Saturday, April 21, 2018

കെനായ് പെനിന്‍സുല...

യാത്രകളില്‍ പതിവുകള്‍ തെറ്റുകയും തെറ്റിക്കുകയും സാധാരണമാണ്. അതുപോലെയൊരു ദിവസമായിരുന്നു ഫെബ്രുവരി ഏഴാം തിയതി. വളരെ വൈകി ഉറക്കമുണര്‍ന്നത്‌ മുതലായിരുന്നു തുടക്കം. ഭക്ഷണമൊക്കെ കഴിച്ച് കുളിച്ചൊരുങ്ങുമ്പോഴേക്കും ഒന്‍പത് മണി കഴിഞ്ഞിരുന്നു. സെവാര്‍ഡ്‌ ഹൈവേയിലൂടെയുള്ള ഡ്രൈവ് ഒരിക്കലും വിട്ടുകളയരുതെന്ന് തലേന്ന് ദ്രുവ് പ്രത്യേകം പറഞ്ഞിരുന്നതാണ്. നഗരത്തിനുള്ളില്‍ നിന്ന് പുറത്ത് കടന്നപ്പോഴാകട്ടെ കനത്ത മുടല്‍ മഞ്ഞും. അമേരിക്കയിലെ “the best road drive” എന്ന് നാഷണല്‍ ജോഗ്രഫി സാക്ഷ്യപ്പെടുത്തിയ ഹൈവേയാണ് മുന്നില്‍ മുഖംമറച്ചു നില്‍ക്കുന്നത്! എന്ത് ചെയ്യും? കുറച്ച് നേരം വഴിയരികില്‍ നിര്‍ത്തി ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. ആങ്കറേജില്‍ നിന്ന് ഇരുന്നൂറ് കി.മി അകലെയുള്ള സെവാര്‍ഡ്‌ നഗരത്തിലേക്കാണ് ഹൈവേ നീളുന്നത്. 1867ല്‍ റഷ്യയുമായി അലാസ്കയുടെ കച്ചവടം ഉറപ്പിക്കുന്നതില്‍ പ്രധാനിയായ വില്ല്യം സെവാര്‍ഡിന്‍റെ പേരാണ് മാരത്തോണ്‍ പര്‍വ്വതത്തിന്‍റെ അടിവാരത്തില്‍ കിടക്കുന്ന നഗരത്തിനും ഹൈവേക്കും. അതിന് മുമ്പ് പേരുണ്ടായിരുന്നോയെന്ന് ചരിത്രത്തിലില്ല. വിജയിച്ച ചരിത്രങ്ങളില്‍ തോറ്റവരെ അടയാളപ്പെടുത്താറില്ലല്ലോ…





ഒളിച്ചുകളിയിലെന്ന പോലെ ഇടയ്ക്കിടയ്ക്ക് മൂടല്‍മഞ്ഞ് മാറി നില്‍ക്കുന്നുമുണ്ട്. അപ്പോഴെല്ലാം കടലില്‍ നിന്ന് മലകളിലേക്കും അവിടെന്ന് വീണ്ടും കടലിലേക്കുമെന്ന പോലെയാണ് വഴി കാണുന്നത്. വെറും ഇരുനൂറു കി.മിറ്ററിനുള്ളില്‍ കെനായ് പെനിന്‍സുലയുടെ സൗന്ദര്യം മുഴുവന്‍ സിരകളിലേക്ക് ആവാഹിച്ചെടുക്കാനാവുന്നത് കൊണ്ടാണ് ഈ ഹൈവേ ഇത്രയേറെ പ്രശസ്തമായതെന്ന് തോന്നുന്നു. കിഴുക്കാംതൂക്കായ മലഞ്ചെരിവിനും ശാന്ത സമുദ്രത്തിന്‍റെ ഉള്‍ക്കടലായ കുക്ക് ഇന്‍ലെറ്റിനുമിടയിലൂടെയുള്ള പാതയില്‍ എത്ര തവണ വാഹനം നിര്‍ത്തിയെന്ന് ഞങ്ങള്‍ക്ക് തന്നെ നിശ്ചയമില്ല. Raspberry, Strawberry, Rabbit Creek റോഡുകള്‍ കടന്നാണ് Chugach State Parkലെത്തിയത്. ശൈത്യകാലമായതിനാല്‍ പാര്‍ക്ക്‌ അടച്ചിട്ടിരിക്കുകയാണ്. അതിനടുത്തുള്ള വ്യൂ പോയിന്റില്‍ നിന്നാല്‍ Turnagain Arm എന്ന സമുദ്രമാര്‍ഗ്ഗത്തിന്‍റെ വിശാലമായ കാഴ്ച കാണാം. 1778ല്‍ ജെയിംസ്‌ കുക്കെന്ന ബ്രിട്ടീഷ്‌ പരിവേഷകന്‍ ഈ വെള്ളകെട്ടിലെത്തി തിരിഞ്ഞു പോകേണ്ടി വന്നതിനാലാണത്രെ ഇതിനിങ്ങനെയൊരു പേര് വന്നത്. Bore Tide പ്രതിഭാസവും ഇവിടെ നടക്കാറുണ്ട്. ശൈത്യകാലമായതിനാല്‍ ഞങ്ങള്‍ക്കത് കാണാന്‍ കഴിഞ്ഞില്ല. ഉള്‍ക്കടലിന് മുകളില്‍ ഉറഞ്ഞു കിടന്ന ഐസുകട്ടകള്‍ ഒഴുകി നീങ്ങുന്നതാണ് ഞങ്ങള്‍ കണ്ടത്. സ്വതവേ മടിയന്മാരായ സീലുകള്‍ പേരിനൊന്ന് തലപൊക്കിയതല്ലാതെ ബെലുഗാ തിമിംഗലങ്ങളൊന്നും ദര്‍ശനം നല്‍കിയുമില്ല.





Alaska Department of Natural Resourcesന്‍റെ അധീനതയിലുള്ള  495,000 ഏക്കറോളം വരുന്ന Chugach State Parkല്‍ ഉള്‍പ്പെടുന്നതാണ് Chugach പര്‍വ്വതവും, Chugach കാടുകളും. നിബിഡവനമേഖലക്കപ്പുറം വിവിധ ഗോത്രവംശ കമ്മ്യൂണിറ്റികള്‍ താമസിക്കുന്നുണ്ട്. റോഡ്‌ മാര്‍ഗ്ഗം എത്തിപ്പെടാന്‍ സാധിക്കുമെന്നും ഇല്ലെന്നുമൊക്കെയാണ് ഗൂഗിള്‍ സൈറ്റുകളില്‍ നിന്ന് അറിയാന്‍ സാധിച്ചത്. ശൈത്യകാലത്ത്‌ ഓഫ് റോഡ്‌ പോയാല്‍ അപകടം ക്ഷണിച്ചുവരുത്തലാവും മാത്രമല്ല ‘ഹിമപാത(Avalanche)’ മുന്നറിയിപ്പുകള്‍ കൂടി കണ്ടതോടെ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നില്ല. Turnagain Armല്‍ നിന്ന് തിരിഞ്ഞാല്‍ ഐസ് പാടങ്ങള്‍ കാണാന്‍ തുടങ്ങും. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് Portage Glacier റോഡില്‍ നിന്നേ നന്നായി കാണമായിരുന്നെത്രെ. ഇപ്പോള്‍ അത് കാണാന്‍ അങ്ങോട്ട്‌ നടന്ന് പോകണം. വര്‍ഷത്തില്‍ 75 ബില്യണ്‍ ടണ്‍ ഗ്ളെസിയല്‍ ഐസാണ് അലാസ്കക്ക് നഷ്ടമാവുന്നതെന്നാണ് ശാസ്ത്രലോകം കണ്ടുപിടിച്ചിരിക്കുന്നത്. പൊട്ടും പൊടിയെങ്കിലും വരും കാലത്ത് ബാക്കിയുണ്ടായാല്‍ മതിയായിരുന്നു.


Bird Creekല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ കുറെ സ്ഥലമുണ്ട്. ഹുസൈന്‍ ഫോട്ടോ പിടിക്കുന്ന തിരക്കിലായപ്പോള്‍ ഞാന്‍ അവിടെ പതിച്ചിട്ടുള്ള കുറിപ്പുകള്‍ വായിക്കുകയായിരുന്നു. വേനല്‍ക്കാലത്താണ് ഇവിടെ സീസണ്‍ തുടങ്ങുന്നത്. മീന്‍പിടിക്കാനും ബെലുഗകളെ കാണാനുമായി ആളുകള്‍ കൂടുന്നത് അപ്പോഴായിരിക്കും. വേലിയിറക്ക സമയങ്ങളില്‍ മണല്‍ കണ്ട് ഇറങ്ങി നടക്കരുതെന്ന് വായിച്ചപ്പോഴാണ് കഴിഞ്ഞ വര്‍ഷത്തെ quick sand അനുഭവമോര്‍ത്തത്. Quick Sand വെള്ളത്തിലെ ചുഴി പോലെയാണ്. ഭംഗി കണ്ട് ചവിട്ടിയാല്‍ പിന്നെയെല്ലാം ക്വിക്കാവും. Resurrection Bay യുടെ അറ്റത്ത്‌ കിടക്കുന്ന സെവാര്‍ഡ്‌ പട്ടണത്തിലെത്തുമ്പോഴേക്കും വിവിധ ഭൂദൃശ്യങ്ങളാല്‍ നമ്മുടെ കണ്ണും മനസ്സും സമ്പന്നമാകും. ബേയില്‍ നങ്കൂരമിട്ടിരിക്കുന്ന കൂറ്റന്‍ യാത്രാക്കപ്പലുകളെ ദൂരെനിന്ന് കാണാം. നിരത്തിനിരുവശവും സഞ്ചാരികള്‍ക്കായുള്ള താമസസൗകാര്യങ്ങളും ഭക്ഷണശാലകളുമാണ്. ബേയുടെ തണുത്തുറയാത്ത തുറമുഖത്തിലാണ് അലാസ്കയുടെ ഉള്‍ഭാഗങ്ങളിലേക്കുള്ള ചരക്കുകള്‍ എത്തുന്നത്‌. തുറമുഖത്ത് അധികനേരം ചിലവഴിക്കാന്‍ കാറ്റും, തണുപ്പും അനുവദിച്ചില്ല. കച്ചവട താല്‍പ്പര്യങ്ങള്‍ക്കായി പുതുക്കിയ സെവാര്‍ഡ്‌ നഗരത്തെ വിട്ട് ഞങ്ങള്‍ പഴയ നഗരം തേടിയിറങ്ങി. ഓഫ്‌ റൂട്ടിലൂടെ പോകാവുന്ന ദൂരമത്രെയും പോകുകയെന്ന് തന്നെയായിരുന്നു തീരുമാനം. വഴിയാണെന്ന് വ്യക്തമാക്കുന്ന ഒരടയാളങ്ങളും കാണുന്നില്ല. കുറച്ച് ദൂരം പോയപ്പോള്‍ Kenai Fjord National Park ബോര്‍ഡ്‌ കണ്ടെങ്കിലും അങ്ങോട്ടുള്ള റോഡ്‌ അടച്ചിരിക്കുകയായിരുന്നു. പിന്നെ വീണ്ടും മഞ്ഞു പാടത്തേക്കിറങ്ങി പ്രധാന പാതയിലേക്ക് കടക്കാനുള്ള ശ്രമമായി. അങ്ങിനെ മൂന്ന് മണിയോടെ ഞങ്ങള്‍ സെവാര്‍ഡ്‌ നഗരപ്രദക്ഷിണം അവസാനിപ്പിച്ചുകൊണ്ട് മടക്കമാരംഭിച്ചു.



കാലാവസ്ഥ മോശമായതിനാല്‍ തിരികെ പോകാനുള്ള വിമാനസമയങ്ങളില്‍ മാറ്റമുണ്ടാവുമെന്ന് അന്ന് രാത്രിയിലാണ്  ഞങ്ങള്‍ക്ക് ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ സന്ദേശം ലഭിച്ചത്. അതിനെക്കുറിച്ച് ആലോചിച്ച് പരിഭ്രമിക്കാന്‍ നില്‍കാതെ പിറ്റേന്നു പോകേണ്ടുന്ന സ്ഥലങ്ങള്‍ മൈല്‍ പോസ്റ്റില്‍ അടയാളപ്പെടുത്തി ഉറങ്ങാന്‍ കിടന്നു. ഫെബ്രുവരി എട്ടാം തിയതി രാവിലെ നൂറ്റിയന്‍പത് കി.മി അകലെയുള്ള Matanuska ഗ്ളെസിയര്‍ ലക്ഷ്യം വെച്ചാണ് യാത്ര പുറപ്പെട്ടത്‌. അങ്ങോട്ട്‌ പോകുന്ന വഴിക്കാണ് 800 വര്‍ഷം പഴക്കമുള്ള ഗ്രാമമായ Eklutnaയുള്ളത്. എഴുപതാളുകളുള്ള ഈ ഗ്രാമത്തിന്‍റെ പ്രത്യേകത അവിടുത്തെ സെമിത്തേരിയാണ്. കടുത്ത ചായം തേച്ച കുഞ്ഞുവീടുകള്‍ ഓരോ കല്ലറക്ക് മുകളിലുമുണ്ട്. ഗോത്രവംശരുടെയും, യാഥാസ്ഥിതികരായ റഷ്യന്‍ പാതിരിമാരുടെയും വിശ്വാസങ്ങള്‍ ഇടകലര്‍ന്നാണ് ഇങ്ങിനെയൊരു ആചാരം ഉടലെടുത്തതെത്രേ. അതിനടുത്താണ് Thunder Bird Falls. സ്വപ്നങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി നില്‍ക്കുകയാണ് വെള്ളച്ചാട്ടം. ശാപമോക്ഷം കിട്ടി തുള്ളിച്ചാടി ഒഴുകി പരക്കാന്‍ ഇനിയെത്ര നാള്‍ കഴിയണം…


Hatcher Pass ലെത്തിയപ്പോഴേക്കും സൂര്യന്‍ പതിയെപ്പതിയെ മുഖം കാണിച്ചു തുടങ്ങിയിരുന്നു. രണ്ട് ചെറിയ നഗരങ്ങള്‍ക്ക് നടുവിലൂടെയുള്ള റോഡാണ് Hatcher Pass. ശൈത്യകാലത്ത്‌ ഗതാഗതയോഗ്യമാണെങ്കില്‍ മാത്രമേ അത് തുറക്കുകയുള്ളൂ. കൂറ്റന്‍ പൈന്‍ മരങ്ങളില്‍ മഞ്ഞു വീണ് ഹെയര്‍പിന്‍ വളവുകളില്‍ നിന്ന് നോക്കുമ്പോള്‍ പ്രകൃതിയൊരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രത്തെ ഓര്‍മ്മിപ്പിച്ചു. അന്ന് കാറ്റും തണുപ്പും പതിവിലും കൂടുതലായിരുന്നു. മലമുകളിലെത്തിയപ്പോഴാണ് താഴെ തണുത്തുറഞ്ഞ് കിടക്കുന്ന തടാകത്തില്‍ ഐസ് ഫിഷിംഗിനായി ആളുകള്‍ തയ്യാറെടുക്കുന്നത് കണ്ടത്. സുവര്‍ണ്ണ നിറത്തില്‍ തിളങ്ങുന്ന മലമുകളില്‍ ദാല്‍ ആടുകള്‍ മേയുന്നുണ്ടാകും. അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ മൂലമുണ്ടാകുന്ന ധാതുപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ തിരഞ്ഞാണത്രെ ആടുകള്‍ മലകയറുന്നത്.

കരീബൂ ക്രീക്കിലേക്ക് കുത്തനെയൊരു ഇറക്കമായിരുന്നു. തീര്‍ത്തും വിജനമായ റോഡില്‍ ഞങ്ങള്‍ക്ക് കാവലെന്നോണം തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന മലകള്‍… അലാസ്കയുടെ വന്യതയിലേക്കിറങ്ങും തോറും തിരിച്ചു കയറുവാന്‍ പ്രയാസ്സപ്പെടും. ഗ്ളെസിയര്‍ കാണാനിറങ്ങിയ ഞങ്ങള്‍ എത്തിയിരിക്കുന്നത് മറ്റൊരിടത്താണ്. ആ മണ്ണിലേക്കിറങ്ങുന്ന എല്ലാവര്‍ക്കുമുണ്ട് ഇതുപോലെയുള്ള അനുഭവങ്ങള്‍. “ആശ്ലേഷിക്കില്ല… ആകര്‍ഷിച്ചാകര്‍ഷിച്ച് പരീക്ഷിക്കും…”കുറച്ച് ദൂരം പോയപ്പോഴാണ് ഞങ്ങള്‍ യൂറെക്കാ സമ്മിറ്റിനടുത്താണെന്ന് മൈല്‍ പോസ്റ്റ്‌ ഭൂപടം പറയുന്നത്. ഇനി തിരിച്ചിറങ്ങുകയല്ലാതെ വേറെ വഴിയില്ല. സമ്മിറ്റൊക്കെ ഇറങ്ങി വരുമ്പോഴാണ് ഗ്ളെസിയറിലേക്കുള്ള വഴി കാണുന്നതും അതിലേക്കിറങ്ങുന്നതും. ഒരിക്കലും മറക്കാനാവാത്തൊരു ഇറക്കമായിരുന്നു. മലയിറങ്ങിവരുന്ന റോഡ്‌ നേരെയെത്തുന്നത് മഞ്ഞുപാടത്തേക്കാണ്. അപായസൂചനാ ബോര്‍ഡുകളെയും മഞ്ഞു വീഴ്ച അപായപ്പെടുത്തിയിരിക്കുന്നു. മുകളില്‍ നിന്ന് കാണുന്നത് പോലെ ഗ്ളെസിയര്‍ കാണുന്നുമില്ല. ചോദിച്ചാല്‍ മഞ്ഞോ മരങ്ങളോ മാത്രമേ ഉത്തരം തരാനുള്ളൂ. വിശപ്പും പേടിയും ഉച്ചിയിലെത്തിയതിനാല്‍ ഞങ്ങള്‍ വന്ന വഴിയെ തിരിച്ചു കയറി.



അവിടെന്ന് കയറുന്നതുവരെ ഞാന്‍ കണ്ണടച്ച് ഇരിക്കുകയായിരുന്നു. പേടിച്ചിട്ടാണ് തിരിഞ്ഞുനോക്കാതിരുന്നത്. അത്രയും അപകടം പിടിച്ച വഴിയിലൂടെ എന്തിനാണ് ഇറങ്ങിയതെന്ന് ചോദിച്ചാല്‍, ഉത്തരമില്ല. കയറ്റം കയറിയെത്തിയത്‌ Eureka- Home of the 25¢ Coffee എന്ന ബോര്‍ഡിന് മുന്നിലാണ്. പുറത്ത് നിന്ന് നോക്കിയാല്‍ അകത്ത് ആളനക്കമുള്ളതായി തോന്നുകയില്ല. കടയുടെ ഭിത്തിയില്‍ നിറയെ Dong Lindstrand എന്ന സഞ്ചാരിയുടെ പെയിന്റിംഗുകളാണ്. അലാസ്കന്‍ ജീവിതം വളരെ കൃത്യമായി അദ്ദേഹം ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്. 1986ല്‍ Dong Lindstrand വരച്ച ചിത്രവും അതിനദ്ദേഹം നല്‍കിയ പേരും(The Endless Quest) എന്നെ വിട്ടു പോയിട്ടില്ല. ചുവരിലെ ചിത്രങ്ങള്‍ കണ്ട് നടക്കുമ്പോഴാണ് അവിടെയുള്ള ജോലിക്കാരന്‍ എന്നോട് വെളിച്ചം കുറഞ്ഞൊരു ഹാള്‍ ചൂണ്ടിക്കാട്ടി അവിടെ കൂടെ നോക്കാന്‍ പറഞ്ഞത്. പതിനെട്ട് വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രം പ്രവേശനം അനുവദനീയമായ ആ മുറിയിലേക്ക് ഞാന്‍ കടന്നു.

അലാസ്കയില്‍ കാണുന്ന വന്യജീവികളുടെ തലകളാണ് അവിടെ ചുവരിനലങ്കാരം. അതൊരു മദ്യശാലയായിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്‌. കൈയും മുഖവും കഴുകാന്‍ പോയ ഹുസൈന്‍ തിരികെ വരുമ്പോള്‍ തീന്മുറിയില്‍ ക്യാമറയും ബാഗും മാത്രമുണ്ട് ഞാനില്ല… സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച സാധനങ്ങള്‍ അവിടെയിട്ട് ഞാനെങ്ങോട്ട് പോയെന്നറിയാതെ നില്‍ക്കുന്ന ഹുസൈനോട്, “She is in the bar..” എന്ന് പയ്യന്‍ പറയുന്നത്‌ കേട്ടപ്പോഴാണ് സത്യത്തില്‍ മുറിയിലുള്ള മറ്റു വസ്തുവകകള്‍ ഞാന്‍ കാണുന്നത്! ഉച്ചഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്ത് ഞാന്‍ വീണ്ടും ചുവരിലെ പെയിന്റിംഗുകള്‍ക്കരികിലെത്തി. ചിത്രകാരനെ കുറിച്ച് കൂടുതലൊന്നും കടയിലുള്ളവര്‍ക്കും അറിയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞ് ആശംസകള്‍ പറഞ്ഞ് പിരിയുമ്പോള്‍ ഇരുട്ടുന്നതിന്‌ മുമ്പായി നഗരാതിര്‍ത്തിയിലെത്താന്‍ ശ്രമിക്കണമെന്ന് ഉപദേശവും കിട്ടി. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ വരുന്ന ഹിമപാതങ്ങള്‍ ഞങ്ങള്‍ പോകുന്ന വഴിയില്‍ വളരെ സാധാരണമാണെന്ന് കടയിലുള്ളവര്‍ പറഞ്ഞപ്പോള്‍ ശകലം ഭയം തോന്നാതിരുന്നില്ല.



ആങ്കറെജിലെത്തുമ്പോഴേക്കും ഇരുട്ടായിരുന്നു. അതിനാല്‍  Potter Marsh Boardwalkലേക്ക് അന്ന് പോയില്ല. പിറ്റേ ദിവസം വൈകുന്നേരം മൂന്ന് മണിക്കാണ് ഞങ്ങളുടെ പുതുക്കിയ വിമാനസമയമെന്ന സന്ദേശം കിട്ടിയതിനാല്‍ രാവിലെയാണ് പോട്ടര്‍ മാര്‍ഷ് കാണാന്‍ പോയത്. ഇതൊരു വന്യജീവി സംരക്ഷണസ്ഥലമാണ്. ശൈത്യകാലമായതിനാല്‍ എന്തെങ്കിലും കാണുമോന്നും ഉറപ്പില്ല. പക്ഷിനിരീക്ഷകരാണ് പ്രധാനമായും അവിടെയെത്തുന്നത്. നഗരത്തിന് തൊട്ടടുത്ത്‌ കിടക്കുന്ന അഞ്ഞൂറ് ഏക്കര്‍ വരുന്ന ചതുപ്പ് പ്രദേശമാണ് ഇന്ന് നൂറ്റിമുപ്പതോളം പറവകളുടെ സങ്കേതമായിരിക്കുന്നത്. 1917ല്‍ അലാസ്ക റെയില്‍ നിര്‍മ്മാണ വേളയിലാണ് ഈ ചതുപ്പ്നിലമുണ്ടായതെത്രേ. അതാണ് സര്‍ക്കാര്‍ സംരക്ഷിതപ്രദേശമായി മാറിയിരിക്കുന്നത്. വികസിക്കുന്ന നഗരത്തില്‍ ഇടം നഷ്ടപ്പെടുന്ന ഭൂമിയുടെ അവകാശികള്‍ക്കായൊരു കരുതല്‍. ചതുപ്പില്‍ കെട്ടിയുയര്‍ത്തിയ തടി പാലത്തിലൂടെ നമുക്ക് നടന്ന് കാണാനുള്ള സൗകര്യമുണ്ട്. വസന്തകാലമായാല്‍ പക്ഷികള്‍ മാത്രമല്ല ചെറുതും വലുതുമായ ജീവജാലങ്ങളെല്ലാം അവിടെയെത്തും. ശൈത്യകാലമായതിനാലാവും മൂസുകളും, റേവനും, കഴുകനും പിന്നെ കറുത്ത അണ്ണാനുകളുമാണ് അവിടം കൈയ്യടക്കിയിരിക്കുന്നത്. തടികൊണ്ടുള്ള നടപാത എല്ലാവര്‍ക്കും പ്രാപ്യമാണ്. വളര്‍ത്തുമൃഗങ്ങളെ കൊണ്ടു വരരുതെന്നും ശബ്ദമുണ്ടാക്കരുതെന്നുമാണ് നിര്‍ദ്ദേശമുള്ളത്. അതിനുള്ളില്‍ നില്‍ക്കുമ്പോള്‍ തൊട്ടപ്പുറത്ത് തിരക്കേറിയൊരു നഗരമുണ്ടെന്ന കാര്യം നമ്മള്‍ മറന്നു പോകും!


പന്ത്രണ്ട് മണിക്ക് വിമാനത്താവളത്തില്‍ എത്തണമെന്നതിനാല്‍ ഞങ്ങള്‍ അവിടെന്ന് നേരെ വാഹനം കഴുകുന്നിടത്തെത്തി. അതിനെ കുളിപ്പിച്ച് സുന്ദരിയാക്കി. ഹോട്ടലിലെത്തി സാധനങ്ങളെടുത്ത്  ബെറ്റിയോടും മറ്റും യാത്രപറഞ്ഞു. റോഡ്‌ മാര്‍ഗം എത്തിപ്പെടാന്‍ കഴിയാത്ത ഇടങ്ങള്‍ ഇനിയൊരിക്കല്‍ വന്ന് കാണാമെന്ന പ്രതീക്ഷയോടെയാണ് മടങ്ങുന്നത്. അതില്‍ പ്രധാനമായും അലാസ്കയുടെ തലസ്ഥാനമായ Juneauഉം, ബാല്‍ട്ടോ ഓടിയെത്തിയ നോമും, ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ കരടികള്‍ പാര്‍ക്കുന്ന കോടിയാക്ക് ദ്വീപും ആഗ്രഹങ്ങളുടെ ബക്കറ്റില്‍ ഭദ്രമാക്കിവെച്ചു. കോടിയാക്ക് ദ്വീപിനടുത്തുള്ള സ്പ്രൂസ് ദ്വീപിലും നിലുസ് ദ്വീപിലും ഏകാന്തവാസം നയിക്കുന്ന രണ്ട് അലാസ്കന്‍ കമ്മ്യൂണിറ്റികളെ കുറിച്ച് വായിച്ചിട്ടുണ്ട്. നിലൂസ് ദ്വീപില്‍ സ്ത്രികള്‍ മാത്രമേയുള്ളൂ. പുറംലോകത്തില്‍ നിന്നകന്ന് പകല്‍ സമയം നിശബ്ദമായി തങ്ങളുടെതായ ജോലികളില്‍ മുഴുകുകയും, അര്‍ദ്ധരാത്രിയിലുണര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണിവര്‍. അങ്ങിനെയെന്തെല്ലാം... The Quest Never Ends!!!




6 comments:

  1. The Quest Never Ends...! യാത്രകൾ തുടരുക...

    ReplyDelete
  2. അവിസ്മരണീയമായ യാത്രാനുഭവം തന്നെ അല്ലേ...? ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സ് മറ്റൊരിടത്തായിരുന്നു... ഈസ്റ്റ് ഓഫ് ഡെസലേഷനിലെ ജോ മാർട്ടിനോടൊപ്പം ഗ്രീൻലാന്റിലെ ഗ്ലേസിയറുകൾക്ക് മുകളിൽ... മഞ്ഞുമലകളിൽ എവിടെയോ തകർന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങളും തേടിയുള്ള ആ യാത്ര ഓർമ്മയില്ലേ...? ശരിക്കും അതേ ഫീൽ...

    മനോഹരം ഈ വിവരണം... ആശംസകൾ...

    ReplyDelete
    Replies
    1. ലാൻഡ്‌സ്‌കേപ്പിലെ സമാനതകളായിരിക്കാം വിനുവേട്ടാ അങ്ങിനെ തോന്നാൻ കാരണം. അന്നെനിക്ക് നോവൽ പെട്ടെന്ന് ഉൾകൊള്ളാനായതും ഇതു കൊണ്ടാവും...

      Delete
  3. The Quest Never Ends!
    വീണ്ടും ഒരു അവിസ്മരണീയമായ യാത്ര

    Quest മാത്രമല്ല മുബിയുടെ ഓരോ യാത്രകളും ഒരിക്കലും
    അവസാനിക്കുകയില്ല ,എന്തെന്നാൽ ഇതെല്ലാം വായിച്ച് സഞ്ചാരികൾ
    എല്ലാ കാലത്തും ഈ വിനോദ സഞ്ചാരമേഖലകൾ തേടിപ്പിടിച്ചെത്തിക്കൊണ്ടിരിക്കും

    ReplyDelete
    Replies
    1. സ്നേഹം മുരളിയേട്ടാ...

      Delete