Friday, December 29, 2017

ഉള്‍ക്കടല്‍ത്തീരത്തെ ഉള്‍ത്തുടിപ്പുകള്‍

അറ്റ്ലാന്റിക് സമുദ്രത്തീരത്തുള്ള കാനഡയുടെ കിഴക്കന്‍ പ്രവശ്യയായ നോവാസ്കോഷ്യയുടെ തലസ്ഥാനമാണ്‌ ഹാലിഫാക്സ്. ഒക്ടോബര്‍ എട്ടിന് രാത്രിയിലാണ് സ്മാര്‍ട്ട് സിറ്റിയെന്ന് വിളിപ്പേരുള്ള തുറമുഖനഗരിയില്‍ ഞങ്ങളെത്തുന്നത്. അവിടെന്നൊരു മണിക്കൂര്‍ അകലെയുള്ള  പെഗ്ഗിയെന്ന ഗ്രാമത്തിലേക്കാണ് അടുത്ത ദിവസത്തെ യാത്ര. പ്രണയകഥയിലെ ദുരന്തനായികയാണ് പെഗ്ഗിയെന്നും അതല്ല St. Margaret Bayയുടെ ചുരുക്കപ്പേരാണ് അതെന്നും രണ്ടു വാദങ്ങളുണ്ട്. ഏതായിരിക്കും ശരിയെന്നൊക്കെ ആലോചിച്ചാണ് ഞാനുറങ്ങാന്‍ കിടന്നത്. ഗ്രാമവാസികള്‍ പറയുന്ന കഥയിങ്ങിനെയാണ്. കപ്പല്‍ തകര്‍ന്ന് കടലിലകപ്പെട്ട സ്ത്രീക്ക് രക്ഷകനായി പെഗ്ഗിയിലെ മുക്കുവനെത്തുന്നു. ജീവന്‍ രക്ഷിച്ചയാളോട് പ്രണയം തോന്നുക സ്വഭാവികം. ഇവിടെയും അതെന്നെ സംഭവിച്ചു. പ്രണയസുരഭിലമായ നല്ല  നാളുകള്‍ കടന്നു പോയി. ഒരുനാള്‍ കടലില്‍ പോയ മുക്കുവന്‍ തിരിച്ചു വന്നില്ല. ദുഃഖം സഹിക്കാനാവാതെ ഈ സ്ത്രീ കടലിലേക്കിറങ്ങി നടന്നു. അങ്ങിനെ കടലില്‍ നിന്ന് വന്നു കടലിലേക്ക്‌ തന്നെ മടങ്ങിയ സുന്ദരിയായ യുവതിയുടെ  പേരാണത്രേ പെഗ്ഗി. എന്നാല്‍ 19 വര്‍ഷങ്ങള്‍ക്കു മുമ്പ് പെഗ്ഗിയിലെ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി കടലിലേക്കിറങ്ങിയത് കെട്ടുകഥയല്ല.

Sleeping Beauty - Peggy
1998 സെപ്റ്റംബര്‍ രണ്ടിനാണ് 229 ജീവനുകളുമായി Swissair Flight 111 പെഗ്ഗിയുടെ തീരത്ത് നിന്ന് 13 കി.മി അകലെ അറ്റ്ലാന്റിക്കിന്‍റെ മടിയിലേക്ക്‌ തകര്‍ന്ന് വീണത്‌. ന്യൂയോര്‍ക്കിലെ JFK വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് ഒരുമണിക്കൂറിനകം വിമാനത്തിനുള്ളില്‍ പുക കണ്ട ജോലിക്കാര്‍ വിവരം അധികൃതരെ അറിയിച്ചു. 129 കി.മി അകലെയുള്ള ഹാലിഫാക്സില്‍ വിമാനമിറക്കാനുള്ള അനുമതിയുമായി തുടര്‍ന്ന് പറന്ന ആകാശപേടകം പാതിവഴിയില്‍ കടലില്‍ പതിക്കുകയായിരുന്നു. മനുഷ്യന്‍റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ് നിയതിയുടെ തീര്‍പ്പുകള്‍. ആരെയും രക്ഷിക്കാനായില്ല... ചിതറിയ മനുഷ്യശരീരങ്ങളും, വിമാനത്തിന്‍റെ 98 ശതമാനം ഭാഗങ്ങളും തുടര്‍ന്നുള്ള തിരച്ചിലില്‍ കണ്ടെടുത്തു. പൊലിഞ്ഞുപോയ ജീവനുകളോളം വരില്ല മറ്റൊരു നഷ്ടവും. അന്ന് വിമാനത്തിലുണ്ടായിരുന്നെന്ന് പറയപ്പെടുന്ന 1 kg വജ്രവും 4.8kg ആഭരണങ്ങളുമടങ്ങിയ സ്റ്റീല്‍ കുഴല്‍ കണ്ടെടുക്കാനായി കടലിനടിയില്‍ വീണ്ടും തിരച്ചില്‍ നടത്തണമെന്ന ലണ്ടനിലെ ലോയിഡ് കമ്പനിക്കെതിരെ വന്‍പ്രതിഷേധമുയര്‍ന്നത്‌ അതിനാലാവണം. ഒടുവില്‍ അവര്‍ മാപ്പു പറഞ്ഞ് കനേഡിയന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച അപേക്ഷ പിന്‍വലിക്കുകയായിരുന്നു. 

On the way to Peggy's Cove - Highway 333
ഹാലിഫാക്സില്‍ നിന്ന് ഹൈവേ 333/103ലൂടെ കാഴ്ചകളും കണ്ട്  വളരെ സാവധാനത്തിലാണ് ഞങ്ങളുടെ യാത്ര. കരയില്‍ വിശ്രമിക്കുന്ന മത്സ്യബന്ധന ബോട്ടുകളും, വെള്ളത്തിലേക്ക് കാലുനീട്ടിയിരിക്കുന്ന കുഞ്ഞു  വീടുകളും,  വെള്ളകെട്ടുകളില്‍ പാറി നടക്കുന്ന താറാവു കുടുംബങ്ങളെയും കണ്ട്, ഇലകളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചും പെഗ്ഗിയിലേക്കുള്ള റോഡിലെത്തിയത് അറിഞ്ഞില്ല. മൂടല്‍മഞ്ഞ് പെഗ്ഗിയെ കാഴ്ചയില്‍ നിന്ന് മറച്ചുപിടിച്ചിരുന്നു. വാഹനം നിര്‍ത്തി ഞങ്ങള്‍ കയറ്റിറക്കമുള്ള വീതികുറഞ്ഞ വഴിയിലൂടെ നടന്നു. അതിലൂടെയും വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ അലസമായി നടക്കാന്‍ പറ്റാത്തതില്‍ നേരിയ വിഷമമുണ്ടായി. ഉപ്പുകാറ്റേറ്റ് കരുവാളിച്ച വീടുകളും, കടലിനോട് മല്ലിട്ട് തളര്‍ന്ന ബോട്ടുകളും, ഭക്ഷണശാലകളും, കടകളുമാണ് വഴിയുടെയിരുവശത്തും. നൂറില്‍ താഴെ ജനങ്ങള്‍ വസിക്കുന്ന ഗ്രാമത്തിന്‍റെ നിശബ്ദതയെ ഭേദിക്കുന്നത് സഞ്ചരികളുടെ കാല്‍പെരുമാറ്റമായിരിക്കും. ഇറങ്ങിയും കയറിയുമെത്തുന്നത് വലിയ ഗ്രനൈറ്റ്‌ പാറക്കൂട്ടങ്ങളിലേക്കാണ്. ചെത്തിമിനുക്കി പലയാകൃതിയിലാരോ രൂപപ്പെടുത്തിയ പാറകള്‍ക്ക് നടുവില്‍ ചുവന്ന തലപ്പാവുമണിഞ്ഞ് നില്‍ക്കുന്നൊരു വിളക്കുമാടമുണ്ട്. പാറകളില്‍ തല്ലിയാര്‍ത്ത് പോകുന്ന തിരകളുടെ ആരവങ്ങള്‍ക്ക് മീതെ ഒഴുകിയെത്തിയ ബാഗ്പൈപ്പ് സംഗീതം... പ്രകൃതിയും സംഗീതവും ഒന്നിച്ചു ചേരുന്ന അപൂര്‍വ്വനിമിഷങ്ങള്‍!  

Peggy's Point Light House

പെഗ്ഗിയിലാദ്യത്തെ വിളക്കുമാടമുയര്‍ന്നത്‌ 1868ലാണ്. പിന്നീട് 1911ല്‍ പഴയത് പൊളിച്ചുകളഞ്ഞാണ് ഇന്ന് കാണുന്ന അഷ്ടകോണാകൃതിയിലുള്ള നാല്‍പ്പത്തിയൊന്‍പതടി(49ft) ഉയരമുള്ള കോണ്‍ക്രീറ്റ് കെട്ടിടമാക്കിയത്. വേനല്‍കാലത്ത്‌ ദീപസ്തംഭത്തിന്‍റെ താഴെത്തെ നിലയൊരു പോസ്റ്റ് ഓഫീസായി മാറും. സഞ്ചാരികള്‍ക്ക് അവിടെന്ന് കാര്‍ഡുകളും കത്തുകളും അയക്കാം. യന്ത്രവല്‍ക്കരിക്കപ്പെടുന്നതുവരെ വിളക്ക് തെളിയിച്ച് വഴിക്കാട്ടിയിരുന്ന കാവല്‍ക്കാരനും പറയാനുണ്ടാവില്ലേ കഥകളേറെ? ചിന്തകള്‍ കടിഞ്ഞാണില്ലാതെ പായുകയാണ്. അതിനു പിന്നെ നേരവും കാലവും സമയവുമില്ലല്ലോ... പാറക്കെട്ടുകളിലൂടെ ഇറങ്ങി ഞാനൊരിടത്ത് തിരകളെ നോക്കിയിരുപ്പായി. ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്ലേസിയറും കടലും ചേര്‍ന്നുണ്ടാക്കിയ ഇടത്തിലാണിരിക്കുന്നതെന്ന ചിന്ത കോരിത്തരിപ്പിച്ചു. ടണ്‍ കണക്കിനു ഭാരമുള്ള ഉരുളന്‍ പാറകളാല്‍ ചുറ്റപ്പെട്ട കടല്‍ക്കര ഇനിയും രൂപാന്തരപ്പെടുകയില്ലെന്നാരറിഞ്ഞു?ചുറ്റുമുള്ള ആള്‍ത്തിരക്കൊന്നും എന്നെ ബാധിച്ചതേയില്ല. നീലക്കടലും നോക്കി ധ്യാനത്തിലെന്നപോലെ ശാന്തമായിരിക്കുമ്പോഴാണ് താഴെ വെള്ളത്തിനരികിലെ കറുത്ത പാറകള്‍ക്കിടയില്‍ നിന്നൊരാള്‍ കയറിവരുന്നത് കണ്ടത്. 

Caution - Do not go near black rocks!!

സാഹസികനായ ഏതോ സഞ്ചാരി തിരയുടെ വലിപ്പവും ശക്തിയുമളക്കാനിറങ്ങിയതാവുമെന്ന് കരുതി ആദ്യം അവഗണിച്ചു. ആളുകളുടെ ആര്‍പ്പുവിളികള്‍ കേട്ടപ്പോഴാണ് ഇരുന്നിടത്തുനിന്നും എഴുന്നേറ്റത്. സ്ത്രിയെയും കുട്ടികളെയും കണ്ടിട്ടാണ് ആളുകള്‍ ബഹളംവെക്കുന്നത്. വലിയൊരു തിരയുയര്‍ന്ന് പൊങ്ങി മുതിര്‍ന്ന കുട്ടിയെ തൊട്ടുതൊട്ടില്ലെന്ന മട്ടിലൊഴിഞ്ഞു പോയത് കണ്ടതോടെ ആളുകളുടെ ക്ഷമ നശിച്ചു. വെള്ളത്തിനടുത്തുള്ള കറുത്ത പാറകള്‍ക്കരികിലേക്ക് പോകരുതെന്ന മുന്നറിയിപ്പ് പലയിടത്തുമുണ്ട്. പിന്നെ ഇവരെങ്ങിനെ അവിടെയെത്തി? കുറച്ചുപേര്‍ അവരെ പിടിച്ചുകയറ്റാന്‍ ശ്രമിക്കുകയാണ്. കാലൊന്നു വഴുതിയാല്‍ ഉരുണ്ടു താഴെയെത്തും. മൂന്നു പേരെ സുരക്ഷിതമായി മുകളിലെത്തിച്ചപ്പോഴുണ്ട് താഴെ രണ്ടു കുട്ടികള്‍ പേടിച്ചരണ്ട് നില്‍ക്കുന്നു. കുഞ്ഞുങ്ങള്‍ക്ക്‌ പാറകളില്‍ അള്ളിപിടിച്ചു കയറാനാവാതെ കരയുകയാണ്. പോലീസ്, 911 എന്നൊക്കെയുള്ള ഒച്ചപ്പാടുകള്‍ക്കിടയില്‍ പാറകള്‍ക്കിടയിലെ വിടവ് ചാടികടന്നയാള്‍ക്ക് നല്ല മുഖപരിചയം.. വിളക്കുമാടത്തിനെ ഫോട്ടോയെടുക്കാന്‍ പോയ ക്യാമറാമാന്‍ എപ്പോഴാണാവോ ഈ തിരക്കിലേക്കെത്തിയത്? ഒരു കുട്ടിയെ കൈ പിടിച്ചു കയറ്റിയെങ്കിലും ചെറിയ കുട്ടിക്ക് അതിനു കഴിഞ്ഞില്ല. അവസാനം ഹുസൈന്‍ കുട്ടിയേയുമെടുത്ത് വിടവ് ചാടി കടന്നു. ആ കുടുംബം ഒന്നുംപറയാതെ നടന്നു പോയി. ഏതോ ഒരാള്‍ ഹുസൈനോട് നിറമിഴികളോടെ നന്ദി പറയാനായി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഓടിയെത്തി. വീണ്ടും വെള്ളത്തിനരികിലേക്ക് പോകുന്ന അയാളെ കണ്ടിട്ടാകണം കുട്ടികളെയും കൊണ്ട് അപകടസ്ഥലത്ത് ശ്രദ്ധയില്ലാതെ നടക്കുന്നതിന് അയാള്‍ക്കെതിരെ പരാതി കൊടുക്കണമെന്ന് പ്രായമായോരമ്മ മുറുമുറുക്കുന്നുണ്ടായിരുന്നു. എല്ലാമെന്‍റെ കാല്‍ക്കീഴിലാണെന്ന ഭാവത്തിനറുതി വരുത്താന്‍ അധികനേരം വേണ്ടെന്ന കാര്യമാരും ഓര്‍ക്കാറില്ലല്ലോ... 

Done for the Season / Resting boat & Lobster Trap

ആറു കുടുംബങ്ങളുമായി 1811ല്‍ പിറന്ന പെഗ്ഗിയെ കാണാന്‍ ഞങ്ങള്‍ പാറക്കെട്ടുകളിറങ്ങി. ജനവാസം  കുറവാണെങ്കിലും വളരെ സജീവമാണിന്നും ഇവിടുത്തെ മത്സ്യബന്ധന മേഖല. St. Margaret ഉള്‍ക്കടലിന്‍റെ ഏറ്റവും സുരക്ഷിതമായതും മത്സ്യ സമ്പത്തേറെയുള്ള ഭാഗവുമാണത്രെ പെഗ്ഗി. ലോബ്സ്റ്റര്‍ സീസണ്‍ കഴിഞ്ഞതിനാലാവും ബോട്ടുകളും, ലോബ്സ്റ്റര്‍ കൂടുകളും കരയില്‍ വിശ്രമത്തിലാണ്. മരമോ കമ്പിയോ ഉപയോഗിച്ചുണ്ടാക്കിയിരിക്കുന്ന കൂടുകളില്‍ മൂന്ന് അറകളുണ്ട്. ആദ്യം പൂമുഖം, ഇതിലൂടെ ചെമ്മീനകത്ത്  കടന്നാല്‍ കുടുങ്ങിയത് തന്നെ. അടുത്തത് അടുക്കളയാണ്. അവിടെയാണ് തീറ്റ വെക്കുന്നത്. വയറു നിറഞ്ഞ് പാവങ്ങള്‍ പരക്കം പാഞ്ഞെത്തുന്നത്‌ കിടപ്പുമുറിയിലേക്കാണ്. പിന്നെ അവിടെ കിടക്കാം... ദീര്‍ഘചതുരാകൃതിയിലുള്ള കൂടുകള്‍ തമ്മില്‍ കയറു കൊണ്ട് ബന്ധിപ്പിച്ചാണ് വെള്ളത്തിലിടുന്നത്. ഏപ്രില്‍/മെയ്‌ മാസങ്ങളില്‍ വന്നാല്‍ ബോട്ടില്‍ പോയി കാണാമെന്നും പറഞ്ഞു ഗ്രാമവാസിയായ സുഹൃത്ത്‌ കൂടുകളുടെ അറ്റകുറ്റപ്പണികളില്‍ മുഴുകി.


Old Town of Lunenburg 
മഴ ചാറാന്‍ തുടങ്ങിയപ്പോഴേക്കും പെഗ്ഗിയില്‍ നിന്നൊരു മണിക്കൂര്‍ കൊണ്ടെത്താവുന്ന ലുണന്‍ബെര്‍ഗിലേക്കുള്ള റോഡിലെത്തിയിരുന്നു. മൂവായിരത്തിന് താഴെ മാത്രം ജനസംഖ്യയുള്ള ഈ മുക്കുവഗ്രാമം യുനസ്കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. കുന്നിന് മുകളിലാണ് ഗ്രാമം. താഴെ അറ്റ്ലാന്റിക് മഹാസമുദ്രവും... കയറ്റം കയറിയാലെത്തുക കടുംനിറത്തിലുള്ള കെട്ടിടങ്ങള്‍ നിറഞ്ഞ പഴയ പട്ടണത്തിലാണ്. ഓരോ കെട്ടിടത്തിനും അതിന്‍റെ രൂപഭാവങ്ങള്‍ക്കനുസരിച്ചു നാട്ടുകാര്‍  നല്‍കിയ പേരുകളിലാണ് അറിയപ്പെടുന്നത്. പിങ്ക് നിറത്തിലുള്ള കെട്ടിടം “Wedding Cake House” ഉം, വീടുകളുടെ മുകള്‍നിലയില്‍ കടലിനഭിമുഖമായി നില്‍ക്കുന്ന ഒറ്റ മുറികള്‍ “Widows Watch’മാണ് ആളുകള്‍ക്ക്. ലുണന്‍ബെര്‍ഗിലേ പഴയ വഴികളിലൂടെ നടക്കുമ്പോള്‍  Lunenberg Bump തിരയൂന്ന് ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ജീവനക്കാര്‍ പറഞ്ഞിരുന്നു. അയലത്തെ വീട്ടിലെ കാര്യങ്ങളറിയാന്‍ സ്വന്തം വീടിന്‍റെ ഒന്നാംനിലയില്‍ കുറച്ചു മുന്നിലേക്ക്‌ തള്ളി നില്‍ക്കുന്നൊരു ജാലകമുറി പണിഞ്ഞിരുന്നത്രേ പലരും. മ്മടെ നുണ കോലായിയാണ് ഇവരുടെ  ബംമ്പ്!


Bluenose II on sail/ Tourism Nova Scotia Website/ Pic Courtesy: Google Images
ഗ്രാമത്തിലെ കൊച്ചുവര്‍ത്തമാനങ്ങളല്ല ലുണന്‍ബെര്‍ഗിനെ അടയാളപ്പെടുത്തുന്നത്. ബ്ലൂനോസെ(Bluenose)ന്ന പായക്കപ്പലാണ് ലുണന്‍ബെര്‍ഗിന്‍റെ അഭിമാനം. ഏറ്റവും വേഗതയേറിയ പായക്കപ്പലിന് ലഭിക്കുന്ന International Fisherman's Trophy 1921 മുതല്‍ പതിനേഴ്‌ വര്‍ഷം തുടര്‍ച്ചയായി  നേടിയത് ലുണന്‍ബെര്‍ഗില്‍ നിര്‍മ്മിച്ച ബ്ലൂനോസാണ്. അങ്ങിനെ വടക്കേ അറ്റ്ലാന്റിക്കിന്‍റെ റാണിയെ ഉടമസ്ഥര്‍ 1942ല്‍ വെസ്റ്റ്‌ ഇന്ത്യന്‍ ട്രേഡിംഗ് കമ്പനിക്ക്‌ വിറ്റു. കപ്പലിനെ സ്നേഹിച്ചവരുടെ ശാപവും വീടുവിട്ടു പോയ വിഷമവും കൊണ്ടാവണം നാലു വര്‍ഷങ്ങള്‍ക്കുശേഷം ബ്ലൂനോസ് കടലിലെ പാറക്കൂട്ടങ്ങളില്‍ ഇടിച്ചു തകര്‍ന്നു... 1963ല്‍ ബൂനോസ്II(BluenoseII) ജന്മമെടുത്തു. അവളുടെ അമ്മയെ നിര്‍മ്മിച്ച ഹാലിഫാക്സിലെ ഒലാണ്ട് കുടുംബത്തിന്‍റെ കപ്പല്‍ശാലയിലായിലായിരുന്നു ജനനം. നോവാസ്കോഷിയ സര്‍ക്കാറിന് 1971ല്‍ ഒരു ഡോളറിന് ഒലാണ്ട് കുടുംബം കപ്പല്‍ കൈമാറി. അന്ന് മുതല്‍ ഇന്നുവരെ നോവസ്കോഷിയ പ്രവശ്യയുടെ Sailing Ambassadorആണ് ബ്ലൂനോസ്II. മകളെ സ്നേഹിച്ചും സംരക്ഷിച്ചും കനേഡിയന്‍ ജനത അമ്മയോടുള്ള കടം വീട്ടുകയാണ്...

Lunenburg City 
കരയില്‍ നങ്കൂരമിട്ടിരിക്കുന്ന ബ്ലൂനോസിനെ കണ്ടു മടങ്ങുന്നവര്‍ക്ക് ചരിത്രമറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ Fisheries Museum of the Atlanticല്‍ കയറാം. പ്രദര്‍ശനാലയവും കണ്ട് മുകള്‍നിലയിലെ  ഭക്ഷണശാലയില്‍ നിന്ന് സ്വാദിഷ്ടമായ മീന്‍വിഭവങ്ങളടങ്ങിയ ഭക്ഷണവും കഴിച്ചിറങ്ങുമ്പോള്‍ വെയിലാറിയിരുന്നു. ലൂണന്‍ബെര്‍ഗില്‍ നിന്ന് ഞങ്ങള്‍ താമസസ്ഥലത്തേക്ക് തിരിച്ചു. വൈകുന്നേരം Halifax Citadal National Historic Site ഉം ആര്‍ട്ട് ഗാലറിയും സന്ദര്‍ശിക്കുകയെന്നൊരു പദ്ധതി മനസ്സിലുണ്ടായിരുന്നു. സമയം വൈകിയതിനാല്‍ ആര്‍ട്ട് ഗാലറി മാറ്റിവെച്ച് ഹാലിഫാക്സ് നഗരത്തിനുള്ളിലെ കോട്ട കാണുവാന്‍ പുറപ്പെട്ടു. കോട്ട വാതില്‍ അടച്ചിരുന്നതിനാല്‍ ഉള്ളിലേക്ക് കയറാന്‍ പറ്റിയില്ല. നഗരം കാക്കുന്ന ഭൂതത്തെ പോലെ നില്‍ക്കുന്ന നക്ഷത്രാകൃതിയിലുള്ള  കോട്ട ശത്രുക്കളില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ 1749ല്‍ പണിതതാണ്. കോട്ടമതിലിനു മുകളില്‍ നിന്ന് നോക്കിയാല്‍ ഗ്രൗണ്ട് സീറോ കാണാം. അറ്റോമിക് ബോംബിന്‍റെ ഭീകരതക്കും മുമ്പുണ്ടായ ദുരന്തം! 

1917 Dec 6... ഒന്നാംലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്ത് ഹാലിഫാക്സ് തീരത്തിനടുത്തുവെച്ച് നോര്‍വീജിയന്‍ റിലീഫ് കപ്പലായ ഇമോയും ഫ്രഞ്ച് ആയുധക്കപ്പലായ മൗണ്ട് ബ്ലാങ്കും കൂട്ടിയിടിച്ചു. 2925 ടണ്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച മൗണ്ട് ബ്ലാങ്കിന് തീപ്പിടിച്ചു. 1600 പേര്‍ മരണമടയുകയും, 9000 പേര്‍ക്ക് മുറിവേല്‍ക്കുകയും, 6000 പേര്‍ ഭവനരഹിതരാവുകയും ചെയ്ത ദുരന്തത്തിന് നൂറു വയസ്സു തികയുകയാണ്.. ദുരന്തങ്ങള്‍ കാലേകൂട്ടി കാണിച്ചു തന്നിട്ടും നമ്മള്‍ ഗ്രൗണ്ട് സീറോകളുടെ എണ്ണംകൂട്ടിക്കൊണ്ടേയിരിക്കുന്നു. നക്ഷത്ര കോട്ടയ്ക്കു ചുറ്റുമൊരുവട്ടം നടന്നപ്പോഴേക്കും ഞാന്‍ തളര്‍ന്നിരുന്നു. അടുത്ത ദിവസത്തെ ദീര്‍ഘദൂര യാത്രക്കൊരുങ്ങേണ്ടതിനാല്‍ രാത്രി കാഴ്ചകള്‍ കാണാന്‍ നഗരത്തിലേക്ക് പോകാതെ താമസസ്ഥലത്ത് തിരിച്ചെത്തി... 


     
  
          


  

15 comments:

  1. മുബീ വായിച്ചു ട്ടോ .... ഫോട്ടോസും ഉഗ്രൻ ... വായനയിലൂടെ ഞാനും ആ സ്ഥലങ്ങൾ ഒക്കെ കണ്ടു. ആശംസകൾ.

    ReplyDelete
    Replies
    1. ഗീത... കുറച്ചായല്ലോ കണ്ടിട്ട്? വായിച്ചതില്‍ സന്തോഷം...

      Delete
  2. ഫോട്ടോ എടുക്കാനായിട്ടെന്നും പറഞ്ഞ അപകടകരമായ ഇടത്തൊക്കെ വലിഞ്ഞ് കയറാൻ പോകുന്ന ഹുസൈന് ഞാൻ വച്ചിട്ടുണ്ട്... ഇതെന്താ, കുട്ടിക്കളിയാന്നാ വിചാരിച്ചത്...?

    ബൈ ദി ബൈ, ചിത്രങ്ങളൊക്കെ മനോഹരം കേട്ടോ ഹുസൈൻ... മുബിയുടെ എഴുത്തിനെക്കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ...

    ആശംസകൾ...

    ReplyDelete
  3. അല്ല... ഞാനിട്ട കമന്റെവിടെ പോയി...?!

    ReplyDelete
    Replies
    1. വീണ്ടും ബ്ലോഗില്‍ കുട്ടിച്ചാത്തന്‍ കയറീന്നാ തോന്നണേ വിനുവേട്ടാ... എനിക്ക് കമന്റ്‌ ഇമെയിലില്‍ കിട്ടി. രാത്രി ഇവിടെ വന്ന് നോക്കിയപ്പോ അത് കാണാനൂല്യ. ഗൂഗിളിനോട് പരാതി പറഞ്ഞിട്ടുണ്ട്. വിനുവേട്ടന്റെ കമെന്‍റ് ഞാന്‍ കോപ്പി പേസ്റ്റ് ചെയ്യുന്നുണ്ട്. സോറി

      "ഫോട്ടോ എടുക്കാനായിട്ടെന്നും പറഞ്ഞ അപകടകരമായ ഇടത്തൊക്കെ വലിഞ്ഞ് കയറാൻ പോകുന്ന ഹുസൈന് ഞാൻ വച്ചിട്ടുണ്ട്... ഇതെന്താ, കുട്ടിക്കളിയാന്നാ വിചാരിച്ചത്...?

      ബൈ ദി ബൈ, ചിത്രങ്ങളൊക്കെ മനോഹരം കേട്ടോ ഹുസൈൻ... മുബിയുടെ എഴുത്തിനെക്കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ...

      ആശംസകൾ...

      Delete
    2. കുട്ടിച്ചാത്തൻ ആള് ശരിയല്ല... എന്നെ മാത്രം നോട്ടമിട്ടതിന്റെ കാരണം എന്താണാവോ..!

      Delete
    3. അതാണ്‌ എനിക്കും മനസ്സിലാവാത്തെ...

      Delete
  4. ഹുസ്സൈൻ ചേട്ടാ,സാഹസികത കാണിക്കേണ്ട സ്ഥലമാണോ അത്‌??വായിച്ചിട്ട്‌ തന്നെ പേടിയാകുന്നു.

    മുബിച്ചേച്ചിയ്ക്കും ഹുസ്സൈൻ ചേട്ടനും മക്കൾക്കും പുതുവത്സരാശംസകൾ..(മക്കളുടെ പേരെന്താ).

    ReplyDelete
    Replies
    1. യാത്രകളില്‍ ഇങ്ങിനെയൊക്കെയാണ് സുധി... കുട്ടികള്‍ നബീല്‍ & യാസീന്‍. ഞങ്ങളുടെ എല്ലാവരുടെയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ സുധിക്കും കുടുംബത്തിനും. :)

      Delete
  5. ബിലാത്തിയിലും
    ഒരു ഹാലിഫാക്സുണ്ട്, ഈ പേരിൽ ഒരു ബാങ്കും...
    പക്ഷെ ഇത്ര മനോഹാരിതയും ,ഭംഗിയുമൊന്നുമില്ല കേട്ടോ

    ReplyDelete
    Replies
    1. ന്‍റെ മുരളിയേട്ടാ ഇങ്ങള് ആ ബാങ്കില്‍ കുറച്ചു പൈസ കൊണ്ടിട്ട് നോക്കിയേ... പിന്നെ അതിനോളം മൊഞ്ച് വേറെയൊന്നിനും ഉണ്ടാവൂല :) :)

      Delete
  6. പ്രകൃതിയെപ്പോലെ കടും കളർ പ്രിയർ ആണ് ജനങ്ങളും അല്ലേ?

    ReplyDelete
    Replies
    1. അതെ... പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ ഇതുപോലെയുള്ള നിറങ്ങളാണ് കണ്ടിട്ടുള്ളത്.

      Delete