Sunday, August 25, 2019

കൺചിമ്മലുകളിൽ പിറക്കുന്ന പുസ്തകങ്ങൾ!

PMA ജബ്ബാറിൻ്റെ 'മാണിക്യ മലരായ പൂവി' യെന്ന മാപ്പിള പാട്ട് പ്രശസ്തിയുടെ പുതു പടവുകൾ കയറിയതും, പാർലമെന്റിൽ നേതാക്കളുടെ പ്രസംഗങ്ങളെക്കാൾ സോഷ്യൽ മീഡിയയിൽ വൈറലായതും മിഴികളുടെ കുസൃതികളാണ്. കൺചിമ്മലുകൾ വൻസംഭവങ്ങളാകുന്ന നാടാണ് നമ്മുടേത്. എന്നാൽ ചിലരുടെ മിഴിയനക്കങ്ങൾ വരികളായി ഉരുത്തിരിയുന്നു. വായിച്ച പുസ്തകങ്ങൾ ഓർക്കുകയും മറക്കുകയും സ്വാഭാവികമെന്നിരിക്കേ വെട്ടലും തിരുത്തലുമായി കൈയിലേക്ക് വെച്ചു തന്ന കടലാസുകെട്ടിനെ ഹ്യദയത്തോട് ചേർത്ത് പിടിച്ചത് അതെഴുതിയ വ്യക്തിയേയും അയാളുടെ പ്രണയത്തേയും കേട്ടറിഞ്ഞത് മുതലാണ്. ലണ്ടനിലെ അവധി ദിവസങ്ങൾ അവസാനിക്കുന്നതിൻ്റെ തലേന്നാണ് ഞങ്ങൾ പോളിനേയും ലിസ്സിനേയും പരിചയപ്പെടുന്നത്. അറിയുന്തോറും കാണാതെ തിരികെ വരികയെന്നത് അസാദ്ധ്യമായിരുന്നു. 

ഫസ്റ്റ് നേഷൻസിൻ്റെ പോവോയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ആർട്ടിസ്റ്റായ പോൾ ഷില്ലിങ്ങിനെ കണ്ടത്. സംസാരം ചിത്രങ്ങളിൽ നിന്ന് പുസ്തകത്തിലേക്ക് നീണ്ടു. കടുംനിറങ്ങളിൽ മനസ്സിലുള്ള കഥകൾ കാൻവാസിലേക്ക് പകർത്തുന്ന പോളെന്ന ചിത്രകാരനേയും കൂട്ടുകാരിയേയും കണ്ടപ്പോഴാണ് ആകാംഷയോടെ കാത്തിരിക്കുന്ന പുസ്തകത്തിലേക്ക് ഞാൻ വീണ്ടുമെത്തിയത്. ഏത് യാത്രയും പൂർണ്ണമാവുക കാഴ്ചകളുടെ സമൃദ്ധി കൊണ്ടായിരിക്കില്ല ഇതുപോലെ അപൂർവ്വം ചിലരിലേക്ക് എത്തിപ്പെടുമ്പോഴായിരിക്കും. ഓരോ ഓർമ്മപ്പെരുപ്പിലും തെളിഞ്ഞു വരുന്ന മായാത്ത ചിത്രങ്ങളായി മനസ്സിലിടം നേടുന്നവർ!

ഗായകനും, ഫോട്ടോഗ്രാഫറും, സഞ്ചാരിയുമായ പോൾ അലൻ, അയാളുടെ ആത്മകഥ എഴുതിയിരിക്കുന്നു. അതിലിത്ര പറയാനുണ്ടോ, എന്നാണെങ്കിൽ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. കടലാസ്സിലോ, കീബോർഡിലോ എഴുതിയതല്ല, ഇടത്തെ കണ്ണ് മാത്രം ചിമ്മി തുറന്നാണ് 56,000 വാക്കുകൾ കൊണ്ട് തൻ്റെ അനുഭവങ്ങൾ ലോകത്തോട് പറയാൻ പോൾ ശ്രമിക്കുന്നത്. പുസ്തകത്തിൻ്റെ അവസാന മിനുക്കു പണികൾ നടന്നു കൊണ്ടിരിക്കുമ്പോഴാണ് എനിക്കത് കാണാനുള്ള ഭാഗ്യമുണ്ടായത്. എഴുതാൻ കടലാസ്സും പേനയും, കമ്പ്യൂട്ടറും, സ്മാർട്ട്ഫോണും എല്ലാമുണ്ടായിട്ടും ഒന്നും തികയാറില്ലല്ലോ... ALS (Amyotrophic Lateral Sclerosis) എന്ന രോഗവസ്ഥയുമായി ജീവിച്ച സ്റ്റീഫൻ ഹോക്കിൻസ് കവിളിലെ പേശികളുടെ സഹായത്തോടെയാണ് തൻ്റെ ആശയവിനിമയോപാധി നിയന്ത്രിച്ചത്. ഒരു മിനിറ്റിലൊരു വാക്ക് എന്ന കണക്കിൽ. മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് നിസ്സഹായരായ ഡോക്ടർമാർ വൈറ്റമിൻ ഗുളികൾ കൊടുത്തു പറഞ്ഞു വിട്ട സ്റ്റീഫൻ ഹോക്കിൻസ് അത്ഭുതമായിരുന്നു. ആ മഹാപ്രതിഭയുടെ വാക്കുകൾ കേട്ടു വളർന്നവരാണ് നമ്മൾ. പോളിനു മുന്നിലെത്തിയപ്പോഴും ഓർത്തത് അതു തന്നെയാണ്, "However difficult life may seem, there is always something you can do and succeed at. It matters that you don't give up. (Stephen Hawkins)".

മറ്റൊരാൾ ഫ്രഞ്ച് ജേർണലിസ്റ്റായ ജീൻ ഡോ (Jean-Dominique Bauby)യാണ്. ജീൻ എഴുതിയ പുസ്തകമാണ് The Diving Bell and the Butterfly. French Elle എന്ന ഫാഷൻ മാസികയുടെ ചീഫ് എഡിറ്ററായിരുന്ന ജീൻ സ്ട്രോക്കിനു ശേഷമെഴുതിയ ഓർമ്മക്കുറിപ്പുകൾ ആദ്യം ഫ്രഞ്ചിലാണ് പ്രസിദ്ധീകരിച്ചത്. 200,000 മിഴിയടയലുകളിലൂടെ എഴുതി തീർത്ത പുസ്തകം ബെസ്റ്റ് സെല്ലറാവാൻ താമസമുണ്ടായില്ല. പ്രസിദ്ധീകരിച്ച ദിവസം 25000 കോപ്പികളാണത്രേ വിറ്റുപോയത്. 1997 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തെ ആസ്പദമാക്കി Julian Scnabel അതേ പേരിലൊരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയും പുസ്തകവും രണ്ടും രണ്ടാണെന്ന് അഭിപ്രായം നിലനിൽക്കുന്നുണ്ടെങ്കിലും 2007ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് Julian Scnabel കരസ്ഥമാക്കി. ഇവരെയൊക്കെ വായിച്ചറിഞ്ഞ അറിവുകളാണ്. എന്നാൽ പോളെനിക്ക് അങ്ങിനെയല്ല.

പുതിയ വീട്ടിലേക്ക് മാറിയതിൻ്റെ സന്തോഷത്തിലായിരുന്നു പോളും ലിസ്സും. തൊട്ടും തലോടിയും ആ വീടിൻ്റെ ഓരോ മൂലയും അവരുടെ പ്രണയം പോലെ മനോഹരമാക്കാൻ രണ്ടുപേരും കഠിനമായി പ്രയത്നിച്ചു. 2002ലെ ഒരു സംഗീത പരിപാടിയിൽ വെച്ചാണ് പോളും ലിസ്സും കണ്ടുമുട്ടുന്നത്. ആരെയും ആകർഷിക്കുന്ന പോളിൻ്റെ വ്യക്തിത്വമാണ് ലിസ്സിനെ അടുപ്പിച്ചതും ഒടുവിൽ പ്രണയത്തിൽ കലാശിച്ചതും. 2012ൽ ഒരു ദിവസം നേരം പുലർന്നത് അത്ര സുഖകരമായിട്ടായിരുന്നില്ല. ഇന്നും ആ ദിവസത്തിൻ്റെ ഓർമ്മകൾ പങ്കുവെക്കുമ്പോൾ ലിസ്സിൻ്റെ കണ്ണുകളിൽ അതിൻ്റെ പ്രതിഫലനം കാണാം. ആംബുലൻസ് സൈറൺ മുഴക്കി പോളിനേയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. പരിശോധനയിൽ പോളിന് സ്ട്രോക്കുണ്ടായതാണെന്ന് ഡോക്ടർമാർ ലിസ്സിനെയറിച്ചു. എന്ത്, എങ്ങിനെയെന്നുള്ള ചോദ്യങ്ങൾ അപ്രസക്തമാവുകയും, പോളിനെ തിരിച്ചു കൊണ്ടുവരാനുള്ള അശ്രാന്ത പരിശ്രമങ്ങളിലേക്ക് ലിസ്സിന് ഇറങ്ങേണ്ടിയിരുന്നു. 





ജോലിയും, ആശുപത്രിയും, വീടുമായി നെട്ടോട്ടമോടുകയായിരുന്നു അവർ. മെഡിക്കൽ ലോകത്തിൻ്റെ അന്തിമ വിധിയെഴുത്ത് Locked-in Syn-drome എന്നതിൽ തളരില്ലെന്നുറച്ച രണ്ടു മനസ്സുകളെയാണ് ഞാനറിഞ്ഞതും കണ്ടതും. ഇടത്തേ കണ്ണ് മാത്രം ചലിപ്പിക്കാവുന്ന അവസ്ഥയിലാണെങ്കിലും ശക്തിയോടെ പോൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അണുബാധ തടയാനായി കാഴ്ചയില്ലാത്ത വലത്തേ കണ്ണ് മൂടികെട്ടി വെച്ചിരിക്കകയാണ്. കേൾവിക്കുറവും വലത് ഭാഗത്ത് തന്നെയാണ്. സ്വന്തമായി ശ്വാസോച്ഛാസം ചെയ്യാൻ കഴിയില്ല. കഴുത്തിൽ ദ്വാരമിട്ട് ശ്വസിക്കാനുള്ള ട്യൂബിട്ടിരിക്കുകയാണ്. പോളിനു മേൽ നിതാന്ത ജാഗ്രത വേണം. ആശയവിനിമയത്തിനായി ആകെയുള്ളത് ഇടത് കണ്ണ് മാത്രം! എല്ലാ വികാരപ്രകടനങ്ങൾക്കും ഇടത്തെ കണ്ണിനെ ആശ്രയിക്കാൻ പോളിനൊപ്പം ലിസ്സും പഠിക്കേണ്ടിയിരുന്നു. മറ്റാരേക്കാളും അതവർക്ക് അത്യാവശ്യമായിരുന്നു. ഇംഗ്ലീഷ് അക്ഷരമാല ഓരോ സെറ്റുകളായി തരം തിരിച്ച് ഓരോ കൺ ചിമ്മലും ഏതു സെറ്റെന്നും, അക്ഷരമെന്നും അതിൽ നിന്ന് വാക്കും മനസ്സിലാക്കണം. വാമൊഴിയിൽ നിന്ന് കൺമൊഴിയിലേക്കുള്ള പറിച്ചു നടൽ ശ്രമകരമായിരുന്നെന്ന് പറയേണ്ടതില്ലല്ലോ.

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോളിനെ മാറ്റുന്നതിന് മുന്നോടിയായി വീട്ടിലെ മുറികൾ പോളിനുതകുന്നപോലെ സജ്ജമാക്കി. ഇതു പോലെയുള്ള രോഗികൾക്കുള്ള സർക്കാർ സഹായങ്ങൾ ലഭിക്കാനുള്ള ചുവപ്പ് നാടകളുടെ കുരുക്കഴിച്ചെടുക്കാനുള്ള പ്രയാസങ്ങൾ ഏറെയായിരുന്നെന്ന് ലിസ്റ്റിൻ്റെ വാക്കുകളിൽ വ്യക്തമായിരുന്നു. ഒറ്റയാൾ സമരത്തിന് ശക്തി പകർന്ന് ലിസ്സിനൊപ്പം പോളുണ്ട് കൂടെ. പോളിനോട് നേരിട്ട് സംസാരിക്കണമെന്ന ആവശ്യവുമായി സോഷ്യൽ സർവിസിലെ ചില ജീവനക്കാരുടെ ഫോൺ വിളികൾ തമാശയായി പറഞ്ഞു ചിരിക്കാൻ അവർക്കാവുന്നുണ്ട്. ജോലിയിൽ നിന്ന് വിരമിച്ചതിനുശേഷം ലിസ്സുണ്ട് പോളിനൊപ്പം സദാസമയവും. അതിലുപരിയായി പത്ത് പേരടങ്ങുന്ന സ്റ്റാഫുണ്ട് രാവും പകലുമായി പോളിനെ പരിചരിക്കാൻ. എല്ലാവരും വർഷങ്ങളായി പോളിനോടൊപ്പമുള്ളവരാണ്. ജോലിയിൽ ഏറ്റവും പ്രയാസകരം ഒരുപക്ഷെ പോളിൻ്റെ വിശ്വാസ്യത നേടിയെടുക്കുകയെന്നതായിരിക്കും. 'NO' എന്നു പറയാനൊരു മടിയുമില്ലാത്ത വ്യക്തിയാണദ്ദേഹം. 27 ഭാഷകൾ വശമുള്ള പോളിന് മലയാളം വാക്കുകളും വഴങ്ങും. A.R. റഹ്മാൻ പാട്ടുകളോടും പ്രിയമാണ്. തൻ്റെ പ്രിയപ്പെട്ട സംഗീതവും, ലിസ്സും, പിന്നെ സൗഹൃദങ്ങളുമായിരിക്കും പോളിൻ്റെയോരോ ദിനങ്ങളും പ്രകാശമാനമാക്കുന്നത്. 

രാവിലെ പത്തുമണിക്ക് പോൾ വീൽചെയറിലിരിക്കുന്ന സമയത്താണ് ഞങ്ങളെ കാണാമെന്നറിയിച്ചത്. സമ്മതം കിട്ടുമെന്നൊട്ടും പ്രതീക്ഷയിലായിരുന്നു. സ്വകാര്യതയെ മാനിച്ചു കൊണ്ട് പോളിനെ എഴുത്തിലൂടെയാണ് പരിചയപ്പെടുത്തുന്നത്. അലങ്കാര ചെടികളും, പെയ്ൻറിങ്ങുകളും കൊണ്ട് ഭംഗിയാക്കിയ വീടിൻ്റെ വാതിൽ തുറന്നത് ലിസ്സായിരുന്നു. നേരിയ തണുപ്പുണ്ടായിരുന്നു വീട്ടിനുള്ളിൽ. രാവിലെ ഡ്യൂട്ടിയിലുള്ള സ്റ്റാഫുകൾ പോളിൻ്റെ തെട്ടടുത്ത മുറിയിലുണ്ട്. അവരെ പരിചയപ്പെട്ടിട്ടാണ് ഞങ്ങൾ പോളിനെ കണ്ടത്. എൻ്റെ കൈയിലേക്ക് ലിസ്സ് തന്ന കടലാസ്സുകെട്ടിലെ ഒരു വരി പോലും കണ്ണ് നിറഞ്ഞ് വായിക്കാനായില്ല. നെഞ്ചോട് ചേർത്ത് പിടിച്ചു ഞാൻ നിന്നു. സംസാരപ്രിയനായ പോളിൻ്റെ മിഴിചിമ്മലുകൾ ലിസ്സും, സ്റ്റാഫിലൊരാളും ചേർന്ന് ഞങ്ങൾക്കു വേണ്ടി വായ്മൊഴിയാക്കി കൊണ്ടിരുന്നു. അൽപ്പസമയത്തിനുള്ളിൽ കണ്ണിൻ്റെ ചലനം ഞങ്ങൾക്കും മനസ്സിലായി തുടങ്ങി. എല്ലാ അപരിചിതത്വവും മാറി ചിരിയും വർത്തമാനവുമായി. 'The Life After Stroke (Autobiography of Paul Allen) പോളിൻ്റെ കണ്ണിലേക്ക് നോക്കി ലിസെഴുതിയെടുത്തതാണ്. 56000 വാക്കുകൾ!! പബ്ലിഷറുമായി സംസാരിച്ചിട്ടുണ്ടെന്നും അടുത്ത് തന്നെ പുസ്തകമിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും പറഞ്ഞു. ആയിരത്തോളം ഫോട്ടോകൾ എടുത്തിട്ടുള്ള പോളിൻ്റെ പ്രിയപ്പെട്ട ചിത്രങ്ങൾ തിരഞ്ഞു പിടിച്ച് പുസ്തകത്തിൽ ചേർക്കേണ്ട പണിയും എഡിറ്റിങ്ങും ബാക്കിയുണ്ട്. പോൾ തന്നെയാണ് തിരുത്തുന്നത്. കുറെ നാളായി കാത്തിരിക്കുന്ന പോളിൻ്റെ സൗകര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്ത പുതിയ കാറെത്തിയ സന്തോഷവും സംസാരത്തിനിടക്ക് ആ മുഖത്ത് തെളിയുന്നുണ്ട്. അപ്പുറത്ത് ഫോൺ ബെല്ലടിച്ചു, ലിസ്സ് തിരക്കിലായി. അനുവദിച്ച സമയമെപ്പോഴേ കഴിഞ്ഞു പോയിരിക്കുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ കൺമൊഴിയിലൂടെ മലയാളത്തിൽ 'നന്ദി, കാണാം...'മെന്നാണ് പോൾ പറഞ്ഞത്, ഒപ്പം ' Keep Trying' എന്നുപദേശിക്കാനും  മറന്നില്ല. 

പോൾ, നിങ്ങളിത് വായിക്കുമെന്നെനിക്കറിയാം. രണ്ടുപേരും ഞങ്ങൾക്ക് വേണ്ടി നീക്കിവെച്ച സമയത്തിന്, മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എഴുതിക്കോളൂ എന്ന സമ്മതത്തിന്, കരുതലിന്... എല്ലാം സ്നേഹത്തോടെ കാത്തിരിക്കുന്നു. പറയാൻ ബാക്കിവെച്ച വാക്കുകളുടെ പ്രിയപ്പെട്ട പുസ്തകത്തിനായി...

12 comments:

  1. അത്ഭുതാവഹം
    പോൾ & ലിസ്
    ആദരവ്

    ReplyDelete
    Replies
    1. ഒരുപാട് നാളുകൾക്ക് ശേഷം അൻവർ വീണ്ടും ബ്ലോഗ്ഗിലെത്തി... സന്തോഷം. പോളിനെ അറിയിക്കാം പുസ്തകത്തിന് കാത്തിരിക്കുന്നുണ്ടെന്ന് :)

      Delete
  2. Awesome and inspirational !! Thank you so much for sharing it.

    ReplyDelete
  3. Mubi ഞാൻ ഹുസൈന്റെ കൂട്ടുകാരൻ നിന്റെ കഥ വളരെ നന്നായിട്ടുണ്ട്. നമ്മൾ ഒരു മിന്നാമിനു ങ്ങി ന്റെ നുറുങ് വെട്ടത്തിൽ ഒന്ന് കണ്ടിട്ടുണ്ട് 22earse ego ഞാൻ കഥ എന്റെ പെൺമക്കൾക്ക് sent ചെയ്തു അവർക്കു ഇഷ്ടപ്പെട്ടു. ഇനിയും നിന്റെ കഴിവുകൾ പുറത്തു വരട്ടെ പ്രാർത്ഥിക്കുന്നു

    ReplyDelete
    Replies
    1. പേരില്ലാത്ത കൂട്ടുകാരാ നന്ദിട്ടോ വായിച്ചതിലും, കമന്റ് ഇട്ടതിലും.. കുട്ടികൾക്ക് അയച്ചു കൊടുത്തല്ലേ? സ്നേഹം... സന്തോഷം :)

      Delete
  4. Mubi.. Unanimously am saying ur craft of introducing Paul and Liss to us is really awsome�� Love you

    ReplyDelete
  5. മുബീ...കണ്മൊഴിയിൽ നിന്ന് ഒരു പുസ്തകം!!!അത്ഭുതം തന്നെ.ഈ പരിചയപ്പെടുത്തൽ വളരെ നന്നായി.നേരിട്ടനുഭവിച്ച നിന്നോട് അസൂയ തോന്നുന്നു.

    ReplyDelete
    Replies
    1. അസൂയയൊന്നും വേണ്ട മാഷേ, പുസ്തകം ഇറങ്ങിയാൽ നമുക്ക് വായിക്കാം...

      Delete
  6. സൂപ്പർ പരിചയപ്പെടുത്തൽ ...
    പോൾ & ലിസ് ഒരു കടങ്കഥയല്ലെന്നും ,
    കൺ ചിമ്മലുകൾ ലൈനടിക്കാൻ മാത്രമുള്ളതല്ല
    അതിൽ നിന്നും ഈടുറ്റ വരികളും പിറവിയെടുക്കുമെന്നും
    ഇപ്പോൾ മനസ്സിലാക്കിത്തന്നതിന് നന്ദി കേട്ടോ മുബി ...!

    ReplyDelete
    Replies
    1. അക്ഷരലോകത്ത് പോളിന്റെ കൺമൊഴികൾ കൂടുതൽ വായിക്കപ്പെടട്ടെ... മുരളിയേട്ടാ... സ്നേഹം.

      Delete