Saturday, July 12, 2014

ഗാനെറ്റുകള്‍ വാഴും ഗാസ്പെസി!


Perce, Gaspe
കാറും കോളും നിറഞ്ഞ യാത്ര ലക്ഷ്യത്തോട് അടുത്തിരുന്നു. പേര്‍സെ ഒരു പൊട്ടുപോലെ ദൂരെ കാണാം. രണ്ടു ദിവസം ഗാസ്പെസിയുടെ വന്യതയില്‍ ക്യാമ്പ് ചെയ്തു പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കുകയെന്ന ഞങ്ങളുടെ മോഹത്തെയാണ്  ആര്‍തര്‍ തല്ലിക്കെടുത്തിയത്. അതിന് അവനോട് പരിഭവമുണ്ടായിരുന്നെങ്കിലും ഞങ്ങളെ സുരക്ഷിതമായി പേര്‍സില്‍ എത്താന്‍ അനുവദിച്ചതില്‍ ആ പരിഭവം അലിഞ്ഞിലാതെയായി. ആര്‍തര്‍ ആരാണെന്നല്ലേ? അറിയാത്തവര്‍ ഇവിടെ ക്ലിക്കൂ...

പേര്‍സില്‍ താമസസ്ഥലം അന്വേഷിച്ച് അധികം അലയേണ്ടി വന്നില്ല. കടല്‍ കരയില്‍ കണ്ട ഒരു ഹോട്ടലില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സമയം രാത്രി എട്ട് മണിയായിരുന്നു. അവിടെ മുറി ഒഴിവുണ്ടെന്നു പറഞ്ഞപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിച്ചില്ല. രണ്ട് ദിവസത്തേക്ക് കടല്‍ കാഴ്ചകള്‍ കണ്ടിരിക്കാന്‍ സൗകര്യമുള്ള മുറിയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാരോട് നന്ദി പറഞ്ഞു താക്കോലും വാങ്ങി ഞങ്ങള്‍ റൂമിലേക്ക്‌ പോയി. ജാലക വിരികള്‍ വകഞ്ഞുമാറ്റി കടല്‍ നോക്കിനിന്നപ്പോള്‍ ഓര്‍ത്തത്‌ കടലില്‍ സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും കണ്ടാലും  കണ്ടാലും മതിയാകൂലാന്ന് പറയുന്ന ഉമ്മയെയാണ്. മുറ്റത്തെ പുല്‍ത്തകിടിയിലൂടെ കടലിലേക്കിറങ്ങാം.  ബീച്ചില്‍ നിന്ന് നോക്കിയാല്‍ ഒരു കൈയകലത്തിലാണ് പേര്‍സ് റോക്കെന്ന്‍ തോന്നും. 
View from our hotel 

കണ്ണടച്ച് കടല്‍ തിരകളുടെ താളലയങ്ങള്‍ക്കൊപ്പം മഴയുടെ നേര്‍ത്ത സംഗീതവും ആസ്വദിച്ച് കിടക്കാന്‍ എന്ത് രസം! 4.15നാണ് സൂര്യോദയം. മൂന്ന് മണിക്ക്‌ തന്നെ ഉണര്‍ന്ന് സൂര്യനെ കാത്തിരുന്ന എന്നെ “പറ്റിച്ചേ.....” എന്നും പറഞ്ഞു കളിയാക്കുന്ന മഴമേഘങ്ങളോട് മോന്തയും കയറ്റി ഇരിക്കുന്നത് കണ്ടാവണം, “അതിമോഹം പാടില്ല മോളേ... ഞാനൊന്ന് പൊയ്ക്കോട്ടെ...”യെന്നു പറഞ്ഞൊരു കുഞ്ഞു കാറ്റെന്നെ തഴുകി കടന്നുപോയി. അങ്ങിനെയെങ്കില്‍ അങ്ങിനെയാകട്ടെ, അഞ്ചരക്ക് ഞങ്ങള്‍ പുറത്തിറങ്ങി. മക്കള്‍ വന്നില്ല. മഴ കണ്ടപ്പോള്‍ അവര് പുതപ്പിനുള്ളിലേക്ക് തന്നെ ചുരുണ്ടു. കാലാവസ്ഥാ മുന്നറിയിപ്പ് പിന്‍വലിക്കാത്തത് കൊണ്ടാവണം കരയും കടലും ഒരു പോലെ വിജനമായിരുന്നു. കളിവീടുകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ നീലയും ചുവപ്പും മഞ്ഞയും ചായംപൂശിയ കുഞ്ഞു കുഞ്ഞു വീടുകളാണ് റോഡിനിരുവശത്തും. കുതിരകളും, പൈക്കളും മേഞ്ഞുനടക്കുന്നതും കണ്ടു കുറെ ദൂരം വണ്ടിയോടിച്ച് പോയി. മഴ കാരണം മനസ്സില്‍ കരുതിയത്‌ പോലെ ഫോട്ടോയെടുക്കാന്‍ പറ്റാത്തതില്‍ കൂടെയുള്ള ഫോട്ടോഗ്രാഫര്‍ വിഷമത്തിലായിരുന്നു. ക്യാമറക്ക് കുട പിടിച്ചുകൊടുത്തു എനിക്കും മടുത്തു.

A nearby village 
ലോകത്തെവിടെയും മുക്കുവ ഗ്രാമങ്ങളില്‍ കഥകള്‍ക്ക് പഞ്ഞമുണ്ടാവില്ലല്ലോ. കഥകള്‍ക്ക് കരയേക്കാള്‍ അടുപ്പം കടലിനോടാവും. ഉച്ചവരെ ഇങ്ങിനെ കറങ്ങിത്തിരിയണം, കാരണം ഉച്ചയോടെ മാനം തെളിയുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ അലച്ചിലില്‍ എത്തിയ ഒരു സ്ഥലത്തെ മുക്കവരുടെ ഇടയില്‍ പ്രബലമായ ഒരു കഥയുണ്ട്. പണ്ട് പണ്ട് വഴിതെറ്റി വന്നൊരു ചെറിയ കപ്പല്‍ പാറയില്‍ ഇടിച്ചു തകര്‍ന്നത്രേ. കുറച്ചുപേര്‍ നീന്തി രക്ഷപ്പെടാനായി. പക്ഷേ കപ്പലിലെ നാവികന്റെ പ്രണയിനിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ദുഃഖം താങ്ങാനാവാതെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നാവികന്‍ മരിച്ചു. ചില ദിവസങ്ങളില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ കടലില്‍ കപ്പലിന്‍റെ ആകൃതിയില്‍ കിടക്കുന്ന പനിനീര്‍ പൂക്കള്‍ കാണാറുണ്ടെത്രേ. കപ്പല്‍ തകര്‍ന്ന സ്ഥലത്ത് പ്രണയിനിക്ക് വേണ്ടി പൂക്കള്‍ അര്‍പ്പിക്കാന്‍ ആ നാവികന്‍ വരുന്നതാണ് എന്നാണവരുടെ വിശ്വാസം. അതെ, വിശ്വാസം അതല്ലേ എല്ലാം...

മാനം തെളിഞ്ഞു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു. കുട്ടികള്‍ ഉണര്‍ന്നിരുന്നു. ബോനവേഞ്ചു  ദ്വീപിലേക്കുള്ള ബോട്ട്‌ സര്‍വിസുണ്ടാകുമെന്ന് ഒട്ടും ഉറപ്പില്ലാതെയാണ് കടവിലെത്തിയത്. അവിടെ കൂടി നില്‍ക്കുന്ന ടൂറിസ്റ്റുകളെ കണ്ടപ്പോള്‍ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് മനസ്സിലായി. ഓടിപ്പോയി ടിക്കറ്റെടുത്ത് വന്നു. നാലു പേര്‍ക്കുള്ള ടിക്കെറ്റിന് നൂറ്റിപതിനഞ്ച് ഡോളറാണ്. ഇനി ബോട്ടിലൂടെയാണ് യാത്ര. കുറച്ച് ചരിത്രം പറയേണ്ടിവരും... ബോറടിക്കും, സാരല്യാ....


Iconic Landmark - Rocher Percé or Percé Rock
റോഷി പേര്‍സി അഥവാ പേര്‍സ് റോക്ക്(Rocher Percé or Percé Rock): കടലില്‍ നിന്ന് ഉത്ഭവിച്ച് കടലിലേക്ക്‌ തന്നെ മടങ്ങി കൊണ്ടിരിക്കുന്ന കടലിന്‍റെ പുത്രിയാണിവള്‍. പേര്സിന്‍റെ കരയില്‍ നിന്ന് കുറച്ചകലെയാണ് ഈ പാറക്കെട്ട്. വേലിയിറക്കത്തിന്‍റെ സമയങ്ങളില്‍ കരയായ‌‍ മൌണ്ട് ജോളിയില്‍(Rue du Mount Joli) നിന്ന് പേര്‍സ് റോക്കിലേക്ക് നടക്കാം. പക്ഷേ ഈ പാറയും കുറച്ചകലെയുള്ള ദ്വീപും സംരക്ഷിത മേഖലയാണ്. അത് കൊണ്ട് തന്നെ ഈ കാല്‍നട അധികൃതര്‍ പ്രോത്സാഹിപ്പിക്കില്ല. കാരണവുമുണ്ട്, മഞ്ഞും, കാറ്റും, മഴയും, തിരകളും അടര്‍ത്തിയെടുക്കുകയാണതിനെ. എപ്പോഴും അടര്‍ന്നു വീഴുന്ന പാറക്കല്ലുകള്‍ അപകടകാരികളാണ്. 410 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെന്റ്‌ ലോറന്‍സ് ഉള്‍ക്കടല്‍ രൂപപ്പെടുന്നതിനും മുന്നേ കടലാഴങ്ങളില്‍ മുങ്ങി കിടക്കുകയായിരുന്നത്രേ മൌണ്ട് ജോളിയും പേര്‍സ് റോക്കുമെല്ലാം. ജെയിംസ്‌ കാര്‍ട്ടിയര്‍(1534) രേഖപ്പെടുത്തിയത് അനുസരിച്ച് ചെറിയ ബോട്ടുകള്‍ക്ക് കടന്നു പോകാവുന്ന തരത്തിലുള്ള മൂന്നു കമാനങ്ങള്‍ പാറയില്‍ ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ പതിനേഴാം നൂറ്റാണ്ടിലെ ചരിത്ര രേഖകളില്‍ രണ്ട് കമാനങ്ങളെ കുറിച്ചേ പറയുന്നുള്ളൂ. അതെന്തായാലും ഇപ്പോള്‍ ഞാന്‍ കണ്ടത് ഒരു കമാനം മാത്രമുള്ള നീണ്ട പാറയാണ്. 2003 ല്‍ ഒറ്റ ദിവസം കൊണ്ട് 100,000 കിലോയാണെത്രേ ഈ പാറയില്‍ നിന്ന് അടര്‍ന്നുവീണത്. അങ്ങിനെയെങ്കില്‍ കുമ്മായക്കല്ലിന്‍റെ വന്‍ശേഖരവും, മറ്റേനേക വസ്തു വകകളുമായി കടാലാഴങ്ങളില്‍ നിന്ന് പൊന്തിവന്നവള്‍ ഇനിയെത്രനാളുണ്ടാകും?

Entrance to Bonaventure Island
വികസനത്തിന്‌ വേണ്ടി മനുഷ്യരെ കുടിയൊഴിപ്പിക്കുന്നത് നമുക്ക് പരിചിതമാണ്. എന്നാല്‍ വിരുന്നു വരുന്ന പക്ഷികള്‍ക്ക് വേണ്ടി കുടിയൊഴിപ്പിച്ച ദ്വീപാണ് പേര്‍സ് റോക്കിനടുത്തുള്ള  ബോനവേഞ്ചു ഐലന്‍ഡ്(Bonaventure Island). 1985 ലാണ് പേര്‍സ് റോക്കും ബോനവേഞ്ചു ഐലന്‍ഡും ചേര്‍ത്ത് ഇതൊരു നാഷണല്‍ പാര്‍ക്ക്‌ (Bonaventure Island and Percé Rock National Park) ആയി പ്രഖ്യാപിച്ചത്. നോര്‍ത്തെണ്‍ ഗാനെറ്റെന്ന(Northern Gannet) ദേശാടനപക്ഷികളുടെ നമുക്ക് കാണാവുന്ന ഏറ്റവുംവലിയ വേനല്‍ക്കാല സങ്കേതമാണ് ഈ ദ്വീപും പരിസരവും. അവിടെത്തന്നെ സ്ഥിരതാമസമാക്കിയ മറ്റനേകം പക്ഷികളുമുണ്ട്. പ്രധാനമായും വേനല്‍ക്കാലത്ത് എത്തുന്ന ഒരു ലക്ഷത്തിലധികം ഗാനെറ്റുകള്‍ തന്നെ മുഖ്യ ആകര്‍ഷണം. മുല്ലമൊട്ടുകള്‍ കോര്‍ത്ത്‌ വെച്ചത് പോലെ ദ്വീപിലെ പാറയിടുക്കുകളില്‍ അവ ഇരിക്കുന്നത് പേര്‍സ് റോക്കിനടുത്ത് ബോട്ട് എത്തുമ്പോഴേ കാണാനാവും. ദ്വീപിലെത്തിയാല്‍ നാഷണല്‍ പാര്‍ക്ക്‌ ഓഫീസര്‍മാര്‍ പക്ഷികളുടെ ഈ സാമ്രാജ്യത്തില്‍ പാലിക്കേണ്ട നിയമങ്ങള്‍ പറഞ്ഞു തരും. സിഗരറ്റ് വലിക്കാന്‍ രണ്ടേ രണ്ടു സ്ഥലത്തെ അനുവാദമുള്ളൂ. പക്ഷികളെയോ, മറ്റു ജീവജാലകങ്ങളെയോ അധിക്ഷേപിക്കാന്‍ പാടില്ല. അഞ്ചു മണിക്ക്‌ ശേഷം ദ്വീപില്‍ താങ്ങാന്‍ ആരെയും അനുവദിക്കില്ല. വേസ്റ്റ് എന്ത് തന്നെയായാലും പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ ഉപേക്ഷിക്കാവൂ തുടങ്ങി ശബ്ദ നിയന്ത്രണം വരെയുണ്ട്. ഈ ലോകം നമുക്ക് അന്യമാണ്...

Gannet Colony
ദ്വീപില്‍ നമുക്ക് നടക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള വഴികള്‍ എല്ലാം ചെന്നെത്തുന്നത് ഗാനെറ്റ് കോളണിയിലാണ്. നീണ്ട കൊക്കും, കണ്ണിന് ചുറ്റും നീല നിറവും, കഴുത്തിലെ സ്വര്‍ണ്ണ നിറവും, വെളുത്ത ചിറകറ്റങ്ങളിലെ കറുപ്പുമായി ഈ കൊച്ചു ദ്വീപടക്കി വാഴുന്നവരെ കാണുവാന്‍ ഞങ്ങള്‍ നടന്നു. കയറ്റം കയറി ഒരു മണിക്കൂര്‍ കാടിനുള്ളിലൂടെ നടന്നപ്പോള്‍ ശബ്ദ കോലാഹലങ്ങള്‍ കേട്ട് തുടങ്ങി. കയറ്റം ഇറങ്ങിയെത്തുന്ന പാറയുടെ അറ്റത്തായി കണ്ടു.... കടല്‍ പോലെ ഗാന്നെറ്റുകള്‍. ഇത്രയധികം പക്ഷികളെ ഒന്നിച്ചു ഞാന്‍ കണ്ടിട്ടില്ല... വേലികെട്ടിനപ്പുറത്തേക്ക് പ്രവേശനം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പ്രകൃതി ശാസ്ത്രജ്ഞരും, പാര്‍ക്കിലെ ഉദ്യോഗസ്ഥരും സംശയങ്ങള്‍ക്ക് ഉത്തരവുമായി ആളുകള്‍ക്കിടയിലൂടെ നടക്കുന്നു. പക്ഷി ലോകത്തെ നിയമങ്ങള്‍ ആരെങ്കിലും തെറ്റിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കുന്നുണ്ടാവും. കാരണം ഓരോ വര്‍ഷം ചെല്ലുംതോറും പക്ഷികളുടെ എണ്ണത്തില്‍ കുറവു വരുന്നുണ്ടത്രേ. പക്ഷികളുടെ കാലില്‍ കുഞ്ഞു ജിപിഎസ് ഘടിപ്പിച്ച് അവയുടെ രീതികള്‍ പഠിക്കുന്ന പക്ഷി നിരീക്ഷകരെയും ശാസ്ത്രജ്ഞരെയും കണ്ടു. നമ്മുടെ ആഹ്ലാദാരവങ്ങള്‍ അലസോരപ്പെടുത്തുന്നതു കൊണ്ടാവാം ഇടയ്ക്കിടയ്ക്ക് ചിലര്‍ വേലിക്കരികിലെത്തി ഒരു പ്രത്യേക ശബ്ദത്തില്‍ കാറുന്നുണ്ടായിരുന്നു. “ഷട്ട് അപ്പ്” എന്നായിരിക്കും അവര്‍ ഉദേശിച്ചത്. വഴക്ക് ഏതു ഭാഷയില്‍ പറഞ്ഞാലും പെട്ടെന്ന് മനസ്സിലാകുമെന്ന് ഞാന്‍ കുട്ടികളോട് പറഞ്ഞു. 

മെയ്‌ മാസം മുതല്‍ നവംബര്‍വരെ ഗാനെറ്റുകള്‍ ഗാസ്പെസിയിലുണ്ടാകും. ഇവയുടെ പ്രജനനകാലമാണിത്. ഇണകളെ കണ്ടെത്തി, കൂടുണ്ടാക്കി, മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചു അവര്‍ തിരിച്ചു പോകുന്നു. ചെറു വാല്യക്കാര്‍ ഇവിടെ നിന്ന് ഗള്‍ഫ്‌ ഓഫ്‌ മെക്സിക്കോ വരെ തിരിച്ചു പറക്കുമെത്രേ. നീണ്ട കൊക്കുകള്‍ മേലോട്ട് നീട്ടി ഒരു പ്രത്യേക ശബ്ദത്തിലാണ് ഇവര്‍ ഇണയെ വിളിക്കുന്നത്‌. പ്രണയത്തിലായാല്‍ രണ്ടുപേരും കൊക്കുയര്‍ത്തി തൊട്ടുരുമ്മി നില്‍ക്കും. പെണ്‍പക്ഷി ഒരു മുട്ടയെ ഇടൂ. നാല്‍പ്പത്തിയാറ് ദിവസം അടയിരിന്നാണ് കുഞ്ഞിനെ വിരിയിക്കുന്നത്. സ്പീഡില്‍ വെള്ളത്തിലേക്ക്‌ കൂപ്പുകുത്തി പോയി പിടിക്കുന്ന മീനാണ് ഇവയുടെ പ്രധാന ഭക്ഷണം.  ഗാനെറ്റുകള്‍ ദ്വീപിലുള്ള മറ്റു പക്ഷികളെ ഇവരുടെ ഏഴയലത്തുപോലും അടുപ്പിക്കില്ലാത്രേ. തിരിച്ചു പോകാന്‍ സമയമായിട്ടും കണ്ടുംകേട്ടും വിഡിയോയില്‍ പകര്‍ത്തിയും, ഫോട്ടോയെടുതും അവിടെയെത്തിയ ആര്‍ക്കും മതിവരുന്നുണ്ടായിരുന്നില്ല. എങ്കിലും പോകണം.... ഇവിടം ഇവര്‍ക്കുള്ളതാണ്. കാണാന് കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതി, മടങ്ങാം... കണ്ട കാഴ്ചകളുടെ ഓര്‍മ്മകള്‍ മാത്രം കൂടെ കൊണ്ടു പോകുന്നു.


Teller Machine still in use - Perce Museum

ദ്വീപില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ ബോട്ടിന്‍റെ മുകള്‍ത്തട്ടിലേക്ക് കയറി. ഒരുവട്ടംകൂടി ഈ കാഴ്ചകള്‍ മറയുവോളം കാണാനാവുമല്ലോ.. കടവിലിറങ്ങിയ ഉടനെ മക്കള്‍ സ്ട്രീറ്റിലൂടെ നടന്നു കാഴ്ചകള്‍ കണ്ടു വരട്ടെയെന്ന് പറഞ്ഞ് നടക്കാന്‍ പോയി. ഞങ്ങള്‍ അടുത്തുള്ള ഒരു മ്യുസിയത്തിലേക്ക് കയറി. പെയിന്റിംഗ്‌ ശേഖരമാണ് കൂടുതല്‍. മ്യുസിയത്തിന്‍റെ പ്രവേശനത്തിന് തുച്ചമായ ഒരു സംഖ്യ കൊടുക്കണം. അത് കൊടുക്കാന്‍ ചെന്നപ്പോഴാണ് ജാംബവാന്‍റെ കാലത്തുള്ള ഒരു ടെല്ലര്‍ മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് അവിടെ നിന്ന പയ്യന്‍ ബില്ലടിച്ചു തന്നത്. ഞങ്ങള്‍ ഹോട്ടലില്‍ എത്തി കുറെ കഴിഞ്ഞാണ് മക്കള്‍ വന്നത്. ഏതൊക്കെയോ ആര്‍ട്ട്‌ ഷോപ്പുകളില്‍ കയറി അവിടെ കണ്ടതെല്ലാം പറയുന്നുണ്ടായിരുന്നു. കുറച്ചു നേരം പെയ്യാന്‍ മറന്നു പോയ മഴ രാത്രിയോടെ വീണ്ടും ചാറാന്‍ തുടങ്ങി. 

തിങ്കളാഴ്ച മനസ്സിലാഗ്രഹിച്ചത് പോലെ സുര്യോദയം കാണാന്‍ കഴിഞ്ഞു. ഞാന്‍ മതിവരുവോളം ആ കാഴ്ച കണ്ടു നിന്നു. ഹുസൈന്‍ കിട്ടിയ അവസരം മുതലാക്കി ചിത്രങ്ങള്‍ എടുക്കുന്ന തിരക്കിലായിരുന്നു. പിന്നെ ഞങ്ങള്‍ നടക്കാന്‍ പോയി. കുത്തനെയുള്ള കയറ്റം കയറി മലമുകളില്‍ എത്തിയപ്പോള്‍ അവിടെ ഒരാള്‍ ധ്യാനനിഷ്ഠനായി ഇരിക്കുന്നത് കണ്ടു. അവിടെ നിന്ന് നോക്കിയാല്‍ പാറയും, ദ്വീപും അതിനു ചുറ്റും ശാന്തമായി ഒഴുകുന്ന കടലും.... 


Sunrise @ Perce Rock
അന്നുച്ചയോടെ ഞങ്ങള്‍ പേര്‍സിലെ ഹോട്ടല്‍ ഒഴിഞ്ഞ് കൊടുത്തു ക്യാമ്പ്‌ ചെയ്യാന്‍ ഫോറിലോണ്‍ കാട്ടിലേക്ക് പോകാന്‍ തയ്യാറായി. ബാക്കി കഥകള്‍ പിന്നെ പറയാട്ടോ...
സ്വന്തം ഫോട്ടോഗ്രാഫര്‍




28 comments:

  1. ഹൃദയസ്പര്‍ശിയായ വിവരണം ...അടുത്ത പോസ്റ്റിനായി അക്ഷമയോടെ കാത്തിരിക്കുന്നു ..

    ReplyDelete
  2. പക്ഷികള്‍ക്ക് വേണ്ടി ഒഴിപ്പിക്കപ്പെട്ട ദ്വീപെന്നൊക്കെ വായിക്കുമ്പോള്‍ ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം!

    ReplyDelete
  3. നല്ല ഭംഗിയുള്ള പക്ഷിയാണല്ലൊ ഗാനെറ്റുകൾ...
    ചിത്രങ്ങളും വിവരണങ്ങളും വളരെ നന്നായിട്ടുണ്ട്.
    ആശംസകൾ...

    ReplyDelete
    Replies
    1. വിജിന്‍, അജിത്തേട്ടന്‍, വീകെ.... സന്തോഷം. മകന്‍ എടുത്ത ഒരു വീഡിയോ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

      https://www.facebook.com/photo.php?v=10201608304602947

      Delete
  4. എന്ത് മനോഹരം നമ്മുടെ ലോകം!
    കാണാത്ത കാഴ്ചകള്‍ എത്ര? കേള്‍ക്കാത്ത കഥകളും.
    ഫോട്ടോകള്‍ ഒക്കെ സൂപ്പറായിട്ടുണ്ട് കേട്ടോ.. അല്പം സൈസ് കൂട്ടി കൊടുക്കാമായിരുന്നു.

    ReplyDelete
    Replies
    1. Joselet, നന്ദി.... ഫോട്ടോസ് X Large കൊടുക്കുമ്പോള്‍ മാര്‍ജിനില്‍ നിന്ന് പുറത്ത് കടന്നു നില്‍ക്കുന്നു. Large സൈസില്‍ ആണ് കൊടുത്തിരിക്കുന്നത്‌.

      Delete
  5. പതിവുപോലെ ഹൃദ്യം,മനോഹരം,വിജ്ഞാനീയം..
    ഗാസ്പെസിയെ മറക്കാനാവാത്ത വിധം വളരെ തെളിഞ്ഞ കൊച്ചു ചിത്രങ്ങളും അക്ഷരത്തെറ്റില്ലാതെ എഴുത്തും അഭിനന്ദനമര്‍ഹിക്കുന്നു.

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ഇക്കാ.... :)

      Delete
  6. ഭംഗിയുള്ള വിവരണം പോലെ തന്നെ മനോഹരമായ ചിത്രങ്ങളും.
    രസമുള്ള കാഴ്ചകള്‍ നേരിട്ട് അനുഭവിക്കുന്നത് പോലെ പകര്‍ത്തി വെച്ചു.
    പാറയും പക്ഷികളും അത്ഭുതമായി മനസ്സില്‍ കൂടി.
    ജോസ് പറഞ്ഞത് പോലെ ചിത്രങ്ങള്‍ അല്പം കൂടി വലുതാക്കിയാല്‍ സുന്ദരമാകും.

    ReplyDelete
    Replies
    1. റാംജിയെട്ടാ... ഫേസ്ബുക്കില്‍ ടാഗ് ചെയ്തിട്ടുണ്ട്ട്ടോ.

      Delete
  7. Kazchyude Vasantham ....!.
    .
    Manoharam, Ashamsakal...!!!

    ReplyDelete
  8. Every land has and people have their stories to tell and it is for us to explore the same. Like Canada, India too has much more stories to tell - we have a greater kaleidoscope of cultures from East to West and North to South, every land and people having their own traditions and customs and their own stories of adventure, chivalry, beliefs and also a big dose of superstitions. The only problem with India is that many of these have not been documented unlike Canada.
    Take for example various festivals, celebrations and ceremonies conducted in the temples, churches and mosques in all the villages of Kerala. In case you even collect the stories itself, you will end up with a voluminous publication.
    As on of our senior officer remarked very correctly that "India is a timeless and RECORD LESS Society". Hope someone records it..

    ReplyDelete
    Replies
    1. Sure, someone must have definitely recorded... Thnx Rejichaya :)

      Delete
  9. Hi Mubeen
    Very interesting , feel like making a trip to Gaspsie next yr this time .I appreciate the interest of the whole family to take up this adventurous trip
    take care

    ReplyDelete
    Replies
    1. You should... Please visit. Thx for reading

      Delete
  10. ആകര്‍ഷകവും,മധുരമനോഹരവുമായ വിവരണം!
    കഥയാണെങ്കിലും പ്രണയിനിക്ക് വേണ്ടി നാവികന്‍ പനിനീര്‍പ്പൂവ് അര്‍പ്പിക്കാന്‍ വരുന്ന ഭാഗം വിവരിച്ചത് മനസ്സില്‍ തങ്ങിനില്‍ക്കുന്നതായി.അതുപോലെതന്നെ പക്ഷികളെ പറ്റിയുള്ള വിവരങ്ങളും........................................
    ആശംസകള്‍

    ReplyDelete
    Replies
    1. പല കഥകള്‍ കേട്ടതില്‍ എനിക്കും ഇഷ്ടായത് ഈ കഥയാണ്‌... ചില കഥകള്‍ മനസ്സില്‍ തങ്ങും... നന്ദി തങ്കപ്പന്‍ചേട്ടാ

      Delete
  11. കാഴ്ചകള്‍ക്ക് എന്തൊരു ഭംഗി ,, കൊതിപ്പിക്കുന്നു ചിത്രങ്ങളും വിവരണവും ,,,

    ( ഉപയോഗിച്ച ഫോണ്ട് ഒരു സുഖമില്ല വായിക്കാന്‍ ;(

    ReplyDelete
    Replies
    1. ഫോണ്ട് മാറ്റിയിട്ടുണ്ട്ട്ടോ...

      Delete
  12. മറ്റുള്ളകർ ഒരിക്കലും കണ്ടിട്ടില്ലാത്ത ലോകത്തിലെ ഇത്തരം മനോഹാരിതകൾ വർണ്ണിച്ച് തരികയാണേങ്കിൽ ഇങ്ങിനെ തന്നെ ആകർഷകമാക്കി വിവരിക്കണം.വേഗം തന്നെ അടുത്തത് ഇതെപോൽ തന്നെ മധുരിതമാക്കൂ കേട്ടൊ മുബി

    ReplyDelete
    Replies
    1. ശ്രമിക്കാം മുരളിയേട്ടാ... നന്ദി

      Delete
  13. എന്തൊരു ലോകം, നാം പക്ഷികളുടെ ലോകത്താണ് പോയതു, അതു കേള്‍ക്കുമ്പോള്‍ കൊതിവരുന്നു..നമ്മുടെ അഹങ്കാരത്തിനു പുറത്താണ് ആ ലോകം..നല്ല കാഴ്ചകള്‍ കൊതിയോടെ വിളമ്പി തന്നതിനു ഒരു പാട് ഒരു പാട് സന്തോഷം..ബാക്കി കൂടി വേഗം പോരട്ടെ

    ReplyDelete
    Replies
    1. അതൊരു ലോകമാണ് ഗൗരി... സ്നേഹം സുഹൃത്തേ :)

      Delete
  14. പെരസ് റോക്കും, ഗാനെറ്റ്‌ കോളനിയും മറ്റും നേരില്‍ കണ്ട പ്രതീതി.... കൊള്ളാം മുബീ...

    ReplyDelete
  15. സന്തോഷം ഇ.കെ ജി

    ReplyDelete
  16. Thanks, Noting the place for next summer trip.

    ReplyDelete
    Replies
    1. തീര്‍ച്ചയായിട്ടും പോണം...

      Delete