Saturday, December 30, 2017

കാട്ടുപാതയിലെ കെല്‍റ്റിക് പാട്ടുകള്‍

ഒക്ടോബര്‍ പത്താം തിയതി രാവിലെ അഞ്ചു മണിക്ക് ഞങ്ങള്‍ ഹാലിഫാക്സില്‍ നിന്ന് പുറപ്പെട്ടു. അന്ന് മുഴുവന്‍ വാഹനമോടിക്കണം. പക്ഷെ അതിനൊരു പ്രത്യേകതയുണ്ട്. വടക്കേ അമേരിക്കയിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളാല്‍ സമ്പുഷ്ടമാണ് നോവാസ്കോഷിയയുടെ കേപ് ബ്രിട്ടണ്‍ ദ്വീപിലെ കബോട്ട് ട്രെയില്‍. കുറെക്കാലമായി ‘കബൂട്ടന്‍’ എന്ന ഓമനപ്പേരൊക്കെയിട്ട് ഈ മോഹത്തെ താലോലിക്കാന്‍ തുടങ്ങിയിട്ട്. ഏറ്റവും കുറഞ്ഞത്‌ മൂന്ന് ദിവസമെങ്കിലും വേണം കബൂട്ടനെ കണ്‍ക്കുളിര്‍ക്കെ കാണാന്‍. കൈയിലുള്ളത് വെറും രണ്ടേരണ്ടു ദിവസം. അതിമോഹം പാടില്ല, ഉള്ളത് കൊണ്ട് തൃപ്തിപ്പെടൂന്നല്ലേ. 1497ല്‍ ജോണ്‍ കബോട്ടെന്ന ഇറ്റാലിയന്‍ ദേശപര്യവേഷകന്‍റെ പേരിലാണ് വനപഥമറിയപ്പെടുന്നത്. 185 മൈല്‍ (297 km) നീളമുള്ള പാത ദി കേപ് ബ്രിട്ടണ്‍ ദ്വീപിനെ ചുറ്റി, കേപ് ബ്രിട്ടണ്‍ നാഷണല്‍ പാര്‍ക്കി(Cape Breton National Park)ലൂടെ കടന്നു പോകുന്നു. ഇടത്ത് നിന്ന് വലത്തോട്ടോ, വലത്തുവശത്തു നിന്ന് ഇടത്തോട്ടോ...എങ്ങിനെ തുടങ്ങിയാലും കാഴ്ചകള്‍ ഹൃദ്യമാണ്. ഹെയര്‍പിന്‍ വളവുകളും, കാടും, കടലും, മലയുമെല്ലാം ഒത്തുചേര്‍ന്ന പ്രകൃതിയുടെ വലിയൊരു ക്യാന്‍വാസാണ് കബൂട്ടന്‍!

Pic Courtesy: Google Images

ബാഡ്ഡക്കില്‍(Baddeck) നിന്നാണ് കബോട്ട് ട്രെയില്‍ തുടങ്ങുന്നത്. ഹാലിഫാക്സില്‍ നിന്ന് 265 km അകലെയുള്ള പോര്‍ട്ട്‌ ഹേസ്റ്റിംഗ്സ് സന്ദര്‍ശക സെന്‍ററി(Visitor Information Centre, Cape Breton Island, Port Hastings)ലെത്തുമ്പോള്‍ 8 മണി കഴിഞ്ഞിരുന്നു. ഊര്‍ജ്ജം പകരാന്‍ കാനഡയുടെ സ്വന്തം ടിംസും പാര്‍ലെ-ജിയും മാത്രം മതി. പോക്കറ്റിനും വയറിനും ഉത്തമമായൊരു ഇന്‍ഡോ-കാനേഡിയന്‍ യാത്രാ പാക്കേജ്! സന്ദര്‍ശക സെന്‍ററില്‍ നിന്ന് ട്രെയിലിന്‍റെയും പാര്‍ക്കിന്‍റെയും ഭൂപടങ്ങളും, മറ്റു പ്രധാനപ്പെട്ട സ്ഥലവിവരങ്ങളും ശേഖരിച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ജീവനക്കാരോട് യാത്ര പറഞ്ഞു. ബാഡ്ഡക്കില്‍ തുടങ്ങി ബാഡ്ഡക്കിലവസാനിക്കുന്ന ട്രെയിലിലേക്കെത്താന്‍ രണ്ടു വഴികളുണ്ട്. ഒന്നാമത്തേത് ഇംഗ്ലീഷ് ടൌണില്‍ നിന്ന് കേബിള്‍ ഫെറിയെടുത്ത് നേരെ കബോട്ട് ട്രെയിലില്‍ കയറുകയെന്നതാണ്. രണ്ടാമത്തേത് കുറച്ച് വളഞ്ഞ വഴിയാണ്. കലാകാരന്മാരുടെ ഗ്രാമമായ St. Annസിലൂടെ ചുറ്റിത്തിരിഞ്ഞ്‌ പോകാനുള്ളതാണ്. ഞങ്ങള്‍ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു.

ആദ്യം ബാഡ്ഡക്കിലെ Alexander Graham Bell National Historic Site കാണേണ്ടതുണ്ട്. രാജ്യത്തിന്‍റെ നൂറ്റിയന്‍പതാം പിറന്നാളിനോടനുബന്ധിച്ചു പര്‍ക്ക്സ് ഓഫ് കാനഡ നല്‍കിയ ഡിസ്കവറി പാസ്‌ കൈവശമുണ്ടായതിനാല്‍ പ്രവേശനം സൗജന്യമായിരുന്നു. അലക്സാണ്ടര്‍ ബെല്ലെന്ന മഹാപ്രതിഭയുടെ കുടുംബചരിതം, അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍, പഠനങ്ങളെന്നിവയെല്ലാം അടുത്തറിയാനൊരവസരം. ബെല്‍ കൈവെക്കാത്ത മേഖലകളില്ല. ശബ്ദലോകം അന്യമായവരെ പഠിപ്പിക്കുന്നതിലായിരുന്നു ബെല്‍ തന്‍റെ കഴിവുകള്‍ കൂടുതലും പ്രയോജനപ്പെടുത്തിയത്. അതിനുള്ള ബെല്ലിന്‍റെ പ്രചോദനം രണ്ടു സ്ത്രീകളായിരുന്നു. ഒന്നമ്മയും, പിന്നെ കാമുകിയും ഭാര്യയുമായ മേബലും. രണ്ടുപേരും കേള്‍വിശക്തി നഷ്ടപ്പെട്ടവരായിരുന്നു. അമ്മയുടെ മൂര്‍ദ്ദാവില്‍ ചുണ്ടുകള്‍ ചേര്‍ത്തുവെച്ചാണ് ബെല്‍ സംസാരിച്ചിരുന്നത്. സംസാരം സൃഷ്ടിക്കുന്ന ശബ്ദതരംഗങ്ങള്‍ കൊണ്ട് അമ്മക്ക് താന്‍ പറയുന്നത് മനസ്സിലാകുമെന്ന് ബെല്‍ തിരിച്ചറിഞ്ഞു. അങ്ങിനെ ശബ്ദമില്ലാത്ത ലോകത്തെ ശബ്ദമായി ഗ്രഹാം ബെല്‍. പ്രശസ്തയായ ഹെലന്‍ കെല്ലര്‍ ബെല്ലിന്‍റെ വിദ്യാര്‍ഥിയായിരുന്നു. അതുപോലെ മേബലും(Mabel Gardiner Hubbard)ബെല്ലിന്‍റെ ശിഷ്യയായിരുന്നു.

Bell's Room displayed in the Museum

ബെല്ലിനൊപ്പം തന്നെ പരാമര്‍ശിക്കപ്പെടേണ്ട വ്യക്തിത്വമാണ് മേബല്‍. പ്രതിഭാസമ്പന്നയായിരുന്ന മേബല്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. 2015ല്‍ Cape Breton University ഹോണററി ബിരുദം നല്‍കി ആദരിച്ചിരുന്നു. മ്യുസിയത്തില്‍ അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ഉപയോഗിച്ചിരുന്ന മുറി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുറിയുടെ ചുവരില്‍ മേബല്‍ വരഞ്ഞൊരു ചിത്രം കാണാം. വെള്ള മൂങ്ങയെയാണ് വരച്ചിരിക്കുന്നത്. ഇതിനെക്കുറിച്ചുള്ള കുറിപ്പ് മുറിക്ക് പുറത്തുണ്ട്. ബോസ്റ്റണില്‍ സുഹൃത്തുമൊരുമിച്ചു ടെലിഫോണ്‍ പരീക്ഷണങ്ങളില്‍ മുഴുകിയിരുന്ന ബെല്ലിനോട് മേബല്‍ താനൊരു ചിത്രരചനയിലാണെന്ന് പറഞ്ഞുവെത്രെ. എന്താണ് വരയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ബെല്ലിനെയാണെന്നും കൂടെ കേട്ടപ്പോള്‍ ഉടനടി ചിത്രം കാണാമെന്നായി. എന്നാല്‍ ഇപ്പോള്‍ ചിത്രം കാണാന്‍ വരരുതെന്നും തീര്‍ന്നാലുടനെ ബോസ്റ്റണിലെത്തിക്കാമെന്നും മേബല്‍ ഉറപ്പു കൊടുത്തു. ചിത്രം പൂര്‍ത്തിയായതും ബെല്ലിനത് അയച്ചു കൊടുത്ത് മേബല്‍ വാക്കുപാലിച്ചു. തന്‍റെ ഛായാചിത്രം പ്രതീക്ഷിച്ച ബെല്ലിന് കിട്ടിയത് മൂങ്ങയുടെ ചിത്രമാണ്! രാത്രി പുലരുവോളം പരീക്ഷണങ്ങളിലും പഠനങ്ങളിലും മുഴുകുന്ന ബെല്ലിന്‍റെ സ്വഭാവത്തെ ട്രോളിയതായിരുന്നു മേബല്‍.

ബെല്‍ ദമ്പതികളുടെ വേനല്‍കാല വസതിയും എസ്റ്റേറ്റും ബാഡ്ഡക്കിലെ   Beinn Bhreagh(Beautiful Mountain)ലാണ്. സ്വകാര്യസ്വത്തായതിനാല്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല. ഇന്നും ബെല്‍ കുടുംബാംഗങ്ങള്‍ അവിടെ വന്നു താമസിച്ചു പോകുന്നു. 125 വര്‍ഷം പഴക്കമുള്ള ബംഗ്ലാവ് നോവാസ്കോഷിയ സര്‍ക്കാര്‍ 2015ലാണ് പ്രവശ്യയുടെ പൈതൃക സ്വത്തായി പ്രഖ്യാപിച്ചത്. 1922ല്‍ ബെല്‍ മരണത്തിനു കീഴടങ്ങി. തൊട്ടടുത്ത വര്‍ഷം മേബലും പ്രിയപ്പെട്ടവനെ നിശബ്ദം അനുഗമിച്ചു. മ്യുസിയം കണ്ടതിനുശേഷം ഞങ്ങള്‍ കലാഗ്രാമമായ St. Annസിലേ ആര്‍ട്ടിസന്‍സ് ലൂപിലൂടെ കറങ്ങാന്‍ തീരുമാനിച്ചു. കൈവേലക്കാരുടെ ഗ്രാമമാണത്. വഴിയുടെ ഓരോ മൂലയിലും കടകളും, ഗാലറികളും, സ്റ്റുഡിയോകളുമാണ്. സഫടികം, തുകല്‍, മരം, തുണി, ഇരുമ്പ്, പെയിന്റ് അങ്ങിനെ വിവധ കലകളുടെയും പണിത്തരങ്ങളുടെയും വലിയ ലോകം. സ്കോട്ടിഷ് കുടിയേറ്റക്കാര്‍ അധികമുള്ള പ്രദേശമാണ്. ഇവിടെയാണ്‌ നോവാസ്കോഷിയിലെ ഒരേയൊരു സ്കോട്ടിഷ് ഭാഷാ(Gaelic College) കോളേജുള്ളത്. പ്രശസ്തമായ കെല്‍റ്റിക് കളേര്‍സ്(Celtic Colours) സംഗീതോത്സവം നടക്കുന്നതിനാല്‍ കബോട്ട് ട്രെയിലില്‍ പ്രകൃതിയുടെ മാത്രമല്ല കെല്‍റ്റിക് സംഗീതത്തിന്‍റെ അലയൊലികളുമുണ്ട്. വഴിയിലെവിടെ നിര്‍ത്തിയാലും നമുക്കതനുഭവപ്പെടും! 

Cabot Trail

പ്ലേസന്റ് ബേയെത്തുന്നതുവരെ തീരപ്രദേശത്തൂടെയാണ് യാത്ര. ഇടതുവശത്ത് പൂത്തുലഞ്ഞ് നില്‍ക്കുന്ന കാട്, വലതുവശത്ത് കടല്‍ ഇവര്‍ക്കിടയിലൂടെ കയറിയുമിറങ്ങിയും വളഞ്ഞുപുളഞ്ഞ് കബോട്ട് ട്രെയിലെന്ന സ്വപ്ന പാത! വന്യമായ സ്വപ്നത്തിന് മഴപ്പാട്ടിന്‍റെ താളവുമുണ്ട്. വഴിയുടെ ഓരോ അണുവിലുമുണ്ട് പ്രകൃതിയുടെ വശ്യത. വല്ലപ്പോഴും മാത്രം കടന്നു പോകുന്ന വാഹനങ്ങളുടെ ശബ്ദം പോലുമസഹ്യമായി തോന്നുന്നയിടം. കാടിന്‍റെയും വെള്ളത്തിന്‍റെയും മനോഹാരിതയില്‍ ലയിച്ച് പരിസരം മറന്നു നില്‍ക്കുന്നതിനിടയിലാണ് മൂസിന്‍റെ അമറല്‍ കേട്ടത്. മൂസുകള്‍ ഇണചേരുന്ന സമയമാണ്. പ്രണയപൂര്‍വ്വം അവന്‍ ഇണയെ വിളിക്കുകയാണ്.. അവളുടെ മറുപടി കിട്ടാത്തതിനാല്‍ അക്ഷമനായി വീണ്ടും ശബ്ദം കൂട്ടി വിളിക്കുന്നു. കുറച്ചുനേരം ആ  പ്രണയനാടകത്തിന് സാക്ഷിയായി ഞങ്ങളിരുന്നു. അവിടെന്ന് പോയത് ഇന്‍ഗോണിഷ് ബീച്ചിലേക്കായിരുന്നു. ഒരു ബീച്ച് സ്വന്തമായി കിട്ടിയാലാരെങ്കിലും വേണ്ടെന്നു പറയോ? തിരകള്‍ക്ക് മിണ്ടിപ്പറയാന്‍ ആരുമില്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു കല്ലുകളൊക്കെ നന്നായി ഉരുട്ടി മിനുസ്സപ്പെടുത്തിയിട്ടിട്ടുണ്ട്. ഉരുളന്‍ക്കല്ലുകളിലൂടെ നടന്ന് മണല്‍ത്തീരത്തെത്തി പേരെഴുതിയും മായിച്ചും ഞാനും തിരയും കൂട്ടായി. ഒറ്റയ്ക്ക് കിട്ടിയ ബീച്ചില്‍ ഞാനാര്‍മാദിക്കുകയാണ്. ‘പെണ്ണേ, അനക്കിത് എഴുതി തന്നിട്ടൊന്നുല്യ... കയറി പോന്നോ...’ന്നുള്ള ജല്പനങ്ങളൊക്കെ മഴയും കാറ്റും കൊണ്ടോയി. ഇരുട്ടായാല്‍ ഒന്നും കാണില്ലാന്നുള്ള ഭീഷണിയെ തുടര്‍ന്നാണ് മനസ്സില്ലാമനസ്സോടെ കയറി പോന്നത്. അന്നു രാത്രിയില്‍ പാര്‍ക്ക്സ് ഓഫ് കാനഡയുടെ Lantern Walkനു പോലും നില്‍ക്കാനുള്ള നേരമില്ല. റാന്തല്‍ വിളക്കും കത്തിച്ചു രാത്രിയില്‍ കാടിനുള്ളിലൂടെ കുറച്ചു ദൂരം നടക്കുന്ന പരിപാടിയാണ്. തിരകളുടെ ശബ്ദവും ലൂണിന്‍റെ കരച്ചിലും കേട്ട് കാടിന്‍റെ ലഹരി നുണഞ്ഞൊരു റാന്തല്‍ നടത്തം...  

കടല്‍ച്ചൊറിയനെ തിന്നാനായി 12,000കി.മി അറ്റ്ലാന്റികിലൂടെ കരിബിയയിലെ വാസസ്ഥാനം ഉപേക്ഷിച്ച് കേപ് ബ്രിട്ടണ്‍ ദ്വീപിലെത്തുന്നവരുണ്ട്. വംശനാശഭീഷണി നേരിടുന്ന Atlantic Leatherback Sea Turtle എന്നു വലിയ പേരുള്ള ആമകളാണ് ഈ ദേശാടനക്കാര്‍.  പഴയ ആമയും മുയലും കഥയൊക്കെ നമുക്ക് മറക്കാം. 'ആമകളെ കണ്ടാല്‍ വഴി മാറുക, അവര്‍ മറ്റെങ്ങോട്ടോയുള്ള യാത്രയിലായിരിക്കുമെന്ന്' ഇവരെ സംരക്ഷിക്കുന്നവരുടെ കുറിപ്പുകളിലുണ്ട്. ആസ്പി ബേയിലിറങ്ങിയപ്പോഴാണ് യാത്രികരായ ആമകളെ കുറിച്ചറിഞ്ഞത്. മലമുകളില്‍ നിന്ന് കല്ലുകളുരുണ്ട് വരുന്നത് കണ്ടതും ആസ്പി ഫാള്‍ട്ടില്‍ നിര്‍ത്തിയപ്പോഴാണ്. ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശം വിരലിലെ നഖങ്ങള്‍ വളരുന്ന വേഗതയില്‍ നടക്കുന്നുണ്ടെന്നവിടെ എഴുതിയത് വായിച്ച് ഭൂമിയില്‍ ചെവികള്‍ ചേര്‍ത്തുവെച്ച് കുറച്ചു നേരം ശ്രദ്ധിച്ചു കിടന്നു... അജ്ഞയായി തോറ്റ് മടങ്ങുകയാണ് ഞാനീ ഗുരുകുലത്തില്‍ നിന്ന്... .


അന്ന് രാത്രി തങ്ങേണ്ടുന്ന പ്ലേസന്റ് ബേയിലെത്താന്‍ രണ്ടു മണിക്കൂറെങ്കിലുമാകും. അവിടെയെത്തുന്നതിന് മുമ്പായിട്ടാണ് കേപ് ബ്രിട്ടണ്‍ നാഷണല്‍(Cape Breton Highland & National Park of Canada) പാര്‍ക്ക്. കബോട്ട് ട്രെയില്‍ ഇനി കടന്നു പോകുന്നത് പാര്‍ക്കിനുള്ളിലൂടെയാണ്. ഓഫീസില്‍ കയറി പേരും വിവരങ്ങളും കൈമാറി. ഡിസ്കവറി പാസുള്ളതിനാല്‍ പ്രവേശന ഫീസ്‌ ലാഭായി(Thank you Canada). ഭൂപടം ആവശ്യമായതിനാല്‍ അതെടുത്ത് ഞങ്ങള്‍ പോന്നു. മുന്നോട്ടുള്ള വഴി കാടിനും മലയ്ക്കുമിടയിലൂടെയാണ്. മൂസുകളുടെയും കരടികളുടെയും വിഹാരസ്ഥലമാണിത്. സന്ധ്യ മയങ്ങിയതോടെ കാടിന്‍റെ ആകര്‍ഷണമേറിയോ? ഇതുവരെയും പുറംമോടി മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. യഥാര്‍ത്ഥ സൗന്ദര്യമാസ്വദിക്കാന്‍ കാടിനുള്ളിലേക്കിറങ്ങിയിട്ടില്ല. രാത്രി ഏഴു മണിക്ക് പ്ലേസന്റ്  ബേയിലെ മോട്ടലിലെത്തി. അത്താഴ സമയം കഴിയാറായിയെന്നു കേട്ടതും പെട്ടെന്ന് തന്നെ കൈയും മുഖവും കഴുകി ഭക്ഷണശാലയിലെത്തി. സൂപ്പും സീ ഫുഡ്‌ സലാഡും, ബ്രെഡും, ഉരുളക്കിഴങ്ങ് പൊരിച്ചതുമായിരുന്നു ഞങ്ങളാവശ്യപ്പെട്ടത്‌. അവിടെ തീന്മേശക്ക് മുന്നിലിരുന്നപ്പോഴാണ് ഇതുവരെ ഞങ്ങള്‍ക്ക് വിശപ്പറിഞ്ഞില്ലല്ലോന്ന് ഓര്‍ത്തത്. രുചികരമായിരുന്നു മൌണ്ടന്‍ വ്യൂ മോട്ടലിലെ ഭക്ഷണം. Trip Advisor റിവ്യുകള്‍ മോശമായിരുന്നെങ്കിലും ഞങ്ങളുടെയനുഭവം മറിച്ചായിരുന്നു.

Cape Breton National Park

മലയുടെ താഴ്വരയിലുള്ള പ്ലേസന്റ് ബേ ഇരുട്ടിന്‍റെ കരിമ്പടവും പുതച്ച് നിശബ്ദതയിലാണ്ടിരിക്കുന്നു. 950 ചതുരശ്ര കി.മിറ്ററോളം വരുന്ന സംരക്ഷിതമേഖലായ പാര്‍ക്കിന്‍റെയും അപലേച്ച്യന്‍ പാര്‍വതനിരകളുടെയും  ഇടയ്ക്കുള്ള ഒരു ചെറിയ കോണിലാണ് അന്തിയുറങ്ങാന്‍ കിടക്കുന്നത്. ഞാനപ്പോഴും രാവിലെ കണ്ട കാഴ്ചകളുടെ മായികലോകത്തില്‍ തന്നെയായിരുന്നു. കാറ്റിന്‍റെ മൂളലുകള്‍ക്ക് കാതോര്‍ത്തു എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ വെളിച്ചം വീണതും ഞങ്ങള്‍ മോട്ടലില്‍ നിന്നിറങ്ങി. രാത്രിയാണ് ടോറോന്റോയിലേക്ക് തിരിച്ചു വിമാനം കയറേണ്ടത്. പാര്‍ക്കിലാണ് കബോട്ട് വനപഥത്തിന്‍റെ മൂന്നിലൊരു ഭാഗം കിടക്കുന്നത്. നൂറു മുതല്‍ മുന്നൂറു വര്‍ഷം പഴക്കമേറിയ മരങ്ങളുള്ള അക്കേഡിയന്‍, ബാല്‍സാം ഫിര്‍ പോലെ നിത്യഹരിത മരങ്ങളുള്ള ബോറിയല്‍, കുറ്റിച്ചെടികളും, ചതുപ്പുകളും നിറഞ്ഞ ടെയ്ഗാ കാടുകളും ചേര്‍നാണ് കേപ് ബ്രിട്ടണ് രാജകീയമായ പ്രൌഡി നല്‍കുന്നത്. തണുപ്പാണെങ്കിലും മലയിറങ്ങിവരുന്ന കാറ്റുംകൊണ്ട് കാടിന്‍റെ മടിയിലിരിക്കണമെന്ന മനസ്സിന്‍റെയാവശ്യം ശക്തമായപ്പോള്‍ സ്കൈലൈന്‍ ട്രെയിലില്‍ ഇറങ്ങി.

ആറര കി.മി നീളമുള്ള സ്കൈലൈന്‍ ട്രെയില്‍ മുഴുവന്‍ ചുറ്റി വരാന്‍ മൂന്നു മണിക്കൂര്‍ സമയം വേണം. മൂസും, കരടിയും ബാള്‍ട് ഈഗിളും യഥേഷ്ടമുള്ള കാടിന്‍റെ ആവാസവ്യവസ്ഥ നശിപ്പിക്കാതിരിക്കാന്‍ നടക്കാനായി മരം കൊണ്ട് നടപാതകളിട്ടിരിക്കുന്നു. അതിലൂടെയല്ലാതെ പുറത്തേക്കിറങ്ങാന്‍ അനുവാദമില്ല. കിഴുക്കാംതൂക്കായ മലഞ്ചെരിവാണ്. സമയക്കുറവ് മൂലം പാതി ദൂരമേ പോകാനായുള്ളൂ. കാടിന്‍റെ കാറ്റും മണവുമേറ്റ് കുറച്ചു സമയം മാത്രം.. ഫ്രഞ്ച് കുടിയേറ്റക്കാര്‍ അധിവസിക്കുന്ന ടൌണ്‍ഷിപ്പായ ഷെട്ടിക്യാമ്പിലേക്കാണ് ട്രെയിലിലെ നടത്തമവസാനിപ്പിച്ച് ഞങ്ങള്‍ പോയത്. നെറ്റില്‍ കണ്ട ഒരു ചിത്രമാണ് ഇങ്ങോട്ടുള്ള വഴികാട്ടിയായത്‌. കാറ്റിന്‍റെ ശക്തിയില്‍ കണ്ണിലും വായിലുമൊക്കെ മണലടിച്ചു കയറിയപ്പോള്‍ ഞാനോടി കാറില്‍ കയറി. ക്യാമറയുടെ ക്ലിക്ക് ക്ലിക്ക് ശബ്ദത്തിന് കാറ്റിനോട് അധികനേരം മല്ലിടാനായില്ല.  പിന്നീട് മാര്‍ഗറീ ഫോര്‍ക്സുവരെ കബോട്ട് ട്രെയിലൂടെ കാടിന്‍റെ വര്‍ണ്ണോത്സവമാവോളം ആസ്വദിച്ചായിരുന്നു യാത്ര. തിരിച്ച്  ബാഡ്ഡക്കില്‍ കയറാതെ കേയ്-ലി(Ceilidh Trail/ Pronounced Key-Lee) ട്രെയിലിലൂടെ St. Johnസിലേക്ക്. പ്രകൃതിയുടെ നിറവിനൊപ്പം സംഗീതത്തിന്‍റെ താളമുള്ള വഴിയാണ് കേയ്-ലീ ട്രെയില്‍.


സ്കോട്ടിഷുകാരുടെ ഗേലിക് സംസ്കാരം(Gaelic Culture) ആഴത്തില്‍ വേരോടിയിരിക്കുന്ന പ്രദേശങ്ങളാണ് ജൂഡിക്കും മറ്റും. കാറ്റിനൊപ്പമൊഴുകിയെത്തുന്നത് സെല്‍റ്റിക് സംഗീതമാണ്. ഉച്ചഭക്ഷണത്തിന്‍റെ സമയത്താണ് ജൂഡിക്കിലെത്തിയത്. തല്‍സമയ പരമ്പരാഗത കെല്‍റ്റിക് സംഗീതവിരുന്നും ആസ്വദിച്ച് ഭക്ഷണം കഴിക്കാവുന്ന സ്ഥലമുണ്ടെന്ന് തലേന്ന് സന്ദര്‍ശക സെന്‍ററില്‍ നിന്നറിഞ്ഞിരുന്നു. അവര്‍ തന്നെയാണ് Celtic Music Interpretive Centre ഭൂപടത്തില്‍ അടയാളപ്പെടുത്തി തന്നത്. ഞങ്ങള്‍ ചെന്നപ്പോള്‍ ആളുകള്‍ അകത്തു കയറാന്‍ ക്യു നില്‍ക്കുകയാണ്. ഒരു മണിക്കൂറെങ്കിലും കാത്തുനില്‍ക്കേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ സംഗീതമോഹവും വിശപ്പും സ്വന്തം ടിംസിലൊതുക്കി. ഇനിയും 500കി.മി. ദൂരമുണ്ട് St. John വിമാനത്താവളത്തിലേക്ക്. അവധി തീര്‍ന്നിട്ടും കൂടെ പോരാന്‍ കൂട്ടാക്കാതെ ദ്വീപിലെവിടെയോ മനസ്സ് നഷ്ടപ്പെട്ടിരിക്കുന്നു. ഉന്മാദിയായ കബോട്ടിന്‍റെയും കേയ്-ലീയുടെയും ഓര്‍മ്മകള്‍ മാത്രം മതി തിരിച്ചൊരു വരവിന്...  

Friday, December 29, 2017

ഉള്‍ക്കടല്‍ത്തീരത്തെ ഉള്‍ത്തുടിപ്പുകള്‍

അറ്റ്ലാന്റിക് സമുദ്രത്തീരത്തുള്ള കാനഡയുടെ കിഴക്കന്‍ പ്രവശ്യയായ നോവാസ്കോഷ്യയുടെ തലസ്ഥാനമാണ്‌ ഹാലിഫാക്സ്. ഒക്ടോബര്‍ എട്ടിന് രാത്രിയിലാണ് സ്മാര്‍ട്ട് സിറ്റിയെന്ന് വിളിപ്പേരുള്ള തുറമുഖനഗരിയില്‍ ഞങ്ങളെത്തുന്നത്. അവിടെന്നൊരു മണിക്കൂര്‍ അകലെയുള്ള  പെഗ്ഗിയെന്ന ഗ്രാമത്തിലേക്കാണ് അടുത്ത ദിവസത്തെ യാത്ര. പ്രണയകഥയിലെ ദുരന്തനായികയാണ് പെഗ്ഗിയെന്നും അതല്ല St. Margaret Bayയുടെ ചുരുക്കപ്പേരാണ് അതെന്നും രണ്ടു വാദങ്ങളുണ്ട്. ഏതായിരിക്കും ശരിയെന്നൊക്കെ ആലോചിച്ചാണ് ഞാനുറങ്ങാന്‍ കിടന്നത്. ഗ്രാമവാസികള്‍ പറയുന്ന കഥയിങ്ങിനെയാണ്. കപ്പല്‍ തകര്‍ന്ന് കടലിലകപ്പെട്ട സ്ത്രീക്ക് രക്ഷകനായി പെഗ്ഗിയിലെ മുക്കുവനെത്തുന്നു. ജീവന്‍ രക്ഷിച്ചയാളോട് പ്രണയം തോന്നുക സ്വഭാവികം. ഇവിടെയും അതെന്നെ സംഭവിച്ചു. പ്രണയസുരഭിലമായ നല്ല  നാളുകള്‍ കടന്നു പോയി. ഒരുനാള്‍ കടലില്‍ പോയ മുക്കുവന്‍ തിരിച്ചു വന്നില്ല. ദുഃഖം സഹിക്കാനാവാതെ ഈ സ്ത്രീ കടലിലേക്കിറങ്ങി നടന്നു. അങ്ങിനെ കടലില്‍ നിന്ന് വന്നു കടലിലേക്ക്‌ തന്നെ മടങ്ങിയ സുന്ദരിയായ യുവതിയുടെ  പേരാണത്രേ പെഗ്ഗി. എന്നാല്‍ 19 വര്‍ഷങ്ങള്‍ക്കു മുമ്പ് പെഗ്ഗിയിലെ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി കടലിലേക്കിറങ്ങിയത് കെട്ടുകഥയല്ല.

Sleeping Beauty - Peggy
1998 സെപ്റ്റംബര്‍ രണ്ടിനാണ് 229 ജീവനുകളുമായി Swissair Flight 111 പെഗ്ഗിയുടെ തീരത്ത് നിന്ന് 13 കി.മി അകലെ അറ്റ്ലാന്റിക്കിന്‍റെ മടിയിലേക്ക്‌ തകര്‍ന്ന് വീണത്‌. ന്യൂയോര്‍ക്കിലെ JFK വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് ഒരുമണിക്കൂറിനകം വിമാനത്തിനുള്ളില്‍ പുക കണ്ട ജോലിക്കാര്‍ വിവരം അധികൃതരെ അറിയിച്ചു. 129 കി.മി അകലെയുള്ള ഹാലിഫാക്സില്‍ വിമാനമിറക്കാനുള്ള അനുമതിയുമായി തുടര്‍ന്ന് പറന്ന ആകാശപേടകം പാതിവഴിയില്‍ കടലില്‍ പതിക്കുകയായിരുന്നു. മനുഷ്യന്‍റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ് നിയതിയുടെ തീര്‍പ്പുകള്‍. ആരെയും രക്ഷിക്കാനായില്ല... ചിതറിയ മനുഷ്യശരീരങ്ങളും, വിമാനത്തിന്‍റെ 98 ശതമാനം ഭാഗങ്ങളും തുടര്‍ന്നുള്ള തിരച്ചിലില്‍ കണ്ടെടുത്തു. പൊലിഞ്ഞുപോയ ജീവനുകളോളം വരില്ല മറ്റൊരു നഷ്ടവും. അന്ന് വിമാനത്തിലുണ്ടായിരുന്നെന്ന് പറയപ്പെടുന്ന 1 kg വജ്രവും 4.8kg ആഭരണങ്ങളുമടങ്ങിയ സ്റ്റീല്‍ കുഴല്‍ കണ്ടെടുക്കാനായി കടലിനടിയില്‍ വീണ്ടും തിരച്ചില്‍ നടത്തണമെന്ന ലണ്ടനിലെ ലോയിഡ് കമ്പനിക്കെതിരെ വന്‍പ്രതിഷേധമുയര്‍ന്നത്‌ അതിനാലാവണം. ഒടുവില്‍ അവര്‍ മാപ്പു പറഞ്ഞ് കനേഡിയന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച അപേക്ഷ പിന്‍വലിക്കുകയായിരുന്നു. 

On the way to Peggy's Cove - Highway 333
ഹാലിഫാക്സില്‍ നിന്ന് ഹൈവേ 333/103ലൂടെ കാഴ്ചകളും കണ്ട്  വളരെ സാവധാനത്തിലാണ് ഞങ്ങളുടെ യാത്ര. കരയില്‍ വിശ്രമിക്കുന്ന മത്സ്യബന്ധന ബോട്ടുകളും, വെള്ളത്തിലേക്ക് കാലുനീട്ടിയിരിക്കുന്ന കുഞ്ഞു  വീടുകളും,  വെള്ളകെട്ടുകളില്‍ പാറി നടക്കുന്ന താറാവു കുടുംബങ്ങളെയും കണ്ട്, ഇലകളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചും പെഗ്ഗിയിലേക്കുള്ള റോഡിലെത്തിയത് അറിഞ്ഞില്ല. മൂടല്‍മഞ്ഞ് പെഗ്ഗിയെ കാഴ്ചയില്‍ നിന്ന് മറച്ചുപിടിച്ചിരുന്നു. വാഹനം നിര്‍ത്തി ഞങ്ങള്‍ കയറ്റിറക്കമുള്ള വീതികുറഞ്ഞ വഴിയിലൂടെ നടന്നു. അതിലൂടെയും വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ അലസമായി നടക്കാന്‍ പറ്റാത്തതില്‍ നേരിയ വിഷമമുണ്ടായി. ഉപ്പുകാറ്റേറ്റ് കരുവാളിച്ച വീടുകളും, കടലിനോട് മല്ലിട്ട് തളര്‍ന്ന ബോട്ടുകളും, ഭക്ഷണശാലകളും, കടകളുമാണ് വഴിയുടെയിരുവശത്തും. നൂറില്‍ താഴെ ജനങ്ങള്‍ വസിക്കുന്ന ഗ്രാമത്തിന്‍റെ നിശബ്ദതയെ ഭേദിക്കുന്നത് സഞ്ചരികളുടെ കാല്‍പെരുമാറ്റമായിരിക്കും. ഇറങ്ങിയും കയറിയുമെത്തുന്നത് വലിയ ഗ്രനൈറ്റ്‌ പാറക്കൂട്ടങ്ങളിലേക്കാണ്. ചെത്തിമിനുക്കി പലയാകൃതിയിലാരോ രൂപപ്പെടുത്തിയ പാറകള്‍ക്ക് നടുവില്‍ ചുവന്ന തലപ്പാവുമണിഞ്ഞ് നില്‍ക്കുന്നൊരു വിളക്കുമാടമുണ്ട്. പാറകളില്‍ തല്ലിയാര്‍ത്ത് പോകുന്ന തിരകളുടെ ആരവങ്ങള്‍ക്ക് മീതെ ഒഴുകിയെത്തിയ ബാഗ്പൈപ്പ് സംഗീതം... പ്രകൃതിയും സംഗീതവും ഒന്നിച്ചു ചേരുന്ന അപൂര്‍വ്വനിമിഷങ്ങള്‍!  

Peggy's Point Light House

പെഗ്ഗിയിലാദ്യത്തെ വിളക്കുമാടമുയര്‍ന്നത്‌ 1868ലാണ്. പിന്നീട് 1911ല്‍ പഴയത് പൊളിച്ചുകളഞ്ഞാണ് ഇന്ന് കാണുന്ന അഷ്ടകോണാകൃതിയിലുള്ള നാല്‍പ്പത്തിയൊന്‍പതടി(49ft) ഉയരമുള്ള കോണ്‍ക്രീറ്റ് കെട്ടിടമാക്കിയത്. വേനല്‍കാലത്ത്‌ ദീപസ്തംഭത്തിന്‍റെ താഴെത്തെ നിലയൊരു പോസ്റ്റ് ഓഫീസായി മാറും. സഞ്ചാരികള്‍ക്ക് അവിടെന്ന് കാര്‍ഡുകളും കത്തുകളും അയക്കാം. യന്ത്രവല്‍ക്കരിക്കപ്പെടുന്നതുവരെ വിളക്ക് തെളിയിച്ച് വഴിക്കാട്ടിയിരുന്ന കാവല്‍ക്കാരനും പറയാനുണ്ടാവില്ലേ കഥകളേറെ? ചിന്തകള്‍ കടിഞ്ഞാണില്ലാതെ പായുകയാണ്. അതിനു പിന്നെ നേരവും കാലവും സമയവുമില്ലല്ലോ... പാറക്കെട്ടുകളിലൂടെ ഇറങ്ങി ഞാനൊരിടത്ത് തിരകളെ നോക്കിയിരുപ്പായി. ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്ലേസിയറും കടലും ചേര്‍ന്നുണ്ടാക്കിയ ഇടത്തിലാണിരിക്കുന്നതെന്ന ചിന്ത കോരിത്തരിപ്പിച്ചു. ടണ്‍ കണക്കിനു ഭാരമുള്ള ഉരുളന്‍ പാറകളാല്‍ ചുറ്റപ്പെട്ട കടല്‍ക്കര ഇനിയും രൂപാന്തരപ്പെടുകയില്ലെന്നാരറിഞ്ഞു?ചുറ്റുമുള്ള ആള്‍ത്തിരക്കൊന്നും എന്നെ ബാധിച്ചതേയില്ല. നീലക്കടലും നോക്കി ധ്യാനത്തിലെന്നപോലെ ശാന്തമായിരിക്കുമ്പോഴാണ് താഴെ വെള്ളത്തിനരികിലെ കറുത്ത പാറകള്‍ക്കിടയില്‍ നിന്നൊരാള്‍ കയറിവരുന്നത് കണ്ടത്. 

Caution - Do not go near black rocks!!

സാഹസികനായ ഏതോ സഞ്ചാരി തിരയുടെ വലിപ്പവും ശക്തിയുമളക്കാനിറങ്ങിയതാവുമെന്ന് കരുതി ആദ്യം അവഗണിച്ചു. ആളുകളുടെ ആര്‍പ്പുവിളികള്‍ കേട്ടപ്പോഴാണ് ഇരുന്നിടത്തുനിന്നും എഴുന്നേറ്റത്. സ്ത്രിയെയും കുട്ടികളെയും കണ്ടിട്ടാണ് ആളുകള്‍ ബഹളംവെക്കുന്നത്. വലിയൊരു തിരയുയര്‍ന്ന് പൊങ്ങി മുതിര്‍ന്ന കുട്ടിയെ തൊട്ടുതൊട്ടില്ലെന്ന മട്ടിലൊഴിഞ്ഞു പോയത് കണ്ടതോടെ ആളുകളുടെ ക്ഷമ നശിച്ചു. വെള്ളത്തിനടുത്തുള്ള കറുത്ത പാറകള്‍ക്കരികിലേക്ക് പോകരുതെന്ന മുന്നറിയിപ്പ് പലയിടത്തുമുണ്ട്. പിന്നെ ഇവരെങ്ങിനെ അവിടെയെത്തി? കുറച്ചുപേര്‍ അവരെ പിടിച്ചുകയറ്റാന്‍ ശ്രമിക്കുകയാണ്. കാലൊന്നു വഴുതിയാല്‍ ഉരുണ്ടു താഴെയെത്തും. മൂന്നു പേരെ സുരക്ഷിതമായി മുകളിലെത്തിച്ചപ്പോഴുണ്ട് താഴെ രണ്ടു കുട്ടികള്‍ പേടിച്ചരണ്ട് നില്‍ക്കുന്നു. കുഞ്ഞുങ്ങള്‍ക്ക്‌ പാറകളില്‍ അള്ളിപിടിച്ചു കയറാനാവാതെ കരയുകയാണ്. പോലീസ്, 911 എന്നൊക്കെയുള്ള ഒച്ചപ്പാടുകള്‍ക്കിടയില്‍ പാറകള്‍ക്കിടയിലെ വിടവ് ചാടികടന്നയാള്‍ക്ക് നല്ല മുഖപരിചയം.. വിളക്കുമാടത്തിനെ ഫോട്ടോയെടുക്കാന്‍ പോയ ക്യാമറാമാന്‍ എപ്പോഴാണാവോ ഈ തിരക്കിലേക്കെത്തിയത്? ഒരു കുട്ടിയെ കൈ പിടിച്ചു കയറ്റിയെങ്കിലും ചെറിയ കുട്ടിക്ക് അതിനു കഴിഞ്ഞില്ല. അവസാനം ഹുസൈന്‍ കുട്ടിയേയുമെടുത്ത് വിടവ് ചാടി കടന്നു. ആ കുടുംബം ഒന്നുംപറയാതെ നടന്നു പോയി. ഏതോ ഒരാള്‍ ഹുസൈനോട് നിറമിഴികളോടെ നന്ദി പറയാനായി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഓടിയെത്തി. വീണ്ടും വെള്ളത്തിനരികിലേക്ക് പോകുന്ന അയാളെ കണ്ടിട്ടാകണം കുട്ടികളെയും കൊണ്ട് അപകടസ്ഥലത്ത് ശ്രദ്ധയില്ലാതെ നടക്കുന്നതിന് അയാള്‍ക്കെതിരെ പരാതി കൊടുക്കണമെന്ന് പ്രായമായോരമ്മ മുറുമുറുക്കുന്നുണ്ടായിരുന്നു. എല്ലാമെന്‍റെ കാല്‍ക്കീഴിലാണെന്ന ഭാവത്തിനറുതി വരുത്താന്‍ അധികനേരം വേണ്ടെന്ന കാര്യമാരും ഓര്‍ക്കാറില്ലല്ലോ... 

Done for the Season / Resting boat & Lobster Trap

ആറു കുടുംബങ്ങളുമായി 1811ല്‍ പിറന്ന പെഗ്ഗിയെ കാണാന്‍ ഞങ്ങള്‍ പാറക്കെട്ടുകളിറങ്ങി. ജനവാസം  കുറവാണെങ്കിലും വളരെ സജീവമാണിന്നും ഇവിടുത്തെ മത്സ്യബന്ധന മേഖല. St. Margaret ഉള്‍ക്കടലിന്‍റെ ഏറ്റവും സുരക്ഷിതമായതും മത്സ്യ സമ്പത്തേറെയുള്ള ഭാഗവുമാണത്രെ പെഗ്ഗി. ലോബ്സ്റ്റര്‍ സീസണ്‍ കഴിഞ്ഞതിനാലാവും ബോട്ടുകളും, ലോബ്സ്റ്റര്‍ കൂടുകളും കരയില്‍ വിശ്രമത്തിലാണ്. മരമോ കമ്പിയോ ഉപയോഗിച്ചുണ്ടാക്കിയിരിക്കുന്ന കൂടുകളില്‍ മൂന്ന് അറകളുണ്ട്. ആദ്യം പൂമുഖം, ഇതിലൂടെ ചെമ്മീനകത്ത്  കടന്നാല്‍ കുടുങ്ങിയത് തന്നെ. അടുത്തത് അടുക്കളയാണ്. അവിടെയാണ് തീറ്റ വെക്കുന്നത്. വയറു നിറഞ്ഞ് പാവങ്ങള്‍ പരക്കം പാഞ്ഞെത്തുന്നത്‌ കിടപ്പുമുറിയിലേക്കാണ്. പിന്നെ അവിടെ കിടക്കാം... ദീര്‍ഘചതുരാകൃതിയിലുള്ള കൂടുകള്‍ തമ്മില്‍ കയറു കൊണ്ട് ബന്ധിപ്പിച്ചാണ് വെള്ളത്തിലിടുന്നത്. ഏപ്രില്‍/മെയ്‌ മാസങ്ങളില്‍ വന്നാല്‍ ബോട്ടില്‍ പോയി കാണാമെന്നും പറഞ്ഞു ഗ്രാമവാസിയായ സുഹൃത്ത്‌ കൂടുകളുടെ അറ്റകുറ്റപ്പണികളില്‍ മുഴുകി.


Old Town of Lunenburg 
മഴ ചാറാന്‍ തുടങ്ങിയപ്പോഴേക്കും പെഗ്ഗിയില്‍ നിന്നൊരു മണിക്കൂര്‍ കൊണ്ടെത്താവുന്ന ലുണന്‍ബെര്‍ഗിലേക്കുള്ള റോഡിലെത്തിയിരുന്നു. മൂവായിരത്തിന് താഴെ മാത്രം ജനസംഖ്യയുള്ള ഈ മുക്കുവഗ്രാമം യുനസ്കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. കുന്നിന് മുകളിലാണ് ഗ്രാമം. താഴെ അറ്റ്ലാന്റിക് മഹാസമുദ്രവും... കയറ്റം കയറിയാലെത്തുക കടുംനിറത്തിലുള്ള കെട്ടിടങ്ങള്‍ നിറഞ്ഞ പഴയ പട്ടണത്തിലാണ്. ഓരോ കെട്ടിടത്തിനും അതിന്‍റെ രൂപഭാവങ്ങള്‍ക്കനുസരിച്ചു നാട്ടുകാര്‍  നല്‍കിയ പേരുകളിലാണ് അറിയപ്പെടുന്നത്. പിങ്ക് നിറത്തിലുള്ള കെട്ടിടം “Wedding Cake House” ഉം, വീടുകളുടെ മുകള്‍നിലയില്‍ കടലിനഭിമുഖമായി നില്‍ക്കുന്ന ഒറ്റ മുറികള്‍ “Widows Watch’മാണ് ആളുകള്‍ക്ക്. ലുണന്‍ബെര്‍ഗിലേ പഴയ വഴികളിലൂടെ നടക്കുമ്പോള്‍  Lunenberg Bump തിരയൂന്ന് ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ജീവനക്കാര്‍ പറഞ്ഞിരുന്നു. അയലത്തെ വീട്ടിലെ കാര്യങ്ങളറിയാന്‍ സ്വന്തം വീടിന്‍റെ ഒന്നാംനിലയില്‍ കുറച്ചു മുന്നിലേക്ക്‌ തള്ളി നില്‍ക്കുന്നൊരു ജാലകമുറി പണിഞ്ഞിരുന്നത്രേ പലരും. മ്മടെ നുണ കോലായിയാണ് ഇവരുടെ  ബംമ്പ്!


Bluenose II on sail/ Tourism Nova Scotia Website/ Pic Courtesy: Google Images
ഗ്രാമത്തിലെ കൊച്ചുവര്‍ത്തമാനങ്ങളല്ല ലുണന്‍ബെര്‍ഗിനെ അടയാളപ്പെടുത്തുന്നത്. ബ്ലൂനോസെ(Bluenose)ന്ന പായക്കപ്പലാണ് ലുണന്‍ബെര്‍ഗിന്‍റെ അഭിമാനം. ഏറ്റവും വേഗതയേറിയ പായക്കപ്പലിന് ലഭിക്കുന്ന International Fisherman's Trophy 1921 മുതല്‍ പതിനേഴ്‌ വര്‍ഷം തുടര്‍ച്ചയായി  നേടിയത് ലുണന്‍ബെര്‍ഗില്‍ നിര്‍മ്മിച്ച ബ്ലൂനോസാണ്. അങ്ങിനെ വടക്കേ അറ്റ്ലാന്റിക്കിന്‍റെ റാണിയെ ഉടമസ്ഥര്‍ 1942ല്‍ വെസ്റ്റ്‌ ഇന്ത്യന്‍ ട്രേഡിംഗ് കമ്പനിക്ക്‌ വിറ്റു. കപ്പലിനെ സ്നേഹിച്ചവരുടെ ശാപവും വീടുവിട്ടു പോയ വിഷമവും കൊണ്ടാവണം നാലു വര്‍ഷങ്ങള്‍ക്കുശേഷം ബ്ലൂനോസ് കടലിലെ പാറക്കൂട്ടങ്ങളില്‍ ഇടിച്ചു തകര്‍ന്നു... 1963ല്‍ ബൂനോസ്II(BluenoseII) ജന്മമെടുത്തു. അവളുടെ അമ്മയെ നിര്‍മ്മിച്ച ഹാലിഫാക്സിലെ ഒലാണ്ട് കുടുംബത്തിന്‍റെ കപ്പല്‍ശാലയിലായിലായിരുന്നു ജനനം. നോവാസ്കോഷിയ സര്‍ക്കാറിന് 1971ല്‍ ഒരു ഡോളറിന് ഒലാണ്ട് കുടുംബം കപ്പല്‍ കൈമാറി. അന്ന് മുതല്‍ ഇന്നുവരെ നോവസ്കോഷിയ പ്രവശ്യയുടെ Sailing Ambassadorആണ് ബ്ലൂനോസ്II. മകളെ സ്നേഹിച്ചും സംരക്ഷിച്ചും കനേഡിയന്‍ ജനത അമ്മയോടുള്ള കടം വീട്ടുകയാണ്...

Lunenburg City 
കരയില്‍ നങ്കൂരമിട്ടിരിക്കുന്ന ബ്ലൂനോസിനെ കണ്ടു മടങ്ങുന്നവര്‍ക്ക് ചരിത്രമറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ Fisheries Museum of the Atlanticല്‍ കയറാം. പ്രദര്‍ശനാലയവും കണ്ട് മുകള്‍നിലയിലെ  ഭക്ഷണശാലയില്‍ നിന്ന് സ്വാദിഷ്ടമായ മീന്‍വിഭവങ്ങളടങ്ങിയ ഭക്ഷണവും കഴിച്ചിറങ്ങുമ്പോള്‍ വെയിലാറിയിരുന്നു. ലൂണന്‍ബെര്‍ഗില്‍ നിന്ന് ഞങ്ങള്‍ താമസസ്ഥലത്തേക്ക് തിരിച്ചു. വൈകുന്നേരം Halifax Citadal National Historic Site ഉം ആര്‍ട്ട് ഗാലറിയും സന്ദര്‍ശിക്കുകയെന്നൊരു പദ്ധതി മനസ്സിലുണ്ടായിരുന്നു. സമയം വൈകിയതിനാല്‍ ആര്‍ട്ട് ഗാലറി മാറ്റിവെച്ച് ഹാലിഫാക്സ് നഗരത്തിനുള്ളിലെ കോട്ട കാണുവാന്‍ പുറപ്പെട്ടു. കോട്ട വാതില്‍ അടച്ചിരുന്നതിനാല്‍ ഉള്ളിലേക്ക് കയറാന്‍ പറ്റിയില്ല. നഗരം കാക്കുന്ന ഭൂതത്തെ പോലെ നില്‍ക്കുന്ന നക്ഷത്രാകൃതിയിലുള്ള  കോട്ട ശത്രുക്കളില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ 1749ല്‍ പണിതതാണ്. കോട്ടമതിലിനു മുകളില്‍ നിന്ന് നോക്കിയാല്‍ ഗ്രൗണ്ട് സീറോ കാണാം. അറ്റോമിക് ബോംബിന്‍റെ ഭീകരതക്കും മുമ്പുണ്ടായ ദുരന്തം! 

1917 Dec 6... ഒന്നാംലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്ത് ഹാലിഫാക്സ് തീരത്തിനടുത്തുവെച്ച് നോര്‍വീജിയന്‍ റിലീഫ് കപ്പലായ ഇമോയും ഫ്രഞ്ച് ആയുധക്കപ്പലായ മൗണ്ട് ബ്ലാങ്കും കൂട്ടിയിടിച്ചു. 2925 ടണ്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച മൗണ്ട് ബ്ലാങ്കിന് തീപ്പിടിച്ചു. 1600 പേര്‍ മരണമടയുകയും, 9000 പേര്‍ക്ക് മുറിവേല്‍ക്കുകയും, 6000 പേര്‍ ഭവനരഹിതരാവുകയും ചെയ്ത ദുരന്തത്തിന് നൂറു വയസ്സു തികയുകയാണ്.. ദുരന്തങ്ങള്‍ കാലേകൂട്ടി കാണിച്ചു തന്നിട്ടും നമ്മള്‍ ഗ്രൗണ്ട് സീറോകളുടെ എണ്ണംകൂട്ടിക്കൊണ്ടേയിരിക്കുന്നു. നക്ഷത്ര കോട്ടയ്ക്കു ചുറ്റുമൊരുവട്ടം നടന്നപ്പോഴേക്കും ഞാന്‍ തളര്‍ന്നിരുന്നു. അടുത്ത ദിവസത്തെ ദീര്‍ഘദൂര യാത്രക്കൊരുങ്ങേണ്ടതിനാല്‍ രാത്രി കാഴ്ചകള്‍ കാണാന്‍ നഗരത്തിലേക്ക് പോകാതെ താമസസ്ഥലത്ത് തിരിച്ചെത്തി... 


     
  
          


  

Sunday, December 24, 2017

ബേ ഓഫ് ഫണ്ടിയിലെ പ്രണയസല്ലാപം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഓഖിയെന്ന ചുഴലിക്കാറ്റില്‍ മലയാളക്കരയിലെ ചിലയിടങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞത് കണ്ടവരിലും കേട്ടവരിലും ചെറുതല്ലാത്ത പരിഭ്രമമുണ്ടാക്കി. തീരത്തെ ഉമ്മവെച്ചോടുന്ന തിരയെ പ്രണയിച്ചവരെല്ലാം ഭയപ്പാടോടെ അവരുടെ പ്രണയത്തെ നോക്കാന്‍ തുടങ്ങിയത് സുനാമിയുടെ വരവോടു കൂടിയാവണം. അതുകൊണ്ടാവാം കടലിന്‍റെയും കരയുടെയും തീവ്രപ്രണയത്തിലെ പിണക്കവും ഇണക്കവും മനുഷ്യരെ ഇപ്പോള്‍ നടുക്കുന്നത്. ചുഴലിക്കാറ്റോ ഭൂകമ്പമോ ഉണ്ടാകുമ്പോള്‍ മാത്രമല്ലാതെ നിത്യവും അതെ തീവ്രതയില്‍ ഇതു സംഭവിക്കുന്നിടങ്ങള്‍ ഭൂമിയിലുണ്ട്. ഒരുപക്ഷെ ദുരന്തങ്ങളില്‍ അടിപതറാതിരിക്കുവാന്‍ മനുഷ്യര്‍ക്കുള്ള പ്രകൃതിയുടെ പാഠങ്ങളാവും. 

ഒക്ടോബര്‍ രണ്ടാംവാരത്തിലാണ് കാനഡയില്‍ വര്‍ണ്ണാഭമായ കൊയ്ത്തുല്‍സവാഘോഷം. പച്ചിലകള്‍ പൂക്കളേക്കാള്‍ ഭംഗിയുള്ള നിറങ്ങള്‍ വാരിപ്പുതച്ചു അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സമയം കൂടിയാണ്. വെറുതെ ഒരു നടത്തം പോലും കണ്ണും മനസ്സും കുളിര്‍പ്പിക്കും. പ്രകൃതിയൊരുക്കുന്ന വര്‍ണ്ണവിരുന്നിന് ദിവസങ്ങളുടെ ആയുസ്സേയുണ്ടാവൂ. എത്ര കണ്ടാലും മതിവരാത്തതിനാല്‍ എല്ലാവര്‍ഷവും കൊയ്ത്തുല്‍സവത്തിന് കാനഡയുടെ ഏതെങ്കിലുമൊരു ഭാഗത്ത്‌ എത്തിപ്പെടാന്‍ ശ്രമിക്കാറുണ്ട്ടോറൊന്റോയില്‍ നിന്ന് നിര്‍ത്താതെ വാഹനമോടിക്കുകയാണെങ്കില്‍ 13 മണിക്കൂര്‍(1500 km) കൊണ്ട് ന്യൂബ്രൺസ്വിക്കിലെത്താം. അവിടെന്ന് അടുത്ത പ്രവശ്യയായ നോവാസ്കോഷിയയിലേക്ക് പിന്നെയുമുണ്ട് അഞ്ചു മണിക്കൂര്‍. ഒന്നോ രണ്ടോ ദിവസം അവധിയെടുത്തിട്ടാണ് യാത്രക്കൊരുങ്ങുന്നത്. ഇത്രയും ദൂരമെങ്ങിനെ റോഡിലൂടെയെന്നുള്ള ചിന്തകളെ വെട്ടിച്ചുരുക്കിയത് എയര്‍ കാനഡയുടെ ഇളവുകളാണ്. രണ്ട് മണിക്കൂര്‍ കൊണ്ട് പറന്നെത്താവുന്ന ന്യൂബ്രൺസ്വിക്കിലെ St.Johnസിലേക്ക് പാതിവിലക്ക് ടിക്കറ്റ്‌ കിട്ടിയത് ആശ്വാസമായി. St.Johnസിലിറങ്ങി റെന്റ്-എ-കാറെടുത്ത് ബാക്കി ദൂരം റോഡ്‌ മാര്‍ഗ്ഗം നോവാസ്കോഷിയയുടെ തലസ്ഥാനമായ ഹാലിഫാക്സിലേക്ക്.


Fundy Trail Parkway

ഒക്ടോബര്‍ എട്ടിന് രാവിലെ ഞങ്ങള്‍  St. Johnസില്‍ വിമാനമിറങ്ങി. വിമാനത്താവളത്തിനകത്തുള്ള റെന്റ്-എ-കാര്‍ കമ്പനിയില്‍ നിന്ന് പറഞ്ഞുവെച്ച കാറിന്‍റെ താക്കോലും വാങ്ങി പുറത്ത് കടക്കുമ്പോള്‍ സമയം പത്തര മണി. റോഡിനിരുവശവും കൊയ്ത്തുത്സവത്തിന് ലഹരി പകരാനായി പൂക്കാവടികള്‍ നിരന്നിരിക്കുന്നു. വര്‍ണ്ണപ്പകിട്ടില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന മേപ്പിളിനും, ഓക്കിനും, ബിര്‍ച്ചിനുമിടയില്‍ നിത്യഹരിതയായ ബല്‍സാം ഫിറുമുണ്ട്. ക്യാമറയും സ്വന്തം വയറുകളും ആവശ്യത്തിന് നിറഞ്ഞപ്പോള്‍ ഞങ്ങള്‍ ബേ ഓഫ് ഫണ്ടി(Bay of Fundy)യിലുള്ള ഫണ്ടി നാഷണല്‍ പാര്‍ക്കി(Fundy National Park)ലേക്ക് പോയി. ന്യൂബ്രൺസ്വിക്കില്‍ കാണേണ്ടതും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന യുനസ്കോയുടെ ഈ ജൈവമണ്ഡല സംവരണ മേഖലയാണ്ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വേലിയേറ്റമാണ്(about 12 meters/) ബേ ഓഫ് ഫണ്ടിയിലേത്. ഏകദേശം നൂറ് ബില്ല്യന്‍ ടണ്‍ വെള്ളമാണ് ഉള്‍ക്കടലില്‍ നിന്ന് കയറുന്നതും ഇറങ്ങുന്നതും. ഭൂമിയെ വലംവയ്ക്കുന്നതിനിടക്ക് സൂര്യചന്ദ്രന്മാര്‍ ചെയ്തു കൂട്ടുന്ന പരാക്രമങ്ങങ്ങളാണിതെല്ലാം. ഓരോ ദിവസത്തെയും വേലിയേറ്റയിറക്കങ്ങളുടെ സമയക്രമങ്ങള്‍ പാര്‍ക്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന സമയത്തിനും 50 മിനിട്ട്‌ മുന്നേ അവിടെയത്തണമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യപ്പെടുത്തലുകള്‍. മനുഷ്യന്‍റെ നിയന്ത്രണങ്ങള്‍ക്കപ്പുറമല്ലേ പ്രകൃതിയുടെ സമയക്രമങ്ങള്‍!

Tourism NB - Pic Courtesy Google Images

ഞങ്ങള്‍ പാര്‍ക്കിലെത്തിയപ്പോഴേക്കും വേലിയിറക്കത്തിന്‍റെ സമയം കഴിഞ്ഞിരുന്നു. അതിനാല്‍ വെള്ളമിറങ്ങി പോകുന്നത് കാണാന്‍ സാധിച്ചില്ല. ഇനിയടുത്ത വേലിയിറക്കം രാത്രിയിലാവും. അഞ്ചു മണിയായാല്‍ പാര്‍ക്കില്‍ നിന്ന് പുറത്തു കടക്കണം. എന്നാല്‍പ്പിന്നെ സമയം കളയാതെ ഹോപ്‌വെല്ലിലേക്ക് പോകാമെന്നായി. കഴിഞ്ഞവര്‍ഷമാണ്‌ ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട ആനപ്പാറ നിലംപൊത്തിയത്. 2016 മാര്‍ച്ചിലാണ് കടല്‍ പിണങ്ങിയിറങ്ങിയയുടനെ  ഇരുന്നൂറു ടണോളം വരുന്ന പാറ പൊടിഞ്ഞ് വീഴുകയായിരുന്നു. അങ്ങിനെയെങ്കില്‍ വെള്ളമിറങ്ങിയാല്‍ പാറകളുടെ ഇടയിലൂടെയുള്ള നടത്തം അപകടകരമല്ലേ? വെള്ളം പെട്ടെന്ന് കയറുകയാണെങ്കില്‍ പാറകളില്‍ അള്ളിപ്പിടിച്ചു കയറാന്‍ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് ഫലകങ്ങളിലുണ്ട്. 

"Come for the Rocks, Stay for the Rest" ഹോപ്‌വെല്ലിലേ സ്വാഗതവാചകമാണ്. ആനപ്പാറയുടെ വാര്‍ത്തയിലൂടെയാണ് ബേ ഓഫ് ഫണ്ടി മനസ്സിലുടക്കിയത്. പിന്നെ തദ്ദേശീയരുടെ കഥകളിലൂടെ ഒരു ദേശത്തെയറിയുകയായിരുന്നു. ഓരോ നാടിനുമുണ്ട് തലമുറകള്‍ കൈമാറി കിട്ടിയ കഥകളുടെ സമ്പുഷ്ടമായ ശേഖരം. ഇത്രയും ദൂരം വന്നതല്ലേ നമുക്കും കേള്‍ക്കാം പാറകളും, വേലിയേറ്റവും ഇറക്കവുമുണ്ടായ കഥകള്‍. പണ്ട് പണ്ട്... അതെ Once upon a time... ദൈവത്തിനു കുളിക്കാനൊരു പൂതി. (കഥയില്‍ ചോദ്യല്യാട്ടോ) പൂതിയായ സ്ഥിതിക്ക് പള്ളിനീരാട്ടിന് ബക്കറ്റും വെള്ളവും പോരാ. ഒരു അണക്കെട്ട് തന്നെ വേണം!  അണക്കെട്ട് നിര്‍മ്മാണത്തില്‍ വിദഗ്ധനായ ബീവറിനാണ് ഉത്തരവ് കിട്ടിയത്. ദൈവകല്പന ശിരസാവഹിച്ച ബീവര്‍ ഉടനടിയൊരു ഡാമുണ്ടാക്കി. നീരാട്ടും കഴിഞ്ഞു. കഥയിനിയാണ് തുടങ്ങുന്നത്. 


Bay of Fundy & Hopewell Rocks - New Brunswick


കടലോളം വെള്ളത്തില്‍ കളിച്ചുരസിച്ചു നടന്നിരുന്ന തിമിംഗലത്തിനു പെട്ടെന്നുണ്ടായ മാറ്റം ചൊടിപ്പിച്ചു. ദൈവത്തിന് തിമിംഗലത്തിന്‍റെ അസ്വസ്ഥതയും കോപവും വേഗത്തില്‍ മനസ്സിലായി. എത്രയും വേഗം അണക്കെട്ട് പൊട്ടിക്കണമെന്ന ഉത്തരവുമായി ദൈവത്തിന്‍റെ ശിങ്കിടികള്‍ ബീവറിനെ തേടിയെത്തി. പാവം ബീവര്‍, അതിന്‍റെ വരുംവരായ്കകളെപ്പറ്റി ചിന്തിച്ചുനിന്ന് സമയം പോയതറിഞ്ഞില്ല. അപ്പോഴേക്കും മുന്‍കോപിയായ തിമിംഗലം അതിന്‍റെ വാലു കൊണ്ട് അണക്കെട്ടിന്‍റെ ഭിത്തികള്‍ അടിച്ചു തകര്‍ക്കാന്‍ തുടങ്ങി. ഭിത്തികള്‍ തകര്‍ന്നതോടെ വെള്ളം ശക്തില്‍ പുറത്തേക്ക് ഒഴുകിയപ്പോഴാണത്രേ തിമിംഗലത്തിന് ചെയ്തത് മണ്ടത്തരമായല്ലോന്ന് ബോധ്യം വന്നത്. വെള്ളത്തിന്‍റെ പോക്കുവരവുകളെ പറ്റിയുള്ള കഥയിതാണെങ്കില്‍ പാറകള്‍ക്കും, വെള്ളത്തിന്‍റെ നിറമാറ്റത്തിനുംവരെ കഥകളുണ്ട് പറയാന്‍. ഒരിക്കല്‍ കുട്ടികള്‍ക്ക് പുരാണകഥകള്‍ പറഞ്ഞു കൊടുക്കുന്നതിനിടയില്‍ ദുര്‍വാസാവ് മഹര്‍ഷിയെ പരാമര്‍ശിച്ചപ്പോള്‍ ഇവിടെയുള്ള കുട്ടി പറഞ്ഞതിങ്ങിനെയാണ്,'I know him, person with anger issues..." അതു പോലെ പ്രശ്നങ്ങളുള്ളതാണ് ഈ കഥയിലെ തിമിംഗലത്തിനും. ഹതഭാഗ്യരായ ചില ഗോത്രവംശരെ മൂക്കത്ത് ശുണ്‌ഠിയുള്ള തിമിംഗലം അടിമയാക്കിയിരുന്നു. പീഡനം സഹിക്കവയ്യാതെ ഓടി പോയവരെ പിന്തുടര്‍ന്ന് പിടിച്ചുകെട്ടി പാറയാക്കിയത്രെ... തങ്ങളുടെ പൂര്‍വ്വികന്മാരാണ് ഈ പാറകളെന്നു ഗോത്രവംശര്‍ വിശ്വസിക്കുന്നു.

കണ്ണാടി പോലെ തെളിഞ്ഞ വെള്ളമായിരുന്നത്രേ ബേ ഓഫ് ഫണ്ടിയിലേത്. തെളിഞ്ഞ വെള്ളം വെറുതെ കലങ്ങിയതല്ല. അതും... ഒരിക്കലൊരു ജലസര്‍പ്പം തെളിഞ്ഞ ജലം കണ്ട് മോഹിച്ച് മുകളില്‍ നിന്നിറങ്ങി വന്ന് ബേയില്‍ താമസമാക്കി. അടങ്ങിയൊതുങ്ങി കഴിയാതെ ബേയിലെ സമാധാനപ്രേമികളായ ജീവജാലങ്ങളെ ഉപദ്രവിക്കാന്‍ തുടങ്ങി. സ്വൈര്യം കെട്ടപ്പോള്‍ ആമ പരാതിയുമായി ദൈവസന്നിധിയിലെത്തി. ജലസര്‍പ്പത്തെ ആട്ടിയോടിച്ച് ബേയിലെ സമാധാനം പുനസ്ഥാപിക്കാന്‍ ദൈവം ലോബ്സ്റ്ററിനോടാണ് കല്‍പ്പിച്ചത്. അങ്ങോട്ടുമിങ്ങോട്ടും ഉന്തിയും തള്ളിയും, നീണ്ട കൊമ്പ് കൊണ്ട് കുത്തിയും കാലുകള്‍ കൊണ്ടിറുക്കിയും ജലസര്‍പ്പത്തെ വലിയ ചെമ്മീന്‍ ഒരുവിധത്തില്‍ ഓടിച്ചു. ചെളിയും ചേറുമിളക്കി വെള്ളം കലക്കിയിട്ടാണ് എതിരാളി പിന്‍വാങ്ങിയത്. അങ്ങിനെ കലങ്ങിയ വെള്ളം പിന്നീടൊരിക്കലും തെളിഞ്ഞില്ലെന്ന് ദേശത്തിന്‍റെയും കഥകളുടെയും അവകാശികള്‍ പറയുന്നു. 

Flower Pot Rocks - The Hopewell Rocks/ Bay of Fundy - NB

ഞങ്ങള്‍ ഹോപ്‌വെല്ലിലെത്തുമ്പോള്‍(The Hopewell Rocks)  വേലിയേറ്റമായിരുന്നു. കടലിന്‍റെ മടിത്തട്ടിലേക്കിറങ്ങി പോകാവുന്ന തരത്തില്‍ ഗോവണി നിര്‍മ്മിച്ചിട്ടുണ്ട്. ഗോവണി മൂന്നു നിലകളിറങ്ങാം. അതിനുതാഴെ തിര ശക്തിയില്‍ വന്നടിച്ചിട്ടു പോകുന്നത് കാണാം. സുരക്ഷാകാരണങ്ങളാല്‍ താഴേക്കുള്ള പടികളിറങ്ങാന്‍ അനുവാദമില്ല. ആരെങ്കിലും പടികള്‍ക്കിടയിലൂടെ ഊര്‍ന്നുവീണാല്‍ ദൈവംതന്നെ തുണ. വെള്ളം കയറുന്നതിനനുസരിച്ചാണ് സന്ദര്‍ശകര്‍ക്ക് ഓരോ നിലകളിറങ്ങാനുള്ള അനുമതി ലഭിക്കുന്നത്. നേരത്തെ ഇരുട്ടാവുന്നതിനാല്‍ വെള്ളമിറങ്ങിയാലും കടലിലേക്കുള്ള വഴി തുറക്കുകയില്ല. ഗോവണി തട്ടില്‍ നിന്ന് പാറകളും കലങ്ങിയ വെള്ളവും, ശക്തമായി വന്നടിക്കുന്ന തിരയും നോക്കി നില്‍ക്കേ വായിച്ച കഥകളിലെ കഥാപാത്രങ്ങള്‍ ഓര്‍മ്മയിലെത്തി. പാറകള്‍ക്ക് മുകളില്‍ വളരുന്ന ചെടികളുടെ ഇലകളിലും നിറമാറ്റമുണ്ട്. അതിനാലാവണം കടലിനു നടുവിലാരോ മറന്നുവെച്ച പൂപ്പാത്രങ്ങള്‍ പോലെയുണ്ട്  പാറകള്‍. തിരയുടെ ഉയര്‍ച്ചയും ശക്തിയും പാറകളില്‍ മുദ്രകള്‍ പതിപ്പിച്ചിരിക്കുന്നത് കണ്ടു പഠിക്കാനാവും.  

ഗോവണികള്‍ കയറിയൊരു ചെറിയ കാട്ടുവഴിയിലൂടെ നടന്നാല്‍ പാറകളുടെ മറുവശത്തെത്താം. താഴെ തിരയുടെ മേളമാണ്. "ബേ ഓഫ് ഫണ്ടി"യുടെ കരയില്‍ നില്‍ക്കുമ്പോള്‍ വെള്ളം അനുനിമിഷം ഉയരുന്നത് കണ്മുന്നില്‍ കാണാം. നാളീരൂപമാണ് ഫണ്ടിക്കെന്നാണ് ശാസ്ത്രത്തിന്‍റെ കണ്ടെത്തല്‍. അതിലൂടെ വെള്ളം അടിച്ചു കയറി പാറകള്‍ക്കരികിലെത്തുമ്പോഴേക്കും നാലു നിലകളോളം ഉയര്‍ച്ചയുണ്ടാവുമെത്രെ. ഇത്രയും ശക്തിയില്‍ പൂപ്പാത്രങ്ങളുടെ മുകളറ്റത്തുവരെയെത്തുന്ന തിരയാണ് പിന്നെ മണിക്കൂറുകളോളം പിണങ്ങി വലിഞ്ഞു പോകുന്നത്. സൗരയൂഥത്തിലെവിടെയോ വച്ച് നടക്കുന്ന സൂര്യചന്ദ്രന്മാരുടെ വടംവലിയുടെ ആഘാതമനുഭവപ്പെടുന്നത് ഭൂമിയിലാണ്. അതിനു മുന്നിലൊരു നിമിഷം നിന്നാല്‍ മതിയാകും ഒരണുവോളം അഹന്ത നമ്മില്‍ അവശേഷിക്കുകയില്ല. 

മാനത്ത് മഴക്കോള് കണ്ടിട്ടാവണം ആളുകള്‍ മടങ്ങുകയാണ്. അന്നെടുത്ത ടിക്കെറ്റു തന്നെ മതിയാകും പിറ്റേദിവസത്തെ വേലിയിറക്കം കാണുവാനും. അന്തിയുറങ്ങാന്‍ ഹാലിഫാക്സിലെത്തേണ്ടതിനാല്‍ ഞങ്ങള്‍ക്ക് ഫണ്ടിയില്‍ നിന്ന് മടങ്ങേണ്ടിയിരുന്നു.  ചില കാഴചകള്‍ മറ്റൊരിക്കലിലേക്ക് നീട്ടിവെക്കപ്പെടുന്നത് യാത്രകളിലെ അനിവാര്യതയാണ്. ഒന്നുപേക്ഷിക്കുമ്പോള്‍ മറ്റുവല്ലതും ആ വിടവ് നികത്തുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നത്. അതിനാല്‍ സന്തോഷത്തോടെ ഹാലിഫാക്സിലേക്ക് യാത്ര തുടര്‍ന്നു.  

Wednesday, December 6, 2017

രംഗകലകളുടെ ആനന്ദനടനം...

കാനഡയിലെത്തിയപ്പോള്‍ തുടങ്ങിയതാണ് ഒരു ബാലേ മോഹം... അവിടെന്നുമിവിടെന്നും പരിപാടി നടക്കുന്ന വിവരങ്ങളറിയുമ്പോള്‍ അസ്വസ്ഥത കൂടും. ടിക്കറ്റ്‌ വില കാണുന്നതാണ് ഫലപ്രദമായ ചികിത്സ. രോഗിയും വൈദ്യനും ഒരാള്‍ തന്നെയായതിനാല്‍ രോഗവും ചികിത്സയും പരമ രഹസ്യമായിരുന്നു. ഒരു ദിവസം $15.00 ന്‍റെ ടിക്കറ്റ്‌ കൈയില്‍ തന്നിട്ട്, "കുറച്ചാശ്വാസം കിട്ടു"മെന്നു പറഞ്ഞപ്പോഴാണ് രഹസ്യം വീട്ടില്‍ പാട്ടായ വിവരം ഞാനറിയുന്നത്! 

അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ ന്യൂയോര്‍ക്ക് സിറ്റി സെന്ററിന്‍റെ ഫാള്‍ ഫോര്‍ ഡാന്‍സുത്സവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തുടങ്ങിയതാണ് ടോറോന്റോയിലെ ഫാള്‍ ഫോര്‍ ഡാന്‍സ് നോര്‍ത്തെന്ന(Fall For Dance North) നൃത്തോല്‍സവം. ഇന്നാട്ടിലെ സാംസ്കാരിക വൈവിധ്യമുള്ള ജനങ്ങള്‍ക്ക്‌ ദേശീയവും അന്തര്‍ദേശീയവുമായ നൃത്തങ്ങളുടെ തല്‍സമയ പ്രകടനങ്ങള്‍ കണ്ടാസ്വദിക്കുവാനുള്ള വേദിയൊരുക്കുകയാണ് ഫാള്‍ ഫോര്‍ ഡാന്‍സ് നോര്‍ത്ത് സംഘാടകര്‍. കലാകാരന്മാര്‍ക്ക് മാത്രമല്ല ആസ്വാദകര്‍ക്കും നൃത്തകലയുടെ പുതിയ വാതായനങ്ങള്‍ തുറന്നു കൊടുക്കാന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ വളരെ കുറഞ്ഞ നിരക്കിലാണ് നൃത്തോത്സവത്തിനുള്ള ടിക്കെറ്റുകള്‍ വിറ്റഴിക്കുന്നത്. സാധാരണയായി നൂറ് ഡോളറിനടുത്തോ അതിന് മുകളിലോ ഒക്കെയാണ് സോണി സെന്ററിലെ ടിക്കറ്റ്‌ നിരക്ക്. ലോകോത്തരകലകള്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലാക്കുകയെന്നതാണ് ഫാള്‍ ഫോര്‍ ഡാന്‍സ് നോര്‍ത്ത് ലക്‌ഷ്യമിടുന്നത്. അതുകൊണ്ട് എന്‍റെയസുഖം മാറിക്കിട്ടി!

Inside View of Sony Centre For Performing Arts, Toronto /Pic Courtesy: Google Images

1960 ഒക്ടോബര്‍ ഒന്നിനാണ് ടോറോന്റോയുടെ അഭിമാനമായ സോണി സെന്റര്‍ തുറന്നത്. 
അന്നുമുതല്‍ ഇന്നുവരെ നഗരത്തിന്‍റെ സംസ്കാരിക വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കാന്‍ സോണി സെന്ററിന് കഴിഞ്ഞിട്ടുണ്ട്. 1960 ലെ ഉല്‍ഘാടനത്തിന് അരങ്ങേറിയ  "Musical Camelot"ലൂടെ കലകളുടെ ജൈത്രയാത്ര സോണിയില്‍ തുടങ്ങി.1966ല്‍ "The Hummingbird Centre" എന്നാക്കി  തിയേറ്ററിന്‍റെ പേരൊന്നു പരിഷ്കരിച്ചു. എന്നാല്‍ 2007ല്‍  അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ട ഹമിംഗ്ബേര്‍ഡ് വീണ്ടും പറക്കാന്‍ തുടങ്ങിയത് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അതും സോണി സെന്റര്‍ ഫോര്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്സ് (Sony Centre For Performing Arts) എന്ന പുതിയ പേരിലും രൂപത്തിലും. മൂവായിരത്തോളം ഇരിപ്പിടങ്ങളുള്ള സോണി സെന്ററിലെ തിയേറ്ററിലെവിടെയിരുന്നാലും തടസ്സങ്ങളില്ലാതെ വേദിയില്‍ നടക്കുന്നത് കാണാം.

കലയിലൂടെ സ്നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, കഴിഞ്ഞതെല്ലാം മറന്ന്, ഒന്നിച്ച് മുന്നോട്ട് പോകാനും കഴിയുമെന്ന വിശ്വാസമാണ് സോണി സെന്ററിനും അത് പോലെ തന്നെ ഫാള്‍ ഫോര്‍ ഡാന്‍സ് നോര്‍ത്തിനുമുള്ളത്. ഇടം നല്‍കിയവരെ നന്ദിയോടെ സ്മരിക്കുന്ന വാചകങ്ങള്‍ എടുത്തെഴുതുന്നു..."Today, the meeting place of Toronto is still the home to many Indigenous people from across Turtle Island and we are grateful to have the opportunity to work in the community, on this territory." 
Pic Courtesy: Google Images
നിയമാവലികള്‍ വളരെ വ്യക്തമായി സെന്ററിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുണ്ട് അതിനാല്‍ ഈ പോസ്റ്റില്‍ ഗൂഗിള്‍ കനിഞ്ഞുനല്‍കിയ ചിത്രങ്ങള്‍ മാത്രമേയുള്ളൂ. Unless otherwise specified, the use of cameras, video cameras or sound-recording devices of any kind, including a cell phone, is prohibited. Any person using an unauthorized recording device may be asked to leave. No refunds will be issued. FFDNന്‍റെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറായ ഇല്‍റ്റര്‍ ഇബ്രാഹിമോഫിന്‍റെ സ്വാഗതപ്രസംഗത്തോടെ ഒക്ടോബര്‍ അഞ്ചിലെ കലാസന്ധ്യക്ക് തിരശീലയുയര്‍ന്നു.
Michaela Hinds / Pic Courtesy: Google Images
ബ്രാംപ്ടനില്‍ ജനിച്ചുവളര്‍ന്നു ഐറിഷ് നൃത്തത്തില്‍ ഏഴു പ്രാവശ്യം വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്‌ പട്ടം നേടിയ Michaela Hindsന്‍റെ കലാപ്രകടനത്തോടെയാണ് നൃത്തപരിപാടികള്‍ ആരംഭിച്ചത്. ഹിന്ദ്സിനു വേണ്ടി Yzanne Noone സംവിധാനം ചെയ്ത "Reflections of an Irish Journey"യായിരുന്നു അവര്‍ അവതരിപ്പിച്ചത്. ഐറിഷ് മത്സരനൃത്തത്തില്‍ നിന്ന് വിരമിക്കുന്ന ഹിന്ദ്സിന്‍റെ ആദ്യത്തെ തിയേറ്റര്‍ അവതരണമായിരുന്നു. ഐറിഷ് നൃത്തത്തില്‍ പ്രാധാന്യം കാലുകള്‍ക്കാണ്. കൈകള്‍ രണ്ടും ശരീരത്തില്‍ ചേര്‍ത്ത് വെച്ച് പുഞ്ചിരിക്കുന്ന മുഖവുമായി നൃത്തം ചെയ്യുന്ന വ്യക്തിയുടെ കാലുകളിലാണ് പാട്ടിന്‍റെ ഭാവവും താളവും മാറിമറിയുന്നത്. പാദങ്ങള്‍ കൊണ്ട് മൃദുലമായും, ശക്തമായും, വേഗത്തിലും തട്ടുന്നതോടൊപ്പം വേദിയില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയുമൊക്കെയാണ് ചുവടുകള്‍വെക്കുന്നത്. ഇതിനെക്കുറിച്ച്‌ വായിച്ചപ്പോള്‍ രസകരമായ പല ഉത്ഭവകഥകളും കണ്ടു. 

നാടോടികളായ ഐറിഷ് നര്‍ത്തകര്‍ക്ക് പ്രദര്‍ശനവേദികള്‍ കിട്ടാതിരുന്നപ്പോള്‍ മേശപ്പുറത്തും വീപ്പകള്‍ക്ക് പുറത്തുമായിരുന്നുവെത്രേ നൃത്തം ചെയ്തിരുന്നത്. കാലുകള്‍ ശക്തിയില്‍ തട്ടിയിട്ടായിരിക്കും അവര്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുക. മറ്റൊരു കഥയിങ്ങിനെയാണ്, ബ്രിട്ടീഷ്‌ പട്ടാളം ഐര്‍ലാന്‍ഡില്‍ നൃത്തം നിരോധിച്ചപ്പോള്‍ ജനങ്ങള്‍ നൃത്തം ചെയ്താണ് പ്രതിഷേധിച്ചതെത്രേ. വീടുകളിലെ പ്രധാന വാതിലിന്‍റെ മേലേ പാളി തുറന്നിട്ട്‌ ശരീരം അനക്കാതെ, കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വെച്ച് അവര്‍ കാലുകള്‍ തട്ടി നൃത്തം ചെയ്തു. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് അനങ്ങാതെ നില്‍ക്കുന്നവരെയാണ് കാണുക. എന്നാല്‍ ശരീരത്തിന് താഴെ കാലുകള്‍ നൃത്തത്തിന്‍റെ താളലയങ്ങള്‍ തീര്‍ത്തു. ഇങ്ങിനെയൊക്കെയാവും ഐറിഷ് നൃത്തം ഇന്നത്തെ രൂപത്തില്‍ ഉരുത്തിരിഞ്ഞു വന്നത്. 

Kosmos by BJM / Pic Courtesy: Google Images
ഐറിഷ് നൃത്തം കഴിഞ്ഞെത്തിയത് BJM(Les Ballets Jazz de Montreal) ട്രൂപ്പായിരുന്നു. 14 പേരുടെ ഈ സംഘം അവതരിപ്പിച്ചത്  പ്രശസ്ത ഗ്രീക്ക് നൃത്തസംവിധായകനായ Andonis Foniadakisന്‍റെ "കോസ്മോസാ"യിരുന്നു. തിരക്കും വേഗതയും നിറഞ്ഞ ഇന്നത്തെ നാഗരിക ജീവിതത്തിന്‍റെ പകര്‍പ്പാണ് കോസ്മോസ്. നഗരത്തിനു മാത്രം സ്വന്തമായ ആള്‍ത്തിരക്കും, അതിലേക്കു അലിഞ്ഞുചേരുകയും പിരിയുകയും ചെയ്യുന്ന സംഘര്‍ഷങ്ങളും ഒറ്റപ്പെടലുകളുമെല്ലാം ചടുലമായ ചുവടുവെപ്പുകളിലൂടെയും വേദിയിലെ ശബ്ദ-വെളിച്ച ക്രമീകരണങ്ങളിലൂടെയും കാണികളെ അനുഭവിപ്പിക്കുകയായിരുന്നു. ഏതോ തിരക്കുള്ള നഗരത്തിലകപ്പെട്ട് പുറത്തെത്തിയത് പോലെയാണ് കോസ്മോസ് അവസാനിച്ചപ്പോള്‍ തോന്നിയത്.

Alejandro Cerrudoയുടെ Pacopepeplutoയുമായി "Gauthier Dance Company" യാണ് അടുത്തതായി രംഗത്തെത്തിയത്. മൂന്ന് പുരുഷന്മാര്‍ ഒറ്റക്കും കൂട്ടമായും നൃത്തം ചെയ്തു. ശരീരത്തോട് ഒട്ടിനില്‍ക്കുന്ന തൊലിനിറത്തിലുള്ള ഡാന്‍സ് ബെല്‍റ്റ്‌ മാത്രമാണ് ആകെയുള്ള വസ്ത്രാലങ്കാരം. അതിനാല്‍ ഓരോ മാംസപേശികളുടെ അനക്കവും സദസ്സിലുള്ളവര്‍ക്ക് വ്യക്തമാകും. Dean Martinന്‍റെ King of Cool എന്ന സംഗീതത്തിന് ചുവടു വെക്കുന്ന Pacoയും Pepeയും Plutoയും പല സമയങ്ങളിലായാണ് വേദിയില്‍ വന്നു പോകുന്നത്. ഓരോരുത്തരും അവരുടെതായ ലോകത്ത് നൃത്തം ചെയ്യുന്നത് പോലെ... 

A Blossoming Apricot Branch - Dong Mei Dance/ Pic Courtesy: Google Images
പതിനഞ്ചു മിനിറ്റിന്‍റെ ഇടവേളയ്ക്കു ശേഷം Dong Mei Huang അവതരിപ്പിച്ച  "A Blossoming Apricot Branch" അതിമനോഹരമായ കാവ്യശില്‍പമായിരുന്നു. Xiao Mei Zhang നോടൊപ്പം ചേര്‍ന്ന് ഡോങ്ങ് തന്നെയാണ് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  പുരാതന ചൈനീസ് സംസ്കാരത്തില്‍ പൂത്തു നില്‍ക്കുന്ന ആപ്രിക്കോട്ട് ചില്ലയോടാണ് വിവാഹിതയായ സ്ത്രീയെ ഉപമിച്ചിരിക്കുന്നത്. മതിലിനപ്പുറത്തെന്താണെന്ന് അറിയാതെ പൂത്തുലഞ്ഞു നില്‍ക്കുന്ന ആപ്രിക്കോട്ട് പോലെയാണത്രെ സ്ത്രീയും. പരമ്പരാഗതമായ അനുശാസനങ്ങളും സദാചാരസംഹിതകളിലും അടച്ചിടപ്പെടുന്ന സ്ത്രീക്കും  പുറംലോകത്തെ കുറിച്ച് അറിയില്ല അഥവാ അറിയാനുള്ള സ്വാതന്ത്യ്രമില്ല."  'The apricot tree makes its presence felt by extending a bough of blossoming flowers over the top of the wall. Unbeknownst to those who live behind the wall.' (പുരാതന ചൈനീസ്‌ കവിയായ യേ ഷോവേങ്ങിന്‍റെ വരികളാണ്) പെരുമഴ പെയ്ത് തോര്‍ന്ന ശാന്തതയായിരുന്നു തിയേറ്ററിനകത്ത്. ശ്രുതിമധുരമായ സംഗീതത്തിനൊപ്പിച്ചുള്ള മൃദുലമായ ചുവടുകളും ഭാവങ്ങളുമായി  ഡോങ്ങ്‌ അരങ്ങും മനസ്സും  കീഴടക്കി.  

Memory On Water by Guangzhou Ballet / Pic Courtesy: Google Images

Memory On Water യെന്ന നിയോ-ക്ലാസിക്കല്‍ പ്രണയകാവ്യവുമായി വന്നത് Guangzhou Ballet ട്രൂപ്പാണ്. ബാലേ നര്‍ത്തകര്‍ക്കൊപ്പം ഞാനൊഴുകി നടക്കുകയായിരുന്നു. പ്രണയിക്കുന്ന രണ്ടുപേര്‍ക്കിടയിലെ പ്രതിബന്ധമായ പുഴയാണ് ഇതിവൃത്തം.  നൃത്തത്തില്‍ നായകനും നായികയും പരസ്പരം തൊടുന്നതേയില്ല. പ്രണയവും, സ്വപ്നങ്ങളും, മോഹങ്ങളും, വിരഹവുമെല്ലാം ഏറ്റുവാങ്ങി പുഴ നിശബ്ദമായി അവര്‍ക്കിടയിലുണ്ട്. പുഴയില്ലാതെ അവര്‍ക്ക് പ്രണയമില്ലെന്ന പോലെ... Peter Quanz എന്ന കനേഡിയനാണ് ബാലേയുടെ സംവിധായകന്‍. അനുയോജ്യമായ വസ്ത്രാലങ്കാരവും, സംഗീതവും, വെളിച്ച ക്രമീകരണങ്ങളും ബാലേയെ പൂര്‍ണ്ണതയിലെത്തിച്ചു. ആളുകളുടെ നിര്‍ത്താതെയുള്ള കരഘോഷമായിരിക്കണം സദസ്സിലുണ്ടായിരുന്ന പീറ്ററിനെ വേദിയിലെത്തിച്ചത്. ഗുരുവിനും ശിഷ്യര്‍ക്കും കാനഡയുടെ "Standing Ovation!!!"

72 Person Ball Passing / Pic Courtesy: Toronto Star (Google Images)

ഒടുവിലായി അരങ്ങേറിയ "72-Person Ball Passing" ഡാന്‍സാണോന്ന് ചോദിച്ചാല്‍ പെട്ടെന്നുള്ള ഉത്തരം അല്ലാന്നായിരിക്കും. വേദിയിലെ നാലു തട്ടുകളിലായി നിരന്ന 72 പേര്‍ പല നിറങ്ങളിലുള്ള പന്തുകള്‍ ദ്രുതഗതിയില്‍ കൃത്യതയോടെ പരസ്പരം കൈമാറുന്നു. തലയിളക്കി, കൈകള്‍ നീട്ടിയും കുറുക്കിയും ഇതിനൊരു നൃത്തരൂപം നല്‍കിയിരിക്കുകയാണ് സംവിധായകനായ Charles Moulton. മൃദുവായ പന്തുകള്‍ അവതരിപ്പിക്കുന്നവരുടെ അരയിലും കെട്ടിവെച്ചിട്ടുണ്ട്. ഇടയ്ക്കു പന്ത് വീണു പോകാനുള്ള സാധ്യത കൂടുതലാണ് ഈ കളിയില്‍. നേര്‍ത്ത പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെ നടന്ന പന്ത് ഡാന്‍സില്‍ ആരും ഒറ്റ പന്തു പോലും താഴെവീഴ്ത്തിയില്ല! നാനാത്വത്തിന്‍റെ പ്രതിഫലനമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ വേദിയില്‍ കണ്ടത്. ഭിന്നതകളില്ലാതെ പരസ്പരം ചേര്‍ന്ന് നില്‍ക്കാനാവുന്നത് നൃത്തമെന്ന ഹൃദയഭാഷയിലൂടെ സംവദിക്കുന്നത് കൊണ്ടാകണം...