Hussain Chirathodi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Hussain Chirathodi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 മാർച്ച് 21, ശനിയാഴ്‌ച

എൽ കലാഫാറ്റെയിലെ നീല പളുങ്ക് കൊട്ടാരം

Dec 10, 2025

ഇന്ന് ചിലിയൻ അതിർത്തി കടന്ന് അർജന്റീനയിലേക്കാണ് ഞങ്ങളുടെ യാത്ര. അതിരാവിലെ പുറപ്പെടുന്നതിനാൽ ഹോട്ടലിൽ നിന്ന് പ്രഭാതഭക്ഷണം പൊതിഞ്ഞു തന്നിരുന്നു. അതിർത്തിയിൽ പഴവർഗ്ഗങ്ങൾക്ക് വിലക്കുള്ളതിനാൽ ഭക്ഷണ പൊതിയിലെ ആപ്പിളും പഴവും റൂമിൽ ഉപേക്ഷിച്ച് റോഡിലേക്കിറങ്ങി. നഗരം ഉറക്കം വിട്ടുണർന്നിട്ടില്ല. വഴിയിൽ കിടന്നുറങ്ങുന്ന തെരുവ്‌ നായ്ക്കൾ മൂരി നിവർത്തി നടന്നു പോകുന്നവരെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങൾ അടുത്തെത്തിയപ്പോൾ രണ്ടുപേർ എൻ്റെ പിറകെ കൂടിയത് ബാക്ക് പാക്കിലുള്ള ഭക്ഷണപൊതികൾ മണത്തിട്ടാവും. വെറുതെ പിന്നാലെ നടക്കണ്ട, ൻ്റെടുത്ത് പൊരിച്ച കോഴിയൊന്നുല്ല്യ രണ്ടു പച്ചക്കറി സാൻഡ് വിച്ച്‌ മാത്രേയുള്ളൂന്നൊക്കെ പറഞ്ഞെങ്കിലും അവർക്ക് വിശ്വാസമായില്ലെന്ന് തോന്നുന്നു. തലേന്ന് ഞാൻ ഇവരുടെ കാര്യം ഹോട്ടലിലെ ജീവനക്കാരോട് അന്വേഷിച്ചിരുന്നു. ഭയം വേണ്ട ജാഗ്രത മതിയെന്നും  സൗഹൃദപരമായ സമീപനമാണെന്നും കേട്ടതിനാൽ കൂടെ വരുന്നവരോട് മിണ്ടിയും പറഞ്ഞും ഞാൻ നടന്നു. കഥ പറയാൻ നിൽക്കാതെ ബ്രേക്ക് ഫാസ്റ്റ് തന്നിട്ട് പോകൂ എന്നൊരു ധ്വനി അവരുടെ മുരളലിൽ ഇല്ലാതിരുന്നില്ല!

Canva Design /Pics: Hussain Chirathodi 

കൃത്യം 6.30ന് ബസ് വന്നതും കാത്തുനിന്നവരെ ടിക്കറ്റ് നോക്കി തിട്ടപ്പെടുത്തി അതിനുള്ളിലേക്ക് കയറ്റിയതും ക്ഷണനേരം കൊണ്ട് കഴിഞ്ഞു. 8.00 മണിക്ക് ചിലിയൻ അതിർത്തി കടക്കണം, നേരം വൈകിയാൽ അതിർത്തിയിലെ തിരക്ക് കൂടുമെന്നൊക്കെ ശ്വാസം വിടാതെ ബസ്സിലെ ചേട്ടൻ സ്പാനിഷിൽ പറഞ്ഞത് പിടികിട്ടി. പറഞ്ഞ സമയത്തിന് മുമ്പ് തന്നെ ഞങ്ങൾ അതിർത്തിയിലെത്തി. ചിലിയൻ  ഇമിഗ്രേഷൻ ഓഫീസ് തുറന്നിട്ടില്ലെന്ന് കാവലിരിക്കുന്ന രണ്ട് പൂച്ചകളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. ഓഫീസ് തുറന്നപ്പോൾ ബസ്സ് ഡ്രൈവർ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ സഹായിച്ചതിനാൽ പത്ത് മിനിറ്റുനുള്ളിൽ ഞങ്ങൾ അതിർത്തി കടന്നു. ഒന്നൊന്നര മണിക്കൂർ നോമാൻസ് ലാൻഡിലൂടെ സഞ്ചരിച്ച് ഞങ്ങൾ അർജന്റീനയുടെ അതിർത്തിയിലെ സാന്റാ ക്രൂസ് പ്രവിശ്യയിലെത്തി. യൂണിഫോർമിട്ട പട്ടാള ഓഫീസർ കാവൽ നിൽക്കുന്ന ഒരു കുഞ്ഞു ഓഫീസിലേക്ക് ഞങ്ങൾ കയറി. പാസ്പോര്ട്ട് സ്കാൻ ചെയ്‌തു തിരികെ നൽകി "ക്ലിയർ ടു ഗോ" എന്ന് കേട്ടതും ഓടി പുറത്തിറങ്ങി. 

Pic: Photomanz/Hussain Chirathodi 

അർജന്റീനിയൻപാറ്റഗോണിയയുടെ കവാടമെന്നറിയപ്പെടുന്ന എൽ കാലാഫാറ്റെ യിലേക്കാണ് ഞങ്ങൾ പോകുന്നത്. സാന്താക്രൂസ് പ്രവിശ്യയിലെ 'ലാഗോ അർജന്റിനോ' തടാക തീരത്തുള്ള ഈ ചെറിയ പട്ടണത്തിന് വിനോദസഞ്ചാരമേഖലയിൽ ഇമ്മിണി വലിയ സ്ഥാനമുണ്ട്. എന്താണെന്നൊക്കെ വഴിയെ മനസ്സിലാവും. പ്രശസ്തമായ പെരിറ്റോ മൊറേനോ ഗ്ലേസിയർ (Perito Moreno Glacier) സന്ദർശിക്കാനുള്ള പ്രധാന താവളം എൽ കാലാഫാറ്റെയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 'ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്കിൻ്റെ' ഭാഗമാണിത്. അതെ, ഞങ്ങൾ മൊറേനോ ഗ്ലേസിയർ കാണാനാണ് അതിർത്തി കടന്ന് മെസ്സിയുടെ നാട്ടിലെത്തിയത്. 

എൽ കാലാഫാറ്റെ പട്ടണത്തിലെത്തിയപ്പോൾ സിൽവിയ ബസ്സിൽ കയറി. അവരാണ് ഇനി ഞങ്ങളുടെ ഗൈഡ്. 'കാലാഫാറ്റെ' എന്നത് ഈ പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന മഞ്ഞപ്പൂക്കളുള്ള ചെടിയുടെ പേരാണ്. ഇതിലുണ്ടാവുന്ന ബെറി കഴിക്കുന്നവർ തീർച്ചയായും പാറ്റഗോണിയയിലേക്ക് മടങ്ങിവരുമെന്നാണ് പ്രാദേശിക വിശ്വാസം സിൽവിയ ബെറി കഥ പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്. അർജന്റീനയുടെ വിനോദസഞ്ചാര വരുമാനത്തിൻ്റെ പ്രധാന ആധാരം ഈ ചെറുപട്ടണമാണെന്ന സിൽവിയയുടെ വാദം ശരിവെക്കുന്നതായിരുന്നു പുറത്തെ കാഴ്ചകൾ. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സുകളിൽ ഒന്നായ 'സൗത്ത് പാറ്റഗോണിയൻ ഐസ് ഫീൽഡ്' ഇവിടെയാണെന്ന് പഠിച്ചത് മറന്നിട്ടില്ല. കൂറ്റൻ മഞ്ഞുമലകളും, നീലനിറത്തിലുള്ള തടാകങ്ങളും, അറ്റം കാണാത്ത പുൽമേടുകളും ചേർന്ന് അപൂർവ്വമായ പ്രകൃതിഭംഗിയാൽ സമ്പന്നമായ ഈ പ്രദേശം ആഗോളതാപന പഠനങ്ങൾ നടക്കുന്ന പ്രധാന കേന്ദ്രം കൂടിയാണ്.

Pic: Photomanz / Hussain Chirathodi 

എൽ കാലാഫാറ്റെയിലൂടെ ബസ്സ് നീങ്ങുമ്പോൾ സിൽവിയയുടെ കഥകൾ കേട്ടുകൊണ്ട് ഞാൻ പുറംകാഴ്ചകൾ കാണുകയായിരുന്നു. തടിയിൽ തീർത്ത വീടുകളും പൂത്തുനിൽക്കുന്ന പനിനീർച്ചെടികളും നിറഞ്ഞ തെരുവുകളിലൂടെ സഞ്ചാരികൾ തിരക്കിട്ടു നീങ്ങുന്നു. ചിലരാകട്ടെ അർജന്റീനിയൻ പാനീയമായ മാറ്റെയും കുടിച്ചിരിക്കുന്നു. മെസ്സിയുടെ കൈയിലിത് കണ്ട് നമുക്കും പരിചയമാണല്ലോ. യെർബ മാറ്റെ ചെടിയുടെ ഇലകൾ ഉപയോഗിച്ചുണ്ടാക്കുന്ന ആ ചായയും അത് കുടിക്കുന്ന  പാത്രവും അരിപ്പ പോലെയുള്ള സ്ട്രോയ്ക്കും പ്രത്യേകതകളുണ്ട്. ആട്ടിറച്ചി ചുടുന്ന ഗന്ധം വായുവിൽ പടർന്നത് മൂക്കിലടിച്ചപ്പോൾ വിശപ്പ് പതിയെ തലപൊക്കാൻ തുടങ്ങി. രാവിലെ കൂടെ നടന്നവർക്കും ഇതു തന്നെയായിരുന്നു പ്രശ്നം. നാഷണൽ പാർക്കിലെ ഒഫീഷ്യൽ ഗൈഡാണ് സിൽവിയ. പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ പരിശോധിച്ചു അവർ അവിടെ പാലിക്കേണ്ട പ്രധാന  നിയമങ്ങൾ ഞങ്ങളെ ഓർമ്മപ്പെടുത്തി.  

ചിലിയുടെ അതിർത്തിയോട് ചേർന്ന് തെക്കൻ അർജന്റീനയിലാണ് പെരിറ്റോ മോറെനോ ദേശീയോദ്യാനം 489.69ചതുരശ്രമൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നത്. ഈ പ്രദേശം പര്യവേഷണം ചെയ്ത ഫ്രാൻസിസ്കോ മോറെനയോടുള്ള ബഹുമാനാർത്ഥമാണ് ദേശീയോദ്യാനത്തിന് അദ്ദേഹത്തിൻ്റെ പേര് നൽകിയിരിക്കുന്നത്. ഫ്രാൻസിസ്കോ മോറെനയെ അടക്കിയ ദ്വീപിനടുത്തൂടെ കടന്നു പോകുമ്പോൾ ആദരസൂചകമായി കപ്പലുകൾ മൂന്ന് വട്ടം സൈറൺ മുഴക്കാറുണ്ടെന്ന് മ്യുസിയത്തിൽ വായിച്ചതോർക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 2,952.8 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിലല്ല ലോകപ്രശസ്തമായ പെരിറ്റോ മോറെനോ ഗ്ലേസിയർ. മറിച്ച് ഇതിനോട് ചേർന്നുള്ള ലോസ് ഗ്ലേസിയർസ് നാഷണൽ പാർക്കിലാണ് (Los Glaciares National Park). എവിടെയായാലും വേണ്ടില്ല നമുക്കൊന്ന് കണ്ടാൽ മതിയെന്ന് മനസ്സിൽ പറഞ്ഞ് ഞാൻ ദൂരെ പിന്നിലേക്ക് ഓടി മറയുന്ന മഞ്ഞുമലകളെയും  നോക്കി അക്ഷമയോടെയിരുന്നു.

Pic: Photomanz /Hussain Chirathodi 

ദേശീയോദ്യാനത്തിൻ്റെ 30%ത്തോളം ഭാഗം മഞ്ഞുമലകളാണ്. ഇവിടെ നിന്നാണ് 47 വലിയ ഹിമാനികൾ ഉത്ഭവിക്കുന്നത്. അതിലെ പതിമൂന്നെണ്ണം കിഴക്കോട്ട് തിരിഞ്ഞ് അറ്റ്ലാന്റിക് സമുദ്രത്തിലേക്കാണത്രെ ഒഴുകുന്നത്. തെക്കേതാ വടക്കേതാന്നറിയാത്ത ൻ്റെ കാര്യമെന്താവോ എന്തോ! മഗല്ലാനിക് സബ്പോളാർ വനങ്ങളുടെയും പാറ്റഗോണിയൻ സ്റ്റെപ്പിന്റെയും ജൈവവൈവിധ്യമാണ് ലോസ് ഗ്ലേഷ്യേഴ്സ് നാഷണൽ പാർക്കിലേത്. ശാന്തസമുദ്രത്തിൽ നിന്നുള്ള ഈർപ്പം പർവതനിരയുടെ മറുവശത്തേക്ക് എത്തുന്നത് തടയുന്ന ആൻഡീസ് പർവതനിരകൾ കാരണമാണ് വരണ്ട പാറ്റഗോണിയൻ സ്റ്റെപ്പുകൾ രൂപപ്പെടുന്നത്. പ്രകൃതി  ഓരോരുത്തർക്കും എത്ര കൃത്യമായിട്ടാണ് പണികൾ വീതിച്ചു കൊടുത്തിരിക്കുന്നത്! 

എൽ കാലാഫാറ്റെയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണ് ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്. ഹിമാനികളുടെ സ്വഭാവം ശാസ്ത്രീയമായി പഠിക്കാനൊരു അത്യാധുനിക സൗകര്യമുള്ള മ്യുസിയം ഇവിടെയുണ്ട്. ലോകത്തിലെ ഭൂരിഭാഗം ഗ്ലേസിയറുകളും ഉരുകി നശിച്ചുകൊണ്ടിരിക്കുമ്പോൾ വലിപ്പം കുറയാതെ നിലനിൽക്കുന്ന ഒന്നാണത്രെ പെരിറ്റോ മൊറേനോ ഗ്ലേസിയർ. “ഐ ആം എ കോംപ്ലാൻ ഗ്ലേസിയർ” എന്നും പറഞ്ഞു ഒരിക്കലിത് വളർന്നു വലുതാകുമായിരിക്കും. ഞങ്ങൾ പാർക്കിനുള്ളിൽ എത്തിയപ്പോൾ ഉച്ചഭക്ഷണത്തിന് സമയമായിരുന്നു. ബാക്ക്പാക്കുകളും ട്രക്കിങ്ങ് പോളുകളും സഞ്ചാരികളേക്കാൾ ഉച്ചത്തിൽ കഥപറയുന്നൊരിടമായാണ്  അവിടെ ആകെയുള്ളൊരു ഭക്ഷണശാലയിലേക്ക് കയറിയപ്പോൾ തോന്നിയത്.   

Pic: Photomanz / Hussain Chirathodi 

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്ലേസിയറിൻ്റെ  മുൻഭാഗം കാണുന്നതിനായി കിലോമീറ്ററുകളോളം നീളുന്ന നടപ്പാതകളിലൂടെ നടക്കാമെന്ന തീരുമാനത്തിലെത്തി. നടപ്പാതകൾ ഇരുമ്പു കമ്പികളും വലിയ ആണികളും മറ്റും ഉപയോഗിച്ച് പരമാവധി ഉറപ്പിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. കാറ്റിനെ പ്രതിരോധിക്കാനുള്ളതാണെന്ന് വ്യക്തമായിരുന്നു. മരങ്ങൾ പൊട്ടിവീഴാനുള്ള സാധ്യത കൂടുതലായതിനാൽ സഞ്ചാരികൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ബോർഡുകൾ വഴിനീളെയുണ്ട്. ഒരു കിലോമീറ്റർ ദൂരെ നിന്ന് മഞ്ഞുമലയെ വിവിധ കോണുകളിലൂടെ ആസ്വദിക്കാനാവുന്ന വിധത്തിലാണ് ഇതിൻ്റെ സജ്ജീകരണം. ഫോട്ടോഗ്രാഫർമാരുടെ ഒരു പട തന്നെയുണ്ട് ഓരോ കോണിലും! ഇവരുടെ ഇടയിൽ കയറിയ ഹുസൈനെ അവിടെ വിട്ട് ഞാൻ മുന്നോട്ട് നടന്നു. ഏകദേശം 250 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ഹിമാനിക്ക് 70 മീറ്ററിലധികം ഉയരമുണ്ട്. സൂര്യപ്രകാശം മഞ്ഞുപാളികളിൽ തട്ടി പ്രതിഫലിക്കുന്ന നീലനിറം ആകാശനീലിമയോട് ഒരു മത്സരത്തിന് ഒരുങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. ഈ സൗന്ദര്യ മത്സരത്തിൽ ആരായിരിക്കും വിജയിക്കുക? തണുത്ത കാറ്റും പ്രകൃതിയുടെ നിശബ്ദതയും ആ മഞ്ഞുപാളികളുടെ ഗാംഭീര്യവും ചേർന്ന് തീർക്കുന്നതൊരു മായിക ലോകം തന്നെയാണ്. 

കൂറ്റൻ മഞ്ഞുഭിത്തികളെ തൊട്ടടുത്ത് കാണാനായി തടാകത്തിലൂടെ ബോട്ടിൽ പോകാനുള്ള സൗകര്യമുണ്ട്. ഇത്രേടം വന്നതല്ലേ രണ്ടുമണിക്കുള്ള ബോട്ട് യാത്രയ്ക്ക് ഞങ്ങളുണ്ടാവുമെന്ന് സിൽവിയയോട് പറഞ്ഞിരുന്നതിനാൽ നടത്തമവസാനിപ്പിച്ച് ബോട്ട് ജെട്ടിയിലേക്കു പോയി. ശക്തിമാനായ കാറ്റിനോട് മുട്ടാൻ പേടിച്ച് എനിക്കീ ബോട്ട് യാത്രയോടൊരു താല്പര്യ കുറവുണ്ടായിരുന്നു. ബോട്ടിൻ്റെ ഡെക്കിലേക്കൊന്നും കയറാതെ ഉള്ളിൽ തന്നെയിരിക്കുമെന്നൊക്കെ പ്രതിജ്ഞയെടുത്തിട്ടാണ് അതിലേക്കു കാലെടുത്ത് വെച്ചതെങ്കിലും ബോട്ട് പുറപ്പെട്ടപ്പോൾ ശപഥമൊക്കെ കാറ്റിൽ പറത്തി ഞാനും ഡെക്കിലെത്തി. ഫോട്ടോഗ്രാഫർ ഹുസൈൻ ആദ്യമേ അവിടെയെത്തിയിരുന്നു. കൈകൂപ്പി പ്രാർത്ഥനയിലെന്ന പോലെ നിൽക്കുന്ന ഈ മഞ്ഞുമലകളുടെ വലിപ്പം അപ്പോഴാണ് ശരിക്കും കാണാനായത്! അതിനിടയിൽ ഇടയ്ക്കിടെ ഇടിമുഴക്കം കേട്ടപ്പോൾ മഴ പെയ്യുമെന്നുറപ്പിച്ച്‌  ഞാൻ വീണ്ടും ആ നീലിമയിലേക്ക് ശ്രദ്ധ തിരിച്ചു. 

Pic: Unknown Co-Traveller 

ബോട്ടിലെ അർജന്റീന പതാകയും മഞ്ഞുമലയും ചേർത്ത് ഞങ്ങളുടെ ചിത്രമെടുത്ത് തന്നത് ഫ്രാൻ‌സിൽ നിന്നുള്ള സഞ്ചാരികളാണ്. ഫ്രഞ്ച് ഭാഷയിലെ കുശലാന്വേഷണങ്ങൾ അവസാനിപ്പിച്ച് ഹുസൈൻ മക്കളെക്കായി വീഡിയോ എടുക്കുമ്പോഴാണ് വലിയൊരു മുഴക്കം കേട്ടതും തുടർന്ന് മഞ്ഞുമലയിലെ ഒരുഭാഗം താഴേക്ക് പതിക്കുന്നതും കണ്ടത്! വെള്ളത്തിലേക്ക് വീണതിനേക്കാൾ വലുതൊന്ന് അടിയിൽ നിന്ന് മുകളിലേക്ക് പൊങ്ങുന്നതും കണ്ടു. ഇതിൻ്റെ പ്രകമ്പനത്തിൽ ബോട്ടൊന്നുലഞ്ഞു. ഡെക്കിൽ നിന്നവർ ആർത്തുവിളിക്കാൻ തുടങ്ങി. ആ അനുഭവം വിവരണാതീതതമാണ്. ഇതോടെ മുകളിൽ കയറിയ ആവേശം ചുരുട്ടി മടക്കി ഞാൻ ബോട്ടിനുള്ളിലേക്ക് പാഞ്ഞിറങ്ങി. 


കുറച്ചു നേരം പതിയെ നീങ്ങി ബോട്ട് തിരികെ കരയിലേക്ക് തിരിച്ചു. അവിടെ സിൽവിയ ഞങ്ങളെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരോടു യാത്ര പറഞ്ഞു ചിലിയിലേക്കുള്ള മടക്കയാത്രയ്ക്കായി ബസ്സിലേക്ക് കയറി. ബസ്സ് അതിർത്തി ലക്ഷ്യമാക്കി പാഞ്ഞു തുടങ്ങി. രണ്ടതിർത്തികളിലേയും നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്യൂർട്ടോ നതാലസ് നഗരത്തിലിറങ്ങുമ്പോൾ രാത്രി പത്ത് മണിയായിരുന്നു. രാവിലെ എനിക്കൊപ്പം നടന്നവരൊക്കെ അവിടെവിടെയായി ചുരുണ്ടു കൂടി കിടക്കുന്നുണ്ട്. നാളെ ഇവിടെ നിന്ന് മടങ്ങുകയാണ്. അടുത്ത രണ്ടുനാൾ പ്രകൃതി താളംതെറ്റിച്ച കാര്യപരിപാടികളുമായി പുണ്ടാ ആരെനാസ്സിൽ! 

 


   "Pack it in, Pack it out. Leave no trace - Preserve  and  Respect ”


2018 ജനുവരി 10, ബുധനാഴ്‌ച

കടലുകളേഴും കടന്നൊരു കൂടിയാട്ടം

All drama is a political event. It either reassures or undermines the code of conduct of a given society - Martin Esslin

കഥയറിയാത്തവര്‍ക്കും ആട്ടം കാണാമെന്നുള്ള തിരിച്ചറിവിലേയ്ക്ക് കാലത്തെ മാറ്റിയെടുക്കാന്‍  കഴിയുമ്പോഴുള്ള ആത്മവിശ്വാസത്തോടെയായിരുന്നു 'നേപഥ്യ' മൂഴിക്കുളം ഇക്കുറി കൂടിയാട്ടവുമായി അമേരിക്കന്‍ ഭൂഖണ്ഡം ചുറ്റിയത്. അമേരിക്കയിലെ നാലു സ്ഥലങ്ങളില്‍ വിജയകരമായി കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചതിനു ശേഷമാണ്‌ യാത്രയിലെ അവസാനവേദിയായ കാനഡയിലെത്തിയത്. ടൊറോന്‍റോ സര്‍‌വ്വകലാശാലയുടെ മിസ്സിസ്സാഗ കാമ്പസിലെ മള്‍ട്ടിമീഡിയ തീയേറ്ററായിരുന്നു കൂത്തമ്പലം. 


രാവുമുഴുവന്‍ നീണ്ടു നിന്നിരുന്ന  പഴയ സ്ഥൂലമായ ദൃശ്യാവിഷ്ക്കാരങ്ങളില്‍ നിന്നു മാറി, തെരഞ്ഞെടുത്ത സൂക്ഷ്മമുഹൂര്‍ത്തങ്ങളായിരുന്നു പടിഞ്ഞാറന്‍ ലോകപര്യടനങ്ങള്‍ക്കിടയില്‍ മൂഴിക്കുളം നേപഥ്യ കൂടിയാട്ടവേദികളില്‍ പങ്കുവച്ചത്. സംസ്കൃതം പ്രേക്ഷകരില്‍ നിന്ന് അകന്നു പോകുന്ന  ഒരു കാലത്ത് ഈ പുരാതന നാട്യകല അപ്രത്യക്ഷമാകാതിരിക്കാന്‍  കാണികളെ സജ്ജരാക്കിയെടുക്കാനുള്ള ഉത്തരവാദിത്തം അവതരണരീതികളില്‍ ആവിഷ്കരിച്ചിരുന്നു. കഥ മുന്‍‌കൂറായി പറഞ്ഞുകൊടുത്താല്‍ പോലും സൂക്ഷ്മങ്ങളായ ദൃശ്യചാരുത പൂര്‍‌ണ്ണമായും ഉള്‍ക്കൊള്ളാന്‍  കഴിയാതിരുന്ന ഒരു കാലമായിരുന്നു, മുമ്പൊക്കെ. അതിനു പരിഹാരമെന്നോണമായിരുന്നു പുതിയ അവതരണരീതി. കൂടിയാട്ടത്തിന്‍റെ പൊതുവേ ഗൗരവമായ സം‌വേദനഭാഷയുടെ അര്‍ത്ഥം തല്‍സമയം തന്നെ വ്യക്തമാക്കുന്ന  വിശദീകരണങ്ങള്‍ (subtitles) വായിച്ചെടുക്കാന്‍ കഴിയുന്നതായിരുന്നു പുതിയ അവതരണം. സാമുവേല്‍ ബെക്കറ്റിന്‍റെ 'ഗോദോയെ കാത്ത്' എന്ന നാടകത്തിന്‍റെ രണ്ടാം ഭാഗമെന്നോണം മിനോറു ബെറ്റ്‌സുയാക്കു (Minoru Betsuyaku) തയ്യാറാക്കിയ 'ഗോദോ മടങ്ങിയെത്തി' (Godot Has Come) എന്ന ജാപ്പനീസ് നാടകത്തിലും ഈ അവതരണരീതി വിജയകരമായി പ്രയോഗിക്കപ്പെട്ടു എന്നു വായിച്ചിരുന്നു.

ഡോ. ഡേവിഡ് ഷുള്‍മാന്‍

കണ്ഠത്തില്‍ നിന്നുയരുന്ന ശബ്ദം (അത് പാട്ടാകാം, സംഭാഷണമാകാം), ഹസ്തമുദ്രകളിലൂടെ വിശദീകരിക്കപ്പെടുന്ന അര്‍ത്ഥം, കണ്ണുകളില്‍ നിന്നു പ്രസരിക്കുന്ന ഭാവം, കാലുകളൊരുക്കുന്ന താളം എന്നിവയുടെ സാമഞ്ജസ്യമാണ്‌ രസാസ്വാദനത്തിന്‍റെ അടിസ്ഥാനം എന്നു പറഞ്ഞുകൊണ്ടാണ്‌ ജെറൂസലം ഹീബ്രു സര്‍‌വ്വകലാശാലയിലെ ഭാഷാശാസ്ത്രജ്ഞനായ  ഡോ. ഡേവിഡ് ഷുള്‍മാന്‍ (Dr. David Shulman) ആമുഖമായി തുടങ്ങിവച്ചത്. നാട്യകലയിലെ കേശ-നയന-സ്തന-പാദങ്ങളുള്‍പ്പെടുന്ന പഞ്ചാംഗങ്ങളെക്കുറിച്ചും, പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഏകാംഗനാട്യങ്ങള്‍ക്കൊടുവില്‍ പതിനൊന്നാമതായി അഭിജ്ഞാനശാകുന്തളം പോലെയുള്ള കഥകളവതരിപ്പിച്ചിരുന്ന ആട്ടപ്രകാരങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പറഞ്ഞുതന്നു. അതിപുരാതനനാടകസങ്കേതങ്ങളെക്കുറിച്ച് സംസ്കൃതത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ ചേര്‍ത്ത് അദ്ദേഹം വിശദീകരിക്കുമ്പോള്‍ ഭാരതീയപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ആ ജൂതപണ്ഡിതന്‍റെ  അദ്ധ്യാപനനൈപുണ്യം പ്രേക്ഷകര്‍ക്കിടയില്‍ അദ്ഭുതങ്ങളുടെ പൂക്കാലമായി വിരിഞ്ഞു നിന്നു. ആദ്യകാല സംസ്കൃതപ്രഹസനങ്ങളായ മത്തവിലാസം, ഭഗവദജ്ജുകം എന്നിവയിലൂടെ എട്ട്-ഒമ്പതു നൂറ്റാണ്ടുകളില്‍നിന്നു തുടങ്ങുന്ന സംസ്കൃതനാടകവളര്‍ച്ചയെക്കുറിച്ച് ഡോ.ഷുള്‍മാന്‍ വിവരിക്കുകയുണ്ടായി. മത്തവിലാസത്തിലെ ബൗദ്ധസാന്നിധ്യത്തേയും അംഗുലീയാങ്കത്തിലെ ഹനുമാന്‍റെ വിവരണങ്ങളേയുമെല്ലാം മുന്‍‌നിറുത്തി അദ്ദേഹം ലളിതമായി വിശദീകരിച്ചു. പിന്നീട് രംഗപാഠങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റങ്ങളുണ്ടായത്  പതിനൊന്നാം നൂറ്റാണ്ടില്‍ കുലശേഖരനിലൂടെയാണ്‌.

ഇന്നു കാണുന്നതുപോലെയുള്ള രീതികളുടെ തുടക്കം പതിന്നാലാം നൂറ്റാണ്ടു മുതലാണ്‌. പതിനൊന്നാം നൂറ്റാണ്ടില്‍ പോലും കേരളത്തിലും ഉത്തരഭാരതത്തിലും പ്രകടമായിരുന്ന  സംസ്കൃതനാടകവേദിയെക്കുറിച്ചും, ഭരതമുനിയില്‍ തുടങ്ങി കുലശേഖരനിലൂടെ വികസിച്ചു വന്ന അഭിനയവഴികളെക്കുറിച്ചും  അദ്ദേഹം ദീര്‍ഘമായി പ്രതിപാദിച്ചു. ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന സംസ്കൃതപണ്ഡിതരില്‍ അഗ്രഗണ്യനാണ്‌ ഡോ. ഷുള്‍മാന്‍. ഏഴെട്ടു വര്‍ഷം മുമ്പ് ഒരു കൂടിയാട്ടവേദിയില്‍  കണ്ടുമുട്ടിയ അദ്ദേഹം ഇന്ന് പുരാതന സംസ്കൃതനാടകസങ്കേതങ്ങള്‍ക്ക് ആഗോളവേദികളൊരുക്കുന്നതില്‍ അഗ്രഗാമി തന്നെയാണ്‌. ലോകത്തിലെ പല സര്‍‌വ്വകലാശാലകളിലെ വിദ്വത്‌സദസ്സുകളിലും മറ്റു പൊതുവേദികളിലും ഭാരതീയ തനതുപുരാതനകലകള്‍ പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്‍റെ സംഭാവന അതിരറ്റതാണ്‌. കഴിഞ്ഞ ഒരു ദശകത്തിലധികമായി മൂഴിക്കുളം 'നേപഥ്യ'യുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്, അദ്ദേഹം. 

മാര്‍ഗ്ഗി മധു
ശാകുന്തളമായിരുന്നു ടൊറോന്‍റോയിലെ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ അവതരിപ്പിക്കപ്പെട്ടത്. ദുഷ്യന്തന്‍ നായാട്ടിനായി രഥമോടിച്ച് വനാന്തരത്തിലൂടെ പായുന്ന രംഗങ്ങള്‍ അര്‍ത്ഥോപക്ഷേപങ്ങള്‍ നിറച്ച് സൂച്യപ്രധാനമായ ദൃശ്യങ്ങളായി കാണികള്‍ക്കായി പങ്കുവച്ചു. കണ്വതപോവനത്തിലെ ശാന്തിയുടേയും സൗഹാര്‍ദ്ദത്തിന്‍റേയും പ്രതീകങ്ങള്‍ നാട്യധര്‍മ്മിയായ അഭിനയമുഹൂര്‍ത്തങ്ങളിലൂടെ കാണികളെ അതിശയിപ്പിച്ചു എന്നു തന്നെ പറയേണ്ടിവരും. വൃക്ഷസേചനം, ഭ്രമരബാധ എന്നിവ നാട്യന്യായമനുസരിച്ചു തന്നെ ഭംഗിയാക്കി പ്രേക്ഷകരിലേയ്ക്ക് പകര്‍ന്നു. ആശ്രമത്തിനു സമീപം കാട്ടുമൃഗങ്ങളെല്ലാം ഐക്യത്തോടെയാണു കഴിഞ്ഞിരുന്നത്. അതിനൊരു തെളിവായി, പെണ്‍‌പുലിയുടെ അകിട്ടില്‍ നിന്ന്‌ ഇടിച്ചു പാല്‍ കുടിക്കുന്ന മാന്‍‌കുട്ടിയുടെ വിവരണമുണ്ട്. ദുഷ്യന്തന്‍റെ വേഷമിട്ട പ്രധാന നടനായ മാര്‍ഗ്ഗി മധു, അതീവ ചാരുതയോടെ നിമിഷങ്ങളോളം അത് വിശദീകരിച്ച് കാണികളുടെ കൈയ്യടി നേടി. സാത്വികാഭിനയത്തിലെ ചുണ്ടും കവിളും മാത്രം ചലിപ്പിച്ചുകൊണ്ടുള്ള ഈ അഭിനയരീതി ഹരം പിടിപ്പിക്കുന്ന ഒന്നായിരുന്നു. ഇതേ രീതിയില്‍ത്തന്നെയാണ്‌, തന്‍റെ മുഖത്തിനു ചുറ്റും പൂവാണെന്നു തെറ്റിദ്ധരിച്ച് ഒരു വണ്ട് കറങ്ങി നടന്നു ശല്യം ചെയ്യുന്നത് ശകുന്തളയെ അവതരിപ്പിച്ച ഡോ. ഇന്ദു, ജി യും അഭിനയിച്ചുകാണിച്ചത്. തപോവനത്തിന്‍റെ യാഗാഗ്നിയില്‍ പറന്നുവീഴുന്ന ശലഭങ്ങള്‍ ഒരു പരിക്കും കൂടാതെ തിരിച്ചു പറന്നുയരുന്നതും വിസ്മയമുയര്‍ത്തിയ മുഹൂര്‍ത്തമായിരുന്നു. തേരാളിയുടെ വേഷത്തില്‍ ചടുലമായ രസാഭിനയം കാണികള്‍ക്കായി പകര്‍ന്ന ഇരുത്തം വന്ന നടനെത്തേടി അണിയറയിലെത്തിയ ഞങ്ങള്‍ കാണുന്നത് ആ വേഷം അഴിച്ചുവയ്ക്കുന്ന പത്താം ക്ലാസ്സുകാരന്‍ ശ്രീഹരിയെയാണ്‌. പ്രധാനവേഷക്കാരായ മധു- ഇന്ദു ദമ്പതികളുടെ പുത്രനാണ്‌ ശ്രീഹരി ചാക്യാര്‍.


ഡോ. ഇന്ദു. ജി യുടെ ശകുന്തള
ചതുര്‍‌വ്വിധാഭിനയങ്ങളില്‍ കൂടിയാട്ടത്തിന്‍റെ മുഖ്യഘടകം സാത്വികമാണ്‌. ഈ രസാഭിനയത്തിനു നീണ്ട കാലത്തെ സാധകം ആവശ്യമാണ്‌. മുഖത്തിന്‍റെ ഭാഗങ്ങളായ പുരികം, കണ്ണ്, കവിള്‍ത്തടം, ചുണ്ട്, താടി എന്നിവ ഇഷ്ടാനുസരണം ചലിപ്പിക്കാനുള്ള കഴിവാണ്‌ ഇതില്‍ പ്രധാനമായും വേണ്ടത്. ''കഥകളിക്ക് കണ്ണു കൊടുത്തത് കൂടിയാട്ടമാണ്‌''  എന്നൊരു ചൊല്ലുണ്ട്. വാച്യാര്‍ത്ഥത്തിലും വ്യംഗ്യാര്‍ത്ഥത്തിലും അത് ശരിയാണെന്നു തന്നെ പറയേണ്ടി വരും. പണ്ടെന്നോ നടത്തിയ ഒരു ശാകുന്തളം കൂടിയാട്ടത്തില്‍ 'കൃഷ്ണസാരേ ദധച്ചക്ഷു:...'  എന്ന ശ്ലോകം ചൊല്ലി ദ്രുതദൃഷ്ടിചലനം നടത്തിയ ഒരു ചാക്യാരുടെ കണ്ണുകള്‍ കേടായതിനാലാണ്‌ കുറേക്കാലത്തേയ്ക്ക്  ആ കഥ വേദികളില്‍ ആടാതിരുന്നത് എന്നൊരു വെടിവട്ടം പറഞ്ഞുകേട്ടത് ഓര്‍മ്മയിലെത്തി. വിദൂഷകസാന്നിദ്ധ്യമുള്ള കഥകള്‍ പ്രേക്ഷകര്‍ക്ക് പ്രിയംകരമായതിനാല്‍ ഇക്കഥ ഏതെങ്കിലും ചാക്യാര്‍ പറഞ്ഞുപരത്തിയതാവാനും വഴിയുണ്ട്. പത്ര-ദൃശ്യമാധ്യമങ്ങള്‍ ഉണ്ടാവുന്നതിനു മുമ്പ് വിമര്‍‌ശനധര്‍മ്മം നിര്‍‌വ്വഹിച്ചിരുന്നത് പാഠകകര്‍ത്താക്കളും കൂത്തവതരിപ്പിച്ചിരുന്ന ചാക്യാന്മാരുമായിരുന്നല്ലോ. ഇത്തരം വേദികളില്‍ ഭരണകര്‍ത്താക്കളെപ്പോലും കണക്കിനു പരിഹസിച്ചിരുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്നു കണ്ടെടുക്കാന്‍ കഴിയും. 

കൂത്തമ്പലത്തിനു പുറത്തേയ്ക്ക് ആദ്യമായി കൂത്തും കൂടിയാട്ടവും ഇറങ്ങുന്നത് 1949 ലാണ്‌. അതുവരെ നിലനിന്നിരുന്ന അനുഷ്ഠാനത്തി ല്‍ നിന്ന് ധൈര്യപൂര്‍‌വ്വം ആ മാറ്റം കുറിച്ചത് പൈങ്കുളം രാമച്ചാക്യാരാണ്‌. 1965 ല്‍ കലാമണ്ഡലത്തില്‍ കൂടിയാട്ടവിഭാഗം തുടങ്ങിയപ്പോള്‍ ആദ്യമായി ചാക്യാര്‍വിഭാഗത്തില്‍ പെടാത്തവര്‍ക്ക് പ്രവേശനമനുവദിച്ചതും ഇതിലെ വിപ്ലവകരമായ ഒരു മാറ്റമായിരുന്നു. കേരളീയമായിട്ടുള്ള അനുഷ്ഠാനരംഗകലകളില്‍ ആദ്യമായി സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കിട്ടിയതും കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലുമായിരുന്നു. 

കൂടിയാട്ടത്തിന്‍റെ ഉല്പത്തി മുതല്‍ അതിന്‍റെ  വികാസവഴികളിലുണ്ടായിട്ടുള്ള പരിണാമം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ആഗോളതലത്തില്‍ ഒരു പരിചയപ്പെടുത്തല്‍ എന്നതു മാത്രമായ രണ്ടോ മൂന്നോ മണിക്കൂറുകളിലാണ്‌. കഥകളിയില്‍ ഇപ്പോഴും കുറച്ചെങ്കിലുമൊക്കെ തന്മയത്വം നിലനിറുത്താന്‍ കഴിയുന്നുണ്ടെങ്കിലും അതും ഈ പരിണതിയിലേയ്ക്കെത്തില്ലേ എന്നൊരു സംശയം പലരിലുമുണ്ട്. കാലം പുരാണങ്ങളിലേയ്ക്ക് ചേര്‍ത്തുവയ്ക്കുന്നതോ ഹാസ്യാത്മകമായി പറഞ്ഞുപരത്തുന്നതോ ആയ പലതും പിന്നീട് കഥകളില്‍ ചേര്‍ത്തവതരിപ്പിക്കുന്നതായി കാണാറുണ്ട്. രാമായണത്തില്‍ വെറും കര്‍ണ്ണ-നാസികാഛേദനത്തിലൂടെ മാത്രം പോയ വാത്മീകിയില്‍ നിന്നു കമ്പരിലേക്കെത്തുമ്പോള്‍ അത് മുലക്കണ്ണുകളിലേക്കെത്തുന്നു. എഴുത്തച്ഛന്‍, പുനം എന്നിവരിലൂടെ കടന്ന് കഥകളിയിലെത്തുമ്പോള്‍ പൂര്‍‌ണ്ണമായ സ്തനഛേദനത്തിലൂടെ, സ്ത്രീസ്വാതന്ത്ര്യത്തിന്‍റേയും തുല്യതയുടേയും കാലത്തുള്ള  വായനയില്‍ പഴയ ലക്ഷ്മണന്‍ പോലും ദുഷ്ടകഥാപാത്രമായി മാറുന്നുണ്ട്. പുരാണസൃഷ്ടികള്‍ക്ക് പുതുവായനകളുണ്ടാകുമ്പോള്‍ പൊതുസമ്മതി നഷ്ടപ്പെടുന്നതും അങ്ങനെയാണ്‌. 

ജിനേഷ് ചാക്യാര്‍, കലാമണ്ഡലം മണികണ്ഠന്‍, കലാനിലയം രാജന്‍

'നേത്രങ്ങള്‍ക്കു പഥ്യ'മായ അഭിനയത്തികവില്‍ മാര്‍ഗ്ഗി  മധുവും, ഡോ. ഇന്ദു. ജി യും, ശ്രീഹരിയും തിളങ്ങിനില്‍ക്കുമ്പോള്‍ മിഴാവില്‍ ജിനേഷ് ചാക്യാരും കലാമണ്ഡലം മണികണ്ഠനും, ഇടയ്ക്കയില്‍ കലാനിലയം രാജനും അവിസ്മരണീയമായ താളക്കൂട്ടൊരുക്കി, നേപഥ്യയുടെ പേര്‌ അന്വര്‍ത്ഥമാക്കി. കലാനിലയം രവികുമാറായിരുന്നു ചമയമൊരുക്കിയത്. ഉണ്മയുടെ കലയും (Art of being), ഉരുത്തിരിയലിന്‍റെ കലയും (Art of becoming) കൂടിയാടിയ ടൊറോന്‍റോ വേദി കാണികള്‍ക്കെല്ലാം അവിസ്മരണീയമായ ദൃശ്യവിരുന്നായിരുന്നു.

 - സുരേഷ് നെല്ലിക്കോട്                                                               ചിത്രങ്ങള്‍ : ഹുസൈന്‍ ചിറത്തൊടി