Wednesday, December 26, 2018

ബാഡ്‌ലാൻഡ്സ്

മിസ്സിസ്സാഗയിൽ നിന്ന് 40 കി.മിറ്റർ അകലെയാണ് ഷെൽറ്റെനം ബാഡ്‌ലാൻഡ്സ് (Cheltenham Badlands). 2015ൽ പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചു കൊണ്ട് സർക്കാർ ഉത്തരവിറങ്ങിയതു മുതൽ ഇവിടം അടഞ്ഞു കിടക്കുകയായിരുന്നു. സർക്കാർ കാര്യം മുറ പോലെയാവും എന്ന് കരുതും ഓരോ തവണയും അവിടെ ചുറ്റുവട്ടം കറങ്ങി വരുമ്പോൾ. ഒണ്ടാറിയോ പൈതൃക ട്രസ്റ്റിൻ്റെ സംരക്ഷണത്തിലുള്ള സ്ഥലം നാളേക്കായി സൂക്ഷിക്കേണ്ടതുണ്ടെന്ന ബോധം വൈകിയാണ് ഉണ്ടായതെന്ന് തോന്നുന്നു. സന്ദർശകർ ബാഡ്‌ലാൻഡ്‌സിനോട് കരുണ കാണിക്കണമെന്ന് കൺസർവേഷൻ അധികൃതർ അവരുടെ വെബ്‌സൈറ്റിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്. മണ്ണൊലിപ്പും വർദ്ധിച്ചു വരുന്ന ജനസമ്പർക്കവും, കാലാവസ്ഥ വ്യതിയാനവും 450 മില്യൺ വർഷങ്ങൾക്ക്‌ മുന്നേയുണ്ടായ പ്രതിഭാസത്തെ കാര്യമായി ബാധിക്കാൻ തുടങ്ങിയിരിക്കണം. എന്തായാലും അടച്ചിട്ട സ്ഥലം 2018 സെപ്‌റ്റംബറിൽ തുറന്നതും ഞങ്ങൾ അവിടെയെത്തി. നിത്യഹരിത മരങ്ങളും, ഇലകളിൽ വർണ്ണങ്ങൾ കോരി നിറച്ചു നിൽക്കുന്ന മേപ്പിൾ വൃക്ഷങ്ങളും പ്രധാന പാതയുടെ ഒരുവശത്ത് ഉൽസവത്തിമിർപ്പിലാറാടുന്ന തിരക്കിലാണ്. മറുഭാഗത്തു ചുവന്ന മൺകൂനകൾ പോലെ കിടക്കുന്ന തരിശുഭൂമിയും. എന്തൊരു വൈരുദ്ധ്യമാണ് ഇടതും വലതുമുള്ളത്!

Cheltenham Badlands- Caledon/ PC: Hussain Chirathodi
450 മില്യൺ വർഷങ്ങൾക്കു മുൻപ് ഉത്തര അർദ്ധഗോളം വെള്ളത്തിനടിയിലായിരുന്നുവെന്നും, പിന്നീട് ഉണ്ടായ Late Ordovician Geological സമയത്താണ് ഭൂമി ഈ വിധമായതെന്നും പാർക്കിൻ്റെ സംരക്ഷണ ചുമതലയുള്ളവർ പറയുന്നു. യുഗാന്തരങ്ങൾക്ക് മുൻപ് സംഭവിച്ചതാണ്, ഇനിയെന്ത് സംഭവിക്കുമെന്നും അറിയില്ല. ഇപ്പോഴുള്ളത് നിലനിർത്താനുള്ള ദൗത്യമാണ് ട്രസ്റ്റിൻ്റെത്. പണ്ട് പണ്ട് എന്നൊക്കെ പറഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു… അതെ, പണ്ടാണ് ആഴംകുറഞ്ഞ ഒർഡോവിസിയൻ കടലിനടിയിലായിരുന്നു വടക്കേ അമേരിക്ക. ആ കടലിലെ മണ്ണിൽ പവിഴപ്പുറ്റുകൾക്കൊപ്പം ആദിമ ജീവൻ്റെ തുടിപ്പുകളും ഉണ്ടായിരുന്നുവെത്രേ. ഇരുമ്പിൻ്റെ അംശം ധാരാളമുള്ള മണ്ണുമായി കടലിനടുത്തുള്ള മലയിൽ നിന്നു പുഴകൾ ഒലിച്ചിറങ്ങി. ഒർഡോവിസിയൻ കടലിനും എതിർപ്പൊന്നുമുണ്ടായിട്ടുണ്ടാവില്ല. എല്ലാവരും കൊണ്ടു തരുന്നത് ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ടാകും. കാലക്രമേണ താപനിലയിൽ വന്ന മാറ്റവും മർദ്ദവും കൊണ്ട് കടൽ വറ്റി. വന്നടിഞ്ഞ മണ്ണും, കടൽ പുറ്റുകളും, മണലും എല്ലാം ചേർന്നു അവസാദ ശിലകളാവുകയും അതിനോടൊപ്പം ചുവന്ന കളിമണ്ണും കൂടിയായപ്പോൾ ഇന്ന് കാണുന്ന Queenston Shale Formation ഉണ്ടായിയെന്ന്‌ വിശദീകരിക്കുന്ന ഫലകങ്ങൾ ബാഡ്‌ലാൻഡിനെ കാക്കുന്ന വേലിക്കരികിലുണ്ട്.

ഉയിർത്തെഴുന്നേൽക്കാൻ പലപ്രാവശ്യം ശ്രമിച്ചു ഒർഡോവിസിയൻ കടൽ ഒടുവിൽ 250 മില്യൺ വർഷങ്ങൾക്ക് മുമ്പ് പ്രകൃതിക്കു കീഴടങ്ങി. കടലിൻ്റെ വരവും പോക്കുമായിരിക്കും പാറകൾക്ക്‌ രൂപമാറ്റം സംഭവിക്കുന്നതിന്‌ കാരണമായിരിക്കുക. ഇലകളുടെ നിറങ്ങൾ പോലെ അത്ര ആകർഷകമല്ലെങ്കിലും മണ്ണിനുമുണ്ട് നിറ വ്യത്യാസം. ഭൂഗർഭജലം പാറകളിലെ ചെറിയ സുഷിരങ്ങളിലൂടെ പുറത്തേക്കൊഴുകി മണ്ണിൽ പച്ചയും ചാരനിറത്തിൻ്റെയും ചീന്തുകൾ തീർത്തിരിക്കുന്നു. അമ്ലമയമുള്ള വെള്ളത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞിരിക്കും അതു ഇരുമ്പുസത്തുള്ള മണ്ണുമായി ചേരുമ്പോൾ പച്ചനിറമാകുന്നതാണ്. സസ്യലതാദികൾ അവിടെ വളരാത്തതിന്‌ ഗോത്രവംശജരുടെയൊരു വാമൊഴി കഥയും കേൾക്കുകയുണ്ടായി. 10,000 വർഷങ്ങൾക്കു മുമ്പ് ഈ സ്ഥലത്ത് ഗോത്രവംശജർ താമസിച്ചു കൃഷി ചെയ്തിരുന്നതായി തെളിവുകളുണ്ട്. ഏതൊരു ദേശത്തിനും അതിൻ്റെതായ ഒരു കഥയുണ്ടാവും, അടുത്ത തലമുറകളിലേക്ക് കൈമാറുമ്പോൾ അതൊരു എഴുതപ്പെടാത്ത ദേശചരിത്രമാവുന്നു.

ഗോത്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പതിവായിരുന്നെങ്കിലും വർഷത്തിലൊരിക്കൽ ഗോത്രങ്ങൾ തർക്കമെല്ലാം അവസാനിപ്പിച്ച് ഫലഭൂവിഷ്ഠമായ ഒരിടത്തൊന്നിച്ചു കൂടുമായിരുന്നു. ആ സ്ഥലത്ത് വഴക്കൊന്നും നടക്കില്ല, അവിടെ നിൽക്കുന്ന സമയത്ത് എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയണമെന്നാണ്. തിരിച്ചു അതത് ഗ്രാമങ്ങളിൽ എത്തിയാൽ വീണ്ടും അവർ പഴയ ശീലങ്ങളിലേക്ക് തിരികേ പോകും. എന്നാലും കുറച്ചുകാലമുള്ള ആ സമാധാനം കണ്ട്‌ അസൂയപ്പെടാനും ആളുകളുണ്ടായി. അന്നായാലും ഇന്നായാലും നമുക്ക് മാറ്റമൊന്നുമില്ലല്ലോ! വഴക്കാളികൾക്ക് ഇത്രയേറെ സമാധാനം ലഭിക്കുന്ന സ്ഥലത്തു സ്ഥിരവാസത്തിനായി കുറച്ചു പേർ പുറപ്പെട്ടു. ദൈവദൂതരായ റേവൻ്റെയും പരുന്തിൻ്റെയും മുന്നറിയിപ്പുകൾ ഒന്നും വകവെക്കാതെ അവരവിടെ പൊറുതി തുടങ്ങി. ആദ്യത്തെ കുറച്ചു വർഷങ്ങൾ അവർ നല്ലവരായി ജീവിച്ചു. ഏറെ നാളൊന്നും ഇങ്ങിനെയൊരു മുഖംമൂടിയുമായി കഴിയാൻ അവർക്കായില്ല. അവരുടെ വഴക്കും വാക്കാണവും കൊണ്ട് ദൈവത്തിനു പോലും സ്വൈരം കെട്ടു. ദൈവകല്പനകൾ ധിക്കരിച്ച കൂട്ടത്തെ ആ സ്ഥലത്ത് നിന്നു പുറത്താക്കാനായി ഭൂമി ഇളക്കി മറിച്ചുവെത്രേ. അവിടെയിനി വെള്ളവും, മരങ്ങളുമുണ്ടാവാത്ത വിധത്തിൽ പാറകളാൽ മൂടപ്പെട്ടു. അങ്ങിനെയുണ്ടായതാണ് കഥയിലെ ബാഡ്‌ലാൻഡ്!

കഥയുമായി ചേർത്തു വായിച്ചാലും ഇല്ലെങ്കിലും മനുഷ്യസ്പർശം ഈ പ്രതിഭാസത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ഇതിനെക്കുറിച്ച് പഠിക്കുന്നവർ അവകാശപ്പെടുന്നു. താഴെ കൊടുത്തിരിക്കുന്ന ബാഡ്‌ലാൻഡിൻ്റെ വീഡിയോ ലിങ്ക് കൂടെ നോക്കുക. 2015 വരെ ആളുകൾ അതിന് മുകളിലൂടെ നടന്നിരുന്നു. എന്നാൽ ഞങ്ങൾ ചെല്ലുമ്പോൾ വേലിക്കിപ്പുറം നിന്നു കാണാവുന്ന തരത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. അവിടെനിന്ന് നോക്കുമ്പോൾ എൻ്റെ ചിന്ത അതിനടിയിലായി പോയ കടലിനെ കുറിച്ചായിരുന്നു. ഇനിയെന്നെങ്കിലും അതൊരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ് നമ്മളെ വിഴുങ്ങിയാലോ...കാനഡയിലും, യു.എസിലും, പിന്നെ ന്യൂസിലാൻഡിലുമായി കിടക്കുന്ന ബാഡ്‌ലാൻഡുകൾ ലോകത്തെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നുണ്ടെങ്കിലും ഇന്നീ കഥ ആരോർക്കാൻ ?



12 comments:

  1. ആ പേരുകേട്ടപ്പോള്‍ ആദ്യം ഒന്ന് പകച്ചു.ബാഡ്‌ലാണ്ടിന്റെ കഥ രസകരം, പക്ഷെ കടല്‍ തിരിച്ച് വന്നാല്‍ കാനഡയും ന്യൂസിലാന്റിന്റെയും കഥ കട്ടപ്പൊക ആയിരിക്കും!!

    ReplyDelete
  2. എന്തെല്ലാം പ്രതിഭാസങ്ങൾ!

    "അനന്തമജ്ഞാതമവര്‍ണ്ണനീയം
    ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
    അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
    നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു."

    എഴുത്തിലും എഴുത്തിനു തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലും പുതുമ നില നിർത്താൻ കഴിയുന്നത് വളരെ ചുരുക്കം പേർക്കാണ്. മുബിയുടെ യാത്രാവിവരണങ്ങളും ചിത്രങ്ങളും unique ആണ്. അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. സത്യമായും ഗിരിജ... ചുറ്റിലും നിൽക്കുന്ന മരങ്ങൾക്കിടയിൽ ഇങ്ങിനെയൊരു ഭൂപ്രകൃതി അത്ഭുതം തന്നെയാണ്! വായനയിൽ സന്തോഷം:)

      Delete
  3. 'ബാഡ്‌ലാൻസിനെ'ക്കുറിച്ച് ആദ്യമായി അറിയുകയാണ് ...

    ഏതൊരു ദേശത്തിനും അതിൻ്റെതായ ഒരു കഥയുണ്ടാവും,
    അടുത്ത തലമുറകളിലേക്ക് കൈമാറുമ്പോൾ അതൊരു എഴുതപ്പെടാത്ത
    ദേശചരിത്രമാവുന്നു.

    ReplyDelete
    Replies
    1. ഞാനും മുരളിയേട്ടാ... കണ്ടതും അറിഞ്ഞതുമെല്ലാം എത്രയോ തുച്ഛമാണ്.ഏറ്റവും നന്നായി ഫാൾ കളർ കാണാൻ പറ്റുന്നതും ഇവിടെയാണ്. അതിനിടയിൽ ഇങ്ങിനെയുമുണ്ട് :)

      Delete
  4. എന്തെല്ലാം പുതിയ അറിവുകളാണ് മുബി ഞങ്ങൾക്കായി വിളമ്പുന്നത്...! വിഭവങ്ങൾ എല്ലാം തന്നെ സ്വാദിഷ്ടം..‌.

    ReplyDelete
    Replies
    1. സ്നേഹം വിനുവേട്ടാ...

      Delete
  5. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് കേൾക്കുന്നത്.. സംഗതി അതിമനോഹരം.. വായന കഴിഞ്ഞപ്പോൾ ബാഡ്‌ലാണ്ട് beautiful land. ആയാണ് മനസ്സിൽ പതിഞ്ഞത്.. താങ്ക്സ്

    ReplyDelete
  6. "കടല്‍ വറ്റി കരയാകും
    കര പിന്നെ കടലാകും
    കഥയിതു തുടര്‍ന്ന് വരും
    ജീവിത കഥയിതു തുടര്‍ന്ന് വരും ....."

    ReplyDelete