2014 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

സ്നേഹപൂര്‍വ്വം പാറൂന്...

പാറൂ,

ഇതെന്താ പതിവില്ലാതെ ഒരെഴുത്ത് എന്നൊക്കെ നീ കരുതുന്നുണ്ടാകും. കാലങ്ങള്‍ക്ക് ശേഷാണ് ഞാന്‍ നിനക്കൊരെഴുത്ത് എഴുതുന്നത്‌. ഫോണിലൂടെ മുക്കിയും മൂളിയും കേട്ടത് പാതി കേള്‍ക്കാത്തത് പാതിയെന്ന നിന്‍റെ പരാതിയും തീരൂലോ. കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോഴും നീ ചോദിച്ചില്ലേ “തെണ്ടാന്‍” പോയില്ലേന്നു? പോയിരുന്നൂട്ടോ.. നിനക്കെഴുതാന്‍ പെന്നും കടലാസും എടുത്തു അപ്പോ വിശേഷങ്ങള്‍ ഫോണിലൂടെ പറഞ്ഞ് കത്തിന്‍റെയും കാഴ്ചകളുടെയും സര്‍പ്രൈസ്‌ കളയേണ്ടെന്നു കരുതി.

മുപ്പത്തിയൊന്നാം തിയതി വൈകുന്നേരം ഞങ്ങള്‍ പ്രേതത്തെ കാണാന്‍ പോയി. കാനഡയില്‍ പ്രേതങ്ങളുടെ കാഴ്ചബംഗ്ലാവുണ്ടോന്നായിരിക്കും  നിന്‍റെ മനസ്സില്‍ ഇപ്പോളുള്ളത്. അതെനിക്കറിയാം! ലോകാത്ഭുതങ്ങളില്‍ ഒന്നായ നയാഗ്ര വെള്ളച്ചാട്ടത്തിനടുത്താണ് ഞങ്ങള്‍ പോയ സ്ഥലം. ഏതു ചോക്ക് കൊണ്ടാണാവോ നയാഗ്രയുടെ വെള്ളത്തില്‍ വരച്ചത്. ആ വരയാണ് രണ്ടു രാജ്യങ്ങളെ തമ്മില്‍ വേര്‍ത്തിരിക്കുന്നത്. അപ്പുറത്ത് അമേരിക്കയും ഇപ്പുറം ഞമ്മളും. വെള്ളത്തിനോട് അങ്ങോട്ട്‌ പോകണ്ട, ഇങ്ങോട്ട് വാ എന്നൊന്നും പറഞ്ഞിട്ട് കാര്യല്യാല്ലോ അതോണ്ട്, അത് അതിന്റെ വഴിക്ക് സ്വസ്ഥമായി ഒഴുകട്ടെ, തലപുകഞ്ഞ് അളന്ന് മുറിച്ച കണക്കൊക്കെ ഏതെങ്കിലും പുസ്തകങ്ങളില്‍ പൊടിപിടിച്ച് ഇരിക്കട്ടെന്ന് വെക്കാം. ഇടക്കൊക്കെ പോകുമ്പോള്‍ ഞാന്‍ എത്തി നോക്കും വല്ല വരയും കുറിയും ഒക്കെ കാണാനുണ്ടോന്ന്... ഭൂമിയിലുള്ള എല്ലാവര്‍ക്കും വേണ്ടി പ്രകൃതി അനുഗ്രഹിച്ചു തന്നതൊക്കെ “എനിക്ക് മാത്രം” മതിയെന്ന വിചാരവുമായി നടക്കുകയല്ലേ നമ്മളൊക്കെ, അതോണ്ട് പെട്ടെന്ന് ഒരൂസം നയാഗ്രയില്‍ ഞാനൊരു വര കണ്ടൂന്നും പറഞ്ഞ് വിളിച്ചാലൊന്നും നീ ഞെട്ടണ്ട... ഒന്നും പറയാന്‍ പറ്റില്ല.  

നയാഗ്രയെ കുറിച്ച് മുന്‍പ് ഫേസ് ബുക്കിലെ യാത്ര ഗ്രൂപ്പില്‍ ഒരു കുറിപ്പ് ഇട്ടിരുന്നു. നീ അതൊന്നും വായിച്ചിട്ടുണ്ടാകൂല. അതെന്നെ പകര്‍ത്തട്ടെ. (മടിച്ചീന്ന് വിളിച്ചതൊക്കെ നിക്ക് കേക്കാം) Horseshoe Falls, American Falls, Bridal Veil Falls എന്നീ മൂന്ന് വെള്ളച്ചാട്ടങ്ങള്‍ കൂടിയതാണ് നയാഗ്ര വെള്ളച്ചാട്ടം. ഇതില്‍ ഹോര്‍സ്ഷൂ ഫാള്‍സാണ് കനേഡിയന്‍ ഭാഗത്തുള്ളത്. മറ്റു രണ്ടു വെള്ളച്ചാട്ടങ്ങളെക്കാള്‍ വലുതും ശക്തവുമാണ് ഹോര്‍സ്ഷൂഫാള്‍സ് എന്ന് അവിടെ പോയി കണ്ടവരൊക്കെ പറയുന്നു. ഞാന്‍ അപ്പുറത്തേക്ക്‌ പോയില്ല, അത് കൊണ്ട് നീ ഇനി ഇത് ഞാന്‍ പറഞ്ഞതാണ് എന്നും പറഞ്ഞ് വഴക്കിന് വരണ്ട.

Falls !!!

അഞ്ചു വന്‍ തടാകങ്ങളിലെ അത്യാവശ്യം വലുതായ  ഒന്റാറിയോ (Lake Ontario), ഈറീ (Lake Erie) തടാകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നദിയാണ് നയാഗ്ര. വലിയവര്‍ക്കിടയിലെ ഒരു ചെറിയ കൈ സഹായം. മുകളിലുള്ള ഈറീ തടാകത്തെ താഴെയുള്ള ഒന്റാറിയോ തടാകത്തിലേക്ക് എത്തിക്കുന്നത് നയാഗ്ര നദിയാണ്. പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള നയാഗ്രാ നദിക്ക് മുപ്പത്തിയഞ്ച് മൈല്‍ നീളമുണ്ട്. വെള്ളത്തിന്‍റെ ഒഴുക്കും, അളവും കൂട്ടുന്നതും കുറയ്ക്കുന്നതും ഈറീ തടാകത്തില്‍ വീശുന്ന കാറ്റിന്‍റെ സ്വഭാവമനുസരിച്ചാണ്. കുതിച്ചു ചാടുന്ന വെള്ളത്തിന്‍റെ ശബ്ദം ദൂരെ നിന്ന് തന്നെ കേള്‍ക്കാം. അടുക്കുന്തോറും ഭൂമിയുടെ ആഴങ്ങളില്‍ പതിക്കുന്ന വെള്ളത്തിന്‍റെ വന്യമായ ശബ്ദവും വശ്യതയും കൊണ്ട് ഒരു മായിക വലയം തീര്‍ക്കും നയാഗ്ര. നമ്മളെ അങ്ങോട്ട്‌ വിളിക്കുന്നത്‌ പോലെയൊക്കെ  തോന്നും... എനിക്ക് തോന്നാറുണ്ട്. ഫോട്ടോക്ക് നിറം കൊടുത്തതൊന്നുമല്ല. ആ വെളളത്തിന്‍റെ നിറം ഇങ്ങിനെയൊക്കെയാണ്. എന്ത് നിറമാണ് നയാഗ്രയിലെ വെള്ളത്തിനെന്നു കൃത്യമായി പറയാന്‍ കഴിയില്ല. പച്ചയോ നീലയോ വെള്ളയോ... പല നിറങ്ങളാണ്. നിനക്കിഷ്ടമുള്ള പിസ്താ കളറും കാണാറുണ്ട് വെള്ളച്ചാട്ടത്തിന്. വെള്ളത്തിലെ പലതരം ഉപ്പുകളും, പാറ പൊടികളും ചേര്‍ന്നാണ് ഈ നിറംങ്ങള്‍ ഉണ്ടാക്കുന്നതത്രേ. കാലാവസ്ഥാവ്യതിയാനം പാറകളുടെ ദ്രവീകരണത്തിന് ആക്കംകൂട്ടിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. പതഞ്ഞുപൊങ്ങുന്ന വെള്ളത്തിന്‍റെ പുകമറ നീക്കി ഉദിച്ചുയരുന്ന സൂര്യനെ കാണാന്‍ നല്ല ശേലാണ്. ഈ കാഴ്ച കാണാനാണ് ഞങ്ങള്‍ ഇടയ്ക്കു അവിടെ സുപ്രഭാതം പറയാന്‍ പോണത്.

വെള്ളച്ചാട്ടവിശേഷങ്ങള്‍ ഇത്രേം മതി. ഇതിനടുത്ത് നയാഗ്ര ഓണ്‍ ദി ലെയിക്ക് (Niagara On-The lake) എന്നൊരു സ്ഥലമുണ്ട്. മുന്തിരി, ആപ്രിക്കോട്ട്, ആപ്പിള്‍ തോട്ടങ്ങള്‍ കൊണ്ട് സമ്പന്നമായ ചരിത്ര പ്രാധാന്യമുള്ള ഒരു കൊച്ച് നഗരം. ഒരിക്കല്‍ കത്തി ചാമ്പലായത് പാഴ്‌ക്കിനാവായി മാത്രം കാണാന്‍ കൊതിക്കുന്ന മനസ്സുകള്‍ ഉണ്ടിവിടെ. പക്ഷെ ഒന്നും മറക്കാന്‍ കഴിയുന്നുമില്ല. ഒരിക്കലും മറക്കരുത് എന്നുദ്ദേശിക്കുന്നത് പോലെ ഇവരെയൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്നു വെന്തുമരിച്ചവരുടെ ആത്മാക്കള്‍.. യുദ്ധങ്ങള്‍ ഒരിക്കലും സമാധാനം നല്‍കില്ലെന്ന തിരിച്ചറിവ് ഇനിയും നമുക്കൊന്നും ഉണ്ടാകുന്നില്ലല്ലോ പാറൂ. കാനഡയുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള വാര്‍ ഓഫ് 1812(War of 1812)എന്ന യുദ്ധം നടന്നത് ഇവിടെയാണത്രേ. അമേരിക്കയും അന്നത്തെ ബ്രിട്ടീഷ്‌ കോളനിയായിരുന്ന കാനഡയും തമ്മിലായിരുന്നു യുദ്ധം. കാരണം പ്രത്യേകിച്ച് അന്വേഷിക്കണ്ടല്ലോ. അന്നും ഇന്നും എവിടെയും ഒറ്റ കാരണമേയുള്ളൂ. "ഞാനോ നീയോ...." അതെന്നെ. ആള്‍ബലവും, ശക്തിയും കൂടുതലുള്ള അമേരിക്കയോട് ബ്രിട്ടീഷുക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും നയാഗ്രാ നദിയുടെ തീരത്തുള്ള  ഫോര്‍ട്ട്‌ സൈന്റ് ജോര്‍ജ് അമേരിക്കക്കാര്‍ പിടിച്ചെടുത്തു നശിപ്പിച്ചുവെന്നൊക്കെയാണ് ചരിത്രം. എഴുതിവെച്ച അക്കങ്ങളും പേരുകളുമൊക്കെ ഇന്നും പരീക്ഷ പാസാകാന്‍ കുട്ടികള്‍ പഠിക്കുന്നു.


നയാഗ്ര ഓണ്‍ ദി ലെയിക്കിലുള്ള ഈ കോട്ട പുനര്‍നിര്‍മ്മിച്ചത് 1930 ലാണത്രേ. ഇപ്പോള്‍ ഇതൊരു നാഷണല്‍ ഹിസ്റ്റോറിക്കല്‍ സൈറ്റാണ്. ഇവിടെയാണ്‌ പ്രേതങ്ങളോടൊപ്പം ഈവനിംഗ് വാക്കിംഗിന് ഞങ്ങള്‍ പോയത്. വെള്ളച്ചാട്ടത്തിന് അരികിലുള്ള ബഹളങ്ങളൊന്നും ഇവിടെയില്ലാട്ടോ. ആകെപ്പാടെ ഒരു മൂകത. ഫോര്‍ട്ടിനകത്തുള്ള  രണ്ട് ഓഫീസുകളും അടഞ്ഞു കിടക്കുന്നു. കുറച്ചു കാറുകള്‍ പാര്‍ക്കിംഗ്‌ ലോട്ടിലുണ്ട്. കോട്ടയും കിടങ്ങും കുറച്ചു നടന്നു കണ്ടു. രാത്രി എട്ടരയോടെയാണ് ഗോസ്റ്റ്‌ വാക്ക്‌. പാര്‍ക്കിലെ ഗൈഡുകള്‍ എട്ടുമണിയോടെ എത്തി. പതിമൂന്ന് ഡോളറാണ് ടിക്കെറ്റിന്. പതിമൂന്ന് ശരിയല്ലാന്ന് നീ പണ്ട് പറയാറുള്ളത്‌ ഇപ്പോഴാണ് ഓര്‍മ്മ വന്നത്. കറുത്ത നീളന്‍കുപ്പായവും മെഴുകുതിരിയും കത്തിച്ച് ഞങ്ങളുടെ ഗൈഡ് തയ്യാറായി. അമേരിക്കയില്‍ നിന്ന് പ്രേതങ്ങളെ കാണാന്‍ എത്തിയൊരു പെണ്‍കുട്ടിയോട് ചേര്‍ന്ന് നിന്നോള്ളൂന്ന് പറഞ്ഞിട്ടാണ് ഗൈഡ് ഞാന്‍ വായിച്ചറിഞ്ഞ ചരിത്ര കഥയുടെ ബാക്കി പറഞ്ഞത്. ബ്രിട്ടീഷ്‌ പട്ടാളക്കാരെ തോല്‍പ്പിച്ച് കോട്ട പിടിച്ചെടുത്ത അമേരിക്കക്കാര്‍ കോട്ട നശിപ്പിക്കുകയും ആ നഗരത്തിന് തീ വെക്കുകയും ചെയ്തുവത്രേ. കൊടും തണുപ്പില്‍ ആളുകള്‍ക്ക് വീടുവിട്ടു ഓടുവാന്‍ പോലുമുള്ള അവസരം കിട്ടിയില്ലെന്ന് പറയുന്നു. ഇപ്പോഴും രാത്രികളില്‍ തേങ്ങലുകളും, നിലവിളികളും കേള്‍ക്കാറുണ്ടത്രേ. എത്ര പഠിച്ചാലും നമ്മളീ പാഠങ്ങള്‍ മാത്രം എന്താ പാറൂ മറക്കുന്നത്. വീണ്ടും വീണ്ടും യുദ്ധങ്ങള്‍ക്ക് ഓശാന പാടുന്നതെന്തിനാണ്? ആര്‍ക്കെന്ത് നേടാന്‍?

Ghost Walk in Candle Light - Fort St. George
കോട്ടക്ക് ചുറ്റും കിടങ്ങുണ്ട്. ഒരു മരപാലം കടന്നാല്‍ കോട്ടവാതിലിനു മുന്നിലെത്തും. മെഴുകുതിരിയുമായി ഗൈഡ്‌ മുന്നിലും ഏതോ ഒരു ധൈര്യശാലി പിന്നിലും ഞങ്ങള്‍ നടുക്കും അങ്ങിനെ വരി വരിയായി കോട്ടക്കകത്ത്‌ കടന്നു. പട്ടാളക്കാര്‍ താമസിച്ചിരുന്ന ഒരു ബാരക്കിലെക്കാണ് ആദ്യം വലത് കാല്‍ വെച്ച് കയറേണ്ടത്. ഇതിനു തൊട്ടുള്ള ഒരു പെര അടച്ചിട്ടിരിക്കുന്നു. അത് തുറക്കാറില്ലെന്നാണ് പറഞ്ഞത്. ഞങ്ങളുടെ ഗൈഡ് നല്ലൊരു ആര്‍ട്ടിസ്റ്റാണെന്നാണ് എനിക്ക് അതിനെ നോക്കിയിരുന്നപ്പോള്‍ തോന്നിയത്. മുഖത്ത് ഭാവവും ശബ്ദവ്യതിയാനങ്ങളും ഒക്കെ ഒറ്റ ടേക്കില്‍ തന്നെ ഒക്കെ പറയാം. ഇരുട്ടത്ത്‌ അധികമൊന്നും കാണാന്‍ കഴിയുന്നില്ല, പിന്നെ ഞാന്‍ അന്വേഷിക്കുന്നത് വെള്ള സാരിയുടുത്ത “ഇന്ദ്രന്‍സ്‌ പ്രേതങ്ങളെ”യല്ലേ...അതോണ്ടായിരിക്കും ആരെയും അതിനുള്ളില്‍ കണ്ടില്ല. ഇവിടെ കാണുമെന്ന് പറയുന്നത് തൊപ്പി വെച്ച ആളുകളുടെയുടെ ഉടുപ്പും ചെമ്പന്‍ മുടിയുമുള്ള പെണ്‍കുട്ടിയുടെയും ഒക്കെയാണ്. ബാരക്കില്‍ നിന്നിറങ്ങിയാല്‍ ഓഫീസര്‍മാര്‍ താമസിച്ചിരുന്ന വീടുകളും, അന്ന് ആശുപത്രിയും, അടുക്കളയുമായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളും കാണാം. അതിനകത്തേക്ക് കയറിയില്ല. താഴെയുള്ള പഴയ വെടിമരുന്നു ശാലയെ ചുറ്റിയെത്തിയത് ഒരു തുരങ്കത്തിലേക്കാണ്. വവ്വാലുകളും ചീവിടുകളും ഉള്ള തുരങ്കത്തിന്‍റെ വാതിലടഞ്ഞാല്‍ കളി കാര്യാവും.... തുരങ്കത്തിന്‍റെ അറ്റത്തൊരു ഗോവണിയുണ്ട്. എങ്ങോട്ട് കയറി പോകാനാണാവോ? അതിനു ചുവട്ടില്‍ കുറച്ചു സ്ഥലമുണ്ട്.

Inside the Tunnel

ഗോവണിയുടെ ചോട്ടില്‍ നിന്നോണ്ട് ഗൈഡ് പിന്നെയും കഥ പറയാണ്. എനിക്കാണെങ്കില്‍ ഇതില്‍ നിന്നൊന്ന് പുറത്തെത്തിയാല്‍ മതിയെന്ന അവസ്ഥയില്‍ എത്തിയിരുന്നു. ഒരാവേശത്തിന് ചാടി പുറപ്പെട്ടതാണ്. ഇനിയില്ല. പുറത്ത് കടന്ന് പപ്പട വട്ടത്തില്‍ ചിരിച്ചുകൊണ്ട് നിക്കണ അമ്പിളിമാമനെയും “പേടിച്ചല്ലേ”ന്ന് ചോദിച്ചു കണ്ണിറുക്കി കളിയാക്കുന്ന നക്ഷത്രങ്ങളെയും കണ്ടപ്പോഴാണ് ആശ്വാസമായത്. അന്നത്തെ ആശുപത്രിയും ഭോജനശാലയും കണ്ടു. അധികമൊന്നും അന്വേഷിച്ചില്ല... എന്തോ മതിയായിരുന്നു. ഹുസൈന് തലവേദനയെടുക്കുന്നു എന്നൂടെ പറഞ്ഞപ്പോള്‍ പെട്ടെന്ന് ഞങ്ങള്‍ അവിടെന്ന് പോന്നുട്ടോ...

Southern Tip of Canada - Point Pelee
ഉത്രാട സദ്യയുടെയും പായസത്തിന്‍റെയും വിശേഷങ്ങള് കേള്‍ക്കാനാണ് ഇന്നലെ രാവിലെ നിന്നെ വിളിച്ചേ... ഫിഷ്‌ ബിരിയാണീന്ന് കേട്ടതും, ഞാനുണ്ടാക്കിയ ദോശയും സാമ്പാറുവരെ അവിടെയിട്ട് ഒറ്റ പാച്ചിലായിരുന്നു. ഉത്രാട പാച്ചിലില്‍ എത്തിയത് കാനഡയുടെ തെക്കേ അറ്റത്തുള്ള “പോയിന്റ്‌ പിലീ നാഷണല്‍ പാര്‍ക്കി(Point Pelee National Park)ലാണ്. മിസ്സിസ്സാഗയില്‍ നിന്ന് മുന്നൂറ്റി ഇരുപത് കിലോമീറ്റര്‍ അകലെയാണ് ഈറീ തടാകക്കരയിലുള്ള പോയിന്റ്‌ പിലീ. നാലരയോടെയാണ് പാര്‍ക്കിലെത്തിയത്. ഇതിനിടയില്‍ എവിടെ പോയിന്നല്ലേ? ഞങ്ങളുടെ യാത്രകളില്‍ പതിവുള്ളതല്ല. ഇപ്രാവശ്യം സലീമാത്തായുടെ വീട്ടില്‍ ഒന്ന് കയറി. ഉച്ചഭക്ഷണം അവിടെന്ന് കഴിച്ചു. പോരുമ്പോ കുറച്ച് മത്തന്‍റെ ഇല നുള്ളാന്‍ മറന്നുട്ടോ. അവരുടെ തൊടിയിലുണ്ടായിരുന്നു. മത്തന്‍റെ ഇല താളിച്ചതും പയറുപ്പേരിയും പപ്പടവും.. ഫിഷ്‌ ബിരിയാണിക്കാരിയോട് ഇത് പറഞ്ഞിട്ടെന്താ?

Jewel of Insects - Monarch Butterfly

എടുത്ത് വെച്ചത് എടുക്കാന്‍ പോയത് പോലെ ഇവളെന്തിനാ അങ്ങോട്ട്‌ പാഞ്ഞത് എന്തിനാന്ന് ഓര്‍ത്ത് കത്തും പിടിച്ച് അന്തംവിട്ട് ഇരിക്കണ്ട. ഞാന്‍ പോയത് പൂമ്പാറ്റയെ കാണാനാണ്. ഇത് നമ്മടെ നാട്ടിലുമുണ്ട്. അവരെ പോലെ ഞങ്ങളും ദേശാടനക്കാരല്ലേ ഒന്ന് കണ്ട് കളയാമെന്ന് കരുതി. Monarch Butterfly എന്ന് വിളിക്കുന്ന കറുപ്പും ഓറഞ്ചും ഇടകലര്‍ന്ന് നിറത്തിലുള്ള വലിയ പൂമ്പാറ്റകള്‍ കൂട്ടത്തോടെ ഈറീ തടാകം കടന്ന് മെക്സിക്കോയിലേക്കുള്ള ദീര്‍ഘമായ ദേശാടനം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഇത്രയും ദൂരം തളരാതെ ആ കുഞ്ഞു ചിറകും കൊണ്ട് ഇവ പറന്നെത്തും.   ഒന്നോര്‍ത്ത് നോക്കിയേ, ആയിര കണക്കിന് പൂമ്പാറ്റകള്‍ ഒന്നിച്ചു പറന്നു പോകുന്നത്... ഒന്നുരണ്ട്‌ വര്‍ഷങ്ങളായി പൂമ്പാറ്റകളില്‍ വളരെയധികം കുറവുണ്ടായിട്ടുണ്ട്. ചിത്രശലഭ പുഴുക്കള്‍ തിന്നുന്ന മില്‍ക്ക് വീഡ് ചെടികള്‍ ക്രമാതീതമായി വെട്ടികളഞ്ഞതുകൊണ്ടാണത്രേ പൂമ്പാറ്റകള്‍ ഇങ്ങോട്ട് വരാത്തത്. ഇപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നട്ട് പിടിപ്പിച്ച് വളര്‍ത്തുകയാണ് പാര്‍ക്കിലും, പരിസര പ്രദേശങ്ങളിലും.

Friendly host

പാര്‍ക്കിലെ ഫീസ്‌ അടച്ചു പെര്‍മിറ്റ്‌ എടുത്തു കാറ് നിര്‍ത്തി ഇറങ്ങിയപ്പോള്‍ കണ്ടത് പാറി നടക്കണ തുമ്പികളെയാണ്. ഇതുപോലെ തുമ്പികള്‍ ഉണ്ടായിരുന്നത് നമ്മടെ സ്കൂള്‍ ഗ്രൗണ്ടിലായിരുന്നു. ഓണത്തുമ്പികളാണ്, ഓണത്തിനെ വരൂന്നൊക്കെ പറഞ്ഞ് നമ്മളും അതിന്‍റെ പിന്നാലെ പായും... തുമ്പിയുടെ പിന്നാലെ ക്യാമറയുമായി പോണ ഹുസൈനെ കണ്ടിട്ടാണ് ഞാന്‍ മുഖം കഴുകാന്‍ പോയത്. തിരിച്ചു വരുമ്പോള്‍ ആളൊരു പാമ്പിനെ ഫോട്ടോക്ക് പോസ് ചെയ്തു നിര്‍ത്തുന്നു. വലിയ ആളുകളൊന്നും ഇല്ലെങ്കിലും ഈവക ഐറ്റംസ് ഉള്ള സ്ഥലമാണ്. കുറെ കിളികളേയും പക്ഷികളേയും ഒക്കെ കാണാം അവയുടെ പാട്ടും ഇഷ്ടം പോലെ ഈ സമയത്ത് പോയാല്‍ കേള്‍ക്കാം. പേരുകളൊന്നും എനിക്കറിയില്ല, ഞാനിട്ട പേര് മതീച്ചാല്‍ അത് പറഞ്ഞ് തരാം.. എന്തേ? പാമ്പിനോട് സലാം പറഞ്ഞ് പിരിഞ്ഞ് ഞങ്ങള്‍ ഇവിടുത്തെ ചതുപ്പുനിലങ്ങള്‍ കാണാന്‍ പോയി. 



Marshland - Nature's Kidney

എന്താ അതിത്ര കാണാന്‍ എന്നാവും. വെള്ളം വലിച്ചെടുക്കാനുള്ള കഴിവുള്ളതിനാല്‍ ഇത് നിലനിര്‍ത്തേണ്ടത് ആവശ്യമായിരിക്കുന്നു. ഈ ചതുപ്പുനിലങ്ങളിലാണത്രേ അറുനൂറിലധികം വരുന്ന ചെടികളുടെയും, പ്രാണികളുടെയും, മറ്റു ജീവജാലകങ്ങളുടെയും ആവാസകേന്ദ്രം. പ്രകൃതിയുടെ കിഡ്നിയെന്നും ഇവയെ വിളിക്കുന്നു. ശുദ്ധീകരണ പ്രക്രിയയും ഇവ നടത്തുന്നുണ്ടാകും. ചതുപ്പുപ്രദേശങ്ങളിലൂടെ തോണി തുഴഞ്ഞു പോകാം. അല്ലെങ്കില്‍ അതിന് നടുവില്‍ ഇട്ടിട്ടുള്ള മരപാലത്തിലൂടെ കുറെദൂരം നടന്നു വരാം. വെളളത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകളും, ആമ്പലും, കുളവാഴകളും അതിനിടയില്‍ ചാടി കളിക്കുന്ന തവളകളും, കുഞ്ഞു മീനുകളും, കുഞ്ഞു പക്ഷികളും... എല്ലാം കണ്ടും കേട്ടും ഇങ്ങിനെ കുറെദൂരം നടന്നാല്‍ തന്നെ നല്ലൊരു സദ്യയായി മനസ്സിന്.

Trail where we found Butterflies and insects
നടന്ന് വന്നിട്ടാണ് പൂമ്പാറ്റകളെ കാണാന്‍ പോയത്. വണ്ടിയൊന്നും പോകില്ല, നടന്ന് പോയാല്‍ ടിപ് ഓഫ് പോയിന്റ്‌ പീലിയിലെത്താം. അവിടെന്നങ്ങോട്ട് വെള്ളമാണ്. ഇറങ്ങരുത് എന്ന് നിര്‍ദേശമുണ്ട്. അതേയ് ഈ വമ്പന്‍ തടാകങ്ങളുടെയൊക്കെ പ്രകൃതം എപ്പോഴാണ് തകിടംമറിയുന്നത് എന്ന് പറയാനാവില്ല. ഒരനുഭവമുള്ളത് കൊണ്ട് വെള്ളത്തിന്‍റെ അടുത്തേക്ക് പോലും ഞാന്‍ പോയില്ല. പൂമ്പാറ്റകളെ കണ്ടത് ഇവിടെ നിന്നാണ്. പക്ഷേ അധികം കണ്ടു നിക്കാന്‍ പറ്റിയില്ല. ഒരുതരം കടിക്കുന്ന ഈച്ച മേലാകെ പൊതിയുന്നുണ്ടായിരുന്നു. ബഗ് സ്പ്രേ കൊണ്ടൊന്നും അതിനെ ഓടിക്കാന്‍ പറ്റിയില്ല. കുറച്ചേ കാണാന്‍ കഴിഞ്ഞുള്ളു. കീട ലോകത്തെ അലങ്കാരങ്ങളായ പൂമ്പാറ്റകളുടെ ഫോട്ടോയെടുക്കാന്‍ പോലും ഈച്ചകള്‍ ഞങ്ങളെ സമ്മതിച്ചില്ല... 


Passenger Pigeon - Image courtesy Google 
ആ പിന്നെ, സഞ്ചാരി പ്രാവ് (Passenger Pigeon) എന്നൊരു ദേശാടന പക്ഷിയുണ്ടായിരുന്നത്രേ ഇവിടെ. "പണ്ട് പണ്ട് ഒരു കാലത്ത്..." എന്ന് നമ്മള്‍ കഥ പറയൂലേ അത് പോലെ ഇന്ന് പറയാം. മാര്‍ത്താ എന്ന് പേരുള്ള ലോകത്ത് അവശേഷിച്ച ഏക സഞ്ചാരി പ്രാവ് മരിച്ചത് 1914 ലാണ്. ഈ സെപ്റ്റംബറില്‍ നൂറ് വര്‍ഷം തികഞ്ഞു.  1860  ലാണ് ഇതിന്‍റെ ദേശാടനത്തെ കുറിച്ച് അവസാനമായി രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കേ അമേരിക്കയില്‍ ബില്ല്യണ്‍ കണക്കിന് സഞ്ചാരി പ്രാവുകളുണ്ടായിരുന്നുത്രേ. ഒരറ്റം കടന്നുപോയി മറ്റേ അറ്റം കടന്നു പോകണമെങ്കില്‍ പതിനാല്‌ മണിക്കൂര്‍ എടുക്കുമായിരുന്നു. അത്രയധികം ഉണ്ടായിരുന്നതാണ് ഇന്ന് നാമാവശേഷമായത്! പ്രാവിന്‍ കൂട്ടം പറന്ന്പോകുമ്പോള്‍  അവയുടെ ചിറകുകള്‍ സൂര്യനെ  മറച്ച്  ഭൂമിയില്‍ ഇരുട്ട് വീഴ്ത്തുമായിരുന്നുവെന്ന് ഒരു റിപ്പോര്‍ട്ടില്‍ വായിച്ചിരുന്നു.

Fall Web Worms 
പാര്‍ക്കിലെ വഴിയരികിലെ മരങ്ങളിലെല്ലാം മാറാല ചുറ്റിയത് പോലെ കാണാം. മാറാല തട്ടി കളഞ്ഞാലോന്ന് വരെ തോന്നും. അതിനകത്ത്‌ സസുഖം വാഴുന്നുണ്ട് ചില പുഴുക്കള്‍... പക്ഷികളില്‍ നിന്ന് രക്ഷപ്പെടാനായി അവക്ക് തിന്നാനുള്ള ഇലകളെ പൊതിഞ്ഞാണ് ഈ മാറാല കെട്ടല്‍. ഇനി അറിയാതെ തിന്നാലോ മാറാല വയറ്റില്‍ കുടുങ്ങി ദഹിക്കാതെ പാവം പക്ഷികള്‍ ചത്ത്‌ പോകും. എന്നാലും ഇവറ്റകളെ തിന്നുന്ന പക്ഷികളും ഉണ്ട്ട്ടോ.. എന്നാല്ലല്ലേ ആവാസവ്യവസ്ഥിതി ശരിയാകൂ... കീടങ്ങളുടെ ലോകമാണ്. എല്ലാ തരക്കാരെയും കാണാനുണ്ട്. നിന്നനില്‍പ്പില്‍ നമ്മളെ ചാടിക്കാന്‍ ഇവരെ കൊണ്ടേ കഴിയൂ... ഒന്നൂല്യാ പുല്‍ച്ചാടിയോടൊപ്പം ഞാനും ചാടീന്ന് പറഞ്ഞതാ..


Sunset in Marshland
വീണ്ടും മരപാലത്തില്‍ തന്നെ എത്തി ഞങ്ങള്‍. എട്ടു മണിക്ക് പാര്‍ക്ക് അടക്കും. അതിനു മുന്നേ ഹുസൈന് ഫോട്ടോസ് എടുക്കണംന്നും പറഞ്ഞു വാച്ച് ടവ്വറിന് മുകളില്‍ കയറി. വിടവാങ്ങുന്ന സൂര്യ തേജസ്സിനോട് യാത്ര പറഞ്ഞ് കൂടണയാന്‍ തിരക്ക് കൂട്ടി പറക്കുന്ന പക്ഷി കൂട്ടങ്ങള്‍. എത്ര നോക്കി നിന്നാലും മതി വരില്ല, എന്നാലോ സങ്കടവും വരും... എന്താന്നറിയില്ല. മോന്തി നേരത്ത് അങ്ങിനെയാണ് എവിടെയാണെങ്കിലും... ഈ കാടൊക്കെ ഇങ്ങിനെ കയറി നിരങ്ങിയാല്‍ മാത്രം പോരല്ലോ ഇതെനിക്കായി നല്‍കിയവര്‍ക്ക് തിരിച്ചും എന്തെങ്കിലും കൊടുക്കണ്ടേ... എന്ത് ചെയ്യുമെന്നോര്‍ത്ത് തല പുകയണ്ട. ഇവിടെ അതിനും സൗകര്യമുണ്ട്.  സന്ദര്‍ഭം കിട്ടിയപ്പോള്‍ അതും ചെയ്തു വെച്ചു.  നാളേക്ക് വേണ്ടി ഒരു കരുതല്‍...

Ontario Nature - Trees in Trust 

എല്ലാ പരിഭവവും തീര്‍ന്നില്ലേ? മറുപടിയൊക്കെ സൗകര്യംപോലെ മതി... പാറൂ, ഓണത്തിനെങ്കിലും ഒരു സദ്യയുണ്ടാക്കുമെന്ന പ്രതീക്ഷ വെറുതെയാവോ?

സ്നേഹപൂര്‍വ്വം,

61 അഭിപ്രായങ്ങൾ:

  1. ഈ കത്ത് ശൈലി കൊള്ളം ഒരു വ്യത്യസ്ഥത ഉണ്ട് പിന്നെ എഴുത്തും ചിത്രങ്ങളും പറയണ്ടതില്ലല്ലോ ..
    ഏതായാലും പാറു ഭാഗ്യവതി തന്നെ ...ഇനി എന്തിനു ഓണസദ്യ ....വയറു നിറഞ്ഞല്ലോ .........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുറെ കാലത്തിന് ശേഷാണ് ഞാനും ഒരു കത്തെഴുത്തുന്നത്.... വായിച്ച് ഇഷ്ടായല്ലോ, അത് തന്നെ സന്തോഷം വിജിന്‍ :)

      ഇല്ലാതാക്കൂ
  2. പാറൂനെഴുതിയത് വായിച്ചു .. ചിത്രങ്ങൾ കണ്ടു.. നാലു തരം പായസം കൂട്ടി ഒരു നല്ല ഓണസദ്യയുണ്ട അനുഭവം.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. മറുപടികൾ
    1. നിലാവിലൊന്നും കാണാന്‍ ഇല്ല്യാല്ലോ... എന്തു പറ്റി? എഴുതൂട്ടോ.... ഇവിടെ വന്നതില്‍ സന്തോഷം വിക്ടോറിയ....

      ഇല്ലാതാക്കൂ
  4. പതിനെട്ടു കൂട്ടം വിഭവങ്ങളുമായി നൽകിയ ഈ ഓണസദ്യ ഗംഭീരമായി മുബീ...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇവിടെ ഇരുന്ന് ചേച്ചിക്ക് ഇതുപോലെയൊരു സദ്യ വിളമ്പാനായല്ലോ.... സ്നേഹം

      ഇല്ലാതാക്കൂ
  5. കേവലം യാത്രയെഴുത്ത് എന്നതിനേക്കാൾ ശൈലിയുടേയും സന്ദേശത്തിന്റെയും പ്രത്യേകതകൊണ്ട് ഈ ലേഖനം ശ്രദ്ധേയമാണ്. കൂട്ടുകാരിക്കെഴുതിയ കത്ത് രൂപത്തിലുള്ള ഈ ശൈലിയിലൂടെ അനായസം പലതും പറഞ്ഞുതരുന്നു. പറഞ്ഞുതരുന്നതു നിറയെ പ്രകൃതിയോട് സ്നേഹവും കരുതലും ഉണർത്താനുള്ള നല്ല സന്ദേശങ്ങളും.....

    ഈ ബ്ളോഗിലെ മികച്ച പോസ്റ്റുകളിൽ ഒന്ന്......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനസ്സറിഞ്ഞ് വായിച്ചതില്‍ ഏറെ സന്തോഷം മാഷേ..... നന്ദി ഒരുപാടൊരുപാട്.....

      ഇല്ലാതാക്കൂ
  6. മുബിയ്ക്കൊക്കെ പിന്നെ എന്തും ആവാല്ലോ... മനുഷ്യനെ കൊതിപ്പിക്കാനായിട്ട്... ഒരു ക്യാമറയും എടുത്ത് ഭാര്യയും ഭർത്താവും കൂടി ഇറങ്ങിക്കോളും...

    പതിവ് പോലെ ഹൃദയഹാരിയായ ചിത്രങ്ങളും വിവരണവും...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെന്നെ വിനുവേട്ടാ.... മഞ്ഞു വീഴാന്‍ തുടങ്ങിയാല്‍ കാണാം....

      ഇല്ലാതാക്കൂ
  7. ഇത് കലക്കിയല്ലോ മുബീ, ഇനി കഥകള്‍ എഴുതാന്‍ തുടങ്ങാം.

    മറുപടിഇല്ലാതാക്കൂ
  8. ഇത്തവണത്തെ കത്ത് ശൈലി ഏറെ പോതിച്ചു.
    വായിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെ ഉണ്ടായിരുന്നു.
    വായിച്ചു പോകുന്നത് അറിഞ്ഞതെ ഇല്ല.
    സഞ്ചാരി പ്രാവും ഒരു പ്രത്യേകത തോന്നിച്ചു.
    മുബീടെ എഴുത്തും ചിത്രങ്ങളും നന്നായി എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കത്ത് വായിക്കാന്‍ ഇഷ്ടാ എന്നാലോ എഴുതാന്‍ മടിയും. ഇപ്പോ കത്തെഴുത്തില്ലല്ലോ റാംജിയേട്ടാ... ഒരു പൂതിക്ക് എഴുതിയതാണ്...

      ഇല്ലാതാക്കൂ
  9. കണ്ണിന് കുളിരേകുന്ന ചിത്രങ്ങളും,രുചികരമായി പാചകം ചെയ്ത് സന്മനസ്സോടെ വിളമ്പിതന്ന സദ്യയും കഴിച്ചപ്പോള്‍ എന്തോരു സംതൃപ്തി!സന്തോഷം.....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. എഴുത്തിന്റെ സ്റ്റൈലൊക്കെ മാറ്റീലോ. കൊള്ളാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടന് കത്ത്‌ കിട്ടിയില്ലേ എന്നോര്‍ത്തേയുള്ളൂ.... :) :) :)

      ഇല്ലാതാക്കൂ
  11. ഈ കത്ത് എനിക്കായിരുന്നു എങ്കില്‍ എന്ന് ചുമ്മാ ഒന്ന് ആഗ്രഹിച്ചു പോയി :) ...പാറു ഭാഗ്യവതി ,, പാറുവിനു വേണ്ടി കത്തെഴുതിയ കൂട്ടുകാരി അതിലേറെ :) ... മുബി, വ്യത്യസ്തമാവുന്നു പല പോസ്റ്റുകളും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഫൈസല്‍... ഒരു കത്ത് കിട്ടിയാല്‍ എല്ലാവര്‍ക്കും സന്തോഷാവൂലെ അതാ ഇവിടെ തന്നെ ഇട്ടത് :) :)

      ഇല്ലാതാക്കൂ
  12. കത്തെഴുതുന്ന ശൈലിയിലുള്ള യാത്രാ വിവരണം - good one .. :) (y)

    മറുപടിഇല്ലാതാക്കൂ
  13. മുബീ, കത്ത് കഥ പോലെ വായിച്ചു. വായിക്കാന്‍ ഒരു പ്രത്യേക സുഖം.

    മറുപടിഇല്ലാതാക്കൂ
  14. മറുപടികൾ
    1. സ്മൈലികള്‍ ഓരോ പോസ്റ്റ്‌ ബോക്സ് പോലെയാണ് ഇവിടെ കാണുന്നത്ട്ടോ :) :)

      ഇല്ലാതാക്കൂ
  15. മനോഹരമായ വിവരണം.
    ചിത്രങ്ങളും സുന്ദരം.
    ചിത്രശലഭത്തിന്റെ ചിത്രം കണ്ണു വച്ചു.

    മറുപടിഇല്ലാതാക്കൂ
  16. നന്ദി ഗിരിഷ്. പൂമ്പാറ്റകളുടെ ഫോട്ടോ ശരിക്ക് എടുക്കാന്‍ ഈച്ചകള്‍ സമ്മതിച്ചില്ല :( :(

    മറുപടിഇല്ലാതാക്കൂ
  17. Mubi,
    That was a nice narration......style and words...and photos too....thanks a lot....and expecting more from your pen....onnu canadayil poyi vanna pole.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഞാനല്ലേ പറയേണ്ടത്? തിരക്കിലും നിങ്ങളൊക്കെ ഇവിടെ വന്ന് എന്റെ പായാരം ക്ഷമയോടെ വായിക്കുന്നില്ലേ.... സ്നേഹം ആസിഫ്‌

      ഇല്ലാതാക്കൂ
  18. Oru cheriya cherathodi avedeyum mulapicho elle..nannayi ..these writings will stand the test of time to proclaim to the coming generation that there once lived a lady and a man who wrote and photographed away their life.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "... എന്തോ തേടി, ത്തേടാതെ,
      യെന്തോ നേടി, നേടാതെ,
      യെന്തോ കണ്ടു, കാണാതെ,
      യെന്തോ പാടി,പ്പാടാതെ,
      നടന്നുപോമീ യാത്രയെനിക്കിഷ്ടം!...... " (ഓ.എന്‍. വിയുടെ വരികള്‍)

      ഇല്ലാതാക്കൂ
  19. ഈ കത്ത് എനിക്കായിരുന്നു എങ്കില്‍ എന്ന് ചുമ്മാ ഒന്ന് ആഗ്രഹിച്ചു പോയി :) ...പാറു ഭാഗ്യവതി ,, പാറുവിനു വേണ്ടി കത്തെഴുതിയ കൂട്ടുകാരി അതിലേറെ] മനോഹരമായ വിവരണം ആശംസകള്‍ Dear eththaaaaaaa

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഫൈസല്‍ പറഞ്ഞത് തന്നെയാണല്ലോ ഷംസുവും എഴുതിയേക്കണേ... വായിച്ചതില്‍ സന്തോഷം :)

      ഇല്ലാതാക്കൂ
  20. വൗ ...ആ ഫോട്ടോസ് എത്ര കണ്ടിട്ടും മതിയാകുന്നില്ല ..സൂപ്പർ ..പിന്നെ പല തരം യാത്രാ വിവരണങ്ങൾ വായിച്ചിട്ടുണ്ട്. പക്ഷെ ഇത് പോലെ പാറൂന് കത്തെഴുതി കൊണ്ടുള്ള വിവരണം ആദ്യമായിട്ടാണ്. നല്ല രസമുണ്ട് വായിക്കാൻ. ഒരു നിഷ്ക്കളങ്കത എന്നൊക്കെ പറയാം. പിന്നെ മ്മടെ [ഫോട്ടോ ഗ്രാഫറോട് സ്പെഷ്യൽ അന്വേഷണവും അഭിനന്ദനങ്ങളും അറിയിക്കുക.

    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രവീ... ഫോട്ടോഗ്രാഫര്‍ നിങ്ങളുടെ നാട്ടുകാരനാണ്. നേരിട്ട് പറഞ്ഞോളുട്ടോ. സ്നേഹത്തോടെ ....

      ഇല്ലാതാക്കൂ
  21. ഇതുപോലെ കൂടുതല്‍ കത്തുകളെഴുതുവാന്‍ അവസരങ്ങളുണ്ടാകട്ടെ എന്നാശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കത്ത് കിട്ടാനും വായിക്കാനും ആര്‍ക്കാണ് ആഗ്രഹമില്ലാത്തത് സുധീര്‍...

      ഇല്ലാതാക്കൂ
  22. ഇഷ്ടമായി . ഹോ വെറുതെ പേടിപ്പിച്ചു . സഞ്ചാരി പ്രാവിനെ കുറിച്ച് ആദ്യമായാണ്‌ കേള്‍ക്കുന്നത് . സ്നേഹത്തോടെ പ്രവാഹിനി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്ത് ഭംഗിയാണ് ആ പ്രാവിനെ കാണാന്‍ അല്ലേ? ഒന്ന് പോലും ബാക്കിയില്ല :( നന്ദി പ്രീത....

      ഇല്ലാതാക്കൂ
  23. ഫോട്ടോസ് സൂപ്പര്‍. എത്ര കണ്ടാലും മതി വരാത്തത്... എഴുത്തും സ്റ്റൈലായിട്ടോ

    മറുപടിഇല്ലാതാക്കൂ
  24. മനോഹരമായ വിവരണം. അതി മനോഹരമായ ചിത്രങ്ങൾ.കാഴ്ചകൾ നേരിട്ട് കണ്ട പ്രതീതി. തുടരുക മുബി സുന്ദരമായ വർണനകളും ദൃശ്യ വിരുന്നും.

    നയാഗ്രയിൽ പോകാൻ ഇരിയ്ക്കുകയായിരുന്നു. അത് ക്യാൻസൽ ചെയ്തു

    മറുപടിഇല്ലാതാക്കൂ
  25. മുബ്യെ .....ഈ കത്ത് ഇപ്പോഴാ കിട്ടീത്‌ട്ടോ. ന്താ............ പറയുക വായിച്ചിട്ടും വായിച്ചിട്ടും കൊതി മാറണില്ല ...............സ്വന്തം പാറു .ഹഹഹ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ പാറൂന് കത്ത് കിട്ടാന്‍ വൈകീലോ ... ഇവിടെന്ന് അങ്ങോട്ട്‌ എത്തേണ്ടേ? കിട്ടിയല്ലോ.. സന്തോഷം :) :)

      ഇല്ലാതാക്കൂ
  26. ....മുഴ്വോനും വായിച്ചു... നല്ല എഴുത്ത്... നയാഗ്ര ഇപ്പറത്ത്ന്ന് കാണാനാണോ അപ്പറത്ത്ന്ന് അപ്പറത്ത്ന്ന് കാണാനാണോ രസം... ആകെ കണ്‍ഫ്യൂഷനായി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി.... സ്നേഹം ഈ വായനക്ക്. അപ്പുറത്തേക്ക് ഞാന്‍ പോയിട്ടില്ല പ്രയാണ്‍.... :(

      ഇല്ലാതാക്കൂ
  27. എഴുത്തും ചിത്രങ്ങളും എന്തൊരു ഭംഗിയാ..
    കനേഡിയൻ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  28. പ്രിയപ്പെട്ട മുബി.,
    പാറു എന്റെ ഉത്തമമിത്രമായതോണ്ട് ഞാനും ഈ എഴുത്തെടുത്ത്
    വായിച്ച് അവിടത്തെ കാഴ്ച്ച വട്ടങ്ങളൊക്കെ കണ്ട് ഹർഷപുളകിതനായത് .
    പടിഞ്ഞാറൻ നാടുകളിൽ തെണ്ടി നടന്ന് കിട്ടുന്ന ഇത്തരം തൊണ്ടി മുതലുകൾ
    കാട്ടി ഞങ്ങളെയൊക്കെ കൊതിപ്പിക്കുന്നതിനൊക്കെ ഒരു അതിരുണ്ട് കേട്ടൊ മുബി.
    അത് കൊണ്ട് ഇത്തരം കൊതിപ്പിക്കലുകൾ കാരണം ആ പഴേ സഞ്ചാരി പ്രാവിന്റെ രൂപത്തിൽ
    കൂട് വിട്ട് കൂട് മാറി അവിടെയെങ്ങാൻ പറന്നെത്തിയാൽ കിണ്ണങ്കാച്ചി ബിരിയാണി തന്നെ വെച്ച് വിളമ്പി
    തരേണ്ടി വരും ട്ടാ‍ാ‍ാ.
    തല്ക്കാലം കത്ത് ചുരുക്കുന്നൂ..
    സസ്നേഹം,
    മുരളി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിക്കും കിട്ടിയല്ലോ ഒരെഴുത്ത്.... അതിനെന്താ ഇങ്ങട് പോന്നോളൂ മുരളിയേട്ടാ :)

      ഇല്ലാതാക്കൂ
  29. ഇതൊരു ഉഗ്രൻ എഴുത്തുതന്നെ.... ഇത്രഭംഗിയുള്ളതും വിജ്ഞാനപ്രദവുമായ എഴുത്ത് പാറുവിനല്ലാതെ ആർക്കും കിട്ടിയിട്ടുണ്ടാവില്ല.
    ആശംസകൾ...

    ചിത്രങ്ങളെടുത്ത ഹുസൈനെ പരിചയപ്പെടുത്തുന്നതിനായി അദ്ദേഹത്തിന്റെ പ്രൊഫൈലെലേക്ക് ലിങ്ക്കൂടെ ഉൾപ്പെടുത്താമായിരുന്നു. മനോഹരമായ ചിത്രങ്ങൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ഹരിനാഥ്... ഹുസൈന്‍ ബ്ലോഗ്ഗര്‍ അല്ല. ഫേസ്ബുക്കില്‍ ആളെ കിട്ടും..

      ഇല്ലാതാക്കൂ
  30. നല്ല കാനഡ വിശേഷങ്ങള്‍
    വായന സുഹവും
    കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  31. മുബിയുടെ എഴുത്ത് വ്യത്യസ്ഥമാകുന്നത് ഈ ശൈലി കൊണ്ടാണ്‌. നര്‍മ്മവും ചരിത്രവും കുളിരുള്ള കാഴ്ച്ചകളും വശ്യ മനോഹരമായ ചിത്രങ്ങളും (ഹുസൈന്‍കക്ക് നന്ദി) എല്ലാം സമന്വയിപ്പിച്ചുള്ള ഈ എഴുത്തിലൂടെ നയാഗ്ര എന്ന കേട്ടു കേള്‍വി മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തിന്‍റെ നിഗൂഡ സൌന്ദര്യത്തെ വായനകാരിലേക്കെത്തിക്കാന്‍ മുബിക്ക് സാധിച്ചു എന്ന് നിസ്സംശയം പറയാം. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പാറൂനുള്ള കത്ത് വായിച്ചു മറുപടി കുറിച്ചതില്‍ സന്തോഷം സലാഹു :)

      ഇല്ലാതാക്കൂ
  32. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ