Monday, October 14, 2019

കുട്ടികളുടെ ബിലാത്തി... ആഷിൻ്റെയും!  

"മുത്തമ്മാ…" ലണ്ടൻ തെരുവിലൂടെ പായുന്ന ചുവന്ന ബസ്സിനേക്കാൾ, ചിരിക്കുന്ന കണ്ണുകളും ഉരുണ്ട ദേഹവുമുള്ള ടാക്സി കാറുകളും നോക്കി നിൽക്കുന്ന എന്നെ വിളിക്കുന്നത് അനിയത്തിയുടെ മകൻ റെനിയാണ്. കൂടെ കൂട്ടുകാരൻ ജോയലുമുണ്ട്. അനിയത്തിക്ക് ജോലിയുടെ തിരക്കുള്ളതിനാൽ ബിലാത്തി കാണിക്കാൻ കൊണ്ടു പോകുന്ന ഉത്തരവാദിത്വപ്പെട്ട രണ്ടുപേരോടൊപ്പമാണ് ഞാൻ. വീട്ടിൽ നിന്നിറങ്ങിയപ്പോഴേക്കും അവർ എന്നെക്കാൾ മുതിർന്നവരായി. 'Green Man' നെ കണ്ടാൽ റോഡ് മുറിച്ചു കടക്കാമെന്നും, ബസ്സിൽ കയറുമ്പോൾ പൈസ കൊടുക്കുന്നതും ഇരിക്കുന്നതും, ട്യൂബിൽ കയറുന്നതും ഇറങ്ങുന്നതും അങ്ങിനെ ഇടംവലം നിന്ന് ബാലപാഠങ്ങളേറെ ചൊല്ലി തരികയാണ്. സത്യത്തിൽ ഞങ്ങൾ മൂവരും വലിയ സന്തോഷത്തിലായിരുന്നു. നീണ്ടു കിടക്കുന്ന വഴിയും, സമയവുമായി ഞങ്ങളുടെ മാത്രം ഇഷ്ടങ്ങളിലൂടെ സഞ്ചരിക്കാമെന്നുള്ള സ്വാതന്ത്ര്യവുമാണ് മൂന്ന് കുട്ടികളെയും ആഹ്ളാദചിത്തരാക്കിയിരിക്കുന്നത്.


തുടക്കം Oxford Circus - Piccadilly Circus എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും പെട്ടെന്ന് സർക്കസ്സിലാവോന്നുള്ള സന്ദേഹമൊന്നും എനിക്കുമില്ലായിരുന്നു. ഏറ്റവും തിരക്കേറിയ തെരുവുകളുടെ പേരിനൊപ്പം Circus എന്ന് ചേർത്തത് പുരാതന റോമൻ സംസ്കാരത്തിൻ്റെ ചുവട് പിടിച്ചാണെന്ന് ഗൂഗിൾ പകർന്നു തന്നയറിവാണ്. പണ്ടൊരു തയ്യൽക്കാരൻ പണക്കാരനായത് പിക്കാഡിൽസ് ഫ്രിൽ കോളറുകൾ തുന്നി കൊടുത്താണത്രേ. അയാൾ ജീവിച്ചിരുന്നത് ഈ തെരുവിനടുത്തായിരുന്നു. അങ്ങിനെയാണ് പിക്കാഡിലിയെന്ന പേര് വന്നതെന്നും അലസവായനയിൽ ഞാൻ സംഭരിച്ച പൊതുവിജ്ഞാനമൊന്നും കുട്ടികളെ ആശ്ചര്യപ്പെടുത്തിയില്ല. Platform 88 ൽ ഇറങ്ങി പുറത്തേക്ക് നടക്കുമ്പോൾ അവിടെയൊരു പിയാനോ വച്ചിരിക്കുന്നത് കണ്ടു. അതിൻ്റെയടുത്ത് "Play the Piano your Way" എന്നെഴുതിയിട്ടിരിക്കുന്നു. അങ്ങിനെയൊന്നാരെങ്കിലും പറഞ്ഞാ മതിയെന്നു വിചാരിച്ചു നടന്നിരുന്ന ഞാനതിനെ ഉപദ്രവിക്കാനാരംഭിച്ചു. പിയാനോ വായിക്കാനറിയാവുന്ന റെനിയാണ് എന്നെ എഴുന്നേൽപ്പിച്ച് ഒരു നോട്ട് വായിച്ചത്‌. അവനു ശേഷം ജോയലും.. ഇവരുടെ പിയാനോ പെർഫോമൻസ് കണ്ടപ്പോൾ Becoming എന്ന മിഷേൽ ഒബാമയുടെ പുസ്തകത്തിൽ പിയാനോ പ0ന ക്ലാസ്സുകളും, C Key തിരച്ചിലുമൊക്കെ വായിച്ചത് ഓർത്തുപോയി.
പിയാനോ വായന അവസാനിപ്പിച്ച് കാണുന്നതെല്ലാം കാഴ്ചകളും എത്തുന്നിടമെല്ലാം ലക്ഷ്യങ്ങളുമാവുന്ന നടത്തത്തിലേക്ക് ഞങ്ങൾ ഊളിയിട്ടു. അവധിക്കാലമായതിനാലാവും തെരുവുകൾ ജനനിബിഡമായിരുന്നു. കെട്ടിടങ്ങളുടെ നിർമ്മാണ ശൈലികളും ഇന്ത്യയിലെ ചിലതിനോട് അവയ്ക്കുള്ള സാമ്യവും കുട്ടികൾക്ക് കാട്ടിക്കൊടുത്തു. ഇതിനിടയിൽ രണ്ടു മോഹവിത്തുകൾ മനസ്സിൽ കിടന്നത് പൊട്ടിമുളച്ചിരുന്നു. "ബ്രിട്ടീഷ് മ്യൂസിയവും ലൈബ്രറിയും." ഒരെത്തി നോട്ടം കൊണ്ടൊന്നും കാഴ്ച മുഴുവനാകില്ലെന്നറിഞ്ഞു തന്നെയാണ് മ്യൂസിയത്തിലേക്ക് കയറിയത്. ഫറോവമാരുടെ ഈജിപ്ത് കാഴ്ചകളിൽ നിന്ന് എന്നെയുണർത്തി തൽക്കാലം ആഫ്രിക്കയും, ഇന്ത്യയും കണ്ട് മടങ്ങാമെന്നായി എൻ്റെ വഴികാട്ടികൾ. റെനിയുടെ 'പ്ലേസ് ഓഫ് ഇൻട്രസ്റ്റാണ്' ആഫ്രിക്ക. അവനെ സ്വാധീനിച്ചിരിക്കുന്നത് 'സൗത്താഫ്രിക്കൻ വംശജനായ അധ്യാപകനാണ്. "ഇവിടെയുള്ളതല്ല, അവിടെ പോയി താമസിച്ച് മനസ്സിലാക്കണം. That's my wish... " കുറെ കണ്ടതിനു ശേഷം റെനിയെന്നോട് പറഞ്ഞു. നാലു ചുവരുകൾക്കുള്ളിൽ കാഴചവസ്തുക്കളായി തളച്ചിടുന്ന സാംസ്‌കാരിക വൈവിധ്യങ്ങളുമായി കുട്ടികൾക്ക് പൊരുത്തപ്പെടാനാവുന്നില്ല. യാത്രകൾ അറിവുകളാണെന്ന് അവർ പഠിച്ചിരിക്കുന്നു. അടുത്തത് സൗത്ത് ഏഷ്യയുടെ ഭാഗത്തേക്കാണ് പോയത്.  തിരക്കും, ചൂടും കാരണം പെട്ടെന്ന് തന്നെ ഞങ്ങൾ പുറത്ത് ചാടി.

അടുത്തത് ബ്രിട്ടീഷ് ലൈബ്രറിയിലേക്കാണ്. പുസ്തകവായനയുടെ അസ്ക്യത ശകലമുണ്ടെന്നറിയാവുന്നതിനാൽ എൻ്റെ താൽക്കാലിക രക്ഷിതാക്കൾ പൊടുന്നനെ സമയത്തേ കുറിച്ച് ബോധവാന്മാരായി. ലൈബ്രറിയിലെ നെടുനീളൻ അലമാരകളിൽ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങളും, മുന്നിലെ പുസ്തകങ്ങളിൽ തലപൂഴ്ത്തിയിരിക്കുന്നവരെയും കൺക്കുളിർക്കേ കണ്ടു. അന്നവിടെ Leonardo da Vinci യുടെ അഞ്ഞൂറാമത് മരണവാർഷികത്തോടനുബന്ധമായൊരു പ്രദർശനം നടന്നിരുന്നു. Leonardo da Vinci - A Mind in Motion എന്ന പ്രദർശനത്തിന് ഞാനും കുട്ടികളും ടിക്കറ്റെടുത്തു. ലിയോനാർടോയുടെ പ്രസിദ്ധമായ മൂന്ന് നോട്ട് പുസ്തകങ്ങളായ Codex Arundel, Codex Forster, Codex Leicester എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത ഷീറ്റുകളും, പെയിന്റിങ്ങുകളുമാണ് പ്രദർശന ഹാളിലുള്ളത്. സ്വകാര്യശേഖകരുടെ കൈവശമായിരുന്ന ഈ നോട്ടുകൾ ആദ്യമായാണ് ഒന്നിച്ച് പ്രദർശിപ്പിക്കപ്പെടുന്നത്. Monalisa, Ginevra de' Benci, Last Supper, Virgin of the Rocks, The Virgin & the Child with Saint Anne എന്നിവയിൽ ഞാനുടക്കി നിന്നപ്പോൾ, കുട്ടികൾ കുറിപ്പുകളുടെ വായനയിലായിരുന്നു. വെള്ളത്തെ കുറിച്ചുള്ള പഠനങ്ങളാണ് അവരെ ആകർഷിച്ചിരിക്കുന്നത്. പെയിന്റിങ്ങിൽ പരിസരം മറന്നു നിൽക്കുന്ന എന്നെ കൊണ്ട് അവർ വായിച്ചതെല്ലാം വായിപ്പിക്കാനും മറന്നില്ല. വിജ്ഞാനപ്രദമായിരുന്നു ആ പ്രദർശനം.





















ബ്രിട്ടീഷ് ലൈബ്രറിയിലെ അമൂല്യ വസ്തുക്കളുടെ പ്രദർശനവും ഞങ്ങൾ കണ്ടിരുന്നു. അവിടെയാണ് കൈയ്യെഴുത്തു പ്രതികളുടെ ശേഖരമുള്ളത്. ചരിത്ര പുസ്തകങ്ങളിൽ വരച്ചു ചേർത്ത ചിത്രങ്ങൾ ആധുനിക ക്യാമറ ചിത്രങ്ങളെ വെല്ലുന്നതായിരുന്നു. ഗാന്ധിജി Lord Irwin നെഴുതിയ കത്തുകൾ, വില്യം ഷേക്സ്പിയറുടെ പദ്യങ്ങൾ, "The night is only a sort of carbon paper ... " എന്നു തുടങ്ങുന്ന സിൽവിയ പ്ലാത്തിൻ്റെ Insomniac വെട്ടിയും തിരുത്തിയും അടിവരയിട്ടും, മാർജിൻ കുറിപ്പുകളോടെ അതേപടി നിറം മങ്ങാതെ, യോഗ്യാകാർത്തയിൽ നിന്നുള്ള ജാവനീസ് ഹസ്തലിഖിതങ്ങൾ, The book of Victory- Ottoman Empire (1582), ഭൂപടങ്ങൾ തുടങ്ങി കുറെയേറെയുണ്ട്. നോട്ടു പുസ്തകമെഴുത്ത് സ്കൂളുകളിൽ നിന്നു പോലും അപ്രത്യക്ഷ്യമായ കാലഘട്ടത്തിൽ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് ഇതെല്ലാം അത്ഭുതമായിരുന്നു. കൈകൊണ്ട് വരച്ച അവർ താമസിക്കുന്ന Kent County ഭൂപടത്തിലെ കൃത്യത കണ്ട് അത്ഭുതപരതന്ത്രരായി നിൽക്കുകയാണ് കുട്ടികൾ.

അവിടെന്ന് വീണ്ടും തെരുവിലെ കാഴ്ചകളിലേക്കിറങ്ങി. ന്യൂജെൻ ബ്രാൻഡഡ് ഷോറൂമുകളുടെ മേന്മകളുടെ സ്റ്റഡി ക്ലാസ്സുമായി ഞങ്ങൾ സൂര്യതാപവും ഏറ്റുവാങ്ങി നടക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായിരുന്നു. ഭക്ഷണമെന്തെങ്കിലും കഴിച്ചിട്ടാകാം ഇനി നടത്തമെന്ന് വയറും കാലും പിറുപിറുത്തു തുടങ്ങിയപ്പോൾ ഞങ്ങൾ മക്ക് ഡോണാൽസിലെ ബർഗറിൽ ആശ്വാസം കണ്ടെത്തി. The Shaftesbury Memorial Fountain അഥവാ Eros Statue എന്നുമൊക്കെ തിരിച്ചുംമറിച്ചും വിളിക്കുന്നിടത്ത് എത്തിയപ്പോഴാണ് കുട്ടികൾക്ക് തെറ്റിയിട്ടില്ലെന്ന് മനസ്സിലായത്. പാട്ടും, ചമയങ്ങളും, പ്രകടനങ്ങളുമായി പൊരിവെയിലത്ത് തെരുവിൽ കലാകാരന്മാർ ഏറെയുണ്ട്. ഒട്ടിയ വയറുമായി നാട്ടിലെ കവലകളിൽ അഭ്യാസപ്രകടനങ്ങൾ കാഴ്ചവെച്ചിരുന്ന ക്ഷീണിത മുഖങ്ങൾ മനസ്സിലോടിയെത്തി. എവിടെയാണെങ്കിലും തങ്ങളുടെ മുന്നിൽ വെച്ചിരിക്കുന ബോക്സുകളിൽ വീഴുന്ന നാണയ തുട്ടുകൾ തന്നെയാണ് അന്തിയാവുമ്പോൾ ഇവർക്ക് ആശ്വാസമാകുന്നത്. ഇതെല്ലാം ആസ്വദിച്ച് പതിയെ London Eye, Big Ben, London Bridge അങ്ങിനെ പ്രശസ്തമായ ടൂറിസ്റ്റ് അടയാളങ്ങളിലേക്കെല്ലാം ഞങ്ങളെത്തി. ഇടയ്ക്ക് അലസരായി അരമതിലുകളിൽ കയറിയിരുന്ന് ചലനാത്മകമായ തെരുവിലേക്ക് കണ്ണുകൾ പായിച്ചു. ഒടുവിൽ അന്തിക്ക് കൂടണയാൻ വെമ്പുന്നവരുടെ കൂട്ടത്തിലേക്ക് ഞങ്ങളും…

പിറ്റേന്ന് ഞങ്ങളാദ്യമെത്തിയത് Greenwich ലെ Royal Observatory യിലാണ്. കിഴക്കും പടിഞ്ഞാറും പൂജ്യം ഡിഗ്രി രേഖാംശത്തിൽ കൂട്ടിമുട്ടുന്നിടമാണ്. ഗ്രീൻവിച്ചിലെ Prime Meridian അടിസ്ഥാനപ്പെടുത്തിയാണല്ലോ ഭൂമിയിലെ സമയക്രമീകരണങ്ങൾ മനുഷ്യർ നിചപ്പെടുത്തിയിരിക്കുന്നത്. 'GMT + or -' എന്ന സമയത്തിൻ്റെ ഉറവിടത്തിൽ നിന്ന് O2 അരീനയുടെ പളപ്പിലേക്കും അവിടെന്ന്‌  Emirates Air Line എന്ന ആകാശ നൗകയിലൂടെ തേംസ് നദി മുറിച്ചു കടന്ന് മറുകരയിലുമെത്തി. ഇന്ന് ഞങ്ങൾക്കെത്തേണ്ടതായൊരു സ്ഥലമുണ്ട്. കുഞ്ഞു റെനിയുടെ സ്വപ്നഭൂമികയാണ് ലക്ഷ്യം. ബിലാത്തിയുടെ സമ്പത്ത് വ്യവഹാരങ്ങൾ നടക്കുന്ന Canary Wharf ൽ ഞങ്ങളെത്തുമ്പോൾ ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു. ചുറ്റുമുള്ള കോൺക്രീറ്റ് കാടുകൾക്കുള്ളിലെ ശീതികരിച്ച മുറികളിൽ നിന്ന് ആളുകൾ പുറത്തിറങ്ങി അടുത്തുള്ള പാർക്കിനുള്ളിലേക്ക് നടന്നു തുടങ്ങിയിരുന്നു. മിക്കവരും തന്നെ ബിസിനസ്സ് സ്യൂട്ടിലായതിനാൽ സ്ക്കൂളിലെ ലഞ്ച് ബ്രേക്ക് പോലെയുണ്ടെന്ന് റെനി. കമന്റിനോട് അനുഭാവം പ്രകടിപ്പിച്ച് ഞങ്ങളും പാർക്കിലേക്ക് പോയി.

തലയിലെ ഭാരങ്ങൾ പുകച്ചു തള്ളുന്നവർ, ധ്യാനിക്കുന്നവർ, കൂട്ടുകൂടി പൊട്ടിച്ചിരിക്കുന്നവർ, ആകാശം നോക്കിയലസരായി കിടക്കുന്നവർ, വായിക്കുന്നവർ, പ്രണയിക്കുന്നവർ… ഇവരെയെല്ലാം നോക്കിയിരുന്ന് ഒരുനാൾ ഞാനും ഇവർക്കൊപ്പമുണ്ടാവുമെന്ന സ്വപ്നം പങ്കിടുന്നവനുമുണ്ട്. പാർക്കിൽ നിന്നിറങ്ങിയപ്പോഴുണ്ട് Thomson Reuters നിലകൊള്ളുന്ന  കെട്ടിടത്തിൻ്റെ നെഞ്ചിലൂടെ സ്ക്രോളിങ്ങ് ന്യൂസ് പാഞ്ഞു പോകുന്നു. Conservative പാർട്ടിയുടെ നേതാവായ Alexander Boris de Pfeffel Johnsoബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നു. ടർക്കിയിലെ അധികാരകേന്ദ്രങ്ങളിൽ ഏറെ സ്വാധീനമുണ്ടായിരുന്ന അലി കമാലെന്ന പത്രപ്രവർത്തകൻ ബോറിസ് ജോൺസൺൻ്റെ മുതുമുത്തച്ഛനാണ്. 'ബോറിസ്' എന്നു കേട്ടാൽ ഓർമ്മ വരിക റഷ്യൻ ഫെഡറേഷൻ്റെ ആദ്യ പ്രസിഡന്റായ ബോറിസ് യെൽസിനെയാണെന്ന് ഞാൻ കുട്ടികളോട് പറഞ്ഞു. ഫുഡ്ട്രക്കിൽ നിന്ന് ഭക്ഷണം വാങ്ങി ഞങ്ങൾ വീണ്ടും Reuters ന് മുന്നിലെത്തി. Brexit ൻ്റെ രാഷ്ട്രീയം, പുതിയ പ്രധാനമന്ത്രിയുടെ ചീകാത്ത മുടി, കോർപ്പറേറ്റ് സംസ്കാരം, ഭക്ഷണത്തിൻ്റെ രുചി, പഠനം, ജോലി, കൂട്ടുകാർ, യാത്രകൾ, സ്വപ്നങ്ങൾ... അവരിൽ നിന്ന് കേൾക്കാനേറെയുണ്ട്. ഞാനൊരു നല്ല ശ്രോതാവായി. 

കാനഡയിലേക്ക് തിരികെ പോരുന്നതിന് മുന്നോടിയായി ഞങ്ങൾ Highgate Cemetery East സന്ദർശിക്കുകയുണ്ടായി. അപ്പോഴേക്കും ഹുസൈനും ബിലാത്തിയിലെത്തിയിരുന്നു. വന്നപ്പോൾ തുടങ്ങിയ തുമ്മലും ചീറ്റലും പടംപിടുത്തത്തേയും ബാധിച്ചു. തമാശയുടെയും വെളിപ്പാടിൻ്റെയും സെമിത്തേരി സന്ദർശന വിശേഷങ്ങളിലേക്ക് വരാം. ഇവിടെയാണ് കാറൽ മാക്സ്, ജോർജ്ജ് എലിയറ്റ്, മാൽക്കം ക്ലാരൻ തുടങ്ങിയ പ്രമുഖരുടെ അന്ത്യവിശ്രമം. ഞാനും, റെനിയും, ഹുസൈനും അഫസലുമാണ് സന്ദർശകർ. ഞങ്ങളെ മൂന്നുപേരെയും സെമിത്തേരിയുടെ പ്രവേശനകവാടത്തിനരികെ ഇറക്കി ശകടം പാർക്ക് ചെയ്യാൻ അഫ്സൽ പോയി. അവിടെയെത്തിയെന്ന് അനിയത്തിക്കൊരു സന്ദേശമയക്കാൻ ഞാൻ റെനിയോട് ആവശ്യപ്പെട്ടു. കുട്ടി അയച്ച സന്ദേശത്തിന് മറുപടിയായി അവൾ 'ലാൽ സലാം' മെന്നെഴുതി. "മൂത്തമ്മാ… ന്ന് വിളിച്ചത് കേട്ട് അവിടെയുള്ള ഫലകങ്ങൾ വായിച്ചു നിൽക്കുന്ന ഞാൻ റെനിയുടെ അടുത്തെത്തി. എന്താന്ന് ചോദിക്കുന്നതിന് മുമ്പേ അവൻ ഫോൺ നീട്ടി കൊണ്ട് പറഞ്ഞു, "ഞാൻ ടെക്സ്റ്റ് ചെയ്തപ്പോ ഉമ്മ 'ലാൽ സലാം' ന്ന് റിപ്ലൈ ചെയ്തിരിക്കുന്നു. അതിന് ഞാൻ "വലൈക്കും സലാ"മെന്നാണോ ഇനി എഴുതേണ്ടത്?" വെള്ളം കുടിച്ചു കൊണ്ടിരുന്ന ഞാൻ അതൊന്ന് നെറുകിൽ കയറാതെ എങ്ങിനെയെങ്കിലുമെന്ന് ഇറക്കി കിട്ടിയാൽ മതിയെന്നായി.

ഹുസൈൻ കുട്ടിക്ക് കാര്യം പറഞ്ഞു കൊടുക്കാതെ ചിരിക്ക് തീകൊളുത്തി നിൽക്കാണ്.. അഫ്സലും കൂടെയെത്തിയപ്പോൾ അത് പടർന്നു. എന്തെന്നറിയാതെ അന്തംവിട്ട റെനി കാര്യം മനസ്സിലായപ്പോൾ ചിരിക്കൊപ്പം കൂടി. ടിക്കറ്റെടുത്ത് സെമിത്തേരിക്കുള്ളിലേക്ക് ഞങ്ങൾ കയറി. ജീവിതത്തിൻ്റെ നശ്വരതയും മരണത്തിൻ്റെ അനശ്വരതയും ഓർമ്മപ്പെടുത്തുന്നുണ്ട് ഓരോ കല്ലറയും. ചിലതിൻ്റെ മൂടികൾ ഇളകിയിരിക്കുന്നു. വൻമരങ്ങളുടെ തണലിൽ സ്വസ്ഥമായി ഉറങ്ങുന്നവർക്ക്  വിളക്കുകളും, പൂക്കളും, പെന്നുകളും പ്രാർത്ഥനകളോടൊപ്പം സമ്മാനച്ചിട്ടുണ്ട് ഊഴം കാത്തുനിൽക്കുന്ന പ്രിയപ്പെട്ടവർ. സഖാവിൻ്റെ കല്ലറക്ക് അടുത്തെത്തിയപ്പോൾ തെണ്ടയിടറി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചൊരു സന്ദർശകനെ അഫ്സലും ഓർത്തു.. മരങ്ങളുടെ തണലിൽ നിൽക്കുമ്പോൾ റെനിയാണെനിക്ക് മരിച്ചവർ മരങ്ങളായി നമുക്കിടയിൽ ജീവിക്കുമെന്ന തിരിച്ചറിവ് പകർന്നത്. അഴുകുന്ന ശരീരങ്ങൾ മണ്ണിൽ ചേർന്ന് വേരുകളിലൂടെ മരങ്ങളിലേക്കെത്തുമ്പോൾ പുതിയ ഇലകളുണ്ടാവും… അങ്ങിനെയവർ ജീവിക്കുന്നു. Don't be sad... " എത്ര വ്യത്യസ്തമാണ് കുട്ടികളുടെ കാഴ്ചപ്പാടുകൾ!!


Buckingham കൊട്ടരത്തിൻ്റെ രാജവീഥികളിലൂടെ ചാറ്റൽ മഴയിൽ നനഞ്ഞു നടന്നും, പാർക്കിലെ വെള്ളക്കെട്ടിൽ നീന്തി തുടിക്കുന്ന വിവിധ തരം അരയന്നങ്ങളെ കണ്ടും, ചാരുകസേരയിലിരുന്ന് വെയിൽ കാഞ്ഞും ഞങ്ങൾ ആർമാദിച്ചു. കറുത്ത തൂവലും ചുവന്ന കൊക്കുമുള്ള അരയന്നങ്ങളെ ഞാൻ ആദ്യമായി കാണുകയായിരുന്നു. ഹുസ്സൈൻ്റെ ആവശ്യമായിരുന്നു സ്കോട്ട്ലാൻഡ് യാത്ര. അത് കേട്ടതും മൂന്ന് ദിവസത്തേക്ക് ഫിയോണയുടെ വീട് ബുക്ക് ചെയ്തത് അനിയത്തിയാണ്. ഫിയോണയുടെ വീട്ടിലെത്തിയപ്പോൾ തുമ്മലിന് കുറവുണ്ടായത് Brexit നേക്കാളും വലിയ പ്രശ്നമാവുകയും ചെയ്തു. സ്കോട്ട്ലാൻഡിലേക്ക് പോകുന്ന വഴിയിൽ കണ്ടതാണ് Edinburgh Castle. 



350 മില്യൺ വർഷങ്ങളുടെ പഴക്കമുള്ള ആഗ്നേയ പാറയുടെ പുറത്താണ് കോട്ട പണിതിരിക്കുന്നത്. നഗരത്തിന് കാവലായി നിൽക്കുന്ന കോട്ടയും, അതിന് താഴെ തിരക്കേറിയ വീഥികളും... പഴമയുടെ പ്രൗഢിയും ശില്പചാരുതയുമുള്ള വാതിലുകളുടെ നഗരം കൂടിയാണ് എഡിൻബർഗ്. താമസക്കാരുടെ വികാരവിചാരങ്ങൾ ഒപ്പിയെടുത്ത് കഥകളുടെ ചെപ്പുകൾ പോലെ തുറന്നടയുന്നവ. കെൽറ്റിക് സംസ്കാരം ഇംഗ്ലണ്ടിലെ സ്കോട്ട്ലാൻഡിനെക്കാളും കാനഡയിലാണുള്ളതെന്ന് തോന്നി. എന്നിരുന്നാലും ആടുകളും പൈക്കളും മേയുന്ന താഴ്വാരങ്ങളും, പുൽമേടുകളും, യാത്രയിൽ കണ്ണിന് കുളിർമയായി. വില്യം വേർഡ്‌സ് വേർത്ത് 1807 ൽ എഴുതിയ "The Solitary Reaper" ലെ വരികൾ എല്ലാവരുടെയും ചുണ്ടുകളിൽ വിരിഞ്ഞത് സ്കോട്ടിഷ് ഹൈലാൻഡ്‌സിൻ്റെ മാസ്മരികത കണ്ടു തുടങ്ങിയപ്പോഴാണ്. വേർഡ്‌സ് വേർത്ത് പെങ്ങളോടൊപ്പം സ്കോട്ട്ലാൻഡിലെ ഒരു ഗ്രാമത്തിൽ താമസിച്ചതാണ് കവിതയ്ക്ക് പ്രചോദനമായതെങ്കിൽ, അതിലൂടെ കടന്നു പോയപ്പോഴാണ് സ്കൂളിൽ പഠിച്ചു മറന്ന കവിത ചിലർ ചൊല്ലാൻ തുടങ്ങിയത്.

"Behold her, single in the field,
Yon solitary Highland Lass!
Reaping and singing by herself;

Stop here, or gently pass!...." (The Solitary Reaper)




"I wandered lonely as a cloud
That floats on high o'er vales and hills,
When all at once I saw a crowd,
A host, of golden daffodils;
Beside the lake, beneath the trees,
Fluttering and dancing in the breeze..." (I wandered Lonely as a Cloud)

കവിതകളും, തട്ടുകടകളിലെ കാപ്പി കുടിയും, പൊതിച്ചോറും, ഹൈക്കിങ്ങും, പുഴക്കരകളിലെ വിശ്രമവേളകളും, സ്കോട്ടിഷ് ബിസ്ക്കറ്റുകളുടെ മാധുര്യം പോലെയാക്കി യാത്രയും. അനിയത്തിയുടെ വീട്ടിലെ പ്രധാനിയാണ് ബ്രിട്ടീഷ് പൗരനായി ജനിച്ചു മലയാളിയായ ആഷ്. ആഷ് സബീൽ എന്നു ഔദ്യോഗിക നാമകരണം ചെയ്ത പൂച്ചയുണരുന്നതോടെ സുപ്രഭാതം പൊട്ടിവിടരുന്ന വീടാണ് അവളുടേത്‌. അവൻ്റെ ഇണക്കവും പിണക്കവും കുസൃതികളും, വിരുന്നെത്തുന്ന ഔപചാരികതയില്ലാത്ത സ്നേഹസൗഹൃദങ്ങളുടെ കളി ചിരികളുമായി അവധിദിനങ്ങൾ തീർന്നതറിഞ്ഞില്ല. അടുത്ത അവധിയിലേക്കായി മാറ്റിവെച്ചതെല്ലാം നിറച്ച ബിലാത്തി ബക്കറ്റുമായി തിരികെ പറക്കാൻ കാത്തിരിക്കുകയാണ്…


15 comments:

  1. ബിലാത്തി വിശേഷങ്ങൾ രസകരമായി വായിച്ചു. പണ്ട് പോയപ്പോൾ കണ്ട സ്ഥലങ്ങളെ ഓർമിപ്പിച്ചു. പക്ഷെ അന്ന് എഡിൻബറ കാണാൻ കഴിഞ്ഞില്ല :-( ബിലാത്തി വരെ പോയിട്ട് ബിലാത്തിപ്പട്ടണത്തിന്റെ ബ്ലോഗറെ കണ്ടില്ലേ :-)

    ഇത് വായിച്ചപ്പോൾ തോന്നിയത് വേർഡ്‌സ്‌വർത്ത് രീതിയിൽ തന്നെ പറഞ്ഞാൽ

    A 'Blogger' could not but be gay,
    In such a jocund company:
    You gazed—and gazed—but little thought
    What wealth the show to you had brought

    ശരിയല്ലേ ;-)


    പിന്നെ ഒരു ചെറിയ അക്ഷരപ്പിശാച് വന്നിട്ടുണ്ട് കേട്ടോ... കവിതയുടെ അവസാനം I 'wondered' lonely as a cloud എന്നാണ് ഇട്ടിരിക്കുന്നത്. (കമന്റ് വായിച്ചു കഴിഞ്ഞ് ഈ ഭാഗം ഞാൻ ഡിലീറ്റിയേക്കാം :-) )

    ReplyDelete
    Replies
    1. നന്ദി മഹേഷ്.. തെറ്റ് ഞാൻ തിരുത്തിയിട്ടുണ്ട്. കമന്റ് ഒന്നും മാറ്റണ്ടാട്ടൊ. ഞാൻ കുറച്ചു തിരക്കിലായി അതാണ് കമെന്റിന് മറുപടി ഇത്ര വൈകിയത്. സോറി...

      Delete
  2. ബിലാത്തി കണ്ടും കാണിച്ചു കൊടുത്തും എത്തിയിട്ട് അധികമായിട്ടില്ല.. ഫുൾ സ്ലീവ് സ്വെറ്ററും ഇട്ടാണ് ഇറങ്ങിയത്..അവസാനം ഇതൊക്കെ വാരിക്കൂട്ടി ബാഗിൽ ഇട്ട് കൊണ്ട് നടക്കേണ്ടി വന്നു.. ചൂട് പിടിച്ച ബിലാത്തി.നല്ലെഴുത്ത് ട്ടോ

    ReplyDelete
    Replies
    1. കണ്ടതൊന്നു എഴുതിയിടായിരുന്നില്ലേ ഗൗരി? ചൂടിന്റെ പ്രശ്‌നമൊഴിച്ചാൽ ബിലാത്തി യാത്ര നന്നായി ആസ്വദിച്ചിരിക്കുമല്ലോ? കാലാവസ്ഥ എല്ലായിടത്തും പ്രവചനാതീതമായിരിക്കുന്നു. നന്ദി... സ്നേഹം :)

      Delete
  3. അങ്ങനെ ബിലാത്തിയിൽ ഒരു ഊരുചുറ്റൽ... ജാനറ്റും ഹാരി ജാഗോയും ഡെവ്‌ലിനും ഡോഗൽ മൺറോയും ഒക്കെ നടന്ന വഴികളിലൂടെ നടന്നപ്പോൾ എന്തു തോന്നി മുബീ...?

    ReplyDelete
    Replies
    1. വിനുവേട്ടാ... കഥാപാത്രങ്ങളെ പിന്തുടർന്നുള്ള  യാത്ര ഹരമാണ്. സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോയെന്നറിയാത്ത അവസ്ഥയിലെത്തിക്കും നമ്മളെ.

      Delete
  4. രസകരമായി ബിലാത്തി വിശേഷങ്ങൾ.. (ഇവിടെയൊക്കെ എന്നാണാവോ പോകാൻ സാധിക്കുക!)

    അല്ല, ഈ ‘ലാൽ സലാം’ പറയുമ്പോൾ ‘വ അലൈക്കും സലാം’ തന്നെയല്ലേ മടക്കേണ്ടത്?

    (ഞാൻ ഇവിടെ ഇല്ലാന്ന് പറയാൻ പറഞ്ഞു..)

    ReplyDelete
    Replies
    1. ഹഹഹ... ജിമ്മിച്ചൻ ഇവിടെയില്ലെന്ന് പറയാൻ പറഞ്ഞേൽപ്പിച്ച ജിമ്മിച്ചൻ കാര്യം കൃത്യമായി പറഞ്ഞു :) :)

      Delete
  5. കാഴ്ചകൾ കണ്ടു..ആസ്വദിച്ചു.

    ReplyDelete
  6. മണ്ണും ചാരി നിന്നവൻ പെണ്ണും ...
    അല്ല ..
    വിരുന്നു വന്നവൾ ബിലാത്തി വിശേഷങ്ങൾ
    മുഴുവൻ അടിച്ചുമാറ്റിയ കുശുമ്പോണ്ടൊന്നുമല്ല കേട്ടോ മുബി 

    PS
    അമ്മയുടെ മരണം , നീട്ടി വെച്ച ചികിത്സ
    മുതൽ കാരണങ്ങളാൽ  രണ്ട് മാസമായി ബൂലോകത്ത്
    എത്തി നോക്കാറില്ലായിരുന്നു ...
    2012 ലണ്ടൻ ഒളിമ്പിക്സ് സമയത്തെ ചാരപ്പണി
    വേളകളിലാണ് ഇതിന് മുമ്പ് ഞാനൊരു മൂന്ന് മാസത്തെ 
    ബ്ലോഗ് ബ്രെയ്ക്ക് എടുത്തിരുന്നത് ...!

    ഇന്ന് മുതൽ  ഈ മൂഷിക പുത്രൻ വീണ്ടും 
    ബൂലോഗ മല പിന്നേയും ചുരുണ്ടു തുടങ്ങുവാൻ 
    തുടങ്ങുകയാണ് കേട്ടോ

    ReplyDelete
    Replies
    1. അമ്മയുടെ വിയോഗം അറിഞ്ഞിരുന്നു മുരളിയേട്ടാ. നല്ല ഓർമ്മകൾ ഇനിയെന്നും കൂടെയുണ്ടാവട്ടെ, പ്രാർത്ഥനകൾ...

      മുരളിയേട്ടനെ ബൂലോകം മിസ്സ് ചെയ്തുട്ടൊ :) :)

      Delete
  7. ബിലാത്തി വിശേഷം പറയേണ്ട ആള്‍ മാജിക് കാട്ടി നടന്നപ്പോള്‍ മുബി ആ ദൌത്യം ഏറ്റെടുത്തു....സൂപ്പര്‍ കാഴ്ചകള്‍

    ReplyDelete