Saturday, October 1, 2016

ബീവര്‍ ക്രീക്കും കാനഡ- യു. എസ് അതിര്‍ത്തിയും

ദ്രുവ് ഞങ്ങള്‍ക്ക് വിശ്രമത്തിനായി പറഞ്ഞു തന്ന ഡിസ്കവറി യുകോൺ ലോഡ്ജും കടന്ന് ഞങ്ങൾ വൈറ്റ് റിവറിലെത്തി. 1200 വര്‍ഷം പഴക്കമുള്ള അഗ്നിപര്‍വ്വത ചാര നിക്ഷേപമാണ് ഇന്നും ഈ പുഴയെ വെള്ള പൂശുന്നത്. ചാരം കലര്‍ന്ന പുഴ സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ അതിലൂടെ തോണിയിലും ബോട്ടിലും പോകുന്നതിന് നിയന്ത്രണമുണ്ട്‌. പാലം കടന്ന് കുറച്ച് ദൂരം ചരല്‍ റോഡാണ്. ഗോത്ര സമൂഹം ഉപേക്ഷിച്ച് പോയ ഒരു ഗ്രാമമുണ്ട് ബീവര്‍ ക്രീക്കിന് തൊട്ടടുത്ത്. അങ്ങോട്ട്‌ പോകാൻ റോഡില്ല, അതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു ഞങ്ങള്‍ ബീവര്‍ ക്രീക്ക് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. 


പിന്നെയും പിന്നെയും അതെന്നെ... Alaska Hwy
പെര്‍മാഫ്രോസ്റ്റിനു മുകളിലൂടെയാണ്‌ അലാസ്ക ഹൈവേയിലെ മുക്കാല്‍ഭാഗം റോഡും നിര്‍മ്മിച്ചിരിക്കുന്നത്. പണ്ടത്തെ ഗ്ലേസിയറില്‍ നിന്നുണ്ടായതാണ് ഹൈവേയിലുള്ള മണ്ണ്. ഐസാണ് കൂടുതലും, അതിനു മുകളിൽ റോഡുണ്ടാക്കുക അത്ര എളുപ്പമല്ല. മണ്ണിലെ ഉറച്ചു നില്‍ക്കുന്ന ഐസ് ഉരുകിയാല്‍ ഉറപ്പു നഷ്ടപ്പെട്ടാകെ കുഴഞ്ഞ് പോകും. പെര്‍മാഫ്രോസ്റ്റിന്‍റെ ഉറപ്പ് പരിശോധിക്കുന്നത് കാനഡയും യു.എസും ചേര്‍ന്നാണ്. കാലാവസ്ഥ വ്യതിയാനം മണ്ണിലെ ഐസിനെ ബാധിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ടിട്ടാവും തണുത്ത കാറ്റ് റോഡിനുള്ളിലേക്ക് കടത്തിവിട്ട് ഐസ് ഉരുകാതിരിക്കാനുള്ള മുന്‍കരുതലെടുക്കുകയാണ് ചുമതലപ്പെട്ടവര്‍. ഇനി തണുപ്പ് കൂടിയാലും പ്രശ്നമാണ്. അപ്പോള്‍ മണ്ണിൽ നിന്ന് ഐസ് മുകളിലേക്ക് പൊങ്ങി ഹമ്പുണ്ടാക്കിവെക്കും(Frost Heaves). ഇതൊക്കെയാണ് അല്‍കാൻ ഹൈവേയുടെ പ്രത്യേകതകള്‍.



ബിവര്‍ ക്രീക്കിലായിരുന്നു ആദ്യം കനേഡിയന്‍ കസ്റ്റംസ് സ്റ്റേഷനുണ്ടായിരുന്നത്. പിന്നീട് അതവിടെ നിന്ന് കുറച്ചൂടെ വടക്കോട്ട്‌ മാറ്റി. യാത്രക്കാര്‍ ആരെങ്കിലും വാഹനം നിര്‍ത്താതെ പോയാൽ പിന്നെ ഫ്ലാഷ് ലൈറ്റിന്‍റെയും സൈറനുകളുടെയും ബഹളംകേട്ട് നാട്ടുകാർ പൊറുതി മുട്ടിയിരുന്നുവെത്രേ. ക്രീക്കില്‍ നിന്നും വലിയ ദൂരമില്ല പുതിയ സ്റ്റേഷന്, എന്നാലും ക്രീക്കിലല്ലായെന്ന്‍ പറഞ്ഞ് ആശ്വസിക്കാം. മൈല്‍പോസ്റ്റ്‌ 1221 ലാണ് കാനഡ-യുഎസ് അന്താരാഷ്ട്ര ബോര്‍ഡര്‍. ഇരുപത് അടി നീളവും ആറിഞ്ച് വീതിയുമുള്ള മരകഷ്ണം കണ്ടുപിടിക്കാൻ തന്നെ പാടുപ്പെട്ടു. അളന്ന് മുറിച്ച് കണക്ക് കൂട്ടി അതിര്‍ത്തി തിരിച്ചപ്പോൾ വേര്‍പെടുത്തിയത് അവിടെ ജീവിച്ചിരുന്ന കുറെ മനുഷ്യരെയാണ്. ഒരു സുപ്രഭാതത്തില്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ രണ്ടു രാജ്യക്കാരായി. ബന്ധങ്ങള്‍ അറ്റു, പരസ്പരം കാണണമെങ്കില്‍ അതിര്‍ത്തികൾ കടക്കണം. ഫസ്റ്റ് നേഷന്‍സിന്‍റെ മരണാന്തര ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളുടെ കൈവശം തോക്കുണ്ടാവും, അത് മരിച്ച വ്യക്തിയോടുള്ള ആദര സൂചകമാണ്. അതിര്‍ത്തി വരച്ചവര്‍ക്ക് ഇതെന്നെല്ല പലതും അറിയില്ലല്ലോ, ഇപ്പോള്‍ തോക്കുമായി അങ്ങോട്ടോ ഇങ്ങോട്ടോ കടന്നാല്‍ പൊല്ലാപ്പായി. വെറും ഇരുപതടി നീളമുള്ള വര വേര്‍ത്തിരിച്ചതും നഷ്ടപ്പെടുത്തിയതിന്‍റെയും ആഴങ്ങൾ എങ്ങിനെയാണ് അളന്നെടുക്കുക?



1867 ലൊരു സ്ഥല കച്ചവടം നടന്നു. സ്ഥലം വില്‍ക്കുന്നത് റഷ്യ. വാങ്ങുന്നത് അമേരിക്ക. അങ്ങിനെ 7.2 മില്യണ്‍ ഡോളർ കൊടുത്ത് റഷ്യയിൽ നിന്ന്   അമേരിക്ക അലാസ്ക സ്വന്തമാക്കി. അതിന് മുന്‍പ് വരഞ്ഞു വെച്ച അതിര്‍ത്തി വരകൾ മായ്ക്കാതെ തന്നെയാണ് കച്ചവടം ഉറപ്പിച്ചത്. എന്നാല്‍ 1896 ലെ സ്വര്‍ണ്ണ ഖനനത്തോടെ കാനഡയും-അമേരിക്കയും അതിര്‍ത്തിയെ ചൊല്ലി തര്‍ക്കത്തിലായി. കനകം മൂലമുള്ള തര്‍ക്കം മൂത്ത് അന്തരാഷ്ട്ര കോടതി വരെയെത്തി. അവിടെന്ന് അമേരിക്കക്ക് അനുകൂലമായ വിധിയാണ് വന്നത്. സ്വര്‍ണ്ണ ഖനികൾ അടഞ്ഞതോടെ തര്‍ക്കത്തിന് പ്രസക്തിയില്ലാതായി.




അലാസ്കയിലേക്കും യൂകോണിലേക്കും സ്വാഗതം ചെയ്യുന്ന രണ്ടു ബോര്‍ഡുകൾ റോഡിനിരുവശവുമുണ്ട്. അവിടെ വച്ചാണ് മിസോറിയില്‍ നിന്ന് ബൈക്കില്‍ നാട് ചുറ്റുന്ന പോളിനെ കണ്ടത്. നാല് മാസമായി റോഡിലാണെന്നും, എങ്ങോട്ടാണെന്നും എവിടെക്കാണെന്നും നിശ്ചയമില്ലാത്ത യാത്രയുടെ ത്രില്ലില്ലായിരുന്നു അയാള്‍. സമയം ഏറെ കളയാതെ ഞങ്ങൾ ആശംസകള്‍ നേര്‍ന്ന് പിരിഞ്ഞു. ഇനിയങ്ങോട്ടു ഞങ്ങളുടെ വഴികളിൽ ചരിത്രത്തിന്‍റെ അടയാളപ്പെടുത്തലുകളുണ്ട്, സ്വപ്നങ്ങളുടെ - നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും നെടുവീര്‍പ്പുകളുണ്ട്... തിളക്കം നഷ്ടപ്പെട്ടെങ്കിലും ഓര്‍മ്മയിൽ തിളങ്ങുന്ന ആ കാലഘട്ടത്തിലേക്ക്, ആ ചരിത്രവഴികളിലൂടെയാണ്‌ ഇനി ഞങ്ങള്‍ക്ക് പോകേണ്ടത്. അതിന് ആദ്യം അതിര്‍ത്തി കടക്കണം. 

കസ്റ്റംസ് സ്റ്റേഷനില്‍ എത്തിയാല്‍ വാഹനത്തില്‍ നിന്ന് ഇറങ്ങരുതെന്നാണ് നിയമം. യുഎസ് കസ്റ്റംസ് ഓഫീസർ കാറിനടുത്ത് വന്ന് രേഖകൾ പരിശോധിക്കും. പിന്നെ ചോദ്യങ്ങള്‍ എവിടുന്ന്, എന്തിന്, എങ്ങോട്ട്?? വളര്‍ത്തു മൃഗങ്ങൾ, തോക്ക്, മദ്യം, ‘പെപ്പര്‍ സ്പ്രേ’ എന്നിവ വണ്ടിയിലുണ്ടെങ്കിൽ വ്യക്തമാക്കണം. ഇതൊന്നും ഇല്ലാന്ന് പറഞ്ഞത് വിശ്വാസമാവാഞ്ഞിട്ടാവും കാറിന്‍റെ പിൻ സീറ്റിലേക്ക് കസ്റ്റംസ് ഓഫീസര്‍ ഞങ്ങളോട് സംസാരിക്കുമ്പോഴും പാളി നോക്കുന്നുണ്ടായിരുന്നു. കരടിയെ ഓടിക്കാനുള്ള പെപ്പർ സ്പ്രേക്കും വിലക്കാണ്. കാനഡയിലുള്ളത് അങ്ങോട്ടും യു.എസിലുള്ളത് ഇങ്ങോട്ടും കടത്താന്‍ പാടില്ലാത്രേ. ഏത് മുളകായാലും കരടിയുടെ കണ്ണിന്‍റെ നീറ്റലിന് കുറവൊന്നുമുണ്ടാകില്ലല്ലോ... പിന്നെയെന്താവോ? 



Tetlin National Wildlife Refuge, Alaska

കസ്റ്റംസ് ചെക്കിംഗ് കഴിഞ്ഞ് ഞങ്ങള്‍ എത്തിയത് ടെട്ട്ലിന്‍ നാഷണൽ വൈല്‍ഡ്‌ ലൈഫ് റെഫ്യൂജി(Tetlin National Wildlife Refuge,Alaska)ലാണ്. അവിടെത്തെ വിസിറ്റര്‍ സെന്ററിൽ കയറി റൂട്ട് മാപ്പുകൾ പുതിയത് വാങ്ങിച്ചു. കുറെയേറെ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള സങ്കേതമാണ് ഈ വൈല്‍ഡ്‌ലൈഫ് റെഫ്യൂജ്. ദേശാടന പക്ഷികളുടെ ഇടക്കാല വിശ്രമ സ്ഥലം കൂടിയായതിനാല്‍ ഇവിടെ അവരുടെ സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം. അവിടെയധികം കറങ്ങിത്തിരിഞ്ഞ് നടക്കാതെ ഞങ്ങള്‍ 148km (92miles) അകലെയുള്ള ടോകിലേക്ക് യാത്ര തിരിച്ചു...                                                                                             (തുടരും)

23 comments:

  1. പഴയ പോസ്റ്റുകള്‍ ഒന്നിച്ച് ഇവിടെയുണ്ട്,

    https://mubidaily.blogspot.ca/p/yukon.html

    ReplyDelete
  2. മനോഹരം, സഫലം ഈ വിവരണം.
    ഭൂമി വിശാലം, വ്യത്യസ്തം,അനുപമസുന്ദരം.

    ReplyDelete
    Replies
    1. ആദ്യ വായനക്കും കമന്റിനും നന്ദി... കുറെയായില്ലേ ബ്ലോഗില്‍ കണ്ടിട്ട്?

      Delete
  3. ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്...
    വിവരണം നന്നായിട്ടുണ്ട്...
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി... വീണ്ടും വരിക :)

      Delete
  4. മുബീ നന്നാവുന്നുണ്ട് വിവരണവും.... ഫോട്ടോയും.

    ReplyDelete
    Replies
    1. സന്തോഷം ബിപിന്‍.

      Delete
  5. വൈല്‍ഡ്‌ലൈഫ് റെഫ്യൂജില്‍ അധികം കറങ്ങിനടക്കാന്‍ കഴിയാത്തതിനാല്‍ ഈ ഭാഗം
    ലഘൂകരിക്കുകയാണ് ഉണ്ടായത് അല്ലേ?എങ്കിലും ഉള്ളത് ആസ്വാദ്യകരമായിരിക്കുന്നു...
    ആശംസകള്‍

    ReplyDelete
    Replies
    1. അടുത്ത ഭാഗം ഇതിനോട് ചേര്‍ത്താല്‍ വായിക്കുന്നവര്‍ക്ക് മുഷിവുണ്ടാകും, അതോണ്ടാണ് കുറച്ചത് തങ്കപ്പന്‍ ചേട്ടാ..

      Delete
  6. മുബിച്ചേച്ചീ,,ഇത്തവണ വേഗം പറഞ്ഞുതീർത്തുവെന്ന് ഒരു തോന്നൽ!

    അടുത്ത ഭാഗം വേഗം വരട്ടെ!!!!!

    ReplyDelete
  7. ഫോട്ടോകൾ അടിപൊളി കേട്ടോ!!!!!

    ReplyDelete
    Replies
    1. ചില ഭാഗങ്ങള്‍ ചെറുതായിട്ടുണ്ട് സുധി.. നന്ദി :)

      Delete
  8. Replies
    1. പ്രവിടെ മടിയൊക്കെ മാറി വായിച്ചല്ലോ... സന്തോഷം.

      Delete
  9. സഞ്ചാര വിവരണത്തിൽ
    മുബി ഇന്നൊരു തമ്പുരാട്ടി തന്നെയാണെന്ന്
    അടിവരയിട്ട് പറയാവുന്ന ഒരു കിണ്ണങ്കാച്ചി
    യാത്രാവിവരനാം തന്നെയാണിത് ...!

    ReplyDelete
    Replies
    1. എന്‍റെ ഉത്തരവാദിത്തം കൂടുന്നു മുരളിയേട്ടാ...

      Delete
  10. സ്നേഹം... സന്തോഷം രോഷ്ണി

    ReplyDelete
  11. ഇങ്ങനെ ചെറിയ പോസ്റ്റിട്ട് പറ്റിക്കല്ലേ...

    ReplyDelete
    Replies
    1. ഇപ്രാവശ്യം ക്ഷമിക്ക് വിനുവേട്ടാ...

      Delete
  12. അടിപൊളി ഫോട്ടോസും വിവരണവും...

    ReplyDelete