Wednesday, October 18, 2017

ഹോളോഗ്രാം ചിത്രങ്ങള്‍

കാനഡയുടെ പിറന്നാളാഘോഷങ്ങള്‍ക്ക് സമാപനമായിട്ടില്ല. 150 വര്‍ഷത്തെ ചരിത്രവും ഭാവിയും പല രൂപത്തിലും ഭാവത്തിലുമാണ് ജനങ്ങള്‍ക്ക്‌ മുന്നിലെത്തുന്നത്. രാജ്യത്തിനൊരറ്റം മുതല്‍ മറ്റൊരറ്റം വരെ സഞ്ചരിച്ച് ഇതിന്‍റെ ഭാഗമാവുക അസാധ്യമാണ്. അണ്ണാറകണ്ണനും തന്നാലായതെന്നല്ലേ... ചെറിയ മട്ടത്തില്‍ ഞങ്ങളും കുറച്ചു പരിപാടികളില്‍ പങ്കെടുത്ത് ഹാപ്പി ബര്‍ത്ത്ഡേ ഹാപ്പിയാക്കുന്നു. സെപ്റ്റംബറിലെ നീണ്ട വാരാന്ത്യ ഒഴിവുദിനത്തിലാണ് തലസ്ഥാനനഗരിയായ ഒട്ടവിയിലെത്തിയത്. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളിലായി നടക്കുന്ന ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ കാണാന്‍ കൂടിയായിരുന്നു യാത്ര.

വെള്ളിയാഴ്ച അര്‍ദ്ധരാത്രി തന്നെ ഞങ്ങള്‍ ഒട്ടവയിലെത്തിയത് പിറ്റേന്നു രാവിലെ ആറു മണിക്ക് നടക്കുന്ന ഹോട്ട് എയര്‍ ബലൂണുകളുടെ ലിഫ്റ്റ്‌ ഓഫ്‌ കാണാനായിരുന്നു. പിറന്നാള്‍ കണക്കായിരിക്കും ഇത്തവണ 150 ബലൂണുകളുണ്ടാവുമെന്നാണ് കേട്ടത്. ആറു മണിക്ക് മുന്‍പ് തന്നെ ഞങ്ങള്‍ ഗട്ടിനോയിലുള്ള ലാ ബേയ് പാര്‍ക്കിലെത്തി. പാര്‍ക്കിനൊരുവശത്ത് ബലൂണില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള സ്റ്റഡി ക്ലാസ്സ്‌ നടക്കുകയാണ്. എന്തൊരു ആവേശമാണ് ഈ ആളുകള്‍ക്ക്! തൊട്ടാല്‍ പൊട്ടുന്ന ബലൂണിലാണ് കയറേണ്ടതെന്ന വല്ല വിചാരവുമുണ്ടോന്നൊക്കെ ഓര്‍ത്ത് പകച്ച്‌ നില്‍ക്കുകയാണ് ഞാന്‍. ബലൂണുകള്‍ പറപ്പിക്കുന്ന പാടം വേലികെട്ടി തിരിച്ചിട്ടുണ്ട്. പാടത്തിന്‍റെ ഒരറ്റത്ത് ക്യാമറകളുമായി ഫോട്ടോഗ്രാഫര്‍മാരും മീഡിയക്കാരും തമ്പടിച്ചിരിക്കുന്നു. പരിപാടി കൊഴുപ്പിക്കാന്‍ സാക്സ് അപ്പീല്‍ ബാന്‍ഡുകാരുമുണ്ട്. നാല് പേരുള്ള ബാന്‍ഡിലെ വാദ്യോപകരണങ്ങള്‍ സാക്സഫോണ്‍ കുടുംബത്തില്‍പ്പെട്ട സോപ്രാനോ, ആള്‍ട്ടോ, ടെനര്‍, ബാരിറ്റോണ്‍ സാക്സഫോണുകളാണ്. ആറരയോടെ അവര്‍ അവരുടെ കലാപരിപാടി തുടങ്ങി.



Sax Appeal Band - Pic Courtesy: Google Images

'ബലൂണ്‍ ബലൂണ്‍..' എന്നൊക്കെ തോന്നിയത് പോലെ നമ്മളിതിനെ വിളിക്കുന്നു. ‘എന്‍വെലപ്പ്’ എന്നാണത്രെ ഇതിന്‍റെ ശരിയായ നാമം. എന്‍വെലപ്പിനെക്കാള്‍ നല്ലതായി തോന്നിയത് ബലൂണ്‍ വിളിയാണ്. കുറച്ചൊരു ഉറപ്പും ബലവുമൊക്കെയുള്ളത് പോലെ. ഞാന്‍ പേടിച്ചത് പോലെയൊന്നുമല്ല.
ദൃഢീകരിച്ച നൈലോണ്‍ കൊണ്ടാണത്രേ ഇതുണ്ടാക്കുന്നത്. ഭാരം കുറവാണെങ്കിലും പ്രതിരോധശേഷിയും ചോര്‍ച്ച തടയാന്‍ കെല്‍പ്പുള്ളതുമാണ് ഈ ബലൂണുകള്‍... എന്നാലും വേണ്ട, കയറണ്ട... കണ്ടാല്‍ മതി. മെയ്‌ മാസത്തിലാണ് ആല്‍ബേര്‍ട്ടയില്‍ ഇത് പോലൊരു ബലൂണ്‍ മരത്തില്‍ ഇടിച്ച് ക്രാഷ് ലാന്‍ഡ് ചെയ്തത്. സി. ടി.വി റിപ്പോര്‍ട്ട്‌ ചെയ്ത വാര്‍ത്തയില്‍ പറയുന്നത് 
ഒരാള്‍ കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയത് ഈ ബലൂണില്‍ വച്ചാണത്രേ... സര്‍പ്രൈസ് ഭാഗ്യത്തിന് ട്രാജഡിയായില്ല. എല്ലാവരും രക്ഷപ്പെട്ടു. കാറ്റല്ലേ സാരഥി, എപ്പോള്‍ എങ്ങോട്ട് എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ.



Heating the air 
ബലൂണിനെ പിക്കപ്പ് വണ്ടികളിലാക്കിയാണ് ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്നത്. ഇതിനെയൊക്കെ ഊതി വീര്‍പ്പിച്ച് നേരെ നിര്‍ത്താന്‍ ഒരുപറ്റം ആളുകളും വേണം. ആദ്യം ബലൂണിനെ വണ്ടിയില്‍ നിന്നിറക്കി ഗ്രൗണ്ടില്‍ വിരിച്ചിട്ടു. ഓരോന്നിനും എമ്പാടും സ്ഥലം വേണം. താഴെ നിവര്‍ത്തിയിട്ട ബലൂണിനെ ഒരു കൊട്ടയില്‍ ബന്ധിപ്പിക്കും. കൈകൊണ്ട് നെയ്‌തുണ്ടാക്കുന്ന ആ കൊട്ടയിലാണ് ആളുകള്‍ കയറുന്നത്. ബലൂണില്‍ കാറ്റടിക്കലാണ് അടുത്ത പണി. അതിന് ചെറിയ ഫാനുകളുണ്ട്. കാറ്റ് നിറച്ചാലും ബലൂണുകള്‍ പൊങ്ങണമെങ്കില്‍ അതിനുള്ളിലെ വായുവിനെ ചൂടാക്കണം. ‘തീക്കളി ഞങ്ങളില്ലാതെയോ’ന്ന് ചോദിച്ചുകൊണ്ട് ബര്‍ണറുകള്‍ കത്തിക്കുമ്പോഴേക്കും ഫയറെഞ്ചിനുകളും ഗ്രൗണ്ടിലെത്തി. 100,000 ക്യുബിക് അടി വ്യാപ്തിയാണ് അവിടെയുള്ള ഓരോ ബലൂണും. കിടപ്പില്‍ നിന്നെണീറ്റാല്‍ 70 അടിയോളം ഉയരമുണ്ടാവും.


Hot Air Balloons - Ready for the lift off

അകം ചൂടായപ്പോള്‍ ഓരോരുത്തരായി പതുക്കെ എഴുന്നേറ്റു നില്‍ക്കാന്‍ തുടങ്ങി. നിവര്‍ന്നപ്പോള്‍ ബലൂണുകള്‍ക്ക് കാറ്റിനൊപ്പം പോണം. അങ്ങിനെയങ്ങ് പോകാന്‍ അനുവാദവുമില്ല. കയറുകള്‍ വലിച്ചു പിടിച്ചവര്‍ കുഴങ്ങിയിട്ടുണ്ടാവും. 1000-1500 അടി ഉയരത്തില്‍ ബലൂണുകള്‍ പറക്കുമെങ്കിലും കാറ്റിന്‍റെ ഗതിക്കനുസരിച്ചാണ് അതിന്‍റെ സ്പീഡ്. പല നിറത്തിലും ആകൃതിയിലുമുള്ള ഭീമാകാരമായ ബലൂണുകളില്‍ സ്വദേശികള്‍ മാത്രമല്ല വിദേശികളുമുണ്ട്. Super FMG, Alien Rocket, Boy, Bee Hives, Dingbat, Whale, Romeo-Juliet, Kermie The Frog, Lion തുടങ്ങി ആകൃതിക്കനുസരിച്ച പേരുമായി നില്‍ക്കുന്നവരാണ്. മറ്റുള്ളവക്ക് പേരൊന്നുമില്ല, വെറും സാധാരണക്കാര്‍... ഇതിലെ തവളയും, സിംഹവും, ഡിംഗ്ബാറ്റും അമേരിക്കയില്‍നിന്നും, മെക്സിക്കോയില്‍ നിന്നുമൊക്കെയെത്തിയതാണ്.

സമയം 7.30 മണിയായി. ബലൂണുകളെ പോലെയെനിക്കും ക്ഷമകെട്ടു. എത്ര നേരാന്നുവെച്ചാണ് ഇങ്ങിനെ നില്‍ക്കുന്നത്. കാത്തുനിന്നത് വെറുതെയായി, ഓരോ ബലൂണുകളായി കാറ്റൊഴിഞ്ഞ് തളര്‍ന്ന് വീഴാന്‍ തുടങ്ങി. എന്താണ് കാര്യമെന്നന്വേഷിച്ചപ്പോള്‍ പകുതി ഫ്രെഞ്ചിലും ഇംഗ്ലീഷിലുമായി ഒരു കുട്ടി ഞങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു തന്നു. 'കാറ്റിന്‍റെ ഗതി മാറിയിരിക്കുന്നു, അത് കൊണ്ട് ഇപ്പോള്‍ ബലൂണ്‍ പറത്താന്‍ അനുവാദമില്ല. ഒട്ടവ നഗരത്തിനനുകൂലമായാണ് കാറ്റടിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ നഗരത്തിലൂടെയുള്ള പറക്കല്‍ നടക്കില്ല'. കൈവിട്ടാല്‍ പിന്നെ ബലൂണ്‍ കാറ്റ് പറയുന്നതല്ലേ അനുസരിക്കൂ... ചൂടുള്ള ബലൂണ്‍ പൊങ്ങി പറക്കുന്നത് കണ്ടില്ലെങ്കിലും അതിന്‍റെ മറ്റു സാങ്കേതിക വശങ്ങളൊക്കെ മനസ്സില്ലാക്കാന്‍ സാധിച്ചു. തളര്‍ന്നു വീണ ഭീമന്മാരെ ആളുകള്‍ വീണ്ടും ശ്രദ്ധയോടെ പൊതിഞ്ഞുകെട്ടി അവരെ കൊണ്ടു വന്ന വാഹനങ്ങളില്‍ കയറ്റി. ഫയറെഞ്ചിനുകളും സ്ഥലംവിട്ടു. വൈകുന്നേരം വീണ്ടും ലിഫ്റ്റ്‌ ഓഫ്‌ ഉണ്ടാവുമെന്ന് സംഘാടകര്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ അവിടെന്ന് പോന്നു. 


KONTINUUM - An Underground Journey Through Time

ലാ ബേയ് പാര്‍ക്കിന്‍റെ ട്രെയിലിലൂടെയായിരുന്നു ഞങ്ങള്‍ തിരിച്ചു നടന്നത്. 80 വയസ്സായ മുത്തശ്ശിപാലവും കടന്നാലെത്തുന്നത് റോഡിനരികിലാണ്. എതിര്‍വശത്ത് മരണത്തിന്‍റെ മാലാഖയെ ആലേഖനം ചെയ്ത പ്രവേശനകവാടവുമായി നില്‍ക്കുന്നത് ഒട്ടവയിലെ പഴയ Notre-Dame സെമിത്തേരിയാണ്. ക്യുബെക് ശില്പകലാവിദഗ്ധനായ ആര്‍തര്‍ വിന്‍സെന്റാണിതിന്‍റെ ശില്പി. അദ്ദേഹം അവസാനമായി ചെയ്ത പ്രധാന കലാസൃഷ്ടിയായിരുന്നുവെത്രേ മരണത്തിന്‍റെ മാലാഖ! Jacques –Cartier പാര്‍ക്കിന് മുന്നിലുള്ള ഹോട്ടലിലാണ് ഞങ്ങളുടെ താമസം. മുറിയിലെത്തി വിശ്രമിച്ചതിന് ശേഷം ഞങ്ങള്‍ ഒട്ടവ നഗരത്തിലേക്ക് നടന്നു. തിരക്ക് കാരണമാകും റോഡുകളില്‍ പലയിടത്തും ഗതാഗതനിയന്ത്രണമുണ്ട്‌. Ottawa 2017/Moment Factory യും ചേര്‍ന്ന് അവതരിപ്പിക്കുന്ന KONTINUUM കാണുകയായിരുന്നു ലക്ഷ്യം.

ഭൂഗര്‍ഭ റെയില്‍ പാതയുടെ (Light Rail Transit) നിര്‍മ്മാണ വേളയില്‍ ജോലിക്കാര്‍ അസാധാരണമായ വൈദ്യുതകാന്ത അലകള്‍ സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ ടണലിനകത്തും പുറത്തും കാണുകയുണ്ടായി. മനുഷ്യശരീരത്തിന് ദോഷം വരില്ലെന്ന ഉറപ്പിന്മേല്‍ പൊതുജനങ്ങള്‍ക്ക് കാണാനും അനുഭവിക്കാനുമായി സെപ്റ്റംബര്‍ 14വരെ ഭൂഗര്‍ഭ പാത തുറന്നുകൊടുത്തു. പ്രവേശനം സൗജന്യമാണ്. വെള്ളം അകത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല. സുരക്ഷാപരിശോധനക്ക് ശേഷം അകത്ത് കയറിയാല്‍  സ്കാന്‍ ചെയ്തു നമ്മുടെ ഹോളോഗ്രാമുണ്ടാക്കും. 500 മീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെയാണ് നടക്കേണ്ടത്‌. വിവിധ നിറമുള്ള പ്രകാശരശ്മികളാണ് മുന്നോട്ട് നയിക്കുക. കണ്ണുകള്‍ നിറങ്ങളുമായി പൊരുത്തപ്പെടാനെടുക്കുന്ന സമയംകൊണ്ടാവുമോ നിഴലുകളും ആളുകളും മറയുന്നതും തെളിയുന്നതും? ജീവിതത്തില്‍ അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമ്പോള്‍ നേരിടുന്ന ശങ്ക പോലെ, വഴിപിരിയുന്നിടത്ത് ആളുകള്‍ ശങ്കിച്ച് നില്‍ക്കുന്നുണ്ട്. ഏതു വഴി തിരഞ്ഞെടുത്താലും ഒരിടത്ത് തന്നെയാണെത്തുക. പക്ഷെ അനുഭവങ്ങള്‍ വ്യത്യസ്തമാവും. പ്ലാറ്റ്‌ ഫോമിലെത്തുന്നവരുടെ മുന്നിലൂടെ ചീറിപ്പായുന്ന ട്രെയിനിനെ പ്രകാശവും ശബ്ദവും ചേര്‍ത്ത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നുട്രെയിന്‍ ബോഗികളില്‍ തെളിയുന്നതാകട്ടെ ആളുകളുടെ ഹോളോഗ്രാം ചിത്രങ്ങളും!ശാസ്ത്രസാങ്കേതിക വിദ്യകളുപയോഗിച്ച് രൂപപ്പെടുത്തിയെടുത്ത ഭൂഗര്‍ഭയാത്ര പ്രത്യേക അനുഭവമായിരുന്നു.. അതിനകത്ത് നിന്ന് നല്ല ചിത്രങ്ങളൊന്നും കിട്ടിയില്ലെങ്കിലും ചുവരിലെ വാചകം മനസ്സില്‍ പതിഞ്ഞിരുന്നു. “For every Great City that stretches towards the sky, there is a story in its underground…" വീണ്ടും ഇതേ വാചകം ഞാന്‍ കേട്ടത് വാക്കുകളുടെ തെരുവോല്‍സവവേദിയില്‍ (2017 The Word On The Street Toronto Festival) വച്ചാണ്.


Northern Lights- Sound and Light Show, Parliament Hill
രാത്രി ഒന്‍പതു മണിവരെ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു. ഇരുട്ടിയപ്പോള്‍ പാര്‍ലിമെന്റ് ഹില്ലിലെത്തി, പീസ്‌ ടവറിനു മുന്നിലുള്ള പുല്‍ത്തകിടിയില്‍ ഇരുന്നു. പീസ്‌ ടവറുള്‍പ്പെടുന്ന സെന്‍ട്രല്‍ ബ്ലോക്ക്‌ കെട്ടിടത്തിന്‍റെ ചുവരാണ് സ്ക്രീനായിട്ട് മാറുന്നത്. ശബ്ദവും പ്രകാശവും സമന്വയിപ്പിച്ചു കാനഡയുടെ ചരിത്രം അവതരിപ്പിക്കുകയാണ്. 1984 ല്‍ തുടങ്ങിയ പരിപാടിയാണ്. ആറാമത്തെ എഡിഷനാണ് ഈവര്‍ഷത്തേത്. അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഷോ മുപ്പത് മിനിട്ടാണെങ്കിലും വിജ്ഞാനപ്രദമായിരുന്നു. ചരിത്രം എത്ര ആയാസരഹിതമായിട്ടാണ് പകര്‍ന്ന് തരുന്നത്. Northern Lights- Sound and Light Show on Parliament Hill 2017 വീഡിയോ കണ്ടു നോക്കൂ. 




ചുറ്റുമുള്ള കെട്ടിടങ്ങളുടെ പ്രകാശത്താല്‍ തിളങ്ങി നില്‍ക്കുകയാണ് ഒട്ടവ പുഴ. തെരുവിലെ തിരക്കൊഴിഞ്ഞിട്ടില്ല. എവിടെ നിന്നോ ഒരു സംഗീതോപകരണത്തിന്‍റെ നേര്‍ത്ത ശബ്ദം ഒഴുകിയെത്തുന്നുണ്ട്. തെരുവോരത്ത് ഒരു കലാകാരന്‍ അയാളുടെ ചിത്രരചനയില്‍ മുഴുകിയിരിക്കുന്നു. ബക്കറ്റില്‍ വീഴുന്ന നാണയത്തുട്ടുകളുടെ ശബ്ദമോ ക്യാമറ ഫ്ലാഷുകളോ അയാളെ ഒട്ടും അലസോരപ്പെടുത്തുന്നില്ല. മുന്നോട്ട് നടക്കുമ്പോഴും  അപൂര്‍ണ്ണമായ ചിത്രവും അത് വരയ്ക്കുന്ന കൈകളുമായിരുന്നു പുഴ പോലെ നിറഞ്ഞു നിന്നത്. തണുപ്പായിരുന്നെങ്കിലും രാത്രിയുടെ സൗന്ദര്യം മതിയാവോളം ആസ്വദിച്ച നടത്തമായതിനാല്‍ ഹോട്ടലിലെത്തിയപ്പോഴേക്കും വൈകിയിരുന്നു.


Parliament Hill & Ottawa River

ഞായറാഴ്ച പുലര്‍ന്നത് മഴയും തണുപ്പും മൂടലുമായിട്ടാണ്. 
ഹോട്ടലിന് മുന്നിലെ പാര്‍ക്കിലാണ് രാജ്യത്തെ ഏറ്റവും വലിയ ഹോര്‍ട്ടികള്‍ച്ചറല്‍ പ്രദര്‍ശനമായ "Mosaicanada 150" ഒരുക്കിയിരിക്കുന്നത്. ചരിത്രവും, പാരമ്പര്യവും, കലയും, സംസ്കാരവുമാണ് പൂക്കളും ചെടികളും കൊണ്ടുണ്ടാക്കിയ ശില്പങ്ങള്‍ പ്രതിപാദിക്കുന്നത്. കാനഡയിലെ 10 പ്രൊവിന്‍സും, 3 ടെറിട്ടറികളും,  ഫസ്റ്റ് നേഷന്‍സ് കലാകാരന്മാരും ഒന്നിച്ചു ചേര്‍ന്നൊരുക്കിയ 33 മികച്ച കലാസൃഷ്‌ടികള്‍ക്കൊപ്പം ബെയ്ജിംങ്ങ്, ഷാങ്ങ്ഹായ് എന്നിവിടങ്ങളില്‍ നിന്നുമുണ്ട് ഉദ്യാനശില്‍പങ്ങള്‍. The Train, Mother Earth, Glenn Gould, The Series of the Century, Jos Montferrand എന്നിവയാണ് ശില്പങ്ങളില്‍ പ്രധാനപ്പെട്ടത്. മഴയായത് കൊണ്ടാവും പാര്‍ക്കില്‍ തിരക്കുണ്ടായിരുന്നില്ല. തലേദിവസം അങ്ങോട്ട്‌ അടുക്കാന്‍ പോലും കഴിയാതെ രണ്ടു തവണ തിരിച്ചു പോന്നതാണ്. സ്ഥിരതയില്ലാത്ത കാലാവസ്ഥയില്‍ ചെടികളെ പരിപാലിക്കുന്നത് തന്നെ എത്ര ശ്രമകരമാണ്... 


പ്രവേശനകവാടം കടന്നെത്തുക സൂര്യകാന്തി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പാടത്തിനരികില്‍ നിര്‍ത്തിയിട്ട തീവണ്ടിയുടെ മുന്നിലാണ്. അത് കഴിഞ്ഞാല്‍ ചെറുതും വലുതുമായ പല ശില്പങ്ങള്‍... എല്ലാം ചെടികളും പൂക്കളും കൊണ്ട് തീര്‍ത്ത ജീവനുള്ള ശില്പങ്ങള്‍ തന്നെ.!!! കുതിരകളും, ബീവറും, ബൈസണും, മൂസും, പക്ഷികളും, മരംവെട്ടുകാരനും, തോണിയും, ഹോക്കിയും, ഗ്രീന്‍ ഗേബിള്‍സിലെ അന്നയെയുമെല്ലാം എത്ര വിദഗ്ധമായാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവിലെ ശില്പമായ മദര്‍ എര്‍ത്താണ് ഏറ്റവും ആകര്‍ഷകമായത്... അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ അഴിഞ്ഞുലഞ്ഞ മുടിയുമായി കണ്ണടച്ച് ധ്യാനത്തിലെന്നവണ്ണം ശാന്തയായിരിക്കുന്ന അമ്മ രൂപം! നൂറില്‍പ്പരം വളണ്ടിയര്‍മാരുടെയും ആര്‍ട്ടിസ്റ്റുകളുടെയും അശ്രാന്തപരിശ്രമങ്ങള്‍ വിജയം കണ്ടു. ഒക്ടോബര്‍ 15ന് മൊസായ് കാനഡ അവസാനിക്കുമ്പോള്‍ 1.3 മില്യണ്‍ ആളുകള്‍ പാര്‍ക്കിലെത്തിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ക്യുബെക്കിലെ ലവലിലെ ഗ്രീന്‍ഹൗസുകളിലാണ് ശില്പങ്ങള്‍ തയ്യാറാക്കിയത്. ചെടികള്‍ക്ക്  തണുപ്പ് ദോഷമാകുന്നതിന് മുന്‍പ് തന്നെ ശില്പങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുമെന്നും അടുത്ത വര്ഷം കൂടുതല്‍ ചെടി ശില്പങ്ങളുണ്ടാവുമെന്നെല്ലാം പാര്‍ക്ക് ജീവനക്കാരില്‍ നിന്ന് അറിയാനായി.

Mother Earth - MosaïCanada 150
ഉച്ചയോടെ തലസ്ഥാനനഗരിയില്‍ നിന്ന് ഞങ്ങള്‍ മിസ്സിസ്സാഗയിലേക്ക് തിരിച്ചു. അഞ്ചു മണിക്കൂര്‍ യാത്രയുണ്ട്. ഇവിടെയെത്തിയതിന് ശേഷമാണ് ഒട്ടവയിലെ  പ്രസിദ്ധമായ പൊറോട്ടയെ കുറിച്ച് കേട്ടത്. മലയാളിയുടെ ദേശിയ ഭക്ഷണം കഴിക്കാന്‍ മാത്രമായി അങ്ങോട്ട്‌ പോകുന്നവരുമുണ്ടത്രേ. യാത്രയില്‍ ഭക്ഷണംപോലും മറക്കുന്ന ഞങ്ങള്‍ക്ക് 'പൊറോട്ടയാത്ര' രസകരമായി തോന്നി. മകന്‍റെ നാടോര്‍മ്മകളില്‍ പ്രധാനി പൊറോട്ടയാണ്. അതിനാല്‍ എന്തെല്ലാം കുറവുകളുണ്ടെങ്കിലും അതിനെതിരെ വാളെടുക്കരുത്... ചിലരുടെ യാത്രകള്‍ മനോഹരമാക്കാന്‍ പോറോട്ടക്ക് കഴിയുന്നുണ്ടല്ലോ. വിചിത്രമായ ലക്ഷ്യങ്ങളും അനുഭവങ്ങളുമായി ഓരോ വ്യക്തിക്കും അവരവരുടെ യാത്രകള്‍ അര്‍ത്ഥപൂര്‍ണ്ണമാവുകയാണ്.    

10 comments:

  1. നല്ല നല്ല അനുഭവങ്ങളിലൂടെ ഒരു യാത്ര....
    ആശംസകൾ മുബീ.

    ReplyDelete
    Replies
    1. വായനയില്‍ സന്തോഷം സ്നേഹം ഗീത..

      Delete
  2. മുബിയുടെ കൂടെ ഞങ്ങളും ഒട്ടവ കണ്ടു. നന്നായി.

    ReplyDelete
    Replies
    1. ബിപിന്‍ സന്തോഷം..

      Delete

  3. കാനഡയുടെ പിറന്നാളാഘോഷങ്ങള്‍ക്ക് സമാപനമായിട്ടില്ല.
    150 വര്‍ഷത്തെ ചരിത്രവും ഭാവിയും പല രൂപത്തിലും ഭാവത്തിലുമാണ്
    ജനങ്ങള്‍ക്ക്‌ മുന്നിലെത്തുന്നത്. രാജ്യത്തിനൊരറ്റം മുതല്‍ മറ്റൊരറ്റം വരെ
    സഞ്ചരിച്ച് ഇതിന്‍റെ ഭാഗമാവുക അസാധ്യമാണ്. അണ്ണാറകണ്ണനും തന്നാലായതെന്നല്ലേ...
    ചെറിയ മട്ടത്തില്‍ ഞങ്ങളും കുറച്ചു പരിപാടികളില്‍ പങ്കെടുത്ത് ഹാപ്പി ബര്‍ത്ത്ഡേ ഹാപ്പിയാക്കുന്നു.
    സെപ്റ്റംബറിലെ നീണ്ട വാരാന്ത്യ ഒഴിവുദിനത്തിലാണ് തലസ്ഥാനനഗരിയായ ഒട്ടവിയിലെത്തിയത്. കഴിഞ്ഞ
    മുപ്പത് വര്‍ഷങ്ങളിലായി നടക്കുന്ന ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ കാണാന്‍ കൂടിയായിരുന്നു യാത്ര.

    കഴിഞ്ഞ തവണ ഈ യാത്ര കാണുവാൻ വന്ന നോക്കിയപ്പോൾ തുറക്കുവാൻ പറ്റിയില്ല .
    എന്തായാലും ബേളൂർ ഫെസ്റ്റിവെല്ലടക്കം പല കാണാക്കാഴ്ച്ചകളും കാണിച്ചുതന്നതിൽ ഒത്തിരി
    സന്തോഷം കേട്ടോ മുബി

    ReplyDelete
    Replies
    1. മലയാളനാടിനു വേണ്ടി ചോദിച്ചപ്പോള്‍ ബ്ലോഗ്‌ ഡ്രാഫ്റ്റ്‌ മോഡിലേക്ക് മാറ്റിയതാണ്. അതോണ്ടായിരിക്കും മുരളിയേട്ടനു ബ്ലോഗ്‌ തുറക്കാന്‍ പറ്റാഞ്ഞത്... സോറി. മറക്കാതെ വീണ്ടും വന്നല്ലോ... സന്തോഷം :)

      Delete
  4. കാനഡയുടെ പിറന്നാളാഘോഷചിത്രങ്ങൾ മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്!
    ആശംസകൾ

    ReplyDelete
  5. നന്ദി... സ്നേഹം :)

    ReplyDelete