Sunday, December 3, 2017

Flight of WhitePhylum: Arthropoda
Class:   Insecta
Order: Lepidoptera

ജന്തുശാസ്ത്ര ക്ലാസ്സിലേക്ക് മാറി കയറിയോന്ന് കരുതിയോ? ഇന്നലെ പൂമ്പാറ്റകളെ കാണാന്‍ പോയിരുന്നു. അവരുടെ കുടുംബവിവരങ്ങള്‍ പണ്ട് പഠിച്ചതൊന്ന് ഓര്‍ത്ത് നോക്കിയതാണ്. Cambridge Butterfly Conservatory ഉഷ്ണമേഖലാപ്രദേശത്തെ പൂമ്പാറ്റകളുടെയും അവിടെ വളരുന്ന ചെടികളുടെയും സംരക്ഷണാലയമാണ്. Dec 1 മുതല്‍ Jan 31,2018  വരെയാണ് Flight of White  കാണാനുള്ള സമയം.

Rice Paper Butterfly 
Monarch പൂമ്പാറ്റയുടെ കുടുംബത്തില്‍പ്പെട്ട റൈസ് പേപ്പര്‍ ബട്ടര്‍ഫ്ലൈയാണ് മുഖ്യാകര്‍ഷണം. അതിനോടൊപ്പം വലുതും ചെറുതുമായ മറ്റനേകം പൂമ്പാറ്റകളുണ്ട്. പ്രകൃതി കനിഞ്ഞു നല്‍കിയ വര്‍ണ്ണങ്ങള്‍ നിര്‍ലോഭം വാരിയണിഞ്ഞ് പാറി നടക്കുന്നവര്‍ക്കിടയിലേക്കാണ് നമ്മള്‍ കടന്നുചെല്ലുന്നത്. പുറത്ത് തണുപ്പായിരുന്നെങ്കിലും അകത്തു ഉഷ്ണമേഖലാ കാലാവസ്ഥ നിലനിര്‍ത്തിയിരിക്കുന്നതിനാല്‍ ചെറിയ തോതില്‍ ചൂടും ഈര്‍പ്പവുമാണ്. ശൈത്യകാല ജാക്കെറ്റുകളുടെ അമിതഭാരമില്ലാതെ കുട്ടികളും പൂമ്പാറ്റകള്‍ക്കൊപ്പം ഓടി നടക്കുന്നത് കാണാന്‍ തന്നെ എന്തൊരു ചന്തമാണ്!

തെളിച്ചമുള്ള വസ്ത്രങ്ങളാണെങ്കില്‍ റൈസ് പേപ്പര്‍ പൂമ്പാറ്റ നമ്മുടെ ദേഹത്ത് വന്നിരിക്കും. പൂമ്പാറ്റയെ ആകര്‍ഷിക്കാനായി പനിനീര്‍ പൂവിന്‍റെ മണമുള്ള ക്രീമും തേച്ച് ഓടിനടന്നൊരു കുസൃതിയുമുണ്ടായിരുന്നു ഞങ്ങളുടെ കൂടെ. മൂവായിരത്തോളം പൂമ്പാറ്റകളുള്ളതില്‍ എണ്ണത്തില്‍ കൂടുതലുള്ള റൈസ് പേപ്പര്‍ തന്നെയാണ് നമ്മളോട് ഇണക്കം കാണിക്കുക. ചെടികള്‍ക്ക് നടുവിലൊരു കൃത്രിമമായി നിര്‍മ്മിച്ച വെള്ളച്ചാട്ടവും കുളവുമുണ്ട്. കുളത്തില്‍ മീനുകളും ആമകളും കുളക്കരയില്‍ പ്രാവും, തത്തകളും, കാടപക്ഷികളുടെ കുടുംബക്കാരും ആര്‍മാദിച്ചു നടക്കുകയാണ്. പൂമ്പാറ്റകളോട് വര്‍ത്തമാനം പറഞ്ഞാല്‍ അസൂയപ്പെട്ട് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കാനായി മൂളിപ്പാട്ടുമായി ചെറുകിളികളുടനെ അരികിലെത്തും.

 പൂമ്പാറ്റകള്‍...
നാട്ടിലെ തൊടിയിലുള്ള മിക്കവാറും ചെടികള്‍ കണ്‍സര്‍വേറ്ററിയിലുണ്ട്. മനുഷ്യര്‍ തീരെ അവഗണിക്കുന്ന പ്രകൃതിയുടെ ഈ കുഞ്ഞുലോകത്തെ എത്ര കരുതലോടെയാണ് ഇവിടെ സംരക്ഷിക്കുന്നത്.  Butterflies of India & South Asia എന്ന ബാനറിന് താഴെ പാറിനടക്കുന്ന സുന്ദരികളും സുന്ദരന്മാരുമായ പൂമ്പാറ്റകളും, പക്ഷികളും മാത്രമല്ല ഇടനാഴിയില്‍ നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളും, വാളും പരിചയും, ദശാവതാരങ്ങളുടെ മാതൃകകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ "Pet a Bug" പരിപാടിയില്‍ ചെറിയ പ്രാണികളുമായി ചങ്ങാത്തം കൂടാനൊരു അവസരമൊരുക്കുന്നുണ്ട് കണ്‍സര്‍വേറ്ററി. തിങ്കളാഴ്ച  മുടക്കമാണെങ്കിലും മറ്റുദിവസങ്ങളില്‍ പത്തു മണിമുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണ് സമയം. ടിക്കെറ്റ് നിരക്ക് കുട്ടികള്‍ക്ക് ഏഴു ഡോളറും മുതിര്‍ന്നവര്‍ക്ക് ഇരുപത് ഡോളറില്‍ താഴെയുമാണ്. 

Owl Butterfly7 comments:

 1. ചിത്രശലഭങ്ങളോടൊപ്പം അൽപ്പനേരം... നന്നായി...

  ReplyDelete
  Replies
  1. നല്ലൊരു ദിവസായിരുന്നു വിനുവേട്ടാ...

   Delete
 2. നമുക്ക് നാട്ടിൽ നഷ്ടപ്പെടുന്നതൊക്കെ അവിടെ വന്നു കാണേണ്ടി വരുമോ.. ഒരു വേള എവിടെയും കണ്ടിട്ടില്ലാത്ത പൂമ്പാറ്റകൾ...എന്തു ഭംഗിയാണ്
  rice paper butterfly.. ആഹ്ലാദം ജനിപ്പിക്കുന്ന ചുറ്റുപാട്.. മുബി അത് അനുഭവഭേദ്യമാക്കി തന്നു.. നന്ദി..

  ReplyDelete
 3. ചിത്രശലഭോദ്യാനങ്ങൾ യൂറോപ്പിലുള്ളതും ,
  ദുബായിലുള്ളതും പലതും ഞാൻ കണ്ടിട്ടുണ്ട് .
  നമ്മുടെ നാട്ടിലെ പൂമ്പാറ്റകളെ വരെ അതെ കാലാവസ്ഥാ
  ക്രമീകരണത്തിൽ വളർത്തുന്ന സ്ഥലങ്ങൾ...  ReplyDelete
  Replies
  1. ഇവിടെ അത് പോലെ പരിപാലിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസിക്കാതെ വയ്യ. നാട്ടില്‍ തൊടിയിലൊക്കെ ഇപ്പോള്‍ ഒന്നോ രണ്ടോ ചിത്രശലഭങ്ങളെ കണ്ടാലായി...മുരളിയേട്ടാ സ്നേഹം :)

   Delete