2018 മാർച്ച് 2, വെള്ളിയാഴ്‌ച

'അല്യുട്ട് അല്യൈസ്ക'

അപൂര്‍ണ്ണമായ സ്വപ്നം പോലെ മനസ്സില്‍ കിടക്കുന്ന ചില യാത്രകളുണ്ട്‌. ഒളിഞ്ഞും തെളിഞ്ഞും സാന്നിദ്ധ്യമറിയിച്ചു കൊണ്ടിരിക്കുന്നവ. കാന്തിക ശക്തിയോടെ തിരികെ വിളിക്കാന്‍ പ്രാപ്തിയുള്ള ഇടങ്ങള്‍... പാതി കണ്ടു മറന്ന കിനാവിന്‍റെ തുടര്‍ച്ചയെന്നോണം ഒരു യാത്ര. അവിശ്വസനീയമായ  ഉള്‍വിളിയോടെ ചെന്നെത്തുന്ന സ്ഥലങ്ങള്‍...



“അലാസ്കയോ” വീണ്ടും അങ്ങോട്ട്‌? കാനഡയിലെ തണുപ്പൊന്നും പോരാഞ്ഞിട്ടാവും... അവിടെ നിങ്ങളുടെ ബന്ധുക്കളുണ്ടോ? എന്താ അവിടെ ഇത്ര കാണാനുള്ളത്...” അഭിപ്രായങ്ങളുടെ ഒഴുക്ക് ഞങ്ങള്‍ തടുത്തത്‌ മൗനം കൊണ്ടായിരുന്നു. എന്നാല്‍ പന്ത്രണ്ടാം ക്ലാസ്സുകാരന് അതിനു സാധിച്ചില്ല. ബ്രൌണ്‍ തൊലി നിറമുള്ളവര്‍ അലാസ്കയിലേക്ക് അവധിക്ക് പോകുമോന്ന് ആശ്ചര്യപ്പെട്ടവരോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനായിരുന്നു അവന്‍ ശ്രമിച്ചത്. ചന്ദ്രനില്‍ ചായക്കട നടത്തുന്ന മലയാളിയുടെ ട്രോളൊന്നും അവനറിയില്ലല്ലോ. എതിര്‍കക്ഷികളുടെ മനോഭാവം തിരുത്തുന്നതോടൊപ്പം, താന്‍ കളവു പറയുന്നതെല്ലെന്ന് സ്ഥാപിക്കുകയും വേണ്ടിയിരുന്നു കുട്ടിക്ക്. യാത്രാനുഭവങ്ങള്‍ സഞ്ചാരികളുടേത് മാത്രമാണെന്ന ചട്ടക്കൂടില്‍ നിന്ന് മാറി അവയ്ക്ക് വ്യാപ്തിയേറുകയാണ്.

ഇത്തവണ കാനഡയിലും തണുപ്പ് കൂടുതലായിരുന്നു. അപ്പോള്‍ പിന്നെ തണുപ്പിന്‍റെ മുഖ്യകാര്യാലയത്തിലെ സ്ഥിതി പ്രത്യേകിച്ച് എടുത്ത് പറയേണ്ടല്ലോ. ജനുവരി രണ്ടാം വാരമായി, കുറഞ്ഞ വിലക്ക് കിട്ടിയ വിമാന ടിക്കറ്റും, ദിവസവും നോക്കുന്ന അലാസ്ക കാലാവസ്ഥ റിപ്പോര്‍ട്ടും മാത്രമാണ് ആകെ കൈയിലുള്ളത്. കണ്ടാലുടന്‍ ഒരുങ്ങിയോന്ന് ചോദിച്ച് ശല്യപ്പെടുത്തുന്ന മാസിഡോണിയന്‍ സുഹൃത്താണ് എഴുതാനുള്ള നോട്ട്പുസ്തകവും പെന്‍സിലും തന്ന് അമ്പരിപ്പിച്ചത്. “Be like a Russian.” അതായിരുന്നു കുഞ്ഞു നോട്ട് പുസ്തകത്തോടൊപ്പം കൈപ്പറ്റിയ ഉപദേശം. തണുപ്പില്‍ നോട്ടുകള്‍ എഴുതി സൂക്ഷിക്കാനാവാതെ മുന്തിയ പേനകള്‍ മാറി മാറി ഉപയോഗിച്ച് തളര്‍ന്ന അമേരിക്കക്കാരെ പെന്‍സില്‍ കൊണ്ടെഴുതിയ നോട്ടുകള്‍ കാണിച്ചുകൊടുത്ത റഷ്യക്കാരുടെ കഥ അവരുടെ കുട്ടികാലത്ത് കേട്ടിരുന്നതും പറഞ്ഞു തന്നു. എന്തു തന്നെയായാലും സംഗതി സത്യമായിരുന്നു.

പണിമുടക്കിയ ജിപിഎസിനെ നേരെയാക്കി ഞങ്ങള്‍ വഴിത്തെറ്റാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ സജുവും, കരുതലായിയെത്തിയ ഹേമന്തിന്‍റെ സന്ദേശങ്ങളും, കമ്പിളി കാലുറകള്‍ തന്ന ചക്കരയും മുന്നൊരുക്കങ്ങളുടെ സ്നേഹപങ്കുകളായി. അതു മാത്രം പോരല്ലോ... പോക്കെറ്റിന് താങ്ങാനാവാത്ത വിലയുമായി വിന്‍റെര്‍ വസ്ത്രങ്ങള്‍ ഞങ്ങളെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഭീകരന്മാര്‍!! തണുപ്പില്‍ ക്യാമറയുടെ ജീവനെങ്ങിനെ നിലനിര്‍ത്തുമെന്ന് മാത്രം ഊണിലും ഉറക്കത്തിലും ചിന്തിക്കുന്ന ക്യാമറാമാന്‍. തണുപ്പ് അതിന്‍റെ ഉച്ചിയില്‍ നില്‍ക്കുന്ന സമയങ്ങളില്‍ നയാഗ്രയില്‍ പോയി പരിശീലന പടം പിടുത്തമൊക്കെയായി ക്യാമറക്ക്‌ മുന്നറിയിപ്പ് കൊടുത്തു കൊണ്ടിരുന്നു. പാവം, അതിന് മിണ്ടാന്‍ പറ്റില്ലല്ലോ. അതിശൈത്യത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നോര്‍ത്ത് ഫേസിന്‍റെ ജാക്കെറ്റുകള്‍, ബഫിന്‍റെ വിന്‍റെര്‍ ബൂട്ട്സ്, കൊളമ്പിയയുടെ ഓംനി ഹീറ്റ് പാന്റ്സ്, കൈയുറകള്‍, കഴുത്തും ചെവിയും മൂടുന്ന ബാലക്ലാവ, ഗ്രാബെറിന്‍റെ വാര്‍മറുകള്‍(Grabber Hand & Toe Warmers), ബൂട്ട്സിനടിയില്‍ ഇടുന്ന ക്രാംപോണ്‍സ് അങ്ങിനെ തണുപ്പ്-പ്രതിരോധ സാമഗ്രികള്‍ വിലകിഴിവില്‍ ഒത്തുവന്നപ്പോഴേക്കും യാത്രക്കുള്ള ദിവസമടുത്തു. സന്തതസഹചാരിയായ ക്യാമറക്ക്‌ രണ്ട് ബാറ്ററികള്‍ അധികമായി കരുതിയിരുന്നു.


ഫെബ്രുവരി ഒന്നാം തിയതി രാവിലെ കിട്ടിയതെല്ലാം വാരികൂട്ടി ഡെല്‍റ്റ എയര്‍ലൈന്‍സില്‍ ടോറോന്റോയില്‍ നിന്ന് ഞങ്ങള്‍ ഡിറ്റ്റോയിറ്റിലേക്ക് പറന്നു. അധികം പറന്നു നടക്കാതെ ഒരു മണിക്കൂറിനുള്ളില്‍ അവിടെയിറങ്ങി. സിയാറ്റിലേക്കുള്ള അടുത്ത യാത്ര നാലര മണിക്കൂറാണ്. ഒറ്റയടിക്ക് പറന്ന് ചെന്ന്  അലാസ്കയുടെ ഉച്ചിയില്‍ ഇറങ്ങണമെന്ന് മോഹിച്ചിട്ട് കാര്യമില്ലല്ലോ. വിമാനയാത്രയുടെ പതിവ് ആചാരങ്ങള്‍ക്ക് വിപരീതമായി ക്യാപ്റ്റന്‍റെ ചോദ്യം കേട്ടു, “നിങ്ങളൊക്കെ സിയാറ്റിലേക്കാണോ മാലിയിലേക്കാണോ? ഞാന്‍ നിങ്ങളെ സിയാറ്റിലേക്കേ കൊണ്ടു പോകൂ. അതു പോരെ?” ഇങ്ങിനെ യാത്രക്കാരോട് സംവദിക്കുന്ന പൈലറ്റിനെ ആദ്യമായാണ് കാണുന്നത്. 35 വര്‍ഷത്തെ സേവനത്തിനു ശേഷം അദ്ദേഹം പടിയിറങ്ങുകയാണെന്ന് കോ-പൈലറ്റ് യാത്രാവസാനം അറിയിച്ചപ്പോള്‍ വിമാനത്തില്‍ കൈയ്യടി മുഴങ്ങി. 

സഹയാത്രികനായ വ്യോമയാന പരിശീലകനുമായി സംസാരിച്ചിരുന്നതിനാല്‍ യാത്രയുടെ വിരസത അനുഭവപ്പെട്ടില്ല. സിയാറ്റിലിറങ്ങിയപ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ആശംസകള്‍ നേര്‍ന്ന് പിരിയുമ്പോള്‍ ഒരു കാര്യം മാത്രം അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു,Stay Warm.” ആങ്കറെജി (Anchorage)ലേക്കുള്ള യാത്രയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടായിരുന്നു. ജനുവരി 23 ന് ഗള്‍ഫ്‌ ഓഫ് അലാസ്കയില്‍ 7.9 തീവ്രതയിലുണ്ടായ ഭൂകമ്പം മൂലം അധികൃതര്‍ നല്‍കിയ സുനാമി മുന്നറിയിപ്പ് മനസ്സിലൊരു കരടായി കിടക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തിലെ സ്ക്രീനില്‍ തെളിഞ്ഞ  കാലാവസ്ഥ വ്യതിയാനങ്ങള്‍ നോക്കിയിരുന്നു കുഴഞ്ഞു. അധികം തളര്‍ത്താതെ വിമാനം തയ്യാറായ അറിയിപ്പ് മുഴങ്ങിയപ്പോള്‍ ആശ്വാസമായി. സിയാറ്റിലില്‍ നിന്ന് മൂന്ന് മണിക്കൂറാണ് ആങ്കറെജി (Anchorage)ലേക്കുള്ള യാത്രാസമയം. ഉച്ച തിരിഞ്ഞ് 2.30 മണിയോടെ ഞങ്ങള്‍ ആങ്കറെജിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാലുകുത്തി.

അമേരിക്കയുടെ 49-മത്തെ സ്റ്റേറ്റാണ് അലാസ്ക. 1867 ല്‍ റഷ്യയില്‍ നിന്ന് വാങ്ങി കൂട്ടത്തില്‍ ചേര്‍ത്തതാണെങ്കിലും അമ്പതെണ്ണത്തില്‍ വലിപ്പത്തിലും സൗന്ദര്യത്തിലും മുന്തിയത് ഇതു തന്നെ. കാനഡയോട് ചേര്‍ന്ന് കിടക്കുന്നോണ്ടാവും ഇത്ര സ്നേഹമെന്നൊരു കളിയാക്കല്‍ എനിക്ക് ചുറ്റും പാറി നടക്കുന്നുണ്ട്... മറ്റ് സ്റ്റേറ്റുകളെ “ലോവര്‍ 48” എന്നാണ് അലാസ്കയിലുള്ളവര്‍ വിശേഷിപ്പിക്കുക. ഇന്ന് റഷ്യയിലും പശ്ചിമ അലസ്കയിലുമായി ചിതറി പാര്‍ക്കുന്ന അല്യുട്ട് വംശജര്‍ അവരുടെ ഭാഷയില്‍ വിളിച്ചിരുന്ന അല്യുട്ട് അല്യൈസ്ക(പ്രധാന കര)യെയാണ് മിനുക്കിയെടുത്ത് “Alaska – The Last Frontier” എന്നൊക്കെ അലങ്കാരികതയോടെ നമ്മള്‍ പറയുന്നത്. ഗോത്രങ്ങളോടൊപ്പം ചരിത്രങ്ങളും ഇല്ലാതായ കഥകളൊക്കെ ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കാനാവില്ല..

 
എയര്‍പോര്‍ട്ടിനകത്തെ അലാസ്ക റെന്റല്‍സില്‍ ചെന്ന് മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്ന ജീപ്പ് കൈപ്പറ്റി. ഇനിയുള്ള പത്ത് ദിവസം ഞങ്ങളെ സഹിക്കേണ്ട ജീപ്പാണ്. അതിനെ നേരാവണ്ണമൊന്ന് വലംവെച്ച്‌ കയറിയിരുന്നു. ഒരു refurbished GPS ആണ് വഴികാട്ടി. തലത്തിരിഞ്ഞ ഞങ്ങള്‍ക്ക് തലത്തിരിഞ്ഞ വഴിയുമായി ആദ്യമൊന്ന് കളിപ്പിച്ചുവെങ്കിലും പിന്നെ ശരിയായി. Sygic Navigation ആപ്പിനെയും ഒരു കൈ സഹായത്തിന് കൂട്ടിയിരുന്നു. ഹോട്ടലില്‍ എത്തിയപ്പോഴേക്കും മൂന്നര മണിയായി. മുഖം നിറഞ്ഞു ചിരിക്കുന്ന ബെറ്റിയാണ് അവിടെ ഞങ്ങളെ സ്വീകരിച്ചത്. 1967ല്‍ 'ലോവര്‍ 48'ല്‍ നിന്ന് അലാസ്ക ഹൈവേയിലൂടെ സൈനീക വാഹനവ്യൂഹത്തില്‍ അലാസ്കയില്‍ എത്തിയതാണ് ബെറ്റി. അന്നത്തെ യാത്രയിലെ മങ്ങാത്ത ചിത്രമായി ഇന്നും കാനഡ അവരുടെ മനസ്സിലുണ്ട്. അതു കൊണ്ടാവും, "കാനഡയോടുള്ള പ്രണയം ഇപ്പോഴുമുണ്ട്ട്ടോ, ഒരിക്കല്‍ ഞാന്‍ വരുന്നുണ്ടെന്ന്..." മുഖത്തേക്ക് വീഴുന്ന സ്വര്‍ണ്ണ മുടിച്ചുരുളുകള്‍ മാടിയൊതുക്കുന്നതിനിടയില്‍  ബെറ്റി ഞങ്ങളോട് സ്വകാര്യം  പറഞ്ഞത്.

അലാസ്കയിലെ ഏറ്റവും ജനസാന്ദ്രത കൂടുതലുള്ള നഗരമാണ് ആങ്കറെജ്. വിമാനത്താവളത്തിലെ തിരക്കു തന്നെ പുറത്തെ കാര്യങ്ങള്‍ക്ക് വ്യക്തമാക്കിയിരുന്നു. മൂന്നു ലക്ഷത്തിനടുത്ത് ആളുകള്‍ ആങ്കറെജിലുണ്ടെന്നാണ് സര്‍ക്കാറിന്‍റെ കണക്ക്. യൂറോപ്യന്‍ ദേശാടകര്‍ വരുന്നതിന് മുമ്പേ അതബാസ്ക്കന്‍ ഗോത്രവംശക്കാര്‍ അവിടെയുണ്ടായിരുന്നു. അത് കണക്കില്‍പ്പെട്ടിട്ടുണ്ടോന്ന് അറിയില്ല. അധിനിവേശത്തിന്‍റെ മുറിപ്പാടുകളില്‍ നിന്ന് ചോരയിപ്പോഴും ഇറ്റുന്നുണ്ട്. അവകാശസമരങ്ങള്‍ക്ക് കൂടുതല്‍ തീര്‍ച്ചയും മൂര്‍ച്ചയും കൈവന്നിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം. നഗരത്തിലെ സായാഹ്ന തിരക്കൊഴിയാനായി ഞങ്ങള്‍ കാത്തു. പിറ്റേ ദിവസത്തേ യാത്രക്കുള്ള അത്യാവശ്യ സാധനങ്ങള്‍ ഇവിടെന്നു തന്നെ വാങ്ങണം.  

അഞ്ചു മണിയായപ്പോഴേക്കും ഇരുട്ടായി. വഴുതുന്ന റോഡിലൂടെ വാഹനങ്ങള്‍ തെന്നി നീങ്ങുന്നത്‌ കണ്ടതോടെ റോഡിലൂടെയുള്ള യാത്രയുടെ ഏകദേശ രൂപം പിടികിട്ടി. വാള്‍മാര്‍ട്ടില്‍ ചെന്ന് വാഹനത്തിന്‍റെ എഞ്ചിന്‍ ചൂടാക്കുന്നതിനുള്ള കേബിളും, ഐസില്‍ വാഹനം തെന്നുന്നത് തടയാനായി ടയറില്‍ ചുറ്റാറുള്ള ചങ്ങലയുമാണ് തിരഞ്ഞത്. ചങ്ങല കിട്ടിയില്ല.. കേബിളും, വെള്ളവും അത്യാവശ്യ ഘട്ടത്തില്‍ വയറു നിറക്കാനുള്ള സാധനങ്ങളു(ബിസ്ക്കറ്റ്, ചോക്ലേറ്റ്, നട്ട്സ്)മെടുത്ത് കൌണ്ടറിലെത്തി. പൈസ അടക്കാന്‍ നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത് വില്‍പ്പന നികുതി അടിച്ചു വരുന്നില്ല. ഇനി തെറ്റിയതാവോന്ന്, കരുതി വീണ്ടും നോക്കി... ശരിയാണ്, എല്ലാം വളരെ ശരിയാണ്! ആങ്കറെജില്‍ വില്‍പ്പന നികുതിയില്ല. 13% കൊടുത്ത് ശീലമായതോണ്ടാവും ബില്ലിലേക്ക് നോക്കുമ്പോഴൊക്കെ ഒരപാകത. എന്നാല്‍ ഈ സന്തോഷം ആങ്കറെജ് വിട്ടാല്‍ കിട്ടില്ലാന്നും അപ്പോള്‍ത്തന്നെ ഗൂഗിള്‍ പറഞ്ഞു. നമ്മളെ പോലെ തന്നെ ആരെങ്കിലും സന്തോഷിക്കുന്നത് ഗൂഗിളിന് ഇഷ്ടല്യാന്ന്! ടോറോന്റോ സമയം അലാസ്കയെക്കാളും നാല് മണിക്കൂര്‍ മുന്നിലാണ്. ഇവിടെ ആറു മണിയായപ്പോഴേക്കും ഞാനുറക്കം തൂങ്ങി തുടങ്ങിയിരുന്നു. നാളെ മുതല്‍ അലാസ്കയുടെ ഉള്‍ഭാഗങ്ങളിലേക്കാണ് പോകുന്നത്. നഗരത്തിരക്കില്‍ നിന്ന് അകലേക്ക്‌...the Endless Quest!!!




Blog Post Heading Courtesy: Native Aleut's

35 അഭിപ്രായങ്ങൾ:

  1. Well written Mubi... I think I must also get ready for an Akaska trip, inspired by your introduction...

    മറുപടിഇല്ലാതാക്കൂ
  2. ഇന്റീരിയർ അലാസ്കയിൽ ഒരു കൊല്ലം ജീവിച്ച ഒരു മലയാളി ഹാജർ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അറിയില്ലായിരുന്നു... കല്യാണി +ല്‍ പരാമര്‍ശിച്ചപ്പോഴാണ് ശ്രദ്ധിച്ചത്. സ്നേഹം പാട്രിക്:) കാണാം...

      ഇല്ലാതാക്കൂ
  3. loved it dear!good narrative.goid readabilty too. I love travelogues v much.

    മറുപടിഇല്ലാതാക്കൂ
  4. ഗംഭീരമായി, -7നെ പഴിച്ചുകൊണ്ടിരിക്കുന്ന ഞാനൊക്കെയെന്ത് ... :) ബാക്കി കൂടി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. വിന്ററിൽത്തന്നെ അലാസ്കയിലേക്ക് പോകാൻ തീരുമാനിച്ച ടീം... സമ്മതിക്കണം...

    കൊതിപ്പിക്കുന്ന യാത്രാവിവരണമാണ് കേട്ടോ... അല്ല, അറിയാൻ പാടില്ലാത്തതോണ്ട് ചോദിക്കുവാ... നിങ്ങൾക്കൊന്നും ജോലീം കൂലീം ഇല്ലേ...? എങ്ങനെ ഇങ്ങനെ ചുറ്റി നടക്കാൻ പറ്റുന്നു...? :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിനുവേട്ടാ... അവിടെ ആവശ്യത്തിന് മഞ്ഞുണ്ടോന്ന് നോക്കാന്‍ പോയതാ :) രണ്ട് മാസം അടുപ്പിച്ച് ഓഫീസില്‍ കണ്ടാല്‍ അവിടെയെല്ലാവരും ചോദിക്കാന്‍ തുടങ്ങും, "കുറച്ചൂസായല്ലോ ഇവിടെ, എങ്ങടും പോണില്ലേന്ന്..." ന്നാ ശരി അവരെ വിഷമിപ്പിക്കേണ്ടാന്ന് കരുതി പോയാല്‍, വിനുവേട്ടന്‍ ചോദിക്കും "ജോലീം കൂലീം" ഇല്ലേന്ന്...:) :) ഞാനിപ്പോ ന്താ ചെയ്യാ??

      ഇല്ലാതാക്കൂ
    2. അപ്പോൾ പിന്നെ ഓഫീസിലുള്ളവരെ വിഷമിപ്പിക്കണ്ട... യാത്രകൾ തുടരട്ടെ... :)

      ഇല്ലാതാക്കൂ
  6. വീണ്ടും അലാസ്‌കയിൽ. ഉം..., നടക്കട്ടെ... :)

    മറുപടിഇല്ലാതാക്കൂ
  7. As usual, wonderful write up. I feel like I am traveling with you. Waiting for the next parts

    മറുപടിഇല്ലാതാക്കൂ
  8. ഞാന്‍ വീണ്ടും വന്നു. മുബി കൂടുതല്‍ നന്നായിട്ടേ ഉള്ളൂ. പോരട്ടെ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുറേക്കാലായില്ലേ ബ്ലോഗില്‍ വന്നിട്ട്? വെട്ടത്താന്‍ ചേട്ടാ...സന്തോഷായി.

      ഇല്ലാതാക്കൂ
  9. വീണ്ടും ബ്ലോഗില്‍ കുട്ടിച്ചാത്തന്‍ കയറീന്നാ തോന്നണത്. നിഷയിട്ട കമന്റ്‌ ഇവിടെ കാണുന്നില്ല, ഇമെയില്‍ കിട്ടി. അത് ഞാനിവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു..
    Nisha has left a new comment on the post "'അല്യുട്ട് അല്യൈസ്ക'":

    As usual, wonderful write up. I feel like I am traveling with you. Waiting for the next parts

    നന്ദി നിഷ... ഒരിക്കല്‍ ഗൂഗിളിന് പരാതി കൊടുത്തതാണ്. വീണ്ടും കൊടുക്കേണ്ടിവരുന്നാണ് തോന്നുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കുട്ടിച്ചാത്തൻ എന്താണ് ചെയ്യുന്നതെന്ന് ഈയിടെയാണ് ഞാൻ കണ്ടുപിടിച്ചത്... കമന്റുകളെല്ലാം സ്പാം ഫോൾഡറിലേക്ക് വഴിമാറ്റി വിടുകയാണ് ദുഷ്ടന്റെ പരിപാടി... അവിടെ ചെന്ന് ആ കമന്റുകളെ ക്ലിക്ക് ചെയ്ത് 'നോട്ട് സ്പാം' എന്ന് മൂന്ന് തവണ മന്ത്രം ചൊല്ലി തിരികെ കൊണ്ടുവന്നാൽ മതി... :)

      ഇല്ലാതാക്കൂ
    2. എല്ലാ കമന്റും അവിടെയുണ്ടായിരുന്നു വിനുവേട്ടാ... നന്ദിട്ടോ :)

      ഇല്ലാതാക്കൂ
  10. യാത്രകൾ ഒത്തിരി ഇഷ്ടപ്പെടുന്ന എനിയ്ക്ക് ഈ വിവരണം ഒത്തിരി ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  11. ആദ്യമായിട്ടാണ് ദേശാന്തരാക്കാഴ്ചകളിൽ വരുന്നത്... യാത്രാ വിവരണമാണോ അതോ ചിത്രങ്ങളാണോ കൂടുതൽ ഇഷ്ടപ്പെട്ടതെന്ന സംശയം ബാക്കി ;-)

    വില്പനനികുതി ഇല്ലാത്ത രാജ്യം...'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്ന് ഇനി പറഞ്ഞാൽ അങ്കറേജ് നിവാസികൾ ഓടിക്കുമല്ലേ ;-)

    മറുപടിഇല്ലാതാക്കൂ
  12. വന്നതിലും, രണ്ട് വരി കുറിച്ചതിലും ഒരുപാട് സന്തോഷം മഹേഷ്‌... വീണ്ടും കാണുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി :)

    മറുപടിഇല്ലാതാക്കൂ
  13. കൊതിപ്പിക്കുന്നു ...
    ശരിക്കും അപൂർണ്ണമായ സ്വപ്നം
    സാക്ഷാൽക്കരിച്ച യാത്ര തന്നെയാണിത്
    കേട്ടോ മുബി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ മുരളിയേട്ടാ, സ്വപ്നം തന്നെയായിരുന്നു ഈ യാത്ര. കണ്ടു കഴിഞ്ഞാല്‍ വീണ്ടും കാണാന്‍ തോന്നുന്ന സ്വപ്നം!

      ഇല്ലാതാക്കൂ
  14. സല്യൂട്ട് അല്യുട്ട് അല്യൈസ്ക! മുബീ... എത്ര മനോഹരമാണ് ഈ ചിത്രങ്ങൾ! വല്ലാതെ കൊതിപ്പിക്കുന്നു. യാത്രകൾ ഒരു
    നിയോഗമാണ്. അത് സംഭവിക്കണമെങ്കിൽ ഒരു യോഗം തന്നെ വേണം. യാത്ര തുടരുക. എഴുത്തും! രണ്ടും ഞങ്ങളെ കൊതിപ്പിച്ചുകൊണ്ടിരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  15. മുബീ...അപ്പോ ഒറ്റ യാത്രയിൽ തന്നെ എത്ര വിമാനം കയറി? ആ ലാസ്റ്റ് ബട്ട് വൺ ഫോട്ടോ കിടു ആയി....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാഷേ, മൂന്ന് വിമാനം കയറേണ്ടി വന്നു.. :) ഹുസൈനോട് ഞാന്‍ പറയാം.

      ഇല്ലാതാക്കൂ
    2. എന്റൌമ്മോ....ഇവിടെ ഓട്ടോയിൽ കയറുന്ന പോലെയാണല്ലോ അവിടെ വിമാനം കയറുന്നത് !!!

      ഇല്ലാതാക്കൂ