Tuesday, March 20, 2018

ആകാശമേലാപ്പിലെ വിസ്മയങ്ങള്‍...

രാവിലെ എണീറ്റ്‌ ഒരുവട്ടം കൂടി ഇന്നലത്തെ സംഭവങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിച്ചെങ്കിലും മനസ്സ് ശൂന്യമായിരുന്നു. ഹസ്ക്കികളോടൊപ്പം മനസ്സും പോയോന്ന് ആലോചിച്ചു കൊണ്ടാണ് തീന്മുറിയിലെത്തിയത്. ഭക്ഷണം കഴിക്കാന്‍ കൂട്ടിന് കിട്ടിയതോ ഗൗരവക്കാരനായ ഒരാളെയും. ഒറ്റനോട്ടത്തില്‍ ആരും സൗഹൃദത്തിന് മുതിരാത്ത പ്രകൃതം. മുഖത്ത് ഒരു ചെറുപുഞ്ചിരി പോലുമില്ലാതെയാണ് സുഖവിവരങ്ങള്‍ ചോദിച്ചറിയുന്നത്‌. പിന്നീട് എപ്പോള്‍ കണ്ടാലും അദ്ദേഹം "Be Safe & Be Warm" എന്നു സ്വത്വസിദ്ധമായ ഗൗരവത്തോടെ ഓര്‍മ്മപ്പെടുത്തുമായിരുന്നു. ഭക്ഷണമൊക്കെ കഴിഞ്ഞിറങ്ങിയത് ഹോട്ടലിനടുത്ത്‌ തന്നെയുള്ള Pioneer Park ലേക്കായിരുന്നു.


പ്രധാന ലക്ഷ്യം ഹുസൈന് പടംപിടിക്കലും എനിക്കെന്‍റെ അലച്ചിലുമായിരുന്നു. ചെനാ പുഴയുടെ വീതി കുറഞ്ഞൊരു ഭാഗമുണ്ട് പാര്‍ക്കിനരികില്‍. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മരങ്ങള്‍ കണ്ടിട്ടാണെനിക്ക് പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പു പാലം കടന്നാല്‍ കാടാണെന്ന തോന്നലുണ്ടായത്‌. മരങ്ങള്‍ക്കിടയില്‍ തീരെ വ്യക്തമല്ലാത്തൊരു ട്രെയിലിലൂടെ ഞാന്‍ നടന്നു. അസ്ഥി തുളച്ചിറങ്ങുന്ന തണുപ്പിനേക്കാള്‍ തീവ്രതയുണ്ട് അലാസ്കയുടെ നിശബ്ദതക്ക്. പൈന്‍മരങ്ങളോട് കിന്നാരം മൂളി കടന്നു പോകുന്ന കാറ്റിന് പോലും ആ നിശബ്ദതയെ ഭേദിക്കാനാവുന്നില്ല. കുറച്ച് ദൂരം പോയപ്പോള്‍ മുന്നിലേക്ക് വഴി കാണാത്തതിനാല്‍ ഞാന്‍ നടത്തം നിര്‍ത്തി. നഗരത്തിനുള്ളില്‍ പോലും കരടികള്‍ സ്വൈരവിഹാരം നടത്തുന്ന സ്ഥലമാണ്. ഇനി ഞാനായിട്ട് അവരുടെ പ്രദേശത്തേക്ക് അതിക്രമിച്ചുകയറി പ്രശ്നങ്ങളുണ്ടാക്കരുതല്ലോ.

ഒന്‍പത് മണി കഴിഞ്ഞിട്ടും നീലാകാശത്ത് ചന്ദ്രിക പപ്പട വട്ടത്തില്‍ ചിരിച്ചു നില്‍ക്കുകയാണ്. പാലത്തിനു കീഴെ പുഴയുടെയൊരു ഭാഗത്ത് വെള്ളമുണ്ട്. അതിലാണ് താറാവു കൂട്ടങ്ങളുടെ മേളം. ചുറ്റിലുമുള്ളത് ഉറഞ്ഞു പോയിട്ടും കുറച്ചു ഭാഗത്ത്‌ മാത്രമായി വെള്ളമുള്ളത് മക്കള്‍ക്കായി പ്രകൃതിയുടെ കരുതലാവാം. പുഴയിലേക്കിറങ്ങാനുള്ള പടികളില്‍ മഞ്ഞ് കൂമ്പാരമായി കിടക്കുകയാണ്. തീര്‍ത്തും ഉറഞ്ഞു പോയിട്ടില്ലാത്തതിനാല്‍ അതിലേക്കിറങ്ങാന്‍ അത്ര ധൈര്യമില്ലായിരുന്നു. ആവശ്യത്തിന് ഫോട്ടോയെടുക്കാന്‍ ചന്ദ്രിക നിന്നു കൊടുത്തെന്ന് തോന്നുന്നു. ഞാന്‍ അലഞ്ഞുതിരിഞ്ഞു വന്നപ്പോഴേക്കും ക്യാമറയെ കുത്തി നിര്‍ത്തിയ കാലുകളൊക്കെ മടക്കി വെക്കുകയായിരുന്നു ക്യാമറാമാന്‍.


പര്‍ക്കിനടുത്തുള്ള മ്യുസിയം തുറന്നിട്ടുണ്ടായിരുന്നില്ല അതിനാല്‍ ഞങ്ങള്‍ അവിടെന്ന് മോറിസ് & തോംപ്സണ്‍ സെന്‍ററിലേക്ക് പോയി. ഇന്നലെ നടന്ന മാമാങ്കത്തിന്‍റെ യാതൊരു ലക്ഷണവും അവിടെ കാണാനില്ല. ഓര്‍മ്മകള്‍ അയവിറക്കാനെങ്കിലും എന്തെങ്കിലും തട്ടും പൊടിയും ബാക്കി വേണ്ടേ? ഇതിന്‍റെ മുറ്റത്ത് വെച്ചാണ് ആളും ആരവങ്ങളുമായി യുകോണ്‍ ക്വസ്റ്റ് പുറപ്പെട്ടതെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ തല്ല് കൊള്ളും. എത്ര പെട്ടെന്നാണ് ഇവിടെയെല്ലാം വൃത്തിയാക്കി സാധാരണ നില പുനസ്ഥാപിച്ചത്. സെന്‍ററിന് ഞായറാഴ്ച മുടക്കമില്ലെന്ന് ഇന്നലെ സംസാരത്തിനിടക്ക് റോമോ പറഞ്ഞിരുന്നു. ബൂട്ട്സിലെ മുള്ള് ജീപ്പില്‍ തന്നെ ഊരിവെച്ചിട്ടാണ് ഞാന്‍ അങ്ങോട്ട്‌ പോയത്. ഇല്ലെങ്കില്‍ ഇന്നും എന്നെ പുറത്ത് നിര്‍ത്തും!

അലാസ്കയുടെ ഉള്‍പ്രദേശങ്ങളിലേക്ക് പോകാനുള്ള ബേയ്സ് ക്യാമ്പായാണ് ഫെയര്‍ബാങ്ക്സ് അറിയപ്പെടുന്നത്. 9000 ചതുരശ്ര അടിയില്‍ തീര്‍ത്ത കെട്ടിടത്തില്‍ പ്രദര്‍ശന വസ്തുക്കള്‍, സിനിമ, ഡോക്ക്യുമെന്‍റ്റികള്‍, കലാപരിപാടികളെന്നിവ മാത്രമല്ല, കാലാവസ്ഥ വിവരങ്ങളും, ഭൂപടങ്ങളും, ചെറുതും വലുതുമായ ടൂര്‍ പ്രോഗ്രാമുകളുടെ വിശദാംശങ്ങളും ലഭ്യമാണ്. സെന്ററില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സന്ദര്‍ശകര്‍ക്ക് വളരെയേറെ ഉപകരിക്കും. അകത്ത് കയറിയപ്പോള്‍ ഷേര്‍ലിയാണ് സ്വീകരിച്ചത്. ഞങ്ങളുടെ പരിപാടികളുടെ ഏകദേശ രൂപം പിടികിട്ടിയ ഷേര്‍ലി, വേണ്ട ഭൂപടങ്ങളും മറ്റു ചെറുവിവരങ്ങളും തന്ന്, ആവേശത്തിന് മൂര്‍ച്ച കൂട്ടുകയാണ് ചെയ്തത്. രാത്രിയില്‍ പരിചയമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കരുതെന്ന് മാത്രമായിരുന്നു അവര്‍ ഞങ്ങളോട് ഉപദേശിച്ചത്. മറ്റൊന്നും കൊണ്ടല്ല, ഇരുട്ടത്ത്‌ വെള്ളമാണോ പറമ്പാണോന്ന് തിരിച്ചറിയാതെ വണ്ടി നിര്‍ത്തിയിട്ട് സഞ്ചാരികള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണെന്നവര്‍ പറഞ്ഞു. അന്നേ ദിവസത്തെ പരിപാടി കഴിഞ്ഞാല്‍ പിറ്റേന്നു സെന്‍ററില്‍ വന്ന് വിശേഷങ്ങള്‍ പങ്കുവയ്ക്കണമെന്ന് സ്നേഹപൂര്‍വ്വം ഏല്‍പ്പിച്ചിട്ടാണ് ഷേര്‍ലി ഞങ്ങളെ യാത്രയാക്കിയത്.


ഫെയര്‍ബാങ്ക്സില്‍ നിന്ന് പതിനാല് മൈലകലെ തെക്കുകിഴക്കായിട്ടൊരു കുഞ്ഞു പട്ടണമുണ്ട്. അതാണ്‌ "നോര്‍ത്ത്-പോള്‍!" അവിടേക്ക് ഇരുപത് മിനിറ്റ് കൊണ്ടെത്താം. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടൊരിടമാണ് നോര്‍ത്ത് പോള്‍. അതിനാല്‍ ഈ യാത്ര കുസൃതികളായ കുക്കുടുവിനും, അലയാണ്ട്രോക്കും, ആനിക്കും ടെയ്ലര്‍ക്കും വേണ്ടിയായിരുന്നു. അവര്‍ക്കൊപ്പം ചുവപ്പും വെള്ളയും കുപ്പായമിട്ട് സമ്മാനപ്പൊതിയുമായി വെള്ളത്താടിയും മുടിയുമായൊരു അപ്പൂപ്പന്‍ വരുന്നത് സ്വപ്നം കണ്ടിരുന്നെന്‍റെ ബാല്യവും ചേര്‍ന്നു. ക്രിസ്മസ് അപ്പൂപ്പനായ സാന്താ ക്ലോസിന്‍റെ വീട് ഇവിടെയാണ്‌. വര്‍ഷത്തില്‍ ആയിരക്കണക്കിനു കത്തുകളാണ് കുട്ടികളുടെതായി സാന്താ ക്ലോസ് ഹൗസിലെത്തുന്നത്. ക്രിസ്മസിന് മുമ്പായി സാന്തക്ക് കത്തെഴുതി കാത്തിരിക്കുന്നവരാണ് മുകളില്‍ പേരെഴുതിയ എന്‍റെ കുരുന്നുകള്‍. പെയിന്റ് ബോക്സും, സ്കേറ്റിംഗ് ഷൂസും, വീഡിയോ ഗെയിംസും, കഥാ പുസ്തകങ്ങളും, ഗിറ്റാറും മാത്രമല്ല അവര്‍ സാന്തയോട് ആവശ്യപ്പെടുക. കുടുംബസമേതം യുറോപ്പിലേക്കുള്ള വിമാന ടിക്കെറ്റുകളും പട്ടികയില്‍ ഉള്‍പ്പെടുത്തി സാന്തയെ കഷ്ടത്തിലാക്കുന്നവരാണ്. അവരുടെ കത്തുകളെല്ലാം അവിടെ കിട്ടുന്നുണ്ടെന്നും, അതെല്ലാം സാന്തയുടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവരോടെനിക്ക് പറയേണ്ടിയിരുന്നു.

കൊല്ലത്തില്‍ 365 ദിവസവും ക്രിസ്മസാണ് നോര്‍ത്ത് പോളില്‍. രണ്ടായിരത്തി ഇരുന്നൂറ് ആളുകള്‍ പാര്‍ക്കുന്ന കൊച്ചു പട്ടണത്തിലേക്ക് കടക്കുമ്പോഴേ കാണാം റോഡിനിരുവശവുമുള്ള ചുവപ്പും വെള്ളയും നിറത്തിലുള്ള Candy Cane നുകള്‍. റിച്ചാര്‍ഡ്സണ്‍ ഹൈവേയിലൂടെയുള്ള യാത്രയില്‍ വീണ്ടും മൂസുകള്‍ തന്നെയാണ് വഴികാട്ടിയത്. വെള്ളയും ചുവപ്പും നിറത്തിലുള്ള രണ്ട് കെട്ടിടങ്ങള്‍ക്ക് മുന്നില്‍ത്തന്നെയുണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലം. ഒന്ന് രണ്ട് വാഹനങ്ങള്‍ അവിടെയിവിടെയായി കിടക്കുന്നുണ്ട്. കുട്ടികളെയും കൊണ്ടു വാരാന്ത്യം ചിലവഴിക്കാന്‍ ഇറങ്ങിയവരാണ്. സാന്തയുടെ കൂറ്റന്‍ പ്രതിമയും സ്ലെഡുമാണ് എല്ലാവരെയും ആകര്‍ഷിച്ചിരിക്കുന്നത്. കുട്ടികളെ പോലെ ഞാനും ആ സ്ലെഡിലൊന്നു കയറിയിരുന്നു. ഐസ് ശില്‍പ്പങ്ങളുടെ പാര്‍ക്കും അതിനടുത്ത് തന്നെയുണ്ട്‌. മഞ്ഞു മൂടികിടക്കുന്ന ഈ പ്രദേശം വര്‍ഷം മുഴുവന്‍ ക്രിസ്മസ് പ്രസരിപ്പോടെ നില്‍ക്കുന്നതിനു പിന്നില്‍ രണ്ട് വ്യക്തികളുടെ അതിജീവനത്തിന്‍റെ കഥയുണ്ട്.

1949ല്‍ മില്ലര്‍ കുടുംബം ഫെയര്‍ബാങ്ക്സിലെത്തുമ്പോള്‍ അവരുടെ കൈവശമുണ്ടായിരുന്നത് രണ്ട് ഡോളറും വിശക്കുന്ന രണ്ട് കുഞ്ഞുങ്ങളുമായിരുന്നു. കുടുംബനാഥനായ കോണ്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് മൃദുരോമങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കച്ചവടത്തിലേര്‍പ്പെട്ടു. ഇതിനിടയിലും കോണ്‍ ക്രിസ്മസിന് ഗ്രാമത്തിലെ കുട്ടികള്‍ക്കായി സാന്തയുടെ വേഷമണിഞ്ഞിരുന്നു. അങ്ങിനെയിരിക്കെ നോര്‍ത്ത് പോളെന്ന് പുതുതായി നാമകരണം ചെയ്ത പട്ടണത്തില്‍ ഒരു കട തുടങ്ങാന്‍ മില്ലര്‍ കുടുംബം തീരുമാനിക്കുകയുണ്ടായി. പുതിയ സ്ഥലത്ത് കടയുടെ പണിയില്‍ മുഴുകിയിരിക്കുന്ന കോണിന്‍റെ അടുക്കലേക്കൊരു കുട്ടി ഓടിയെത്തി, “സാന്ത പുതിയ വീടുണ്ടാക്കുകയാണോന്ന്” ചോദിച്ചുവെത്രേ. അതായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്.


സ്ഥാപനത്തിന് മില്ലര്‍ കുടുംബം സാന്താ ക്ലോസ് ഹൌസ് എന്ന് പേര് നല്‍കി. ആ ചെറു പട്ടണത്തിലേ ജനങ്ങള്‍ക്ക്‌ ആവശ്യമായ സാധനങ്ങള്‍ മാത്രമല്ല അവരുടെ തപാല്‍ ഉരുപ്പെടികള്‍ സൂക്ഷിക്കുന്ന ഇടവുമായി സാന്താ ക്ലോസ് ഹൌസ്. വൈകുന്നേരങ്ങളില്‍ ആളുകള്‍ അവിടെ കൂടിയിരിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനും തുടങ്ങിയതോടെ ഒരു കച്ചവടകേന്ദ്രം എന്നതിലുപരിയായി ആ സ്ഥാപനം പട്ടണവാസികള്‍ക്ക് ജീവിതത്തിലൊഴിച്ചു കൂടാനാവാത്ത ഒന്നായി മാറുകയായിരുന്നു. മില്ലര്‍ കുടുംബത്തിനു സമൂഹത്തിനോടുള്ള പ്രതിബദ്ധതയുടെ തുടര്‍ച്ചയെന്നോണം പത്തൊന്‍പതു വര്‍ഷം നോര്‍ത്ത് പോള്‍ മേയറായി സേവനമനുഷ്ഠിച്ചു കോണ്‍ മില്ലര്‍. സാന്ത അയക്കുന്ന മറുപടി കത്തുകളില്‍, സാന്ത ക്ലോസ് ഡോളര്‍, സാന്തയുടെ പടം, പിന്നെ “I am on Santa’s good list” എന്നെഴുതിയൊരു സ്റ്റിക്കറുമുണ്ടാവും. ഓരോ കത്തും പോസ്റ്റ്‌ മാര്‍ക്ക്‌ ചെയ്തു അഡ്രസും വെച്ചു തന്നെയാണ് കുഞ്ഞുങ്ങള്‍ക്ക്‌ അയക്കുന്നത്. ഞങ്ങള്‍ പോയ സമയത്ത് പുനരുദ്ധാരണത്തിനായി കട അടച്ചിരിക്കുകയായിരുന്നു. ഇനിയത് മെയ്‌ ഒന്നിനെ തുറക്കൂ. അതിനാല്‍ ഉള്ളിലേക്ക് കയറാന്‍ പറ്റിയില്ല. കുസൃതികളെ കാണിക്കാനായി കുറച്ച് പടങ്ങളെടുത്ത് ഞങ്ങള്‍ അവിടെന്ന് മടങ്ങി.

യൂണിവേര്‍‌സിറ്റി ഓഫ് അലാസ്കയുടെ നോര്‍ത്ത് മ്യുസിയം കാണാനാണ് നോര്‍ത്ത് പോളില്‍ നിന്ന് പാഞ്ഞു വന്നത്. അടഞ്ഞു കിടക്കുന്ന മുന്‍വാതിലിന് മുന്നില്‍ നിന്നപ്പോഴാണ് ഞായറാഴ്ച ഒഴിവു ദിവസമാണല്ലോന്നോര്‍ത്തത്. തിരിച്ച് ഹോട്ടലിലെത്തി ഗൂഗിളില്‍ നിന്ന് കുറച്ച് മേല്‍വിലാസങ്ങളും പെറുക്കിയെടുത്തു ഒന്നരമണിയോടെ ഞങ്ങള്‍ വീണ്ടും പുറത്തിറങ്ങി. “Creamer’s Field Migratory, Waterfowl Refuge”ലേക്കായിരുന്നു ആദ്യം പോയത്. രണ്ടായിരത്തി ഇരുന്നൂര്‍ ഏക്കറോളം വരുന്ന പാടങ്ങളും, ചതുപ്പ് നിലങ്ങളും മഞ്ഞിനടിയിലാണ്. ആളുകള്‍ അവരുടെ നായകളുമായി പാടത്ത് നടക്കാന്‍ ഇറങ്ങിയിട്ടുണ്ട്. പാടത്തേക്കിറങ്ങുന്നിടത്തായി ഒരു ബോര്‍ഡില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു,“Wild life comes first..” ബാള്‍ഡ് ഈഗിളിനെ കാണുമെന്ന പ്രതീക്ഷയിലാണ് പോയത്. കാക്ക കുടുംബത്തിലെ റെവന്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്...


തിരിച്ചു പോരുന്നതിനു മുമ്പായി അടുത്തൊരു ഐസ് പാര്‍ക്കുണ്ടെന്നു ഗൂഗിള്‍ പറഞ്ഞത് ഓര്‍മ്മയിലെത്തിയത്. Marion Drയെന്ന് ജിപിഎസില്‍ തിരഞ്ഞെങ്കിലും, യാതൊരു പ്രതികരണവുമുണ്ടായില്ല. പിന്നെ സയ്ജിക്കിനെ കൂട്ട് പിടിച്ചു. അതും തോറ്റ് പിന്മാറി. നല്ല റേറ്റിംഗ് കണ്ട സ്ഥലത്തിന്‍റെ അഡ്രെസ്സ് കാണുന്നില്ലെന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ക്കും ആകാംഷയേറി. അവസാനം ഗൂഗിളില്‍ തന്നെ വഴി കാണിക്കാന്‍ തയ്യാറായി. അത് പറയുന്ന വഴിയെ പോയി… തീര്‍ത്തും വിജനമായ വഴിയുടെ അറ്റത്ത്‌ ഉപേക്ഷിക്കപ്പെട്ട നിലയിലൊരു കെട്ടിടമുണ്ട്. പരിസരം വീക്ഷിച്ചപ്പോള്‍ ഒരു പന്തികേട്‌ തോന്നി. പേടിച്ച് ഐസാവണ്ടാന്ന് കരുതി ഞങ്ങളവിടെയിറങ്ങിയില്ല. തിരിച്ചു പോരുമ്പോള്‍ രാവിലെ പോയ Pioneer Parkക്കിനടുത്തുള്ള മ്യുസിയത്തിലിറങ്ങി. അതിനകത്തേക്ക് പ്രവേശനം സൗജന്യമാണ്. ഗോള്‍ഡ്‌ റഷ് കാലത്തെ അനുസ്മരിപ്പിക്കുന്ന സാധനങ്ങളും കെട്ടിടങ്ങളുമാണ് അവിടെ. മിക്കതും പഴയ തലമുറ സംഭാവന ചെയ്തതാണ്. Pioneer Air Museumവും ഇതിനകത്ത് തന്നെയാണ്. വേനല്‍ക്കാലത്തായിരിക്കും ഇതു കാണാന്‍ കൂടുതല്‍ രസകരമായിരിക്കുക.

ഭക്ഷണം കഴിച്ചു മുറിയിലെത്തിയ ഞങ്ങള്‍ രാത്രി എട്ടര മണിവരെ കിടന്നുറങ്ങി. ആകാശത്ത് നൃത്തം ചെയ്യുന്ന മായിക വെളിച്ചങ്ങളെന്നു അറിയപ്പെടുന്ന “അറോറ ബോറിയാലിസ്(Aurora Borealis)’’ കാണുമെന്ന പ്രതീക്ഷയോടെയാണ് ഉറങ്ങിയെണീറ്റത്. പ്രതീക്ഷ മാത്രമാണ്, പ്രകൃതി തന്നെ കനിയണം. കാരണം കഴിഞ്ഞ വര്‍ഷം പത്ത് ദിവസം രാവും പകലുമില്ലാതെ ഐസ് ലാന്‍ഡില്‍ മാനം നോക്കി നടന്നിട്ടും ഒരു കാര്യവുമുണ്ടായില്ല... അറോറ പ്രവചനം പത്തില്‍ ഒന്‍പതെന്ന് പറഞ്ഞെങ്കിലും മേഘങ്ങളെ കൊണ്ടു മറച്ചുവെച്ച് 'കാണാന്‍ സമയമായിട്ടില്ല പാത്തൂ'ന്നും പറഞ്ഞു വെറുംകയ്യോടെ തിരിച്ചയച്ചതാണ്. യൂണിവേര്‍‌സിറ്റി ഓഫ് അലാസ്കയുടെ അന്നത്തെ അറോറ പ്രവചനം പത്തില്‍ നാലെന്ന റേറ്റിങ്ങിലായിരുന്നു. അത് കൊണ്ടുതന്നെ കാണുമെന്ന പ്രതീക്ഷ തീരെയുണ്ടായിരുന്നില്ല. തണുപ്പത്ത് മാനം നോക്കി നക്ഷത്രങ്ങളെയെങ്കിലും കാണാലോന്ന് കരുതിയാണ് പുറപ്പെട്ടത്‌.

ഷേര്‍ലിയുടെ ഉപദേശം മാനിച്ച് രാത്രി കറക്കം ഞങ്ങള്‍ Expedia വഴി ഒരു ടൂര്‍ കമ്പനിയുമായി പറഞ്ഞുറപ്പിച്ചു. ഹോട്ടലില്‍ വന്ന് അവര്‍ നമ്മളെ കൊണ്ടുപോകുമെന്നാണ്‌ പറഞ്ഞിരിക്കുന്നത്. കൃത്യം 9.15നു ജെറി ചേട്ടന്‍ ഞങ്ങളെ ഹോട്ടല്‍ ലോബിയില്‍ നിന്ന് പൊക്കി. പത്ത് മണിയോടെ ഞങ്ങളെ പോലെ  പത്തു പേരെ കൂടി ജെറി പലയിടങ്ങളില്‍ നിന്നായി പൊക്കിയെടുത്ത് നഗരം വിട്ടു. നഗരത്തില്‍ നിന്നേതോ ഉള്‍പ്രദേശത്തേക്കാണ്‌ പോകുന്നത്. വാഹനത്തിന്‍റെ വെളിച്ചമല്ലാതെ മറ്റു വെളിച്ചങ്ങളൊന്നുമില്ല. വണ്ടിയിലെ ഹീറ്ററില്‍ നിന്ന് ചൂട് കിട്ടുന്നില്ലാന്ന് പരാതി പറഞ്ഞ കാലിഫോര്‍ണിയക്കാരനോട്, “കുറച്ചൊക്കെ ഞങ്ങളുടെ ജീവിതവും ഒന്നറിയെന്‍റെ ചെങ്ങായി..” യെന്നായിരുന്നു ജെറിയുടെ മറുപടി.

അമ്പത്‌ മിനിട്ടോളം ഇരുട്ടിലൂടെ സഞ്ചരിച്ച് ഞങ്ങളെത്തിയത് വിജനമായൊരിടത്താണ്. മഞ്ഞു മൂടിയ പറമ്പില്‍ മരം കൊണ്ടു തീര്‍ത്ത രണ്ടു കാബിനുകളുണ്ട്. പിന്നെ ജെറിയുടെ മുതലാളിയുടെ വീടും. അറോറ കാണുമെന്ന് യാതൊരു പ്രതീക്ഷയും വേണ്ടെന്നാണ് ജെറി ഇങ്ങെത്തുന്നതുവരെ ഞങ്ങളോട് പറഞ്ഞു കൊണ്ടേയിരുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും ഒരേയൊരു ഉത്തരം മാത്രം, “Depends on Mother Nature...No Complaints!” പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവര്‍ക്ക് അങ്ങിനെ പറയാനല്ലേ കഴിയൂ. ഇരുട്ടത്ത്‌ തപ്പിത്തടഞ്ഞ് ഞങ്ങള്‍ അവിടെയിറങ്ങി നടക്കുമ്പോള്‍ മാത്രമാണ് ജെറി തിരക്ക് കൂട്ടിയത്. മാനത്തു വെള്ളി വെളിച്ചം പരന്നിട്ടുണ്ട്. ഇനി അധികം താമസമുണ്ടാവില്ലാന്നയാള്‍ പറഞ്ഞിട്ടും എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല.


ഞങ്ങള്‍ക്കുള്ള കാബിനില്‍ ചെന്ന് ക്യാമറ ശരിയാക്കി തണുപ്പിനുള്ളതെല്ലാം എടുത്തിട്ട് പുറത്ത് ചാടി. ചുറ്റും കണ്ണാടി ജാലകമുള്ള കാബിനായതിനാല്‍ അതിനുള്ളില്‍ ഇരുന്നാലും അറോറ കാണാം. മഞ്ഞും തണുപ്പും പിന്നെ കാറ്റും… ഞങ്ങളുടെ കൂടെ വന്നവരില്‍ മിക്കയാളുകളും അതിനുള്ളില്‍ തന്നെയിരുന്നു. ജെറിയുടെ പ്രവചനം ശരിയായിരുന്നു. പത്ത് പതിനഞ്ചു മിനിട്ടിനുള്ളില്‍ ആകാശത്ത് നിറങ്ങളുടെ നൃത്തമാരംഭിച്ചു. കാറ്റിലാടുന്ന ജാലകവിരിപോലെ നിറങ്ങള്‍ മാനത്ത് അലകളായി ഉയര്‍ന്ന് താഴുകയാണ്. വടക്കു കാണുന്നതിനെ “ബോറിയാലിസെ'ന്നും ദക്ഷിണദിശയില്‍ കാണുന്നതിനെ “ഓസ്ട്രാലിസ്” എന്നുമാണ് ശാസ്ത്രീയമായി വിളിക്കുന്നത്‌. 1619ല്‍ ഗലീലിയോയാണ് ഗ്രീക്ക് വാക്കുകളായ 'അറോറ'യും 'ബോറീസും' ചേര്‍ത്ത് ഈ പ്രതിഭാസത്തെ  അറോറ ബോറിയാലിസ് എന്നു വിളിച്ചത്. ഗ്രീക്ക് ഭാഷയില്‍ അറോറയെന്നാല്‍ ഉദയമെന്നും ബോറിസെന്നാല്‍ കാറ്റെന്നുമാണ് അര്‍ത്ഥം. ഇതിനെക്കുറിച്ച് രസകരമായൊരു കഥയുണ്ട് ഗ്രീക്ക് മിത്തോളജിയില്‍. സൂര്യചന്ദ്രന്മാരുടെ സഹോദരിയായ അറോറ പാതിരാത്രി കഴിഞ്ഞാലുടനെ തന്‍റെ വര്‍ണ്ണശബളമായ രഥത്തില്‍ കയറി ആകാശചെരുവിലൂടെ സഹോദരങ്ങളോട് പുതിയൊരു ദിനത്തിന്‍റെ ഉദയമറിയിക്കാന്‍ പോകുന്നതാണത്രേ നമ്മള്‍ കാണുന്നത്. റോമാക്കാരുടെ വിശ്വാസപ്രകാരവും ഉദയത്തിന്‍റെ ദേവതയാണ് അറോറ. ഈ കഥയൊക്കെ യൂറോപ്പിലെത്തിയാല്‍ മാറും. വല്ലപ്പോഴും അറോറ കാണുന്ന ഫ്രഞ്ചുകാര്‍ക്കും ഇറ്റലിക്കാര്‍ക്കും ഇതൊരു അപശകുനമാണത്രെ. പ്രകൃതി ദുരന്തം, യുദ്ധം, പ്ലേഗ് എന്നിവ വരുന്നതിന്‍റെ സൂചനയായാണ് അവരിതിനെ കാണുന്നത്.

മരിച്ചു പോയ ആത്മാക്കള്‍ ഭൂമിയിലുള്ള പ്രിയപ്പെട്ടവരുമായി സംവദിക്കാന്‍ വരുന്നതെന്നാണ് വടക്കേ അമേരിക്കയിലെ ആദിമഗോത്രക്കാരുടെ വിശ്വാസം. ഓസ്ട്രേലിയന്‍ ഗോത്രവംശരാകട്ടെ അവരുടെ ദൈവങ്ങളുടെ നൃത്തമായിതിനെ കാണുന്നു. വിശ്വാസങ്ങളും കഥകളുമായി പിടിതരാതെ അറോറ അങ്ങിനെ വഴുതി മാറുമ്പോള്‍ ആകാശത്ത് കണ്ണുംനട്ടിരിക്കുന്നവര്‍ ഇതിന്‍റെ തീരാത്ത പഠനങ്ങളില്‍ മുഴുകുകയാണ്. സൂര്യനില്‍ നിന്നുള്ള ചാര്‍ജിതകണങ്ങള്‍ ഭൗമാന്തരീക്ഷത്തിലുള്ള വാതകകണങ്ങളുമായി കൂട്ടിമുട്ടുമ്പോഴാണ് അറോറ ബോറിയാലിസ് അഥവാ നോര്‍ത്തേണ്‍ ലൈറ്റ്സുണ്ടാകുന്നതെന്നാണ് ലളിതമായ ശാസ്ത്രീയ വിശദീകരണം. ഭൂമിയില്‍ നിന്ന് 60 മൈല്‍ മുകളിലുള്ള ഓക്സിജന്‍ തന്മാത്രകളുമായി തട്ടുമ്പോഴാണത്രെ സാധാരണയായി കാണുന്ന മഞ്ഞ കലര്‍ന്ന പച്ച നിറമുണ്ടാവുന്നത്. നീലം കലക്കുന്നത് നൈട്രജനാണ്. ഇതു തന്നെ പഠിച്ച് തീര്‍ന്നില്ല. അപ്പോഴാണ്‌ കഴിഞ്ഞാഴ്ച മാനം നോക്കിയിരുന്ന ഒരു കാനേഡിയന്‍ ശാസ്ത്രഞ്ജന്‍ ‘സ്റ്റീവെ’ന്ന പുതിയ തരം അറോറ ബോറിയാലിസ് കണ്ടുപിടിച്ചത്. Strong Thermal Emission Velocity Enhancement എന്നതിന്‍റെ ചുരുക്കമാണ് STEVE.  ധൂമ്രവര്‍ണ്ണവും പച്ച നിറവുമാണ്‌ ഇതിന്‍റെയൊരു പ്രത്യേകത ബാക്കിയൊക്കെയിനി നാസ പറയണം.


തണുപ്പിനെയകറ്റാന്‍ മഞ്ഞു പറമ്പിലൊരു കുഴി കുഴിച്ചു ആളുകള്‍ തീക്കൂട്ടുന്നുണ്ട്. ആകാശ വിസ്മയത്തിന്‍റെ അത്ഭുതങ്ങളില്‍ മിഴിനട്ട് നില്‍ക്കുന്നവര്‍ക്ക് തണുപ്പറിയുന്നില്ലെന്ന് തോന്നുന്നു. കമാനം പോലെ നീലാകാശത്തില്‍ പരക്കുന്ന വെള്ളി വെളിച്ചം ആദ്യം മാഞ്ഞു പോകും. കുറച്ച് നേരം മനസ്സില്‍ ആശങ്കയുണ്ടാക്കാനായി പ്രകൃതിയുടെ കളി. പിന്നെ ആരോ പൊഴിക്കുന്ന സംഗീതത്തിന്‍റെ താളത്തിനനുസരിച്ചു ദൂരെയൊരു കോണില്‍ ചെറുതായി കാണുന്ന നീല വരകളാണ് പതുക്കെപ്പതുക്കെ മാനത്താകെ പച്ച നിറത്തില്‍ പരക്കുന്നത്. വെള്ളയില്‍ നിന്ന് നീലയിലേക്കും പിന്നെ പച്ചയിലേക്കും അതങ്ങിനെ തെളിഞ്ഞും മറഞ്ഞും പ്രകൃതി ഞങ്ങള്‍ക്ക് മുന്നില്‍ വിസ്മയം തീര്‍ക്കുകയാണ്... ഒപ്പത്തിനൊപ്പം നിന്ന് നക്ഷത്രങ്ങളും, കൊള്ളിമീനുകളും ആകാശനാടകം കൊഴുപ്പിച്ചു.

ഏകദേശം മൂന്നു മണിക്കൂറോളം പ്രകൃതി നല്‍കിയ വര്‍ണ്ണവിരുന്നാസ്വദിച്ച്, നിറങ്ങള്‍ മാഞ്ഞ് നീലാകാശം തെളിയുന്നതുവരെ ഞങ്ങള്‍ അവിടെ നിന്നു... ഇരുട്ടിനെ കീറിമുറിച്ചു പായുന്ന ജെറിയുടെ വാഹനത്തിലിരിക്കുമ്പോഴും അറോറ തേരും തെളിച്ചുകൊണ്ട്‌ മാനത്തൂടെ വീണ്ടും വരുന്നുണ്ടോന്ന് നോക്കുകയായിരുന്നു ഞാന്‍. കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ലല്ലോ ആകാശകാഴ്ചകളുടെ അത്ഭുതലോകം...

"Remember to look up at the stars and not down at your feet. Try to make sense of what you see and wonder about what makes the Universe exist. Be curious.."(Stephen Hawkins)

12 comments:

 1. മുബീ...
  ആകാശവിസ്മയക്കാഴ്ചകൾ ആസ്വദിച്ചു വായിച്ചു.
  ആശംസകൾ.

  ReplyDelete
 2. എത്ര മനോഹരമാണീ ഭൂമി അല്ലേ... നാം കാണാത്തതും അനുഭവിക്കാത്തതുമായി ഇനിയും എന്തെല്ലാം... ! അവയിൽ കുറെയെങ്കിലും വായനയിലൂടെ അനുഭവവേദ്യമാകുന്നു ഇവിടെയെത്തുമ്പോൾ... ഗ്രേറ്റ് ജോബ് മുബീ...

  ReplyDelete
  Replies
  1. ചിലരൊക്കെ ഈ സുന്ദരമായ ഇടത്തെ നരക തുല്യമാക്കുന്നതല്ലേ വിനുവേട്ടാ...

   Delete
 3. ഒരു fairy tale വായിക്കുന്നതുപോലെ, ഭൂമിയുടെ വടക്കുപുറത്തെ ഈ അത്ഭുതക്കാഴ്ചകളെ പറ്റിയുള്ള വിവരണം!

  ReplyDelete
  Replies
  1. ഓരോ സ്ഥലത്തെത്തുമ്പോഴും പണ്ട് വായിച്ച റഷ്യന്‍ കഥകളാണെനിക്ക് ഓര്‍മ്മ വരിക... നന്ദി ഗിരിജ :)

   Delete
 4. മുബിയ്ക്ക് ഇതൊക്കെ കാണാനും അനുഭവിക്കാനും കഴിഞ്ഞല്ലോ ..ഭാഗ്യവതി ..ആശംസകൾ

  ReplyDelete
  Replies
  1. സ്നേഹം പുനലൂരാന്‍..

   Delete
 5. അതിമനോഹരമായാതെന്തും ഇത്തിരി അധികം വൈൽഡ് ആയിരിക്കും എന്ന തോന്നൽ ഉറപ്പിക്കുന്നു.. എന്ത് സുന്ദരമായ കാഴ്ചകൾ.. അത് ശരിക്കും സുന്ദരമായി എഴുതി ഞങ്ങളിലേക്കെത്തുന്നുണ്ട് ട്ടോ..താങ്ക്സ് ...വീണ്ടും എഴുതു..

  ReplyDelete
 6. വീണ്ടും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളുടെ
  ഒരു പറുദീസാ തുറന്നിട്ടിരിക്കുകയാണല്ലോ മുബി ഇവിടെ ...
  ഭാഗ്യവതി ..ആശംസകൾ...

  ReplyDelete
  Replies
  1. Aurora അത് കാണാനാകുമെന്ന് കാണുന്നതുവരെ എനിക്ക് വിശ്വാസമില്ലായിരുന്നു മുരളിയേട്ടാ...

   Delete