Sunday, February 8, 2015

കാര്‍ണിയിലെ വിനോദങ്ങള്‍

ഞങ്ങളുടെ പ്രോവിന്‍സിലെ “ബിഗ്ഗസ്റ്റ് ലിറ്റ്ല്‍ ടൌണ്‍ (Biggest Little Town) എന്നറിയപ്പെടുന്ന കാര്‍ണിയില്‍ നടക്കുന്ന മഞ്ഞുകാല കായിക മത്സരങ്ങളെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്യാനാണ് ക്യാമറാമാന്‍ ഹുസ്സൈനോടൊപ്പം -23 ഡിഗ്രി തണുപ്പിലേക്ക് രണ്ടര മണിക്കൂര്‍ വണ്ടിയോടിച്ച് എത്തിയത്. മിസ്സിസ്സാഗയില്‍ നിന്ന് ഇരുന്നൂറ്റി അമ്പതു കിലോമീറ്റര്‍ അകലെയാണ് കാര്‍ണി. 530 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വലിയ ചെറിയ പട്ടണത്തില്‍ എണ്ണൂറ്റി അന്‍പത് ആളുകള്‍ ‘തിങ്ങി’ പാര്‍ക്കുന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അത്യപൂര്‍വ്വമായ ബന്ധത്തിന്‍റെ കാഴ്ചകള്‍ നല്‍കുന്ന മത്സരങ്ങള്‍ നടക്കുന്നത് മഞ്ഞു മൂടി കിടക്കുന്ന കാര്‍ണിയിലാണ്.

Bright & Beautiful - Fun Day
ഡോഗ് സ്ലഡിംഗിന് കഴിഞ്ഞ വര്‍ഷം പോയത് കൊണ്ട് സംഗതികളെ കുറിച്ചൊരു ചെറിയ ധാരണയൊക്കെയുണ്ട്. കാനഡയിലെ മറ്റ് പ്രോവിന്‍സുകളില്‍ നിന്ന് മാത്രമല്ല അയല്‍രാജ്യത്ത് നിന്ന് പോലും  മത്സരാര്‍ത്ഥികളും കാണികളും ഇരുപത്തിയൊന്നാമത് ഡോഗ് സ്ലഡ് മത്സരങ്ങള്‍(21st Kearney Dog Sled Races 2015)കാണാന്‍ കാര്‍ണിയിലെത്തിയിരുന്നു. 2015ലെ യുകോണ്‍ ക്വസ്റ്റെന്ന അന്താരാഷ്ട്ര ഡോഗ് സ്ലഡ് മത്സരവും ഫെബ്രുവരി ഏഴിനാണ് കാനഡയുടെ അങ്ങേയറ്റമായ വൈറ്റ്ഹോര്‍സില്‍ തുടങ്ങിയത്. യുകോണിലേ -50 ഡിഗ്രിയിലേക്ക് മനസ്സും ശരീരവും പാകപ്പെട്ടിട്ടില്ലാത്തതിനാല്‍ നമുക്ക് തല്‍ക്കാലം -23 ഡിഗ്രിയിലിരുന്നു കാര്‍ണിയിലെ കളികള്‍ കാണാം.

Kearney Dog Sled Race ground

ഗ്രൌണ്ടും ഗാലറിയുമെല്ലാം മഞ്ഞിലാണ്. വൃത്തിയായിത്തന്നെ മഞ്ഞില്‍ ട്രാക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നു. ആളുകള്‍ക്ക് നടക്കാനുള്ള വഴികളും മത്സരങ്ങള്‍ നടക്കുന്ന സ്ഥലവും വേര്‍ത്തിരിക്കാന്‍ ഓറഞ്ച് നിറമുള്ള കമ്പിവല കെട്ടിയിട്ടുണ്ട്. അത് നന്നായി, ഇല്ലെങ്കില്‍ ആളുകള്‍ നടക്കാത്ത ട്രാക്കില്‍ കയറി നടന്ന് ഞാന്‍ സ്വസ്ഥമായി വീണേനെ.  എന്നെക്കാള്‍ കനമുള്ള ജാക്കറ്റും, വിന്‍റര്‍ ബൂട്ട്സും ഇട്ട് തപ്പി തടഞ്ഞ് വീഴുമെന്ന ആശങ്കയില്‍  ഭൂമി തൊടാതെ നടക്കുന്ന എന്നെ നോക്കി പരിഹസിക്കുന്ന ഹസ്ക്കികള്‍. ഒരോ മുഷറിനൊപ്പവുമുണ്ട് അവരുടെ പത്ത് പതിനഞ്ചു ഹസ്ക്കി ടീമംഗങ്ങള്‍. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുള്ളിലും, അതിനോട് ഘടിപ്പിച്ച ട്രക്കിനുള്ളിലും ഇവരുതന്നെ. പുറത്തു മഞ്ഞില്‍ ഇറക്കി നിര്‍ത്തിയവര്‍ക്കാകട്ടെ ഓടാന്‍ നേരം വൈകിയെന്ന പരാതി കുരച്ചും ഓരിയിട്ടും പ്രകടിപ്പിക്കുന്നു. ചെറുപ്പം മുതലേ ഉള്ളതാ, എന്താന്നറിയില്ല ഭയങ്കര ധൈര്യമാണ് എനിക്ക് ഇവരെ കണ്ടാല്‍. വീട്ടിലും ചെറുകരയിലും വളര്‍ത്തിയിരുന്നെങ്കിലും എന്‍റെ പേടി ഉപ്പാന്‍റെ അടുത്ത് ഇഞ്ചെക്ഷന്‍ എടുക്കാന്‍ വന്ന കുട്ടികളുടെ നിലവിളികള്‍ക്കൊപ്പം ഞാനറിയാതെ ഉയരുകയായിരുന്നു.

Participant with her huskies

പൊതുവേ ശ്വാനവര്‍ഗ്ഗത്തിനെ പേടിയാണെങ്കിലും ഹസ്ക്കികളെ എനിക്കിഷ്ടമാണ്. പ്രത്യേകിച്ച് ഡോഗ് സ്ലഡിംഗിന് കൊണ്ടുവരുന്ന ഹസ്ക്കികളെ. നീല കണ്ണുകളും, വെളുപ്പും കറുപ്പും ഇടക്കലര്‍ന്ന നിറങ്ങളില്‍ കാണുന്ന ഇവര്‍ അന്യരെ കാണുമ്പോള്‍ സ്നേഹപ്രകടനത്തിന് മുതിരില്ല. വര്‍ക്കിംഗ് ഡോഗ്സ് എന്ന രീതിയില്‍ പരിശീലനം നേടുന്ന ഇവര്‍ വീട്ടില്‍ വളര്‍ത്തുന്നവയെ പോലെ ആളുകളെ നക്കുകയോ, തൊട്ടുരുമ്മുകയോ ചെയ്യില്ല. ജോലിയില്‍ അച്ചടക്കവും ആത്മാര്‍ത്ഥതയുമുള്ളവര്‍. ചിലര്‍ നന്നേ ചെറിയ ഹസ്ക്കി കുഞ്ഞുങ്ങള്‍ക്ക്‌ തണുപ്പിനുള്ള കുപ്പായവും, ഷൂസും ഇട്ടു കൊടുത്തിട്ടുണ്ട്‌. കായികശേഷി കൂടിയവര്‍ക്ക് നില്‍ക്കുന്നിടത്തെ മഞ്ഞു പോരാന്ന് തോന്നുമ്പോള്‍ ഉടമസ്ഥര്‍ അടുത്ത് നിന്ന് മഞ്ഞ് കോരി കൊണ്ടുവന്നു കാല്‍ച്ചുവട്ടില്‍ ഇട്ടു കൊടുക്കുന്നു. ഞാന്‍ എന്നെത്തന്നെയും പിന്നെ അവരെയും കുറച്ചു നേരം നോക്കി നിന്നു. കായിക മത്സരങ്ങള്‍ ഒന്‍പത് മണിക്ക് തുടങ്ങുമെന്ന അറിയിപ്പ് കേട്ടപ്പോഴാണ് ക്യാമറാമാനെ അന്വേഷിച്ചത്.  ഒരു മഞ്ഞു മലയുടെ മുകളില്‍ നിന്ന് കൈ വീശി കാണിച്ച് എന്നെ ആ എവറസ്റ്റ് കയറാന്‍ ക്ഷണിക്കുകയാണ്. എന്തൊരു സ്നേഹം! അവിടെന്ന് തലേം കുത്തി വീണാല്‍ താഴെ നില്‍ക്കുന്ന ഹസ്ക്കി കൂട്ടങ്ങളുടെ കാല്‍ച്ചുവട്ടില്‍ സമസ്താപരാധങ്ങളും ഏറ്റു പറയാന്‍ ബുദ്ധിമുട്ടില്ലാതെ എത്താം...

Snow top gallery
മത്സരങ്ങള്‍ തുടങ്ങാന്‍ നേരമായി, ആലോചിച്ച് നില്‍ക്കാന്‍ സമയവുമില്ല. മലമുകളിലേക്ക് എങ്ങിനെയെങ്കിലും എത്തിയേ പറ്റൂ. മുതിര്‍ന്നവരെ കണ്ട് പഠിച്ചൂടെന്ന് നാഴികക്ക് നാല്പതു വട്ടം നമ്മള്‍ പിള്ളേരോട് പറയും. എന്നാല്‍ അവരെ കണ്ടു പഠിക്കാന്‍ നമ്മള്‍ മുതിരാറുമില്ല. മഞ്ഞു കട്ടകളില്‍ ചവിട്ടാതെ പൊടി മഞ്ഞില്‍ കാലുകള്‍ ഉറപ്പിച്ചു വെച്ച് മല കയറുന്നൊരു കുട്ടിയെ കണ്ടു. മിടുക്കി! അവളുടെ പിന്നാലെ ഞാനും കൂടി. മുകളില്‍ എത്തിയപ്പോള്‍ ഹുസൈന്‍റെ കൂടെയുള്ള സുഹൃത്ത്‌ ഡേവിഡിന്‍റെ വക ഉപദേശം ‘ചുവട് പിഴക്കേണ്ടാ.’ നല്ല ഉപദേശമെന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചത് ഡേവിഡ് അറിഞ്ഞെന്ന് തോന്നുന്നു. ‘മൂന്ന് മാസം മുന്നേ വീട്ടിലെ ചവിട്ട് പടിയൊന്ന് പിഴച്ചതാണ്, നാല് മണിക്കൂര്‍ സര്‍ജറിയും നാല് സ്ക്രൂവുമായി കാലില്‍...’ എന്‍റെ മുഖഭാവം മാറിയതിനാലാവണം ഡേവിഡ്‌  വേദനയുള്ള കാലും വെച്ച് മഞ്ഞു മല കയറിയതിന്‍റെ കാരണം പറഞ്ഞത്. മരുമകന്‍ മത്സരത്തില്‍ ഇന്നും നാളെയും (Feb 7 & 8 2015) പങ്കെടുക്കുന്നുണ്ട്. മകളും കൂടെയുണ്ട്. അത് കാണാന്‍ എത്തിയതാണ്. 

10 Dog Stage Race team - Can't wait

ആദ്യം തുടങ്ങുന്നത് പത്ത് ഹസ്ക്കികളെയും കൊണ്ട് 50 മൈല്‍ ഓടിയെത്തുകയെന്ന സ്റ്റേജ് റേസാണ്. (10 Dog Stage Race). രണ്ടു ദിവസം അന്‍പതു മൈല്‍ വീതം ഓടണം. ഇടയ്ക്കു രണ്ടു മണിക്കൂര്‍ വിശ്രമിക്കാം. ഓടുന്ന ഏതെങ്കിലും ഹസ്ക്കി ക്ഷീണിച്ചാല്‍ മാറ്റാം. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമില്‍ പന്ത്രണ്ട് ഹസ്ക്കികള്‍ ഉണ്ടാകും. രണ്ടെണത്തിനെ മാറ്റാനെ അനുവാദിക്കൂ അതും അടുത്ത ദിവസത്തെ ഓട്ടത്തിന് മാത്രം. ഒന്റാറിയോയില്‍ നടക്കുന്ന ഒരേയൊരു സ്റ്റേജ് റേസ് മത്സരമാണിത്‌. ഏറ്റവും ഒടുവില്‍ വിജയികളെ പ്രഖ്യാപിക്കുന്ന ഇനവും ഇത് തന്നെ. ഇവിടെയുള്ള മത്സരാര്‍ത്ഥികള്‍ അധികവും പെണ്‍കുട്ടികളും സ്ത്രീകളുമാണ്. 

Musher hooking the harness to the line

ഓടാന്‍ തയ്യാറായി നില്‍ക്കുന്ന ഹസ്ക്കികളെ, മത്സരത്തില്‍ ഇവരുടെ ഒപ്പം ഓടുന്ന ആളുടെ മരം കൊണ്ടുള്ള ഒരു കൂടു(സ്ലഡ്)മായി ബന്ധിപ്പിക്കുന്ന തിരക്കിലാണ് സഹായികള്‍. കുതിച്ചു പായാന്‍ നില്‍ക്കുന്ന നായ്ക്കളെ പിടിച്ചു നിര്‍ത്താന്‍ അഞ്ചാറ് ആളുകള്‍ തന്നെ വേണം. സ്ലഡില്‍ നിന്ന് നീണ്ടു കിടക്കുന്ന ഒരു കയറിന്‍റെ ഇരു വശങ്ങളിലുമായി പത്ത് ഹസ്ക്കികളെ കൊളുത്തുകള്‍ കൊണ്ട് മുറുക്കി നിര്‍ത്തണം. ബെല്‍റ്റൊക്കെയിട്ട് കഴിഞ്ഞാല്‍ പിന്നെ ഇവരെ പിടിച്ചാല്‍ കിട്ടില്ല. മത്സരം തുടങ്ങുന്ന സ്ഥലത്തേക്ക് ഹസ്ക്കികളെ പൂട്ടിയ സ്ലഡിനെ എടിവി (all-terrain vehicle)യില്‍ കെട്ടി വലിച്ചു കൊണ്ട് പോവുകയാണ് ചെയ്യുക. 
Sled tied to an ATV,  moving to the starting point

പായാന്‍ തുടങ്ങിയാല്‍ വണ്ടി ബ്രേക്കിട്ട് നിര്‍ത്തി സ്പീഡ് കുറക്കാം അല്ലാതെ ആളുകളെ കൊണ്ട് ഇവരെ പിടിച്ചാല്‍ കിട്ടൂലാ. അനുഭവം ഗുരു!  ഒരു ടീമിനെ ട്രാക്കിലെത്തിച്ച ശേഷം എടിവി അടുത്ത കൂട്ടരെ കൊണ്ടുവരാന്‍ പോകും. കൌണ്ട് ഡൌണ്‍ തുടങ്ങി “ഗോ” എന്ന് കേട്ടാല്‍ ഓട്ടം തുടങ്ങുകയായി. അതുവരെ ബഹളം വെച്ചിരുന്നവര്‍ ശാന്തരായി അവരെ നിയന്ത്രിച്ച്‌ സ്ലഡില്‍ നില്‍ക്കുന്ന ആളുടെ നിര്‍ദേശങ്ങള്‍ക്ക് മാത്രം ചെവി കൂര്‍പ്പിച്ചു കൊണ്ട് ഓടും. പതിനൊന്ന് പേരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. എനിക്കിഷ്ടപ്പെട്ടത് കെറിയുടെ (# 4) ടീമിനെയാണ്. ഇന്നലത്തെ അമ്പതു മൈല്‍ ഓട്ടത്തില്‍ കെറിയും ടീമും മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ആദ്യമായി മത്സരത്തില്‍ പങ്കെടുക്കുന്നവരും ഉണ്ടായിരുന്നു കൂട്ടത്തില്‍. പരിചയ കുറവു കൊണ്ടാകും ഓടി തുടങ്ങി കുറച്ചു കഴിയുമ്പോള്‍ ഇവരുടെ ടീമിലുള്ള നായ്ക്കള്‍ ട്രാക്ക് മുറിച്ചു ആളുകളുടെ ഇടയിലേക്ക് വരും. അങ്ങിനെ പതിനൊന്ന് ടീമും ഓടുന്നത് കണ്ടിട്ടാണ് ഞങ്ങള്‍ മലയിറങ്ങിയത്.


Calm & Peace - a gentle stroke
ഡേവിഡിന്‍റെ മരുമകന്‍ പങ്കെടുക്കുന്ന മത്സരം പന്ത്രണ്ടരക്കാണ് തുടങ്ങുന്നത്. അപ്പോഴേക്കും ഒന്ന് കറങ്ങി വരാമെന്ന് പറഞ്ഞു ഞങ്ങള്‍ അവരുടെയടുത്ത് നിന്ന് പോന്നു. ഉണങ്ങിയ മരം ഈര്‍ന്നു അത് കൊണ്ട് ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്ന കലാകാരനെ നോക്കി നില്‍ക്കുമ്പോഴാണ് ആഷ്‌ലിയെ കണ്ടത്. സത്യം പറഞ്ഞാല്‍ അവരുടെ കൂടെയുണ്ടായിരുന്നു ഹസ്ക്കിയിലായിരുന്നു ഞങ്ങളുടെ കണ്ണ്. ഫോട്ടോ എടുക്കാന്‍ സമ്മതം ചോദിച്ചപ്പോള്‍, എടുത്തോളൂ, പക്ഷെ എനിക്കും കൂടെ അയച്ചു തരണമെന്നാണ് അവര്‍ പറഞ്ഞത്. കാരണം ആഷ്‌ലിയുടെ കൂടെയുള്ളത് ‘സര്‍വീസ് ഡോഗ്’ ഇനത്തില്‍ പരിശീലനം നേടുന്ന മായയെന്നു പേരിട്ടിരിക്കുന്ന ഹസ്ക്കിയാണ്. കാര്‍ണിയില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെയുള്ള നോര്‍ത്ത് ബേയില്‍ നിന്നാണ് ഇവരെത്തിയിരിക്കുന്നത്. ഫോട്ടോസെഷന്‍ കഴിയുന്നതുവരെ ആഷ്‌ലിയുടെ സുഹൃത്തുമായി ഞാന്‍ വിശേഷങ്ങള്‍ പറഞ്ഞു. പരസ്പരം കണ്ടാല്‍ മിണ്ടി പറയാന്‍ നേരമില്ലാത്ത തിരക്കുള്ള പട്ടണവാസികളേക്കാള്‍ അടുപ്പവും സൗഹൃദവും വളരെ കുറച്ചു സമയം കൊണ്ട് കാര്‍ണിയില്‍ ഞങ്ങള്‍ക്കനുഭവിക്കാനായി.
Ashley with her service dog

സ്കീജോറിംഗ് മത്സരം ഉടനെ തുടങ്ങുമെന്ന  അറിയിപ്പ് കേട്ടപ്പോള്‍ ഞങ്ങള്‍ ആഷ്‌ലിയോടും കൂട്ടരോടും യാത്ര പറഞ്ഞു ട്രാക്കിനടുത്തേക്ക് നടന്നു. വിചാരിച്ചത് പോലെ നടന്നു എത്തുകയുമില്ല. സ്കീജോറിംഗെന്ന പേര് തന്നെ ആദ്യായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത്. സ്കീയിംഗ് കണ്ടിട്ടുണ്ട്. മഞ്ഞില്‍ നടക്കാന്‍ പോകുമ്പോള്‍ സ്പീഡില്‍ ആളുകള്‍ സ്കീ ചെയ്യുന്നത് വായും പൊളിച്ച് നോക്കി നിക്കുന്നതാണ്. പക്ഷേ ജോറിംഗ് ഒരു പിടുത്തവും കിട്ടിയില്ല കാണുന്നത് വരെ. സ്കീ കാലിലും, മഞ്ഞില്‍ കുത്തി ഓടാനുള്ള വടികള്‍ കയ്യിലും പിടിച്ച് ഒരു പെണ്‍കുട്ടി തയ്യാറായി നില്‍ക്കുന്നു. രണ്ടു ഹസ്ക്കികളെ നീളമുള്ള കയറിന്‍റെ രണ്ടു വശത്തായി സ്ലഡ് വലിക്കുന്ന കയറില്‍ കൊളുത്തിട്ട് നിര്‍ത്തിയിട്ടുണ്ട്. ഈ കയറിന്‍റെ ഒരറ്റം പെണ്‍കുട്ടിയുടെ അരയിലെ ബെല്‍റ്റില്‍ മുറുക്കുന്നു.

Skijoring 

എല്ലാം റെഡിയായി “ഗോ” എന്ന് കേട്ടയുടനെ നായ്ക്കള്‍ ഈ കുട്ടിയേയും വലിച്ച് ഓടാന്‍ തുടങ്ങി. വടി കുത്തി മുന്നോട്ടായുന്നതോടൊപ്പം നിര്‍ദേശങ്ങളും അഭിനന്ദനങ്ങളും പെണ്‍കുട്ടി ടീമംഗങ്ങള്‍ക്ക് കൊടുക്കുന്നുണ്ട്. നാല് മൈല്‍ ഓടി തിരിച്ചെത്തണം. ഇടയ്ക്കു തളരുന്നവരെ എടിവിയില്‍ കൊണ്ടുവരുന്നുമുണ്ട്. യാതൊരു അന്തവുമില്ലാതെ ഫിനിഷ് ലൈനിനടുത്ത് നിന്നിരുന്ന എനിക്ക് മത്സരങ്ങളെയും അതില്‍ പങ്കെടുക്കുന്ന ആളുകളെ കുറിച്ചും ആവശ്യത്തിലധികം വിവരങ്ങള്‍ തന്നത്, ഹുസൈന്‍ ‘ആകാശവാണി’യെന്നു പേരിട്ടൊരു വ്യക്തിയായിരുന്നു. തലസ്ഥാന നഗരിയില്‍ നിന്ന് മത്സരിക്കാനെത്തിയ ടീമിന്‍റെ സുഹൃത്താണിവര്‍. ഞാനടക്കം അവിടെ  കൂടി നിന്നവര്‍ മത്സരത്തില്‍ പങ്കെടുക്കുന്നവരെ വിട്ട് ഇവരുടെ ഫാനായി. ചിരിച്ചും വര്‍ത്തമാനം പറഞ്ഞും വായ ഒരു നിമിഷത്തേക്ക് പോലും പൂട്ടിയിട്ടില്ല. ഈ ആവേശം കണ്ടപ്പോള്‍ ഇതൊന്ന് പരീക്ഷിച്ചാല്‍ തരക്കേടില്ലാന്നെനിക്കും തോന്നാതിരുന്നില്ലാട്ടോ.ഡേവിഡിന്‍റെ മരുമകന്‍ പങ്കെടുക്കുന്ന മത്സരം സ്കിജോറിംഗ് കഴിഞ്ഞാല്‍ തുടങ്ങും. അവിടെയുള്ളവരെ പോലെ സ്വന്തമായൊരു ടീമുള്ള സന്തോഷത്തിലായിരുന്നു ഞങ്ങള്‍. പോളിന്‍റെ ട്രക്ക് നിര്‍ത്തിയിട്ട സ്ഥലത്തേക്ക് നടക്കുമ്പോഴാണ് ഒരാള്‍ പത്ത് വയസു മുതല്‍ ഡോഗ് സ്ലഡ്‌ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയ കഥ അയാളുടെ ഹസ്ക്കികളെ തൊട്ടുഴിഞ്ഞ്‌ നില്‍ക്കുന്നവരോട് പറയുന്നത് കേട്ടത്. കുറച്ചു നേരം ഞാനും അവിടെ നിന്നു. അവിടെന്ന് പോരുമ്പോള്‍ കണ്ടത് വഴിയരികില്‍ നിന്നൊരു കുട്ടി മത്സരത്തില്‍ പങ്കെടുക്കാന്‍ അവളുടെ അപ്പൂപ്പനോട്‌ അനുവാദം ചോദിക്കുന്നതാണ്. മത്സരത്തില്‍ അവള്‍ക്കും പങ്കെടുക്കണം, പക്ഷേ വിശ്വാസം പോരാ. സംശയമാണ് കുഞ്ഞിന്. അവളോട്‌ എന്തിനാണ് പേടിക്കുന്നത് നിന്‍റെ ഡോഗ്സില്ലേ നിന്‍റെ കൂടെയെന്നാണ് അപ്പൂപ്പന്‍ ചോദിക്കുന്നത്. ചെറുമകളുടെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരമായി, മനുഷ്യന് എക്കാലത്തും മനുഷ്യനേക്കാള്‍ വിശ്വസ്തനായ മിത്രം ശ്വാനന്‍ തന്നെയെന്നു പഠിപ്പിക്കുന്നു. അത് കേട്ടിട്ടും ഞാന്‍ പഠിച്ചില്ല!

Transporting Trucks 
ചെറുതായി മഞ്ഞു വീഴുന്നുണ്ടായിരുന്നു. കാറ്റില്ലാത്തത് കൊണ്ടാവും എല്ലാവരും നല്ല കാലാവസ്ഥയെന്നാണ് പറഞ്ഞത്.  ജാക്കെറ്റില്‍ വീണു കിടക്കുന്ന സ്നോഫ്ലേക്കു(Snowflakes)കളുടെ ഡിസൈന്‍ കാണാന്‍ നല്ല ഭംഗി. ആളുകള്‍ പരസ്പരം അത് നോക്കുന്നുണ്ട്. ചിത്രങ്ങളില്‍ മാത്രം കാണുന്ന ഭംഗിയുള്ള ഡിസൈനുകള്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുകയായിരുന്നു. ഭൂതക്കണ്ണാടി പോലെയുള്ള സൂത്രങ്ങള്‍ ഒക്കെ ഫിറ്റ്‌ ചെയ്താണ് ആളുകള്‍ ഇതൊക്കെ ഷൂട്ട്‌ ചെയ്യുക എന്ന് ഡേവിഡ്‌ പറഞ്ഞു തന്നു. മരുമകനെ സഹായിക്കുന്ന തിരക്കില്‍ ഡേവിഡിന് സ്കിജോറിംഗ് മത്സരം കാണാന്‍ കഴിഞ്ഞില്ലെന്ന സങ്കടം ഹുസൈന്‍ എടുത്ത ഫോട്ടോ കണ്ട് തീര്‍ത്തു.


Paul & his team
അതിനിടയില്‍ ചെസ്റ്റ് നമ്പര്‍ ഒന്പതൊക്കെ അണിഞ്ഞ് പോള്‍ തയ്യാറായി. ആറു നായ്ക്കള്‍ വലിക്കുന്ന ഓപ്പണ്‍ സ്ലഡ്‌ മത്സരമാണ് പോളിന്‍റെ. ഇതില്‍ ഹസ്ക്കികളുടെ കൂടെ മറ്റ് ബ്രീഡ് നായ്ക്കളെയും ഉപയോഗിക്കാം. ആറു മൈലാണ് ഓടി വരേണ്ടത്. വലിയൊരു വളവാണ്. ആരും പരസ്പരം കൂട്ടിമുട്ടില്ല. ഓടിയെത്തുന്ന സമയം കണക്കാക്കിയാണ് വിജയിയെ തീരുമാനിക്കുന്നത്. ഫോട്ടോയെടുക്കാന്‍ പാകത്തിന് ക്യാമറാമാന്‍ ദൂരെ ട്രാക്കിന്‍റെ ഒരു വശത്ത് കിടന്നു. “ഗോ” ശബ്ദം മുഴങ്ങി പോളും കൂട്ടരും കുതിച്ചു. ഇരുപത്തിയാറ് മിനിട്ടും പതിനൊന്ന് സെക്കനറുമെടുത്ത് ഞങ്ങളുടെ ടീം ആറുമൈല്‍ ഓടിയെത്തി എട്ടാം സ്ഥാനം കരസ്ഥമാക്കി. ഇനി ഞായറാഴ്ചയും മത്സരമുണ്ട്. മറ്റ് മത്സരാര്‍ത്ഥികളുടെ വരവ് കാണാന്‍ ഞാന്‍ അവിടെത്തന്നെ നിന്നു.
Volunteers in Snow mobile 

മൂന്ന് മണിയോടെ അന്നത്തെ മത്സരങ്ങള്‍ അവസാനിച്ചു. പരിപാടിയുടെ സംഘാടകരും, ഡോക്ടര്‍മാരും, സന്നദ്ധ പ്രവര്‍ത്തകരുമാണ് തിരക്കിനിടയിലൂടെ “സ്നോ മൊബൈലും” ഓടിച്ചു നടക്കുന്നതെന്നറിയാന്‍ അടുത്ത് ചെന്ന് അവരുടെ കൈയിലെ ടാഗ് കാണേണ്ടി വന്നു. ഇതിലൊന്നും പെടാത്ത ചിലര് മഞ്ഞു മൂടിയ തടാകത്തിന് മുകളിലൂടെ സ്നോ മൊബൈല്‍ ഓടിച്ച് കളിക്കുന്നുണ്ടായിരുന്നു. അത് നോക്കി നില്‍ക്കുമ്പോഴാണ് കഴിഞ്ഞ തവണത്തെ യുകോണ്‍ മത്സരങ്ങളില്‍ സന്നദ്ധ സേവകയായിരുന്ന സ്ത്രിയെ പരിചയപ്പെട്ടത്‌. ഇപ്രാവശ്യം അങ്ങോട്ട്‌ പോകാതെ ഇവിടെയെങ്ങിനെയായിരിക്കും എന്നറിയാന്‍ വന്നതാണ് എന്നവര്‍ പറഞ്ഞു. ഒരിക്കലെങ്കിലും നിങ്ങള്‍ അവിടെ പോകണം. അതൊരു അനുഭവം തന്നെയാണ്. പറഞ്ഞറിയിക്കാന്‍ പറ്റില്ല.. അങ്ങോട്ട്‌ പോകാന്‍ ഷൂസും കെട്ടി നിക്കണ ഹുസൈന് അത് കേട്ടതും ക്യാമറവരെ എന്‍റെയടുത്തു തന്ന് അവരുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ പോയി. ഒടുവില്‍ പോളും ഡേവിഡും ചിത്രങ്ങള്‍ കാണാന്‍ വന്നത് കൊണ്ട് രക്ഷപ്പെട്ടു.

Hugs & Happiness

ഞായറാഴ്ച്ചത്തെ മത്സരത്തിന് പോളിനു ആശംസകള്‍ നേര്‍ന്ന്, മറ്റെല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു. വരും ദിവസങ്ങളിലെ മോശം കാലാവസ്ഥയെ കുറിച്ച് ഓര്‍മ്മിപ്പിക്കാനെന്ന പോലെ തണുപ്പ് കൂടി വരുന്നുണ്ടായിരുന്നു. അനുഭവങ്ങളുടെ, അറിവുകളുടെ, വിസ്മയങ്ങളുടെ, ഓര്‍മ്മകളുടെ വറ്റാത്ത നീരുറവകളാകുന്ന യാത്രകള്‍...


Done for the day!38 comments:

 1. ദേശാന്തര കാഴ്ചകള്‍ എഴുത്ത് മനോഹരമാകുന്നുണ്ട് . ഇപ്പോള്‍ ഈ ബ്ലോഗ്‌ വായിക്കാന്‍ എനിയ്ക്ക് ഇഷ്ടമാണ് . അടുത്ത വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
 2. ഒരാൾ അക്ഷരങ്ങൾകൊണ്ടും, മറ്റൊരാൾ ചിത്രങ്ങൾകൊണ്ടും എനിക്കൊക്കെ തീർത്തും അപരിചിതമായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയതുപോലെ..... വീടിനപ്പുറത്തെ തടകത്തിന്റെയും, കാടിന്റേയും ചിത്രം പകർത്തി അത് സൈബർ വലയിലിട്ട് ലൈക്കിനു കാത്തിരിക്കുന്ന ഞാനൊക്കെ വെറും പൊട്ടക്കിണറ്റിലെ തവളകളാണെന്ന് ഇത്തരം പോസ്റ്റുകൾ വായിക്കുമ്പോൾ ശരിക്കും മനസ്സിലാവുന്നു.....

  മലയാളത്തിൽ കാനഡയുടെ ഓരോ മുക്കും, മൂലയും വിവരിക്കുന്ന ലേഖനങ്ങളോ പുസ്തകങ്ങളോ അധികം കണ്ടിട്ടില്ല. ദേശാന്തര കാഴ്ചകൾ പുസ്തകമായി ഇറക്കണമെന്നും, പ്രകാശനച്ചടങ്ങിന് എന്നെയും വിളിക്കണമെന്നും, രണ്ട് എഴുത്തുകാരും ഒപ്പിട്ട ഒരു ഫ്രീ കോപ്പി എനിക്ക് തരണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.....

  ReplyDelete
  Replies
  1. @ Pravaahiny, ആദ്യ വായനക്കും കമന്റിനും നന്ദി പ്രീതാ... ബ്ലോഗ്‌ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു കേട്ടതില്‍ ഒരുപാട് സന്തോഷം തോന്നുന്നു.... സ്നേഹം
   @ പ്രദീപ്‌ മാഷ്‌ടെ കമന്റിനു എന്ത് മറുപടിയാണ് എഴുതേണ്ടത് ഞാന്‍. വരികള്‍ കൊണ്ട് മനോഹരമായ ചിത്രങ്ങള്‍ വായനക്കാരന്‍റെ മനസ്സില്‍ പതിപ്പിക്കുന്ന മാഷിന്റെ വാക്കുകള്‍... മനസ്സും കണ്ണും നിറഞ്ഞു... സ്നേഹം... അങ്ങിനെയൊരു സംരംഭത്തിനെ കുറിച്ച് ഇതുവരെ കാര്യമായി ആലോചിച്ചിട്ടില്ല. (ഇന്ഷാ അല്ലാഹ്)

   Delete
 3. വിദേശ സിനിമകളിലൊക്കെ മഞ്ഞുമൂടികിടക്കുന്ന സ്ഥലങ്ങള്‍ കാണുമ്പോള്‍, കുട്ടിക്കാലം മുതല്‍ക്കേ, മനസ്സില്‍ വല്ലാത്തൊരു സന്തോഷമാണ്. ഈ വായന അതിന്റെ ഇമ്പം കൂട്ടുന്നു. ആശംസകള്‍ മുബീ... യാത്രകള്‍ തുടരട്ടെ.

  ReplyDelete
 4. പരിചയമില്ലാത്ത ലോകം.കേട്ടിട്ടില്ലാത്ത വിനോദങ്ങള്‍.എല്ലാം ഒന്നാന്തരമായി അവതരിപ്പിക്കുന്ന മുബി.പോരെങ്കില്‍ ഹുസ്സൈന്‍റെ ചിത്ര വിസ്മയവും.ആനന്ദലബ്ധിക്കിനി എന്തു വേണം?

  ReplyDelete
  Replies
  1. @സുധീര്‍, മനുഷ്യര്‍ പുറത്തെ ഈ കൊടും മഞ്ഞത്ത് ജീവിക്കുന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്.. അതാണ്‌ ഓരോ മഞ്ഞു കാലത്തും ഇങ്ങിനെ അന്വേഷിച്ച് പോകുന്നത്... സന്തോഷം
   @ വെട്ടത്താന്‍ചേട്ടാ, കാനഡയിലെ കുറച്ചു പോലീസ്സുകാര്‍ മഞ്ഞു മൂടിയ ഏതോ സ്ഥലത്ത് അകപ്പെട്ടു പോയെന്നും. ആധുനിക സംവിധാനങ്ങള്‍ തോറ്റപ്പോള്‍, അവരെ അന്വേഷിച്ചു കണ്ടെത്തിയത് ഇത് പോലെ ഹസ്ക്കികള്‍ വലിക്കുന്ന സ്ലഡും കൊണ്ട് പോയിട്ടാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇങ്ങിനെയും ഒരു ലോകം! നന്ദി...

   Delete
 5. കാനഡ കാനഡ എന്ന് കേട്ടിട്ടുണ്ടെങ്കിലും ഒരു അത്ഭുതമായി തോന്നിയത് ഈ ബ്ലോഗ്ഗില്‍ വന്ന ശേഷമാണ് ,.ഐസ് മലകളോടുള്ളതാല്‍പര്യം തന്നെയാണ് ഓരോ വെക്കേഷനിലും കാശ്മീര്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത് ,ഓരോ പ്രാവിശ്യവും പരാജയപ്പെടാന്‍ മാത്രമായിരിക്കും വിധി ,അതിനിടയില്‍ ആണ് വീണ്ടും കൊതിപ്പിക്കുന്ന വരികളുമായി ഇങ്ങനെ ഒരു പോസ്റ്റ്‌ ..
  ഏതായാലും പതിവുപോലെ തന്നെ പോസ്റ്റ്‌ കലക്കി ,ആശംസകളോടെ .......

  ReplyDelete
 6. ഇതോടൊപ്പം "യുകോണ്‍ ക്വസ്റ്റ്" കാണാനും, വായിക്കാനും കഴിഞ്ഞു."വിന്‍റര്‍ ഡാന്‍സ്" കഴിഞ്ഞവര്‍ഷംതന്നെ വായിച്ചിരുന്നു..ഇതൊന്നും കാണാത്തവര്‍ക്ക്‌ ഇത്തരം വിസ്മയിപ്പിക്കുന്ന വിശേഷങ്ങള്‍ അറിയാനും,കാണാനും താല്പര്യമേറുമല്ലോ!
  ഫോട്ടോകളും,വിവരണവും മനോഹരമായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. @വിജിന്‍, വിഷമിക്കല്ലേ, ഒരൂസം പോവാന്‍ പറ്റുട്ടോ... നന്ദി
   @തങ്കപ്പന്‍ചേട്ടാ, യുകോണ്‍ ക്വസ്റ്റ് - അതൊരു വല്ലാത്ത മത്സരമാണ്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്ക്യാ. പകുതിയായാതെ ഉള്ളൂ. ഇതിനോടൊപ്പം മറ്റ് പോസ്റ്റും വായിച്ചൂലോ സന്തോഷായി....

   Delete
 7. തണുപ്പിനെ എനിക്കിത്തിരി പേടിയാണ്. വിറച്ച് വിറച്ച് കുടഞ്ഞ്‌ ഒരു പരുവമാകും, എന്തൊക്കെ ധരിച്ചാലും. അപ്പോള്‍ -23 എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചക്കിടിപ്പ്. എന്നാലും എല്ലാം പൊതിഞ്ഞു മഞ്ഞില്‍ നില്‍ക്കുന്നത് കാണാന്‍ നല്ല ഇഷ്ടാ. ആ സ്ഥലത്തൊക്കെ കറങ്ങി നടന്നു മത്സരമൊക്കെ കണ്ട് ഹസ്ക്കികളെ എല്ലാം പരിചയപ്പെട്ട് അനുഭവിക്കാന്‍ ചിത്രങ്ങള്‍ കൂടി ആയപ്പോള്‍ സുന്ദരമായിരിക്കുന്നു. ഇതൊക്കെ ഇങ്ങിനെ വായിച്ച് ആസ്വദിക്കാം.
  വളരെ ഇഷ്ടായി.

  ReplyDelete
 8. -23 ഡിഗ്രി ..പടച്ചോനെ എനിക്കൊന്നും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത കാഴ്ചകള്‍ - പ്രദീപ് മാഷ് പറഞ്ഞപോലെ പുറം ലോകം അറിയേണ്ട എഴുത്ത് .. ആശംസകള്‍ മുബി

  ReplyDelete
  Replies
  1. @ റാംജിയേട്ടാ, റിയാദിലെ തണുപ്പ് പോലും താങ്ങാന്‍ കഴിയില്ലായിരുന്നു എനിക്ക്. തണുപ്പിന് പുറത്തിറങ്ങണം, എങ്ങിനെ വസ്ത്രം ധരിക്കണം എന്നൊക്കെ പറഞ്ഞു തന്ന് 'തണുപ്പ് പേടി' മാറ്റിയത് സഹപ്രവര്‍ത്തകരാണ്... ഇപ്പോള്‍ ഇതും ശീലായി. :) നന്ദി
   @ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍, സ്നേഹം...... സന്തോഷം വായനക്ക്

   Delete
 9. ഒട്ടും പരിചയമില്ലാത്ത മേഖലയാണിത്. ചിത്രങ്ങളിലൂടെയേ അറിഞ്ഞിട്ടുള്ളു. എങ്കിലും ഒരു സ്വപ്നം പോലെ വായിച്ചുപോയി. ഇതൊക്കെ കാണാനും അനുഭവിക്കാനും ഭാഗ്യമുണ്ടായ മൂബിക്കും കുടുംബത്തിനും എന്റെ അസൂയ നിറഞ്ഞ അഭിനന്ദനങ്ങൾ...

  ReplyDelete
 10. ഇഷ്ടമായി ഈയെഴുത്ത്. ആശംസകള്‍....

  ReplyDelete
  Replies
  1. @വീകെ, ഏതായാലും നനഞ്ഞു ഇനി കുളിച്ചു കയറുകയെന്ന തീരുമാനത്തിലാണ്. അനുഭവിച്ചറിയുക തന്നെ... നന്ദി... സ്നേഹം
   @പ്രദീപ്‌, സന്തോഷായിട്ടോ ഇവിടെ വന്നതില്‍..

   Delete
 11. തണവിന്റെ കുളിർമ്മയും , സുഖവും , മനോഹാരിതകളും
  വായനക്കാർക്ക് പകർന്ന് കൊടുത്ത് ഒപ്പം അവരെയും കുളിരണിയിപ്പിക്കുന്ന
  ഈ വിശകലങ്ങളും , കാഴ്ച്ചകളും ദമ്പതികളായ നിങ്ങൾക്ക് മാത്രം സ്വന്തമായി
  അവകാശപ്പെടാവുന്ന സംഗതിയാണ് കേട്ടൊ മുബീ & ഹുസൈൻ.

  പിന്നെ ഈ കാനേഡിയൻ വിശേഷങ്ങൾ പുസ്തകമായി ഇറക്കുമ്പോൾ
  ചിത്രങ്ങൾ സഹിതം സചിത്രമായ സഞ്ചാര സാഹിത്യം തന്നെയായ്യിരിക്കണം കേട്ടൊ

  ReplyDelete
 12. മനോഹരമായിരിക്കുന്നു മുബി ചേച്ചി .. ഹോളിവുഡ് സിനിമ പോലെ മനോഹരം

  ReplyDelete
  Replies
  1. @ മുരളിയേട്ടാ, ഇന്ഷാ അല്ലാഹ്.... നമുക്ക് ആലോചിക്കാട്ടോ. എന്നുമുള്ള ഈ പ്രോത്സാഹനത്തിന് നന്ദി പറഞ്ഞു ബോറാക്കുന്നില്ല :) അതവിടെ നിക്കട്ടെ മുരളിയേട്ടന്‍ എന്നാണ് ഈ വഴിക്ക്?
   @മാനവന്‍, നന്ദി.....

   Delete
 13. നാട്ടില് കാളകളെ പൂട്ടുന്ന തട്ടില് കേറി വീണ പരിചയം ഉണ്ട് . ആ പരിചയവും വെച്ച് വന്നാല് ഈ മത്സരത്തിന് കൂട്ടോ ?

  ബാക്കി പറയാനുള്ളത് മാഷ്‌ പറഞ്ഞ അഭിപ്രായം ഇവിടെ ചേർത്ത് വായിച്ചോ .

  കാനഡയുടെ ഒഫീഷ്യൽ യാത്രാ വിവരണകാരിക്കും ക്യാമറാമാനും മഞ്ഞുപുതച്ച ആശംസകൾ

  ReplyDelete
 14. മണാലിയിൽ നിന്നും രണ്ടു ദിവസ്സം മുൻപ് വന്നതേ ഒള്ളൂ. മഞ്ഞിലെക്കുള്ള യാത്ര എന്നും ഹരം തന്നെയാണ്. മുബീ നന്നായി തന്നെ എഴുതി ആശംസകൾ

  ReplyDelete
  Replies
  1. @മന്‍സൂര്‍, വീണാലും കുഴപ്പല്യാ, പക്ഷേ ഇവിടെ ഈ ഹസ്ക്കികളെ കാളകളെ തല്ലുന്നത് പോലെ തല്ലിയാല്‍ പ്രശ്നമാകും... അത് വേണോ??
   @ഷരീഫ്, നന്ദി.... സന്തോഷം :)

   Delete
 15. പിന്നേം കൊതിപ്പിക്കാനായിട്ട്...

  ReplyDelete
 16. വിദൂരദേശങ്ങളുടെ വ്യതിരിക്തമായ സാംസ്കാരിക വിശേഷങ്ങൾ അറിയുന്നത് സന്തോഷകരം. ചിത്രങ്ങളും അതിമനോഹരം.

  ReplyDelete
  Replies
  1. @ വിനുവേട്ടാ, ഇപ്പോ ഇങ്ങിനെയായോ? ഓരോന്ന് കൊണ്ട് കളയും... മഞ്ഞില്‍ ഞാന്‍ അത് തിരഞ്ഞു പോകുന്നതല്ലേ??
   @ലാസര്‍, നന്ദി.... സന്തോഷം :)

   Delete
  2. ഇതിപ്പോൾ ആർണ്ണി അവിടെയെത്തുന്നതിന് മുന്നെ മുബി അവിടെ എത്തുമെന്ന് തോന്നുന്നല്ലോ... :)

   Delete
 17. ഒരു യാത്ര പോയ സുഖം

  ReplyDelete
 18. അതിഗംഭീരം...ചിത്രങ്ങളും എഴുത്തും....ഒരുപാട് ഇഷ്ടായി... :)

  ReplyDelete
  Replies
  1. @ശാഹിദ് & സംഗീത്.... പ്രിയരേ നന്ദി.....

   Delete
 19. മൈനസ് 23 ഡിഗ്രിയാ? അപ്പോ വർത്താനം പറഞ്ഞാാ ഉമിനീരപ്പടി ഐസാവില്ലേ? തമാശയല്ല. ന്യായമായ സംശയമാ.... :)

  നല്ല വിവരണം. പഴേതെല്ലാം ഒന്നു പോയി വായിക്കാമ്പൂവ്വാണു. ജാാഗ്രതൈ!

  ReplyDelete
 20. ഒരു യാത്രക്ക് കൊതി ജനിപ്പിക്കുന്ന പോസ്റ്റ്, കാഴ്ചയുടെ സൌന്ദര്യത്തെ ഏറ്റവും മൂർത്തമാക്കി ഹൃദയത്തിലേക്ക് എത്തിച്ചു തന്ന വിവരണം...

  അനുഭവങ്ങളുടെ, അറിവുകളുടെ, വിസ്മയങ്ങളുടെ, ഓര്‍മ്മകളുടെ വറ്റാത്ത നീരുറവകളാകുന്ന യാത്രകള്‍ ഇനിയുമുണ്ടാവട്ടെ..

  അതിലെ രസങ്ങളെല്ലാം ഇവിടെ വായിക്കാൻ കാത്തിരിക്കുന്നു

  ReplyDelete
  Replies
  1. @ മണി, എന്നെ പേടിപ്പിച്ച് പോയതല്ലേ, എന്നിട്ട് വല്ലതും വായിച്ചോ? എവിടെ?? മൈനസ് 23 എന്ന് വായിച്ചതേ ഫ്രീസ് ആയിപ്പോയോ? നന്ദി വരവിന്.... സ്നേഹം
   @റെയിനി, കുറെയായല്ലോ കണ്ടിട്ട്.... വീണ്ടും ബ്ലോഗില്‍ കഥകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

   Delete
 21. Mubeen,മനോഹരമായ പോസ്റ്റും വിവരണവും.awesome snaps.ആശംസകൾ
  മഞ്ഞുകാലത്ത് അവിടെ വരാൻ കൊതി തോന്നുന്നു.മിസ്സിസ്സ്സാഗയിൽ പലപ്പോഴും വന്നിട്ടുണ്ട്.ഞങ്ങളുടെ ക്രൂസ്സ് സഫാരിയിൽ യൂക്കോണിൽ എത്തിച്ചേർന്നിട്ടുണ്ട്.ഇനി ഒരിക്കൽ യാത്ര winterൽ ആക്കണം.

  ReplyDelete
  Replies
  1. @Jyo, വിന്‍റെര്‍ എനിക്കിഷ്ടമാണ്. വരൂ...You will enjoy too :)

   Delete
 22. മുബിയുടെ ഓരോ പോസ്റ്റുകളും ആ നാടിനെക്കുറിച്ചുള്ള കുറെ അറിവുകളും നല്കുന്നു. ഇനിയും ഇതുപോലെ കൌതുകകരമായ വിവരണങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

  ReplyDelete
 23. as usual...great salute to Hussainka for the wonderful photography and narrated well...

  ReplyDelete
 24. ഇഷ്ടായി ഈ കുറിപ്പ്

  ReplyDelete
  Replies
  1. @ ഗീത, സലാഹു, എച്ച്മു..... എല്ലാവരോടും സ്നേഹം :)

   Delete