2018 ജൂലൈ 2, തിങ്കളാഴ്‌ച

യാത്രകള്‍... പുസ്തകങ്ങള്‍...അനുഭവങ്ങള്‍

പുസ്തകം വായിക്കാനായി സമയം കളയരുതെന്ന തീരുമാനത്തിലുറച്ചു ജീവിക്കുന്ന ധീരവനിതയാണ് രാജസ്ഥാനിയായ  മീനു. ഇഷ്ടാനിഷ്ടങ്ങളുടെ വൈരുദ്ധ്യങ്ങളായിരിക്കും ഞങ്ങളെ അടുപ്പിച്ചതെന്ന് പലപ്പോഴും തോന്നാറുണ്ട്.  എന്‍റെ മേശപ്പുറത്ത് പുസ്തകമുണ്ടെങ്കില്‍ അതൊന്ന് മറിച്ചു നോക്കാന്‍ കൂടെ നില്‍ക്കാത്തയാളെ വായിപ്പിക്കുകയെന്ന സാഹസത്തിന് കഴിഞ്ഞ നാലു വര്‍ഷമായി ഞാനും മുതിര്‍ന്നിട്ടില്ല. അങ്ങിനെയൊരു ജന്മമാണ് മൂക്കത്ത് കണ്ണടയും വെച്ച് William Dalrymple എഴുതിയ Nine Lives (In Search of the Sacred in Modern India)ലെ മൂന്നാം അദ്ധ്യായം എനിക്ക് മുന്നിലിരുന്ന് ശ്രദ്ധയോടെ വായിക്കുന്നത്. ഇന്ത്യയിലൂടെ സഞ്ചരിച്ച് ചരിത്രകാരനും സഞ്ചാരിയുമായ വില്ല്യം ഒന്‍പത് ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് “Nine Lives” എന്ന പുസ്തകത്തിലൂടെ. അതിലെ മൂന്നാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന രാജസ്ഥാനിലെ ദൈവീകാനുഷ്ഠാനമായ 'പാപുജി കാ ഫാടി"നെ കുറിച്ചൊരു സംശയം ചോദിച്ചപ്പോള്‍ എന്നെ കണ്ണ് തുറുപ്പിച്ച്‌ നോക്കിയ മീനുവാണ് ജോലി സമയമായത് പോലും ഗൗനിക്കാതെ പുസ്തക വായനയില്‍ മുഴുകിപ്പോയത്! 


Pic Courtesy: Google Images

ഒരുറുമ്പിനെപ്പോലും നോവിക്കാതെ ജീവിക്കാന്‍ ശ്രമിക്കുന്ന ജയിന്‍ മതവിശ്വാസിയും, ജയില്‍ വാര്‍ഡനായ കണ്ണൂരിലെ തെയ്യവും, ബാവുള്‍ ഗായകരും, തിബറ്റിലെ സന്യാസിയും, യെല്ലമ്മയുടെ പുത്രിമാരും, വിഗ്രഹങ്ങളല്ല ഈശ്വരനെ തന്നെയാണ് ഞാനുണ്ടാക്കുന്നതെന്ന് വിശ്വസിക്കുന്ന തമിഴ്നാട്ടിലെ ശില്‍പിയും, ചിത്രങ്ങളിലൂടെ 'പാപുജി' എന്ന ഇതിഹാസ നായകന്‍റെ അപദാനങ്ങള്‍ പാടിപുകഴ്ത്തുന്ന നിരക്ഷരനായ മോഹന്‍ ബോപയും ഭാര്യയും, പാകിസ്ഥാനിലെ ലാല്‍ ഷഹബാസ് കലന്തറില്‍ താമസിക്കുന്ന ബീഹാറിയായ സൂഫി സന്യാസിനി ലാല്‍ പരിയും, പശ്ചിമ ബംഗാളിലെ താരാപിത്ത് ശ്മശാനഭൂമിയില്‍  താമസിക്കുന്ന മനിഷമായുമാണ് വില്ല്യമിന്‍റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. പുസ്തകത്തിലെ ഒന്‍പത് അദ്ധ്യായവും ഓരോ യാത്രയാണ്. പ്രതിപാദിക്കുന്ന ആളുകളുടെ ആത്മീയജീവിതത്തിലേക്ക്, അവരുള്‍പ്പെടുന്ന ഗ്രാമത്തിന്‍റെ സംസ്കാരത്തിലേക്ക്, ചരിത്രത്തിലേക്ക് William Dalrymple നടത്തുന്ന യാത്രയുടെ മനോഹരമായ കുറിപ്പുകളാണ് ഓരോന്നും.

വായനയുടെയും യാത്രയുടെയും ലഹരി മുന്നൂറ് പേജില്‍ വില്ല്യം പകര്‍ന്നു നല്‍കിയെങ്കിലും ഇനിയും അറിയാത്ത ഇന്ത്യയിലെ നാട്ടുവഴികളിലൂടെ വായനാന്ത്യം മനസ്സ് പാഞ്ഞു കൊണ്ടിരുന്നു. മീനുവിന്‍റെ വായനാവിശേഷം നാട്ടിലേക്കുള്ള അവളുടെ ഫോണ്‍ വിളികളിലെ ആശ്ചര്യപ്പെടലുകളായി. ജോധ്പൂരില്‍ നിന്ന് മീനുവിന്‍റെ മാതാജിയില്‍ നിന്ന് കൂടുതല്‍ കഥകളെനിക്കായെത്താന്‍ താമസമുണ്ടായില്ല. ഷെരിഫ് ചുങ്കത്തറയുടെ ഇന്ത്യ 350CCയെന്ന പുസ്തകത്തില്‍ ചൂട് കാരണം രാത്രി വീടിനു പുറത്ത് കിടന്നുറങ്ങുന്ന ഗ്രാമവാസികളെ കാണുമ്പോള്‍ ഇവര്‍ക്ക് കള്ളനെയൊന്നും പേടിയില്ലേന്ന് എഴുത്തുകാരന്‍ ആശങ്കപ്പെടുന്നുണ്ട്. സ്വന്തം ആശങ്കയെ അടക്കുന്നത് 'നിഷ്കളങ്ക ഹൃദയം മാത്രമല്ലേ അവിടെയുള്ളൂ, അതാര്‍ക്കും ആവശ്യമില്ലല്ലോന്ന്' സമാധാനിച്ചാണ്. ആ വരികളോട് ചേര്‍ത്ത് വെക്കാന്‍ രാജസ്ഥാനിലെ നീലയും വെള്ളയും പൂശിയ വീട്ടില്‍ ചൂടി കട്ടിലില്‍ കൈയിലൊരു വിശറിയുമായി ഇരിക്കുന്ന മീനുവിന്‍റെ മാതാജിയുണ്ട്.



ഇന്ത്യയിലെ പോസ്റ്റല്‍ സമരം കാരണം ഇന്ത്യ 350CC ഇഴഞ്ഞിഴഞ്ഞ് ഇവിടെയെത്തിയപ്പോഴേക്കും കാത്തിരുന്നന്‍റെ ക്ഷമകെട്ടിരുന്നു. തന്‍റെ ബുള്ളറ്റുമായി ഒരു ചെറുപ്പക്കാരന്‍ ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്രയുടെ വിവരണമാണ് പുസ്തകത്തില്‍. ഒരുമാസത്തിന്‍റെ ഇടവേളയില്‍ വില്ല്യമും ഷെരിഫും എന്നെ കൊണ്ടുപോയത് ഞാനറിയാത്ത എന്‍റെ നാട്ടിലേക്കാണ്. വായനയില്‍ ആശ്ചര്യപ്പെട്ട് ഇടയ്ക്കിടയ്ക്ക് ഗൂഗിളില്‍ തിരഞ്ഞ് ഉറപ്പുവരുത്തിയിരുന്നത് നാടറിയാത്തവളുടെ ബാലിശത്വമായിരുന്നു. അത്യാധുനിക നേട്ടങ്ങള്‍ കൈവരിച്ച് ലോകശ്രദ്ധ നേടുന്ന ഇന്ത്യയില്‍ തന്നെയാണ് അവിശ്വസനീയമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള ഗ്രാമങ്ങളുള്ളത്. തങ്ങള്‍ ജീവിക്കുന്നത് ഇന്ത്യയിലാണെന്ന് പോലും അറിയാത്ത ചില ഗ്രാമവാസികളും,  ഇന്റര്‍നെറ്റും ഫോണും, ടി.വിയുമില്ലാത്ത കിബര്‍ ഗ്രാമവും, 90 അംഗങ്ങളുള്ള ഹവോ മതവിശ്വാസികള്‍ താമസിക്കുന്ന സിഹായ് ഗ്രാമവും ആധുനിക ഇന്ത്യയിലുണ്ടെന്ന് ഷെരീഫിന്‍റെ യാത്ര നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. യാത്രയില്‍ നേരിടുന്ന അപ്രതീക്ഷിതമായ അനുഭവങ്ങളും,  വിദേശ സുഹൃത്തിനോട് തോന്നുന്ന ആസക്തിയും, സ്വന്തം നാട്ടില്‍ തടഞ്ഞുനിര്‍‍ത്തി ചോദ്യംചെയ്യപ്പെടുന്നതും, ഗോത്ര സ്ത്രീകളില്‍ നിന്ന്  ദേഹോപദ്രവമേല്‍ക്കേണ്ടി വരുന്നതും... എല്ലാം വളരെ സത്യസന്ധമായി ഷെരിഫ് പങ്കുവെക്കുന്നുണ്ട്.

ചെക്ക്പോസ്റ്റുകളിലെ പരിശോധനകള്‍ അസഹ്യമായപ്പോള്‍ വിദേശ സുഹൃത്തിനോട് “ഇത് നിങ്ങളുടെ ഇന്ത്യയാണ്, എന്‍റെയല്ല” എന്ന് ഷെരിഫിലെ സഞ്ചാരി പരിഭവപ്പെടുന്നുണ്ട്. ഇതേ ഇന്ത്യയിലാണ് വിദേശികള്‍ താമസിക്കുന്ന കസോളും, അവിടെ ഇന്ത്യക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ വിസ്സമ്മതിക്കുന്ന ഭക്ഷണശാലയുള്ളതും. കുറച്ച് കാലം മുന്നേ സോഷ്യല്‍ മീഡിയയില്‍ തന്‍റെ ഇന്ത്യന്‍ സുഹൃത്തിന് ഭക്ഷണം നല്‍കാന്‍ വിസ്സമ്മതിച്ച കസോളിലെ ഇന്ത്യന്‍ ഭക്ഷണശാലയെ കുറിച്ച് ഒരു ബ്രിട്ടീഷ്‌ പൗരന്‍റെ കുറിപ്പുണ്ടായിരുന്നു. സായിപ്പ് പൊലിപ്പിച്ചെഴുതിയതാവാമെന്ന് സമാധാനിച്ച് അന്ന് ഞാനതിനെ തള്ളി കളഞ്ഞു. സമാനമായ അനുഭവത്തിലൂടെ ഷെരിഫും കടന്നു പോയത് വായിച്ചപ്പോള്‍ മനസ്സ് എന്തിനെന്നറിയാതെ അസ്വസ്ഥമാകുന്നു. ധാരാവിയില്‍ കഞ്ഞിയന്വേഷിച്ച് നടക്കുന്ന ഷെരീഫ് ഇന്ത്യയിലെ വിവിധ ഭക്ഷണങ്ങളും വായനക്കാരെ പരിചയപ്പെടുത്തുന്നുണ്ട്. ഉള്ളിയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ നിന്നകറ്റി നിര്‍ത്തുന്നവരും, നാഗാ ബസാറില്‍ കറുത്ത പട്ടിയുടെ ഇറച്ചി ആവശ്യപ്പെട്ട് വരുന്ന പെണ്‍കുട്ടിയും, ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള ആമിനാബാദില്‍ ലഭ്യമാകുന്ന 160 ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന ടുണ്ടേ കബാബും, താലീപീറ്റും ഇന്ത്യയിലെ രുചി വൈവിധ്യങ്ങളാണ്.

വാഗാ അതിര്‍ത്തിയില്‍ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ്‌ എന്ന പ്രകടനം കാണാനെത്തുന്നവര്‍ രണ്ട് വിഭജനങ്ങളുടെ ഞെട്ടലില്‍ നിന്ന് ഇനിയും ഉണരാത്ത തുര്‍തൂക്ക് ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടാവുമോ? ഒന്നുറങ്ങി എണീറ്റപ്പോഴേക്കും ഗതിമാറിയ ദേശവും ജനങ്ങളും. ആരോ പറഞ്ഞുറപ്പിച്ച അദൃശ്യരേഖയില്‍ കീഴ്മേല്‍ മറിയുന്ന ജീവിതങ്ങളുടെ നിസ്സഹായതയും നെടുവീര്‍പ്പുകളും! ഏതൊരു സഞ്ചാരിയേയും പോലെ അതിര്‍ത്തികളില്ലാത്ത ലോകത്തെ കുറിച്ച് സ്വപ്നം കാണുന്നുണ്ട് ഷെരിഫും...എന്താണ് രാജ്യസ്നേഹം, എങ്ങിനെയാണ് അത് പ്രകടിപ്പിച്ച് കാണിക്കേണ്ട"തെന്ന് ചോദിക്കുന്ന കാശ്മീരി ചെറുപ്പക്കാരനെയാണ് ഷെരിഫ് കണ്ടുമുട്ടിയതെങ്കില്‍ഇന്ത്യക്കാരിയായിട്ടും “പൗരത്വം” എഴുതേണ്ടുന്ന ഇടങ്ങളിലെല്ലാം “കാശ്മീരി” എന്നെഴുതിവെക്കുന്നൊരാളെയാണ് ഞാനെന്‍റെ യാത്രയില്‍ കണ്ടത്. ഒരേ രാജ്യത്തിന്‍റെ രണ്ട് പ്രതീകങ്ങള്‍. ആസൂത്രിത നഗരമായ ചാണ്ടിഗഡും, അദാലജ് പടിക്കിണറും, നാന്നൂറിലധികം ക്ഷേത്രങ്ങളുള്ള പുഷ്ക്കറും, ബിഷ്ണോയികളും, മൊണാസ്ട്രികളും, ദര്‍ഗകളും, വിശാലയെന്ന ഹെറിട്ടേജ് ഗ്രാമവും, 1423 ല്‍ പണികഴിപ്പിച്ച മസ്ജിദും, ഗുരുദ്വാരകളും, 489 പ്രവേശന കവാടങ്ങളുള്ള ബാരാ ഇമാംബാരയും, കുത്തബ് മിനാറും, പ്രണയസ്മാരകങ്ങളും, ഇന്ത്യാ ഗേറ്റും, പൂക്കളുടെ താഴ്വരയും, ദാല്‍ തടാകവും, കാലാവസ്ഥാമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ചിറാപുഞ്ചിയും, രാജസ്ഥാന്‍ മരുഭൂമിയും, പാവക്കൂത്തും, കല്‍ബേലിയാ നൃത്തവും പരിചയപ്പെടുത്തുന്നതിനോടൊപ്പം അവയുടെയെല്ലാം ചരിത്ര പശ്ചാത്തലവും ഇന്നത്തെ അവസ്ഥയും വളരെ ലളിതമായി തന്നെ പുസ്തകത്തില്‍ ഷെരിഫ് വരച്ചിടുന്നു. ഓരോ വായനക്കാരനെയും തനിക്കൊപ്പം കൂട്ടുന്ന ഷെരീഫെന്ന കഥപറച്ചിലുകാരനെ പുസ്തകത്തിലുടനീളം കാണാം... തുടക്കത്തില്‍ കണ്ണിലെ കരട് പോലെ വായനയെ ശല്യപ്പെടുത്തിയ അക്ഷരത്തെറ്റുകളും മറ്റും മറന്ന് ഞാനും എപ്പോഴോ  യാത്രയുടെ ഭാഗമാകുകയായിരുന്നു. ഷെരീഫിന്‍റെ അലക്ഷ്യമായ യാത്രകള്‍ പോലെതന്നെയാണ് പുസ്തകത്തിന്‍റെ ആദ്യ പതിപ്പ്. എല്ലാ കുറവുകളും തീര്‍ത്ത്, അദ്ധ്യായങ്ങളായി തിരിച്ച് രണ്ടാമത്തെ പതിപ്പ് ഉടന്‍ പുറത്തിറങ്ങുമെന്ന് എന്‍റെ പരിഭവങ്ങള്‍ക്ക് പ്രസാധകര്‍ മറുപടി തന്നിട്ടുണ്ട്. 

Pic Courtesy: Google Images

A.D. 587ല്‍ John Moschos'ഉം മറ്റൊരു സന്യാസിയും ചേര്‍ന്ന് കാല്‍നടയായി പോയ വഴികളിലൂടെ (The Spiritual Meadow) ആയിരം വര്‍ഷങ്ങള്‍ക്കുശേഷം വില്ല്യം നടത്തിയ യാത്രകളുടെ സമാഹാരമാണ് “From the Holy Mountains”. ജോണ്‍ പോയ പലയിടങ്ങളിലേക്കും വില്ല്യമിനെത്താന്‍ സാധിക്കുന്നില്ല. വിസ്മൃതിയിലാണ്ടു പോയ ഇടങ്ങളും, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ചലനങ്ങള്‍ വരുത്തിയ മാറ്റങ്ങളും വില്ല്യമെന്ന ചരിത്രാന്വേഷകന്‍റെ വഴികളില്‍ വിഘ്നങ്ങളാവുന്നുണ്ട്. ഭാവിയില്‍ ആരെങ്കിലും വില്ല്യമിന്‍റെ പുസ്തകം വഴികാട്ടിയായെടുത്ത് സഞ്ചരിക്കുകയാണെങ്കില്‍ രേഖപ്പെടുത്താന്‍ എത്രയിടങ്ങള്‍ ബാക്കിയുണ്ടാവും? എന്തിനെന്നറിയാതെ അതു പോലെയൊരു ആശങ്ക ഇന്ത്യ 350CC വായിച്ചവസാനിപ്പിക്കുമ്പോളെനിക്കുമുണ്ട്... 


12 അഭിപ്രായങ്ങൾ:

  1. ഭാഷയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ഷെരീഫിന്‍റെ യാത്രാനുഭവം കൂടുതല്‍ ആസ്വാദ്യകരമായേനെ .അതില്‍ സത്യസന്ധതയുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ വെട്ടത്താൻ ചേട്ടാ... പ്രസാധകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

      ഇല്ലാതാക്കൂ
  2. അത്ഭുതപ്പെടുത്തുന്ന വായന എന്ന് പറയുന്നത് ഇത്തരം പുസ്തകങ്ങളാണ്.. കൊതിപ്പിച്ചു വാങ്ങിപ്പിക്കും മുബിയുടെ വിവരണങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  3. നമ്മൾ ബുക്ക് ചെയ്തത് വിപിപി വന്നപ്പ കൈപ്പറ്റാൻ ആളില്ലാതെ തിരിച്ച് പോയി 350cc :( :(

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പെൻഡുലം ബുക്സിൽ അറിയിച്ചില്ലേ മണി? വേഗം തിരിച്ചു വരട്ടെ

      ഇല്ലാതാക്കൂ
  4. ഇവിടുത്തെ വായനശാലയിൽ മെമ്പർഷിപ്പ് എടുക്കണം... ഇനി പുസ്തകങ്ങൾ വായിച്ച് തുടങ്ങണം... മൂന്ന് പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന പഴയ ശീലത്തിലേക്ക് മടങ്ങിയെത്തണം...

    പരിചയപ്പെടുത്തലിന് നന്ദി മുബീ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സോറി വിനുവേട്ടാ ഞാന്‍ ഇത്തിരി തിരക്കിലായി...

      ഇല്ലാതാക്കൂ
  5. നല്ല പരിചയപ്പെടുത്തൽ ...
    ഇന്ത്യയുടെ പല കാണാക്കാഴ്ച്ചകളും
    ഷെരീഫിന്റെ പുസ്തകത്തിൽ കൂടി കാണാം അല്ലെ

    മറുപടിഇല്ലാതാക്കൂ
  6. നല്ല വിവരണം മുബി
    സമയ ദാരിദ്യ്രമുണ്ടെങ്കിലും വിവരണം വായനയിലേക്കു നയിക്കുന്നു എന്നു പറയാൻ സന്തോഷമുണ്ട്.
    നന്ദി മുബി

    മറുപടിഇല്ലാതാക്കൂ