പുസ്തകപരിചയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുസ്തകപരിചയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 മാർച്ച് 1, തിങ്കളാഴ്‌ച

കാസ്പിയൻ തീരത്തെ പ്രണയം

വിയന്നയിൽ പ്രസിദ്ധീകരിച്ച കുർബാൻ സൈദിൻ്റെ ജർമൻ നോവലാണ് അലി ആൻഡ് നിനോ(1937). കാസ്പിയൻ കടലിനടുത്തുള്ള അസർബൈജാനിലെ തുറമുഖനഗരിയായ  ബാക്കുവിൽ 1918-20നുമിടയിൽ നടന്ന സുന്ദരമായൊരു പ്രണയമാണ് നോവലിനാധാരം. റഷ്യയിലെ സർ ചക്രവർത്തിയുടെ നിയന്ത്രണത്തിലായിരുന്ന ബാക്കുവിലെ പ്രശസ്തമായൊരു മുസ്ലിം കുടുംബത്തിലാണ് അലിഖാൻ ശിർവാൻഷിർ ജനിച്ചു വളർന്നത്. ഇടുങ്ങിയ ഗല്ലികളും, നിറംമങ്ങിയ വീടുകളും, പൊടി പാറുന്ന വഴികളുമുള്ള പുരാതനമായ ഇച്ചേരി ഷെഹറിലാണ് അലിയുടെ വീട്. വീട്ടിലെ മട്ടുപ്പാവിൽ നിന്ന് നോക്കിയാൽ കാസ്പിയൻ കടലും അതിനടുത്തുള്ള മരുപ്രദേശങ്ങളും കാണാം. ആ കാഴ്ചയുടെ വശ്യതയിൽ അവിടെയിരുന്നു ലാറ്റിനും കെമിസ്ട്രിയും പഠിക്കുന്നത് വ്യർത്ഥമാണെന്ന് ചിന്തിക്കുന്നുണ്ടെങ്കിലും സ്കൂൾ പരീക്ഷകളെല്ലാം അലി പാസ്സാവുന്നുണ്ട്. തൻ്റെ മകൻ പാശ്ചാത്യ വിദ്യാഭ്യാസം നേടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന അലിയുടെ പിതാവൊരു തീവ്ര പൗരസ്ത്യ വിശ്വാസിയാണ്. 

Ali & Nino- Book Cover (Mississauga Library)

ക്രിസ്ത്യൻ മതവിശ്വാസത്തിലും പടിഞ്ഞാറൻ സംസ്കാരത്തിലും വളരുന്ന നിനോയുമായുള്ള അലിയുടെ ബാല്യകാല സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയാണ്. ഓപ്പറയും ഡാൻസും കണ്ട് നിക്കോളായ് തെരുവിലും, കാസ്പിയൻ തീരത്തും കൈകോർത്ത് പ്രണയിച്ചു നടക്കുന്ന അലിയും നീനോയും എതിർപ്പുകളൊന്നും നേരിടുന്നില്ല. ഇതിന് വിരുദ്ധമാണ് അലിയുടെ വീട്ടിലെ രീതികൾ. പേർഷ്യയിൽ നിന്ന് വരുന്ന അമ്മാവൻ്റെ നാലു ഭാര്യമാർ മുഖംമറച്ചും, ആണുങ്ങൾക്ക് പിറകെ മൗനത്തിലാണ്ട്‌, മുഖം കുനിച്ചു നടക്കുകയും ചെയ്യുന്നു. അവരോട് കുശലം ചോദിക്കുന്നത് പോലും മാന്യതയായി അലി കരുതുന്നില്ല. അന്തഃപുരങ്ങളിൽ (Harem) യുനക്കുകളുടെ (Eunuch) മേൽനോട്ടത്തിൽ കഴിയുന്നവരാണ് അലിയുടെ വീട്ടിലെ സ്ത്രീകൾ. എന്നാൽ, "ഞാൻ നിങ്ങളുടെ പെണ്ണുങ്ങളെ പോലെ മുഖം മറക്കില്ല, മതം മാറില്ല, അന്തഃപുരത്തിൽ യുനക്കുകൾക്കൊപ്പം നിൽക്കില്ല" എന്നുള്ള നീനോയുടെ ആവശ്യങ്ങൾ അലി അംഗീകരിക്കുന്നുണ്ട്. തൻ്റെ വിശ്വാസങ്ങൾക്ക് എതിരാണെങ്കിലും അലിയുടെ പിതാവ് പോലും വിവാഹത്തിന് സമ്മതം മൂളുന്നു.   

റഷ്യൻ വിപ്ലവവും അതിനെ തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും ബാക്കുവിനെയും ബാധിക്കുന്നുണ്ട്. ഇതിനിടയിൽ വിശ്വസ്തനായ അർമേനിയൻ സുഹൃത്ത് നിനോയെ തട്ടിക്കൊണ്ടുപോകുന്നതോടെ കഥാഗതി മാറുകയാണ്.  അലി സുഹൃത്തിനെ കൊല്ലുകയും അന്നേറെ പ്രാബല്യത്തിലുണ്ടായിരുന്ന അഭിമാനഹത്യക്ക് മുതിരാതെ നിനോയെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നതിനുള്ള ഏർപ്പാടുകളാണ് ചെയ്യുന്നത്. അർമേനിയക്കാരുടെ പ്രതികാരം ഭയന്ന് അലിയൊരു മലയോരഗ്രാമത്തിലേക്ക് ഒളിച്ചു കടക്കുന്നു. കുതിരപ്പുറത്തെ യാത്രയിൽ അലി കാണുന്ന മരുഭൂ കാഴ്ചകൾ വളരെ മനോഹരമായി വർണ്ണിച്ചിട്ടുണ്ട്.  കുറച്ചു മാസങ്ങൾക്കു ശേഷം അലിയെ തിരഞ്ഞു നിനോയും ദാഗിസ്താനിൽ (Daghestan) എത്തുന്നു. സുഹൃത്തും മുല്ലയുമായ സെയ്ദ് മുസ്തഫയുടെയും രണ്ടു സാക്ഷികളുടെയും സാന്നിധ്യത്തിൽ നിനോയും അലിയും വിവാഹകരാറിൽ ഒപ്പുവെയ്ക്കുന്നു. ലൗ ജിഹാദുകളുടെ മുറവിളി ഉയരുന്ന ഈ കാലഘട്ടത്തിൽ വിവാഹകാരാറിൽ മുദ്ര ചാർത്തുന്നതിന് മുമ്പായി മുല്ല നിനോയോട് ചോദിച്ച ചില ചോദ്യങ്ങൾ പ്രസക്തമാണ്.

"എന്താണ് നിങ്ങളുടെ മതം? നിനോ - ഗ്രീക്ക് ഓർത്തഡോക്സ്‌ 

എന്താണ് നിങ്ങളുടെ ആഗ്രഹം? നിനോ- ഈ മനുഷ്യൻ്റെ ഭാര്യയാവുകയെന്നതാണ്

നിങ്ങൾ നിങ്ങളുടെ മതം പിന്തുടരുന്നുണ്ടോ അതോ ഭർത്താവിൻ്റെ മതത്തിലേക്ക് മാറുന്നുവോ? നിനോ - ഞാൻ എൻ്റെ മതം പിന്തുടരാൻ ആഗ്രഹിക്കുന്നു.... " 

ദാഗിസ്താനിലെ ജീവിതം ദുരിതപൂർണ്ണമായിരുന്നെങ്കിലും നിനോ അതുമായി പൊരുത്തപ്പെട്ടിരുന്നു. ബാക്കുവിലെ രാഷ്ട്രീയാന്തരീക്ഷം ഇതിനകം കലുഷിതമായി. ഓട്ടോമൻ സാമ്രാജ്യം ചുവന്ന പട്ടാളത്തെ തുരത്താനായി ബാക്കുവിലേക്ക് നീങ്ങുന്നതറിഞ്ഞ് നാട്ടിലേക്ക് പോവുകയാണ് അലിയും നീനോയും. കണക്കുകൂട്ടലുകൾ തെറ്റിച്ച് റഷ്യൻ പട്ടാളം ബാക്കു തിരിച്ചു പിടിച്ചപ്പോൾ അലിയും നിനോയും പേർഷ്യയിലേക്ക് നാടുവിടുന്നു. പേർഷ്യയിലെ ജീവിതം അലിക്ക് സ്വീകാര്യമായെങ്കിലും നിനോയ്ക്ക് ഒട്ടും ഇഷ്ടമായില്ല. പുറത്തിറങ്ങുമ്പോൾ മൂടുപടം അണിയുന്നതും, അന്തഃപുര ജീവിതവും, യുനക്കിൻ്റെ നിർദ്ദേശങ്ങളും ശാസനകളും, ഷിയാ ആചാര പ്രകാരം അലി സ്വയം മുറിവേൽപ്പിച്ചതും, പേർഷ്യൻ കവികളും നിനോയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവിടെ നിന്ന് യൂറോപ്പിലേക്ക് പോകാമെന്ന് ഗർഭിണിയായ നിനോയുടെ ആവശ്യം അലി നിരാകരിക്കുന്നു. അവസാനം "ഇവിടെ ജീവിച്ചാൽ ഞാൻ നിന്നെ വെറുക്കുമെന്ന്" ദുഃഖം നിഴലിക്കുന്ന കണ്ണുകളോടെ അവൾ പറഞ്ഞപ്പോൾ അലിയും പിതാവും ബാക്കുവിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചു.  

റഷ്യൻ സൈനികർ നശിപ്പിച്ച ബാക്കുവിലെ വീട് നീനോയുടെ ഇഷ്ടത്തിനനുസരിച്ചു പാശ്ചാത്യൻ മാതൃകയിലാണ്  പുതുക്കുന്നത്. കട്ടിലും കിടക്കയും, തീൻമേശയും കസേരകളും, ഇളം നിറത്തിലുള്ള പരവതാനികളും, യുറോപ്പിയൻ സന്ദർശകർക്കായി മദ്യവും, വെള്ള വിരികളുമായി വീടിൻ്റെ കോലം മാറുന്നു. എങ്കിലും അലിക്കായി അവൾ കാസ്പിയൻ കടലും മരുഭൂമിയും കാണാവുന്ന മട്ടുപ്പാവ് അതുപോലെ നിലനിർത്തുന്നുണ്ട്. നിനോയുടെ പ്രസവശേഷം അലിയുടെ പിതാവ് പേർഷ്യയിലേക്ക് തന്നെ തിരിച്ചു പോകുന്നു. ബ്രിട്ടീഷ് സാമ്രാജ്യവുമായി ചേർന്ന് കുറച്ചു കാലത്തേക്ക് മാത്രം കിട്ടിയ Azerbaijan Democratic Republic എന്ന സ്വപ്നം തകർത്തു കൊണ്ട് റഷ്യൻ സൈന്യം വീണ്ടും ബാക്കുവിലെത്തി. Tiflis(Tblisi)ലേക്ക് പോകുന്ന അവസാനത്തെ ട്രെയിനിൽ നിനോയേയും കുട്ടിയേയും കയറ്റി വിട്ട് അലി റഷ്യൻ പട്ടാളത്തെ തുരത്താനായി ആയുധമെടുക്കുകയാണ്. കുടുംബത്തിലെ ആണുങ്ങൾ പൊരുതി മരിക്കുന്നതാണ് അഭിമാനമെന്ന്  വിശ്വസിച്ച പിതാവിൻ്റെ ആഗ്രഹം നിറവേറ്റുക കൂടിയായിരുന്നു അലി. കാടിനെയും മരങ്ങളെയും സ്നേഹിക്കുന്ന നിനോയോട് കാട്ടിലെ ഇരുട്ടെന്നെ ഭയപ്പെടുത്തുമെന്നാണ് അലി പറയുന്നത്. മരുഭൂമിയിലെ വരണ്ട മണൽക്കാറ്റും വിശാലമായ ഭൂപ്രദേശവും ഒരു വാഗ്‌ദാനവും നൽകില്ല, ഒന്നും ആവശ്യപ്പെടുകയുമില്ല... ചോദ്യങ്ങളും ഉത്തരങ്ങളുമില്ല... അവിടെ ഒരു മുഖമേയുള്ളൂ ഒരു സത്യമേയുള്ളൂ... മരുഭൂമിയുടെ പുത്രനായിരുന്നു അലി! അവനവിടം വിട്ടു പോകാൻ ഒരിക്കലും കഴിഞ്ഞില്ല.    

കഥയേക്കാൾ വലിയ കഥയാണ് പുസ്തകത്തിൻ്റെത്. രണ്ടാംലോകമഹായുദ്ധത്തിൽ ലോകം കലങ്ങി മറിഞ്ഞ സമയത്ത് ആദ്യ പ്രസിദ്ധീകരണത്തിന് ശേഷം വിസ്‌മൃതിയിലാണ്ടു പോയ പുസ്തകമാണ് അലി ആൻഡ് നിനോ. യുദ്ധാനന്തര ബെർലിനിലെ ഒരു സെക്കൻഡ് ഹാൻഡ് പുസ്തകശാലയിൽ നിന്ന് Jenia Gramenന് ജർമൻ ഭാഷയിൽ പ്രസിദ്ധീകരിച്ച കൃതിയുടെ കോപ്പി ലഭിക്കുകയായിരുന്നു. കഥയുടെ ആകർഷണീയതയും, അതെഴുതിയ കാലഘട്ടത്തിൻ്റെ പ്രത്യേകതയും കാരണം ജെനിയ അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു. ആദ്യം  ബ്രിട്ടണിലും പിന്നീട് ന്യൂയോർക്കിലുമായി പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പുകൾ പ്രസിദ്ധീകരിക്കുകയാണുണ്ടായത്. ഇതൊക്കെയായിട്ടും നോവലെഴുതിയ കുർബാൻ സൈദിനെ കണ്ടെത്താനായില്ല. ദശാബ്ദങ്ങൾക്ക് ശേഷം കുർബാൻ സൈദ് എന്നത് രണ്ടു വ്യക്തികളെ മറയ്ക്കുന്ന ഒരു തൂലികാനാമമാണെന്നാണ് പ്രബലമായ നിഗമനം. ഓസ്ട്രിയക്കാരിയായ Baroness Elfriede Ehrenfels എന്ന എഴുത്തുകാരിയുടെയും ജൂതമതവിശ്വാസിയായി ബാക്കുവിൽ ജനിച്ച്‌ പിന്നീട് ഇസ്ലാം മതത്തിലേക്ക് മാറിയ Lev Nussimbaum (Essad Bay) എന്ന എഴുത്തുകാരൻ്റെയും ജീവിതവും സൗഹൃദവുമായിരിക്കും കഥയുടെ പിന്നിലെ കഥയും തൂലിക നാമവുമെന്നാണ് പുസ്തകത്തിൻ്റെ പുറംചട്ടയിലുള്ള Dr. Heinz Barazon (Vienna, 1999)ൻ്റെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. രണ്ടു വ്യക്തികളുടെ പ്രണയത്തിനുമപ്പുറം പലതുമുണ്ട് ഈ നോവലിൽ. വൈവിധ്യമാർന്ന രണ്ടു സംസ്കാരങ്ങളുടെ ഇരുളും വെളിച്ചവും, യാത്രകൾ, ദേശങ്ങളിലെ മനുഷ്യജീവിതങ്ങൾ, വിശ്വാസങ്ങൾ, സൗഹൃദങ്ങൾ, ഭക്ഷണരീതികൾ, ചന്തകൾ, നാടോടിക്കഥകൾ, ദർവീഷുകൾ, യുദ്ധങ്ങൾ അങ്ങനെയെല്ലാം ചേർന്ന് നല്ലൊരു വായനാനുഭവമായിരുന്നു. 

Pic - Ali and Nino - Page 12

*** Eunuch: a castrated man placed in charge of a harem or employed as a chamberlain in a palace

2020 നവംബർ 26, വ്യാഴാഴ്‌ച

ഉച്ചാരണ പിഴവ്!

കാനഡയിൽ സംഘടിപ്പിച്ച സാഹിത്യപരിപാടിയിൽ അതിഥിയായി എത്തിയ എഴുത്തുകാരൻ സക്കറിയ, അന്ന് നടത്തിയ പ്രസംഗത്തിൽ ബെന്യാമിൻ്റെ  ആട് ജീവിതം പോലെയൊരു കൃതി വടക്കേ അമേരിക്കയിലെ കുടിയേറ്റക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞതോർക്കുന്നു. സൗവാങ്കം തമ്മാവോങ്‌സ (Souvankham Thammavongsa) എഴുതിയ ചെറുകഥാസമാഹാരം വായിച്ചപ്പോഴാണ് സക്കറിയയുടെ പ്രസംഗം മനോമുകുരത്തിൽ തെളിഞ്ഞത്. പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോൾ ഇങ്ങനെയൊന്നാവുമോ അദ്ദേഹം സൂചിപ്പിച്ചത് എന്നാലോചിക്കാതിരുന്നില്ല. ഈ വർഷത്തെ Scotiabank Giller Prize Award ലഭിച്ചത്  How to Pronounce Knife എന്ന പുസ്തകത്തിനാണ്. അവാർഡ് പ്രഖ്യാപനത്തെ തുടർന്ന് സൗവാങ്കം പറഞ്ഞത് "മുപ്പത്തിയാറ് വർഷങ്ങൾക്കു മുമ്പ് സ്കൂളിൽ വെച്ച് നൈഫ് എന്ന ഇംഗ്ലീഷ് പദത്തിൻ്റെ ഉച്ചാരണം തെറ്റിച്ചപ്പോൾ എനിക്ക് സമ്മാനമൊന്നും കിട്ടിയില്ല, പക്ഷെ ഇന്നെനിക്കു സമ്മാനം കിട്ടിയെന്നാണ്." തായ്‌ലൻഡിലെ ഒരു Lao അഭയാർത്ഥി ക്യാമ്പിൽ ജനിച്ച സൗവാങ്കത്തിൻ്റെ എഴുത്തുകളിലെല്ലാം  കുടിയേറ്റ ജീവിതങ്ങളുടെ ചൂടും ചൂരുമുണ്ട്. അഭിമുഖങ്ങളിലെ അവരുടെ ശ്രദ്ധാപൂർവ്വമുള്ള സംസാരശൈലിയും, വ്യക്തമായ നിലപാടുകളുമാണ്  എന്നെ പുസ്തകത്തിലേക്ക് എത്തിച്ചത്.  അത് വെറുതെയായില്ല...    


Screenshot Image from Scotiabank Giller Prize official website

ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേഖകൾ പോലെയാണ് ആംഗലേയ പദോച്ചാരണത്തിൽ ഞാനും മക്കളും. കുട്ടിയായിരിക്കുമ്പോൾ വഴക്ക് പേടിച്ച് കയ്പക്ക ഉപ്പേരി കുഴച്ച ചോറുരുളകൾ ചവയ്ക്കാതെ വിഴുങ്ങുന്നതാണ് ഇവരുടെ ഇംഗ്ലീഷ് വായന കേട്ടാലെനിക്ക് ഓർമ്മ വരിക. 'അക്ഷരങ്ങൾ പാതി വിഴുങ്ങി, വായിൽ ഉരുളക്കിഴങ്ങ് ഇട്ട ചേല്ക്ക്  ഓരോന്ന് എഴുന്നളിക്കും എന്നിട്ട് എഴുതുന്നതിൽ മുഴുവനും അക്ഷരത്തെറ്റാ'ണെന്ന എൻ്റെ വാദത്തെയൊക്കെ കുട്ടികൾ സ്ഥിരമായി അടിച്ചു പരത്തിയിരുന്നു. "Are you crazy" എന്ന ഭാവത്തിൽ എന്നെ നോക്കിയ നോട്ടങ്ങളൊക്കെ എങ്ങനെ മറക്കാനാണ്. How to Pronounce Knife എന്ന കഥയിലൂടെയാണ്  വീണ്ടും മക്കളുടെ സ്‌കൂൾ പഠനകാലത്തേക്ക് പോകാനായത്. 

സ്കൂളിൽ നിന്ന് കുട്ടിക്ക് ടീച്ചർ നൽകിയ പുസ്തകത്തിലെ വാക്കുകളിൽ തീരെ പരിചയമില്ലാത്ത ഒന്നായിരുന്നു "Knife". പലതവണ ഉച്ചരിച്ച് നോക്കിയിട്ടും അതൊന്നും ശരിയല്ല എന്ന തോന്നലിൽ അച്ഛനെ കാത്തിരുന്നു. പുതിയ നാട്ടിൽ അച്ഛനാണ് പുറത്ത് പോകുന്നതും ഇംഗ്ലീഷ് സംസാരിക്കുന്നതും. രാത്രിയിൽ ജോലി കഴിഞ്ഞു വന്ന അച്ഛനോട് കുട്ടി തൻ്റെ സംശയം ചോദിക്കുന്നു. പുസ്തകത്തിൽ നോക്കി അക്ഷരങ്ങൾ പെറുക്കി അച്ഛൻ അവൾക്ക് Kahneyff എന്ന് വായിച്ചു കൊടുത്തു. ആ ഉച്ചാരണത്തിൽ എന്തോ ഒരു വല്ലായ്മ തോന്നിയെങ്കിലും പിതാവിന് തെറ്റാൻ വഴിയില്ലെന്ന് കുട്ടി വിശ്വസിച്ചു. എന്നാൽ പിറ്റേന്ന് ക്ലാസ്സിലെ വായനാമത്സരത്തിൽ ആ വാക്കിലെത്തി തപ്പിത്തടഞ്ഞ കുട്ടിക്കത് ശരിയായി വായിച്ചു കൊടുത്തത് തൊട്ടടുത്തിരിക്കുന്ന സ്വർണ്ണമുടിക്കാരിയാണ്. മറ്റെല്ലാം ശരിയായെങ്കിലും ആ വാക്ക് തെറ്റിയതിനാൽ സമ്മാനം നഷ്ടപ്പെടുന്നു. അനുഭവങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ച് പല രീതിയിലും ഈ കഥയെ നമുക്ക് വായിച്ചെടുക്കാനാവും. സൗവാങ്കത്തിൻ്റെ പ്രസംഗത്തിന് How to Pronounce Knife എന്ന കഥയുമായി ഏറെ ബന്ധമുണ്ട്.

ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ വസ്ത്രത്തിനുമേൽ ടീച്ചർമാർ സ്റ്റിക്കി നോട്ടുകൾ ഒട്ടിക്കാറുണ്ട്. പ്രധാനപ്പെട്ട സന്ദേശങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കാനാണിത്. നിരക്ഷരയായ  അമ്മ  കുട്ടി വീട്ടിലേക്കു കൊണ്ടുവരുന്ന ഓരോ സ്റ്റിക്കി നോട്ടും വലിച്ചെറിയും. വൈകി വരുന്ന അച്ഛനെ കാണിക്കുമ്പോൾ പിന്നീടാകട്ടെ എന്ന് പറഞ്ഞു മടക്കും. അങ്ങനെ സ്കൂൾ പരിപാടിയിൽ സഹപാഠികൾക്കിടയിൽ ഒറ്റപ്പെട്ട് വല്ലാത്ത ഒരവസ്ഥയിൽ നിൽക്കേണ്ടി വരുന്ന കുട്ടിയും, വെൽക്കം സെന്ററിൽ നിന്നു കിട്ടിയ റേഡിയോയിലൂടെ ശ്രവിക്കുന്ന ശബ്ദങ്ങളെ സ്നേഹിക്കുന്ന അമ്മയും  മനസ്സിലെ മായാത്ത ചിത്രങ്ങളാണ്. മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്ന അവതാരകൻ്റെ ചിരിയെ അവർ കഥയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്, "ചിരി, അതേത്  ഭാഷയിലായാലും ചിരി തന്നെയാണ്" എന്ന വരിയോടെയാണ്. മറ്റൊരു കഥയിലാകട്ടെ പേരെല്ലാം മാറ്റി ഇംഗ്ലീഷ് പേരും സംസ്കാരവും സ്വീകരിച്ച് പുതിയ നാട്ടിലെ കുട്ടിയായി വളർന്ന മകളുടെ കൺവെട്ടത്ത് വരാതെ ദൂരെ മാറി നിൽക്കുന്ന അമ്മയൊരു നൊമ്പരമാകുന്നു. പാരിസ് എന്ന കഥയിലാകട്ടെ ചിക്കൻ പ്ലാന്റിലെ ചൂഷണങ്ങൾ കാണുന്ന റെഡ്, സൗന്ദര്യമില്ലാത്തതിൽ ആശ്വസിക്കുന്ന കഥാപാത്രമാണ്. 

"ടോറോന്റോ പുഴുക്കളുടെ  തലസ്ഥാനമാണ്," 2015ൽ അന്നത്തെ പത്രറിപ്പോർട്ട് കാണിച്ചാണ് സുഹൃത്ത് പറഞ്ഞത്. ആ വട്ടമേശയ്ക്ക് ചുറ്റുമിരിക്കുന്നത് കുടിയേറ്റത്തിൻ്റെ പല നിറങ്ങളാണ്. എങ്ങനെ വേണമെങ്കിലും ആ പരാമർശത്തെ വ്യാഖ്യാനിക്കാം എന്നോർത്തപ്പോൾ ഞാനൊന്ന് ഞെട്ടി. അടുത്ത ദിവസങ്ങളിൽ പരിചയപ്പെട്ട ഒരാളിൽ നിന്നാണ് പുഴുക്കളെ പെറുക്കുന്ന ജോലിയെ  പറ്റി സുഹൃത്തറിയുന്നത്. അതും ആ വാർത്തയും ചേർത്ത് കോഫീ ബ്രേക്കിൽ ഞങ്ങൾക്ക് കൈമാറിയതാണ്. സന്ധ്യക്ക്‌ നഗരം ശാന്തമാകുമ്പോഴാണ് ജോലി തുടങ്ങുന്നതെന്നും തൊഴിലാളികളെ പിക്കപ്പ് ട്രക്കുകളിലാണ് ജോലിസ്ഥലത്തെത്തിക്കുന്നതെന്നും അന്നത്തെ പരദൂഷണ കോഫിയുടെ കൂടെ കിട്ടിയത് ശരിയായിരുന്നുവെന്ന് സൗവാങ്കം എഴുതിയ "Picking Worms" വായിച്ചപ്പോൾ അറിയാനായി. ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ അധികവും ചൈന, കൊറിയ, വിയറ്റ്നാം എന്നിവടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. മത്സ്യബന്ധനമേഖലയിലേക്കാണ് പുഴുക്കളെ കൊടുക്കുന്നത്. ടോറോന്റോയിലെ കാലാവസ്ഥ പുഴുവളർത്തലിന് അനുകൂലമാണ്, എന്നാൽ ഇപ്പോൾ ഈ തൊഴിൽമേഖല നഷ്ടത്തിലാണെന്നും കേൾക്കുന്നുണ്ട്. ഒരു തൊഴിലും മോശമല്ല. പക്ഷെ നിസ്സഹായരായ കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന തൊഴിലിടങ്ങൾ ഇല്ലെന്ന് പറയാനാവില്ല. ഭാഷയും വിശപ്പും പലപ്പോഴും ചൂഷണങ്ങൾ അധികാരികളെ അറിയിക്കുന്നതിൽ വിലങ്ങുതടിയാവാറുണ്ട്. നാട്ടിലെ ഏജന്റുമാർ പഠിക്കാനായി വരുന്ന വിദ്യാർത്ഥികൾക്കായി ചില തൊഴിലുകൾ കാനഡയിൽ സംവരണം ചെയ്തു വച്ചിട്ടുണ്ട്. വിമാനമിറങ്ങിയാലുടൻ  ലഭിക്കുന്നതായി ഏജൻറ് സാക്ഷ്യപ്പെടുത്തുന്നതാണ്  ആപ്പിൾ/സ്ട്രോബെറി പെറുക്കൽ, പുല്ല് പറിക്കൽ, പശുവിനെ കറക്കൽ എന്നീ തൊഴിലുകൾ. രണ്ടു വർഷത്തിനുള്ളിൽ ലക്ഷങ്ങൾ ബാങ്കിലിടാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു കയറ്റി വിട്ടവരുടെ സമ്പാദ്യം കാനഡ റവന്യൂ ഏജൻസി അളന്ന് തിട്ടപ്പെടുത്തി തളർന്ന് കാണും. 

കനേഡിയൻ സാഹിത്യം Landscape Literature ആണെന്നൊരു സംസാരമുണ്ട്. സൗവാങ്കത്തിൻ്റെ സൃഷ്ടികൾ ഇതിൽ നിന്നേറെ വിഭിന്നമാണ്‌. സ്ഥലങ്ങളെ There & Here എന്ന രണ്ടു വാക്കുകളിൽ സൗവാങ്കം അടയാളപ്പെടുത്തിയിരിക്കുന്നു. ആ വാക്കുകളിലൂടെ വായിക്കുന്നവർക്ക് താന്താങ്ങളുടെ ഇടങ്ങളെ കണ്ടെത്താം. ഏതിടങ്ങളിൽ നിന്നായാലും കഥാപാത്രങ്ങളുടെ ജീവിതപരിസരങ്ങളെ അവർക്ക് തിരിച്ചറിയാനാകുന്നതിനാൽ   വായന കൂടുതൽ  ഹൃദ്യമാകുന്നു. മാതൃഭാഷയെ സ്നേഹിക്കുന്ന വോങ്ങിനെ എങ്ങനെ മറക്കാനാണ്. ആംഗേലയത്തിൽ മാത്രം അച്ചടിച്ച ക്ഷണക്കത്തിൽ അവരുടെ ഭാഷയിലെന്നും അതു കൊണ്ട് ആ കല്യാണം നടക്കാൻ സാധ്യതയില്ലെന്നും വോങ്ങ് മകളോട് പറയുന്നൊരു കഥയുണ്ട് പുസ്തകത്തിൽ. ഉപേക്ഷിക്കാനാവാതെ കൂടെ പോന്ന വിശ്വാസങ്ങളുടെ അമിതഭാരവും പേറി ജീവിക്കുന്ന കുടിയേറ്റക്കാരെ സൗവാങ്കം കൃത്യമായി വോങ്ങിലൂടെ വരച്ച്‌ കാട്ടുന്നുണ്ട്. How to Pronounce Knife എന്ന പുസ്തകത്തിൽ എഴുത്തും ജീവിതവും പരസ്പരം ഇഴചേർന്ന് പോകുന്നതായാണ് എൻ്റെ വായനയിൽ അനുഭവപ്പെട്ടത്. അതു തന്നെയാവണം സൗവാങ്കം തമ്മാവോങ്‌സിൻ്റെ എഴുത്തുകൾ വീണ്ടും വീണ്ടും ചർച്ചയാവുന്നതും...  

Screenshot Image from Scotiabank Giller Prize official website

2020 നവംബർ 3, ചൊവ്വാഴ്ച

ഹോംസ്

പ്രിയ ബാസിലിൻ്റെ "Be My Guest" എന്ന പുസ്തകത്തെ കുറിച്ച് അറിഞ്ഞതും അവരെ കേൾക്കാനിടയായതും Toronto International Festival of Authors ൻ്റെ വേദിയിൽ നിന്നാണ്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജയാണ് പ്രിയ. പുസ്തകത്തിലെ പ്രധാന കഥാപാത്രം ഭക്ഷണമാണ്. രുചി വൈവിധ്യങ്ങളിലൂടെയാണ്  പ്രിയ അവരുടെ കുടുംബം, വംശീയത, പലായനം, കുടിയേറ്റം, രാഷ്ട്രീയ കാഴ്ചപ്പാടുകൾ എന്നിവ ആവിഷ്‌കരിക്കുന്നത്.  വളരെ രസകരമായി വായിച്ചു പോകാവുന്ന പുസ്തകമാണെങ്കിലും വായനക്കൊടുവിൽ ചിന്തകളുടെ അഗാധതയിലേക്ക് അത് വായനക്കാരെ തള്ളിയിടും. ഭക്ഷണത്തിൻ്റെ സഞ്ചാരപാതകൾ, പടയൊരുക്കങ്ങൾ, വിണ്ടുകീറലുകൾ, പങ്കുവെയ്ക്കലുകൾ എല്ലാം വളരെ വ്യക്തമായി കോർത്തിണക്കിയിട്ടുണ്ട്. ഈ പുസ്തകവുമായി എന്നെ ചേർത്ത് നിർത്തിയ കാര്യങ്ങൾ ഇവിടെ പങ്കുവെയ്ക്കുകയാണ്. 

ചില ഭക്ഷണവിഭവങ്ങൾ നമ്മുടേത് മാത്രമാണെന്ന ആധികാരികത തിരുത്തപ്പെടുമ്പോളുണ്ടാവുന്ന നഷ്ടബോധത്തിന് വലിയ ആഴമാണ്. എൻ്റെയൊരു അനുഭവം പറയാം. ഞങ്ങളുടെ തറവാട്ടിൽ വെല്ലിമ്മ 'കറി' എന്നൊരു വിഭവമുണ്ടാക്കിയിരുന്നു. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ദിവസങ്ങളിലായിരുന്നു വലിയ ചെമ്പിൽ അടുക്കളയിൽ  കറി തിളച്ചത്. വെളുത്ത കാച്ചിയിൽ കൈകൾ തുടച്ച് പാകം നോക്കി വെല്ലിമ്മ അതിനടുത്ത് തന്നെയുണ്ടാവും. അരിപൊടി ശർക്കരയിലും തേങ്ങാപാലിലും വേവിച്ചെടുക്കുന്നതാണ് കറി. വെന്തു കഴിഞ്ഞാൽ ചുക്കും നാളികേരം ചിരവിയതും ചേർത്തിളക്കി അടുപ്പിൽ നിന്നിറക്കും. അന്ന് വേറെയൊരാളും ഇത് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. അതിനാൽ ഈ മഹാസംഭവം "എൻ്റെ വെല്ലിമ്മാ" ക്ക് മാത്രമറിയാവുന്ന വിഭവമായി ഞാനുറപ്പിച്ചു. വെല്ലിമ്മാക്ക് ശേഷം ആ മധുരം രുചിക്കാനാവില്ലെന്നോർത്ത് ആർത്തിയോടെ കുറെ കഴിച്ചിട്ടുമുണ്ട്. 

Mobile Capture: Hussain Chirathodi / Jan 2020 / Cherukara കറി

വിവാഹശേഷം ചെറുകരയിൽ ചെന്നപ്പോൾ അവിടുത്തെ വെല്ലിപ്പാൻ്റെ ആണ്ടിന് കറി കണ്ടപ്പോഴാണ് മുൻപേ സൂചിപ്പിച്ച 'എൻ്റെ' യെന്ന ആധികാരികത തകർന്നു തരിപ്പണമായത്. മതത്തിൻ്റെ വിഭാഗീയതയും കറിയാണ് എന്നെ പഠിപ്പിച്ചത്. ദേശവും വീടും താണ്ടി 'കറി' ചെറുകരയെത്തിയത് എനിക്ക് സഹിച്ചില്ല. ഇതെല്ലാം എന്നെ ഓർമ്മിപ്പിച്ചത് പ്രിയയുടെ അമ്മയുണ്ടാക്കുന്ന കാദിയെ കുറിച്ചുള്ള പരാമർശമാണ്. മുളകും, മല്ലിയും ഇന്ത്യയുടെതാണെന്ന പ്രിയയുടെ വിശ്വാസം ബ്രസീലിയൻ സുഹൃത്തുക്കളുടെ ഭക്ഷണം കഴിച്ചതോടെ മങ്ങുന്നു. പതിനാറാം നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ നിന്ന് പോർച്ചുഗീസുകാരോടൊപ്പം നമ്മുടെ നാട്ടിലേക്ക് വിരുന്നു വന്നവരാണ് പിന്നീട് നമ്മുടേതാവുന്നത്. മിഡിൽ ഈസ്റ്റേൺ വിഭവമായ ഹുമുസ്(Hummus) ആരുടേതാണെന്ന തർക്കം ഇപ്പോഴും തുടരുകയാണല്ലോ. ഇവിടെയെല്ലാം എൻ്റെത് മാത്രമാണെന്ന വിശ്വാസ്യതയാണ് പിഴുതെറിയപ്പെടുന്നത്.

എല്ലാവരെയും ഭക്ഷണം വിളമ്പിയൂട്ടുന്ന മോംജിയെന്നു വിളിക്കുന്ന പ്രിയയുടെ മുത്തശ്ശി ആർക്കും പാചക കുറിപ്പുകൾ കൈമാറാത്ത വ്യക്തിയായിരുന്നു. ഇതേ കാരണം കൊണ്ട് അവർക്ക് കെനിയയിൽ സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഇവരുടെ കുടിയേറ്റത്തിൻ്റെ കഥയും പുസ്തകത്തിലുണ്ട്. 1930 കളിൽ ആഫ്രിക്കയിലെ റെയിൽ നിർമാണത്തിനായി ബ്രിട്ടിഷുകാർ ഇന്ത്യയിൽ നിന്ന് ആളുകളെ കൊണ്ടുപോയിരുന്നു. കെനിയയിലെ മോംബാസ്സയിൽ നിന്ന് ഉഗാണ്ടയുടെ അതിർത്തിവരെയുള്ള Lunatic Line എന്ന പദ്ധതിക്കായി  കൊണ്ടുപോയവരിൽ ഒരാളായിരുന്നു പ്രിയയുടെ മുത്തച്ഛൻ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ വീടും ഗ്രാമവും മറ്റൊരു രാജ്യത്തിൻ്റെ ഭാഗമായി കഴിഞ്ഞിരുന്നു. നാട്ടിലെത്തിയ അദ്ദേഹത്തിന് പാകിസ്ഥാനിൽ നിന്ന്  തിരിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വരുന്നു. അഭയാർത്ഥി ക്യാമ്പുകളിലെ ദുരിതങ്ങൾ താണ്ടി അർദ്ധപ്രാണനായി അമൃത്സറിൽ എത്തുന്ന അദ്ദേഹത്തെ ഭക്ഷണം കൊടുത്ത് പരിചരിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നത് മോംജിയാണ്. പിന്നീട് അവർ വിവാഹിതരാവുകയും കെനിയയിലേക്ക് പോവുകയും  ചെയ്യുന്നു. 

ഒന്നിച്ചു ചേർക്കുന്നത് പോലെ തന്നെയാണ് ഭക്ഷണം മനുഷ്യരെ വിഭജിക്കുന്നതും. കെനിയയിലെ മോംജിയുടെയും കുടുംബത്തിൻ്റെയും ജീവിതാവസ്ഥകൾ വായിക്കുമ്പോൾ അനുഭവിച്ചറിഞ്ഞതും കേട്ടതുമായ പ്രവാസാനുഭവങ്ങളുമായി സാമ്യമേറെയുണ്ട്. മോംജിയുടെ വീട്ടിലെ സന്ദർശകരെല്ലാം ഇന്ത്യക്കാരാണ്. അവരാവരുടെ വിശ്വാസങ്ങളിൽ വിഭിന്നരായവർ. കെനിയയിലെ മുസ്ലിം സുഹൃത്തുക്കൾ മോംജിയുണ്ടാക്കിയ മാംസവിഭവങ്ങൾ ഭക്ഷിക്കാതെ മാറ്റിവെക്കുന്നത് കണ്ട് പ്രിയയുടെ പപ്പാജി രോഷാകുലനാവുന്നുണ്ട്. എന്നാൽ ഇതേ പപ്പാജി  അവരുടെ വീട്ടിലെ വിരുന്നുകളിൽ എല്ലാം മറന്ന് 'ഹലാൽ' വിഭവങ്ങൾ സന്തോഷത്തോടെ കഴിച്ചു മടങ്ങുന്നതായും പ്രിയ സൂചിപ്പിക്കുന്നുണ്ട്. കാലപ്രയാണത്തിൽ പ്രിയയുടെ കുടുംബം കെനിയ വിടുകയും ലണ്ടനിൽ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. ലണ്ടനിൽ എത്തിയതിനു ശേഷം തങ്ങളുടെ പ്രിയപ്പെട്ട സമൂസയും പുലാവും  ഹലാൽ മാംസം ചേർത്ത് പാചകം ചെയ്‌താൽ രുചികരമാകുമെന്ന വിശ്വാസത്തിലേക്ക് വീട്ടുകാർ മാറുന്നതായും കാണാം. എന്നാൽ ഒരിക്കലും മാറാത്ത ചിലതുണ്ട്, "... some borders won't be crossed, no matter how many meals are shared with others, no matter how many foreign delicacies are consumed." (Be My Guest- Priya Basil)

Picture Courtesy: Screenshot images from Google & TIFA 

എത്രയൊക്കെ സൗഹൃദങ്ങൾക്ക് ഭക്ഷണം വിളമ്പിയാലും കൂടിച്ചേരാനാകാതെ തീണ്ടാപ്പാടകലെ നിർത്തുന്ന ചിലതുണ്ട് നമുക്കുള്ളിൽ. മുതിർന്നവരിൽ നിന്ന് പ്രിയക്കും അവരുടെ സഹോദരിക്കും കിട്ടിയ നിർദ്ദേശങ്ങളിൽ പ്രധാനമായത്, ജീവിതപങ്കാളിയായി മുസ്ലിമിനെയോ, കുറുത്തവനെയോ, വെളുത്തവനെയോ സ്വീകരിക്കാൻ പാടില്ലെന്നതായിരുന്നു. എന്തുകൊണ്ടാണിത് എന്ന കുട്ടികളുടെ ചോദ്യത്തിന് "അവർ നമ്മളിൽ പെട്ടവരല്ല.."എന്ന മറുപടി മാത്രമേ കിട്ടിയുള്ളൂ. തീന്മേശകൾ എത്ര തവണ നിറഞ്ഞാലും മനസ്സുകൾ അന്നും ഇന്നും കരിപിടിച്ച പാത്രങ്ങൾ പോലെ നിറം കെട്ടതായി. "a consequence of the confused colonial mentality that left my parents accepting that Indians were 'inferior' to whites and 'superior' to blacks."(Be My Guest- Priya Basil) മാതാപിതാക്കളുടെ ഉപദേശങ്ങളെ കാറ്റിൽ പറത്തി ജർമൻ വംശജനെ പ്രണയിച്ച് വിവാഹം കഴിച്ച  പ്രിയക്ക് വീട്ടുകാരുടെ അംഗീകാരം കിട്ടാൻ ഒരു വർഷമെടുത്തു. കറുത്തവനെയും കൊണ്ട് വീട്ടിലേക്ക് വരരുതെന്ന് മൂന്ന് വയസ്സ് മുതൽ കുഞ്ഞുങ്ങളെ ഉപദേശിക്കുന്ന കനേഡിയൻ ഇന്ത്യക്കാരുണ്ട്. ഇവരൊക്കെയാണ് Black Lives Matter പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നത്. 

ജോലിയുടെ ഭാഗമായി എനിക്ക് ലഭിച്ച ഒരു ഇമെയിൽ സന്ദേശം ഓർക്കുന്നു, "We do not want our clients to deal with Africans and Asians." ഏഷ്യൻ എന്ന വിഭാഗത്തിൽ ഞാനും ഉൾപ്പെടും. എന്തായാലും അവരുമായുള്ള ഇടപാടുകൾ കമ്പനിയുടെ മാത്രമല്ല കാനഡയുടെ നിലപാടുകൾക്കും വിരുദ്ധമായതിനാൽ റദ്ദ് ചെയ്യുകയുണ്ടായി. മറ്റൊന്ന് കുട്ടികളുടെ ഔട്ടിംഗിന് വേണ്ടി അവരുടെ മാതാപിതാക്കളുടെ സമ്മതം ആവശ്യപ്പെട്ടു കൊണ്ടെഴുതിയപ്പോൾ, "എൻ്റെ കുട്ടി പെൺകുട്ടികളുമായി ഇടപഴകില്ലെന്ന ഉറപ്പുണ്ടെങ്കിൽ വിടാ"മെന്ന മറുപടിയും ലഭിച്ചു. ജർമനിയെ സ്വന്തമായി കരുതുന്ന പ്രിയക്ക് പെരുവഴിയിൽ നിന്ന് "നീ നിൻ്റെ രാജ്യത്തേക്ക് തിരിച്ചു പോകൂ..." എന്നുള്ള ആക്രോശം നേരിടേണ്ടി വന്ന അനുഭവം പുസ്തകത്തിലുണ്ട്. ഇപ്പോൾ അവിടെന്നുമിവിടെന്നുമായി കാനഡയിലും ഇത്തരം ആക്രോശങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അരക്ഷിതാവസ്ഥയിൽ കഴിയുന്ന കറുത്തവരോളം വരില്ലെങ്കിലും  Racial Slur കൾ നമ്മളെയും ബാധിക്കുന്നുണ്ട്. 

പ്ലേറ്റുകൾ തീർക്കുന്ന അതിർത്തികളെ കുറിച്ച് പ്രിയ എഴുതിയതിലേക്കാണ് പെരുന്നാൾ ഭക്ഷണാഘോഷം ഞാൻ ചേർത്തത്. പണ്ട് പെരുന്നാളിന് തറവാട്ടിലെ കോലായിലാണ് ഭക്ഷണം വിളമ്പിയിരുന്നത്. ആർക്കും പ്രത്യേകം പ്ളേറ്റുകളില്ല. വലിയൊരു വാഴയിലയിൽ ചോറ് കുന്ന് പോലെ കൂട്ടിയിട്ടിട്ടുണ്ടാവും. അതിൽ നിന്ന് നമ്മുടെ മുന്നിലെ ഇലയിലേക്ക് കൈകൊണ്ടു കുറച്ചു നീക്കിയിടും. അതിലേക്കാണ് കുമ്പളങ്ങയും, ചേമ്പും, ചേനയും ഇട്ടു വെയ്ക്കുന്ന കൂട്ടാൻ ചാറൊഴിക്കുന്നത്. കൂടുതലായി പയറുപ്പേരിയും, പപ്പടവും, ഉണക്കസ്രാവ് പൊരിച്ചതുമുണ്ടാവും. ഇന്നെല്ലാവർക്കും പ്ലേറ്റുകളുണ്ട്. ആ  അതിർത്തി കടന്നു ഒന്നും അങ്ങോട്ടുമിങ്ങോട്ടും  പോകാറില്ല. അബദ്ധത്തിൽ പോയാൽ തന്നെ മനുഷ്യമനസ്സുകൾ പോലെ അതിന് തീർപ്പുകളുമുണ്ട്.  

“Through good times and bad, our country has strived to be a beacon of hope for the world’s most vulnerable. Today, I call on Canadians and people around the globe to stand with those fleeing hardship and violence. All countries share a moral responsibility to help refugees and forcibly displaced people find shelter and start their lives anew.”- Canadian Prime Minister Justin Trudeau, June 20, 2020 - On World Refugee Day 

ഓരോ കുടിയേറ്റക്കാരനിലും "ആരാണ് നമ്മൾ" എന്ന ചോദ്യം ബാക്കിയാവുമെന്ന് പറയുന്ന അദ്ധ്യായത്തിൽ അഭയാർത്ഥി പ്രവാഹത്തെയാണ് പരാമർശിക്കുന്നത്. പലവിധമാണല്ലോ കുടിയേറ്റം... സാമ്പത്തിക കുടിയേറ്റക്കാരെ സംബന്ധിച്ചു ജനിച്ച മണ്ണിലേക്ക് തിരിച്ചു പോകാം പോകാതിരിക്കാം എന്നാൽ എല്ലാം നഷ്ടപ്പെട്ട് അഭയം തേടിയെടുത്തുന്നവർക്ക് അവരെ സ്വീകരിക്കുന്നിടം തന്നെയാണ് വീട്. അതിഥികളായി ഭൂമിയിലേക്ക് വരുന്നവർ പിന്നീട് ആതിഥേയരാവുന്നു. അതിഥികളും ആതിഥേയരുമില്ലെങ്കിൽ നമ്മൾ അപരിചിതരാണ്. ജർമനിയിലെ സന്നദ്ധ സംഘടനകൾ അഭയാർത്ഥികൾക്കായി ക്യാമ്പുകൾ സംഘടിപ്പിച്ചതിനെ കുറിച്ച് പുസ്തകത്തിൽ പറയുന്നുണ്ട്. ആ ക്യാമ്പുകളിൽ പല രാജ്യക്കാർ അവരുടെ ഭക്ഷണം പാകം ചെയ്തു അതിഥികൾക്ക് വിളമ്പുന്നു. ഭാഷയറിത്ത അപരിചിതർ ഭക്ഷണം കഴിക്കുമ്പോൾ വാചാലരാകുന്നത് എഴുത്തുകാരിയിൽ അത്ഭുതമുളവാക്കുകയാണ്. ഭാഷയ്ക്കപ്പുറം ഭക്ഷണത്തിൻ്റെ നിറം,  മണം, രുചി ഇവയിലേതെങ്കിലുമാവാം അപരിചിതത്വത്തിൻ്റെ മൂടൽ മാറ്റുന്നത്. നമുക്ക് സുപരിചിതമായ അല്ലെങ്കിൽ സ്വീകാര്യമായ Be My Guest/ Feel at home എന്നിവയേക്കാൾ  ജർമനി കേട്ട മുറിഞ്ഞൊരു വാചകമുണ്ട്. 2015ൽ ആംഗല മെർക്കൽ അതിർത്തിക്കപ്പുറം നിൽക്കുന്നവരോട് പറഞ്ഞ  "I would like to invite you....." ഇന്നും  മുഴുമിപ്പിക്കാത്ത ഈ വാചകമാണ് കുറെ നിരാലംബർക്ക് ആശ്വാസമായത്. ഏറ്റവും ഹൃദ്യമായ ക്ഷണപത്രമായിരുന്നു മെർക്കൽ അന്ന് ലോകത്തിന് നൽകിയത്. പ്രിയയുടെ അഭിമുഖം കേട്ടതിന് ശേഷമാണ് ഞാൻ Be My Guest വായിച്ചത്.  നല്ലൊരു വായനാനുഭവമാണ് പുസ്തകം സമ്മാനിച്ചതെന്ന്  പ്രത്യേകമെടുത്ത് പറയുന്നില്ല. 

HOMES വടക്കേ അമേരിക്കയിലെ അഞ്ചു വലിയ തടാകങ്ങളുടെ ചുരുക്ക പേരാണ്. Lake Huron, Ontario, Michigan, Erie, Superior എന്നിവയുടെ ആദ്യാക്ഷരങ്ങൾ ചേർന്നാണ് ഹോംസ് രൂപപ്പെട്ടത്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഹോംസ് അവസാനം അറ്റ്ലാന്റിക് സമുദ്രത്തിൽ ചെന്ന് ചേരുന്നു. കുടിയേറ്റ രാജ്യമായ കാനഡയിലെ മനുഷ്യരുമായി ഹോംസ് എന്ന പദം നന്നായി ഇഴകി ചേരുന്നുണ്ട്. ആ പദത്തിനും അവരുടെ ജീവിതങ്ങൾക്കും സമാനതകൾ ഏറെയുണ്ടാവും. നിറം, വേഷം, ഭാഷ, ഭക്ഷണം, സംസ്കാരം എന്നിവയിലെല്ലാം  വൈരുദ്ധ്യങ്ങൾ ഏറെയുള്ളവർ മനുഷ്യർ എന്നൊരൊറ്റ നൂലിഴയിൽ കോർക്കപ്പെട്ടിരിക്കുന്നു. ഹോംസ്, എന്ത് സൗന്ദര്യമാണല്ലേ ആ വാക്കിന്... 

2019 മേയ് 26, ഞായറാഴ്‌ച

ഉലകം ചുറ്റിയ സൈക്കിൾ സഞ്ചാരി


യാത്രാവിവരണങ്ങളെന്നുമെനിക്ക് സ്വന്തം യാത്രകളാണ്. ഇപ്പോൾ യാത്രയൊന്നുമില്ലേയെന്ന് ചോദിക്കുന്നവർക്കറിയില്ല ഞാനെന്നും യാത്രയിലാണെന്നതും. യാത്രാവായനകളിലൂടെ സഞ്ചാരിയുടെ ഉന്മാദം അനുഭവിച്ചറിയുന്നതും, താളുകൾ മറിയുന്നതറിയാതെ കാഴ്ചകളും അനുഭവങ്ങളും വരികളിലൂടെ ഉൾകൊണ്ട് അവരോടൊപ്പം യാത്ര ചെയ്യുന്നതും യാത്രയോളം ഹൃദ്യവുമാണ്. അങ്ങിനെയൊരു യാത്രയെ കുറിച്ചാണ് ഈ പോസ്റ്റ്. പരിചിതമായ ചില വഴികളിൽ കാണാൻ ബാക്കിവെച്ചതെല്ലാം സ്വരുക്കൂട്ടി 400 പേജുകളിലാക്കി ഒപ്പിട്ട് നൽകിയത് ദ്രുവാണ്. ഉത്തരധ്രുവത്തിലെ Prudhoe Bayയിൽ നിന്ന് ജൂൺ 16, 2016ന് തുടങ്ങിയ യാത്രയവസാനിച്ചത് പതിമൂന്ന് മാസങ്ങൾക്ക് ശേഷം July 2017 ലാണ്.  വടക്കേ അമേരിക്കയിലെ അലാസ്കയിൽ തുടങ്ങി തെക്കെ അമേരിക്കയിലെ പെറുവിലേക്കുള്ള 15,000 km ദൂരം ഇന്ത്യക്കാരനായ ദ്രുവ് ബോഗ്ര താണ്ടിയത് സൈക്കിളിലായിരുന്നു. നാലു വ്യത്യസ്ത സമയ മേഖലകളും പത്തു രാജ്യങ്ങളും താണ്ടുന്നതിനിടയിൽ ഒരു നിയോഗം പോലെ ഞങ്ങൾ പരസ്പരം കാനഡയുടെ യുകോൺ പ്രവശ്യയിൽ വെച്ചു കണ്ടു മുട്ടുകയും ചെയ്തു. ദ്രുവിനെ സോഷ്യൽ മീഡിയ വഴി പിന്തുടർന്നിരുന്നെങ്കിലും ആ യാത്ര അതിൻ്റെ പരിപൂർണ്ണതയിൽ ഉൾക്കൊള്ളാനായത് ' Grit, Gravel and Gear' എന്ന പുസ്തകത്തിലൂടെയാണ്.



വടക്കേ അമേരിക്കയുടെ കാലാവസ്ഥയും, വഴങ്ങി തരാത്ത വഴികളും, വിജനതയും, പതിയിരിക്കുന്ന അപകടങ്ങളും കുറച്ചൊക്കെ അറിയുന്നതിനാലാവും ഈ പുസ്തകം പതിവിലുമധികം സമയമെടുത്താണ് ഞാൻ വായിച്ചു തീർത്തത്. പേജുകൾ അവസാനിക്കരുതേയെന്ന മോഹവുമുണ്ടായിരിക്കാം. കാനഡയിലെത്തിയതിനു ശേഷം മാത്രം സൈക്കിൾ സവാരി പഠിച്ചയെനിക്ക് ദ്രുവിൻ്റെ യാത്രയൊരു സ്വപ്ന സഞ്ചാരമായിരുന്നു. മനുഷ്യരോട് ഇണങ്ങാത്ത പ്രകൃതിയും, നോക്കി നിൽക്കേ മാറുന്ന കാലാവസ്ഥയും, കാടിൻ്റെ വശ്യസംഗീതവും, പ്രണയവും, നിശ്ശബ്ദതയുടെ ഗാംഭീര്യവും, വന്യമൃഗങ്ങളും, ഗ്രാമവാസികൾക്കൊപ്പം വഴിയാത്രികരും ചേർന്ന് തലോടിയും തളർത്തിയും ഒരു നാല്പത്തൊൻപതുകാരൻ മുന്നോട്ട് ആഞ്ഞു ചവിട്ടി തീർത്ത യാത്രയാണിത്. അതുകൊണ്ടാവും വരികളിലെ വിയർപ്പിലും, കണ്ണീരിലും, വിശപ്പിലും എൻ്റെ കണ്ണ് നിറഞ്ഞതും സന്തോഷങ്ങളിൽ മുഖത്ത് ചിരി പടർന്നതും. അസ്ഥി തുളഞ്ഞു കയറുന്ന തണുപ്പിൽ യാത്ര തുടരാനാവാതെ അലാസ്കയിലൊരിടത്ത് ക്യാമ്പ് ചെയ്തൊരനുഭവം ദ്രുവ് പുസ്തകത്തിൽ പറയുന്നുണ്ട്. തണുപ്പിൽ നിന്ന് രക്ഷനേടാനായി തമ്പടിച്ചവരോട് എങ്ങിനെയുണ്ട് നിലമെന്ന ചോദ്യത്തിന്, ' Its soft like ice cream' എന്നുള്ള മറുപടി ഓർമ്മിപ്പിച്ചത് ഞങ്ങളുടെ തന്നെ ഈ വർഷത്തെ ശൈത്യകാല ക്യാമ്പനുഭവമായിരുന്നു!

സുഖകരമായ കാഴ്ചാനുഭവങ്ങൾ കൊണ്ട് സമ്പന്നമാക്കപ്പെടുന്നതല്ല ഇതുപോലെയുള്ള സഞ്ചാരങ്ങൾ. വംശീയാധിക്ഷേപങ്ങളും, ആട്ടിയിറക്കലുകളും തരുന്ന ചവർപ്പുകൾ എത്ര മറക്കാൻ ശ്രമിച്ചാലും തികട്ടി വരും. തൊലി നിറം നോക്കി ബിയർ പങ്കുവെക്കുന്ന അമേരിക്കകാരനും, വൈഫൈ പാസ് വേർഡ് നൽക്കാതെ കബളിപ്പിക്കുന്ന സ്റ്റോർ ജീവനക്കാരനും, മുറിയൊഴിവില്ലെന്ന് പറഞ്ഞ് മടക്കിയവരും ഭ്രമിപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് വായനക്കാരെ വലിച്ചിടും. ജാസ്പർ ഫോക്ക് സംഗീതോത്സവത്തിൽ വെച്ച്  Delhi 2 Dublin എന്ന ഇൻഡോ-കനേഡിയൻ ബാൻഡിൻ്റെ പരിപാടി കാണുന്നതും, രാത്രിയിൽ ഒറ്റയ്ക്ക് ക്യാമ്പിലിരിക്കുമ്പോൾ കണ്ടാസ്വദിച്ച ഹോളിവുഡ് ഹൊറർ സിനിമകളിലെ കഥാപാത്രങ്ങളുടെ ഓർമ നൽകുന്ന ഭീതിയും, കിൻഡിൽ വായനയും, 15 മിനിറ്റോളം ദ്രുവിൻ്റെ സൈക്കിളിന് കടന്നു പോകാനായി Astoria-Megler പാലത്തിൽ ട്രാഫിക്ക് നിർത്തിയതും, ദേശാടകരായ Grey Whales നെ കണ്ടതും വളരെ രസകരമായി വിവരിച്ചിട്ടുണ്ട്.

കാലിഫോർണിയയിലെ മുന്തിരിത്തോപ്പുകളിലൂടെ സൈക്കിളിൽ വൈനും, ഐസ്ക്രീമും നുണഞ്ഞലയുന്നത് വായിച്ചാൽ ആരായാലും സൈക്കിളെടുത്ത് പുറപ്പെടും! ഇടയ്ക്ക് ലഭ്യമാകുന്ന വൈഫൈയിലാണ് ഫേയുമായുള്ള പ്രണയം തളിരിടുന്നത്. ഒരിക്കലും തമ്മിൽ കാണാത്ത രണ്ടുപേർ അടുക്കുന്നതും, പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ആകുലതകളിൽ മുങ്ങിപൊങ്ങുന്നതും ഈ യാത്രയിലാണ്. സഞ്ചാരികൾ താമസിക്കാൻ തിരഞ്ഞെടുക്കുന്ന ഹോസ്റ്റലുകൾ ലിംഗഭേദമില്ലാതെ പങ്കിടുന്നവയാണ്. സ്ത്രീകൾ അടിവസ്ത്രങ്ങൾ ധരിച്ചു മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും, സഹമുറിയർ രതിയിലേർപ്പെടുന്നതുമെല്ലാം കണ്ട് ഉറക്കം നഷ്ടപ്പെട്ട രാത്രികൾ ദ്രുവിൻ്റെ അനുഭവ ഏടുകളിലൊന്നു മാത്രമാണ്. സൈക്കിൾ സഞ്ചാരിയാണെന്നതിനാൽ മെക്സിക്കൻ ബോർഡറിലെ പരിശോധനയിൽ നിന്ന് മുക്തമായി ടാക്കോസും, ടെക്കീലയും, ടോർട്ടിലാസും സുലഭമായ ബാഹ (Baja) പെനിൻസുലയിലെ തെരുവിലെത്തിയപ്പോൾ ഇന്ത്യൻ നിർമിത ഓട്ടോറിക്ഷ കണ്ടമ്പരുന്നു നിൽക്കുന്നുണ്ട് ദ്രുവ്. ആകാശംമുട്ടെ വളർന്നു നിൽക്കുന്ന ബുജൂം മരങ്ങളും ബാഹ മരുഭൂമിയിലെ കള്ളിമുൾച്ചെടികളും, ഇഴ ജന്തുക്കളും, പക്ഷികളും, Maya, Aztec, Inca സംസ്കാരങ്ങളുടെ വൈവിധ്യവും, Santa Rosalia എന്ന പട്ടണത്തിലെ മഹാത്മാഗാന്ധി ലൈബ്രറിയും, ലാ പാസിലെ ആർട്ട് ഗാലറികളും, തെരുവുകളും സഞ്ചാരികളുടെ സ്പന്ദനങ്ങളാവുന്നു. വേദനകളും, രോഗപീഡകളും യാത്രയിൽ വിഘനങ്ങളാകുന്നുണ്ടെങ്കിലും വിശ്രമിക്കാൻ കൂട്ടാക്കാത്ത മനസ്സുമായി റോഡിലേക്ക് Quest എന്നു വിളിപ്പേരുള്ള തൻ്റെ സൈക്കിളിനെയും വിശ്വസിച്ചിറങ്ങുന്ന ദ്രുവെന്ന സഞ്ചാരി വായനക്കാരുടെ മനസ്സിലാണ് ഇടം പിടിക്കുന്നത്.

Page 45- Grit, Gravel & Gear

ചന്ദ്രനിലും മലയാളി ചായക്കട നടത്തുന്നുണ്ടാവുമെന്ന തമാശ മക്കളോട് ഞാനിടക്ക് പറഞ്ഞ് ആളാവാറുണ്ട്. ഇതിവിടെ പറയാൻ കാരണം മലയാളിയായ ഷെൽബി ജോസഫി
ൻ്റെ സ്നേഹം സാൻ ക്രിസ്റ്റോബാളെന്ന നഗരത്തിൽ വെച്ച് ദ്രുവ് അനുഭവിക്കുന്ന ഭാഗം വായിച്ചത് മറക്കാത്തതു കൊണ്ടാണ്. കോസ്റ്റാ റിക്കയിൽ വെച്ച് സത്യസായി ബാബയുടെ സ്വപ്ന ദർശനം ലഭിച്ച വെനിസ്വലക്കാരനായ റിച്ചേർഡിൽ നിന്നും വേദപാഠങ്ങൾ ശ്രവിക്കുന്നതും, ലിമയിലെ ലാർക്കോ മ്യൂസിയവും, പെറുവിലെ പിസ്ക്കോ(Pisco)യെന്ന ദേശീയ പാനീയവും, പാൻ-അമേരിക്കൻ ഹൈവേയിലെ Huacachinaയും, ആൻഡിയൻ സംസ്കാരവും, മാച്ചു പിച്ചുവും, റെയിൻബോ മൗണ്ടനും, റോയൽ എൻഫീൽഡിൽ മണാലിയിൽ നിന്ന് കന്യാകുമാരിയിലേക്ക് യാത്ര ചെയ്തപ്പോൾ ബൈക്ക് സർവീസ് ചെയ്തു കൊടുത്ത പപ്പുവിനെ ഓർമിക്കുന്ന ഇറ്റലിക്കാരനുമെല്ലാം നമ്മുടെ കൂടെ കൂടി വായനയെ അനുഭവയോഗ്യമാക്കുകയാണ്.
യാത്രയിൽ ഉപയോഗിച്ച സാധനങ്ങൾ, തങ്ങിയ സ്ഥലങ്ങൾ, തെരുവുകൾ, കഴിച്ച ഭക്ഷണങ്ങൾ, വസ്ത്രങ്ങൾ, ചിലവുകൾ എല്ലാം വളരെ ക്യത്യതയോടു കൂടി ദ്രുവ് വിവരിച്ചിട്ടുണ്ട്. ആർദ്രമായ പ്രണയവും, യാത്രയും, ഏകാന്തതയും ദ്രുവിലെ കവിക്കും അനുകൂലമായെന്നു വേണം കരുതാൻ. ഇരുപത്തിരണ്ട് അധ്യായങ്ങളുള്ള പുസ്തകത്തിലെ ഓരോ കാണ്ഡവും തുടങ്ങുന്നത് അതാത് സ്ഥലത്ത് നിന്ന് ദ്രുവെഴുതിയ കവിതകളുമായാണ്. യാത്രയിൽ വഴി പിരിഞ്ഞു പോയവരല്ല ഞങ്ങൾ, ഇന്നും യാത്രകളിൽ വഴികാട്ടിയായി ഒപ്പമുണ്ട് ആ സൗഹൃദം.. കാതങ്ങൾക്കകലെ നിന്ന് പ്രാർത്ഥന പോലെ ഒഴുകിയെത്തുന്ന സ്നേഹവും…


Book- Grit, Travel and Gear
Publisher- The Write Place
Price- INR 499.00


2018 ജൂലൈ 2, തിങ്കളാഴ്‌ച

യാത്രകള്‍... പുസ്തകങ്ങള്‍...അനുഭവങ്ങള്‍

പുസ്തകം വായിക്കാനായി സമയം കളയരുതെന്ന തീരുമാനത്തിലുറച്ചു ജീവിക്കുന്ന ധീരവനിതയാണ് രാജസ്ഥാനിയായ  മീനു. ഇഷ്ടാനിഷ്ടങ്ങളുടെ വൈരുദ്ധ്യങ്ങളായിരിക്കും ഞങ്ങളെ അടുപ്പിച്ചതെന്ന് പലപ്പോഴും തോന്നാറുണ്ട്.  എന്‍റെ മേശപ്പുറത്ത് പുസ്തകമുണ്ടെങ്കില്‍ അതൊന്ന് മറിച്ചു നോക്കാന്‍ കൂടെ നില്‍ക്കാത്തയാളെ വായിപ്പിക്കുകയെന്ന സാഹസത്തിന് കഴിഞ്ഞ നാലു വര്‍ഷമായി ഞാനും മുതിര്‍ന്നിട്ടില്ല. അങ്ങിനെയൊരു ജന്മമാണ് മൂക്കത്ത് കണ്ണടയും വെച്ച് William Dalrymple എഴുതിയ Nine Lives (In Search of the Sacred in Modern India)ലെ മൂന്നാം അദ്ധ്യായം എനിക്ക് മുന്നിലിരുന്ന് ശ്രദ്ധയോടെ വായിക്കുന്നത്. ഇന്ത്യയിലൂടെ സഞ്ചരിച്ച് ചരിത്രകാരനും സഞ്ചാരിയുമായ വില്ല്യം ഒന്‍പത് ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് “Nine Lives” എന്ന പുസ്തകത്തിലൂടെ. അതിലെ മൂന്നാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന രാജസ്ഥാനിലെ ദൈവീകാനുഷ്ഠാനമായ 'പാപുജി കാ ഫാടി"നെ കുറിച്ചൊരു സംശയം ചോദിച്ചപ്പോള്‍ എന്നെ കണ്ണ് തുറുപ്പിച്ച്‌ നോക്കിയ മീനുവാണ് ജോലി സമയമായത് പോലും ഗൗനിക്കാതെ പുസ്തക വായനയില്‍ മുഴുകിപ്പോയത്! 


Pic Courtesy: Google Images

ഒരുറുമ്പിനെപ്പോലും നോവിക്കാതെ ജീവിക്കാന്‍ ശ്രമിക്കുന്ന ജയിന്‍ മതവിശ്വാസിയും, ജയില്‍ വാര്‍ഡനായ കണ്ണൂരിലെ തെയ്യവും, ബാവുള്‍ ഗായകരും, തിബറ്റിലെ സന്യാസിയും, യെല്ലമ്മയുടെ പുത്രിമാരും, വിഗ്രഹങ്ങളല്ല ഈശ്വരനെ തന്നെയാണ് ഞാനുണ്ടാക്കുന്നതെന്ന് വിശ്വസിക്കുന്ന തമിഴ്നാട്ടിലെ ശില്‍പിയും, ചിത്രങ്ങളിലൂടെ 'പാപുജി' എന്ന ഇതിഹാസ നായകന്‍റെ അപദാനങ്ങള്‍ പാടിപുകഴ്ത്തുന്ന നിരക്ഷരനായ മോഹന്‍ ബോപയും ഭാര്യയും, പാകിസ്ഥാനിലെ ലാല്‍ ഷഹബാസ് കലന്തറില്‍ താമസിക്കുന്ന ബീഹാറിയായ സൂഫി സന്യാസിനി ലാല്‍ പരിയും, പശ്ചിമ ബംഗാളിലെ താരാപിത്ത് ശ്മശാനഭൂമിയില്‍  താമസിക്കുന്ന മനിഷമായുമാണ് വില്ല്യമിന്‍റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. പുസ്തകത്തിലെ ഒന്‍പത് അദ്ധ്യായവും ഓരോ യാത്രയാണ്. പ്രതിപാദിക്കുന്ന ആളുകളുടെ ആത്മീയജീവിതത്തിലേക്ക്, അവരുള്‍പ്പെടുന്ന ഗ്രാമത്തിന്‍റെ സംസ്കാരത്തിലേക്ക്, ചരിത്രത്തിലേക്ക് William Dalrymple നടത്തുന്ന യാത്രയുടെ മനോഹരമായ കുറിപ്പുകളാണ് ഓരോന്നും.

വായനയുടെയും യാത്രയുടെയും ലഹരി മുന്നൂറ് പേജില്‍ വില്ല്യം പകര്‍ന്നു നല്‍കിയെങ്കിലും ഇനിയും അറിയാത്ത ഇന്ത്യയിലെ നാട്ടുവഴികളിലൂടെ വായനാന്ത്യം മനസ്സ് പാഞ്ഞു കൊണ്ടിരുന്നു. മീനുവിന്‍റെ വായനാവിശേഷം നാട്ടിലേക്കുള്ള അവളുടെ ഫോണ്‍ വിളികളിലെ ആശ്ചര്യപ്പെടലുകളായി. ജോധ്പൂരില്‍ നിന്ന് മീനുവിന്‍റെ മാതാജിയില്‍ നിന്ന് കൂടുതല്‍ കഥകളെനിക്കായെത്താന്‍ താമസമുണ്ടായില്ല. ഷെരിഫ് ചുങ്കത്തറയുടെ ഇന്ത്യ 350CCയെന്ന പുസ്തകത്തില്‍ ചൂട് കാരണം രാത്രി വീടിനു പുറത്ത് കിടന്നുറങ്ങുന്ന ഗ്രാമവാസികളെ കാണുമ്പോള്‍ ഇവര്‍ക്ക് കള്ളനെയൊന്നും പേടിയില്ലേന്ന് എഴുത്തുകാരന്‍ ആശങ്കപ്പെടുന്നുണ്ട്. സ്വന്തം ആശങ്കയെ അടക്കുന്നത് 'നിഷ്കളങ്ക ഹൃദയം മാത്രമല്ലേ അവിടെയുള്ളൂ, അതാര്‍ക്കും ആവശ്യമില്ലല്ലോന്ന്' സമാധാനിച്ചാണ്. ആ വരികളോട് ചേര്‍ത്ത് വെക്കാന്‍ രാജസ്ഥാനിലെ നീലയും വെള്ളയും പൂശിയ വീട്ടില്‍ ചൂടി കട്ടിലില്‍ കൈയിലൊരു വിശറിയുമായി ഇരിക്കുന്ന മീനുവിന്‍റെ മാതാജിയുണ്ട്.



ഇന്ത്യയിലെ പോസ്റ്റല്‍ സമരം കാരണം ഇന്ത്യ 350CC ഇഴഞ്ഞിഴഞ്ഞ് ഇവിടെയെത്തിയപ്പോഴേക്കും കാത്തിരുന്നന്‍റെ ക്ഷമകെട്ടിരുന്നു. തന്‍റെ ബുള്ളറ്റുമായി ഒരു ചെറുപ്പക്കാരന്‍ ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്രയുടെ വിവരണമാണ് പുസ്തകത്തില്‍. ഒരുമാസത്തിന്‍റെ ഇടവേളയില്‍ വില്ല്യമും ഷെരിഫും എന്നെ കൊണ്ടുപോയത് ഞാനറിയാത്ത എന്‍റെ നാട്ടിലേക്കാണ്. വായനയില്‍ ആശ്ചര്യപ്പെട്ട് ഇടയ്ക്കിടയ്ക്ക് ഗൂഗിളില്‍ തിരഞ്ഞ് ഉറപ്പുവരുത്തിയിരുന്നത് നാടറിയാത്തവളുടെ ബാലിശത്വമായിരുന്നു. അത്യാധുനിക നേട്ടങ്ങള്‍ കൈവരിച്ച് ലോകശ്രദ്ധ നേടുന്ന ഇന്ത്യയില്‍ തന്നെയാണ് അവിശ്വസനീയമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള ഗ്രാമങ്ങളുള്ളത്. തങ്ങള്‍ ജീവിക്കുന്നത് ഇന്ത്യയിലാണെന്ന് പോലും അറിയാത്ത ചില ഗ്രാമവാസികളും,  ഇന്റര്‍നെറ്റും ഫോണും, ടി.വിയുമില്ലാത്ത കിബര്‍ ഗ്രാമവും, 90 അംഗങ്ങളുള്ള ഹവോ മതവിശ്വാസികള്‍ താമസിക്കുന്ന സിഹായ് ഗ്രാമവും ആധുനിക ഇന്ത്യയിലുണ്ടെന്ന് ഷെരീഫിന്‍റെ യാത്ര നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. യാത്രയില്‍ നേരിടുന്ന അപ്രതീക്ഷിതമായ അനുഭവങ്ങളും,  വിദേശ സുഹൃത്തിനോട് തോന്നുന്ന ആസക്തിയും, സ്വന്തം നാട്ടില്‍ തടഞ്ഞുനിര്‍‍ത്തി ചോദ്യംചെയ്യപ്പെടുന്നതും, ഗോത്ര സ്ത്രീകളില്‍ നിന്ന്  ദേഹോപദ്രവമേല്‍ക്കേണ്ടി വരുന്നതും... എല്ലാം വളരെ സത്യസന്ധമായി ഷെരിഫ് പങ്കുവെക്കുന്നുണ്ട്.

ചെക്ക്പോസ്റ്റുകളിലെ പരിശോധനകള്‍ അസഹ്യമായപ്പോള്‍ വിദേശ സുഹൃത്തിനോട് “ഇത് നിങ്ങളുടെ ഇന്ത്യയാണ്, എന്‍റെയല്ല” എന്ന് ഷെരിഫിലെ സഞ്ചാരി പരിഭവപ്പെടുന്നുണ്ട്. ഇതേ ഇന്ത്യയിലാണ് വിദേശികള്‍ താമസിക്കുന്ന കസോളും, അവിടെ ഇന്ത്യക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ വിസ്സമ്മതിക്കുന്ന ഭക്ഷണശാലയുള്ളതും. കുറച്ച് കാലം മുന്നേ സോഷ്യല്‍ മീഡിയയില്‍ തന്‍റെ ഇന്ത്യന്‍ സുഹൃത്തിന് ഭക്ഷണം നല്‍കാന്‍ വിസ്സമ്മതിച്ച കസോളിലെ ഇന്ത്യന്‍ ഭക്ഷണശാലയെ കുറിച്ച് ഒരു ബ്രിട്ടീഷ്‌ പൗരന്‍റെ കുറിപ്പുണ്ടായിരുന്നു. സായിപ്പ് പൊലിപ്പിച്ചെഴുതിയതാവാമെന്ന് സമാധാനിച്ച് അന്ന് ഞാനതിനെ തള്ളി കളഞ്ഞു. സമാനമായ അനുഭവത്തിലൂടെ ഷെരിഫും കടന്നു പോയത് വായിച്ചപ്പോള്‍ മനസ്സ് എന്തിനെന്നറിയാതെ അസ്വസ്ഥമാകുന്നു. ധാരാവിയില്‍ കഞ്ഞിയന്വേഷിച്ച് നടക്കുന്ന ഷെരീഫ് ഇന്ത്യയിലെ വിവിധ ഭക്ഷണങ്ങളും വായനക്കാരെ പരിചയപ്പെടുത്തുന്നുണ്ട്. ഉള്ളിയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ നിന്നകറ്റി നിര്‍ത്തുന്നവരും, നാഗാ ബസാറില്‍ കറുത്ത പട്ടിയുടെ ഇറച്ചി ആവശ്യപ്പെട്ട് വരുന്ന പെണ്‍കുട്ടിയും, ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള ആമിനാബാദില്‍ ലഭ്യമാകുന്ന 160 ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന ടുണ്ടേ കബാബും, താലീപീറ്റും ഇന്ത്യയിലെ രുചി വൈവിധ്യങ്ങളാണ്.

വാഗാ അതിര്‍ത്തിയില്‍ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ്‌ എന്ന പ്രകടനം കാണാനെത്തുന്നവര്‍ രണ്ട് വിഭജനങ്ങളുടെ ഞെട്ടലില്‍ നിന്ന് ഇനിയും ഉണരാത്ത തുര്‍തൂക്ക് ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടാവുമോ? ഒന്നുറങ്ങി എണീറ്റപ്പോഴേക്കും ഗതിമാറിയ ദേശവും ജനങ്ങളും. ആരോ പറഞ്ഞുറപ്പിച്ച അദൃശ്യരേഖയില്‍ കീഴ്മേല്‍ മറിയുന്ന ജീവിതങ്ങളുടെ നിസ്സഹായതയും നെടുവീര്‍പ്പുകളും! ഏതൊരു സഞ്ചാരിയേയും പോലെ അതിര്‍ത്തികളില്ലാത്ത ലോകത്തെ കുറിച്ച് സ്വപ്നം കാണുന്നുണ്ട് ഷെരിഫും... “എന്താണ് രാജ്യസ്നേഹം, എങ്ങിനെയാണ് അത് പ്രകടിപ്പിച്ച് കാണിക്കേണ്ട"തെന്ന് ചോദിക്കുന്ന കാശ്മീരി ചെറുപ്പക്കാരനെയാണ് ഷെരിഫ് കണ്ടുമുട്ടിയതെങ്കില്‍, ഇന്ത്യക്കാരിയായിട്ടും “പൗരത്വം” എഴുതേണ്ടുന്ന ഇടങ്ങളിലെല്ലാം “കാശ്മീരി” എന്നെഴുതിവെക്കുന്നൊരാളെയാണ് ഞാനെന്‍റെ യാത്രയില്‍ കണ്ടത്. ഒരേ രാജ്യത്തിന്‍റെ രണ്ട് പ്രതീകങ്ങള്‍. ആസൂത്രിത നഗരമായ ചാണ്ടിഗഡും, അദാലജ് പടിക്കിണറും, നാന്നൂറിലധികം ക്ഷേത്രങ്ങളുള്ള പുഷ്ക്കറും, ബിഷ്ണോയികളും, മൊണാസ്ട്രികളും, ദര്‍ഗകളും, വിശാലയെന്ന ഹെറിട്ടേജ് ഗ്രാമവും, 1423 ല്‍ പണികഴിപ്പിച്ച മസ്ജിദും, ഗുരുദ്വാരകളും, 489 പ്രവേശന കവാടങ്ങളുള്ള ബാരാ ഇമാംബാരയും, കുത്തബ് മിനാറും, പ്രണയസ്മാരകങ്ങളും, ഇന്ത്യാ ഗേറ്റും, പൂക്കളുടെ താഴ്വരയും, ദാല്‍ തടാകവും, കാലാവസ്ഥാമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ചിറാപുഞ്ചിയും, രാജസ്ഥാന്‍ മരുഭൂമിയും, പാവക്കൂത്തും, കല്‍ബേലിയാ നൃത്തവും പരിചയപ്പെടുത്തുന്നതിനോടൊപ്പം അവയുടെയെല്ലാം ചരിത്ര പശ്ചാത്തലവും ഇന്നത്തെ അവസ്ഥയും വളരെ ലളിതമായി തന്നെ പുസ്തകത്തില്‍ ഷെരിഫ് വരച്ചിടുന്നു. ഓരോ വായനക്കാരനെയും തനിക്കൊപ്പം കൂട്ടുന്ന ഷെരീഫെന്ന കഥപറച്ചിലുകാരനെ പുസ്തകത്തിലുടനീളം കാണാം... തുടക്കത്തില്‍ കണ്ണിലെ കരട് പോലെ വായനയെ ശല്യപ്പെടുത്തിയ അക്ഷരത്തെറ്റുകളും മറ്റും മറന്ന് ഞാനും എപ്പോഴോ  യാത്രയുടെ ഭാഗമാകുകയായിരുന്നു. ഷെരീഫിന്‍റെ അലക്ഷ്യമായ യാത്രകള്‍ പോലെതന്നെയാണ് പുസ്തകത്തിന്‍റെ ആദ്യ പതിപ്പ്. എല്ലാ കുറവുകളും തീര്‍ത്ത്, അദ്ധ്യായങ്ങളായി തിരിച്ച് രണ്ടാമത്തെ പതിപ്പ് ഉടന്‍ പുറത്തിറങ്ങുമെന്ന് എന്‍റെ പരിഭവങ്ങള്‍ക്ക് പ്രസാധകര്‍ മറുപടി തന്നിട്ടുണ്ട്. 

Pic Courtesy: Google Images

A.D. 587ല്‍ John Moschos'ഉം മറ്റൊരു സന്യാസിയും ചേര്‍ന്ന് കാല്‍നടയായി പോയ വഴികളിലൂടെ (The Spiritual Meadow) ആയിരം വര്‍ഷങ്ങള്‍ക്കുശേഷം വില്ല്യം നടത്തിയ യാത്രകളുടെ സമാഹാരമാണ് “From the Holy Mountains”. ജോണ്‍ പോയ പലയിടങ്ങളിലേക്കും വില്ല്യമിനെത്താന്‍ സാധിക്കുന്നില്ല. വിസ്മൃതിയിലാണ്ടു പോയ ഇടങ്ങളും, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ചലനങ്ങള്‍ വരുത്തിയ മാറ്റങ്ങളും വില്ല്യമെന്ന ചരിത്രാന്വേഷകന്‍റെ വഴികളില്‍ വിഘ്നങ്ങളാവുന്നുണ്ട്. ഭാവിയില്‍ ആരെങ്കിലും വില്ല്യമിന്‍റെ പുസ്തകം വഴികാട്ടിയായെടുത്ത് സഞ്ചരിക്കുകയാണെങ്കില്‍ രേഖപ്പെടുത്താന്‍ എത്രയിടങ്ങള്‍ ബാക്കിയുണ്ടാവും? എന്തിനെന്നറിയാതെ അതു പോലെയൊരു ആശങ്ക ഇന്ത്യ 350CC വായിച്ചവസാനിപ്പിക്കുമ്പോളെനിക്കുമുണ്ട്...