Sunday, August 24, 2014

വീറോടെ റോഡിയോ 2014

Rodeo Stampede 2014
ജീവിതത്തില്‍ ഒരിക്കലും നടക്കില്ലെന്ന് അറിഞ്ഞിട്ടും പ്രണയകാലത്ത് ചില “വിഡ്ഢി സ്വപ്‌നങ്ങള്‍” ഞങ്ങള്‍ പരസ്പരം പങ്കുവെച്ചിരുന്നു. വിഡ്ഢി സ്വപ്‌നങ്ങള്‍ എന്ന് പറഞ്ഞതോടെ നിങ്ങള്‍ക്ക് മനസ്സിലായില്ലേ ആ സ്വപ്നങ്ങളുടെ ഉറവിടം എവിടെയാണെന്ന്... കുറെയൊന്നും ഏറ്റി കൊണ്ടുവരരുതെന്ന കര്‍ശന നിയന്ത്രണം ആദ്യമേ കിട്ടിയിരുന്നു. വെറുംകൈയോടെ പുതിയൊരു വീട്ടിലേക്ക് കയറിചെല്ലുന്നത് മോശമല്ലേ, അതിനാല്‍ ഒന്നുരണ്ടെണ്ണം കൈയില്‍ കരുതി.

അന്ന് അതും കൈയ്യില്‍ പിടിച്ച് പുലാമന്തോള്‍ പാലം കടന്നതോണ്ട് ചിരിക്കാനും, പിണങ്ങാനും ഇണങ്ങാനും ആ സ്വപ്‌നങ്ങള്‍ കൂടെയുണ്ട്. അതിലൊന്നാണ് “കുതിരസവാരി.” പാലക്കാട്ടെ കോട്ടമൈതാനത്ത് ചെറുപ്പത്തില്‍ ഞാന്‍ കുതിരകളെ കണ്ടിട്ടുണ്ട്. അന്നുതൊട്ടുള്ള ആഗ്രഹമാണ് കുതിരപ്പുറത്ത് ഒന്ന് കയറാന്‍... എവിടെ, അതൊന്നും നടന്നില്ല. ചെറുകരക്ക് പോകുമ്പോള്‍ ഇവളെന്തിനാ ആ മോഹവും കൂടെ കൊണ്ടുപോയതെന്നാവും... പറയാം. അവിടെ കുതിരകളൊന്നും ഇല്ല, പക്ഷേ ഹുസൈന് കുതിരസവാരിയറിയാമെന്ന് ഒരിക്കലെന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. (ഇതുപോലൊരു അബദ്ധം പറ്റാനില്ല!) സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാമെന്നാണല്ലോ, ഞാനും പറഞ്ഞു “ന്‍റെ സ്വന്തം സ്വപ്നം.” ഒരു കുതിരയെ വാങ്ങി നമുക്ക് അതില്‍ സവാരി പോണം. നീട്ടിയൊരു മൂളലായിരുന്നു മറുപടി. നിറംമങ്ങിയ സ്വപ്നമായത് കൊണ്ടാവും എന്ന് കരുതി ഞാന്‍ അതൊന്നൂടെ വിശദമാക്കി. വാങ്ങുമ്പോള്‍ വെള്ള കുതിരയെ വാങ്ങാം. പിന്നെ സവാരി പോകുമ്പോള്‍ വടക്കന്‍വീരഗാഥയിലെ പാട്ടും പാടാം... സവാരിഗിരിഗിരി.... വയസ്സാകുമ്പോള്‍ മാത്രമല്ല ഞെട്ടിയാലും മറവിയുണ്ടാകുമെന്നു അന്നെനിക്ക് ബോധ്യമായി.

My dream horse - Rider from Rodeo Stampede 2014
കാനഡയിലെത്തിയതിന് ശേഷം തരംകിട്ടുമ്പോഴൊക്കെ ഞങ്ങള്‍ കുതിരവണ്ടിയില്‍ ഒരു ചെറിയ സവാരിയൊക്കെ നടത്തും.  മക്കളെ പഠിപ്പിച്ച് കൊടുക്കാമെന്ന് ഹുസൈന്‍ പറയാറുണ്ടെങ്കിലും അവര്‍ക്കെന്തോ അതില്‍ താല്‍പ്പര്യമില്ലെന്ന് തോന്നുന്നു. ബസ്സ്‌ യാത്രക്കിടയില്‍ ഒരിക്കല്‍ ജോക്കിയായി ജോലി ചെയ്യുന്നൊരു പെണ്‍കുട്ടിയെ ഞാന്‍ പരിചയപ്പെടാനിടയായി. ശരീരഭാരം കൂടാതെ നോക്കണം അല്ലാതെ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്നും ജോലി മാറണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും അവളെന്നോട് പറഞ്ഞിരുന്നു. പിന്നീട് തമ്മില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. എന്‍റെ സ്വപ്നത്തിനോട് മുഖം കറുപ്പിച്ചെങ്കിലും കുതിരകളോടുള്ള ഹുസൈന്‍റെ സ്നേഹത്തിനൊരു കുറവും സംഭവിച്ചില്ല. ഡോക്യുമെന്റ്ററികളും, മല്‍സരങ്ങളും പതിവായി കാണുമ്പോള്‍ മക്കളാണ് കൂട്ട്. രണ്ടാഴ്ചയായി “റോഡിയോ” കാണാന്‍ പോണമെന്ന് പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട്. കുതിരയുമായി ബന്ധപ്പെട്ടൊരു കായിക വിനോദം. ഓഗസ്റ്റ്‌ 23 ശനിയാഴ്ചയാണ് പരിപാടി. കായികവിനോദമായതിനാലാവും എനിക്കൊരു ഉന്മേഷ കുറവ്.  നാട്ടിലേക്കുള്ള പതിവ് വിളികളും പായാരം പറച്ചിലുകളും കഴിഞ്ഞപ്പോളുണ്ട് ക്യാമറയും തൂക്കി ക്യാമറാമാന്‍ റെഡിയായി നില്‍ക്കുന്നു.

Image courtesy - Site of Cedar Run Rodeo 2014 event poster
ഉച്ചക്ക് രണ്ടു മണിക്കാണ് പരിപാടി. ഇവിടുത്തുകാര്‍ക്കൊക്കെ നമ്മടെ വല്ല സംഘാടകരെയും കണ്ടു പഠിച്ചൂടെ? രാവിലെ തുടങ്ങേണ്ട പരിപാടികളാണെങ്കില്‍ ഉച്ചയായാല്‍ പോലും അതിന്‍റെ പൊടി തട്ടല്‍ തുടങ്ങിയിട്ടുണ്ടാവില്ല... അത്രയ്ക്ക് വിലയാണ് നമുക്ക്‌ സമയത്തിന്. ഇത് വല്ലതും ഈ സായിപ്പന്മാരോട് പറഞ്ഞിട്ട് കാര്യണ്ടോ? അവരാണെങ്കില്‍ വാച്ചിലെ സൂചിക്കനുസരിച്ചാണ്, ആര് വന്നാലും വന്നില്ലെങ്കിലും കൊള്ളാം. അത് കൊണ്ട് പതിനൊന്നരയോടെ ഞങ്ങള്‍ ഇറങ്ങി. മിസ്സിസ്സാഗായില്‍ നിന്ന് ഹൈവേ പത്തിലൂടെ രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ എത്തുന്ന തോണ്‍ബറിയിലെ സെഡാര്‍ റണ്‍ ഹോര്‍സ്(Cedar Run Horse Park, Thornbury, Ontario) പാര്‍ക്കിലാണ് പരിപാടി. കുതിരകളെ പരിശീലിപ്പിക്കുന്നതിനും, സവാരിക്കും മാത്രമായി ഉളളതാണ് ഇരുന്നൂറ്റിയന്പതു ഏക്കറോളം വരുന്ന ഈ സ്ഥലം. അതിനുള്ളിലും ഉണ്ട് മരങ്ങളും അരുവിയുമെല്ലാം. ഇങ്ങോട്ട് വരുന്ന ഹൈവേക്ക് ഇരുവശത്തും കാറ്റാടിയന്ത്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഗോതമ്പ് പാടങ്ങളും, കാനോള പാടങ്ങളും കാണാം. ഒഴിഞ്ഞ റോഡും, പാടങ്ങളും, മേപ്പിള്‍ മരങ്ങളും... യാത്ര ഒട്ടും വിരസമാവില്ല, ഉറപ്പ്. 

Wheat Fields & Wind Turbines - Highway 10 
പാര്‍ക്കിലെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ നിയുക്തനായ ചെറുവാല്യക്കാരന്‍ കാര്‍ നിര്‍ത്തിയിടേണ്ട സ്ഥലവും ടിക്കറ്റ്‌ ലഭിക്കുന്ന ഇടവും വ്യക്തമായി പറഞ്ഞു തന്നു. പരിപാടികള്‍ നടക്കുന്നിടത്തേക്ക് കുറച്ചു ദൂരമുണ്ട്. ഗോള്‍ഫ്‌ കാര്‍ട്ടുകളില്‍ വയസ്സായവരെയും, ശാരീരികാസ്വാസ്ഥ്യമുള്ളവരെയും സ്പോര്‍ട്ട്സ് ഗ്രൗണ്ടിനടുത്തെത്തിക്കുന്നുണ്ട് സന്നദ്ധസേവകര്‍.  22 ഡോളറാണ് ഒരു ടിക്കറ്റിന്. ടിക്കെറ്റെടുത്ത് ഞങ്ങള്‍ ഗ്രൗണ്ടിനടുത്തെക്ക് നടന്നു. ഉച്ചത്തില്‍ പാട്ട് വെച്ചിട്ടുണ്ട്. കുന്നിന്‍ ചെരുവിലെ ചെറിയ ഒരു ഗ്രൗണ്ടിനു ചുറ്റും ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് വേലി കെട്ടി ഭദ്രമാക്കിയിരിക്കുന്നു. കാണികള്‍ക്ക് ഇരിക്കാന്‍ ഇരുവശത്തും സൗകര്യമുണ്ട്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമുള്ള മെഡിക്കല്‍ ടീം എല്ലാവിധ തയ്യാറെടുപ്പുമായി ഗാലറിയുടെ ഒരറ്റത്തുണ്ട്. പരിപാടിയുടെ അവതാരകന്‍ മൈക്ക്‌ കയ്യിലെടുത്തതോടെ ഞങ്ങള്‍ ഗാലറിയുടെ ഏറ്റവും മുകളിലെ ഇരിപ്പിടത്തില്‍ കയറി ഇരുപ്പുറപ്പിച്ചു.

Rodeo Stampede 2014 - Bronc Buster
കാനഡയിലെ മുന്‍ സൈനികരാല്‍ 1955 ല്‍ കുട്ടികള്‍ക്ക് വേണ്ടി സ്ഥാപിതമായ “ക്യാമ്പ്‌ മേപ്പിള്‍ ലീഫ്‌” എന്ന ചാരിറ്റി സംഘടനയുടെ വക്താക്കളില്‍ ഒരാളെ പരിചയപ്പെടുത്തുകയാണ് അവതാരകന്‍. രണ്ടു ദിവസത്തെ പരിപാടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ പകുതി ഈ സംഘടനക്ക് കൈമാറുമെന്ന് പറഞ്ഞത് എല്ലാവരെയും സന്തോഷിപ്പിച്ചൂന്ന് കയ്യടി കേട്ടപ്പോള്‍ മനസ്സിലായി. ഒരു മില്യണ്‍ ജനങ്ങള്‍ കാണാന്‍ വരുന്ന കാല്‍ഗറി സ്റ്റാംപിഡ്‌ (Calgary Stampede) ആണ് റോഡിയോ  കായിക മല്‍സരത്തില്‍ ഏറ്റവും ആകര്‍ഷകമായത്. പത്ത് ദിവസത്തെ മല്‍സരം എല്ലാ വര്‍ഷവും ജൂലൈയില്‍ കാനഡയിലെ മറ്റൊരു പ്രൊവിന്‍സായ കാല്‍ഗറിയില്‍ വെച്ച് നടക്കുന്നു. അതൊക്കെ വലുത്... കൊക്കിലൊതുങ്ങുന്നതല്ലേ കൊത്താവൂ. പാത്തൂന് ഇതുപോലെത്തെ കുഞ്ഞു കുഞ്ഞു പരിപാടികള്‍ മതി. കാര്യമെന്താണെന്ന് അറിയുകയും ചെയ്യും നമ്മളാല്‍ കഴിയുന്ന പോലെ സമൂഹത്തിനൊരു സഹായവും .....

Bull Fighters in their costume - 2014 Rodeo
സ്പാനിഷ്‌ ഭാഷയില്‍ നിന്നാണ് റോഡിയോയെന്ന വാക്കിനുല്‍ഭവം. ‘തിരിയുക” “ചുറ്റി വരിക” എന്നൊക്കെ മലയാളത്തില്‍ അര്‍ത്ഥം വരുന്ന പദങ്ങളാണ് സ്പാനിഷില്‍. രണ്ടു ഭാഷയിലുമുള്ള എന്‍റെ പരിജ്ഞാനം നിങ്ങള്‍ക്കറിയാല്ലോ, അതുകൊണ്ട് തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക. കന്നുകാലികളെ മെരുക്കിയെടുക്കുന്ന  പ്രയാസമേറിയ ജോലികള്‍ ചെയ്തിരുന്ന കവ്ബോയ്കള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു വിനോദമാണ് റോഡിയോ. സ്പൈന്‍, മെക്സിക്കോ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലായിരുന്നത്രേ ഇത് വ്യാപകം. തങ്ങള്‍ ചെയ്യുന്ന ജോലിയോട് സാമ്യമുള്ളൊരു കായിക വിനോദം കവ്ബോയ്കള്‍ സ്വയം വികസിപ്പിച്ചെടുത്തു എന്ന് പറയാം. അത് പിന്നീട് പല രൂപത്തിലും ഭാവത്തിലും മാറി മറിഞ്ഞ് ഇപ്പോള്‍ നമ്മള്‍ കാണുന്ന വിധത്തിലായി. മൃഗങ്ങളെ ഉപയോഗിച്ച് ഇത്തരം വിനോദങ്ങള്‍ നടത്തുന്നതിന് എതിരാണ് ആക്ടിവിസ്റ്റുകള്‍..  വെയില് കൊണ്ട് ഞാന്‍ വാടി പോയെങ്കിലും കുതിരകളെല്ലാം വിശ്രമിച്ചത് എയര്‍ കണ്ടിഷന്‍ ചെയ്ത സ്പെഷ്യല്‍ വണ്ടികളിലാണ്... ഇവരുടെയൊക്കെ സെറ്റപ്പ് കണ്ടപ്പോള്‍ പൂരങ്ങള്‍ക്കും നേര്ച്ചകള്‍ക്കും എഴുന്നള്ളിച്ചു കൊണ്ടുനടക്കുന്ന നമ്മുടെ പാവം ആനകളുടെ അവസ്ഥ ആലോചിക്കാതെയിരുന്നില്ല... ഡോക്ടറുടെയും പരിചാരകരുടെയും മേല്‍നോട്ടത്തില്‍ നിശ്ചിത ഇടവേളകളില്‍ എ.സി കോച്ചുകളില്‍ വിശ്രമം, തീറ്റ.... ഹോ! ഇവിടെ മനുഷ്യന്മാര്‍ക്ക് വയ്യാണ്ടായാല്‍ സ്പെഷ്യലിസ്റ്റിനെ കാണണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. അസൂയയക്ക് മരുന്നില്ലല്ലോ അത് കൊണ്ട് ഞാന്‍ കുറച്ച് വെള്ളം കുടിച്ച് ക്ഷീണം മാറ്റി.

Lady with the Flag - Rodeo Stampede 2014
ലോകത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാവട്ടെയെന്ന പ്രാര്‍ത്ഥനയോടെയായിരുന്നു തുടക്കം. കനേഡിയന്‍ പതാകയുമായി കുതിരപ്പുറത്തെത്തിയ സുന്ദരി പലവട്ടം ഗ്രൗണ്ടിനെ വലംവെച്ചതിനു ശേഷം ഗ്രൗണ്ടിനു നടുക്ക് നിന്നപ്പോള്‍ കാനഡയുടെ ദേശീയ ഗാനം മുഴങ്ങി. തുകലുകൊണ്ട് പ്രത്യേക രീതിയിലുള്ള അലങ്കാര വസ്തുക്കള്‍ ഇട്ട കുതിരപ്പുറത്ത് വെള്ളകുപ്പായം അണിഞ്ഞ് രണ്ടുപേര്‍ ഗ്രൗണ്ടില്‍ രണ്ടിടങ്ങളിലായി നിലയുറപ്പിച്ചു. അവരുടെ കൈയ്യില്‍ നീളമുള്ള കയറുണ്ട്. കാട്ടുകുതിരകളെ മെരുക്കുന്നതില്‍ പ്രഗല്‍ഭരായ ഇവരാണ് മല്‍സരം ഒരു പരിധിവരെ നിയന്ത്രിക്കുന്നത്‌.  മൂന്നിനം മല്‍സര പരിപ്പാടികള്‍ക്കൊപ്പം മോട്ടോര്‍സൈക്കിള്‍ അഭ്യാസ പ്രകടനങ്ങളും ഉണ്ടെന്ന് അവതാരകന്‍ അറിയിച്ചു. “റോ റൈഡ് റോഡിയോ കമ്പനി (Raw ride Rodeo Company) യാണ് റോഡിയോ മത്സരങ്ങളുടെ നടത്തിപ്പ്‌. പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെയും കന്നുകാലികളുടെയും കഴിവും വേഗതയും അളക്കുന്ന മല്‍സരങ്ങള്‍. പതിനഞ്ച് വയസിനു താഴെയുള്ള കുട്ടികളും മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Ready for the Game 
ആദ്യത്തെ ഇനം സാഡില്‍ ബ്രോങ്ക് റൈഡിംഗ് (Saddle Bronc Riding) ആണ്. കാണികളെ രസിപ്പിക്കാനായി ഒരു ജോക്കറും ഗ്രൗണ്ടിലെത്തി. തമാശയും, ഡാന്‍സും പാട്ടുമായി അയാള്‍ രംഗം കൊഴുപ്പിക്കുന്നുണ്ടായിരുന്നെങ്കിലും കാളപ്പോരില്‍ പരിശീലനം നേടിയ ആളാണെന്ന് വ്യക്തമായി. മെരുങ്ങാത്ത കുതിരകളെയാണ് ബ്രോങ്ക് റൈഡിംഗിനു ഉപയോഗിക്കുന്നത്. ഇരുമ്പിന്‍റെ വേലിക്കുള്ളില്‍ വെച്ച് കുതിരപ്പുറത്ത് മത്സരിക്കുന്ന ആള്‍ കയറുന്നു. വേലി തുറക്കുന്നത്തോടെ പായുന്ന കുതിര അതിന്‍റെ പുറത്തിരിക്കുന്ന ആളെ തള്ളി താഴെയിടും. ആളെഴുന്നേറ്റു പോയാല്‍ പായുന്ന കുതിരയെ അടക്കാനും പിടിച്ചു വീണ്ടും വേലിക്കകത്ത് ആക്കാനും ബ്രോങ്ക് ബസ്റ്റര്‍ (Bronc Buster) എന്ന് വിളിക്കുന്ന ആ വെള്ള കുപ്പായക്കാരുണ്ട്.. കൂടുതല്‍ സമയം കുതിരപ്പുറത്തിരിക്കുന്ന ആളാണ്‌ വിജയി. ഒരു കൈ കൊണ്ട്  കുതിരയുടെ ദേഹത്ത് കെട്ടിയിരിക്കുന്ന ബെല്‍റ്റില്‍ പിടിക്കാം. മറ്റേ കൈ സ്വന്തം ശരീരത്തില്‍ പോലും തൊടാത്ത രീതിയില്‍ ഉയര്‍ത്തിപ്പിടിക്കണം. 

Saddle Bronc Riding Event - 2014 Rodeo

“ബക്കിംഗ് ഹോര്‍സ്(Bucking Horse) എന്നാണ് ഈ കുതിരകളറിയപ്പെടുന്നത്. അവിടെ കണ്ട കുതിരകള്‍ ബക്കിംഗ് ഹോര്‍സുകളായി പരിശീലനം കിട്ടിയവരാണ് എന്ന് തോന്നുന്നു. എപ്പോഴാണ് പുറത്തിരിക്കുന്ന ആളെ തള്ളി താഴേക്ക് ഇടേണ്ടതെന്ന് അതിനെ പരിശീലിപ്പിക്കും. കുതിരയെ ദേഷ്യം പിടിപ്പിക്കാനാണത്രേ ഒരു ബെല്‍റ്റ് അതിന്‍റെ വയറിന് ചുറ്റും അധികം മുറുകാതെ കെട്ടിയിട്ടുള്ളത്. എന്നാലെ അവ വേഗത്തില്‍ പായൂ. പ്രത്യേക ഇനത്തില്‍പ്പെട്ട ഇവയെ വന്യമായ രീതിയില്‍തന്നെ വളര്‍ത്തുന്നവയാണ്. പത്തായിരം ഡോളറോളം വിലയുണ്ടെത്രേ ഈ കുതിരകള്‍ക്ക്! മത്സരാര്‍ത്ഥികളുടെ വേഷവിധാനങ്ങളും ഏറെക്കുറെ കവ്ബോയ്‌കളുടേത് പോലെയാണ്. ജീന്‍സിന് മുകളിലായി ചാപ്സ് ധരിച്ചിരിക്കുന്നു. തുകല്‍ കൊണ്ടുണ്ടാക്കിയ പ്രത്യേക കാലുറകള്‍   പണ്ട് കാട്ടിലൂടെ കന്നുകാലികളോടൊപ്പം ഓടുമ്പോള്‍ മരച്ചില്ലകളും, മുള്ളുകളും കൊണ്ട് ശരീരം കീറിമുറിയാതിരിക്കാന്‍ കവ്ബോയ്‌കള്‍ ഉപയോഗിച്ചിരുന്നുവത്രേ. ഈ കളിക്കാര്‍ ഉപയോഗിക്കുന്ന ചാപ്സ് ചിത്രപണികള്‍ ഒക്കെ ചെയ്തു ഭംഗിയാക്കിയിട്ടുണ്ട്. ഇതെല്ലാം നോക്കി കാണുന്നതിനിടക്ക് കളിയില്‍ ആര് ജയിച്ചു ആര് തോറ്റുന്നൊന്നും അറിയാന്‍ പറ്റിയില്ല.

Saddle Bronc Ridder & the horse.  Horse trailer at the back 
അതിനിടയില്‍ ഹുസൈന്‍ ആവേശം മൂത്ത് ഗാലറിയില്‍ നിന്ന് ഇറങ്ങി വേലിയുടെ അരികിലേക്ക് പോയി. കൂട്ടിനു കുറെ ഫോട്ടോഗ്രാഫര്‍മാരെയും കിട്ടി. എന്‍റെ അടുത്തിരുന്ന  മദാമ്മയുമായി അപ്പോഴേക്കും ഞാന്‍ സൗഹൃദത്തിലായിരുന്നു. വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ മത്സരങ്ങളെ കുറിച്ചും, മത്സരാര്‍ഥികളെ കുറിച്ചും അവരാണ് എനിക്ക് പറഞ്ഞു തന്നത്. അടുത്തത് മോട്ടോര്‍സൈക്കിള്‍ അഭ്യാസമായിരുന്നു. ഉയരത്തില്‍ ചാടിയും മറിഞ്ഞുമുള്ള അഭ്യാസ പ്രകടനങ്ങള്‍ എനിക്കൊട്ടും ഇഷ്ടായില്ല. പേടി തന്നെ! എന്‍റെ ഭാവമാറ്റം കണ്ടിട്ടാകും  സുഹൃത്ത്‌ തോളില്‍ തട്ടി “ Its okay… they are fine…” എന്നും പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞതോടെ എനിക്ക് സമാധാനമായി..

Motocross  Show - 2014 Rodeo
ഒന്ന് കഴിഞ്ഞതേയുള്ളൂ... അതാ വരുന്നു അടുത്തത്. “ബുള്‍ റൈഡിംഗ്(Bull Riding)”!! ആയിരം കിലോ തൂക്കമുള്ള കാളക്കൂറ്റന്‍റെ പുറത്തിരിക്കുന്ന ആളുടെ ബാലന്‍സും ദൃഢതയും നോക്കി വിജയിയെ പ്രഖ്യാപിക്കുന്ന മല്‍സരം. എട്ട് സെക്കന്റു നേരം മത്സരിക്കുന്നയാള്‍ കാളയുടെ പുറത്തിരിക്കണം. ഏറ്റവും ആപല്‍ക്കരമായ കായിക വിനോദമാണിത്. കുതിരകളെ പോലെയല്ല... ഇവറ്റകള്‍ക്ക് അച്ചടക്കം തീരെയില്ല. പോരാത്തതിന് കൊമ്പും, തീ പാറുന്ന കണ്ണുകളും! പുറത്തിരിക്കുന്ന ആളെ മറിച്ചിട്ടു കുത്താന്‍ പായുന്ന കാളയുടെ ശ്രദ്ധ തിരിക്കാന്‍ അതിന്‍റെ മുന്നിലേക്ക്‌ ചാടുന്ന കാളപ്പോരുകാരനും  ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. വലിയ മത്സരങ്ങളുടെ ആക്രോശവും ആവേശവും ഈ കൊച്ചു മല്‍സരത്തിലും കണ്ടു.

BULL !!!
ഹെല്‍മെറ്റും മറ്റും ധരിച്ച് സ്വയം സുരക്ഷ ഉറപ്പാക്കിയ മത്സരാര്‍ത്ഥികളായിരുന്നു മിക്കവരും. കാളകളുടെ വീറും വാശിയും കണക്കിലെടുത്തിട്ടാവും രണ്ട് റൗണ്ടായിട്ടാണ് ബുള്‍ റൈഡിംഗ് നടത്തിയത്. അവസാന റൗണ്ടില്‍ ഒരു വില്ലന്‍ കാള മത്സരിക്കുന്ന ആളെ അതിന്‍റെ പുറത്തിരിക്കാന്‍ തന്നെ സമ്മതിച്ചില്ല. വേലി തുറക്കുന്നതിനു മുന്നേ തന്നെ മുക്രയിട്ടും കുടഞ്ഞെറിഞ്ഞും അത് നയം വ്യക്തമാക്കി. വീണ് ഞൊണ്ടി വലിഞ്ഞ് നടക്കുമ്പോഴും അടുത്ത് നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരത്തെക്കുറിച്ചാണ് ഇവരുടെയൊക്കെ സംസാരം. ഞാനെങ്ങാനും മത്സരിച്ചിരുന്നെങ്കില്‍ എന്നൊരുനിമിഷം ഓര്‍ത്തു നോക്കി... ആഹാ... ടിക്കറ്റും ബീമാനവും ഒന്നും വേണ്ട, വഴിയൊന്നും തെറ്റാതെ പട്ടാമ്പിയില്‍ തന്നെ പാത്തു ലാന്‍ഡ്‌ ചെയ്തിരിക്കും! 

Bull Riding - 2014 Rodeo Event
അടുത്ത മല്‍സരം കാണാന്‍ രസമുള്ളതായിരുന്നു. മല്‍സരം തുടങ്ങുന്നതിനു മുന്‍പായി കവ്ബോയ്‌ ഹാറ്റും ജീന്‍സും ഷര്‍ട്ടും അണിഞ്ഞ പെണ്‍പട അവരവരുടെ കുതിരകളുമായി ഗ്രൗണ്ടില്‍ വലംവെക്കുന്നത് കണ്ടപ്പോള്‍ വീണ്ടും സ്വപ്നം വെള്ളകുതിരയുമായി എത്തി. ഭാഗ്യം... അപ്പോഴേക്കും കുട്ടികള്‍ എന്‍റെ ശ്രദ്ധ തിരിച്ചു. ഇവരെല്ലാം മല്‍സരിക്കുന്നത് “ബാരല്‍ റെയിസിംഗ്(Barrel Racing)” ഇനത്തിലാണ്. വ്യത്യസ്ത പ്രായക്കാരായ പെണ്‍കുട്ടികളാണ് മത്സരാര്‍ത്ഥികള്‍. 

Barrel Riding participants - 2014 Rodeo
ഗ്രൗണ്ടിന്‍റെ മൂന്ന് കോണുകളില്‍ വെച്ച ചുകപ്പും വെള്ളയും നിറങ്ങള്‍  പൂശിയ ബാരലുകള്‍ തട്ടി വീഴ്ത്താതെ വേഗത്തില്‍ വലം വെച്ച് തിരിച്ച് പോകണം. കുതിരയുടെ നിയന്ത്രണവും വേഗതയുമാണ് മല്‍സരത്തിലെ അളവുകോല്‍. മറ്റ് സ്പോര്‍ട്ട്സ് ഇനങ്ങളിലേക്ക് മാറി വീണ്ടും ഇതിലേക്ക് തന്നെ തിരിച്ച് വന്നവരും ഉണ്ടായിരുന്നു കൂട്ടത്തില്‍. പതിനഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളും  ഇതേ മല്‍സരത്തില്‍ പങ്കെടുത്തു. ആറു പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. 

Smart move! 
ബാരലുകള്‍ തട്ടി വീഴ്ത്തിയാല്‍ പെനാല്‍റ്റിയുണ്ട്. മല്‍സരം കുട്ടികളും ഞാനുമൊക്കെ നന്നായി ആസ്വദിച്ചു. കാളകള്‍ കുത്തി മറിച്ചിട്ട നിലം കുതിരകള്‍ക്ക് വേണ്ടി ട്രാക്ടര്‍ ഉപയോഗിച്ച് നിരപ്പാക്കിയതിന് ശേഷമാണ് മല്‍സരം തുടങ്ങിയത്. ആരും മോശക്കാരായിരുന്നില്ല.. കുതിരയുടെ നിയന്ത്രണവും വേഗവും അവരുടെ കൈകളില്‍ ഭദ്രം....

Final Show of the day - Farewell
മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്രൗണ്ടില്‍ അനുസരണക്കേട്‌ കാട്ടാത്ത കുറച്ചു കുതിരകളുടെ വകയൊരു ഓട്ടപ്രദക്ഷിണമുണ്ടായിരുന്നു. കെട്ടലും പൂട്ടലും ഒന്നും ഇല്ലാതെ സ്വതന്ത്രരായി അവരോടി നടക്കുന്നു. കാണാന്‍ നല്ല രസം. പേടിയില്ലാതെ വേലിയുടെ അരികില്‍ നിന്ന് കാണാം. ഒരു വിസിലടിയില്‍ എല്ലാവരും അച്ചടക്കത്തോടെ തിരിച്ചു പോയി. അതിനുശേഷമാണ് അവര്‍ യാത്ര ചെയ്യുന്ന ആ “ഹൈ ക്ലാസ്സ്‌” വണ്ടി ഞാന്‍ കണ്ടത്... ‘നോക്കി നിക്കണ്ട, അതേയ് ഇതനക്കുള്ളതല്ല, ഇങ്ങോട്ട് പോരെന്നും” പറഞ്ഞ് എന്‍റെ വിഡ്ഢി സ്വപ്നത്തിലെ കുതിരസവാരിക്കാരനെത്തി... കുതിരസവാരി നടത്തിയില്ലെങ്കിലും വായിച്ച് മാത്രം പരിചയമുള്ള ഇന്നാട്ടിലെ ചിലതെല്ലാം കാണാന്‍ കഴിഞ്ഞെന്ന  മാത്രം...  


വായനക്കാര്‍ക്കായി റോഡിയോയിലെ ചില ദ്രിശ്യങ്ങള്‍ താഴെ....
49 comments:

 1. വളരെ നന്നായി.
  ചിത്രങ്ങളൊക്കെ സൂപ്പർ.
  എഴുത്ത് പറയേണ്ടതില്ലാലോ..
  ആശംസകൾ !.

  ReplyDelete
  Replies
  1. വായനക്കും ആദ്യ കമന്റിനും നന്ദി ഗിരിഷ്...

   Delete
 2. ചിത്രങ്ങള്‍ എല്ലാം മനോഹരമായിട്ടുണ്ട് പറയാതെ വയ്യ ,ഈ പ്രാവിശ്യം ഇത്തയുടെ വരികളേക്കാള്‍ ഞാന്‍ കൂടുതല്‍ നേരം നോക്കി നിന്നത് ചിത്രങ്ങളെ തന്നെ ആണ് .. പിന്നെ കുതിരപ്പുറത്തുള്ള ഒരു ഫോട്ടോ കൂടി ഉണ്ടായിരുന്നങ്കില്‍ തകര്‍ത്തേനെ ....... ഈ ബ്ലോഗ്ഗില്‍ വന്നു നിരാശയോടെ മടങ്ങേണ്ടി വന്നിട്ടില്ലല്ലോ .....സുന്ദരം ആശംസകള്‍ .....

  ReplyDelete
  Replies
  1. ങേ... നല്ല മോഹം! നന്ദി വിജിന്‍ :)

   Delete
 3. ചിത്രങ്ങൾ വളരെ മനോഹരം. ക്യാമറാക്കാരന് അഭിനന്ദനങ്ങൾ... ഈ കുതിരക്കളിയും കാളകളിയും ടീവിയിൽ കണ്ടിട്ടുണ്ട്. കാളകളി കണ്ടാൽ ഹൃദയം നിലച്ചു പോകും. ആ‍ശംസകൾ....

  ReplyDelete
  Replies
  1. ലാന്‍ഡ്‌സ്കേപ്പില്‍ നിന്ന് മാറി ആദ്യായിട്ടാണ് ഇത് പോലെയുള്ള ചിത്രങ്ങള്‍ എടുക്കുന്നത്. നന്ദി വീകെ... ഇത് വല്ലാത്ത പ്രാന്തന്‍ കളി തന്നെ...

   Delete
 4. മത്സരം മനോഹരം. മനസ്സ് നിറഞ്ഞു.

  ReplyDelete
  Replies
  1. സന്തോഷം... റാംജിയേട്ടാ

   Delete
 5. ത്രസിപ്പിക്കുന്ന കുതിരസവാരി ...!

  ജീവസുറ്റ ചിത്രങ്ങൾ സമ്മാനിച്ച ഹുസൈനൊരു ബിഗ്‌ സല്യൂട്ട് ...!!

  ReplyDelete
  Replies
  1. മ്മക്ക് പാമ്പും കോണിയും മതി കുഞ്ഞേച്ചിയെ... സല്യുട്ട് കിട്ടി ബോധിച്ചു :)

   Delete
 6. കാളകളിയുടെയും കുതിരകളിയുടെയും വിവരണം രസകരമായി... സ്പെയ്നിലെ തെരുവുകളിൽ നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ കാളകളെ പായിച്ചുള്ള കളി ഇതിനേക്കാൾ ഭീകരമാണ് കേട്ടോ...

  ReplyDelete
  Replies
  1. വായിച്ചിട്ടേയുള്ളു വിനുവേട്ടാ.... ഞാന്‍ കാണാറില്ല, വെറുതെ ഉറക്കം കളയണ്ടല്ലോ.. ഇത് കണ്ട ബേജാറ് തന്നെ മാറിയില്ല..

   Delete
 7. സുദീര്‍ഘമായ പോസ്റ്റ്‌ ആയതുകൊണ്ട് ഫോട്ടോസ് മാത്രേ ഇപ്പൊ നോക്കിയുള്ളൂ. എല്ലാം ജീവസ്സുറ്റവ തന്നെ ! മുഴോന്‍ വായിച്ചു സാവധാനം അഭിപ്രായിക്കാം .

  ReplyDelete
  Replies
  1. ആയിക്കോട്ടെ... മറക്കരുത്

   Delete
 8. ഇത്തവണ ഫോട്ടോ ഗ്രാഫര്‍ തകര്‍ത്തു.
  അങ്ങേരോട് ആ ക്ലിക്കിന്റെ ഡീറ്റെയില്‍ല്സ് കൂടി വാങ്ങി ഫോട്ടോക്ക് താഴെ ചെറുതായി രേഖപ്പെടുത്തിയാല്‍ നന്ന്.

  ReplyDelete
  Replies
  1. നേരിട്ട് ചോദിക്ക്യാവും നല്ലത് ജോസ്‌ലെറ്റ്, ഞാന്‍ എഴുതി വരുമ്പോഴേക്കും തെറ്റി പോയാലോ...

   Delete
 9. കനേഡിയൻ മണ്ണിലെ വിശേഷങ്ങളറിഞ്ഞ് വായനക്കാരും കാനഡക്കാരായി മാറുന്നു. ഫോട്ടോകൾ ഗംഭീരം - ഇത്തവണ Final Show of the day - Farewell എന്ന ചിത്രത്തിന് ടോപ്പ് മാർക്ക്

  ReplyDelete
  Replies
  1. മാഷ് മാര്‍ക്കിട്ട ഫോട്ടോ തന്നെയാണ് ഇവിടെ ഞങ്ങള്‍ക്കും ഇഷ്ടായത്? സ്നേഹം..... സന്തോഷം.....

   Delete
 10. As usual..good..but the humour was missing...pedichittayirikum..hussains photos....kudos

  ReplyDelete
  Replies
  1. നന്ദി... ഹുസൈനോട് പറയാം, പേടിച്ചില്ല എന്നാലും ചെറിയൊരു ഭയം അത്രേയുള്ളൂ :) :)

   Delete
 11. അല്ലെങ്കിലും നമ്മളെക്കാളും സാഹസികരാണ് ഈ വെള്ളക്കാര്‍.ജീനിന്‍റെ ഗുണമാവാം,കാലാവസ്ഥ കാരണമാവാം,എന്തായാലും നമ്മളെക്കാള്‍ ധൈര്യവും സാഹസികതയും അവര്‍ക്കുണ്ട്. (എന്നും രാവിലെ എഴുന്നേറ്റ് കൃഷിസ്ഥലത്തേക്ക് ,കുട്ടി നിക്കറൊക്കെ ഇട്ടു കുതിരപ്പുറത്ത് പോകുന്ന ഒരു സ്വപ്നം 37 വയസ്സുവരെ എനിക്കുമുണ്ടായിരുന്നു. മറ്റ് സ്വപ്നങ്ങളെപ്പോലെ അതും സ്വാഹ....)

  ReplyDelete
  Replies
  1. അത് ശരിയാണ് വെട്ടത്താന്‍ ചേട്ടാ.. വെള്ളിയാഴ്ച ലഞ്ച് സമയത്ത് ഓഫീസിലെല്ലാവരും കൂടെ വീക്ക് ഏന്‍ഡ് പരിപാടി ചര്‍ച്ചക്ക് വെക്കുന്നത് ഒരു സ്ഥിരം പരിപാടിയാണ്.

   എന്ത് സുന്ദരമായ സ്വപ്നം... സാരല്യ സ്വപ്നം കാണാന്‍ ടാക്സ്‌ കൊടുക്കണ്ടല്ലോല്ലേ....

   Delete
 12. ഫോട്ടോകള്‍ മനോഹരമായി എന്നത് ഞാനും എടുത്തുപറയുന്നു..
  വിവരണവും അസ്സലായി.

  ReplyDelete
  Replies
  1. നന്ദി..... സന്തോഷം

   Delete
 13. ezഎഴുത്ത് മനോഹരം ..... അറിവും യാത്ര അനുഭവവു, പകരുന്നത്...ഭാവന കുറെ കൂടി വരാാമാരുന്നു അല്ലാരുന്നോ എന്റെ കഥാകാരി ????????????

  ReplyDelete
  Replies
  1. അടുത്ത എഴുത്തിന് ശ്രമിക്കാം ഹരീഷ്... നന്ദി

   Delete
 14. സ്വപ്നം സഫലീകരിച്ചോ എന്നറിയാന്‍ ഞാന്‍ കുതിരപുറത്തൊക്കെ സൂക്ഷിച്ചൊന്ന് നോക്കിപ്പോയി....സാഹസികവും,ത്രസിപ്പിക്കുന്നതുമായ പ്രകടനങ്ങളായിരുന്നുവെന്ന്‌ പടങ്ങളില്‍നിന്നും,എഴുത്തില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു..
  രസകരവും വിജ്ഞാനപ്രദവുമായ വിവരണവും അതിനനുയോജ്യമായ ഫോട്ടകളും മനോഹരമായിരിക്കുന്നു...
  ആശംസകള്‍

  ReplyDelete
  Replies
  1. ഹഹഹ തങ്കപ്പന്‍ ചേട്ടാ.... ആ കുതിരകളെ കൂടി ഞാന്‍ പേടിപ്പിക്കും ... സന്തോഷം... സ്നേഹം ഈ വരികള്‍ക്ക് :)

   Delete
 15. മുബീത്താ...
  നല്ല ചിത്രങ്ങള്...
  വരികളും നല്ല രസമുണ്ട്..
  ഇനിയും ഇനിയും മുന്നോട്ട് പറന്നുനീങ്ങാനാവട്ടെ എന്ന് ആത്മാ൪ത്ഥമായി പ്രാ൪ത്ഥിക്കുന്നു....

  ReplyDelete
  Replies
  1. നന്ദി മുബാറക്ക്‌....

   Delete
 16. Marvellous Mubi !! Both writing and photographs. Avidae poya pratheethi

  ReplyDelete
  Replies
  1. സ്ഥിരം വായിക്കുന്ന ആളുടെ ആദ്യ കമന്റ്‌ കണ്ട് സന്തോഷായിട്ടോ.... നന്ദി സുല്‍ഫത്ത്

   Delete
 17. വളരെ നല്ല വിവരണം... പുതിയ അറിവുകള്‍ ഒരുപാട് കിട്ടി... ഒപ്പമുള്ള ഫോട്ടോസ് ഒരു രക്ഷയുമില്ല... കിടിലോല്‍ക്കിടിലന്‍!!! നന്ദി :) വീണ്ടും വരാം :)

  ReplyDelete
  Replies
  1. സന്തോഷം അജിത്‌... ആദ്യായിട്ടല്ലേ ഇവിടെ? നന്ദി :)

   Delete
 18. അപ്പോൾ ഇതാണ് നമ്മൾ പറയുന്ന കുതിരകളി അല്ലേ?കേട്ടിട്ട് തന്നെ പേടിയാവുന്നു..

  ReplyDelete
  Replies
  1. പേടിക്കണ്ട മാഷേ.....

   Delete
 19. ഇന്നാണ് മുബീ എനിക്കിത് മുഴുമിപ്പിക്കാന്‍ പറ്റിയത് ......എത്ര നന്നായെന്നോ നല്ല ഒഴുക്കുള്ള എഴുത്ത് പിന്നെ പടങ്ങള്‍ എന്നെ അതിലും കൂടുതല്‍ അസൂയപ്പെടുതി ....ശരിക്കും കാള പുറത്തേക്കു കയറുന്നത് ഒരു സഹസീകം തന്നെയാണ് ....പണ്ട് കോളേജില്‍ നിന്നും ടൂര്‍ പോയപ്പോ ഞാന്‍ കുതിരപ്പുറത്തു കയരീട്ടുണ്ട് അന്നെനിക്കൊരു നശിച്ച നടുവേദനയും ഉണ്ടായിരുന്നു ഹോ കുതിരയുടെ ഓരോ ചലനത്തിനും നട്ടെല്ലിന്റെ അവസാനത്തെ കശേരുവില്‍ എനിക്കുണ്ടായ നടുവേദന ...... ബൈക്കിലെ ആ മലക്കം മറിച്ചില്‍ ഒന്ന് നേരിട്ട്കാ ണണമെന്ന് ആഗ്രഹമുണ്ട് ..പിന്നെ ആ സുന്ദരികളുടെ സവാരി ...ഓ അത് ആണുങ്ങള്‍ക്ക് മാത്രമേ നന്നായി ആസ്വദിക്കാന്‍ പറ്റൂ .ഹ ഹ ഹ ഹ ......ആസ്വാദനത്തില്‍ അങ്ങനൊരു പക്ഷപാതമുണ്ടല്ലോ .....

  ReplyDelete
  Replies
  1. അനില്‍, വെറുതെ ആ ബൈക്ക്‌ അഭ്യാസം ഒക്കെ നോക്കി നടു ഒന്നൂടെ ഉളുക്കി കിടക്കണോ.. ഇവിടെ കുട്ടികളും പറയുന്നുണ്ട് അങ്ങിനെ ഒന്ന് ചെയ്തു നോക്കണം എന്ന്... പേടില്യാച്ചാല്‍ വല്ലാത്ത കഷ്ടം തന്നെയാണേയ്...

   Delete
 20. Great !!
  മലയാളത്തിൽ ഇങ്ങനെയുള്ളവ അധികമൊന്നും വായിയ്ക്കാൻ കിട്ടാറില്ല.
  ഫോട്ടോസ് Superb....
  സന്തോഷവും, നന്ദിയും അറിയിയ്ക്കുന്നു

  ReplyDelete
  Replies
  1. സന്തോഷം സുഹൃത്തേ...

   Delete
 21. ശ്വാസംപിടിച്ച് കുതിരപ്പുറത്തിരിക്കുന്നതുപോലെയായിരുന്നു വായന. എഴുത്ത് / ഫോട്ടോ ഉജ്ജ്വലം. ഭയങ്കരീ‌/രാ സമ്മതിച്ചു.

  ReplyDelete
  Replies
  1. റോഡിയോ കണ്ടല്ലോല്ലേ...... നന്ദി വൈശാഖ്‌ :) :)

   Delete
 22. പണ്ടത്തെ ഒരു കൌ ബോയ് സിനിമ കണ്ട പോലെ...

  ReplyDelete
  Replies
  1. മുരളിയേട്ടാ.... സന്തോഷം, തിരക്കിലും മറക്കാതെ ഇവിടെ വന്നതില്‍ :) :)

   Delete
 23. excellent photographs. mubiyude ezhuthinu kooduthal mizhivekunnath hussainkayude ee camera viruth thanneyaa...congrats

  ReplyDelete
 24. ഞാനും അവിടെയൊക്കെ തന്നെ ഉണ്ടായിരുന്നോ എന്നൊരു തോന്നൽ,അത്രയ്ക്കും ജീവസുറ്റ എഴുത്ത്..,ഒപ്പം ചിത്രങ്ങളും.

  ആശംസകൾ

  ReplyDelete