടെ നിറങ്ങളും തുടിപ്പുകളും ഒരു തുള്ളിപോലും വിട്ടുപോവാതെ ഞങ്ങൾക്കും പറഞ്ഞുതന്നതുപോലെ......

  ReplyDelete
 8. ഈ യാത്രാ ആ‍സ്വാദ്യകരം. എന്നാലും കൊടുങ്കാറ്റ് വരുന്ന വഴിയാണ് പോകുന്നതെന്നറിഞ്ഞിട്ടും ധൈര്യപൂർവ്വം ഇറങ്ങിത്തിരിച്ച ആ ചങ്കൂറ്റത്തിന് ഒരു സല്യൂട്ട്..!

  ReplyDelete
  Replies
  1. പ്രദീപ്മാഷ്, വീകെ ..... യാത്ര ആസ്വദിച്ചതില്‍ സന്തോഷം

   Delete
 9. ഭാഗ്യവതി തന്നെ കേട്ടൊ മുബി ..
  " ആര്‍തര്‍ " എന്ന വില്ലനേ ഒട്ടും
  കൂസാതെ മക്കളേയും കൂട്ടിയുള്ള യാത്ര ..
  എത്ര വീര വാദം പറഞ്ഞാലും ഞാന്‍
  ഒഴിവാക്കുമെട്ടൊ ഇങ്ങനെയുള്ളത് ..
  യാത്രയുടെ ഭംഗിയും , ത്രില്ലും ഇത്തരം
  മനസ്സുകള്‍ക്കൊപ്പൊമാണെന്നുള്ളത്
  വരച്ച് കാട്ടുന്നുണ്ട് മുബി .. നേര്‍പാതിക്കുമെന്റെ
  സ്നേഹാന്വെഷണം അറിയിക്കേട്ടൊ ..
  ഇത്തരം യാത്രകള്‍ക്ക് കൂട്ടും തുണയുമാകാന്‍
  മനസ്സും ധൈര്യവും തന്ന് കൂടെ നില്‍ക്കാനൊരാള്‍
  ഉള്ളതും ഭാഗ്യം തന്നെ .. കൊതിപ്പിക്കുന്ന ചിത്രങ്ങളും
  വിവരണങ്ങളും ..!

  ReplyDelete
  Replies
  1. ഹുസൈന്‍റെ സ്നേഹാന്വേഷണങ്ങള്‍ തിരിച്ചും.... അനുഭവങ്ങളാണ് റിനി ഓരോ യാത്രയും :)

   Delete
 10. Nice travelogue !
  Thank God, you didn't encounter any major problems.
  Will talk to you ,Take care

  ReplyDelete
 11. Thrilling and adventurous. Nice to see some of our country cousins venturing out to explore the land, while most remain closeted with their TV in weekends. A real effective education for the children and entertainment for the entire family

  ReplyDelete
 12. എന്തെല്ലാം കാര്യങ്ങളാണ്
  ഈ സഞ്ചാരിണിയും കുടുംബവും
  കൂടി നയനമനോഹരമായി നമുക്ക്
  പങ്ക് വെച്ച് കൊണ്ടിരിക്കുന്നത് അല്ലേ
  അഭിനന്ദനങ്ങൾ കേട്ടൊ മുബി

  ReplyDelete
  Replies
  1. സ്നേഹം.... ഈ വായനക്ക് :)

   Delete
  2. പോകാത്ത സ്ഥലങ്ങളിലേയ്ക്ക് പോകാൻ ഒരു ബ്ലോഗ്‌ കിട്ടിയല്ലോ . വളരെ മനോഹരം.. കാറ്റിനെ എനിയ്ക്ക് വളരെ ഇഷ്ടമാണ്. കാറ്റാടി യന്ത്രങ്ങലുള്ള തൂത്തുക്കുടി ഓർത്തു ട്ടോ. പ്രകൃതിയെ ഹൃദയത്തോടു ചേര്ത്ത് വച്ചിട്ടുള്ള മുബിയ്ക്ക് ആശംസകൾ.

   Delete
 13. എല്ലാം യാത്ര ചെയ്തു കാണാന് ഭാഗ്യം ലഭിക്കാതത്തില്‍ ഞാന്‍ അസൂയപെടുന്നു , എല്ലാ യാത്രയും നന്നായി എഴുതുന്ന നിങ്ങളുടെ വിവരണവും സൂപ്പര്‍ :)

  ReplyDelete