Thursday, March 3, 2016

സാഗ്_നിയിലെ ഐസ് ഫിഷിംഗ്

“ഉപ്പയും മനു അങ്കിളും ഐസ് ഫിഷിംഗിന് പോണംന്ന് എപ്പോഴും പറയും. വെള്ളത്തില്‍ മീന്‍പിടിക്കാന്‍ പറ്റിയിട്ടില്ല പിന്നെയെങ്ങിനെയാണ് ഐസില്‍ മീനിനെ പിടിക്കുക....” മണിക്കുട്ടന്‍റെ ‘മീന്‍’ സംശയങ്ങളില്‍ ഒന്നാണിത്. അവന്‍റെ മനസ്സില്‍ പെട്ടെന്ന് പൊട്ടിമുളച്ചതൊന്നുമല്ല ഈ സംശയം. നാട്ടില്‍ മീന്‍ പിടിച്ച വീരഗാഥകള്‍ കേട്ട് കേട്ട് ഒരിക്കല്‍ റിയാദില്‍ നിന്ന് ദമ്മാമിലേക്ക് മീന്‍ പിടിക്കാന്‍ പോയി. വീര കഥകളെ വെല്ലുവിളിച്ച് കൊണ്ട് അന്നൊരറ്റ മീന്‍ പോലും ചൂണ്ടയില്‍ കുരുങ്ങിയില്ല. പിന്നീട് ആ സാഹസം വീണ്ടും ഹുസ്സൈന്‍ കാണിച്ചത് കാനഡയിലെത്തിയപ്പോഴായിരുന്നു. അന്ന് മീന്‍ കിട്ടി, പക്ഷെ അത് മറ്റാരോ പിടിച്ചതായിരുന്നെന്ന വ്യത്യാസം മാത്രം! ആരോ പിടിച്ചു തന്ന മീനുകള്‍ പൊരിച്ച് ഞങ്ങള്‍ അന്ന് ചോറുണ്ടു... എന്തായാലും വെള്ളത്തില്‍ പരീക്ഷിച്ചു തോറ്റ സ്ഥിതിക്ക് ഇനി ഐസില്‍ രക്ഷപ്പെടുമെന്ന വിശ്വാസത്തിലാണ് ഞങ്ങള്‍ ഐസ് ഫിഷിംഗിന് മുതിരുന്നത്.

ഐസ് പുഴയില്‍ വാളയുണ്ടോ?
ക്രൂയിസ് ഷിപ്പുകള്‍ പാഞ്ഞു നടക്കുന്ന ക്യുബെക്കിലെ സാഗ്_നി പുഴയില്‍ വിന്‍റെറില്‍ ഐസ് ഫിഷിംഗ് നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഈ യാത്രയില്‍ അങ്ങിനെയൊരു പരീക്ഷണം മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നില്ല. കറങ്ങിത്തിരിഞ്ഞ് അവിടെയെത്തിപ്പെടുകയായിരുന്നു. തലേദിവസത്തെ പര്‍വ്വതാരോഹണം വിജയകരമായി കഴിഞ്ഞെത്തിയ ഞങ്ങള്‍ ടോറോന്റോയിലേക്ക് തിരിച്ചു പോരുന്നതിന് മുമ്പായി സാഗ്_നിയിലെ മഞ്ഞിനടിയില്‍ മറ്റെന്തെങ്കിലും ഒളിച്ചിരിപ്പുണ്ടോന്ന് നോക്കിയിറങ്ങിയതാണ്.  ആദ്യം പോയത് ‘ലാ ബേ (La Baie) ടൌണ്‍ഷിപ്പിലേക്ക്. അവിടെയൊരു മ്യുസിയമുണ്ട്. പണ്ടൊരിക്കല്‍ അവിടെ പോയി മടങ്ങിയതാണ്. അടച്ചിട്ടിരിക്കുകയായിരുന്നു. 'സമരമോ ഹര്‍ത്താലോ ആയിരിക്കുമെന്ന്' തമാശ പറഞ്ഞ് മ്യൂസിയത്തിന് പുറത്തുള്ള മത്സ്യകന്യകയുടെ ശില്‍പത്തിന്‍റെ അടുത്ത് നിന്നത് ഓര്‍മ്മയുണ്ട്. പുഴയിലേക്ക് നോക്കി കിടക്കുന്ന ആ ശില്‍പം ഇപ്രാവശ്യം ചെന്നപ്പോള്‍ മഞ്ഞിനുള്ളിലായിരിക്കുന്നു. മ്യുസിയവും അടഞ്ഞു കിടക്കുന്നു. ഇനി ഞാന്‍ ചെല്ലുന്നത് നോക്കിയിരിക്കുകയാണാവോ ഇവരിത് അടച്ചിടാന്‍? മ്യുസിയം ഓഫീസ് തുറന്നിട്ടുണ്ട് പക്ഷെ സന്ദര്‍ശകര്‍ക്ക് തിങ്കളാഴ്ച മ്യുസിയത്തിലേക്ക് പ്രവേശനം ഇല്യാന്ന് അവിടെത്തെ ജീവനക്കാരി സോറി പറഞ്ഞു കൊണ്ട് ഞങ്ങളെ അറിയിച്ചു. അതാണ്‌ കാര്യം, ഇവിടെ തിങ്കളാഴ്ച നല്ല ദിവസമാണ്.

ലാ ബേയിലെ മത്സ്യകന്യകയെ കുറിച്ച് ദേശക്കാരുടെതായ ഒരു കഥയുണ്ട്. ഓരോ ദേശങ്ങള്‍ക്കുമുണ്ടാവും അവരുടെതായ സ്വന്തം വാമൊഴി കഥകള്‍. പരമ്പരാഗത സ്വത്ത് പോലെ കൈമാറുന്ന കഥകള്‍ കാലാകാലം അതാത് ദേശക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. ഇവിടെ കഥയിലെ നായകനൊരു നാവികനും നായിക മത്സ്യകന്യകയുമാണ്. സുന്ദരിയായ മത്സ്യകന്യകയെ സാഗ്_നി പുഴ കടക്കുമ്പോള്‍ നാവികന്‍ കണ്ടു. കന്യകയുടെ സൗന്ദര്യത്തില്‍ മയങ്ങിയ നാവികന്‍ അവര്‍ക്കൊരു മധുരനാരങ്ങ സമ്മാനിക്കുന്നു. വെള്ളത്തിനടിയില്‍ മുത്തും പവിഴവുമുണ്ട് പക്ഷേ എന്‍ഡോസള്‍ഫാന്‍ പഴങ്ങളും പച്ചക്കറികളും ഇല്ലായിരിക്കും. സ്വാദിഷ്ടമായ മധുരനാരങ്ങയുടെ മണമാണ് മത്സ്യകന്യകയെ ആകര്‍ഷിച്ചത്. തന്‍റെ നീണ്ട തലമുടിയില്‍ നാരങ്ങയുടെ മണം പിടിപ്പിക്കാനായി അവരത് മുടിയില്‍ തടവിയത്രേ. അപ്പോഴാണ്‌ നമ്മുടെ നായകന്‍ അവരുടെ മുടി കാണുന്നതും കണ്ടുമുട്ടിയതിന്റെ ഓര്‍മ്മക്കായി മത്സ്യകന്യകയുടെ തലമുടി മുറിച്ചെടുക്കുന്നതിനായി കത്രികയുമായി ചെന്നതും. നാവികന്‍റെ ആ ശ്രമം പാളി... നായിക കോപാകുലയായി. പുഴയിലെ വെള്ളത്തില്‍ ആകാശത്തോളം വലിയ തിരകളുണ്ടാക്കി പ്രതിഷേധിച്ചു. പാവം നാവികന്‍... അയാളെ തിര കൊണ്ടു പോയി. കുറേക്കാലത്തിന് ശേഷം കൈയില്‍ കത്രിക പിടിച്ചൊരാളുടെ മൃതദേഹം പുഴയുടെ തീരത്തണഞ്ഞുവെന്നാണ് കഥ. സാഗ്_നി പുഴയെ സംരക്ഷിക്കുന്നത് മത്സ്യകന്യകയാണെന്ന് വിശ്വസിക്കുന്ന ആളുകള്‍ ഇപ്പോഴും ഇവിടെയുണ്ട്. വേനല്‍കാലത്ത്‌ രാത്രി പുഴയില്‍ നിന്ന് ശ്രുതിമധുരമായ പാട്ട് കേള്‍ക്കാറുണ്ടെന്ന് പുഴ കടക്കുന്നവര്‍ പറയുന്നു. ദേശക്കാരുടെ വിശ്വാസമല്ലേ തിരുത്തേണ്ട... ഒരു കണക്കിന് വിശ്വാസവും നല്ലതാണ് മനുഷ്യരുടെ സ്വാര്‍ത്ഥ താല്പര്യങ്ങളില്‍ നിന്നൊരു പുഴക്കെങ്കിലും മോചനം കിട്ടിയാലോ. കഥ കേട്ടെങ്കിലും മത്സ്യകന്യകയെയോ മ്യുസിയമോ കാണാനാകാതെ ഞങ്ങള്‍ അവിടെന്നു മടങ്ങി.

Ice Fishing Village in River Saguenay

കുറച്ചു ദൂരം പോയപ്പോഴാണ് ഐസായി കിടക്കുന്ന വെളുത്ത സാഗ്_നി പുഴയുടെ നടുക്ക് ടെന്റുകള്‍ നിരനിരിക്കുന്നത് കണ്ടത്. അടുത്ത ചിന്ത  അങ്ങോട്ട്‌ എങ്ങിനെ എത്തിപ്പെടുമെന്നായിരുന്നു. ഒരിടത്ത് നിര്‍ത്തിയപ്പോള്‍ പുഴയിലേക്ക് ഇറങ്ങാനൊരു വഴി കണ്ടു. പക്ഷെ അവിടെയുള്ള ഐസിന് ഞങ്ങളുടെ ഭാരം താങ്ങാനുള്ള കരുത്തില്ലെങ്കില്‍ ആര്‍ക്കും ഭാരമാകാതെ  800 അടി താഴ്ചയിലുള്ള മത്സ്യകന്യകയുടെ കൊട്ടാരത്തിലെത്തും. ശരീരം കോസ്റ്റ് ഗാര്‍ഡുകള്‍ കണ്ടെത്തുന്നത് വരെ മധുരനാരങ്ങയും തിന്ന് പാട്ടും പാടി അവിടെ സുഖായിട്ട് കഴിയാം. പുഴയിലെ ഐസിന് വേണ്ടത്ര കട്ടിയുണ്ടോയെന്ന കാര്യത്തിലുള്ള ആശങ്കക്ക് കാരണമുണ്ട്. ഇപ്രാവശ്യത്തെ മഞ്ഞുകാലം വളരെ പരിമിതമായിരുന്നു. എണ്‍പത് സെന്റിമീറ്ററോളം മഞ്ഞു വീഴ്ച രേഖപ്പെടുത്തുന്ന ടോറോന്റോയില്‍ ആകെ കിട്ടിയത് ഇരുപത് സെന്റിമീറ്റര്‍ മഞ്ഞാണെത്രേ. ഇത് കാലാവസ്ഥ നിരീക്ഷകരുടെ വെറും കണക്കു മാത്രമല്ല. ഞങ്ങളുടെ കൈവശമുള്ള മുന്‍ വര്‍ഷങ്ങളിലെ ഫോട്ടോകളും ഈ മാറ്റം തെളിയിക്കുന്നു.

‘ഞാനൊക്കെ കുട്ടിയായിരിക്കുമ്പോള്‍ വൈറ്റ് ക്രിസ്മസാകരുതേയെന്നായിരുന്നു ഡിസംബറിലെ ഞങ്ങളുടെ പ്രാര്‍ത്ഥന. ഇന്നിപ്പോള്‍ മക്കള്‍ പ്രാര്‍ത്ഥിക്കുന്നത്‌ ഇപ്രാവശ്യമെങ്കിലും വൈറ്റ് ക്രിസ്മസായാല്‍ മതിയായിരുന്നുവെന്നാണ്. പേടിപ്പെടുത്തുന്ന വ്യതിയാനമാണ് സുഹൃത്തേ കാലാവസ്ഥയില്‍ വന്നിരിക്കുന്നതെ’ന്ന് കമ്പനിയുടെ ക്രിസ്മസ് പാര്‍ട്ടിയില്‍ വെച്ചാണ് ഡേവിഡ് വേവലാതിയോടെ കാലാവസ്ഥയിലെ മാറ്റത്തെപ്പറ്റി സംസാരിച്ചത്.  മഞ്ഞന്വേഷിച്ച് ഞങ്ങള്‍ ഇരുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ഹണ്ട്സ് വില്ലിയിലും പോയിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അവിടെ  സ്നോ സ്കീയിംഗിനുള്ള ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. മഞ്ഞ് ഇല്ലല്ലോന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അണ്ണാന്‍റെ കുടുംബത്തില്‍പ്പെട്ട ഗ്രൗണ്ട്ഹോഗ് അവന്‍റെ മാളത്തില്‍ നിന്ന് പുറത്തിറങ്ങി കാലാവസ്ഥ പ്രവചനം നടത്തിയത്. കാനഡയില്‍ രണ്ട് ഗ്രൗണ്ട്ഹോഗിനെ പ്രത്യേകമായി  പോറ്റി വളര്‍ത്തുന്നുണ്ട്. ഇവരാരാന്നാ വിചാരം?

Groundhogs - Image courtesy Google

നോവാസ്കോഷിയ പ്രോവിന്സിലെ സാമും, ഒണ്ടാറിയോയിലെ വില്ലിയും. ഇവിടുത്തെ വിശ്വാസമനുസരിച്ച് ഗ്രൗണ്ട്ഹോഗ് മാളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അതിന്‍റെ സ്വന്തം നിഴല്‍ കണ്ടിട്ടില്ലെങ്കില്‍ വസന്തകാലം നേരെത്തെയെത്തുമെന്നും ഇനി നിഴലെങ്ങാനും കണ്ടാലോ വസന്തം വൈകുമെന്നാണത്രേ. പ്രവചന ദിവസം ‘ഗ്രൗണ്ട്ഹോഗ് ഡേ’ യായി ഞങ്ങള്‍ ആഘോഷിക്കും. മറ്റൊരു ഗ്രൗണ്ട്ഹോഗായ വില്ലോയുടെ മരണത്തെ തുടര്‍ന്ന് ഇപ്രാവശ്യം ആഘോഷങ്ങള്‍ ചുരുക്കിയിരുന്നു. ഫെബ്രുവരി രണ്ടാം തിയതി സാം മാളത്തില്‍ നിന്ന്  പുറത്തിറങ്ങിയെങ്കിലും നിഴലു കണ്ടില്ല, പക്ഷെ ഒണ്ടാറിയോയിലെ വില്ലി അവന്‍റെ നിഴലു കണ്ടു. ആര് പറഞ്ഞത് ശരിയാവുമെന്ന് കാത്തിരുന്ന് കാണാം. വില്ലിയുടെ പ്രവചനമനുസരിച്ച് ആറാഴ്ച കഴിഞ്ഞേ വസന്തം ഇങ്ങോട്ടെത്തൂ. അങ്ങിനെയാണെങ്കില്‍  ഐസ് പുഴയിലെ ഐസൊന്നും ഉരുകാറായിട്ടില്ല. ഒന്നിറങ്ങിയാലോ..

ഒണ്ടാറിയോയുടെ ഫിഷിംഗ് ലൈസന്‍സ് ഞങ്ങളുടെ കൈവശമുണ്ട്. ഇവിടെ ഇങ്ങിനെയൊക്കെയാണ്. പുഴ കാണുമ്പോള്‍ വെറുതെ ഒന്ന് പോയി മീന്‍ പിടിച്ചു വരാനൊന്നും പറ്റില്ല. കാറോടിക്കാന്‍ ലൈസന്‍സെടുക്കുന്നത് പോലെതന്നെ പ്രധാനമാണ് മീന്‍ പിടിക്കാനുള്ള ലൈസന്‍സിനും. ഞങ്ങള്‍ക്ക് ക്യുബെക്കിലെ ഫിഷിംഗ് ലൈസന്‍സില്ല. ഇനി എവിടെ പോയാലാണ് ഫിഷിംഗ് ലൈസന്‍സ് കിട്ടുകയെന്നും നിശ്ചയമില്ലായിരുന്നു. ഐസ് ഫിഷിംഗ് നടക്കുന്ന സ്ഥലത്തേക്ക് കടക്കാനുള്ള ഗേറ്റില്‍ സെക്യൂരിറ്റിയുണ്ട്. മീന്‍ പിടിക്കണമെങ്കില്‍ അതാത് പ്രൊവിന്‍സുകളുടെ ലൈസന്‍സും പിന്നെ പെര്‍മിറ്റും വേണമെന്ന നിയമം അറിയാം. എന്നാലും വെറുതെ ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി. കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി... ഞങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു കാര്‍ അനുവാദത്തിനായി കാത്തു നില്‍പ്പുണ്ട്. അവരെ തിരിച്ചു വിടുന്നത് കണ്ടപ്പോള്‍ തന്നെ ഞങ്ങളുടെ ആവേശമൊക്കെ തണുത്തു. അടുത്ത ഊഴം ഞങ്ങളുടെതാണ്. മീന്‍ പിടിക്കാനല്ല അകത്തു കടന്ന് ഐസ് ഫിഷിംഗിന്‍റെ കുറച്ചു ഫോട്ടോയെടുക്കാന്‍ അനുവദിക്കുമോന്ന്‍ ചോദിച്ചപ്പോള്‍, ‘അഞ്ച് ഡോളറിന്‍റെ ടിക്കറ്റ്‌ എടുത്തിട്ട് കടന്നോളൂ’ എന്ന മറുപടി കേട്ട് ഇറങ്ങി ഓടിയാലും തെറ്റില്ലാന്ന് തോന്നിട്ടോ. കാറിന്‍റെയും ഞങ്ങളുടെയും ഭാരമൊക്കെ തിട്ടപ്പെടുത്തി ടിക്കെറ്റും തന്ന് അയാള്‍ ഞങ്ങളെ പുഴയിലേക്ക് കടത്തി വിട്ടു. ഫെഡറല്‍ ഗവണ്മെന്റിന്‍റെ നിയന്ത്രണത്തിലുള്ള ഐസ് ഫിഷിംഗ് വില്ലേജായതിനാല്‍ ക്യുബെക് പ്രോവിന്സിന്‍റെ ലൈസന്‍സ് വേണ്ടാന്നാണ്‌ സെക്യൂരിറ്റി ചേട്ടന്‍ പറഞ്ഞത്. ഇനി ഫ്രഞ്ച് ഭാഷാജ്ഞാനം കൊണ്ട് ഞങ്ങള്‍ മനസ്സിലാക്കിയതില്‍ പിഴവുണ്ടോന്നുള്ളത് പോലീസ് പിടിക്കുമ്പോള്‍ വ്യക്താവുന്നും പറഞ്ഞു ഹുസ്സൈന്‍ വണ്ടിയെടുത്തു. പടം പിടുത്തമെനിക്ക് പറഞ്ഞിട്ടില്ലെങ്കിലും ധൈര്യത്തിന് ബാഗില്‍ നിന്ന് ക്യാമറയൊക്കെ ഞാനെടുത്ത് മടിയില്‍ വെച്ചിരുന്നു.
പുഴയിലെ മീന്‍ ഗ്രാമം 
ഐസ് പുഴയില്‍ 15 കിലോമീറ്റര്‍ സ്പീഡിലേ വണ്ടിയോടിക്കാവൂ എന്നെഴുതി വച്ചിട്ടുണ്ട്. സ്പീഡ് കൂടിയാല്‍ ഐസില്‍ വിള്ളലുണ്ടാവും. സ്പീഡ് നന്നേ കുറച്ചിരുന്നു. ജി.പി.എസിലേക്ക്‌ നോക്കുമ്പോഴാണ് വെള്ളത്തിലൂടെയാണല്ലോ വണ്ടിയോടിക്കുന്നത് എന്നോര്‍മ്മവരിക. അല്ലെങ്കില്‍ ഏതോ ഒരു ഐസ് റോഡിലൂടെ പോവുകയാണെന്നേ തോന്നൂ. പുഴയിലെ തെരുവില്‍ നിരനിരയായി ക്യാബിനുകള്‍ ഉണ്ട്. ഓരോ തെരുവിനും മീനുകളുടെ പേരാണ്. സാല്‍മണ്‍ സ്ട്രീറ്റ്, കോഡ്‌ സ്ട്രീറ്റ്, ട്രൌട്ട് സ്ട്രീറ്റ് എന്നൊക്കെയാണ് പേരിട്ടിരിക്കുന്നത്. ക്രൂയിസ് കപ്പലുകള്‍ പോകുന്ന വലിയ പുഴയാണ് സാഗ്_നി. പുഴയിലെ മത്സ്യ സമ്പത്തും ബഹുകേമാണ്‌. സാഗ്_നി-സെന്റ്‌. ലോറന്‍സ് മറൈന്‍ പാര്‍ക്കെന്ന പേരിലൊരു അണ്ടര്‍വാട്ടര്‍ മറൈന്‍ പാര്‍ക്കൊക്കെ സ്വന്തമായിട്ടുള്ള പുഴയാണ് സാഗ്_നി. മുകളില്‍ ശുദ്ധജലവും അടിയില്‍  ഉപ്പ് വെള്ളവുമാണ് സാഗ്_നിയില്‍. അതിനാല്‍ പുഴമീനുകളും കടല്‍ മത്സ്യങ്ങളും ഇതില്‍ സുലഭം.

ബെലൂഗ, നീല തിമിംഗലങ്ങളൊക്കെയാണ് സാഗ്_നി പുഴയിലെ അന്തേവാസികള്‍. കൂടാതെ ട്രൌട്ട്, വാള്‍ഐ, ഗ്രീന്‍ലാന്‍ഡ്‌ കോഡ്‌, ഹാലിബട്ട്‌, എന്നീ ചെറുതല്ലാത്ത മീനുകളും ഇവര്‍ക്ക് കൂട്ടായിട്ടുണ്ട്. ഫോട്ടോയെടുക്കാനായി വണ്ടി നിര്‍ത്തി താഴെയിറങ്ങാന്‍ നോക്കിയപ്പോഴുണ്ട് ഐസില്‍ ചെറിയൊരു വിള്ളല്‍! അവിടെന്ന് ജീവനും കൊണ്ട് എങ്ങോട്ടോടാന്‍. പുഴയുടെ നടുക്കല്ലേ? അവിടെയൊരു സ്റ്റോപ് സിഗ്നല്‍ വെച്ചത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലായിരുന്നു. മറ്റൊരിടത്ത് വണ്ടി നിര്‍ത്തി ഇറങ്ങുമ്പോഴാണ് പുറകില്‍ പോലിസ് വണ്ടിയുണ്ടായിരുന്ന കാര്യമറിയുന്നത്. ഞങ്ങള്‍ വഴി മാറിയത് കണ്ട് വന്നതായിരിക്കാം. കൈയുയര്‍ത്തി ഞങ്ങളെ അഭിവാദ്യം ചെയ്ത് അവര്‍ കടന്നു പോയി. ഐസില്‍ ഉറച്ചു പോയ രണ്ടു കപ്പലുകളും പുഴയിലുണ്ട്. ആവശ്യത്തിന് ഫോട്ടോസ് കിട്ടിയപ്പോള്‍ ഹുസ്സൈന് മീന്‍പിടിക്കണമെന്നായി. മീന്പിടിച്ചില്ലെങ്കിലും വേണ്ടില്ല ആരെങ്കിലും മീന്‍ പിടിക്കുന്നത്‌ കണ്ടാമതിയെന്നായിരുന്നു എന്‍റെയൊരു മോഹം. ആളുകളൊക്കെ ക്യാബിനകത്താണ്. ആരെയും പുറത്തേക്ക് കാണുന്നുമില്ല. ആരെങ്കിലും പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കുക തന്നെ.

പുഴയിലെ മീന്‍ തെരുവില്‍ 

അമരിന്ത്യന്‍സെന്നറിയപ്പെടുന്ന ഗോത്ര സമുദായക്കാരാണ് ഐസ് ഫിഷിംഗി(pêche blanche)ന്‍റെ തലതൊട്ടപ്പന്മാര്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉറച്ച വെള്ളത്തില്‍ മീന്‍പിടിക്കുന്ന സ്ഥലമാണ് കാനഡ. ആ, ഹുസ്സൈനെ പോലെ വെള്ളത്തില്‍ മീന്പിടിക്കാത്തവര്‍ ഏറെയുണ്ടാവും. ‘ഐസ്’ ഹോക്കി കളിക്കാന്‍ മാത്രമല്ല ഫിഷിംഗിനും കൂടിയുള്ളതാണെന്നാണ് മീന്‍പിടുത്തക്കാരുടെ മുദ്രാവാക്യം! പണ്ടിത് ഉപജീവനത്തിനായിരുന്നെങ്കില്‍ ഇന്ന് 60 % മീനുകളെയും പിടിച്ചിട്ട് വിട്ടയക്കുകയാണ് ചെയ്യുന്നത്. ചൂണ്ടലിട്ട് അന്തമില്ലാതെ കാത്തിരിക്കുന്നതില്‍ എന്ത് രസമാണുള്ളതെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. കുട്ടികളായിരുന്നപ്പോള്‍ ഭാരതപ്പുഴയില്‍ തോര്‍ത്ത്‌ വിരിച്ച് പരല്‍മീനുകളെ പിടിച്ച് കളിച്ചിരുന്നു. ഈ ഐസില്‍ മീനിനെ എങ്ങിനെയാണാവോ കാണുക? നമ്മുടെ വാഹനങ്ങള്‍ ഐസായ പുഴകളില്‍ ഇറക്കണമെങ്കില്‍ മുപ്പത് സെന്റിമീറ്ററോ അതിന് മുകളിലോ കനത്തില്‍ ഐസ് ഉറച്ചിരിക്കണം. ഐസ് ഫിഷിംഗിന് പുറപ്പെടും മുമ്പ് കാലാവസ്ഥയും ഐസിന്‍റെ കനവും അറിഞ്ഞുവെക്കണമെന്നാണ് ആദ്യത്തെ പ്രധാന ചട്ടം. 2009 ലാണ് നൂറാളുകള്‍ മീന്പിടിച്ചു കൊണ്ടിരുന്ന ഐസ് കട്ട വേര്‍പ്പെട്ട് പോയത്. സഹായത്തിന് വിളിച്ച കോസ്റ്റ് ഗാര്‍ഡുകള്‍ എത്തി രക്ഷപ്പെടുത്തുമ്പോഴേക്കും അതിലൊരാള്‍ ശരീരത്തിലെ താപനില ക്രമാതീതമായി കുറഞ്ഞ് മരണപ്പെട്ടിരുന്നു. ഇങ്ങിനെയോരോ കാര്യങ്ങള്‍ പറഞ്ഞ് ഐസ് പുഴയുടെ നടുക്ക് മീന്‍ മണമുള്ള കാറ്റും കൊണ്ട് പ്രണയിച്ചിരിക്കുമ്പോഴാണ് മാരിയോ ഞങ്ങളെ കണ്ടത്.

അതെ, മാരിയോ തന്നെ. പ്രേതങ്ങളുടെ താഴ്‌വരയില്‍നിന്ന് മൂന്നാഴ്ചക്ക് ഐസ് ഫിഷിംഗിനായി ക്യാബിനുമെടുത്ത് സാഗ്_നി പുഴയില്‍ താമസിക്കുന്ന മാരിയോ. വേനലില്‍  ഐസ് ഉരുകി വെള്ളം നിറഞ്ഞ പുഴയില്‍ മീന്‍ പിടിക്കാന്‍ ഇഷ്ടമില്ലാത്ത മനുഷ്യന്‍. എന്തെല്ലാം തരത്തിലുള്ളവരാണ് നമുക്കിടയില്‍... ഓരോരുത്തര്‍ക്കും ഓരോ തരം കിറുക്കുകള്‍. ആയിരം കിലോമീറ്റര്‍ വണ്ടിയോടിച്ച് വന്ന് മഞ്ഞുമൂടി കിടക്കുന്ന മല കയറിയിറങ്ങി, ഐസ് പുഴയില്‍ മാരിയോയുടെ കൂടെ മീന്‍ പിടിക്കാനിരിക്കുന്ന ഞങ്ങള്‍ക്കുമുണ്ടല്ലോ കുറേശ്ശെ സുഖമില്ലായ്മ. മാരിയോ, നിന്‍റെ നാടൊക്കെ കണ്ടുവരുന്ന വഴിയാണെന്ന് പറഞ്ഞപ്പോള്‍, ടോറോന്റോ പോലെ തിരക്കൊന്നുമുണ്ടാവില്ല ഇഷ്ടായോന്നാണ് അയാള്‍ക്കറിയേണ്ടിയിരുന്നത്.


With Mario

ഉറക്കമുണരാന്‍ വൈകിയതിനാല്‍ ചൂണ്ടലിട്ടില്ല ഇനി നമുക്ക് ഒന്നിച്ചു ചൂണ്ടലിടാമെന്നും പറഞ്ഞ് മാരിയോ ഞങ്ങളെ ക്യാബിന്‍റെ പുറകിലേക്ക് കൊണ്ട് പോയി. അവിടെ കുറച്ച് ഉയരമുള്ളൊരു മരപലകയുടെ മുകളില്‍ രോമത്തിന്‍റെ വിരിപ്പൊക്കെയിട്ട് മാരിയോ നല്ലൊരു ഇരിപ്പിടം ഉണ്ടാക്കിയിട്ടിട്ടുണ്ട്. അതിന് മുന്നിലായാണ് മീന്‍ പിടിക്കാന്‍ കുഴിച്ചിരിക്കുന്നത്. തിമിംഗലത്തിന് കയറി പോരാനുള്ള വീതി- വിസ്താരമുണ്ടോന്നാണ് ഞാനാദ്യം നോക്കിയത്. അതില്ല. എത്തി നോക്കിയാല്‍ വെള്ളം കാണാം. ഡ്രില്‍ (ഓഗര്‍) ഉപയോഗിച്ചാണ് ഐസ് തുളച്ചതെന്ന് മാരിയോ പറഞ്ഞു. പണ്ടത്തെപ്പോലെ മഴു കൊണ്ട് വെട്ടി പൊളിച്ച് ചൂണ്ടലിട്ടു ഇന്നാരും കാവലിരിക്കുകയില്ല. ഫിഷ്‌ ഫൈന്‍ഡര്‍ ഉപയോഗിച്ച് മീന്‍ എവിടെയുണ്ടെന്ന് കണ്ടെത്തി അവിടെ കുഴിച്ച് മീന്‍ പിടിക്കുന്ന കാലമല്ലേ.

ഒറ്റ ദിവസത്തേക്ക് വരുന്നവരുടെ പക്കല്‍ ഇങ്ങിനെയൊക്കെയുള്ള അത്യാധുനിക സംവിധാനമൊക്കെയുണ്ടാവും. മാരിയോക്ക് മൂന്നാഴ്ചത്തെ വിശാലമായ മീന്‍ പിടിത്തകാലമാണ്. രണ്ട് ചൂണ്ടലുകളുമായാണ് അയാള്‍ വന്നിരിക്കുന്നത്. 'എന്തിനാണ് ഇത്ര ധൃതി. ആസ്വദിച്ച് മീന്‍ പിടിക്കണ'മെന്നതാണ് മാരിയോ സിദ്ധാന്തം. പുഴയില്‍ മാരിയോ താമസം തുടങ്ങിയിട്ട് ഒരാഴ്ചയായി. വന്ന ദിവസം കുഴിച്ച കുഴിയാണ്. ചിലപ്പോള്‍ നേരം പുലരുമ്പോള്‍ മഞ്ഞുവീണ് കുഴി മൂടിയിട്ടുണ്ടാവും അപ്പോള്‍ കത്തിയോ മറ്റോ ഉപയോഗിച്ച് ഐസ് ഇളക്കി മാറ്റും. അല്ലാതെ വേറെ കുഴിക്കില്ല. തണുപ്പല്ലേ കുഴിയിലെ വെള്ളത്തിന്‌ മുകളില്‍ പാട പോലെ ഐസ് കെട്ടിയിട്ടുണ്ടാവും  അത് നീണ്ട സ്പൂണ്‍ കൊണ്ട് ഇടയ്ക്കിടെ കോരി കളയണം...ചൂണ്ടലില്‍ ചെമ്മീന്‍ കോര്‍ക്കുന്നതിനിടയിലാണ് മാരിയോ ഞങ്ങളോട് ഐസ് ഫിഷിംഗ് തന്ത്രങ്ങളും അനുഭവങ്ങളും പറഞ്ഞു തന്നത്. ഇത്രയൊക്കെ പറഞ്ഞതല്ലേ മാരിയോയെ സഹായിക്കാനായി അവിടെയുണ്ടായിരുന്ന വലിയൊരു സ്പൂണിട്ട് കുഴിയില്‍ നിന്ന് ഞാനും കുറച്ച് ഐസ് കോരി കളഞ്ഞു. 

ഇപ്പോ ശരിയാക്കിത്തരാം....
മീന്‍ പിടിക്കാന്‍ കുഴിച്ച കുഴിയുടെ അടുത്ത് മാരിയോ രണ്ടു മര കഷ്ണങ്ങള്‍ കുത്തിനിര്‍ത്തിയിട്ടുണ്ട്. അത് കണ്ടപ്പോള്‍ പണ്ട് മാവിന്‍റെ ചോട്ടില്‍ ഞങ്ങള്‍ കുഞ്ഞു വീടും, കിണറും, ചെറിയ മരച്ചില്ലകള്‍ കൊണ്ട് കപ്പിയും നൂലില്‍ പ്ലാസ്റ്റിക്‌ പാത്രത്തിന്‍റെ പൊട്ടിയ കഷ്ണവും കെട്ടിവെച്ച് വെള്ളം കോരാനുള്ള  തൊട്ടിയുമൊക്കെ ഉണ്ടാക്കി കളിച്ചതാണ് ഓര്‍മ്മ വന്നത്. പലകയിലിരുന്ന് ബെലൂഗയെങ്ങാനും കുഴിയുടെ അടുത്തേക്ക് വരുന്നുണ്ടോന്ന് നോക്കി കൊണ്ടിരിക്കുന്ന എന്‍റെ കൈയിലേക്ക് ചൂണ്ടലും തന്ന് മാരിയോ ക്യാബിനിലേക്ക്‌ പോയി. ക്യാമറയിലൂടെ മീന്‍ പിടിക്കണ ഹുസ്സൈനും മീന്‍ പൊരിച്ചു തിന്നാനല്ലാതെ ചൂണ്ടലെന്താന്നറിയാത്ത പാത്തുവും മാരിയോ വരുന്നത് വരെ അതും പിടിച്ചവിടെയിരുന്നു. മാരിയോ വന്നതിനുശേഷം ചൂണ്ടലിലെ ഇര കോര്‍ത്ത ഭാഗം  വെള്ളത്തിലേക്ക് ഇട്ട്, ചൂണ്ടല്‍ ഐസില്‍ കുത്തിവെച്ചിരിക്കുന്ന മരത്തിലെ ആണിയില്‍ കൊളുത്തി പലകയില്‍ വെച്ചു. ഇനി ഇടയ്ക്കിടയ്ക്ക് ഒന്നിളക്കി നോക്കണമെന്ന് പറഞ്ഞ് കയ്യുറകളൊക്കെ ഊരി പലകയില്‍ വെച്ചു. ഐസിനു താഴെ സ്വസ്ഥായിട്ട് ജീവിക്കുന്നവരെ പുറത്തെത്തിക്കാനുള്ള കളിക്കോപ്പുകള്‍ കാറ്റില്‍ പാറി പോകാതിരുന്നാല്‍ മതിയായിരുന്നു...

രണ്ട് ദിവസം മുമ്പ് വലിയ ട്രൌട്ട് കിട്ടിയിരുന്നൂന്ന്‍ മാരിയോ പറഞ്ഞപ്പോള്‍ പണ്ട് പട്ടാമ്പി പുഴയില്‍ നിന്ന് പിടിച്ച വാളയുടെ കാര്യമൊക്കെ ഞാനും  പറഞ്ഞു കൊടുത്തു. ഇവിടെ ഐസായാലും മീന്‍ കിട്ടും അവിടെ പുഴയില്‍ വെള്ളോല്യ, മീനൂല്യ. ആകെ മണലാണെന്ന് മാത്രം ഞാന്‍ പറഞ്ഞില്ല. മീന്‍ വെട്ടി വൃത്തിയാക്കുന്നതൊക്കെ ക്യാബിന് പുറത്തു ഐസില്‍ വെച്ചാണ്. പിന്നെ ഉപ്പും കുരുമുളകും വിതറി ബേയ്ക്കിംഗ്. വാള പൊരിച്ചു തിന്നതൊക്കെ ഓര്‍ത്തപ്പോള്‍ വിശന്നെങ്കിലും മീന്‍ ബേയ്ക്കിംഗ് ആലോചിച്ചപ്പോള്‍ തന്നെ വിശപ്പ്‌ ഐസായി. ഇന്ന് മീന്‍ കിട്ടിയാല്‍ വിട്ടയക്കുമെന്നാണ് മാരിയോ പറഞ്ഞത്. സാഗ്_നിയുടെ ജല സമ്പത്ത് സെക്കിന് കീഴിലാണ്. (ZEC – Zone of Exploitation Control). അതിനാല്‍ ഏത് മീന്‍ എത്രയെണ്ണം പിടിക്കാമെന്നതിനൊക്കെ കൃത്യമായ കണക്കുണ്ട്. ഇല്ലെങ്കില്‍ നല്ലൊരു സംഖ്യ ഫൈന്‍ അടക്കേണ്ടി വരും.

Mario's Cabin

ഞങ്ങള്‍ക്ക് തിരിച്ചു പോകാന്‍ നേരമായിരുന്നു. യാത്ര പറഞ്ഞെണീറ്റപ്പോള്‍ മാരിയോ ഞങ്ങളെ ക്യാബിനിലേക്ക്‌ ക്ഷണിച്ചു. അതിനുള്ളില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. പുറത്തിരുന്നു തണുക്കുമ്പോള്‍ അകത്തു കയറി ഇരിക്കും. ചിലര്‍ക്ക് മീന്‍ കൊത്തിയോ എന്നറിയാനുള്ള സെറ്റപ്പൊക്കെ ക്യാബിനുള്ളില്‍ തന്നെയുണ്ടത്രേ. മാരിയോന്‍റെ അടുക്കല്‍ അതില്ല. അതിനാല്‍ ഇടയ്ക്കിടയ്ക്ക് പുറത്തു ചെന്ന് കുഴിയില്‍ ഐസ് കെട്ടിയിട്ടുണ്ടോന്നും ചൂണ്ടലിന്‍റെ അവസ്ഥയും നോക്കണം. അതൊക്കെയാണ്‌ ആകെയുള്ള പണികള്‍. സന്തോഷത്തോടെയാണ് മാരിയോ ഞങ്ങള്‍ക്ക് ക്യാബിന്‍ കാണിച്ചു തന്നത്. നാഗരികതയുടെ കാപട്യങ്ങളൊന്നുമില്ലാത്തൊരു സാധാരണ മനുഷ്യന്‍. തിരക്കില്‍ നിന്നെല്ലാം ഒഴിഞ്ഞ് പ്രകൃതിയോടൊത്ത് സ്വസ്ഥമായിരിക്കാനാണത്രേ വര്‍ഷാവര്‍ഷം മാരിയോ ഐസ് ഫിഷിംഗിന് വരുന്നത്. ഐസായി കിടക്കുന്ന പുഴയിലെ കാറ്റും തണുപ്പും ആസ്വദിച്ച് മീന്‍ പിടിക്ക്യ മറ്റൊന്നും അറിയുകയേ വേണ്ടാന്ന്. അതൊരു ധ്യാനമാണ്. ഒരിക്കല്‍ അനുഭവിച്ചാല്‍ പിന്നെ അതിലേക്ക് നമ്മളറിയാതെ മടങ്ങിവരുമെന്നൊക്കെ പറഞ്ഞാണ് മാരിയോ ഞങ്ങളെ യാത്രയാക്കിയത്. സാഗ്_നിയില്‍ നിന്നുള്ള മടക്കം പുഴയിലെ മീന്‍ മണമില്ലാത്ത അനുഭവങ്ങളുടെ തണുത്ത കാറ്റിനൊപ്പമായിരുന്നു... പുഴയോര്‍മ്മകളുടെ സുഖമുള്ള കാറ്റ്! 




48 comments:

  1. കൊതി തോന്നുന്നു സാഗ് നി പുഴയിലെ ഐസ് മെത്തയിലൂടെ നടക്കാൻ, മത്സ്യ കന്യകയുടെ പാട്ടു കേൾക്കാൻ. അപ്പോഴും വലിയ ആഴമുള്ള പുഴയുടെ മകളിലാണ് ഈ അഭ്യാസം എന്നോർക്കുമ്പോൾ ഭയമില്ലാതില്ല. അൽപമൊക്കെ സാഹസികതയില്ലെങ്കിൽ പിന്നെ എന്തോന്ന് ത്രിൽ അല്ലെ. മാരിയോ ഒരു പ്രതീകമാണ്. ഏതെല്ലാം ഇടങ്ങളിൽ ഏതെല്ലാം തരം ജീവിതങ്ങൾ, രീതികൾ, വിനോദങ്ങൾ. തീർത്തും എനിക്ക് കുറെ കൌതുകങ്ങൾ സമ്മാനിച്ചു ഈ വായന.

    നല്ല വിവരണം. യാത്രകൾ എന്നും ഹരമാണ്. യാത്രാ വിവരണങ്ങൾ വായിക്കാനും.. നന്ദി മുബി.

    ReplyDelete
    Replies
    1. Travelling leaves you speechless then turns you to a story teller..."എന്നല്ലേ അക്ബര്‍. അറിഞ്ഞു വായിച്ചതില്‍ ഏറെ സന്തോഷമുണ്ട്... നന്ദി

      Delete
  2. നല്ല വിവരണം. ഈ ബ്ലോഗിലെ വായന ഒരു യാത്രയുടെ ശരിയായ സുഖം തരുന്നതാണ് എന്നും. തുടരുക പ്രയാണം

    ReplyDelete
    Replies
    1. കിനാവേ... ഈ വഴിക്ക് കണ്ടത് തിരിച്ചു വരവിന്‍റെ സൂചനയാണെന്ന് കരുതട്ടെ. തിരക്കിലും എന്നെ വായിച്ചൂലോ, അത് മതി. :)

      Delete
  3. ഐസില്ലാത്ത നാട്ടിലുളള ഞങ്ങളെ കൊതിപ്പിക്കാനായി ഇറങ്ങിയിരിക്കുകയാണല്ലേ... കുറേ കാലത്തിന് ശേഷം വായിച്ചതാ.... ഇനിയും ഐസ് വിഷേശങ്ങള്‍ പോരട്ടെ...

    ReplyDelete
    Replies
    1. ഇവിടെയിങ്ങിനെ തണുത്ത് വിറങ്ങലിച്ചിരിക്കണ്ടാന്ന്‍ കരുതി പുറത്തിറങ്ങിയതാണ് സുനി... വായിച്ച് തണുത്തോ?

      Delete
  4. വിചിത്രമായി തോന്നുന്ന ലോകങ്ങളും വിനോദങ്ങളും!

    ReplyDelete
    Replies
    1. അതേ ലാസര്‍, വിചിത്രം തന്നെ ഓരോന്നും!

      Delete
  5. മുബീ, വീണ്ടും നല്ലൊരു വിവരണം. പടങ്ങള്‍ കണ്ടിട്ട് തണുക്കുന്നു :D
    അടുത്തതിനു കാത്തിരിക്കുന്നു.

    ReplyDelete
  6. ഐസ്‌ പുഴയിലെ മീന്‍പിടുത്തം
    കുഴിയില്‍നിന്നും‍ ഐസ് കോരിയെടുക്കുന്ന രംഗവും,ചിത്രങ്ങളും കണ്ണിനു കര്‍പ്പുരമായി.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ചേട്ടാ.. ഇനി ഐസാണെങ്കിലും മീന്‍ പിടിക്കാന്‍ പഠിച്ചു.

      Delete
  7. എന്റ കമ്പനിയില്‍ കാനഡയില്‍ ജനിച്ചു വളര്‍ന്ന ഒരു പാകിസ്ഥാനി ഉണ്ട് . അവന്റെ വീര കഥകള്‍ പലപ്പോഴും കാനഡ യാത്ര കൊതിപ്പിക്കാറുണ്ട് ..
    സൂപ്പര്‍ എഴുത്തും ചിത്രങ്ങളും ......... യാത്രകള്‍ തുടരട്ടെ

    ReplyDelete
    Replies
    1. ഇനി ആ ഭായിടെ കഥ കേള്‍ക്കുമ്പോള്‍ പറയാലോ ഇതൊക്കെ എനിക്കറിയാന്ന്... വായനയില്‍ സന്തോഷംട്ടോ :)

      Delete
  8. മഞ്ഞുപുഴക്ക് മുകളിലൂടെയുള്ള ഡ്രൈവിംഗും മഞ്ഞുപാളികള്‍ തുരന്നുള്ള മീന്‍പിടുത്തവും ഒക്കെക്കൂടി മനസ്സിനെ ത്രസിപ്പിച്ച ഒരു യാത്ര..
    വായിച്ചപ്പോള്‍ ഇങ്ങിനെ രസിച്ചെങ്കില്‍ അനുഭവിച്ചവരുടെ അനുഭൂതിയെന്തായിരിക്കും..!!
    വളരെ ഹൃദ്യം..വളരെ ആസ്വാദ്യം..

    ReplyDelete
    Replies
    1. ഇക്ക, എന്‍റെ കഴിവിനനുസരിച്ച് നിങ്ങളെ കൂടി ഈ യാത്രയില്‍ ചേര്‍ക്കാന്‍ വാക്കുകളിലൂടെയുള്ള ശ്രമം പാഴായില്ലല്ലോ. ഒരുപാടൊരുപാട് സ്നേഹം :)

      Delete
  9. കൊതിയാകുന്നു. വല്ല കാനഡയിലും ജനിച്ചാ മതിയായിരുന്നു.

    ReplyDelete
    Replies
    1. :) :) ഇടയ്ക്ക് ഞങ്ങളെ കാണാനും വരാലോ...

      Delete
  10. കൊതിപ്പിക്കുന്ന വിവരണം ....

    ReplyDelete
    Replies
    1. നന്ദി ഇസ്ഹാക്... സന്തോഷം

      Delete
  11. Athe.kothippikkunnu ee vivaranam

    ReplyDelete
    Replies
    1. ജുവൈരിയ... വായിച്ച് ഇഷ്ടായി എന്നറിയുന്നത് മനസ്സിന് ആഹ്ലാദമാണ്. ഇനിയും വരണം.

      Delete
  12. മനോഹരമായ വിവരണം.ആശംസകൾ !

    ReplyDelete
    Replies
    1. രാജേഷ്‌, സന്തോഷം... സ്നേഹം :)

      Delete
  13. ങ്ഹൂം... മീൻ പിടിക്കാൻ ലൈസൻസ് വേണത്രെ..!!
    ഇതാ ഞാൻ കാനഡേലേക്ക് വരാത്തേന്റെ കാരണം. അറിയ്യോ.

    ReplyDelete
    Replies
    1. ഉവ്വ്... അതെനിക്കറിയാലോ അജിത്തേട്ടാ. ഞാനത് ആരോടും പറയൂല. സത്യം!

      Delete
  14. ഹും! ഇങ്ങളു മീനും പിടിച്ചോണ്ടിരുന്നോ.... ഇങ്ങടെ ഈ എഴുത്ത്‌ വായിച്ചപ്പോ എനിക്കും തോന്നി മീൻ പിടിക്കണോന്ന്.... It's really interesting... Loved it..

    സസ്നേഹം കാത്തു...

    ReplyDelete
    Replies
    1. നോക്കിക്കോ ഞാനും പിടിക്കും ബല്യൊരു മീനിനെ. ന്നിട്ട് മീന്‍ ബിരിയാണിയുണ്ടാക്കും കാത്തൂ...

      Delete
  15. ചിത്രങ്ങളും എഴുത്തും ഭംഗിയായി

    ReplyDelete
    Replies
    1. റാംജിയേട്ടാ... സ്നേഹം :)

      Delete
  16. എല്ലാം ഒരു വക ഭ്രാന്ത് തന്നെയാണല്ലേ? രസകരമായ ഭ്രാന്ത്................

    ReplyDelete
    Replies
    1. അതില്ലാത്ത മനുഷ്യരില്ലാന്നാണ് തോന്നുന്നത് വെട്ടത്താന്‍ ചേട്ടാ...

      Delete
  17. ജീവിതം സാർത്ഥകമാവുന്നത് ഇങ്ങിനെയൊക്കൊയാണ് അല്ലേ?

    തങ്ങൾ കാണുന്നത് അക്ഷരങ്ങളിലൂടെ മറ്റുള്ളവരുടെ ഉൾക്കാഴ്ചകളിലേക്ക് എത്തിക്കാൻ കഴിയുന്നത് അനുഗ്രഹിക്കപ്പെട്ടവർക്ക് മാത്രം കഴിയുന്നത്.

    നന്ദി മുബിൻ.
    ഇനിയും കാഴ്ചകൾ അക്ഷരങ്ങളാവട്ടെ.

    ReplyDelete
    Replies
    1. നന്ദി സേതുവേട്ടാ... നല്ല വാക്കുകള്‍ക്ക്, പ്രോത്സാഹനത്തിന്..:)

      Delete
  18. മഞ്ഞുറഞ്ഞ് കട്ടയായ പുഴ , അതിന് മീതെ
    കൂടി ഒരു ഹിമപ്പാത പിന്നെ മഞ്ഞുക്കട്ട തുളച്ചുള്ള മീൻ
    പിടുത്തം ...അങ്ങീനെ നിരവധി ഹിമ കേളികളുമായുള്ള സാഹസിക
    യാത്രയും അതുക്കുമ്മേല്യുള്ള ആ സഞ്ചാര വിവരണങ്ങളും...
    ഇത്തരം പലർക്കും ഒട്ടും എത്തിപ്പിടിക്കുവാനാവാത്ത സ്ഥലകാല വിവരണങ്ങളുമായി
    എല്ലാ മലയാളി വായനക്കാരേയും കോരിതരിപ്പിച്ച് മുന്നേറുന്നതിൽ ഇത്തിരി അസൂയയോടെ
    തന്നെ സകല വിധ അഭിനന്ദങ്ങളും --- ഈ സാഹസിക മീൻ പിടുത്തക്കാരിക്ക് കൈമാറി കൊള്ളുന്നു

    ReplyDelete
    Replies
    1. മുരളിയേട്ടാ, എത്രയായി ഞാന്‍ വിളിക്കുന്നു. ബിലാത്തിയില്‍ എന്താ കാട്ടി കൂട്ടണേന്ന് നോക്കാന്‍ ഞാന്‍ അങ്ങോട്ട്‌ വരുട്ടോ :)

      Delete
    2. ഇനി നാട്ടിലേക്ക് പോകുമ്പോൾ
      ഒരു സ്റ്റോപ്പ് ഓവർ ലണ്ടൻ ഹീത്രോ
      വഴി നടത്തു..
      ...വരുന്നത് മുങ്കൂട്ടി അറിയിക്കണേ.(0044 7930134340 )

      Delete
  19. ഓരോന്ന് എഴുതി ആളെ കൊതിപ്പിക്കാ ...പട്ടാമ്പി ക്ക് വരുമ്പോ കാണിച്ചു തരാം ഹും ....

    ReplyDelete
    Replies
    1. റബ്ബേ... എന്നെ അങ്ങോട്ട്‌ കടത്തൂലേ?

      Delete
  20. ഹായ് മുബീ....
    ഐസും, മീൻപിടുത്തവും വിവരണങ്ങൾ വായിച്ചു. ഇതൊക്കെ ആദ്യായുള്ള അറിവാ. ഫോട്ടോസും ഒക്കെ കണ്ടിട്ട് തണുത്തുവിറക്കുന്നു. ഈ യാത്രാവിവരണങ്ങൾ മറ്റുള്ളവർക്കും പങ്കുവച്ചതിനു നന്ദി. വീണ്ടും പറയാതെ വയ്യ. മുബി നല്ല ധൈര്യശാലി തന്നെ.

    ReplyDelete
    Replies
    1. ഗീത, ഞാനും ആദ്യായിട്ടാണ് ഇങ്ങിനെയോരോന്ന് കാണുന്നത്. നമ്മളെല്ലാവരും ചേര്‍ന്ന് വായിക്കുമ്പോള്‍ അതുമൊരു സന്തോഷം...

      Delete
  21. നല്ല യാത്ര വിവരണം ഒരു യാത്രയുടെ ഗുണം ചെയ്യും
    Oru നാൾ ഞാനും അവിടെ വരും മീനും പിടിക്കും
    നല്ല യാത്ര വിവരണം abinathananagalr

    ReplyDelete
  22. മഞ്ഞു മൂടിക്കിടക്കുന്ന പ്രകൃതി കാണാൻ എനിക്കും വലിയ ആഗ്രഹമാണ്. പക്ഷേ; തണുപ്പെന്ന് കേട്ടാലേ എന്റെ കാലും കയ്യും കോച്ചും. നല്ല അവതരണം. യാത്ര തുടരട്ടെ.

    ReplyDelete
  23. സാഗ്നിയിലെ അത്ഭുതയാത്ര കൊതിപ്പിച്ചുട്ടോ...ആ ധൈര്യത്തിന്‍ അഭിനന്ദനങ്ങള്‍.ശരിക്കും ത്രില്ലിംഗ് യാത്രാവിവരണവും സൂപ്പര്‍ ഫോട്ടോകളും.ഈ കാബിനുകള്‍ അവരവര്‍ കൊണ്ടു വരുന്നതാണോ? (പിന്നെ തിങ്കളാഴ്ച ഇന്ത്യാ മഹാരാജ്യത്തും ചെങ്കോട്ട അടക്കമുള്ള ചരിത്രസ്മാരകങ്ങള്‍ക്കും മ്യൂസിയങ്ങള്‍ക്കും അവധി ദിവസമാണ്)

    ReplyDelete