Saturday, November 3, 2018

ചിറകുകളിൽ ഋതുക്കളുമായെത്തുന്ന ദേശസഞ്ചാരികള്‍

കനേഡിയന്‍ ഗോത്രവംശജര്‍ക്കിടയില്‍ പ്രചാരമുള്ള വാമൊഴി കഥയാണ് റേവൻ്റെയും സ്നോ ഗൂസിൻ്റെയും പ്രണയവും മിശ്രവിവാഹവും. കാക്കയുടെ വംശപരമ്പരയിൽപ്പെട്ട റേവന് അധിക ദൂരം പറക്കാൻ കഴിയില്ല. ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക് പറന്നു നടക്കുന്ന സ്നോ ഗൂസിന് അതൊന്നുമൊരു കുറവായി തോന്നിയതുമില്ല. വർണ്ണവെറിയുടെ എതിർപ്പുകളെ അവഗണിച്ചവര്‍ വിവാഹിതരാവുന്നു. എന്നാൽ ദേശാടനത്തിന് സമയമായപ്പോൾ സ്നോ ഗൂസിന് പറക്കാതെ വയ്യ. പ്രിയനെ കുറെദൂരം ചുമലിലേറ്റിയും, ഇടയ്ക്കിടയ്ക്ക് വിശ്രമിച്ചും അവർ പറന്നു. എന്നാൽ കടൽ കടക്കുന്ന ഘട്ടമെത്തിയപ്പോള്‍ മുതിർന്ന സ്നോ ഗീസുകളുടെ ഉപദേശമനുസരിച്ച് അവർ പിരിയുന്നു. ഉപേക്ഷിച്ചു പോയ റേവനെ തിരഞ്ഞാണ് സ്നോ ഗീസുകൾ വർഷാവർഷം കാനഡയിൽ എത്തുന്നതെന്നാണ് വിശ്വാസം.


I'm still standing yeah yeah yeah...(Elton John) 

മനുഷ്യരുടെ കാര്യത്തിലാണെങ്കില്‍
ജന്മചിഹ്നം സ്നോ ഗൂസാണെങ്കിൽ ജീവിതത്തിൽ ഉയർന്ന നില കൈവരിക്കുമെന്നാണ്. മുറിവുണങ്ങാത്ത കാനേഡിയന്‍ റെസിഡന്‍ഷിയല്‍ സ്കൂള്‍ ചരിത്രത്തില്‍ ഇതേ ജന്മചിഹ്നവുമായി എത്തിയ കുട്ടികളുണ്ടാവില്ലേ? ഭരണഘടന കത്തിച്ചിട്ടാണെങ്കിലും വിശ്വാസം സംരക്ഷിക്കണമെന്ന് വാദിക്കുന്ന ആധുനിക കാലഘട്ടത്തില്‍ ഈ ചോദ്യം അപ്രസക്തമാണ്. 5000 കി.മിറ്ററോളം പറക്കുന്ന ഗ്രേറ്റർ സ്നോ ഗീസുകളുടെ ഇടത്താവളമാണ് ക്യുബെക്. ഇവിടെയായിരിക്കണം സുന്ദരമായ പ്രണയനാടകം അരങ്ങേറിയത്. ക്യുബെക്കിലേക്കുള്ള യാത്രകളില്‍ വിരഹവേദനയും പേറി നടക്കുന്ന കനേഡിയൻ റേവൻ പരീക്കുട്ടിമാരെ കണ്ടിരുന്നെങ്കിലും ചിറകുകളിൽ ഋതുക്കളുമായെത്തുന്ന ദേശസഞ്ചാരികള്‍ ഞങ്ങൾക്കൊരിക്കലും പിടിതന്നില്ല. “The most beautiful thing we can experience is the mysterious. It is the source of all true art and science.” അൽബർട്ട് ഐൻസ്റ്റിന്‍റെ വാക്കുകളെ ഓർമ്മപ്പെടുത്തുന്ന പ്രകൃതിയിലെ സഞ്ചാരികള്‍.

മൊണാർക്ക് പൂമ്പാറ്റകൾ, തിമിംഗലങ്ങൾ, സാല്‍മണുകൾ, വലുതും ചെറുതുമായ പക്ഷി-മൃഗാദികള്‍ ഇവയെല്ലാം മനുഷ്യനിർമ്മിതമായ നിയന്ത്രണങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തി സമയാസമയങ്ങളിൽ ദേശങ്ങളിൽ നിന്ന് ദേശങ്ങളിലക്ക് യാത്ര പോകുന്നു. എത്ര കൃത്യമായാണ് പ്രകൃതിയിവരെ ക്രമപ്പെടുത്തിയിരിക്കുന്നത്! ജീവിതചക്രം പൂർത്തികരിക്കാൻ പായുന്നവർക്ക് വഴിയറിയാൻ ഒരു ജി.പി.എസ്സും വേണ്ട. ദീർഘദൂര വിമാനയാത്രകളിൽ മനംമടുക്കുമ്പോൾ ഓർക്കുന്നത് ഒറ്റയടിക്ക് ആയിരം കി.മിറ്ററില്‍ അധികം പറക്കുന്ന സ്നോ ഗീസുകളെയാണ്. പരിണാമപ്രക്രിയയിലെ വിസ്മയമാണ് ദേശാടനപക്ഷികൾ. ദീർഘദൂരങ്ങളിൽ വെള്ളവും ഭക്ഷണവും ഇവർക്ക് കിട്ടുമോന്ന് ആശങ്കപ്പെടുന്ന മനുഷ്യനെത്ര നിസ്സാരനാണ്. അവരുടെ ഊർജ്ജസംരക്ഷണ പാടവങ്ങൾ പഠിച്ചും പരീക്ഷിച്ചും തോൽക്കുന്നവരാണ് നമ്മൾ. എന്നാലും അഹങ്കാരങ്ങൾക്കും കേമത്തരങ്ങൾക്കും ഒട്ടും കുറവില്ല.

"Autumn is a second spring when every leaf is a flower" - Albert Camus

ചായങ്ങൾ കോരിയൊഴിച്ച് പ്രകൃതി സ്വയം അണിഞ്ഞൊരുങ്ങുന്ന സമയമാണ് കാനഡയിലെ ഫാൾ സീസൺ. വേനലിനും മഞ്ഞുകാലത്തിനിടയിലുള്ള ഇലപൊഴിയും കാലം. മരങ്ങളുടെ ജ്വലിച്ച് നിൽക്കുന്ന സൗന്ദര്യം അധിക ദിവസത്തേക്കുണ്ടാവില്ല. ഉടുത്തൊരുങ്ങുന്ന വേഗതയിൽ തന്നെ എല്ലാമഴിച്ചെറിഞ്ഞ് നിസ്സംഗ ഭാവത്തോടെ നിൽക്കുകയും ചെയ്യും. അതു കൊണ്ട് ഈ നിറമഴ പെയ്ത്ത് ഊർന്ന് പോകുന്നതിനു മുമ്പായി ഒരു യാത്ര പതിവാണ്. ക്യുബെക്കിലേക്കാണ് പോകുന്നതെങ്കിലും വിക്ടോറിയാവില്ലിൽ വിരുന്നെത്തിയവരെയും കാണാനുദ്ദേശിച്ചിരുന്നു. മോൺട്രിയലിൽ നിന്ന് 160കി.മി യാത്രയുണ്ട് വിക്ടോറിയവില്ലിലേക്ക്. നഗരത്തിന് വടക്കുള്ള റിസർവോയർ ബ്യൂഡെറ്റിലാണ് വിരുന്നുകാര്‍ തമ്പടിച്ചിരിക്കുന്നത്. 1977ലാണ് ബുൾസ്ട്രോഡ്  പുഴയിൽ ഈ റിസർവോയർ കുടിവെള്ളാവശ്യത്തിനായി നിർമ്മിച്ചത്. എന്നാൽ സെപ്തംബർ മുതൽ നവംബർ വരെ ഈ ജലാശയം ആകാശപറവകൾ കൈയടക്കിയിരിക്കും. ഗൾസും ഗീസുകളും മാത്രമല്ല സ്ഥിരം കാണുന്ന താറാവുകളും അപൂർവ്വ ഇനങ്ങളായ ഹർലിക്വീൻ ഡക്ക്, പെരിഗ്രയ്ൻ ഫാൽക്കൺ, ചുവന്ന തലയൻ മരംകൊത്തിയെന്നിവയെ കൂടാതെ ബാൾഡ് ഈഗിളുകളും ഇവിടെയെത്തുമെന്നാണ് പക്ഷി നിരീക്ഷകരുടെ സാക്ഷ്യപ്പെടുത്തൽ.
പക്ഷികളുടെ കരച്ചില്‍ വളരെ ദൂരെ നിന്നേ കേൾക്കുന്നുണ്ട്. വാഹനം നിർത്തിയിടുന്നിടത്ത് ഒരേപോലെയുള്ള മൂന്ന് ആര്‍.വി(Recreational Vehicles)കള്‍ കിടക്കുന്നത് കണ്ടു. ഊണും ഉറക്കവും ഉപേക്ഷിച്ച് അവിടെ കൂടിയിരിക്കുന്ന പക്ഷിനിരീക്ഷകരുടെതാണ് ഈ ശകടങ്ങള്‍. റിസർവോയറിന് ചുറ്റും ആളുകൾക്ക് നടക്കാനും പക്ഷികളെ കാണാനുമുള്ള സ്ഥലമൊരുക്കിയിട്ടുണ്ട്. നട്ടുച്ചക്കാണ് ഞങ്ങളെത്തിയിരിക്കുന്നത്. രാവിലെ തീറ്റതേടി പോയവരെല്ലാം തിരികെയെത്തിയിരിക്കുന്നു. അതിന്‍റെ തിക്കും തിരക്കുമാണ്. ഒരു പക്ഷേ വിശേഷങ്ങൾ പങ്കുവെക്കുകയുമാവാം. നടപ്പാതയിൽ നിന്ന് നോക്കിയപ്പോൾ കണ്ണെത്താദൂരത്തോളം വെൺനുര പടർന്ന പോലെ കാണുന്നത് പക്ഷികളാണെന്ന് വിശ്വസിക്കാനായില്ല. അത്രയേറെയുണ്ടായിരുന്നു ആ പട. റിസർവോയറിന്‍റെ മതിൽക്കെട്ടിനു താഴെയുള്ള ചതുപ്പില്‍ കഴുത്തു നീട്ടിപ്പിടിച്ച് നിൽക്കുന്ന ക്യാമറകൾ. അവയ്ക്കു പിന്നില്‍ കാവൽ നിൽക്കുന്നവരാകട്ടെ പരസ്പരമുരിയാടാതെ പക്ഷികളുടെ ആരവങ്ങളിൽ ശ്രദ്ധിച്ചു നിൽക്കുകയാണ്. കുറ്റിച്ചെടികൾക്കിടയിൽ പച്ചയുടുപ്പിട്ട്‌ തല കുനിച്ച് നിൽക്കുന്ന കൊറ്റി അത്ര പെട്ടെന്നൊന്നും കണ്ണിൽപ്പെടില്ല. ആരോടും കൂട്ടില്ലാതെ നിൽക്കുന്നത് കണ്ടാലേ അറിയാം കൂട്ട് കൂടാൻ പറ്റിയ സമയമല്ലെന്ന്. ഹുസൈനൊരു പടമെടുക്കാനുള്ള സാവകാശം കൊടുത്തിട്ട് അത് പാറി പോയി. നമ്മുടെ നാട്ടിലൊക്കെ സാധാരണ കാണാറുള്ള കൊറ്റിയുടെ കുടുംബാംഗമാണതെന്നും പറഞ്ഞ് ഹുസൈൻ നടന്നു. ആകാശത്ത് മഴക്കോള് കണ്ടതു കൊണ്ടാവും നടത്തം ഓട്ടമായത്.


സ്നോ ഗീസുകളുടെ അടുത്തെത്തിയപ്പോഴാണ് ഇത് വെറും അമ്പതും നൂറുമല്ല ആയിരകണക്കിന് വരുന്ന കൂട്ടമാണെന്ന് മനസ്സിലായത്. വെറുതയല്ല ഇത്രയധികം ബഹളം! ഈ ദേശാടനപക്ഷികൾ കരയാറേയുള്ളൂവെന്ന് തോന്നും. റിസർവോയറിന്‍റെ പാതിയും സ്വന്തമാക്കിയിരിക്കുന്ന ഇവരുടെ ഇടയിലേക്ക് വിശേഷങ്ങൾ തിരക്കി പോകുന്ന തദ്ദേശികളായ താറാവുകൂട്ടങ്ങളുണ്ട്. നേറ്റീവ് ഇന്ത്യൻസിനിടയിൽ വേയ് വീസെന്നറിയപ്പെടുന്ന സ്നോ ഗീസുകളുടെ രണ്ടാംഘട്ട ദേശാടന പാതയിലെ വിശ്രമകേന്ദ്രമാണ് റിസർവോയർ ബ്യൂഡെറ്റ്. ഇവരുടെ വിശ്രമകാലം കഴിയുന്നതുവരെ നടപ്പാതകളിൽ വളർത്തുമൃഗങ്ങൾക്ക് പ്രവേശനമില്ല. നിശബ്ദമായി നടന്നു നീങ്ങുന്നവരും, അവിടെയിട്ടിരിക്കുന്ന ബെഞ്ചുകളിൽ കണ്ണടച്ചിരുന്ന് പ്രകൃതിയുടെ ആരവങ്ങളിലേക്ക് ആഴ്ന്നിറങ്ങിയവരുമുണ്ട്.

റിസർവോയറിനു നടുവിലായാണ് ഗീസുകളുള്ളത്. രണ്ടുതരം നിറത്തിലുള്ള ഗീസുകളുണ്ടെന്നാണ് ഏറിയാൻ പറയുന്നത്‌. അധികവും വെള്ള നിറത്തിലുള്ളതാണ് ഒരുശതമാനമാണ് നീല നിറക്കാർ. 'ആ കൂട്ടങ്ങൾക്കിടയിലുണ്ടാവും കണ്ടുപിടിക്കാന്‍ നോക്കൂ..' ഏറിയാന്‍റെ വെല്ലുവിളി ഏറ്റെടുത്ത് കാണാവുന്നിടത്തെല്ലാം പരതി. വെളളുത്തവരെ മാത്രമേ ഞാന്‍ കണ്ടുള്ളൂ. നീലം മുക്കിയ കൂട്ടരെ കാണാതെ തോറ്റ് സുലിട്ട് ഏറിയാന് മുന്നിലെത്തി. വളരെ പ്രയാസമാണ്, എപ്പോഴെങ്കിലും നിങ്ങൾക്ക് കാണാനാകും, അവർ ആശ്വസിപ്പിച്ചു. മുന്നര കി.ഗ്രാം തൂക്കം വരുന്ന പക്ഷിയാണ് ഗ്രേറ്റർ സ്നോ ഗീസ്. ഇളം ചുവന്ന കൊക്കുകളും, തോൽപ്പാദങ്ങളും, പ്രാഥമിക തൂവലുകളില്‍ മാത്രം കറുപ്പ് നിറമുള്ള ഗീസുകളുടെ ജീവിത കാലയളവ് എട്ട് വർഷമെന്ന് ശാസ്ത്രലോകം പറയുന്നുണ്ടെങ്കിലും മിക്കതും പതിനാറ് വർഷംവരെയൊക്കെ ജീവിക്കുന്നവരാണത്രേ. മണിക്കൂറിൽ 55 മുതൽ 95 കി.മി വേഗതയിലാണ് ഗീസുകൾ പറക്കുക. ഇടയ്ക്ക് വിശ്രമിക്കാതെ ആയിരം കി.മിറ്ററൊക്കെ ഈ മിടുക്കര്‍ ഒറ്റയടിക്ക് പറന്നു കളയും. വർഷത്തിൽ എണ്ണായിരം കി.മിറ്ററും! ഇതൊക്കെ മുതിർന്നവരുടെ വീരസ്യമാണെന്ന് കരുതണ്ട. വിരിഞ്ഞിറങ്ങുന്ന പിറ്റേന്നു തന്നെ ഗീസ് കുഞ്ഞുങ്ങൾക്ക് 30 കി.മീറ്റർ നടക്കാനാകും. ഇവരുടെ മുന്നിലാണ് എന്നോളം വലുതായി മറ്റൊന്നുമില്ലെന്ന നാട്യവുമായി നമ്മളൊക്കെ നടക്കുന്നത്!


സ്നോ ഗീസുകളുടെ പ്രജനന നിലങ്ങൾ ആർട്ടിക്കിനടുത്തുളള ബാഫിൻ, എൽസ്മിയർ ദ്വീപുകളാണ്. ഗ്രീൻലാൻഡിന്‍റെ പടിഞ്ഞാറെ ഭാഗത്തും ഗീസുകൾ എത്താറുണ്ട്. വേനൽകാലത്താണ് ഇവർ ആർട്ടിക്കിലെത്തുക. കൂടൊരുക്കാനും മുട്ടയിട്ട് അടയിരിക്കാനും അനുകൂലമായിരിക്കും അവിടെയപ്പോൾ. ആഗസ്റ്റ് മാസം അവസാനത്തോടെ ഇവർ ആർട്ടിക്കിൽ നിന്ന് ദക്ഷിണ ദിക്കിലേക്ക് യാത്ര തുടങ്ങും. കുഞ്ഞുകുട്ടി പരാധീനക്കാര്‍ വളരെ പതിയെ വരൂ. മദ്ധ്യ ക്യുബെക്കിലെത്തുന്ന ഗീസുകൾ സെന്റ്‌ ലോറൻസ് പുഴയുടെ ഓരം ചേര്‍ന്ന ചതുപ്പ് നിലങ്ങളിൽ ആറു മുതൽ എട്ടാഴ്ചയോളം വിശ്രമിക്കും. ഈ കാലയളവില്‍ 900 കി.മി. നിർത്താതെ അമേരിക്കയുടെ തെക്ക് ഭാഗത്തുള്ള ന്യൂ ജേഴ്സിയിലേക്കു പറക്കാനുള്ള ഉർജ്ജസംഭരണത്തിന്‍റെതാണ്. മദ്ധ്യ-അമേരിക്കയിലെ അറ്റ്ലാന്റിക് സ്റേറ്റുകളായ ന്യൂ ജേഴ്സി മുതൽ തെക്കേ കരോലീനവരെയുള്ളവയിലാണ് ഗീസുകളുടെ ശൈത്യകാല വാസം. മാർച്ചിൽ സ്നോ ഗീസുകൾ അമേരിക്കയിൽ നിന്ന് വീണ്ടും ക്യുബെക്കിലെത്തുന്നു. കൂട്ടത്തോടെ പറക്കുമ്പോൾ ഇവർ ഇംഗ്ലീഷ് അക്ഷരമാലയിലെ V ആകൃതി രൂപപ്പെടുത്തും. എങ്ങിനെയാണാവോ ഇത്ര കൃത്യമായി അങ്ങിനെയൊരു രൂപഘടന ഉണ്ടാക്കിയെടുക്കുന്നത്?

മാര്‍ച്ചില്‍ തിരിച്ചു വരുമ്പോഴും സെന്റ് ലോറൻസ് പുഴയുടെ ചതുപ്പ് നിലങ്ങളിൽ എട്ടാഴ്ചയോളം നീളുന്ന വിശ്രമമുണ്ട്. വേറെയെത്ര പുഴയുണ്ട് കാനഡയില്‍, പിന്നെന്താ സെന്റ് ലോറൻസിൽ മാത്രമിവരെത്തുന്നതെന്നല്ലേ? അഴിമുഖത്തെ നേരിയ ഉപ്പുവെള്ളത്തിൽ വളരുന്ന കളകളാണ് ഗീസുകളുടെ ഇഷ്ട ഭക്ഷണം. ചളിയിൽ തലപൂഴ്ത്തി കളകൾ കടിച്ചു പറിക്കുന്നതിനാൽ തലയ്ക്ക് ചിലപ്പോള്‍ ചേറിന്‍റെ നിറമായിരിക്കും. അടുത്ത കാലത്തായി ഗീസുകള്‍ ഭക്ഷണക്രമം ചെറുതായൊന്ന് പരിഷ്ക്കരിച്ചിട്ടുണ്ട്. കൊയ്ത്തൊഴിഞ്ഞ ഗോതമ്പുപാടങ്ങളിലും ഓട്ട്സ് പാടങ്ങളിലും സ്നോ ഗീസുകളെ കാണാം. അതിനാല്‍ എണ്ണവും കൂടിയിട്ടുണ്ട്. മെയ് മാസം അവസാനിക്കുന്നതോടെ സ്നോ ഗീസ് പട മൂവായിരം കി.മീറ്റർ പറന്ന് ആർട്ടിക്കിലെത്തും. കൊല്ലാകൊല്ലം ഇതുതന്നെ പണി. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടക്കുക. പാസ്പോർട്ടും വിസയും വേണ്ട, അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിൽ ക്യൂ നിൽക്കണ്ട, വരവും പോക്കും കാണാൻ ക്യാമറകളും, ദൂരദർശിനികളുമായി മനുഷ്യര്‍ കാത്തു നിൽക്കും… അങ്ങിനെയെന്നെ അസൂയയുടെ മൂര്‍ദ്ധന്യത്തിലെത്തിച്ച് അവര്‍ ബഹളം തുടരുകയാണ്.

ദേശാടനപക്ഷികളിൽ എന്നെ ഏറെ വിസ്മയിപ്പിക്കുന്ന ഒരു വിഭാഗമുണ്ട്. ഹമിംങ്ങ് പക്ഷികളുടെ കൂട്ടത്തിലെ ഏറ്റവും ചെറുതായ "ദി റൂബി- ത്രോട്ടഡ് ഹമിംങ്ങ് ബേർഡ്” ആണത്. മൂന്നര ഇഞ്ച് നീളവും മൂന്ന് ഗ്രാം തൂക്കമുള്ള ഈ കുഞ്ഞു പക്ഷിയെ കണ്ടാല്‍ വലിയ പ്രാണിയാണെന്നേ തോന്നൂ. എന്നാൽ കാണുന്നത് പോലെയല്ല റൂബി കുഞ്ഞൻ. വസന്തകാലത്ത് അഞ്ഞൂറ് മൈൽ ഇരുപത് മണിക്കൂർ കൊണ്ട് നിർത്താതെ പറന്ന് ഗൾഫ് ഓഫ് മെക്സിക്കോ കടക്കുന്ന കരുത്തരാണിവർ. ഇവർ വലിയ പക്ഷികളുടെ പുറത്ത് പമ്മിയിരുന്നാണ് ദേശാടനം നടത്തുന്നതെന്നൊരു തെറ്റിദ്ധാരണ മനുഷ്യർ പ്രചരിപ്പിച്ചിട്ടുണ്ട്.അല്ലെങ്കിലും അംഗീകരിക്കാൻ കഴിയാത്തതിനെയൊക്കെ നുണകൾ പ്രചരിപ്പിച്ച് തോൽപ്പിക്കൽ നമ്മുടെ ശീലമാണല്ലോ.

മറ്റൊരു കൂട്ടരുണ്ട്… ദേശാടകരിലെ ഒന്നാം സ്ഥാനീയര്‍. ആർട്ടിക് ടേൺ (Arctic Tern)എന്നറിയപ്പെടുന്ന ഇടത്തരം പക്ഷിയാണ്. മഹായാത്രികരായ ഇക്കൂട്ടർ എല്ലാ വർഷവും ഉത്തരധ്രുവത്തില്‍ നിന്ന് ദക്ഷിണധ്രുവത്തിലെത്തുന്നു. പിന്നെ തിരിച്ചും. ഗ്രീൻലാൻഡിൽ തുടങ്ങി അന്റാർട്ടിക്കയിൽ അവസാനിക്കുന്ന യാത്രയിൽ ഒരുമാസം മാത്രമാണ് വിശ്രമത്തിനെടുക്കുന്നത്. നാലൗൺസ് തൂക്കമുള്ള ഈ സഞ്ചാര വീരരുടെ മടക്കയാത്ര പഠന വിഷയമാക്കിയത് അടുത്ത കാലത്താണ്. ശരാശരി 71,000 കി.മിറ്ററിനടുത്ത് അങ്ങോട്ടുമിങ്ങോട്ടുമായി ഇവര്‍ സഞ്ചാരിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പോയ വഴിയിലൂടെയല്ല അവര്‍ തിരിച്ചു വരുന്നത്. വേലയും, വിളക്കും, കടല്‍ത്തിരയും, കപ്പലുമൊക്കെ കണ്ട് പലനാടുകള്‍ ചുറ്റിയടിച്ചാണ് ഇവർ ഗ്രീൻലാൻഡിലെത്തുന്നത്. അന്റാർട്ടിക്കയിൽ നിന്ന് ആഫ്രിക്കയിലെത്തി അവിടെന്ന് തെക്കേ അമേരിക്കയിലൂടെയാണ് ആർട്ടിക്കിലേക്ക് പോകുന്നത്. There is a method to their madness… എന്നാണ് നാഷണൽ ജ്യോഗ്രഫി ഭാഷ്യം. മുപ്പത് വർഷം ജീവിക്കുന്ന ഈ പക്ഷികൾ അവരുടെ കാലയളവിൽ സഞ്ചരിക്കുന്നത് മൂന്നു പ്രാവശ്യം ചന്ദ്രനിലേക്ക് പോയി വരുന്ന ദൂരമാണ് (2.4 മില്യൺ കി.മി). ഇവരെയെല്ലാം മനസ്സാനമിച്ചു നില്‍ക്കുമ്പോഴാണ് ക്യാമറാക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ഹുസൈന്‍ അസന്തുഷ്ടിയോടെ കയറി വന്നത്. മനസ്സിൽ കരുതിയത് പോലെ സ്നോ ഗീസുകളുടെ ചിത്രം പകർത്താൻ പറ്റിയില്ല. തിരിച്ചു പോകുമ്പോൾ വീണ്ടും ഇവിടെയിറങ്ങാമെന്ന ധാരണയില്‍ ഞങ്ങൾ ക്യുബെക്കിലേക്ക് യാത്ര തുടർന്നു.
"Autumn.. the year's last, loveliest smile." William Cullan Bryant

അന്ന് രാത്രി നഗരത്തിൽ തങ്ങി പിറ്റേന്ന് രാവിലെ Parc National De La Jacques-Cartier കാണാനായിരുന്നു നീണ്ട വാരാന്ത്യ ഒഴിവുദിന പരിപാടി. മഞ്ഞ ബിർച്ചും, ഷുഗർ മേപ്പിളും, കറുത്ത സ്പ്രൂസും തോളോടു തോളുരുമ്മി നിൽക്കുന്ന കാട്ടിലൂടെ ഹൈക്കിങ്ങിനിറങ്ങുമ്പോൾ തണുത്ത് വിറക്കുന്നുണ്ടായിരുന്നു. കാട്ടിലൂടെ ശാന്തമായി ഒഴുകുന്ന പുഴയിൽ ചിലർ തോണിയിറക്കിയിട്ടുണ്ട്. മുപ്പത് കി.മീറ്ററോളം കാട്ടിനുള്ളിലുടെ വാഹനത്തിൽ സഞ്ചരിക്കാം. അതിനാൽ സഞ്ചാരികളെയും കൊണ്ട് മഞ്ഞ ബസുകൾ ഇടക്കിടക്ക് കടന്നു പോകുന്നുണ്ട്. എന്നാലും പൊതുവെ നിശബ്ദമാണ്. പ്രായഭേദമന്യേ ഈ വർണ്ണപ്രപഞ്ചത്തില്‍ സ്വയം മറന്നു നില്‍ക്കുകയാണ് സഞ്ചാരികള്‍. ഞങ്ങള്‍ കാടിറങ്ങിയെത്തിയത് പുഴക്കരയിലാണ്. അക്കര കടക്കാനൊരു പാകവുമില്ലാത്തതിനാൽ തിരിച്ചു കയറി. ഉച്ചഭക്ഷണത്തിനു ശേഷമാണ് ‘Cap Tourmente National Wildlife Area’ യിലേക്ക് പോയത്. അവിടെ സ്നോ ഗീസുകളുണ്ടാവുമെന്ന് പാർക്കിൽ നിന്നറിഞ്ഞിരുന്നു. വഴിതെറ്റി വളഞ്ഞുതിരിഞ്ഞ് അവിടെയെത്തിയപ്പോഴേക്കും അഞ്ചു മണിയായിരുന്നു. സംരക്ഷിതമേഖലയാണ് ആറു മണിക്ക് പുറത്തിറങ്ങണമെന്ന് അകത്തേക്ക് കടക്കുമ്പോഴേ മുന്നറിയിപ്പും കിട്ടി. അവിടെ നിന്നാണ് ഏറിയാനെ കണ്ടതും സ്നോ ഗീസുകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയതും. ചതുപ്പിൽ വിശ്രമിക്കുന്ന ഗീസുകൾക്കരികിലെത്താൻ വളരെ പ്രയാസമാണ്. ദൂരദർശിനികളിലൂടെ അവയെ നോക്കി പഠിക്കാനാണ് ഏറിയാൻ ഉപദേശിച്ചത്. പക്ഷെ ഫോട്ടോഗ്രാഫറുടെ വിഷമം ഏറിയാനുണ്ടോ അറിയുന്നു? ആറുമണിക്ക് തന്നെ അവിടെന്ന് പുറത്ത് കടന്നു. വരുന്ന വഴിയില്‍ മാനുകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ടെങ്കിലും പടമൊന്നും എടുത്തില്ല. മാനുകളെ വേണ്ടാത്ത ക്യാമറാമാന്‍!


                                                                                          Île d'Orléans

ക്യുബെക്കിൽ ഞങ്ങൾക്ക് പ്രിയമുള്ളൊരു സ്ഥലമുണ്ട്. മാന്ത്രിക ദ്വീപ് എന്നറിയപ്പെടുന്ന അയ്ൽ ഡി ഓർലിയോൺസാണത്. തിങ്കളാഴ്ച അതിരാവിലെ ഞങ്ങൾ ദ്വീപിലെത്തി. തണുപ്പിൽ ഉറക്കമുണരാൻ മടിച്ചു നിൽക്കുന്ന ദ്വീപിൽ തീർത്ഥാടകരെ പോലെ ഞങ്ങൾ വലം വെക്കുമ്പോഴാണ് ഗീസുകളുടെ കരച്ചില്‍ കേട്ടത്. രണ്ടുദിവസം കൊണ്ട് കാതുകള്‍ക്ക് അവരുടെ കരച്ചിൽ പരിചിതമായിരിക്കുന്നു. ഏതോ വീട്ടുവളപ്പിലേക്ക് ജീപ്പ് കയറ്റിയിട്ട് പാടത്തേക്ക് ഹുസൈൻ ക്യാമറയുമായി പാഞ്ഞു. ഗീസുകള്‍ പ്രഭാതഭക്ഷണത്തിനായി ഗോതമ്പു പാടത്തേക്ക് വരികയാണ്. പെട്ടെന്ന് ആകാശം മങ്ങിയത് പോലെ.. ഞങ്ങളുടെ തലയ്ക്കു മുകളിലൂടെയാണ് ആയിരക്കണക്കിനു സ്നോ ഗീസുകള്‍ ഞൊടിയിടയില്‍ പാടത്ത് പറന്നിറങ്ങിയത്. കലപില കൂട്ടി ധാന്യമണികള്‍ കൊത്തി പെറുക്കുന്ന ബഹളക്കാരോട് "പ്ലീസ് എന്നെ കൂടെ കൊണ്ടു പോകോന്ന്” കെഞ്ചുന്നത് പാടത്ത് പണിക്കിറങ്ങാന്‍ വന്നവര്‍ക്ക് ചിരിക്കാനുള്ള വകയായി. അവരുടെ തീറ്റ കഴിയുന്നതും കാത്ത് ക്ഷമയോടെ ഞങ്ങള്‍ വരമ്പത്തിരുന്നതിനാല്‍ കൂട്ടമായി പറന്നു പൊങ്ങുന്ന സ്നോ ഗീസുകൾ ആകാശത്ത് V ആകൃതിയിൽ രൂപപ്പെടുന്നതും കാണാന്‍ കഴിഞ്ഞു. കഴുത്ത് വേദനിച്ചെങ്കിലും തലയ്ക്കു മീതെയുള്ള ടേക്ക് ഓഫും/ലാന്‍ഡിങ്ങും ഒരനുഭവമായി. റണ്‍വേ തെറ്റുന്നില്ല, ഇടിച്ചിറക്കലില്ല, സിഗ്നലില്ല അതി ഗംഭീരമായിരുന്നു വരവും പോക്കും..



പടം പിടുത്തം അസ്സലായിരുന്നെന്ന് ഹുസൈന്‍റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. താങ്ക്സ് ഗിവിംങ്ങ് ദിനമായതിനാൽ പത്തുമണിയോടെ ദ്വീപിലേക്ക് സന്ദർശകപ്രവാഹം തുടങ്ങി. തിരക്കും ബഹളവും അധികരിക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് ദ്വീപിൽ നിന്ന് പുറത്ത് കടക്കണമായിരുന്നു. എപ്പോള്‍ ദ്വീപില്‍ പോയാലും എന്തെങ്കിലുമൊക്കെ വാങ്ങാറുണ്ട്. പതിവ് തെറ്റിക്കേണ്ടന്ന് കരുതി വഴിയോരത്തെ കടയില്‍ കയറി. ജാമും, അച്ചാറും, ബെറികളും, ഉള്ളിയും മത്തനുമൊക്കെയുണ്ട്, പക്ഷെ ആളില്ല. സാധാരണയായി ആളില്ലെങ്കിൽ പൈസയിടാനുള്ള പെട്ടിയുണ്ടാവും, അവിടെ അതുമില്ല. ഒരു കൂട് ഉള്ളിയും, മേപ്പിൾ സിറപ്പും, ജാമും എടുത്ത് വെക്കുമ്പോഴേക്കും റോഡിന്‍റെ മറുഭാഗത്ത്‌ നിന്ന് ബഗ്ഗിയുടെ ശബ്ദം കേട്ടു. അപ്പോള്‍ മാത്രമാണ് റോഡിനപ്പുറമുള്ള ഫാം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഫാമിൽ പണിയെടുത്തു കൊണ്ടിരുന്ന അമ്മൂമ്മയാണ് ബഗ്ഗിയിലെത്തി സാധനങ്ങൾക്ക് വിലയിട്ട് പൈസയും വാങ്ങി, വന്ന അതേ വേഗത്തിൽ അവരുടെ കൃഷിയിടത്തിലേക്ക് തിരിച്ചു പോയത്. ഫ്രഞ്ചും ഇംഗ്ലീഷും കലര്‍ത്തി അവരുടെ തൊടിയിലെ പച്ചക്കറികള്‍ കൊണ്ടാണ് അച്ചാറുകളുണ്ടാക്കിയിരിക്കുന്നതെന്നൊക്കെ മിനിട്ടുകള്‍ കൊണ്ടാണ് പറഞ്ഞൊപ്പിച്ചത്. കുറച്ചു സമയമവരെയും നോക്കിനിന്ന് ഞങ്ങളും അവിടം വിട്ടു. ദ്വീപിനോടൊപ്പം ഇഷ്ടത്തോടെ ചേർത്തുവെക്കാനൊരു മുഖം കൂടിയായി.

മാന്ത്രിക ദ്വീപിൽ നിന്ന് മടങ്ങുമ്പോള്‍ പതിനൊന്ന് മണി കഴിഞ്ഞിരുന്നു. മിസ്സിസ്സാഗയിലേക്ക് പോകുന്നതിനു മുമ്പായി വീണ്ടും വിക്ടോറിയാവില്ലിലെത്തി സ്നോ ഗീസുകളെ കണ്ടു. എത്ര കണ്ടിട്ടും കേട്ടിട്ടും മതിവരാത്തത് പോലെ. വെറുതയാവില്ല ആര്‍.വികള്‍ അവിടെ തന്നെ കിടക്കുന്നത്. വിരുന്നുകാരോടൊപ്പമായിരിക്കും അവരും പോകുന്നത്. ഗീസുകളുടെ കൂട്ടത്തിൽ നിന്ന് മാറി പാർക്കിനടുത്തുള്ള കൽപ്പടവിലിരുന്ന് പ്രണയം പങ്കുവെക്കുന്ന ജോഡികളായിരുന്നു അന്നത്തെ താരങ്ങൾ. ഇവിടെന്ന് കി.മീറ്ററുകൾ നിർത്താതെ പറക്കുമ്പോൾ നിങ്ങള്‍ കാണുന്നതും, പറയുന്നതും, കേള്‍ക്കുന്നതും എന്തെല്ലാമാണ്? ചിറകുകൾ തളരില്ലേ, വിശക്കില്ലേ… പിന്നെയും അവരോടുള്ള ചോദ്യങ്ങൾ ബാക്കിയായിരുന്നു. ഇന്നും ദുരൂഹമായി തുടരുന്ന പ്രകൃതിയിലെ ദേശാടകരെ നിങ്ങൾക്ക് കടപ്പെട്ടിരിക്കുന്നു ഞങ്ങളുടെ ഈ യാത്ര..


Happy Yellow!!!

29 comments:

  1. "Come forth into the light of things, Let nature be your teacher." William Wordsworth

    ReplyDelete
  2. മുബി എത്രനല്ല എഴുത്ത്. അഭിമാനം, അഭിനന്ദനം!

    ReplyDelete
  3. സ്ഥലപേരുകൾ മുതൽ എല്ലാം എന്നിവയെല്ലാം അപരിചിതമാണെങ്കിലും എഴുതിയത് ഒഴുക്കുള്ള മലയാളത്തിലായ കാരണം നല്ല വായനാനുഭവം തന്നു. കുറെ അറിവുകളും. പല എഴുത്തുകളിലൂടെയും ദൃശ്യാനുഭവം കൂടി അനുഭവപ്പെടുന്നത് ഇതിലും അവർത്തിച്ചു.
    നന്ദി.

    ReplyDelete
    Replies
    1. സേതുവേട്ടാ വായനയിൽ സന്തോഷംട്ടൊ... ഈ കുറിപ്പുകൾ നന്ദിനിയമ്മക്ക് എത്തിച്ചതിൽ നന്ദിയും സ്നേഹവും :)

      Delete
  4. ദേശാടനക്കിളികളോടൊപ്പം സഞ്ചരിച്ച പ്രതീതി... എന്നാലും സമ്മതിക്കണം ഈ പക്ഷികളെ അല്ലേ...

    ReplyDelete
    Replies
    1. അസൂയപ്പെടുത്തുന്ന സഞ്ചാരികളാണ് വിനുവേട്ടാ!

      Delete
  5. എഴുത്തും ചിത്രങ്ങളും മനോഹരം...

    ReplyDelete
  6. സ്നോ ഗീസുകൾ ബിലാത്തിലെ കൊച്ചുതടാക
    പ്രദേശത്തതെല്ലാം വിരുന്നുകാരായി പറന്നിറങ്ങി പിന്നീട്
    കുടുംബമായ് ദേശങ്ങൾ താണ്ടുവാൻ വേണ്ടി സ്‌കൂട്ടവാറുമുണ്ട് .
    പക്ഷെ കനേഡിയൻ മിത്തിലെ ഈ സുന്ദരമായ പ്രണയനാടകം
    അരങ്ങേറിയത് ഇപ്പോൾ അറിയുകയാണ് .'ക്യുബെക്കിലേക്കുള്ള യാത്രകളില്‍
    വിരഹവേദനയും പേറി നടക്കുന്ന കനേഡിയൻ റേവൻ പരീക്കുട്ടിമാരെ കണ്ടിരുന്നെങ്കിലും
    ചിറകുകളിൽ ഋതുക്കളുമായെത്തുന്ന ദേശസഞ്ചാരികള്‍ ഞങ്ങൾക്കൊരിക്കലും പിടിതന്നില്ല. “The most beautiful thing we can experience is the mysterious. It is the source of all true art and science.” അൽബർട്ട് ഐൻസ്റ്റിന്‍റെ വാക്കുകളെ ഓർമ്മപ്പെടുത്തുന്ന പ്രകൃതിയിലെ സഞ്ചാരികള്‍. '
    എന്നെത്തെയും പോലെ പുതിയ ചരിതങ്ങളുമായി
    ഒരു സുന്ദര സഞ്ചാര വിവരണം കൂടി മുബൈ കാഴ്ച്ചവെച്ചിരിക്കുന്നു ...

    ReplyDelete
    Replies
    1. മുരളിയേട്ടാ... ബ്ലോഗ് ചലഞ്ചിനൊന്നും കാത്ത് നിൽക്കാതെ മ്മളിങ്ങനെ ചെടികളെയും, പക്ഷികളെയും കണ്ടത് ഇവിടെ വന്ന് പറയും. സ്നേഹംട്ടൊ :)

      Delete
  7. മുബീ...വര്‍ണ്ണങ്ങൾ വാരി വിതറിയ കാഴ്ച അത്ഭുതം തന്നെ.വിവരണവും ഹൃദ്യം.

    ReplyDelete
  8. മുബീ ഇത്തവണത്തെ വരവിലും മനം നിറഞ്ഞു. വിവരണങ്ങളിലൂടെ പക്ഷികളെപ്പറ്റി എന്തെല്ലാം അറിഞ്ഞു. ഭയങ്കര അത്ഭുതം ഈ പക്ഷികളുടെ ഒക്കെ ജീവിതരീതികൾ. ദൈവത്തിന്റെ ഓരോ സൃഷ്ടികൾ അല്ലെ... പ്രകൃതിസൗന്ദര്യം ആവോളം പകർത്തിയിരിക്കുന്നു ആ രണ്ടാമത്തെ ഫോട്ടോ ..
    അതിമനോഹരമായ കാഴ്ച.

    ReplyDelete
    Replies
    1. സ്നേഹം ഗീതാ... ഫോട്ടോ ഹുസൈൻ എടുത്തതാണ്. പറയാട്ടോ :)

      Delete
  9. നല്ല പോസ്റ്റ്. എല്ലാം വിശദമായി വയനാസുഖം കിട്ടുന്ന രീതിയിൽ എഴുതിയിരിക്കുന്നു

    ReplyDelete
    Replies
    1. സ്നേഹം... സന്തോഷം :)

      Delete
  10. Replies
    1. നന്ദി റാണിപ്രിയ..

      Delete
  11. നന്നായി എഴുതി.......കൂടെ യാത്ര ചെയ്ത അനുഭവം

    ReplyDelete
    Replies
    1. സന്തോഷം റാണിപ്രിയ ;)

      Delete
  12. മനോഹരമായ യാത്രാവിവരണം... കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഇടങ്ങളെയും കാഴ്ചകളെയും പറ്റിയാകുമ്പോൾ ഇരട്ടിമധുരവും. ഫോട്ടോഗ്രാഫർക്കും കൊടുക്കണം ഒരു കുതിരപ്പവൻ ;-)

    ReplyDelete
    Replies
    1. നന്ദി മഹേഷ്... ഫോട്ടോഗ്രാഫറോട് പറയാം കുതിരപ്പവൻ കിട്ടിയ കാര്യം :)

      Delete
  13. യാത്ര അടിപൊളി. വിവരണം അതീവഹൃദ്യം. പിന്നെ സ്ഥല-പക്ഷി നാമങ്ങൾ നാവിനും തലച്ചോറിനും ഏക്കുന്നില്ലന്നു മാത്രം. അതെങ്ങും തങ്ങി നിൽക്കുന്നേയില്ല.
    ആശംസകൾ ....

    ReplyDelete
    Replies
    1. ഇവിടുത്തെ പേരുകൾ എനിക്കും ചിലപ്പോൾ പ്രശ്നമാവാറുണ്ട്. അപ്പോൾ ഞാൻ എന്റെ വക പേരിടൽ നടത്തും. നല്ല അസ്സൽ മലയാള നാമങ്ങൾ... കുട്ടികൾ കളിയാക്കും എന്നാലും എനിക്ക് ഇവരെയൊക്കെ തിരിച്ചറിയാൻ അങ്ങിനെ പറ്റാറുണ്ട് :)

      Delete
  14. എന്ത് ഭംഗി... ഒരു പ്രണയകഥയോട് കൂടി ദേശദനപക്ഷികളെ എഴുതിയത് സൂപ്പർ.. രാത്രികാലങ്ങളിൽ ടെറസ്സിൽ കിടക്കുമ്പോൾ ദൂരെ ആകാശത്തു വെള്ളിനിറത്തിൽ വി ആകൃതിയിൽ കുറെ പക്ഷികൾ പറക്കുന്നത് സ്ഥിരമായി കാണാറുണ്ട്..അവർ ആരൊക്കെആണാവോ.

    ReplyDelete
    Replies
    1. പ്രിയ ഗൗരി... വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം :) കാലചക്രം പൂർത്തീകരിക്കാനായി ദേശങ്ങൾ താണ്ടുന്നവർക്ക് നമുക്ക് തരാൻ സമയമില്ലായിരിക്കും...

      Delete