All drama is a political event. It either reassures or undermines the code of conduct of a given society - Martin Esslin
കഥയറിയാത്തവര്‍ക്കും ആട്ടം കാണാമെന്നുള്ള തിരിച്ചറിവിലേയ്ക്ക് കാലത്തെ മാറ്റിയെടുക്കാന്‍ കഴിയുമ്പോഴുള്ള ആത്മവിശ്വാസത്തോടെയായിരുന്നു 'നേപഥ്യ' മൂഴിക്കുളം ഇക്കുറി കൂടിയാട്ടവുമായി അമേരിക്കന്‍ ഭൂഖണ്ഡം ചുറ്റിയത്. അമേരിക്കയിലെ നാലു സ്ഥലങ്ങളില്‍ വിജയകരമായി കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചതിനു ശേഷമാണ് യാത്രയിലെ അവസാനവേദിയായ കാനഡയിലെത്തിയത്. ടൊറോന്‍റോ സര്‍വ്വകലാശാലയുടെ മിസ്സിസ്സാഗ കാമ്പസിലെ മള്‍ട്ടിമീഡിയ തീയേറ്ററായിരുന്നു കൂത്തമ്പലം.
രാവുമുഴുവന്‍ നീണ്ടു നിന്നിരുന്ന പഴയ സ്ഥൂലമായ ദൃശ്യാവിഷ്ക്കാരങ്ങളില്‍ നിന്നു മാറി, തെരഞ്ഞെടുത്ത സൂക്ഷ്മമുഹൂര്‍ത്തങ്ങളായിരുന്നു പടിഞ്ഞാറന്‍ ലോകപര്യടനങ്ങള്‍ക്കിടയില്‍ മൂഴിക്കുളം നേപഥ്യ കൂടിയാട്ടവേദികളില്‍ പങ്കുവച്ചത്. സംസ്കൃതം പ്രേക്ഷകരില്‍ നിന്ന് അകന്നു പോകുന്ന ഒരു കാലത്ത് ഈ പുരാതന നാട്യകല അപ്രത്യക്ഷമാകാതിരിക്കാന്‍ കാണികളെ സജ്ജരാക്കിയെടുക്കാനുള്ള ഉത്തരവാദിത്തം അവതരണരീതികളില്‍ ആവിഷ്കരിച്ചിരു ന്നു. കഥ മുന്‍കൂറായി പറഞ്ഞുകൊടുത്താല്‍ പോലും സൂക്ഷ്മങ്ങളായ ദൃശ്യചാരുത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന ഒരു കാലമായിരുന്നു, മുമ്പൊക്കെ. അതിനു പരിഹാരമെന്നോണമായിരുന്നു പുതിയ അവതരണരീതി. കൂടിയാട്ടത്തിന്‍റെ പൊതുവേ ഗൗരവമായ സംവേദനഭാഷയുടെ അര്‍ത്ഥം തല്‍സമയം തന്നെ വ്യക്തമാക്കുന്ന വിശദീകരണങ്ങള്‍ (subtitles) വായിച്ചെടുക്കാന്‍ കഴിയുന്നതായിരുന്നു പുതിയ അവതരണം. സാമുവേല്‍ ബെക്കറ്റിന്‍റെ 'ഗോദോയെ കാത്ത്' എന്ന നാടകത്തിന്‍റെ രണ്ടാം ഭാഗമെന്നോണം മിനോറു ബെറ്റ്‌സുയാക്കു (Minoru Betsuyaku) തയ്യാറാക്കിയ 'ഗോദോ മടങ്ങിയെത്തി' (Godot Has Come) എന്ന ജാപ്പനീസ് നാടകത്തിലും ഈ അവതരണരീതി വിജയകരമായി പ്രയോഗിക്കപ്പെട്ടു എന്നു വായിച്ചിരുന്നു.
ഡോ. ഡേവിഡ് ഷുള്‍മാന്‍ |
കണ്ഠത്തില്‍ നിന്നുയരുന്ന ശബ്ദം (അത് പാട്ടാകാം, സംഭാഷണമാകാം), ഹസ്തമുദ്രകളിലൂടെ വിശദീകരിക്കപ്പെടുന്ന അര്‍ത്ഥം, കണ്ണുകളില്‍ നിന്നു പ്രസരിക്കുന്ന ഭാവം, കാലുകളൊരുക്കുന്ന താളം എന്നിവയുടെ സാമഞ്ജസ്യമാണ് രസാസ്വാദനത്തിന്‍റെ അടിസ്ഥാനം എന്നു പറഞ്ഞുകൊണ്ടാണ് ജെറൂസലം ഹീബ്രു സര്‍വ്വകലാശാലയിലെ ഭാഷാശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് ഷുള്‍മാന്‍ (Dr. David Shulman) ആമുഖമായി തുടങ്ങിവച്ചത്. നാട്യകലയിലെ കേശ-നയന-സ്തന-പാദങ്ങളുള്പ്പെടു ന്ന പഞ്ചാംഗങ്ങളെക്കുറിച്ചും, പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഏകാംഗനാട്യങ്ങള്‍ക്കൊടുവില്‍ പതിനൊന്നാമതായി അഭിജ്ഞാനശാകുന്തളം പോലെയുള്ള കഥകളവതരിപ്പിച്ചിരുന്ന ആട്ടപ്രകാരങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പറഞ്ഞുതന്നു. അതിപുരാതനനാടകസങ്കേതങ്ങളെക്കുറി ച്ച് സംസ്കൃതത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ ചേര്‍ത്ത് അദ്ദേഹം വിശദീകരിക്കുമ്പോള്‍ ഭാരതീയപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ആ ജൂതപണ്ഡിതന്‍റെ അദ്ധ്യാപനനൈപുണ്യം പ്രേക്ഷകര്‍ക്കിടയില്‍ അദ്ഭുതങ്ങളുടെ പൂക്കാലമായി വിരിഞ്ഞു നിന്നു. ആദ്യകാല സംസ്കൃതപ്രഹസനങ്ങളായ മത്തവിലാസം, ഭഗവദജ്ജുകം എന്നിവയിലൂടെ എട്ട്-ഒമ്പതു നൂറ്റാണ്ടുകളില്‍നിന്നു തുടങ്ങുന്ന സംസ്കൃതനാടകവളര്ച്ചയെക്കുറിച് ച് ഡോ.ഷുള്‍മാന്‍ വിവരിക്കുകയുണ്ടായി. മത്തവിലാസത് തിലെ ബൗദ്ധസാന്നിധ്യത്തേയും അംഗുലീയാങ്കത്തിലെ ഹനുമാന്‍റെ വിവരണങ്ങളേയുമെല്ലാം മുന്‍നിറുത്തി അദ്ദേഹം ലളിതമായി വിശദീകരിച്ചു. പിന്നീട് രംഗപാഠങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റങ്ങളുണ്ടായത് പതിനൊന്നാം നൂറ്റാണ്ടില്‍ കുലശേഖരനിലൂടെയാണ് .
ഇന്നു കാണുന്നതുപോലെയുള്ള രീതികളുടെ തുടക്കം പതിന്നാലാം നൂറ്റാണ്ടു മുതലാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ പോലും കേരളത്തിലും ഉത്തരഭാരതത്തിലും പ്രകടമായിരുന്ന സംസ്കൃതനാടകവേദിയെക്കുറിച്ചും, ഭരതമുനിയില്‍ തുടങ്ങി കുലശേഖരനിലൂടെ വികസിച്ചു വന്ന അഭിനയവഴികളെക്കുറിച്ചും അദ്ദേഹം ദീര്‍ഘമായി പ്രതിപാദിച്ചു. ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന സംസ്കൃതപണ്ഡിതരില്‍ അഗ്രഗണ്യനാണ് ഡോ. ഷുള്‍മാന്‍. ഏഴെട്ടു വര്‍ഷം മുമ്പ് ഒരു കൂടിയാട്ടവേദിയില്‍ കണ്ടുമുട്ടിയ അദ്ദേഹം ഇന്ന് പുരാതന സംസ്കൃതനാടകസങ്കേതങ്ങള്‍ക്ക് ആഗോളവേദികളൊരുക്കുന്നതില്‍ അഗ്രഗാമി തന്നെയാണ്. ലോകത്തിലെ പല സര്‍വ്വകലാശാലകളിലെ വിദ്വത്‌സദസ്സുകളിലും മറ്റു പൊതുവേദികളിലും ഭാരതീയ തനതുപുരാതനകലകള്‍ പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്‍റെ സംഭാവന അതിരറ്റതാണ്. കഴിഞ്ഞ ഒരു ദശകത്തിലധികമായി മൂഴിക്കുളം 'നേപഥ്യ'യുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്, അദ്ദേഹം.
ശാകുന്തളമായിരുന്നു ടൊറോന്‍റോയിലെ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ അവതരിപ്പിക്കപ്പെട്ടത്. ദുഷ്യന്തന്‍ നായാട്ടിനായി രഥമോടിച്ച് വനാന്തരത്തിലൂടെ പായുന്ന രംഗങ്ങള്‍ അര്‍ത്ഥോപക്ഷേപങ്ങള്‍ നിറച്ച് സൂച്യപ്രധാനമായ ദൃശ്യങ്ങളായി കാണികള്‍ക്കായി പങ്കുവച്ചു. കണ്വതപോവനത്തിലെ ശാന്തിയുടേയും സൗഹാര്‍ദ്ദത്തിന്‍റേയും പ്രതീകങ്ങള്‍ നാട്യധര്‍മ്മിയായ അഭിനയമുഹൂര്‍ത്തങ്ങളിലൂടെ കാണികളെ അതിശയിപ്പിച്ചു എന്നു തന്നെ പറയേണ്ടിവരും. വൃക്ഷസേചനം, ഭ്രമരബാധ എന്നിവ നാട്യന്യായമനുസരിച്ചു തന്നെ ഭംഗിയാക്കി പ്രേക്ഷകരിലേയ്ക്ക് പകര്‍ന്നു. ആശ്രമത്തിനു സമീപം കാട്ടുമൃഗങ്ങളെല്ലാം ഐക്യത്തോടെയാണു കഴിഞ്ഞിരുന്നത്. അതിനൊരു തെളിവായി, പെണ്‍പുലിയുടെ അകിട്ടില്‍ നിന്ന് ഇടിച്ചു പാല്‍ കുടിക്കുന്ന മാന്‍കുട്ടിയുടെ വിവരണമുണ്ട്. ദുഷ്യന്തന്‍റെ വേഷമിട്ട പ്രധാന നടനായ മാര്‍ഗ്ഗി മധു, അതീവ ചാരുതയോടെ നിമിഷങ്ങളോളം അത് വിശദീകരിച്ച് കാണികളുടെ കൈയ്യടി നേടി. സാത്വികാഭിനയത്തിലെ ചുണ്ടും കവിളും മാത്രം ചലിപ്പിച്ചുകൊണ്ടുള്ള ഈ അഭിനയരീതി ഹരം പിടിപ്പിക്കുന്ന ഒന്നായിരുന്നു. ഇതേ രീതിയില്‍ത്തന്നെയാണ്, തന്‍റെ മുഖത്തിനു ചുറ്റും പൂവാണെന്നു തെറ്റിദ്ധരിച്ച് ഒരു വണ്ട് കറങ്ങി നടന്നു ശല്യം ചെയ്യുന്നത് ശകുന്തളയെ അവതരിപ്പിച്ച ഡോ. ഇന്ദു, ജി യും അഭിനയിച്ചുകാണിച്ചത്. തപോവനത്തിന്‍റെ യാഗാഗ്നിയില്‍ പറന്നുവീഴുന്ന ശലഭങ്ങള്‍ ഒരു പരിക്കും കൂടാതെ തിരിച്ചു പറന്നുയരുന്നതും വിസ്മയമുയര്‍ത്തിയ മുഹൂര്‍ത്തമായിരുന്നു. തേരാളിയുടെ വേഷത്തില്‍ ചടുലമായ രസാഭിനയം കാണികള്‍ക്കായി പകര്‍ന്ന ഇരുത്തം വന്ന നടനെത്തേടി അണിയറയിലെത്തിയ ഞങ്ങള്‍ കാണുന്നത് ആ വേഷം അഴിച്ചുവയ്ക്കുന്ന പത്താം ക്ലാസ്സുകാരന്‍ ശ്രീഹരിയെയാണ്. പ്രധാനവേഷക്കാരായ മധു- ഇന്ദു ദമ്പതികളുടെ പുത്രനാണ് ശ്രീഹരി ചാക്യാര്‍.
ചതുര്‍വ്വിധാഭിനയങ്ങളില്‍ കൂടിയാട്ടത്തിന്‍റെ മുഖ്യഘടകം സാത്വികമാണ്. ഈ രസാഭിനയത്തിനു നീണ്ട കാലത്തെ സാധകം ആവശ്യമാണ്. മുഖത്തിന്‍റെ ഭാഗങ്ങളായ പുരികം, കണ്ണ്, കവിള്‍ത്തടം, ചുണ്ട്, താടി എന്നിവ ഇഷ്ടാനുസരണം ചലിപ്പിക്കാനുള്ള കഴിവാണ് ഇതില്‍ പ്രധാനമായും വേണ്ടത്. ''കഥകളിക്ക് കണ്ണു കൊടുത്തത് കൂടിയാട്ടമാണ്'' എന്നൊരു ചൊല്ലുണ്ട്. വാച്യാര്‍ത്ഥത്തിലും വ്യംഗ്യാര്‍ത്ഥത്തിലും അത് ശരിയാണെന്നു തന്നെ പറയേണ്ടി വരും. പണ്ടെന്നോ നടത്തിയ ഒരു ശാകുന്തളം കൂടിയാട്ടത്തില്‍ 'കൃഷ്ണസാരേ ദധച്ചക്ഷു:...' എന്ന ശ്ലോകം ചൊല്ലി ദ്രുതദൃഷ്ടിചലനം നടത്തിയ ഒരു ചാക്യാരുടെ കണ്ണുകള്‍ കേടായതിനാലാണ് കുറേക്കാലത്തേയ്ക്ക് ആ കഥ വേദികളില്‍ ആടാതിരുന്നത് എന്നൊരു വെടിവട്ടം പറഞ്ഞുകേട്ടത് ഓര്‍മ്മയിലെത്തി. വിദൂഷകസാന്നിദ്ധ്യമുള്ള കഥകള്‍ പ്രേക്ഷകര്‍ക്ക് പ്രിയംകരമായതിനാല്‍ ഇക്കഥ ഏതെങ്കിലും ചാക്യാര്‍ പറഞ്ഞുപരത്തിയതാവാനും വഴിയുണ്ട്. പത്ര-ദൃശ്യമാധ്യമങ് ങള് ഉണ്ടാവുന്നതിനു മുമ്പ് വിമര്‍ശനധര്‍മ്മം നിര്‍വ്വഹിച്ചിരുന്നത് പാഠകകര്‍ത്താക്കളും കൂത്തവതരിപ്പിച്ചിരുന്ന ചാക്യാന്മാരുമായിരുന്നല്ലോ. ഇത്തരം വേദികളില്‍ ഭരണകര്‍ത്താക്കളെപ്പോലും കണക്കിനു പരിഹസിച്ചിരുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്നു കണ്ടെടുക്കാന്‍ കഴിയും.
കൂത്തമ്പലത്തിനു പുറത്തേയ്ക്ക് ആദ്യമായി കൂത്തും കൂടിയാട്ടവും ഇറങ്ങുന്നത് 1949 ലാണ്. അതുവരെ നിലനിന്നിരുന്ന അനുഷ്ഠാനത്തി ല്‍ നിന്ന് ധൈര്യപൂര്‍വ്വം ആ മാറ്റം കുറിച്ചത് പൈങ്കുളം രാമച്ചാക്യാരാണ്. 1965 ല്‍ കലാമണ്ഡലത്തില്‍ കൂടിയാട്ടവിഭാഗം തുടങ്ങിയപ്പോള്‍ ആദ്യമായി ചാക്യാര്‍വിഭാഗത്തില്‍ പെടാത്തവര്‍ക്ക് പ്രവേശനമനുവദിച്ചതും ഇതിലെ വിപ്ലവകരമായ ഒരു മാറ്റമായിരുന്നു. കേരളീയമായിട്ടുള്ള അനുഷ്ഠാനരംഗകലകളില്‍ ആദ്യമായി സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കിട്ടിയതും കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലുമായിരുന്നു.
കൂടിയാട്ടത്തിന്‍റെ ഉല്പത്തി മുതല്‍ അതിന്‍റെ വികാസവഴികളിലുണ്ടായിട്ടുള്ള പരിണാമം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ആഗോളതലത്തില്‍ ഒരു പരിചയപ്പെടുത്തല്‍ എന്നതു മാത്രമായ രണ്ടോ മൂന്നോ മണിക്കൂറുകളിലാണ്. കഥകളിയില്‍ ഇപ്പോഴും കുറച്ചെങ്കിലുമൊക്കെ തന്മയത്വം നിലനിറുത്താന്‍ കഴിയുന്നുണ്ടെങ്കിലും അതും ഈ പരിണതിയിലേയ്ക്കെത്തില്ലേ എന്നൊരു സംശയം പലരിലുമുണ്ട്. കാലം പുരാണങ്ങളിലേയ്ക്ക് ചേര്‍ത്തുവയ്ക്കുന്നതോ ഹാസ്യാത്മകമായി പറഞ്ഞുപരത്തുന്നതോ ആയ പലതും പിന്നീട് കഥകളില്‍ ചേര്‍ത്തവതരിപ്പിക്കുന്നതായി കാണാറുണ്ട്. രാമായണത്തില്‍ വെറും കര്‍ണ്ണ-നാസികാഛേദനത്തിലൂടെ മാത്രം പോയ വാത്മീകിയില്‍ നിന്നു കമ്പരിലേക്കെത്തുമ്പോള്‍ അത് മുലക്കണ്ണുകളിലേക്കെത്തുന്നു. എഴുത്തച്ഛന്‍, പുനം എന്നിവരിലൂടെ കടന്ന് കഥകളിയിലെത്തുമ്പോള്‍ പൂര്‍ണ്ണമായ സ്തനഛേദനത്തിലൂടെ, സ്ത്രീസ്വാതന്ത്ര്യത്തിന്‍റേയും തുല്യതയുടേയും കാലത്തുള്ള വായനയില്‍ പഴയ ലക്ഷ്മണന്‍ പോലും ദുഷ്ടകഥാപാത്രമായി മാറുന്നുണ്ട്. പുരാണസൃഷ്ടികള്‍ക്ക് പുതുവായനകളുണ്ടാകുമ്പോള്‍ പൊതുസമ്മതി നഷ്ടപ്പെടുന്നതും അങ്ങനെയാണ്.
'നേത്രങ്ങള്‍ക്കു പഥ്യ'മായ അഭിനയത്തികവില്‍ മാര്‍ഗ്ഗി മധുവും, ഡോ. ഇന്ദു. ജി യും, ശ്രീഹരിയും തിളങ്ങിനില്‍ക്കുമ്പോള്‍ മിഴാവില്‍ ജിനേഷ് ചാക്യാരും കലാമണ്ഡലം മണികണ്ഠനും, ഇടയ്ക്കയില്‍ കലാനിലയം രാജനും അവിസ്മരണീയമായ താളക്കൂട്ടൊരുക്കി, നേപഥ്യയുടെ പേര് അന്വര്‍ത്ഥമാക്കി. കലാനിലയം രവികുമാറായിരുന്നു ചമയമൊരുക്കിയത്. ഉണ്മയുടെ കലയും (Art of being), ഉരുത്തിരിയലിന്‍റെ കലയും (Art of becoming) കൂടിയാടിയ ടൊറോന്‍റോ വേദി കാണികള്‍ക്കെല്ലാം അവിസ്മരണീയമായ ദൃശ്യവിരുന്നായിരുന്നു.
എഴുത്തുകാരനും, ഫോട്ടോഗ്രാഫറുമായ സുരേഷ് നെല്ലിക്കോടെഴുതിയ ലേഖനമാണ് ഇപ്രാവശ്യം എന്‍റെ ബ്ലോഗില്‍. ടോറോന്റോയിലെ വായനാരാമം കൂട്ടായ്മയുടെ സാരഥി കൂടിയാണ് ഇദ്ദേഹം. സുരേഷേട്ടന്‍റെ എഴുത്തിനൊപ്പം ഹുസൈന്‍റെ ചിത്രങ്ങളുമുണ്ട്. ഇതേ കുറിപ്പും ചിത്രങ്ങളും മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.. നന്ദി സുരേഷേട്ടാ, ദേശാന്തരത്തില്‍ ലേഖനം എഴുതിയതില്‍, നമ്മളല്ലാവരും ഒന്നിച്ചാണ് പരിപാടി കണ്ടെതെങ്കിലും ഇത്രയും ഗംഭീരമായി ഇതെഴുതാന്‍ എനിക്ക് കഴിയില്ല. സ്നേഹത്തോടെ പാത്തൂ.
ReplyDeleteഎഴുത്തുകാരന്‍, ഫൊട്ടോഗ്രഫര്‍, സാരഥി എന്നീ വാക്കുകള്‍ ഒഴിവാക്കി വായിക്കണം. പാത്തൂം ടീമോളും (ഇതിനു ഒത്തിരി അവകാശികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ Teams എന്ന് പിന്നീട് ചരിത്രത്തില്‍ തിരുത്തപ്പെട്ടിട്ടുണ്ട്) ആണ് വായനാരാമത്തിന്‍റെ സ്ഥാപകനേതാക്കള്‍. എനക്കതില്‍ വെറും വഴിപോക്കനാവുന്നതാ ഇശ്ട്ടം. കാരണം, ആ ടീമോള്‍ ഈ നിമിഷം വരെ വലിയ കൊയപ്പം ഒന്നൂല്ലാണ്ട് കൊണ്ടോണൊണ്ടേ!
Deleteപിന്നെ, ഇതിനകത്ത് കയറിക്കൂട്യേല് പെരുത്ത് സന്തോശം ഉണ്ട്. നന്ദികള്‍ തോനെ.
'രാവുമുഴുവന്‍ നീണ്ടു നിന്നിരുന്ന
ReplyDeleteപഴയ സ്ഥൂലമായ ദൃശ്യാവിഷ്ക്കാരങ്ങളില്‍
നിന്നു മാറി, തെരഞ്ഞെടുത്ത സൂക്ഷ്മമുഹൂര്‍ത്തങ്ങളായിരുന്നു
പടിഞ്ഞാറന്‍ ലോകപര്യടനങ്ങള്‍ക്കിടയില്‍ മൂഴിക്കുളം നേപഥ്യ
കൂടിയാട്ടവേദികളില്‍ പങ്കുവച്ചത്. സംസ്കൃതം പ്രേക്ഷകരില്‍ നിന്ന്
അകന്നു പോകുന്ന ഒരു കാലത്ത് ഈ പുരാതന നാട്യകല അപ്രത്യക്ഷ
മാകാതിരിക്കാന്‍ കാണികളെ സജ്ജരാക്കിയെടുക്കാനുള്ള ഉത്തരവാദിത്തം
അവതരണരീതികളില്‍ ആവിഷ്കരിച്ചിരുന്നു. കഥ മുന്‍കൂറായി പറഞ്ഞുകൊടുത്താല്‍
പോലും സൂക്ഷ്മങ്ങളായ ദൃശ്യചാരുത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന
ഒരു കാലമായിരുന്നു, മുമ്പൊക്കെ. അതിനു പരിഹാരമെന്നോണമായിരുന്നു പുതിയ അവതരണരീതി. കൂടിയാട്ടത്തിന്‍റെ പൊതുവേ ഗൗരവമായ സംവേദനഭാഷയുടെ
അര്‍ത്ഥം തല്‍സമയം തന്നെ വ്യക്തമാക്കുന്ന വിശദീകരണങ്ങള്‍ (subtitles) വായിച്ചെടുക്കാന്‍ കഴിയുന്നതായിരുന്നു പുതിയ അവതരണം.'
എന്തായാലും സുരേഷ് ഭായിയെ മുബിയുടെ
ബ്ലോഗിലൂടെ ബൂലോഗർക്ക് പരിചയപ്പെടുത്തിയത്തിൽ
സന്തോഷം .
അദ്ദേഹം നമ്മുടെ പുരാതന രംഗകലയായ കൂത്തിനെയും
അതിന്റെ കുറച്ച് ചരിത്രങ്ങളെയും വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു ..
നന്ദി, മുരളീ. സ്നേഹം!
Deleteമുബിച്ചേച്ചീ!!!!
ReplyDeleteഎന്നാ ഗംഭീരൻ ഭാഷ എന്ന് പറഞ്ഞു തുടങ്ങാമെന്ന് കരുതി വായന അവസാനത്തിലെത്തുമ്പോൾ ദാ വേറൊരാൾ!...
ക്ഷേത്രകലകളേക്കുറിച്ച് അഭിപ്രായം പറയാൻ അറിവില്ലെങ്കിലും ഇത്തവണത്തെ ഉത്സവകാലത്ത് കൂടിയാട്ടം ആസ്വദിച്ചാസ്വദിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
:-)വായനക്കാരുടെ ഓരോ വാക്കും എനിക്കു പ്രധാനമാണ്, സുധീ. വായിച്ചിട്ട് ഒന്നും മിണ്ടാതെ പോകുന്നവരേക്കാള്‍ അവര്‍ക്കീ കളിയില്‍ ഒരു റോളുണ്ട്. അതിനു പകരം കൊടുക്കാന്‍ എന്‍റെ ഒരു നന്ദി വാക്കു മാത്രമേയുള്ളു!
Deleteപുലിയാണ് സുധി... നിനക്കറിയാഞ്ഞിട്ടാണ്!!
Deleteമുബിച്ചേച്ചീ,
Deleteസുരേഷേട്ടന്റെ ബ്ലോഗിൽ ലാസ്റ്റ് പോസ്റ്റ് ഇട്ട അന്ന് തന്നെ പോയിരുന്നു.ചേട്ടനത് ശ്രദ്ധിച്ച് കാണത്തില്ല.
മുബീ, സന്തോഷമുണ്ട് ഇത് വായിക്കുമ്പോൾ. ജന്മനാട്ടിൽ പലവിധ ജാതിമതവർഗ്ഗരാഷ്ട്രീയമായ സങ്കുചിത ചിന്തകളാൽ ചുറ്റിവരിയപ്പെട്ട് അപഹാസ്യമാക്കപ്പെടുന്ന നമ്മുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാണങ്ങളെയും ക്ഷേത്രകലകളേയും അന്യനാടുകളും നാട്ടുകാരും ആദരപൂർവ്വം കൊണ്ടാടുന്നത് കാണുമ്പോൾ. സുരേഷ് നെല്ലിക്കോടിൻറെ ലേഖനം വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. ഇത് പങ്കവച്ചതിന് മുബിയ്ക്ക് നന്ദി.
ReplyDeleteഇതുപോലെ ദുബായിൽ വർഷം തോറും വളരെ ഗംഭീരമായി നടത്തിവരുന്ന പരിപാടികളാണ് തിരനോട്ടം, ഭരതം എന്നിവ. ഏറ്റവും പ്രശസ്തരായ കഥകളി ആചാര്യന്മാരടക്കം കഴിവുറ്റ നടന്മാരുടെ അഭിനയത്തികവ് കൊണ്ട് കാണികളെ ആനന്ദത്തിൽ ആഴ്ത്തുന്ന ദിവസങ്ങളാണവ. കഥകളി, കൂടിയാട്ടം, തായമ്പക എന്നിവയാണ് പ്രധാന ഇനങ്ങൾ. കഥകളിയുടെ ബാലപാഠം അറിയാത്തവർക്ക് പോലും ഉതകുന്ന തരത്തിൽ പദങ്ങളുടെ അർത്ഥം ഒരു വശത്ത് എഴുതിപ്പോകുന്നുണ്ടാകും. ഞാൻ കഥകളിയുടെ ബാലപാഠങ്ങൾ പഠിച്ചതും ഈ കലയെ സ്നേഹിച്ച്തുടങ്ങിയതും കേരളത്തിൽ ജീവിച്ച കാലത്തല്ല, ദുബായിലെ തിരനോട്ടം പരിപാടി കാണാൻ തുടങ്ങിയത് മുതൽക്കാണ്. വർഷത്തിൽ ഒരിക്കൽ ഈ ദിവസങ്ങൾക്കായി കാത്തിരിക്കുന്ന ഒരുപാട് മലയാളികളുണ്ടിവിടെ. ഇക്കഴിഞ്ഞ നവംബർ ഡിസംബർ മാസങ്ങളിൽ നടന്ന തിരനോട്ടത്തിൽ ദുര്യോധനവധവും സന്താനഗോപാലവും തകർത്താടി. സദനം കൃഷ്ണൻകുട്ടിയുടെ രൗദ്രഭീമനും, കലാമണ്ഡലം കേശവൻ നമ്പൂതിരിയുടെ ബ്രാഹ്മണനും(സന്താനഗോപാലം) മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. കടുത്ത നിയമങ്ങൾ നിലനിൽക്കുമ്പോൾ തന്നെ യു എ ഇ യിലെ ഗവൺമെൻറ് ഇത്തരം കലാപ്രവർത്തനങ്ങൾക്കെല്ലാം നൽകുന്ന പ്രോത്സാഹനം എടുത്തുപറയേണ്ടതാണ്. ഇവിടെ കലയുടെ പേരിൽ വിവാദങ്ങളില്ല. കലയെ കലാപമാക്കാതിരിക്കാനുള്ള വകതിരിവ് ഇവിടുത്തെ ജനങ്ങൾക്കും സർക്കാരിനും ഉണ്ട്. മുബിയ്ക്കും സുരേഷിനും പുതുവത്സരാശംസകൾ.
വായിച്ചതിനുള്ള നന്ദിയോടൊപ്പം പുതുവത്സരാശംസകള്‍, ഗിരിജ. തിരനോട്ടത്തിന്‍റെ അബുദാബിയിലെ ആദ്യകാല പരിപാടികളില്‍ ചിലത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ReplyDeleteഈ ചിത്രങ്ങളും മറ്റും കണ്ടപ്പോൾ മുബി നാട്ടിലെത്തി യാത്രകൾ തുടങ്ങിയോ എന്നൊന്നു സംശയിച്ചാണ് വായന തുടങ്ങിവച്ചത്. വളരെ നല്ല ലേഖനം . വളരെ ഹൃദ്യമായ ശൈലിയിലുള്ള അവതരണം . ലേഖകന് അഭിനന്ദനങ്ങൾ.
ReplyDeleteനമ്മുടെ ഈ കലാരൂപങ്ങളൊക്കെ അന്യനാടുകളിൽ ആദരിക്കപ്പെടുന്നു എന്നറിയുമ്പോൾ തന്നെ അതീവസന്തോഷം തോന്നുന്നു . പണ്ടൊക്കെ ക്ഷേത്രങ്ങളിലും മറ്റും ഉത്സവകാലങ്ങളിൽ ഇത്തരം കലാരൂപങ്ങൾ അവതരിപ്പിച്ചിരുന്നത് അടുത്തകാലങ്ങളിലായി പാടേ നിന്നുപോയിരുന്നു. ഇപ്പോൾ വീണ്ടും കുറേശ്ശെയായി പഴയ കലാരൂപങ്ങൾ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട് .
ഈ ലേഖനം ഇവിടെ വായനയ്ക്കായി പങ്കുവച്ചതിൽ സന്തോഷം മുബീ... ചിത്രങ്ങളും മനോഹരമായിരിക്കുന്നു.
ആശംസകളോടെ..
നന്ദി, ഗീത!
Deleteഗിരിജ & ഗീത, സ്നേഹം... സന്തോഷം :)
Deleteഇത്തവണ മുബി വളരെ ഗഹനമായ വിഷയത്തിലാണല്ലോ കൈ വച്ചിരിക്കുന്നത് എന്ന് ഓർക്കുകയായിരുന്നു വായന തുടരവെ... അവസാനം എത്തിയപ്പോഴല്ലേ നെല്ലിക്കോടിന്റെ രചനയാണെന്ന് മനസ്സിലായത്... ഈ പരിചയപ്പെടുത്തലിൽ വളരെ സന്തോഷം മുബീ... ഒപ്പം നെല്ലിക്കോടിന് ഒത്തിരി ആശംസകളും...
ReplyDeleteവിനുവേട്ടന് സുരേഷേട്ടന്‍റെ സ്നേഹം. (എനക്കൊരു ഉപകാരം ചെയ്യുമ്പോ ഓള്‌ക്കിപ്പോ എന്താ കൊടുക്ക്വാ....ന്നു കരുതി വെഷമിച്ചപ്പോ, ഇതിരിക്കട്ടെ എന്നോര്‍ത്തു. ഉപകാരങ്ങള്‍ക്ക് കൃത്യമായി നമ്മള്‍ നന്ദി പറയേണ്ട കാലമല്ലേ!)
Deleteകുട്ടിച്ചാത്തനെയൊക്കെ ഓടിച്ച് വിട്ട് നിന്‍റെ ബ്ലോഗ് ഞാന്‍ ശരിക്ക് നോക്കിക്കോളാന്ന് പറഞ്ഞതോണ്ട് ഏല്‍പ്പിച്ചു കൊടുത്തതാണ് വിനുവേട്ടാ...
Deleteസന്തോഷം നെല്ലിക്കോടേ...
Deleteനെല്ലിക്കോടിന് സെക്യൂരിറ്റി ജോലി കൊടുത്തു അല്ലേ മുബീ... കൊള്ളാം... :)
സുധി പറഞ്ഞപോലെ ഈ കൂടിയാട്ടത്തെക്കുറിച്ച് മുബി ഇത്രയും വലിയ പഠനങ്ങൾ നടത്തിയോ എന്ന് സംശയിച്ചു.അവസാനമാണ് സുരേഷ് നെല്ലിക്കോടിനെ കാണുന്നത്.
ReplyDelete:) :) :)
Delete