വെനീസ്, പഴയ
പൊതുവിജ്ഞാനക്ലാസ്സിലെ 'അഡ്രിയാറ്റിക്കിന്‍റെ രാജ്ഞി' (Queen
of the Adriatic ) മാത്രമായിരുന്നെനിക്ക്. കാലക്രമേണ 'ജലനഗര'(City of Water)മായി. 'പാലങ്ങളുടെ നഗര' (City of Bridges)മായി. 'പ്രകാശനഗര' (City of Lights)മായി. പിന്നെ, ഷേക്സ്പീരിയന്‍ കഥകളുടെ വേദിയായി.
നൂറ്റിപ്പതിനെട്ടു ദ്വീപുകളിലായി വെനീസ് ഇന്നും
ഒഴിവുകാലാന്വേഷികളുടെ മനസ്സില്‍ ഒരു ഹരമായി ബാക്കി നില്‍ക്കുന്നു. ഒരിക്കലും
എഴുതിയാല്‍ തീരാത്തത്ര ഭംഗിയുള്ള നഗരം. ചരിത്രത്തിന്‍റെ പിന്നാമ്പുറങ്ങളിലെ ആയുധപ്പുരകളും കല്‍ത്തുറുങ്കുകളും ഒരു ദുസ്വപ്നം പോലെ കണ്ടുണരുന്നത് വര്‍ത്തമാനകാലത്തിന്‍റെ എപ്പിക്യൂറിയന്‍ ഉത്സവങ്ങളിലേയ്ക്കാണ്. അങ്ങനെ, വെനീസ് ഐതിഹാസികസ്ത്രൈണതയുടെ ഒരു സപ്തവര്‍ണ്ണാങ്കിത
സ്വപ്നമായി ഓരോ യാത്രികരേയും തിരിച്ചുവിളിക്കുന്നു, ഒരിക്കല്‍ക്കൂടി വന്നുപോകാന്‍! അനേകം
നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു വെനീസ്. റോമും, മിലാനും, ഫ്ലോറെന്‍സും ജെനോവയും പോലെ ഒരെണ്ണം. മദ്ധ്യ-നവോത്ഥാന
കാലഘട്ടങ്ങളിലെ ലെപന്‍റൊ (Lepanto)
കുരിശുയുദ്ധങ്ങളുടെ രംഗവേദി. പുരാതനഭാരതത്തേക്കാളുപരി, അതിഭീകരമായ യുദ്ധങ്ങളുടെ നാട്. പട്ടും, ധാന്യങ്ങളും, സുഗന്ധദ്രവ്യങ്ങളും
കയറിയിറങ്ങിയ പഴയ കച്ചവടത്തെരുവുകൾ. ജെര്‍മ്മനിക്കുകളുടെയും ഹൂണന്മാരുടേയും ആക്രമണങ്ങളില്‍ നിന്ന് ഓടിയെത്തിയ അഭയാര്‍ത്ഥികളാണ് വെനീസിന്‍റെ ലഭ്യമായ ചരിത്രത്തിന്‍റെ ആദിമ ഉടമകൾ.
റോമില്‍ നിന്നു
ഫ്ലോറെന്‍സിലെത്തി രണ്ടുനാള്‍ കഴിഞ്ഞുള്ള ഓഗസ്റ്റ് 20ന്‍റെ നട്ടുച്ചയ്ക്കാണ് ഞങ്ങൾ വെനീസിലെത്തുന്നത്. ആറര യൂറോ (ഏകദേശം 500 രൂപ) വീതം കൊടുത്ത് ഞങ്ങൾ പിയാസലെ റോമയില്‍ നിന്ന് വാപ്പൊറെറ്റി(വാട്ടര്‍ ബസ്സ്)യില്‍ കയറി. സാന്റാ എലീനയിലുള്ള ബെസ്റ്റ്
വെസ്റ്റേണിലായിരുന്നു ഞങ്ങള്‍ക്കുള്ള മുറികള്‍. അവിടെയെത്തി ഭാണ്ഡങ്ങളൊക്കെയിറക്കി
തിരിച്ചു വീണ്ടും കറങ്ങാനിറങ്ങാം എന്നായിരുന്നു ഞങ്ങളുടെ പദ്ധതി. ജനറല്‍ മാനേജറുടെ
സ്വാഗതക്കുറിപ്പോടെ, മഞ്ഞുകട്ടകളില്‍ കുളിപ്പിച്ചു നിറുത്തിയ ഒരു കുപ്പി 'ബറോലോ' വീഞ്ഞ്, ഞങ്ങള്‍ക്ക് പിന്നാലെ മുറിയിലേക്കെത്തി. പീഡ് മോണ്ട് ഹൈറേഞ്ചുകളിലെ നെബിയോളോ മുന്തിരിച്ചാറുകൾ മൂന്നുവര്‍ഷം ഉറങ്ങിയെണീക്കുന്നത് ഈ 'വീഞ്ഞുകളുടെ രാജാക്കന്മാര്‍' ആയിട്ടാണ്.
''റ്റു ബി എ റോമന്‍, അയം ഇന്‍ റോം, ആന്‍റ് ഹിയറീസ് ബറോലോ, ദ് കിങ് ഓഫ് വൈന്സ് അറ്റ് അവര്‍ ഡിസ്പോസല്‍.'' ഞങ്ങളുടെ പതിനേഴുകാരന്‍ നന്ദു (പിന്നീട്, അവന് ഇറ്റലിക്കാരുടെ 'നാന്‍ഡോ' Fernando യുടെ ചുരുക്കരൂപം - ആയി)വിന്‍റെ വായില്‍ വെള്ളമൂറി. അയം സോ സോറി. ഇവിടെ, പൊന്നുരുക്കുന്നിടത്ത്
പൂച്ചയ്ക്കെന്തു കാര്യം? - ഞാന്‍ നന്ദുവിനോടു ചോദിച്ചു.
അല്ലാ ഒരു വര്‍ഷം കൂടി
മതീല്ലോ?
(പതിനെട്ടിന് ഒരു വര്‍ഷം കൂടി മതിയല്ലോന്നായിരുന്നു, അവന്‍റെ സമാധാനം. നിയന്ത്രണാതീതരാകാന്‍ പതിനെട്ടിലെത്തുക എന്നതാണ് ഓരോ വിദേശകൗമാരജന്മങ്ങളുടെയും പ്രഥമലക്ഷ്യം)
അതുകഴിഞ്ഞാല്‍ ഇതിലൊക്കെ
എന്താ ഒരു ത്രില്‍ അച്ഛാ?
വാട്ട് ഡൂ യൂ മീന്‍?
ബ്രേക്കിംഗ് ടബൂസ് ഈസ് എ ത്രില്‍ , ഇസിന്റ് ഇറ്റ്? (Breaking taboos is a thrill, isn’t it?)
ശരിയാണ് നിയമവിധേയമായവയ്ക്കു് ജീവിതത്തില്‍ എന്താണ് ത്രില്‍?അച്ഛനും ടബൂസ് പൊട്ടിച്ചിട്ടുണ്ടാവില്ലേ? ഉത്തരം പറഞ്ഞില്ലെന്നേയുള്ളു. അവനും വളരട്ടെ.
എന്‍റെ വഴികളില്‍. എnte കാണാക്കാഴ്ചകളും കണ്ട് അവനും വളരട്ടെ. ഒരു പക്ഷേ, അതിൽ കൂടുതലും.
ഉച്ചഭക്ഷണത്തിനു നിന്നാല്‍ പിന്നെ ഉറങ്ങുമെന്നും, അതിനാല്‍ കാഴ്ചകൾ നഷ്ടമാകുമെന്നും, വെനീസ്സിന്‍റെ പോക്കുവെയിലിന്
ചരിത്രത്തിന്‍റെ സാധാരണ സ്വര്‍ണ്ണനിറമല്ലെന്നും ഞങ്ങളുടെ ഇറ്റാലിയന്‍ കസിന്‍, ജിസേപ്പേ
റൊസാറ്റോ എന്ന ഔസേപ്പച്ചന്‍.
പിയസ്സെറ്റാ സാന്‍ മാര്‍ക്കോ (Piazeta San Marco)യിലേയ്ക്ക് ഒരു കാല്‍നടയാത്ര. ബെസ്റ്റ് വെസ്ടേണിനു മുമ്പിലെ നടപ്പാത നീളുന്നത്
സാന്റ എലിന(Santa
Elena)ജെട്ടിയിലേക്കാണ്. വഴിനിറയെ
തണല്‍ മരങ്ങൾ. അവിടെ നിന്ന് തീരത്തെ നടപ്പാതയിലൂടെ ഞങ്ങൾ നടന്നു. വഴിയോരങ്ങളില്‍ ആഫ്രിക്കന്‍ വംശജരായ കച്ചവടക്കാര്‍. അവര്‍ പ്രധാനമായും വില്‍ക്കുന്നത് സ്ത്രീകളുടെ
ബാഗുകളാണ്. പിന്നെ, വെനീസ്സിന്‍റെ ഛായാചിത്രങ്ങളും ഉണ്ട്. ഇടയ്ക്ക് ബംഗ്ലാദേശി
കച്ചവടക്കാരെയും കണ്ടു.
അഞ്ചു യൂറോയ്ക്ക് ഒരു വെനീസ് ചിത്രം കച്ചവടമുറപ്പിച്ച് പണം കൈമാറിയതും മുനിസിപ്പാലിറ്റിയിലെ തൊഴില്‍ പരിശോധകരുടെ വേട്ടയും ഒരുമിച്ചാണ് സംഭവിച്ചത്. കിട്ടിയതൊക്കെ നെഞ്ചോട് ചേർത്ത് വാരിക്കൂട്ടി കച്ചവടക്കാർ ഓടി രക്ഷപെട്ടു. എനിക്കുള്ള ചിത്രവും നഷ്ടമായി. അപ്പോഴാണ് ഞങ്ങൾക്കു മനസ്സിലായത് അത് അനധികൃതകച്ചവടക്കാർ ആയിരുന്നെന്നുള്ള കാര്യം. ടുനീഷ്യ-
മൊറോക്കോ വഴിയൊക്കെ അനധികൃതമായി ഇറ്റലിയിലേക്ക് കടന്നുകൂടുന്ന ഇത്തരക്കാര്‍ അവിടുത്തെ ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നതായി ഈയിടെ വാര്‍ത്തകള്‍ കണ്ടിരുന്നു. ജിസേപ്പെയുടെ സുഹൃത്ത്
ജോര്‍ജിയോയും ഭാര്യ കാര്‍ലോട്ട (Carlota)യും സാന് മാര്ക്കോ സ്ക്വയറിനു മുമ്പില്‍ വരാമെന്ന് ഫോണിലൂടെ പറഞ്ഞിരുന്നു.
ഗോണ്ടോളകളും (വള്ളം) വാപ്പോരെട്ടോ (Vaporetto-Water
bus)കളും സന്ദര്‍ശകരെ കയറ്റി തലങ്ങും വിലങ്ങും പാഞ്ഞു നടന്നു.
പതിന്നാലാം നൂറ്റാണ്ട് മുതല്‍ വെനീസ് സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. സഞ്ചാരികളില്‍ നിന്നുമുള്ള വരുമാനമാണ് വെനീസ്സിനെ ജീവിപ്പിക്കുന്നത്. 21
ദശലക്ഷം സന്ദര്‍ശകരാണ് ഒരു വര്‍ഷം. ദിനംപ്രതി ശരാശരി അമ്പത്തെട്ടായിരം. സാന് മാര്ക്കോ ബസിലിക്കയാണ് വെനീസ്
യാത്രയ്ക്ക് പൂര്‍ണ്ണത നല്കുന്നത്. പ്രഭാതയാത്രകൾ തീരെ തിരക്കില്ലാത്തവയായിരിക്കും.
ദിവസത്തിനു പ്രായം കൂടുന്നതനുസരിച്ച് പിയാസ സാന്‍ മാര്‍ക്കോയിലെ തിരക്ക് കൂടുകയാണ്.
ചിറകുള്ള സുവര്‍ണ്ണസിംഹമാണ് വെനീസ്സിന്‍റെ ചിഹ്നം. ബസിലിക്കയോട് ചേര്ന്നാണ്
ഡോജെസ് പാലസ്. അവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ ചുവര്‍ചിത്രം. ടിന്റൊരെറ്റോയുടെ 'പറുദീസാ'. സാന്‍ മാര്‍ക്കോ സ്ക്വയറിനും ഗ്രാന്ഡ്
കനാലിനുമിടയിലായി സാന്റ മറിയ പള്ളി കാണാം. ഇതിന്‍റെ ഭംഗി അവര്‍ണ്ണനീയമാണ്. വെള്ള ചെങ്കല്‍ നിറങ്ങള്‍ ചേര്‍ന്ന മാര്‍ബിളില്‍ ഡോജെസ് കൊട്ടാരം. ബെല്ലിനിയുടേയും
വെറോണീസിന്‍റെയും ചിത്രങ്ങള്‍ നിറഞ്ഞ ഈ കൊട്ടാരം വെനീസ്സിലെ പ്രധാനന്യായാധിപന്‍റെ വീടായിരുന്നു. ഒത്തുതീര്‍പ്പുകളുടേയും വിധിപ്രസ്താവങ്ങളുടേയും
അന്തിമാധികാരകേന്ദ്രം.
പഴയനിയമത്തിലേയും
പുതിയനിയമത്തിലേയും ചിത്രങ്ങളാല്‍ അലംകൃതമായ സാന്‍മാര്‍ക്കോ ബസിലിക്കയും
ഇവിടെത്തന്നെയാണ്. വിശുദ്ധ മാര്‍ക്കോസിന്‍റെ ഭൗതികാവശിഷ്ടം ഇവിടെ ഒരു അറയില്‍ സൂക്ഷിച്ചിരിക്കുന്നു. വെനീസിലെ പ്രധാന സര്‍ക്കാർ
ഓഫീസുകളെല്ലാം ഇവിടെയാണ്. കപ്പിത്താന്മാര്‍ക്കും പട്ടാളമേധാവികള്‍ക്കും സ്ഥാനചിഹ്നങ്ങളും, രാജകല്പനകളും ഔദ്യോഗികമായി നല്കപ്പെട്ടിരുന്നത് ഇവിടെ
വച്ചാണ്. ഇവിടെ നിന്നാണ്, രാജകുമാരന്മാരും ചക്രവര്‍ത്തിമാരും മാര്‍പ്പാപ്പമാരും അനേകം
ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നത്. ഫ്രെഡെറിക് ബാര്‍ബറോസ ചക്രവര്‍ത്തി അലക്സാണ്ടര്‍ മൂന്നാമന്‍ മാര്‍പ്പാപ്പയ്ക്ക് കീഴടങ്ങിയ വേദി. 1152 ലെ ജെർമ്മൻ ആഭ്യന്തരയുദ്ധത്തിനു ശേഷം
തെരഞ്ഞെടുക്കപ്പെട്ട ചക്രവര്‍ത്തിയായിരുന്നു ഫ്രെഡെറിക് ഒന്നാമന്‍. 1158ല്‍ ഇറ്റലിയുടെ വടക്കന്‍
നാട്ടുരാജ്യങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഫ്രെഡെറിക് അവരെ
ആക്രമിച്ച് കീഴ്‌പ്പെടുത്തി. മാര്‍പ്പാപ്പയും ഫ്രെഡെറിക് ചക്രവര്‍ത്തിയുമായുള്ള ശത്രുത രണ്ട് ദശാബ്ദത്തോളം
നീണ്ടു നിന്നു. അവസാനം, ഒരു ഒത്തുതീര്‍പ്പെന്നോണം ഫ്രെഡെറിക്, മാര്‍പ്പാപ്പയ്ക്ക് കീഴടങ്ങുന്നതിവിടെ വച്ചാണ്.
തിരക്കൊഴിവാക്കാന്‍ പ്രഭാതസന്ദര്‍ശനമാണ് ഇവിടെയും ഉത്തമം. സന്ദര്‍ശകര്‍ക്ക് വഴി
പറഞ്ഞു കൊടുക്കാന്‍ വെനീഷ്യന്മാര്‍ പൊതുവെ വിമുഖരാണ്. പക്ഷേ ഇക്കാരണം കൊണ്ട് അവരെ
പരുക്കന്മാരായി കാണേണ്ട. വെനീസ്സില്‍ വഴി പറഞ്ഞുകൊടുക്കുക അത്രമാത്രം പ്രയാസകരമാണ്. പലപ്പോഴും വഴിചോദ്യങ്ങള്‍ക്ക് താഴെപ്പറയുന്ന തരത്തിലുള്ള
ഉത്തരങ്ങളാവും കിട്ടുക.
"നേരേ നടന്ന് വഴി അടയാളങ്ങള്‍ നോക്കി പോകുക".
"നേരേ നടന്ന്, ആരോടെങ്കിലും ചോദിച്ചാല്‍ പറഞ്ഞു തരും".
ഇടവഴികളും
വെള്ളച്ചാലുകളും പാലങ്ങളും കൊണ്ടു നിറഞ്ഞ വെനീസ്സില്‍ വഴികൾ പറഞ്ഞുകൊടുക്കാനും അത് ഓര്‍മ്മ വച്ചു പോകാനും അത്ര എളുപ്പമല്ല.
വാട്ടര്‍ ബസ്സ് സ്റ്റോപ്പുകള്‍ക്കപ്പുറം വയോവൃദ്ധര്‍ ചൂണ്ടകളില്‍ മീന്‍ കൊത്തുന്നതും കാത്ത് പുസ്തകങ്ങൾ വായിച്ചിരിക്കുന്നു. ചൂണ്ടക്കാരെപ്പറ്റിയുള്ള ചില യൂറോപ്യൻ കാർട്ടൂണുകളാണ്, പെട്ടെന്നോർമ്മവന്നത്. അനാദികാലം ചൂണ്ട പിടിച്ചിരുന്നിട്ടും മീൻ കിട്ടാതെ, മരിച്ച് അസ്ഥിപഞ്ജരങ്ങളായി കാത്തിരിപ്പുതുടരുന്നവരെക്കുറിച്ചുള്ളവ. സന്ധ്യ മയങ്ങുമ്പോഴേക്കും ഗൈഡുകളും
ഗൊണ്ടോളക്കാരും പീടികക്കാരുമെല്ലാം വെടിവട്ടങ്ങള്‍ക്കായി ഒത്തുകൂടുന്നത് ഏതെങ്കിലും
ചാരായക്കടകളിലാണ്. ചാരായക്കടകളെന്നു കേട്ടാല്‍ നമ്മുടെ നാട്ടിലെ കടകളുമായി തരതമ്യപ്പെടുത്തരുതേ. ഇവിടുത്തേത് വെനീസ്സിന്‍റെ പ്രൗഢി വിളിച്ചറിയിക്കുന്ന വീഞ്ഞുകടകളാണ്.
ഒരു 'ഓമ്പ്ര' (Ombra- ഒരു തരം വീഞ്ഞ്)
മോന്തിക്കൊണ്ട് അന്നന്നത്തെ വിശേഷങ്ങൾ അവര്‍ അവിടെ പങ്കുവയ്ക്കുകയാണ്. വെനീഷ്യന്‍ വീട്ടമ്മമാരാണെങ്കില്‍ പലപ്പോഴും രാവിലെയുള്ള പീടിക സന്ദര്‍ശനങ്ങള്‍ക്കിടയിലാണ് ഒത്തുകൂടുക. ഒരു 'ഓമ്പ്ര'യും 'ട്രമേസ്സിയ' (സാന്റ് വിച്ച്) യുമായി
അവരും വിശേഷങ്ങൾ പറഞ്ഞ് കുറച്ചു നേരം അങ്ങനെ കൂടും.
1303 മുതല്‍ 1424വ രെ പലപ്പോഴായി ഡോജെസ് കൊട്ടാരം പരിഷ്ക്കരിക്കപ്പെട്ടു. ഫിലിപ്പോ കലെണ്ടേറിയോ (Filippo Calendario) ആണ് ഇത് രൂപകല്പന ചെയ്തതെന്ന് കരുതപ്പെടുന്നു. 1574ലെ ഒരു തീപിടുത്തത്തില്‍ കുറെയൊക്കെ നാശനഷ്ടങ്ങൾ ഉണ്ടായതായി ചരിത്രം പറയുന്നുണ്ട്. നെപ്പോളിയന്‍ വന്ന് കീഴടക്കുന്നതുവരെ
ഇതായിരുന്നു വെനീഷ്യന്‍ റിപ്പബ്ലിക്കിന്‍റെ രാഷ്ട്രീയകാര്യകേന്ദ്രം.
'നെടുവീര്‍പ്പുകളുടെ പാലം'(Bridge of Sighs) ഇവിടെയാണ്. ഒരു
പ്രത്യേക തരം ചുണ്ണാമ്പുകല്ലുകൾ (Istrian Stone) കൊണ്ടുണ്ടാക്കിയ പാലത്തിന് കല്‍ ജനാലകളാണുള്ളത്.
അന്റോണീ കോണ്ടീനോ (റിയാല്‍ട്ടോ പാലത്തിന്‍റെ രൂപകര്‍ത്താവ് അന്റോണിയോ ദപോന്തെയുടെ
അനന്തരവനാണിയാള്‍) യാണ് 1602ല്‍ ഇത് നിര്‍മ്മിച്ചത്. തടവുകാര്‍ വിചാരണയ്ക്കു ശേഷം
തടങ്കല്പാളയങ്ങളിലേയ്ക്ക് കടന്നുപോയിരുന്നത് ഈ പാലത്തിലൂടെയാണ്. കല്‍ജനാലകളിലൂടെയുള്ള ഈ പുറംകാഴ്ചകള്‍ക്കൊപ്പമുള്ള നെടുവീര്‍പ്പുകളാണ് ഇതിനെ 'നെടുവീര്‍പ്പുകളുടെ പാല'മാക്കിയത്. ഈ പാലത്തിന്‍റെ താഴെക്കൂടി, ഒരു ഗോണ്ടോളയില്‍, സൂര്യാസ്തമയങ്ങളില്‍ കടന്നുപോകുമ്പോളുള്ള കമിതാക്കളുടെ ഒരു ചുടുചുംബനം; ഇത് പ്രണയസാക്ഷാത്ക്കാരങ്ങളെ നിത്യഹരിതമാക്കി
നിറുത്തുമെന്നാണ് ഇവിടുത്തുകാര്‍ കരുതുന്നത്. തടവുകാര്‍ക്കായുള്ള പീഡനമുറികള്‍ കാണുമ്പോളാണ്, യുദ്ധം ഒരു ദിനചര്യയായി കൊണ്ടുനടന്നിരുന്ന ഒരു ഭീകരഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍ ഞെട്ടിയുണരുന്നത്. വെളിച്ചം കാണാത്ത കരിങ്കല്‍ തുറുങ്കുകൾക്ക് മുമ്പില്‍ നിന്നു
ചിത്രങ്ങളെടുക്കുമ്പോൾ സുജ ഒരു ഗതകാലവായനയില്‍ ബാക്കി വന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു. പ്രാണവായു പോലും കടക്കാന്‍ മടിച്ചു നില്‍ക്കുന്ന കാരാഗൃഹം.
അവിടെ കഴുമരം കാത്തുകഴിഞ്ഞിരുന്ന തടവുകാരുടെ ആത്മാക്കളിലേയ്ക്ക് അവൾ ഒരു
പരകായപ്രവേശത്തിനു ശ്രമിച്ചു.
സന്ദര്‍ശകര്‍ ഒഴുകിനടക്കുന്ന
പ്രധാനതെരുവുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണു് വെനീസ്സിലെ നാടന്‍ ജീവിതം.
ഒരുവശത്തു് തിരക്കിന്‍റെ ആരവങ്ങള്‍. മറുപുറം പൊതുവേ നിശ്ശബ്ദമാണ്.
വാര്ദ്ധക്യത്തിന്‍റെ ആലസ്യങ്ങൾ പോലെ നീണ്ടുകിടക്കുന്ന നിശ്ശബ്ദമായ ഒരു ലോകം.
പലപ്പോഴും, ദ്വീപുകള്‍ക്കിടയിലെ ഇടവഴികള്‍ (അതിവിടെ ജലപാതകളാണ്) അത്തരമൊരു ചിത്രം
നമുക്കായി കാണിച്ചുതരുന്നു.
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയും, തീവണ്ടിയാപ്പീസുംഞങ്ങൾ തേടിപ്പിടിച്ച് കണ്ടു. മുറാനോ, പ്രധാനഭൂമികയിൽ
നിന്നും അല്പം വടക്കുമാറിയുള്ള ഒരു ദ്വീപസമൂഹമാണെങ്കിലും ഇപ്പോൾ വെനീസിന്‍റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. രണ്ടു കിലോമീറ്ററിൽ താഴെ മാത്രം വിസ്തൃതിയുള്ള
ഗ്ലാസ് നിർമ്മാണനഗരം. ആദ്യകാലത്ത് സന്യാസകേന്ദ്രവും, ഒറ്റപ്പെടൽ ആഗ്രഹിച്ചിരുന്ന ഒരു പറ്റം
മനുഷ്യരുമായി വേറിട്ടുകിടന്ന ദ്വീപുകൾ. പിന്നീടതു യൂറോപ്പിലെ ഏറ്റവും വലിയ
സ്ഫടികവ്യവസായ കേന്ദ്രമായി മാറി. ലോകത്തിലെ ഏറ്റവും മികച്ചതും ഭംഗിയേറിയതുമായ
ശരറാന്തലുകൾ ഇവിടെ നിന്ന് ഒരുകാലത്ത് കയറ്റുമതി ചെയ്യപ്പെട്ടിരുന്നു.
കച്ചവടമാന്ദ്യമുണ്ടെങ്കിലും, മുറാനോ സ്ഫടികനിർമ്മാണം കൈവിടാൻ മടിക്കുന്നു. തലമുറകളായി
നേടിയെടുത്ത കരവിരുതിന്‍റെ തെളിവുകൾ നിരത്തിക്കൊണ്ട് ഇവിടെ ഒരു ഗ്ലാസ്മ്യൂസിയ (Glass Museum)വും നിലകൊള്ളുന്നു. ഈ വ്യവസായികൾ ഒരുകാലത്ത്
ഇവിടുത്തെ വരേണ്യവർഗ്ഗമായിരുന്നു. പ്രൗഢിയുടെ പ്രതീകമായി ഇവർക്ക് വാളുകൾ
ധരിച്ചുനടക്കാൻ അനുവാദമുണ്ടായിരുന്നു. പലനിയമങ്ങളിൽ നിന്നും ഇവർക്ക് ഇളവുകൾ അനുവദിക്കപ്പെട്ടിരുന്നു. സ്ഫടികവ്യവസായികൾക്ക്, സമ്പന്നകുടുംബങ്ങളിൽ
നിന്നുള്ള വിവാഹാലോചനകൾക്ക് മുന്‍ഗണനയുണ്ടായിരുന്നു.
മുറാനോയിലെ പ്രഭാതങ്ങൾ സന്ദര്‍ശകരെ ബോറടിപ്പിക്കും. സ്വന്തം കാല്‍പ്പെരുമാറ്റങ്ങളല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കേണ്ട അവസ്ഥ. നീണ്ട രാത്രിക്കു ശേഷം
അലസമായുറങ്ങിക്കിടക്കുന്ന മുറാനോ തട്ടിപ്പിടഞ്ഞെണീക്കുക വളരെ താമസിച്ചായിരിക്കും. രണ്ടു പകലുകളും രണ്ടു രാത്രികളും. ഞങ്ങൾക്ക് മടങ്ങാറായിരുന്നു. വെനീഷ്യൻ ജെനറൽ ആയിരുന്ന ഒഥെല്ലോയുടെ നഗരത്തിൽ നിന്ന്. ഷൈലോക്കിന്റെ കണക്കുകൾ തെറ്റിച്ച നഗരത്തിൽ നിന്ന്. തോമസ് മന്നിനേയും എസ്രാ പൗണ്ടിനേയും ആവേശിച്ച നഗരത്തിൽ നിന്ന്...
ഞങ്ങളുടെ അടുത്ത ലക്ഷ്യം, റോമിനേക്കാളുപരി ആതൻസിനെ നൂറ്റാണ്ടുകളോളം രഹസ്യമായി പ്രണയിച്ച ലെച്ചെ (Lecce )ആയിരുന്നു. ഇറ്റലിയുടെ തെക്കു കിഴക്കൻ മുനമ്പിലുള്ള പഴയ നഗരത്തിലേയ്ക്ക്, അഡ്രിയാറ്റിക്കിന്‍റെ തീരം വഴി, കാഴ്ചകളെ പെറുക്കിക്കൂട്ടി മറ്റൊരു യാത്ര!
എഴുത്തും ചിത്രങ്ങളും : സുരേഷ് നെല്ലിക്കോട്
സ്കൂളിൽ പഠിക്കുന്ന കാലത്ത് "വെനീസിലെ വ്യാപാരി" എന്നൊരു പാഠമുണ്ടായിരുന്നു. അന്നാണ് വെനീസിനെക്കുറിച്ച് ആദ്യമായി അറിയുന്നത്... സുരേഷ് നെല്ലിക്കോടിന്റെ വിവരണങ്ങളിലൂടെ ഇപ്പോൾ കൂടുതൽ അറിയുന്നു...
ReplyDeleteഓഫ് : സോമനടി ഭയന്നിട്ടാണോ മുബീ, ബ്ലോഗ് നെല്ലിക്കോടിനെ ഏല്പിച്ചിരിക്കുന്നത്...? സി.രാധാകൃഷ്ണന് പോലും രക്ഷയില്ലാത്ത കാലമാണ് കേട്ടോ... :)
സുരേഷേട്ടന്‍ ഞങ്ങളുടെ വാക്കാശാരിയാണ്... (വാക്കിന് കടപ്പാട്: ഡോണ മയൂര) നമുക്കും വായിക്കാലോ.
ReplyDeleteസോമനടി നോക്കാന്‍ ആളെ ഏല്‍പ്പിച്ചിട്ടുണ്ട് വിനുവേട്ടാ.. അതൊന്നും അയാള്‍ക്ക് പ്രശ്നല്ലാന്നാണ് തോന്നുന്നത്. സാഹിത്യസപര്യയല്ലേ?
'വെനീസ് വ്യാപാരങ്ങള്‍' എന്ന യാത്രാവിവരണം ഓഗസ്റ്റ് 17, 2014 ലാണ് ഞാന്‍ ഗൂഗിള്‍ +ല്‍ സുരേഷേട്ടന്‍റെ പ്രൊഫൈലില്‍ നിന്ന് വായിക്കുന്നത്. ഇതാണ് ബിലാത്തിയിലെ കാരൂര്‍ സോമന്‍ എന്ന മഹാ സാഹിത്യകാരന്‍ കോപ്പി അടിച്ച് ‘ഫ്രാൻസ് - കാൽപ്പനികതയുടെ കവാടം‘ എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. പ്രസാധകര്‍ കേരള ഭാഷാ ഇന്സ്റ്റിറ്റ്യുട്ട്-തിരുവനന്തപുരം.
ReplyDeleteകാവൽക്കാരന്റെ സൃഷ്ടി തന്നെ അടിച്ചു മാറ്റിയല്ലോ മഹാസാഹിത്യകാരൻ... :)
Deleteമൂപ്പര് ദക്ഷിണ വെച്ചതാ...
Deleteഎന്തായാലും യാത്രാവിവരണം അടിപൊളിയായി മുബീ.. ഒപ്പം ചിത്രങ്ങളും കൂടിയായപ്പോൾ മനോഹരം..
ReplyDeleteമുബിക്കും, സുരേഷ് നെല്ലിക്കോടിനും അഭിനന്ദനങ്ങൾ.
അസ്സൽ വിവരണങ്ങൾ ...
ReplyDeleteപിന്നെ
സുരേഷ് ഭായിയുടെ 'വെനീസ് വ്യാപാരങ്ങൾ'
സോമന്റെ പുസ്തകത്തിലൂടെയും ,മുബിയുടെ
ബ്ലോഗിലൂടെയും ധാരാളം വായനക്കാരിൽ എത്തിയതിൽ
വളരെയധികം സന്തോഷിക്കുന്നു
മുരളിയേട്ടാ, സുരേഷേട്ടന്‍ പോയ വെനീസാണ് ഫ്രാന്‍സിലെത്തിയത്ന്നും നമ്മള്‍ ഓര്‍ക്കണം...
Deleteകോഴിക്കോട് നഗരത്തിൽ മഴ പെയ്ത പോലെയുണ്ട് ചിത്രങ്ങൾ!!വെള്ളത്തിന്റെ നിറം മാത്രം വ്യത്യാസമുണ്ട്...ഒരു തീവണ്ടിയാപ്പീസ് പറഞ്ഞല്ലൊ? വാട്ടർ ബസ് പോലെ വാട്ടർ ട്രെയിനും ഉണ്ടോ?
ReplyDeleteസുരേഷേട്ടന്‍ നാട്ടില്‍ കറങ്ങി നടക്കാണ്. അതോണ്ട് മറുപടി കുറച്ച് വൈകും :(
Deleteവാട്ടര്‍ ട്രെയിന്‍ ഇല്ല. ജലനഗരത്തിലേയ്ക്കിറങ്ങുന്ന കരയിലാണത്, അരീ....
Deleteനന്ദി, വായനയ്ക്ക്.
ഗണപതിക്കു വച്ച യാത്രക്കുറിപ്പാണ്. അത്, കാക്കയായി സോമന്‍ കൊത്തി. പിന്നെ ആ കുഞ്ഞിക്കൈയിലെ വിരലുകള്‍ യാത്രാവിവരണമെഴുത്തിനായി ചലിച്ചിട്ടില്ല. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാപ് നോക്കി ഫ്രാന്‍സിലെത്തി വെനീസ് തെരഞ്ഞവര്‍ അവിടെ അതുകാണാതെ തിരികെപ്പോന്നു.
ReplyDelete