Alaska എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Alaska എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018 മാർച്ച് 31, ശനിയാഴ്‌ച

നെനാനക്കൊരു തനാന പുഴ

ഫെബ്രുവരി അഞ്ച് - ഇന്നൊരു ദിവസം കൂടി ഫെയര്‍ബാങ്ക്സില്‍ ചിലവഴിച്ച് പിറ്റേന്ന് ഞങ്ങള്‍ക്ക് ആങ്കറേജിലെത്തണമായിരുന്നു. അതിനാല്‍ രാവിലെ തന്നെ തലേന്ന് വലംവെച്ചു പോന്ന യൂണിവേഴ്സിറ്റി ഓഫ് അലാസ്കയിലേക്കാണ് പോയത്. ഒരു കുന്നിന് മുകളിലേക്കാണ് ഞങ്ങള്‍ കയറുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത് അപ്പോഴാണ്‌. താഴെ മഞ്ഞു പുതച്ചുറങ്ങുന്ന നഗരത്തെ ഇന്നലെ കാണാതെ പോയതെന്തേ? ഒരേയിടം തന്നെ പല നേരങ്ങളില്‍ പുതിയ കാഴ്ചകള്‍ കാണിച്ച് അത്ഭുതപ്പെടുത്തുന്ന യാത്രയുടെ മാന്ത്രികതയാവാം.. മരങ്ങളില്‍ നിന്ന് മഞ്ഞ് പൊഴിഞ്ഞുവീഴുന്നുണ്ട്. പൈന്‍മരങ്ങളുടെ 'മഞ്ഞുഭാരം' കുറയ്ക്കാന്‍ സഹായിക്കുകയാണെന്ന ഭാവേനയാണ് കാറ്റ് വീശുന്നത്. നമുക്ക് തണുക്കുന്നുണ്ടെന്ന പരിഭവമൊന്നും കേട്ട ഭാവമില്ല...

Otto Bear - Museum of North, University of Alaska
ശാന്തമായി കിടക്കുന്ന യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ചുറ്റി മ്യുസിയത്തിന്‍റെ പടിവാതില്‍ക്കല്‍ എത്തുമ്പോഴേക്കും മണി ഒന്‍പതായി. ജീപ്പിനെ ഒരിടത്ത് നിര്‍ത്തി, ചൂടാക്കാനുള്ള കേബിളും കുത്തി കൊടുത്ത് ഞങ്ങള്‍ മ്യുസിയത്തിനകത്തേക്ക് കടന്നു. ഒരാള്‍ക്ക്‌ പതിന്നാല് ഡോളറാണ് പ്രവേശനഫീസ്. അനുമതി ലഭിച്ചപ്പോള്‍ ഞങ്ങള്‍ പ്രവേശനഹാളിന്‍റെ അറ്റത്തേക്ക് നടന്നു. സന്ദര്‍ശകരാരും പെട്ടെന്ന് മ്യൂസിയത്തിനുള്ളിലേക്ക് കടക്കില്ല. ഉമ്മറപ്പടിയില്‍ സ്റ്റഫ് ചെയ്ത ഒന്‍പതടിയോളം പോന്ന ഗ്രിസിലി കരടിയെയാണ് കാവല്‍ നിര്‍ത്തിയിരിക്കുന്നത്. വന്നവരെല്ലാം അതിനു മുന്നില്‍ത്തന്നെ നില്‍ക്കുകയാണ്. നാലു കാലില്‍ നടക്കുന്നതോ ഇരിക്കുന്നതോ അല്ല, നിവര്‍ന്ന് നില്‍ക്കുന്ന രൂപം കണ്ടാലാരും ഞെട്ടും. നാല്‍പ്പത് വര്‍ഷമായി ആളുകളെ സ്വീകരിക്കുന്നവനൊരു പേരുമുണ്ട് ഓട്ടോ ബെയർ. 567 കിലോ തൂക്കമുള്ള ഓട്ടോന്‍റെ മുട്ടിനില്ല ഞാന്‍. 1950ലാണത്രെ ഓട്ടോയുടെ സ്പെസിമെന്‍ മ്യൂസിയത്തിന് ലഭിക്കുന്നത്. ടെഡി ബെയർ സങ്കല്‍പ്പങ്ങളൊക്കെ ഒറ്റയടിക്ക് തെറിപ്പിച്ചു കളഞ്ഞു ഓട്ടോ!
പതിനൊന്ന് വിഭാഗങ്ങളിലായിട്ടാണ് മ്യുസിയത്തിലെ ശേഖരങ്ങള്‍ തരംത്തിരിച്ചു സൂക്ഷിച്ചിരിക്കുന്നത്. 1929ന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ച മ്യുസിയം ഇന്ന് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും പഠിക്കുന്ന പ്രധാന അന്താരാഷ്ട്ര കേന്ദ്രങ്ങളില്‍ ഒന്നാണ്. പുരാവസ്തു, ഭൂമിശാസ്ത്രം, ഫൈന്‍ ആര്‍ട്ട്‌സ് എന്നിവയിലുള്ള ശേഖരങ്ങള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വളരെയധികം പ്രയോജനപ്പെടും. മമ്മിയാക്കി സൂക്ഷിച്ചിരിക്കുന്ന ബൈസണ് 36,000 വര്‍ഷം പഴക്കമുണ്ടത്രെ! സ്വര്‍ണ്ണഖനിയുടെ സുവര്‍ണ്ണകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന സ്വര്‍ണ്ണശേഖരം കണ്ടു കണ്ണ് തള്ളിപോയി. പ്രാചീന ഗോത്രസമൂഹത്തിന്‍റെ ചിത്രമെഴുത്തുകളും, ശില്പങ്ങളും, നിത്യോപയോഗ സാധനങ്ങളും വളരെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. വിശദമായ പഠനത്തിനോ വായനക്കോ ആവശ്യമായ ലഘുലേഖകള്‍ $1.00 അതാത് വിഭാഗത്തിലേക്ക് കടക്കുന്നിടത്ത് വച്ചിരിക്കുന്ന പെട്ടിയിലിട്ട്‌ നമുക്കെടുക്കാം.


അലാസ്കയുടെ തനത് ഗോത്രസംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന വലിയൊരു ശേഖരം തന്നെയുണ്ട്‌. അധിനിവേശത്തിന്‍റെ ക്രൂരതകളും, സാമൂഹിക മാറ്റങ്ങളും സ്പഷ്ടമാക്കുന്ന നിറംമങ്ങിയ കടലാസ്സ് തുണ്ടുകള്‍. അത്തബാസ്ക്കന്‍ ഗോത്രക്കാരുടെ ചരിത്രം വിശദമാക്കുന്നിടത്ത് കണ്ട 'Listen', 'There Is No Word For Goodbye' എന്നീ കവിതകളില്‍ പിറന്ന മണ്ണില്‍ നിന്നും കുടിയിറക്കപ്പെട്ടവന്‍റെ വേദന നിഴലിച്ചു കാണാം. വിശദമായി എഴുതേണ്ടതിനാല്‍ ഇപ്പോള്‍ അതിന് മുതിരുന്നില്ല. മ്യൂസിയത്തിന്‍റെ ഒന്നാംനിലയില്‍ ഒറ്റബെഞ്ചുള്ളൊരു കുഞ്ഞു മുറിയുണ്ട്. The Place Where You Go to Listen എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. ആര്‍ട്ടിക് സമുദ്രത്തിലെ ഏതോ തീരപ്രദേശത്ത് പ്രകൃതിയുടെ ഭാഷക്ക് കാതോര്‍ത്ത് ആരോടും മിണ്ടാതെ കാട്ടിലും, വെള്ളത്തിലുമൊക്കെയായി ദിവസം കഴിക്കുന്നൊരു അലാസ്കന്‍ ഗോത്ര സ്ത്രീയുണ്ടായിരുന്നത്രേ. ഈ ഐതിഹ്യമായിരിക്കണം പേരിനാധാരം. മുറിയിലെ ബെഞ്ചിന് മുന്നിലെ കണ്ണാടി പാനലുകളില്‍ സ്പീക്കറില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദവ്യതിയാനത്തിനനുസരിച്ച് നിറങ്ങള്‍ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യും. കൂടിയും കുറഞ്ഞും കേള്‍ക്കുന്ന ശബ്ദങ്ങള്‍ ഭൂമിയുടെ ചലനത്തെയാണ് സൂചിപ്പിക്കുന്നത്. ഓരോ ഋതുക്കളില്‍ മാത്രമല്ല പകലായാലും രാത്രിയായാലും ഭൂമിയുടെ ചലനങ്ങളില്‍ വ്യത്യാസമുണ്ടെന്ന് ശബ്ദവും നിറങ്ങളും ഉപയോഗിച്ചു മനസ്സിലാക്കാനൊരിടം.. ഒട്ടവയിലെ മ്യുസിയത്തില്‍ കണ്ട ചോദ്യമാണ് അവിടെയിരിക്കുമ്പോള്‍ ഓര്‍ത്തത്, "When nature speaks, are we listening?"
Chena Hot Springs, Fairbanks

രണ്ടു മണിക്കൂറോളം മ്യൂസിയത്തിനുള്ളില്‍ ചിലവഴിച്ചിട്ടാണ് ഞങ്ങൾ നൂറ് കിലോമീറ്റര്‍ അകലെയുള്ള പ്രകൃതിദത്ത ചൂടുറവ കാണാന്‍ പോയത്. ഡോഗ് സ്ലെഡ്‌ ടീമുകളെ പിന്തുടര്‍ന്ന് പാതി ദൂരം പോയപ്പോഴേ ഈ വഴി മനസ്സില്‍ കുറിച്ചിട്ടിരുന്നു. ചൂടുറവയുള്ള സ്ഥലം ഇപ്പോള്‍ ഒരു സ്വകാര്യ വ്യക്തി നടത്തുന്ന റിസോര്‍ട്ടിനുള്ളിലാണ്. സര്‍ക്കാര്‍ വകയായ Chena River Recreation Areaയുടെ അടുത്താണിത്. പണ്ട് സ്വര്‍ണ്ണഖനനത്തിനായി വന്ന തൊഴിലാളികളാണ് ഈ ചൂടുറുവ കണ്ടുപിടിച്ചത്. ഏതു കൊടിയ തണുപ്പിലും 106°F ചൂടുള്ള വെള്ളത്തില്‍ മുങ്ങികിടന്നാണത്രെ അവര്‍ ശരീരവേദനകള്‍ക്ക് ആശ്വാസം കണ്ടെത്തിയിരുന്നത്. ഒന്നര മണിക്കൂറെടുത്തു ഞങ്ങള്‍ ചെനാ ഹോട്ട് സ്പ്രിംഗ്സിലെത്താന്‍. മനസ്സില്‍ കണ്ടത് പോലെ തന്നെ നല്ലൊരു ഡ്രൈവായിരുന്നു. ചുടു വെള്ളത്തില്‍ മുങ്ങിക്കിടക്കാനുള്ള പദ്ധതിയൊന്നും ഇല്ലാതിരുന്നതിനാല്‍ ഞങ്ങള്‍ അവിടെയൊക്കെ ഒന്ന് ചുറ്റി നടന്ന് തലേന്ന് ജെറി പറഞ്ഞ ഭക്ഷണശാലയുടെ മുന്നിലെത്തി. ഇത്ര ദിവസമായിട്ടും അലാസ്കന്‍ രുചിയറിഞ്ഞിട്ടില്ല. ജാലകത്തിനരികിലുള്ള മേശയാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അത്യാധുനിക മോടിയൊന്നും ഭക്ഷണശാലക്കില്ല. മരംകൊണ്ടുള്ള നിര്‍മ്മിതിയാണ്‌. ഉള്ളിലെ അലങ്കാരങ്ങളും ചമയങ്ങളും വടക്കേ അമേരിക്കയിലെ ഗോത്രവംശരുടെ തനത് ശൈലിയിലും! അലാസ്കന്‍ സാമണ്‍, വൈല്‍ഡ്‌ സോസ്, ഉരുളക്കിഴങ്ങ് പൊരിച്ചത്, സലാഡ്, ചിക്കനും-ചെമ്മീനും ചേര്‍ന്നൊരു കൂട്ടുകെട്ട്, ഇളം മഞ്ഞ നിറത്തിലുള്ള ചോറുമാണ് കഴിച്ചത്. പൊതുവേ ഭക്ഷണ കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും പിന്നോട്ടാണ്. ബാക്കി വരികയാണെങ്കില്‍ പൊതിഞ്ഞെടുക്കാമെന്ന് കരുതിയാണ് തുടങ്ങിയത്. പൊതിയാനൊരു കടുകുമണി പോലുമുണ്ടായില്ല... സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ഇനിയൊരിക്കലും കാണാനിടയില്ലാത്ത ജെറിക്കായി സ്നേഹത്തോടെ മനസ്സിലൊരു നന്ദി വാക്ക് കുറിച്ചിട്ടു.


മൂന്ന് ദിവസത്തെ അലച്ചിലും, വയറു നിറഞ്ഞ ഭക്ഷണവും കൂടെ ചേര്‍ന്നപ്പോള്‍ എവിടെയോ ഒളിച്ചിരുന്ന ക്ഷീണം പുറത്ത് ചാടി. പിന്നെ നേരെ താമസസ്ഥലത്തേക്ക് തിരിച്ചു. ഹോട്ടലിലെത്തി സാധനങ്ങളെല്ലാം അടുക്കിവെക്കുന്നതിനിടയിലാണ് മുഖപുസ്തകത്തില്‍ ഡല്‍ഹിയില്‍നിന്ന് ദ്രുവിന്‍റെ സന്ദേശം കിട്ടിയത്. കഴിഞ്ഞ തവണത്തെ യുകോണ്‍-അലാസ്ക യാത്രക്കിടയില്‍ കണ്ടുമുട്ടിയതാണ് ഇന്ത്യന്‍ സൈക്കിളിസ്റ്റായ ദ്രുവിനെ. യാത്രാവിവരങ്ങള്‍ വിശദമായി ചോദിച്ചറിയുകയാണ്. പിറ്റേന്ന് ആങ്കറേജിലേക്ക് തിരികെ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ചില സ്ഥലങ്ങളെ കുറിച്ച് സൂചന നല്‍കുകയും ചെയ്തു. ദ്രുവ് അതിലൂടെയെല്ലാം സൈക്കിളില്‍ കറങ്ങിയതാണ്.


George Parks Highway - Fairbanks to Anchorage

പ്രഭാതഭക്ഷണത്തിന് ശേഷമാണ് ഞങ്ങള്‍ ഫെയർബാങ്ക്സിലെ ഹോട്ടലിൽ നിന്നിറങ്ങിയത്. വെട്ടം വീഴുന്നതുവരെ George Parks Highwayയിലൂടെ വളരെ സാവധാനത്തിലായിരുന്നു യാത്ര. നമ്മുടെ പ്രഭാതഭക്ഷണമൊക്കെ കഴിഞ്ഞിരുന്നെങ്കിലും മറ്റുള്ളവർ ഉറക്കമെണീക്കുന്ന സമയമാവുന്നതേയുള്ളൂ. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും വാഹനത്തിനു മുന്നിലേക്ക് “ഗുഡ് മോർണിംഗ്” പറയാനെത്താം. നെനാന(Nenana) പട്ടണത്തിലെത്തിയപ്പോഴേക്കും നേരമൊക്കെ നന്നായി വെളുത്തു. പട്ടണം കടന്നു പോകുമ്പോഴാണ് തനാന പുഴയുടെ ബോര്‍ഡ് കണ്ടത്. തദ്ദേശിയരുടെ സാരാംശമുള്ള പേരുകള്‍ക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. തനാന പുഴ കടക്കുമ്പോള്‍ ഓര്‍ത്തത് ബാല്‍റ്റോയെന്ന സൈബീരിയന്‍ ഹസ്കിയെയാണ്. 1925ല്‍ അലാസ്കയുടെ വടക്ക് പടിഞ്ഞാറേ അറ്റത്തുള്ള നോമില്‍ ഡിഫ്ത്തീരിയ പൊട്ടിപ്പുറപ്പെട്ടു. മരുന്ന് ആങ്കറേജില്‍ നിന്ന് റെയില്‍ മാര്‍ഗം നെനാനയിലെത്തി. ആകെയുണ്ടായിരുന്ന വിമാനത്തിന്‍റെ എഞ്ചിന്‍ അതിശൈത്യം കാരണം മരവിച്ചുപോയിരുന്നു. മറ്റു ഗതാഗത സൗകര്യങ്ങളൊന്നുമില്ലാത്ത നോമിലേക്ക് മരുന്നെത്തിക്കാന്‍ പിന്നെ ഒറ്റവഴിയെ ഉണ്ടായിരുന്നുള്ളൂ ഡോഗ് സ്ലെഡ്.(ഇന്നും നോമിലേക്ക് റോഡുമാര്‍ഗം എത്തിച്ചേരാനാവില്ല)

നെനാനയില്‍ നിന്ന് ഏകദേശം 778കി.മി അകലെയുള്ള നോമിലേക്ക് ഡിഫ്ത്തീരിയ ആന്റിടോക്സിനുമായി പോയ സ്ലെഡ് ടീമിലെ പ്രധാനിയായിരുന്നു ബാല്‍റ്റോ(Balto). Serum Run എന്നൊക്കെ വിക്കിപീഡിയയില്‍ പരാമര്‍ശിക്കുന്ന ജീവൻ-മരണ ഓട്ടമായിരുന്നു അത്. ഒരിക്കല്‍ പോലുമൊരു ലീഡ് ഡോഗിന്‍റെ സ്ഥാനത്താരും കണക്കാക്കാതിരുന്ന ബാല്‍റ്റോയാണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് മരണവുമായി മല്ലിടുന്നവർക്കുള്ള മരുന്നുമായി ഓടിയെത്തിയത്. മരണശേഷം ആദരസൂചകമായി ന്യുയോര്‍ക്കില്‍ ബാല്‍റ്റോയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ബാല്‍റ്റോയെ ഓര്‍ത്ത് പുഴ കടന്നെത്തിയത് ഹീലി(Healy)യിലാണ്. ജനസംഖ്യ അഞ്ഞൂറിനും ആയിരത്തിനുമിടയിലുള്ള ചെറിയ പട്ടണങ്ങളാണ് ഇതെല്ലാം. ജനവാസമുണ്ടോന്നു സംശയം തോന്നുംവണ്ണം മഞ്ഞിലുറങ്ങി കിടക്കുകയാണ് വീടുകളെല്ലാം.

Alaska Native Veterans Honor Bridge over Tanana River at Nenana, Alaska


Into the Wild എന്ന സിനിമ കണ്ടവർക്ക് പരിചയമുള്ളൊരു ബസ്സുണ്ട് ഹീലിയില്‍. ഫെയര്‍ബാങ്ക്സ് ട്രാന്‍സിറ്റിന്‍റെ ബസ്സാണിത്(Bus#142). കുപ്രസിദ്ധമായ Stampede Trailന്‍റെ അറ്റത്ത് കിടക്കുന്ന തുരുമ്പിച്ച ബസ്സ്‌ പണ്ട് റോഡ്‌ നിര്‍മ്മാണ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്നതാണ്. റോഡും ബസ്സും പാതിവഴിക്ക് നിലച്ചുപോയി. സിനിമയില്‍ മുഖം കാണിച്ചതോടെ മാജിക് ബസ്സെന്നൊക്കെ വിളിപ്പേരും കിട്ടി കക്ഷിക്ക്. ജീവിതലക്ഷ്യം കണ്ടെത്താനായി മുന്നുംപിന്നും നോക്കാതെ അലാസ്കയുടെ വന്യതയിലേക്കെടുത്ത് ചാടി മരണംവരിച്ച Christopher McCandless എന്ന പയ്യന്‍റെ ജീവിതവുമായി ബന്ധമുണ്ട് സിനിമക്ക്. അറ്റകുറ്റപ്പണികളൊന്നും നടത്തുന്നില്ലെങ്കിലും സര്‍ക്കാര്‍ Stampede Trailന്‍റെ കുറച്ച് ഭാഗം ടാര്‍ ചെയ്തിട്ടുണ്ട്. അതിനുശേഷമുള്ള ഭാഗങ്ങളുടെ അവസ്ഥ പ്രകൃതിക്ക് മാത്രമേ നിശ്ചയമുള്ളൂ. ദേശക്കാര്‍ക്ക് ഈ ബസ്സൊരു തലവേദനയായി മാറിയിരിക്കുകയാണ്. മാക്‌ കാന്‍ഡ്‌ലെസിന്‍റെ വഴി പിന്തുടര്‍ന്നെത്തുന്ന അലാസ്കയെ അറിയാത്ത സഞ്ചാരികള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായതോടെയാണ്‌ ബസ്സ്‌ അവിടെന്ന് മാറ്റുകയോ തല്ലിപ്പൊളിച്ചു കളയുകയോ വേണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്.

സാഹസികനായ സഞ്ചാരിയായിരുന്നു മാക്‌ കാന്‍ഡ്‌ലെസ്. അലാസ്കയുടെ വന്യതയിലേക്ക് ജീവിതത്തിന്‍റെ അർത്ഥം തേടിയിറങ്ങി ഒടുവിൽ മാജിക് ബസ്സില്‍ വെച്ച് മരണപ്പെടുകയായിരുന്നു. മരണകാരണം പോലെ സഞ്ചാരികള്‍ മാകിന് നല്‍കുന്ന ദൈവീക പരിവേഷവും തര്‍ക്കവിഷയങ്ങളാണ്. മാസങ്ങൾക്കു ശേഷം അതുവഴിപോയ ഒരു വേട്ടക്കാരനാണ് മൃതദേഹം കണ്ടെത്തുന്നത്. ബസ്സ്‌ കിടക്കുന്നിടത്തേക്ക് എത്തണമെങ്കില്‍ ഒരു പുഴ കടക്കണം. വഴിയിലെ മറ്റു കെണികള്‍ മറികടന്നാലും പുഴയില്‍ കുടുങ്ങുമെന്നാണ് നാട്ടുവര്‍ത്തമാനം. ആളെ വിഴുങ്ങുന്ന ചുഴികളാണത്രെ പുഴയില്‍. ദേശവാസികൾ പറയുന്നത് വിശ്വസിക്കുകയെ നിവര്‍ത്തിയുള്ളൂ. ജോണ് ക്രോക്കറിന്‍റെ പുസ്തകം വായിച്ച്, സിനിമയും കണ്ട് അലാസ്കയിലേക്കിറങ്ങുന്ന ആര്‍ക്കും തോന്നും Stampede Trail കടക്കാമെന്ന്... ഞങ്ങള്‍ക്കും തോന്നി!



ഹീലിയില്‍ നിന്നുണ്ടായ തോന്നലുകളെയൊക്കെ ഞങ്ങള്‍ Denali Park & Preserveലേക്കാണ് വഴിത്തിരിച്ചു വിട്ടത്. പാർക്കിലേക്കുള്ള വഴിയിൽ മൂസും കുടുംബവും കാവൽ നിൽക്കുന്നുണ്ട്. അവരുടെ സ്ഥലമായിരിക്കും, സമ്മതം ചോദിച്ചു കൊണ്ട് വാഹനം മുന്നോട്ടെടുത്തു. മോറിസ് പഠന കേന്ദ്രമാണ് ശൈത്യകാല പാർക്ക് ഓഫീസായി പ്രവർത്തിക്കുന്നത്. സ്കീയിങ്ങിനു തയ്യാറായി വന്ന രണ്ടുപേര്‍ക്ക് പിന്നിലായി ഞങ്ങളും പാര്‍ക്കോഫിസില്‍ കയറി. സ്കീയിങ്ങുകാര്‍ അവരുടെ റൂട്ട് മാപ്പ് പാര്‍ക്ക് ജീവനക്കാരെ അറിയിക്കാന്‍ വന്നതാണ്. അന്നവിടെ മെൻഡി മാത്രമേയുണ്ടായിരുന്നുള്ളൂ. അതാവും കുടുംബവിശേഷങ്ങള്‍ക്കൊപ്പം കുറച്ച് രാഷ്ട്രീയവും പങ്കുവെച്ചത്. യൂണിഫോമിലായതിനാല്‍ കൂടുതല്‍ ചര്‍ച്ച സാധ്യമല്ലാന്നു പറഞ്ഞ് മെന്‍ഡി തന്നെ സംഭാഷണമവസാനിപ്പിച്ചു. വരുന്ന വഴിയില്‍ കണ്ട പേരുകൾ വളരെ രസകരമായി തോന്നിയിരുന്നെനിക്ക്‌. Hornet Creek, Iceworm Gulch, Lynx Creek, Moose Creek, Kingfisher Creek ഇത്യാദിയാണ് സ്ഥലപേരുകള്‍. പേര് സൂചിപ്പിക്കും പോലെ ആ സ്ഥലത്ത് അവരെ കൂടുതലായി കാണാമെന്നാണ് മെന്‍ഡി പറയുന്നത്.

ആറ് മില്യൺ ഏക്കറാണ് Denali Park & Preserveന്‍റെ വിസ്തീര്‍ണ്ണം. ടൈഗ കാടുകളും, ആൽപൈൻ-ടുന്‍ട്ര കാടുകളും, മഞ്ഞു മൂടിയ മലകളും, പിന്നെ ഡനാലിയുമുള്‍പ്പെടുന്ന അലാസ്‌കൻ വന്യതയുടെ കാവൽക്കാരെ സന്ദർശിക്കാതെ പോകരുതെന്ന മെന്‍ഡിയുടെ അഭിപ്രായം മാനിക്കാനായി ഞങ്ങള്‍ അവരെ കാണാന്‍ തീരുമാനിച്ചു. പന്ത്രണ്ടു മണിവരെ കാവല്‍ക്കാരുടെ വിശ്രമസമയമാണെന്നും അതിനു ശേഷം അവർ റോന്തുചുറ്റാനിറങ്ങുന്നതിനു മുമ്പായി കാണാന്‍ സൗകര്യപ്പെടുമെന്നും അറിഞ്ഞപ്പോള്‍ ഞങ്ങള്‍ പാര്‍ക്കിനുള്ളിലേക്ക് നടന്നു. പാറാവുകാരുടെ ഓഫീസിലെ പട്രോളിംഗ് സാമഗ്രികളൊക്കെ നടന്നു കാണുമ്പോഴേക്കും ടീം ലീഡറായ ക്രിസെത്തി. ക്രിസിനെ കണ്ടതോടെ വിശ്രമിക്കുന്നവരെല്ലാം സടകുടഞ്ഞെണീറ്റു.


Patrolling Gears - Denali Park & Preserve

സീനിയര്‍ സ്റ്റാഫുകള്‍ ഇരുപതോളം പേര്‍ പ്രധാന ഓഫീസിനു പുറത്തുണ്ട്. വലിയ ഇരുമ്പ് വേലിക്കുള്ളില്‍ ട്രെയിനികള്‍ വേറെയും. സർക്കാർ ജോലിക്കാരായ ഹസ്‌ക്കി കൂട്ടത്തിന് നടുവിലാണ് ഞങ്ങളുടെ നിൽപ്പ്.
ആറ് മില്യൺ ഏക്കറിന്‍റെ മുക്കുംമൂലയും അരിച്ചുപെറുക്കാനായി അഴിച്ചു വിട്ടാല്‍ കൂട്ടത്തോടെ ഞങ്ങളുടെ നേര്‍ക്ക്‌ പാഞ്ഞു വരുന്നത് മനസ്സില്‍ കണ്ട് ഞാന്‍ പേടിച്ചു വിറച്ചു നിൽക്കുകയാണ്. എന്‍റെ പങ്കപ്പാട് കണ്ടിട്ടാവും ക്രിസ് അടുത്തേക്ക് വന്നു, "ആറു ട്രെയിനികളെ ഞാൻ അഴിച്ചു വിടാന്‍ പോവുകയാണ്. അവർ ഓടി നിങ്ങളുടെ അരികിലേക്ക് വരും. പേടിക്കുകയോ, ഓടുകയോ ചെയ്യരുത്. ഞാന്‍ വരുന്നതുവരെ ഇവിടെത്തന്നെ നില്‍ക്കുക..." നിര്‍ദ്ദേശങ്ങള്‍ തന്ന് പേടി മാറ്റാന്‍ ക്രിസ് എന്‍റെ പുറത്തുതട്ടി ഉദ്യോഗസ്ഥരെ വിളിക്കാൻ പോയി. അയാള്‍ പറഞ്ഞത് പോലെ ആറു പേരും ഓടി ഞങ്ങളുടെ ചുറ്റും നിന്നു. ഞാനാണെങ്കിൽ ശ്വാസം പോലും വിടാതെയാണ് നിൽക്കുന്നത്.


പ്രതിഷേധം!!

ഹുസൈന്‍റെ ക്യാമറ കണ്ട് ഒരാൾ അതിലേക്ക് ഒന്ന് ചാടി. അവർ ഡ്യൂട്ടിയിലാണ്, സാധനം എന്താണെന്ന് അറിയണമല്ലോ… സ്കീയും കൊണ്ട്
ക്രിസ് വന്ന് ഞങ്ങളോട് യാത്ര പറഞ്ഞതും ഡ്യൂട്ടിക്കാർ ആറു പേരും ഞങ്ങളെ വിട്ടു അവരുടെ ജോലിക്കായി ക്രിസിനേക്കാൾ മുമ്പേ പാഞ്ഞുപോയി. ഡ്യൂട്ടിക്ക് പോകാനുള്ള ആവേശത്തിൽ മസിലും പിടിച്ചു നിൽക്കുന്ന സീനിയര്‍മാര്‍ക്ക് ഇതു തീരെ രസിച്ചില്ല. ഇരുപതു പേരും ഒന്നിച്ചു അവരാവരുടെ കൂടിനു പുറത്തു കയറി ഓരിയിടാന്‍ തുടങ്ങി. ഒരേ നിൽപ്പ്, ഒരേ താളം… എന്തൊരു ഒരുമയോടെയാണ് പ്രതിഷേധിക്കുന്നത്! പത്തിരുപത് മിനിറ്റോളം പ്രതിഷേധക്കാരോട് അനുഭാവം പ്രകടിപ്പിച്ചു ഞങ്ങളും അവിടെ നിന്നു. അവരുടെ പടങ്ങളൊക്കെ വേണ്ട വിധത്തിലെടുത്തു കുറച്ചു ദൂരം കാടിനുള്ളിൽ നടന്ന് തിരികെ പാർക്ക് ഓഫീസിലെത്തി മാൻഡിയോട് യാത്രപറഞ്ഞു.


Lynx - Denali Park & Preserve Area

മൂസുകളെയാണ് വഴിയിൽ പ്രതീക്ഷിച്ചതെങ്കിലും ഞങ്ങളെ കാത്തു നിന്നതു Lynx എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കാട്ടുപൂച്ചയായിരുന്നു. അവനൊരു മരത്തിന്‍റെ താഴെ മഞ്ഞിൽ ഉച്ചമയക്കത്തിലാണ്. കിടക്കുന്നത് കണ്ടാല്‍ വലിയ വലിപ്പമൊന്നും തോന്നില്ല. ഹുസൈന്‍ ക്യാമറയുമായി ചാടിയിറങ്ങി. രണ്ടോ മൂന്നോ ക്ലിക്ക് എടുത്തപ്പോഴേക്കും ഞങ്ങളെ രൂക്ഷമായി നോക്കി അത് കാട്ടിലേക്ക് ഓടി മറഞ്ഞു. ശല്യം ചെയ്തതതിന്‍റെ ദേഷ്യം ആ നോട്ടത്തിലുണ്ടായിരുന്നു. ചാരനിറമുള്ള നീണ്ട രോമമാണ് ദേഹത്ത്. പൂച്ചയില്‍ നിന്ന് വ്യത്യാസമായി ചെവിക്ക് മുകളില്‍ ഒന്നര ഇഞ്ച് നീളത്തില്‍ കറുത്ത മുടിക്കെട്ടുണ്ട്. മുന്‍കാലുകള്‍ക്ക് പിന്‍കാലുകളെക്കാള്‍ നീളം കുറവായതിനാല്‍ ഓടുമ്പോളൊരു ചെരിവുണ്ട് പൂച്ചക്ക്. വടക്കേ അമേരിക്കയിലെ ഗോത്രക്കാരുടെ നാടോടി കഥകളില്‍ പല അത്ഭുതസിദ്ധികളൊക്കെയുള്ള പ്രധാനിയാണ്‌ Lynx.

സൂര്യനസ്തമിക്കുന്നതിനു മുമ്പായി ആങ്കറേജിലെത്തണമെന്നാണ് കരുതിയതെങ്കിലും നടന്നില്ല. ഇടയ്ക്കിടയ്ക്ക് ഫോട്ടോയെടുക്കാനായി ഹുസൈന്‍ മുങ്ങും. അങ്ങിനെ മുങ്ങിയും പൊങ്ങിയും, മൂസുകളുമായി ചങ്ങാത്തം കൂടിയും ഞങ്ങള്‍ രാത്രി ഏഴുമണിക്ക് ബെറ്റിയുടെ ഹോട്ടലില്‍ തന്നെയെത്തി.

2018 മാർച്ച് 10, ശനിയാഴ്‌ച

പെരുമയോടെ ഡനാലി!

രാവിലെ ഞങ്ങള്‍ പതിവ് സമയത്ത് ഉണര്‍ന്നെങ്കിലും പുറത്ത് രാത്രിയാണ്. നേരം വെളുക്കാന്‍ ഇവിടെ പത്ത് മണിയെങ്കിലുമാകും. ശൈത്യകാലം സൂര്യഭഗവാന്‍റെ വിശ്രമ സമയമാണല്ലോ. നേരത്തെ ഉറങ്ങി വൈകി എണീക്ക്യ... വേനലാണെങ്കില്‍ ഉറക്കമേയില്ല! നമ്മളും അതുപോലെയായാല്‍ കാര്യങ്ങള്‍ തകിടം മറിയും. സുപ്രഭാതം പൊട്ടിവിടര്‍ന്ന് വെളിച്ചം വീഴാന്‍ കാത്തു നിന്നാല്‍ ശരിയാവില്ല. അതിനാല്‍ ഏഴരയോടെ ഞങ്ങള്‍ ഹോട്ടലില്‍ നിന്നിറങ്ങി. ഇരുട്ടാണെങ്കിലും നഗരത്തില്‍ തിരക്ക് തുടങ്ങിയിരുന്നു. എട്ടരമണിയായപ്പോഴേക്കും തിരക്കുകളില്‍ നിന്ന് അകന്ന് ഞങ്ങള്‍ ജോര്‍ജ്ജ് പാര്‍ക്ക്സ് ഹൈവേയിലേക്ക് കയറിയിരുന്നു. അങ്ങ് ദൂരെ തൂവെള്ള പുതപ്പും പുതച്ച് തിളങ്ങുന്ന സൗന്ദര്യത്തോടെ നില്‍ക്കുന്ന ഡനാലിയെ ചെറുതായി കണ്ടു തുടങ്ങി. ഇടയ്ക്ക് വാഹനം നിര്‍ത്തി ഡനാലിയെ പകര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ ഹുസൈന്‍ നിരാശയോടെ പറയും, “ആ സൗന്ദര്യം ക്യാമറയില്‍ ഒതുങ്ങില്ല, അതാവും.” അത് തന്നെയാണ് ഡനാലി! വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ പര്‍വ്വതം.


Mt. Denali - standing tall, still 100km away

സ്വര്‍ണ്ണ നിക്ഷേപം തേടിയെത്തിയ വില്യം ഡിക്കിയാണ് ഡനാലിയെ Mount McKinleyയെന്ന പേര് വിളിച്ചത്. മലയടിവാരത്തില്‍ കാലങ്ങളായി താമസിക്കുന്നവരുണ്ടെന്നും, അവരുടെ ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഘടകമായ  പര്‍വ്വതനിരകള്‍ക്ക് അവര്‍ നല്‍കിയ പേരുണ്ടായിരുന്നെന്നു പോലും ഡിക്കി ഗൗനിച്ചില്ല. സ്വന്തം പേര് തിരിച്ചു കിട്ടാന്‍ ഡനാലിക്ക് വേണ്ടി പ്രകൃതിസ്നേഹികളും തദ്ദേശിയരും പോരാടാനുറച്ചു. അങ്ങിനെ 2015 ല്‍ പ്രസിഡന്റ്‌ ബരാക് ഒബാമയുടെ സമ്മത പ്രകാരം പര്‍വ്വതത്തിന്‍റെ പേര് ഔദ്യോഗികമായി ഡനാലിയെന്നാക്കി. ഡനാലിയുടെ വടക്കേ അറ്റത്തുള്ള ഗോത്രവംശര്‍ അവരുടെ ഭാഷയില്‍ പര്‍വ്വതത്തെ “ഡനാലീ”ന്ന് പണ്ടുമുതലേ നീട്ടി വിളിച്ചിരുന്നതാണ്. ഇതാണ് പുറമെന്ന് വന്ന ഡിക്കി ചേട്ടന്‍ മാറ്റി മറിച്ചത്. എന്തായാലും ഇപ്പോള്‍ സ്വന്തം പേര് തിരിച്ചു കിട്ടിയ സന്തോഷം ഡനാലിക്കുമുണ്ടാകും. പഴയ പേരിപ്പോള്‍ ആരും ഉപയോഗിക്കാറില്ല. ഒരിക്കല്‍ പോലും അലാസ്കയിലോ, തന്‍റെ പേരിലറിയപ്പെട്ടിരുന്ന പര്‍വ്വത പരിസരങ്ങളിലോ കാലു കുത്താത്ത President William McKinley യോടുള്ള പ്രതിഷേധം കൂടിയാവാം പേര് മാറ്റമെന്നും എഴുതാപ്പുറം വായിക്കാട്ടോ.

എവിടെ തിരിഞ്ഞാലും പ്രശാന്തമായ ഡനാലിയുടെ ഏതെങ്കിലും ഒരറ്റം കാണാം. പക്ഷെ ഹുസൈന് അത് പോരാ... "ന്നാ മ്മക്ക് അതിന്‍റെ പിന്നാലെ പോയാലോ"ന്ന് കേട്ടതും ക്യാമറാമാന്‍ ഹൈവേയില്‍ നിന്നിറങ്ങി. ഡനാലിക്ക് മുകളിലൂടെ ഹെലികോപ്റ്റര്‍ ട്രിപ്പ്‌ ചെയ്യാനായിരുന്നു പദ്ധതി. പക്ഷെ അന്ന് ശക്തമായ കാറ്റുള്ളതിനാല്‍ പറന്ന് കാണല്‍ നടക്കില്ലാന്ന് ടൂര്‍ കമ്പനിക്കാരുടെ അറിയിപ്പ്  ഞങ്ങളെ സങ്കടപ്പെടുത്തിയിരുന്നു. ആ വിഷമമാണ് Talkeetna Spur Road Drive തീര്‍ത്തു തന്നത്. 25കി.മീറ്ററോളം ഞങ്ങള്‍ സഞ്ചരിച്ചത് വെറുതെയായില്ല. വെയിലേറ്റ് തിളങ്ങുന്ന ഡനാലിയും, കാടും, മഞ്ഞും, കാറ്റും, മഞ്ഞു പാതയിലെ ബംമ്പുകളും എല്ലാം ചേര്‍ന്ന് യാത്ര നിറവുള്ളതാക്കി. അധികമാരുടെയും ശ്രദ്ധയില്‍ പതിഞ്ഞിട്ടില്ലാത്ത പൊടി പിടിച്ചു കിടക്കുന്നൊരു ചെറിയ ഗ്രാമമാണ് Talkeetna. എന്നാല്‍ 60 കി.മിറ്റര്‍ അകലെയുള്ള ഡനാലിയുടെ സാമീപ്യം ഏറ്റവുമടുത്ത് അനുഭവപ്പെടുന്നത് ഇവിടുന്നാണ്‌. അതായിരിക്കും ഡനാലി കയറാന്‍ പോകുന്ന പര്‍വ്വതാരോഹകരുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഓഫീസുകളും, എയര്‍ ടാക്സികളും കൂടുതലായി തല്‍കീത്നയിലുള്ളത്. 


Mt. Denali view from Trapper Creek (60 km away)

പര്‍വ്വതത്തിന്‍റെ അടിയില്‍ നിന്ന് കൊടുമുടിയിലേക്കുള്ള ഉയരം 18,000 അടിയാണ്. അങ്ങിനെ നോക്കുമ്പോള്‍ ഏവറസ്റ്റിനേക്കാളും ഉയരുമുണ്ട് ഡനാലിക്ക്. ഒരിക്കല്‍ അളന്നാല്‍ മതിയാകുന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ എല്ലാ കൊല്ലവും കോംപ്ലാന്‍ പരസ്യത്തിലെ കുട്ടിയെ പോലെ ഡനാലിയുടെ നീളം അളക്കുന്നുണ്ടത്രെ. 1മില്ലിമീറ്റര്‍ നീളത്തില്‍ ഡനാലി വളരുന്നുണ്ടെന്നാണ് നാസ പറയുന്നത്. എന്താവോ? നൂറ് വയസ്സ് തികഞ്ഞിരിക്കുന്ന പര്‍വ്വത മുത്തശ്ശിയുടെ മുകള്‍ഭാഗം സ്ഥിരമായി മഞ്ഞു മൂടി കിടക്കുകയാണ്. അത് കൂടാതെ കുറെയേറെ ഹിമാനികളുമുണ്ട്. സ്വന്തമായ കാലാവസ്ഥ വ്യവസ്ഥിതിയാണ് മുത്തശ്ശിക്ക്. ഡനാലിയിലെ കൂടിയ തണുപ്പ് -60°C ആണെങ്കില്‍, കാറ്റിനെയും കൂടെ കൂട്ടിയാല്‍ അത് -83°C ആവും. ഒറ്റയടിക്ക് ഫ്രീസാക്കി തരും മുത്തശ്ശി! വര്‍ഷത്തില്‍ 600 ചെറിയ ഭൂകമ്പങ്ങള്‍ സ്വകാര്യമായി മുത്തശ്ശിയുടെ മടിത്തട്ടിലുണ്ടാകാറുണ്ട്. ഇതൊക്കെ കൊണ്ടാവും ഡനാലിക്ക് മാത്രമായൊരു കാലാവസ്ഥ നിരീക്ഷണകേന്ദ്രമുള്ളത്. യാത്ര കഴിഞ്ഞെത്തിയതിനു ശേഷമാണ് കിം സിമര്‍മാന്‍ ലൈഫ് സയന്‍സ് ജേര്‍ണലില്‍ എഴുതിയ മുത്തശ്ശിയുടെ ജീവചരിത്രം വായിച്ചത്. ആദ്യമേ ഞാനിതൊക്കെ അറിഞ്ഞിരുന്നെങ്കില്‍ ആലോചിച്ച് ഫ്രീസായി പോയേനെ.. ഇതിന്‍റെ നെറുകിലേക്കാണ് അതിശൈത്യത്തില്‍ ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങാന്‍ തുനിഞ്ഞത്. ആ മോഹം കാറ്റ് കൊണ്ടു പോയത് നന്നായി!

ഞങ്ങള്‍ക്ക് ചുറ്റും മഞ്ഞിനേക്കാള്‍ കനത്തില്‍ ചൂഴ്ന്ന്‌ നില്‍ക്കുകയാണ് അലാസ്കന്‍ നിശബ്ദത. ചിലപ്പോള്‍ കൊതിപ്പിച്ചും, മറ്റു ചിലപ്പോള്‍ കാറ്റിന്‍റെ അകമ്പടിയോടെ ഭീതി പരത്തിയും അതങ്ങിനെ കൂടെ തന്നെയുണ്ടായിരുന്നു. മഞ്ഞിന്‍റെ ഭാരം താങ്ങാനാവാതെ വന്മരങ്ങളായ പൈനിന്‍റെയും സ്പ്രൂസിന്‍റെയും ചില്ലകള്‍ ഭൂമിയിലേക്ക്‌ താഴ്ന്നു തുടങ്ങിയിരുന്നു. പെട്ടെന്ന് കണ്ടാല്‍ ഡനാലിക്ക് മുന്നില്‍ വെള്ളയുടുപ്പിട്ട മരങ്ങള്‍ തലകുമ്പിട്ട് പ്രാര്‍ത്ഥിക്കുകയാണെന്നേ തോന്നൂ.  മരങ്ങള്‍ക്കിടയില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് എത്തി നോക്കുന്നുണ്ട് ഭൂമിയുടെ അവകാശികളായ മൂസുകള്‍. 500 കിലോയിലധികം തൂക്കമുണ്ടാവും വലിയ മൂസുകള്‍ക്ക്. കാനഡയില്‍ കണ്ടെതിനേക്കാള്‍ വലിപ്പമുണ്ട് അലാസ്കന്‍ മൂസുകള്‍ക്ക്. ആണ്‍ മൂസുകളുടെ തലയില്‍ പരന്ന വലിയ കൊമ്പുകളുണ്ടാവും. ശൈത്യകാലത്ത് കൊമ്പുകള്‍ പൊഴിഞ്ഞുവീണാലും വീണ്ടും വളരും. ഒറ്റയ്ക്കും കൂട്ടമായുമൊക്കെ മൂസുകള്‍ ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാനെത്തി. അതൊരു പ്രശ്നമാണ്. നാണം കുണുങ്ങികളാണെങ്കിലും ഏത് നേരത്താണ് വാഹനത്തിന് മുന്നിലേക്ക്‌ എടുത്തുചാടുകാന്ന് അറിയില്ല. ആദ്യത്തെ കൌതുകം മാറിയപ്പോള്‍ കാണുന്നവയുടെ കണക്കെടുപ്പ് തുടങ്ങി. അഞ്ഞൂറ്റി എണ്‍പത് കി.മീറ്റര്‍ ദൂരം താണ്ടി ഫെയര്‍ബാങ്ക്സില്‍ എത്തിയപ്പോഴേക്കും 13 മൂസുകളെയാണ് കണ്ടത്! അത്രയും മനുഷ്യരെ ആ വഴിയില്‍ ഞാന്‍ കണ്ടില്ല...



Adult Alaskan Bull Moose

ഭൂമിയാകെ കനത്തൊരു വെള്ള കുപ്പായത്തിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്. മലനിരകളും, കാടും, തടാകങ്ങളുമെല്ലാം... അതിനിടയിലൂടെയുള്ള റോഡും വെളുത്ത് പോയിരിക്കുന്നു. റോഡിനരികില്‍ കാണുന്ന പല ആകൃതിയിലുള്ള തപാല്‍പ്പെട്ടികള്‍ മാത്രമാണ് അടുത്തെവിടെയോ ആള്‍പ്പാര്‍പ്പിന്‍റെ സൂചനകള്‍ നല്‍കുന്നത്. മഞ്ഞിനുള്ളില്‍ നിന്ന് കടന്നുപോകുന്ന വാഹനങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പെട്ടികള്‍. സ്നേഹവും, പ്രണയവും, വിരഹവുമെല്ലാം പരസ്പരം കലമ്പാതെ അതിനുള്ളില്‍ കിടപ്പുണ്ടാവും...ഏതെങ്കിലുമൊരു തപാല്‍പ്പെട്ടിയില്‍ ഒരു കുറിപ്പെഴുതിയിടാന്‍ എനിക്ക് കൊതിയായി. "ഓറഞ്ചു ബോര്‍ഡ് നോക്ക്"ന്ന് കേട്ടപ്പോഴാണ് കത്തുകളുടെ ലോകത്ത് നിന്ന് ഞാന്‍ തിരിച്ചെത്തിയത്. Bumps” എന്നെഴുതിയ ഓറഞ്ചു നിറമുള്ള  അപായ ബോര്‍ഡുകളെയാണ് ഹുസൈന്‍ ഉദ്ദേശിക്കുന്നത്. അത് കണ്ടാലുറപ്പിക്കാം വഴിയില്‍ ഐസ് ഹീവ്സുണ്ടെന്ന്. സാധാരണയായി ഗതാഗത നിയന്ത്രണത്തിനാണ് ഹംമ്പുകള്‍ റോഡിലുണ്ടാക്കിയിടുന്നത്. ഇവിടെ കാണുന്ന ബംമ്പുകള്‍ തനിയെ ഉണ്ടാവുന്നതാണ്. റോഡിനടിയില്‍ നിന്ന് ഐസ് പൊങ്ങി വരും. അപ്പോള്‍ റോഡില്‍ കുഴികളും ഐസ് കുന്നുകളുമൊക്കെയുണ്ടാവും. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം സംഭവിക്കും. സൂര്യാസ്തമയം അടുത്തതോടെ ഡനാലിയുടെ നിറം മാറ്റം ആരംഭിച്ചു. ചായങ്ങള്‍ കോരിയൊഴിച്ച് ഹോളി ആഘോഷിക്കുന്ന പ്രകൃതിയെ നോക്കി നിന്നാല്‍ സമയം നമ്മളെ പറ്റിച്ചു കടന്നു പോകും. അതിനാല്‍, 'നിങ്ങള്‍ കളിക്ക്... ഞങ്ങളിത് എത്ര കണ്ടതാ'ന്നുള്ള പോലെ മുന്നോട്ടു പോയി. ഹെയര്‍പിന്‍ വളവുകളും, ബംമ്പുകള്‍, പിന്നെ വഴുക്കലും കൂട്ടിന് ഇരുട്ടും, മൂസുകളും... അലാസ്കയുടെ ഉള്‍പ്രദേശങ്ങളുടെ ചിത്രം കൂടുതല്‍ വ്യക്തമാവുകയായിരുന്നു.


Letter Boxes

ഇതിലേറെ അത്ഭുതകരമായി തോന്നിയത് താപനിലയിലെ കയറ്റിറക്കങ്ങളായിരുന്നു. അറുന്നൂറ് കി.മീറ്ററിനുള്ളില്‍ -20°C, -5°C, -35°C, -4°C എന്നിങ്ങിനെ ഒറ്റയും ഇരട്ടയുമായി കാറിനുള്ളിലെ യന്ത്രത്തില്‍ പ്രകൃതിയുടെ കളി പ്രകടമായിരുന്നു. ഏതു ചാക്കോ മാഷാവോ ഇങ്ങിനെ കണക്ക് പഠിപ്പിക്കാന്‍ അവിടെയെത്തിയത്? ഫെയര്‍ബാങ്ക്സില്‍ എത്താറായപ്പോഴേക്കും മുപ്പതില്‍(-30°C) തീരുമാനമായി. “നമുക്കിഷ്ടപ്പെട്ടിട്ട് കാര്യമില്ല, അലാസ്കക്ക് ഇഷ്ടമാവണം...” വഴിയില്‍ കണ്ടവരും സംസാരിച്ചവരും പറഞ്ഞതാണ്. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യമാണെങ്കിലും അതനുഭവിക്കാന്‍ പൊരുതുക തന്നെ വേണം. ചേര്‍ത്തു നിര്‍ത്തില്ല, പുറന്തള്ളാനെ നോക്കൂ... അത്രയും ദുഷ്കരമാണ് അലാസ്കന്‍ പ്രകൃതി”. കാറ്റിന്‍റെ ഇരുമ്പല്‍ സഹിക്കാതെ വിറയ്ക്കുന്ന കൈകളോടെ ചെവി പൊത്തുന്നത് കണ്ടപ്പോള്‍ ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരിയുടെ സാന്ത്വനപ്പെടുത്തുന്ന വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞു.

രാത്രി ഏഴര മണിയോടെ ഞങ്ങള്‍ അലാസ്കയുടെ സുവര്‍ണ്ണഹൃദയ നഗരിയെന്നു വിളിക്കുന്ന ഫെയര്‍ബാങ്ക്സിലെത്തി. ആങ്കറെജിലെ തിരക്കിന്‍റെ ഒരംശം പോലും അവിടെയില്ല. നഗരവെളിച്ചം ആശ്വാസമായെങ്കിലും താമസസ്ഥലത്തേക്ക് പിന്നെയും പോകേണ്ടിയിരുന്നു. വഴികാട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം പ്രധാനവഴിയില്‍ നിന്ന് തിരിഞ്ഞത് മഞ്ഞുമൂടിയ ഇടവഴിയിലേക്കായിരുന്നു. ഞങ്ങള്‍ പരസ്‌പരവും പിന്നെ ജി.പി.എസിനെയും ദയനീയമായി നോക്കി. പേരിനു പോലും ഒരു വഴിവിളക്കില്ല. കണ്ണുകള്‍ നിലാവെളിച്ചവുമായി ഇണങ്ങുവാന്‍ കുറച്ചു സമയമെടുത്തു. മഞ്ഞിന്‍റെ ഭാരം താങ്ങാനാവാതെ തലകുമ്പിട്ട് നില്‍ക്കുന്ന മരങ്ങളാണ് വഴിയരികില്‍. കുറച്ചു ദൂരം പോയപ്പോള്‍ ഹോട്ടലിന്‍റെ വെളിച്ചം കാണാറായി. അകലെയുള്ള ചെറുവെട്ടം ആശ്വാസമേകിയ നിമിഷങ്ങള്‍... ആ വെട്ടമാണ്  മുഖത്ത് ചിരിയുടെ നിലാവ് പരത്തിയത്. ജീപ്പില്‍ നിന്ന് സാധനങ്ങളെടുത്ത് വച്ചപ്പോഴേക്കും കൈ വിരലുകളില്‍ തണുപ്പിന്‍റെ വേദനയറിയാന്‍ തുടങ്ങിയിരുന്നു. വാഹനം ഹോട്ടലിന് പുറകില്‍ നിര്‍ത്തി എഞ്ചിന്‍ ചൂടാക്കാനുള്ള കേബിളിനെ വൈദ്യുതസോക്കറ്റും ജീപ്പുമായി ബന്ധിപ്പിച്ചു. ഇങ്ങിനെ ചെയ്തില്ലെങ്കില്‍ തണുപ്പ് സഹിക്കാനാവാതെ നേരം വെളുക്കുമ്പോഴേക്കും അത്  പണിമുടക്കും. അന്ന് രാത്രി ആ ഹോട്ടലില്‍ തിരക്കായിരുന്നു, അതിന് കാരണവുമുണ്ട്.  നാളെ നാടും നഗരവും ഒരുങ്ങുകയാണ്... 

2018 മാർച്ച് 2, വെള്ളിയാഴ്‌ച

'അല്യുട്ട് അല്യൈസ്ക'

അപൂര്‍ണ്ണമായ സ്വപ്നം പോലെ മനസ്സില്‍ കിടക്കുന്ന ചില യാത്രകളുണ്ട്‌. ഒളിഞ്ഞും തെളിഞ്ഞും സാന്നിദ്ധ്യമറിയിച്ചു കൊണ്ടിരിക്കുന്നവ. കാന്തിക ശക്തിയോടെ തിരികെ വിളിക്കാന്‍ പ്രാപ്തിയുള്ള ഇടങ്ങള്‍... പാതി കണ്ടു മറന്ന കിനാവിന്‍റെ തുടര്‍ച്ചയെന്നോണം ഒരു യാത്ര. അവിശ്വസനീയമായ  ഉള്‍വിളിയോടെ ചെന്നെത്തുന്ന സ്ഥലങ്ങള്‍...



“അലാസ്കയോ” വീണ്ടും അങ്ങോട്ട്‌? കാനഡയിലെ തണുപ്പൊന്നും പോരാഞ്ഞിട്ടാവും... അവിടെ നിങ്ങളുടെ ബന്ധുക്കളുണ്ടോ? എന്താ അവിടെ ഇത്ര കാണാനുള്ളത്...” അഭിപ്രായങ്ങളുടെ ഒഴുക്ക് ഞങ്ങള്‍ തടുത്തത്‌ മൗനം കൊണ്ടായിരുന്നു. എന്നാല്‍ പന്ത്രണ്ടാം ക്ലാസ്സുകാരന് അതിനു സാധിച്ചില്ല. ബ്രൌണ്‍ തൊലി നിറമുള്ളവര്‍ അലാസ്കയിലേക്ക് അവധിക്ക് പോകുമോന്ന് ആശ്ചര്യപ്പെട്ടവരോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനായിരുന്നു അവന്‍ ശ്രമിച്ചത്. ചന്ദ്രനില്‍ ചായക്കട നടത്തുന്ന മലയാളിയുടെ ട്രോളൊന്നും അവനറിയില്ലല്ലോ. എതിര്‍കക്ഷികളുടെ മനോഭാവം തിരുത്തുന്നതോടൊപ്പം, താന്‍ കളവു പറയുന്നതെല്ലെന്ന് സ്ഥാപിക്കുകയും വേണ്ടിയിരുന്നു കുട്ടിക്ക്. യാത്രാനുഭവങ്ങള്‍ സഞ്ചാരികളുടേത് മാത്രമാണെന്ന ചട്ടക്കൂടില്‍ നിന്ന് മാറി അവയ്ക്ക് വ്യാപ്തിയേറുകയാണ്.

ഇത്തവണ കാനഡയിലും തണുപ്പ് കൂടുതലായിരുന്നു. അപ്പോള്‍ പിന്നെ തണുപ്പിന്‍റെ മുഖ്യകാര്യാലയത്തിലെ സ്ഥിതി പ്രത്യേകിച്ച് എടുത്ത് പറയേണ്ടല്ലോ. ജനുവരി രണ്ടാം വാരമായി, കുറഞ്ഞ വിലക്ക് കിട്ടിയ വിമാന ടിക്കറ്റും, ദിവസവും നോക്കുന്ന അലാസ്ക കാലാവസ്ഥ റിപ്പോര്‍ട്ടും മാത്രമാണ് ആകെ കൈയിലുള്ളത്. കണ്ടാലുടന്‍ ഒരുങ്ങിയോന്ന് ചോദിച്ച് ശല്യപ്പെടുത്തുന്ന മാസിഡോണിയന്‍ സുഹൃത്താണ് എഴുതാനുള്ള നോട്ട്പുസ്തകവും പെന്‍സിലും തന്ന് അമ്പരിപ്പിച്ചത്. “Be like a Russian.” അതായിരുന്നു കുഞ്ഞു നോട്ട് പുസ്തകത്തോടൊപ്പം കൈപ്പറ്റിയ ഉപദേശം. തണുപ്പില്‍ നോട്ടുകള്‍ എഴുതി സൂക്ഷിക്കാനാവാതെ മുന്തിയ പേനകള്‍ മാറി മാറി ഉപയോഗിച്ച് തളര്‍ന്ന അമേരിക്കക്കാരെ പെന്‍സില്‍ കൊണ്ടെഴുതിയ നോട്ടുകള്‍ കാണിച്ചുകൊടുത്ത റഷ്യക്കാരുടെ കഥ അവരുടെ കുട്ടികാലത്ത് കേട്ടിരുന്നതും പറഞ്ഞു തന്നു. എന്തു തന്നെയായാലും സംഗതി സത്യമായിരുന്നു.

പണിമുടക്കിയ ജിപിഎസിനെ നേരെയാക്കി ഞങ്ങള്‍ വഴിത്തെറ്റാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ സജുവും, കരുതലായിയെത്തിയ ഹേമന്തിന്‍റെ സന്ദേശങ്ങളും, കമ്പിളി കാലുറകള്‍ തന്ന ചക്കരയും മുന്നൊരുക്കങ്ങളുടെ സ്നേഹപങ്കുകളായി. അതു മാത്രം പോരല്ലോ... പോക്കെറ്റിന് താങ്ങാനാവാത്ത വിലയുമായി വിന്‍റെര്‍ വസ്ത്രങ്ങള്‍ ഞങ്ങളെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഭീകരന്മാര്‍!! തണുപ്പില്‍ ക്യാമറയുടെ ജീവനെങ്ങിനെ നിലനിര്‍ത്തുമെന്ന് മാത്രം ഊണിലും ഉറക്കത്തിലും ചിന്തിക്കുന്ന ക്യാമറാമാന്‍. തണുപ്പ് അതിന്‍റെ ഉച്ചിയില്‍ നില്‍ക്കുന്ന സമയങ്ങളില്‍ നയാഗ്രയില്‍ പോയി പരിശീലന പടം പിടുത്തമൊക്കെയായി ക്യാമറക്ക്‌ മുന്നറിയിപ്പ് കൊടുത്തു കൊണ്ടിരുന്നു. പാവം, അതിന് മിണ്ടാന്‍ പറ്റില്ലല്ലോ. അതിശൈത്യത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നോര്‍ത്ത് ഫേസിന്‍റെ ജാക്കെറ്റുകള്‍, ബഫിന്‍റെ വിന്‍റെര്‍ ബൂട്ട്സ്, കൊളമ്പിയയുടെ ഓംനി ഹീറ്റ് പാന്റ്സ്, കൈയുറകള്‍, കഴുത്തും ചെവിയും മൂടുന്ന ബാലക്ലാവ, ഗ്രാബെറിന്‍റെ വാര്‍മറുകള്‍(Grabber Hand & Toe Warmers), ബൂട്ട്സിനടിയില്‍ ഇടുന്ന ക്രാംപോണ്‍സ് അങ്ങിനെ തണുപ്പ്-പ്രതിരോധ സാമഗ്രികള്‍ വിലകിഴിവില്‍ ഒത്തുവന്നപ്പോഴേക്കും യാത്രക്കുള്ള ദിവസമടുത്തു. സന്തതസഹചാരിയായ ക്യാമറക്ക്‌ രണ്ട് ബാറ്ററികള്‍ അധികമായി കരുതിയിരുന്നു.


ഫെബ്രുവരി ഒന്നാം തിയതി രാവിലെ കിട്ടിയതെല്ലാം വാരികൂട്ടി ഡെല്‍റ്റ എയര്‍ലൈന്‍സില്‍ ടോറോന്റോയില്‍ നിന്ന് ഞങ്ങള്‍ ഡിറ്റ്റോയിറ്റിലേക്ക് പറന്നു. അധികം പറന്നു നടക്കാതെ ഒരു മണിക്കൂറിനുള്ളില്‍ അവിടെയിറങ്ങി. സിയാറ്റിലേക്കുള്ള അടുത്ത യാത്ര നാലര മണിക്കൂറാണ്. ഒറ്റയടിക്ക് പറന്ന് ചെന്ന്  അലാസ്കയുടെ ഉച്ചിയില്‍ ഇറങ്ങണമെന്ന് മോഹിച്ചിട്ട് കാര്യമില്ലല്ലോ. വിമാനയാത്രയുടെ പതിവ് ആചാരങ്ങള്‍ക്ക് വിപരീതമായി ക്യാപ്റ്റന്‍റെ ചോദ്യം കേട്ടു, “നിങ്ങളൊക്കെ സിയാറ്റിലേക്കാണോ മാലിയിലേക്കാണോ? ഞാന്‍ നിങ്ങളെ സിയാറ്റിലേക്കേ കൊണ്ടു പോകൂ. അതു പോരെ?” ഇങ്ങിനെ യാത്രക്കാരോട് സംവദിക്കുന്ന പൈലറ്റിനെ ആദ്യമായാണ് കാണുന്നത്. 35 വര്‍ഷത്തെ സേവനത്തിനു ശേഷം അദ്ദേഹം പടിയിറങ്ങുകയാണെന്ന് കോ-പൈലറ്റ് യാത്രാവസാനം അറിയിച്ചപ്പോള്‍ വിമാനത്തില്‍ കൈയ്യടി മുഴങ്ങി. 

സഹയാത്രികനായ വ്യോമയാന പരിശീലകനുമായി സംസാരിച്ചിരുന്നതിനാല്‍ യാത്രയുടെ വിരസത അനുഭവപ്പെട്ടില്ല. സിയാറ്റിലിറങ്ങിയപ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ആശംസകള്‍ നേര്‍ന്ന് പിരിയുമ്പോള്‍ ഒരു കാര്യം മാത്രം അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു,Stay Warm.” ആങ്കറെജി (Anchorage)ലേക്കുള്ള യാത്രയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടായിരുന്നു. ജനുവരി 23 ന് ഗള്‍ഫ്‌ ഓഫ് അലാസ്കയില്‍ 7.9 തീവ്രതയിലുണ്ടായ ഭൂകമ്പം മൂലം അധികൃതര്‍ നല്‍കിയ സുനാമി മുന്നറിയിപ്പ് മനസ്സിലൊരു കരടായി കിടക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തിലെ സ്ക്രീനില്‍ തെളിഞ്ഞ  കാലാവസ്ഥ വ്യതിയാനങ്ങള്‍ നോക്കിയിരുന്നു കുഴഞ്ഞു. അധികം തളര്‍ത്താതെ വിമാനം തയ്യാറായ അറിയിപ്പ് മുഴങ്ങിയപ്പോള്‍ ആശ്വാസമായി. സിയാറ്റിലില്‍ നിന്ന് മൂന്ന് മണിക്കൂറാണ് ആങ്കറെജി (Anchorage)ലേക്കുള്ള യാത്രാസമയം. ഉച്ച തിരിഞ്ഞ് 2.30 മണിയോടെ ഞങ്ങള്‍ ആങ്കറെജിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാലുകുത്തി.

അമേരിക്കയുടെ 49-മത്തെ സ്റ്റേറ്റാണ് അലാസ്ക. 1867 ല്‍ റഷ്യയില്‍ നിന്ന് വാങ്ങി കൂട്ടത്തില്‍ ചേര്‍ത്തതാണെങ്കിലും അമ്പതെണ്ണത്തില്‍ വലിപ്പത്തിലും സൗന്ദര്യത്തിലും മുന്തിയത് ഇതു തന്നെ. കാനഡയോട് ചേര്‍ന്ന് കിടക്കുന്നോണ്ടാവും ഇത്ര സ്നേഹമെന്നൊരു കളിയാക്കല്‍ എനിക്ക് ചുറ്റും പാറി നടക്കുന്നുണ്ട്... മറ്റ് സ്റ്റേറ്റുകളെ “ലോവര്‍ 48” എന്നാണ് അലാസ്കയിലുള്ളവര്‍ വിശേഷിപ്പിക്കുക. ഇന്ന് റഷ്യയിലും പശ്ചിമ അലസ്കയിലുമായി ചിതറി പാര്‍ക്കുന്ന അല്യുട്ട് വംശജര്‍ അവരുടെ ഭാഷയില്‍ വിളിച്ചിരുന്ന അല്യുട്ട് അല്യൈസ്ക(പ്രധാന കര)യെയാണ് മിനുക്കിയെടുത്ത് “Alaska – The Last Frontier” എന്നൊക്കെ അലങ്കാരികതയോടെ നമ്മള്‍ പറയുന്നത്. ഗോത്രങ്ങളോടൊപ്പം ചരിത്രങ്ങളും ഇല്ലാതായ കഥകളൊക്കെ ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കാനാവില്ല..

 
എയര്‍പോര്‍ട്ടിനകത്തെ അലാസ്ക റെന്റല്‍സില്‍ ചെന്ന് മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്ന ജീപ്പ് കൈപ്പറ്റി. ഇനിയുള്ള പത്ത് ദിവസം ഞങ്ങളെ സഹിക്കേണ്ട ജീപ്പാണ്. അതിനെ നേരാവണ്ണമൊന്ന് വലംവെച്ച്‌ കയറിയിരുന്നു. ഒരു refurbished GPS ആണ് വഴികാട്ടി. തലത്തിരിഞ്ഞ ഞങ്ങള്‍ക്ക് തലത്തിരിഞ്ഞ വഴിയുമായി ആദ്യമൊന്ന് കളിപ്പിച്ചുവെങ്കിലും പിന്നെ ശരിയായി. Sygic Navigation ആപ്പിനെയും ഒരു കൈ സഹായത്തിന് കൂട്ടിയിരുന്നു. ഹോട്ടലില്‍ എത്തിയപ്പോഴേക്കും മൂന്നര മണിയായി. മുഖം നിറഞ്ഞു ചിരിക്കുന്ന ബെറ്റിയാണ് അവിടെ ഞങ്ങളെ സ്വീകരിച്ചത്. 1967ല്‍ 'ലോവര്‍ 48'ല്‍ നിന്ന് അലാസ്ക ഹൈവേയിലൂടെ സൈനീക വാഹനവ്യൂഹത്തില്‍ അലാസ്കയില്‍ എത്തിയതാണ് ബെറ്റി. അന്നത്തെ യാത്രയിലെ മങ്ങാത്ത ചിത്രമായി ഇന്നും കാനഡ അവരുടെ മനസ്സിലുണ്ട്. അതു കൊണ്ടാവും, "കാനഡയോടുള്ള പ്രണയം ഇപ്പോഴുമുണ്ട്ട്ടോ, ഒരിക്കല്‍ ഞാന്‍ വരുന്നുണ്ടെന്ന്..." മുഖത്തേക്ക് വീഴുന്ന സ്വര്‍ണ്ണ മുടിച്ചുരുളുകള്‍ മാടിയൊതുക്കുന്നതിനിടയില്‍  ബെറ്റി ഞങ്ങളോട് സ്വകാര്യം  പറഞ്ഞത്.

അലാസ്കയിലെ ഏറ്റവും ജനസാന്ദ്രത കൂടുതലുള്ള നഗരമാണ് ആങ്കറെജ്. വിമാനത്താവളത്തിലെ തിരക്കു തന്നെ പുറത്തെ കാര്യങ്ങള്‍ക്ക് വ്യക്തമാക്കിയിരുന്നു. മൂന്നു ലക്ഷത്തിനടുത്ത് ആളുകള്‍ ആങ്കറെജിലുണ്ടെന്നാണ് സര്‍ക്കാറിന്‍റെ കണക്ക്. യൂറോപ്യന്‍ ദേശാടകര്‍ വരുന്നതിന് മുമ്പേ അതബാസ്ക്കന്‍ ഗോത്രവംശക്കാര്‍ അവിടെയുണ്ടായിരുന്നു. അത് കണക്കില്‍പ്പെട്ടിട്ടുണ്ടോന്ന് അറിയില്ല. അധിനിവേശത്തിന്‍റെ മുറിപ്പാടുകളില്‍ നിന്ന് ചോരയിപ്പോഴും ഇറ്റുന്നുണ്ട്. അവകാശസമരങ്ങള്‍ക്ക് കൂടുതല്‍ തീര്‍ച്ചയും മൂര്‍ച്ചയും കൈവന്നിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം. നഗരത്തിലെ സായാഹ്ന തിരക്കൊഴിയാനായി ഞങ്ങള്‍ കാത്തു. പിറ്റേ ദിവസത്തേ യാത്രക്കുള്ള അത്യാവശ്യ സാധനങ്ങള്‍ ഇവിടെന്നു തന്നെ വാങ്ങണം.  

അഞ്ചു മണിയായപ്പോഴേക്കും ഇരുട്ടായി. വഴുതുന്ന റോഡിലൂടെ വാഹനങ്ങള്‍ തെന്നി നീങ്ങുന്നത്‌ കണ്ടതോടെ റോഡിലൂടെയുള്ള യാത്രയുടെ ഏകദേശ രൂപം പിടികിട്ടി. വാള്‍മാര്‍ട്ടില്‍ ചെന്ന് വാഹനത്തിന്‍റെ എഞ്ചിന്‍ ചൂടാക്കുന്നതിനുള്ള കേബിളും, ഐസില്‍ വാഹനം തെന്നുന്നത് തടയാനായി ടയറില്‍ ചുറ്റാറുള്ള ചങ്ങലയുമാണ് തിരഞ്ഞത്. ചങ്ങല കിട്ടിയില്ല.. കേബിളും, വെള്ളവും അത്യാവശ്യ ഘട്ടത്തില്‍ വയറു നിറക്കാനുള്ള സാധനങ്ങളു(ബിസ്ക്കറ്റ്, ചോക്ലേറ്റ്, നട്ട്സ്)മെടുത്ത് കൌണ്ടറിലെത്തി. പൈസ അടക്കാന്‍ നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത് വില്‍പ്പന നികുതി അടിച്ചു വരുന്നില്ല. ഇനി തെറ്റിയതാവോന്ന്, കരുതി വീണ്ടും നോക്കി... ശരിയാണ്, എല്ലാം വളരെ ശരിയാണ്! ആങ്കറെജില്‍ വില്‍പ്പന നികുതിയില്ല. 13% കൊടുത്ത് ശീലമായതോണ്ടാവും ബില്ലിലേക്ക് നോക്കുമ്പോഴൊക്കെ ഒരപാകത. എന്നാല്‍ ഈ സന്തോഷം ആങ്കറെജ് വിട്ടാല്‍ കിട്ടില്ലാന്നും അപ്പോള്‍ത്തന്നെ ഗൂഗിള്‍ പറഞ്ഞു. നമ്മളെ പോലെ തന്നെ ആരെങ്കിലും സന്തോഷിക്കുന്നത് ഗൂഗിളിന് ഇഷ്ടല്യാന്ന്! ടോറോന്റോ സമയം അലാസ്കയെക്കാളും നാല് മണിക്കൂര്‍ മുന്നിലാണ്. ഇവിടെ ആറു മണിയായപ്പോഴേക്കും ഞാനുറക്കം തൂങ്ങി തുടങ്ങിയിരുന്നു. നാളെ മുതല്‍ അലാസ്കയുടെ ഉള്‍ഭാഗങ്ങളിലേക്കാണ് പോകുന്നത്. നഗരത്തിരക്കില്‍ നിന്ന് അകലേക്ക്‌...the Endless Quest!!!




Blog Post Heading Courtesy: Native Aleut's

2016 ഒക്‌ടോബർ 1, ശനിയാഴ്‌ച

ബീവര്‍ ക്രീക്കും കാനഡ- യു. എസ് അതിര്‍ത്തിയും

ദ്രുവ് ഞങ്ങള്‍ക്ക് വിശ്രമത്തിനായി പറഞ്ഞു തന്ന ഡിസ്കവറി യുകോൺ ലോഡ്ജും കടന്ന് ഞങ്ങൾ വൈറ്റ് റിവറിലെത്തി. 1200 വര്‍ഷം പഴക്കമുള്ള അഗ്നിപര്‍വ്വത ചാര നിക്ഷേപമാണ് ഇന്നും ഈ പുഴയെ വെള്ള പൂശുന്നത്. ചാരം കലര്‍ന്ന പുഴ സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ അതിലൂടെ തോണിയിലും ബോട്ടിലും പോകുന്നതിന് നിയന്ത്രണമുണ്ട്‌. പാലം കടന്ന് കുറച്ച് ദൂരം ചരല്‍ റോഡാണ്. ഗോത്ര സമൂഹം ഉപേക്ഷിച്ച് പോയ ഒരു ഗ്രാമമുണ്ട് ബീവര്‍ ക്രീക്കിന് തൊട്ടടുത്ത്. അങ്ങോട്ട്‌ പോകാൻ റോഡില്ല, അതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു ഞങ്ങള്‍ ബീവര്‍ ക്രീക്ക് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. 


പിന്നെയും പിന്നെയും അതെന്നെ... Alaska Hwy
പെര്‍മാഫ്രോസ്റ്റിനു മുകളിലൂടെയാണ്‌ അലാസ്ക ഹൈവേയിലെ മുക്കാല്‍ഭാഗം റോഡും നിര്‍മ്മിച്ചിരിക്കുന്നത്. പണ്ടത്തെ ഗ്ലേസിയറില്‍ നിന്നുണ്ടായതാണ് ഹൈവേയിലുള്ള മണ്ണ്. ഐസാണ് കൂടുതലും, അതിനു മുകളിൽ റോഡുണ്ടാക്കുക അത്ര എളുപ്പമല്ല. മണ്ണിലെ ഉറച്ചു നില്‍ക്കുന്ന ഐസ് ഉരുകിയാല്‍ ഉറപ്പു നഷ്ടപ്പെട്ടാകെ കുഴഞ്ഞ് പോകും. പെര്‍മാഫ്രോസ്റ്റിന്‍റെ ഉറപ്പ് പരിശോധിക്കുന്നത് കാനഡയും യു.എസും ചേര്‍ന്നാണ്. കാലാവസ്ഥ വ്യതിയാനം മണ്ണിലെ ഐസിനെ ബാധിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ടിട്ടാവും തണുത്ത കാറ്റ് റോഡിനുള്ളിലേക്ക് കടത്തിവിട്ട് ഐസ് ഉരുകാതിരിക്കാനുള്ള മുന്‍കരുതലെടുക്കുകയാണ് ചുമതലപ്പെട്ടവര്‍. ഇനി തണുപ്പ് കൂടിയാലും പ്രശ്നമാണ്. അപ്പോള്‍ മണ്ണിൽ നിന്ന് ഐസ് മുകളിലേക്ക് പൊങ്ങി ഹമ്പുണ്ടാക്കിവെക്കും(Frost Heaves). ഇതൊക്കെയാണ് അല്‍കാൻ ഹൈവേയുടെ പ്രത്യേകതകള്‍.



ബിവര്‍ ക്രീക്കിലായിരുന്നു ആദ്യം കനേഡിയന്‍ കസ്റ്റംസ് സ്റ്റേഷനുണ്ടായിരുന്നത്. പിന്നീട് അതവിടെ നിന്ന് കുറച്ചൂടെ വടക്കോട്ട്‌ മാറ്റി. യാത്രക്കാര്‍ ആരെങ്കിലും വാഹനം നിര്‍ത്താതെ പോയാൽ പിന്നെ ഫ്ലാഷ് ലൈറ്റിന്‍റെയും സൈറനുകളുടെയും ബഹളംകേട്ട് നാട്ടുകാർ പൊറുതി മുട്ടിയിരുന്നുവെത്രേ. ക്രീക്കില്‍ നിന്നും വലിയ ദൂരമില്ല പുതിയ സ്റ്റേഷന്, എന്നാലും ക്രീക്കിലല്ലായെന്ന്‍ പറഞ്ഞ് ആശ്വസിക്കാം. മൈല്‍പോസ്റ്റ്‌ 1221 ലാണ് കാനഡ-യുഎസ് അന്താരാഷ്ട്ര ബോര്‍ഡര്‍. ഇരുപത് അടി നീളവും ആറിഞ്ച് വീതിയുമുള്ള മരകഷ്ണം കണ്ടുപിടിക്കാൻ തന്നെ പാടുപ്പെട്ടു. അളന്ന് മുറിച്ച് കണക്ക് കൂട്ടി അതിര്‍ത്തി തിരിച്ചപ്പോൾ വേര്‍പെടുത്തിയത് അവിടെ ജീവിച്ചിരുന്ന കുറെ മനുഷ്യരെയാണ്. ഒരു സുപ്രഭാതത്തില്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ രണ്ടു രാജ്യക്കാരായി. ബന്ധങ്ങള്‍ അറ്റു, പരസ്പരം കാണണമെങ്കില്‍ അതിര്‍ത്തികൾ കടക്കണം. ഫസ്റ്റ് നേഷന്‍സിന്‍റെ മരണാന്തര ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളുടെ കൈവശം തോക്കുണ്ടാവും, അത് മരിച്ച വ്യക്തിയോടുള്ള ആദര സൂചകമാണ്. അതിര്‍ത്തി വരച്ചവര്‍ക്ക് ഇതെന്നെല്ല പലതും അറിയില്ലല്ലോ, ഇപ്പോള്‍ തോക്കുമായി അങ്ങോട്ടോ ഇങ്ങോട്ടോ കടന്നാല്‍ പൊല്ലാപ്പായി. വെറും ഇരുപതടി നീളമുള്ള വര വേര്‍ത്തിരിച്ചതും നഷ്ടപ്പെടുത്തിയതിന്‍റെയും ആഴങ്ങൾ എങ്ങിനെയാണ് അളന്നെടുക്കുക?



1867 ലൊരു സ്ഥല കച്ചവടം നടന്നു. സ്ഥലം വില്‍ക്കുന്നത് റഷ്യ. വാങ്ങുന്നത് അമേരിക്ക. അങ്ങിനെ 7.2 മില്യണ്‍ ഡോളർ കൊടുത്ത് റഷ്യയിൽ നിന്ന്   അമേരിക്ക അലാസ്ക സ്വന്തമാക്കി. അതിന് മുന്‍പ് വരഞ്ഞു വെച്ച അതിര്‍ത്തി വരകൾ മായ്ക്കാതെ തന്നെയാണ് കച്ചവടം ഉറപ്പിച്ചത്. എന്നാല്‍ 1896 ലെ സ്വര്‍ണ്ണ ഖനനത്തോടെ കാനഡയും-അമേരിക്കയും അതിര്‍ത്തിയെ ചൊല്ലി തര്‍ക്കത്തിലായി. കനകം മൂലമുള്ള തര്‍ക്കം മൂത്ത് അന്തരാഷ്ട്ര കോടതി വരെയെത്തി. അവിടെന്ന് അമേരിക്കക്ക് അനുകൂലമായ വിധിയാണ് വന്നത്. സ്വര്‍ണ്ണ ഖനികൾ അടഞ്ഞതോടെ തര്‍ക്കത്തിന് പ്രസക്തിയില്ലാതായി.




അലാസ്കയിലേക്കും യൂകോണിലേക്കും സ്വാഗതം ചെയ്യുന്ന രണ്ടു ബോര്‍ഡുകൾ റോഡിനിരുവശവുമുണ്ട്. അവിടെ വച്ചാണ് മിസോറിയില്‍ നിന്ന് ബൈക്കില്‍ നാട് ചുറ്റുന്ന പോളിനെ കണ്ടത്. നാല് മാസമായി റോഡിലാണെന്നും, എങ്ങോട്ടാണെന്നും എവിടെക്കാണെന്നും നിശ്ചയമില്ലാത്ത യാത്രയുടെ ത്രില്ലില്ലായിരുന്നു അയാള്‍. സമയം ഏറെ കളയാതെ ഞങ്ങൾ ആശംസകള്‍ നേര്‍ന്ന് പിരിഞ്ഞു. ഇനിയങ്ങോട്ടു ഞങ്ങളുടെ വഴികളിൽ ചരിത്രത്തിന്‍റെ അടയാളപ്പെടുത്തലുകളുണ്ട്, സ്വപ്നങ്ങളുടെ - നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും നെടുവീര്‍പ്പുകളുണ്ട്... തിളക്കം നഷ്ടപ്പെട്ടെങ്കിലും ഓര്‍മ്മയിൽ തിളങ്ങുന്ന ആ കാലഘട്ടത്തിലേക്ക്, ആ ചരിത്രവഴികളിലൂടെയാണ്‌ ഇനി ഞങ്ങള്‍ക്ക് പോകേണ്ടത്. അതിന് ആദ്യം അതിര്‍ത്തി കടക്കണം. 

കസ്റ്റംസ് സ്റ്റേഷനില്‍ എത്തിയാല്‍ വാഹനത്തില്‍ നിന്ന് ഇറങ്ങരുതെന്നാണ് നിയമം. യുഎസ് കസ്റ്റംസ് ഓഫീസർ കാറിനടുത്ത് വന്ന് രേഖകൾ പരിശോധിക്കും. പിന്നെ ചോദ്യങ്ങള്‍ എവിടുന്ന്, എന്തിന്, എങ്ങോട്ട്?? വളര്‍ത്തു മൃഗങ്ങൾ, തോക്ക്, മദ്യം, ‘പെപ്പര്‍ സ്പ്രേ’ എന്നിവ വണ്ടിയിലുണ്ടെങ്കിൽ വ്യക്തമാക്കണം. ഇതൊന്നും ഇല്ലാന്ന് പറഞ്ഞത് വിശ്വാസമാവാഞ്ഞിട്ടാവും കാറിന്‍റെ പിൻ സീറ്റിലേക്ക് കസ്റ്റംസ് ഓഫീസര്‍ ഞങ്ങളോട് സംസാരിക്കുമ്പോഴും പാളി നോക്കുന്നുണ്ടായിരുന്നു. കരടിയെ ഓടിക്കാനുള്ള പെപ്പർ സ്പ്രേക്കും വിലക്കാണ്. കാനഡയിലുള്ളത് അങ്ങോട്ടും യു.എസിലുള്ളത് ഇങ്ങോട്ടും കടത്താന്‍ പാടില്ലാത്രേ. ഏത് മുളകായാലും കരടിയുടെ കണ്ണിന്‍റെ നീറ്റലിന് കുറവൊന്നുമുണ്ടാകില്ലല്ലോ... പിന്നെയെന്താവോ? 



Tetlin National Wildlife Refuge, Alaska

കസ്റ്റംസ് ചെക്കിംഗ് കഴിഞ്ഞ് ഞങ്ങള്‍ എത്തിയത് ടെട്ട്ലിന്‍ നാഷണൽ വൈല്‍ഡ്‌ ലൈഫ് റെഫ്യൂജി(Tetlin National Wildlife Refuge,Alaska)ലാണ്. അവിടെത്തെ വിസിറ്റര്‍ സെന്ററിൽ കയറി റൂട്ട് മാപ്പുകൾ പുതിയത് വാങ്ങിച്ചു. കുറെയേറെ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള സങ്കേതമാണ് ഈ വൈല്‍ഡ്‌ലൈഫ് റെഫ്യൂജ്. ദേശാടന പക്ഷികളുടെ ഇടക്കാല വിശ്രമ സ്ഥലം കൂടിയായതിനാല്‍ ഇവിടെ അവരുടെ സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം. അവിടെയധികം കറങ്ങിത്തിരിഞ്ഞ് നടക്കാതെ ഞങ്ങള്‍ 148km (92miles) അകലെയുള്ള ടോകിലേക്ക് യാത്ര തിരിച്ചു...                                                                                             (തുടരും)