മാർച്ച് ആദ്യവാരത്തിലാണ് ഞാൻ വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയത്. അന്ന് കാനഡയിൽ മഹാമാരിയുടെ വിത്തുകൾ മുളപൊട്ടി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. എൻ്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വീട്ടിൽ നിന്ന് ജോലി ചെയ്‌താൽ മതിയെന്ന തീരുമാനത്തിലെത്തിയത്. പിന്നീട് ഓരോരുത്തരായി വീടിൻ്റെ സുരക്ഷിതത്തിലേക്ക് ചേക്കേറി. പഠനവും, ജോലിയും എല്ലാം വീടറിഞ്ഞു. ഞങ്ങളുടെ നിശ്വാസങ്ങൾക്കായി കാത്തിരുന്ന വീടിൻ്റെ അകത്തളങ്ങളുടെ ഭാവം മാറി. എല്ലാവരും എൻ്റെയടുത്തുണ്ടല്ലോ എന്ന സന്തോഷമാവണം.
സൂമും, സ്കൈപ്പും, ടീമും ദൂരങ്ങൾ ചെറുസ്ക്രീനിലേക്ക് ഒതുക്കി നിത്യ ജീവിതത്തിൻ്റെ ഭാഗങ്ങളായി. ഇന്നലെവരെയുണ്ടായിരുന്നതെല്ലാം അകന്ന് മാറി എത്ര പെട്ടെന്നാണ് ഇവരെന്നെ നിശ്ചലമാക്കിയത്! മിസ്സിസ്സാഗ ട്രാൻസിറ്റും, TTCയും, സബ്‌വേയും, വായനശാലയും എനിക്കന്യമായി. ലഞ്ച് ബോക്സുകളിൽ മൈക്രോഗ്രീൻ വളർന്നു. മലയാളത്തിന് പുറമേ ഇംഗ്ലീഷും, ഫ്രഞ്ചും, സ്പാനിഷും വീട്ടിൽ പരിചിതരായി. കാഴ്ചകളും അനുഭവങ്ങളും മാറുകയാണ്. യാത്രയിലെ വായനയും, കാഴ്ചകളും ഇനിയെന്ന് തിരികെ കിട്ടുമെന്ന് അറിയില്ല. ബസ് സ്റ്റോപ്പുകളിലെ അപരിചിതമായ പുഞ്ചിരികൾ, കുശലാന്വേഷണങ്ങൾ, പരിഭവങ്ങൾ, കോഫിഷോപ്പിലേക്കുള്ള പോക്കുവരവുകൾ, ലൈബ്രറികളിലെ പുസ്തകമണങ്ങൾ... ഇതെല്ലാം ജീവിതത്തിലെ വലിയ സന്തോഷങ്ങളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ കോവിഡ് കാലം. അത്രയേറെ പരിചിതമായ ലോകം നഷ്ടപ്പെടുത്തിയ വൈറസിനോടൊപ്പം ജീവിക്കണമെന്ന സത്യവുമായി പൊരുത്തപ്പെടുകയാണ്.
PC:- Google Images |
രണ്ടു വ്യത്യസ്ത രാഷ്ട്രീയ ശ്രേണിയിലാണെങ്കിലും ജനങ്ങളുടെ സംരക്ഷണത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യമുണ്ടെന്ന് കാനഡയിലെ നേതൃത്വം അവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ബോധ്യപ്പെടുത്തി. പ്രൊവിൻസുകളിലെ പ്രീമിയർമാരും, സിറ്റി മേയർമാരും, ആരോഗ്യമേഖലയും ഫെഡറൽ ഗവൺമെന്റ് സംവിധാനങ്ങളോട് യോജിച്ചു പ്രവർത്തിക്കുന്നു. ഗവണ്മെന്റ് ഓഫീസുകളിലേക്ക് വിളിച്ചാൽ വളരെ ശാന്തരായി നമ്മളെ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനും അവർ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഒരേ ചോദ്യം തന്നെയായിരിക്കും പലരും പലവിധത്തിൽ ചോദിക്കുന്നത്. ആവർത്തിക്കുന്ന ഉത്തരങ്ങളിൽ ആരൊക്കെയോ കൈപിടിക്കാനുണ്ടെന്ന തോന്നൽ നൽകാൻ അവർക്കാവുന്നുണ്ട്. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവർക്ക് താങ്ങായ Canada Emergency Response Benefit (CERB) എന്ന സർക്കാർ പദ്ധതി വളരെയധികം പേർക്ക് സഹായകമായിരുന്നു. പാർട്ട് ടൈം ജോലി നഷ്ടപ്പെട്ട് പുതിയൊരു ജോലി കിട്ടുന്നതുവരെ എൻ്റെ മകനും CERB ന്റെ ആനുകൂല്യം ലഭിച്ചിരുന്നു.
കീഴ്മേൽ മറിഞ്ഞ ലോകത്തോടൊപ്പം യാത്ര ചെയ്യുന്ന തത്രപ്പാടിലായത് കൊണ്ട് മനസ്സിൽ കരുതിയ പോലെ അവധിദിനാഘോഷങ്ങളൊന്നുമുണ്ടായില്ല. എങ്കിലും പരിചയിച്ച വഴികളിലൂടെയുള്ള യാത്രകൾ പതിവിന് വിപരീതമായ കാഴ്ച്കൾ സമ്മാനിച്ച് മനസ്സിനെ സ്വാന്തനപ്പെടുത്തിയിരുന്നു. ഒരിക്കൽ മകൻ്റെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് നീലാകാശത്ത് നിറങ്ങളുടെ ഓട്ടപാച്ചിൽ കണ്ടത്.
ഇതിനിടയിൽ നൂറ്റിയമ്പത് വർഷങ്ങൾക്ക് ശേഷം 2020 ഏപ്രിലിൽ ബൈസൺ (കാട്ടുപോത്ത്) കുഞ്ഞ് പിറന്നത് കാനഡക്കാർ ആഘോഷമാക്കിയിരുന്നു. കനേഡിയൻ പ്രൊവിൻസായ Saskatchewan ലെ Wanuskewin Heritage പാർക്കിലായിരുന്നു സംഭവം. ഇതിപ്പോ ഇത്ര വലിയ കാര്യമാണോ? അല്ലായിരിക്കാം. വംശനാശം വന്ന് പോയ ഒരു ജീവിയേയും അതിനു ഇണങ്ങുന്ന ആവാസവ്യവസ്ഥിതിയേയും തിരികെ കൊണ്ട് വരികയെന്നത് പ്രായോഗികമല്ല. വടക്കേ അമേരിക്കയിലെ പുൽമേടുകൾ വംശനാശഭീഷണി നേരിടുന്ന ബിയോമുകളിലൊന്നാണ്. അതാണ് ഈ പിറവി ഇത്രയധികം വിലപ്പെട്ടതായത്. കാട്ടുപോത്തുകൾ തിരികെ വരുന്നതിലൂടെ പുല്ലുകളെയും ചെടികളെയും വീണ്ടെടുക്കാനാവുമെന്ന് അവിടെയുള്ള ഗോത്രവംശക്കാർ വിശ്വസിക്കുന്നു. അമേരിക്കയിലെ Yellowstone National പാർക്കിൽ നിന്നുള്ള കാട്ടുപോത്തിൻ്റെ ജോഡികളെ ഗോത്ര തലവന്മാർ പരമ്പരാഗത രീതിയിൽ സ്വീകരിച്ചാണ് ഹെറിറ്റേജ് പാർക്കിൽ കൊണ്ടു വിട്ടത്. വേരറ്റുപോയ ഇടത്തിലേക്ക് വീണ്ടും വരികയാണ്... പെൺപിറവിയുടെ ആനന്ദം!!
മറ്റൊന്ന് 'അല്യൂട്ട് അലൈൃസ്ക' ആമസോണിൽ ഇ-പുസ്തകമായി പ്രസിദ്ധീകരിച്ചതാണ്. 2016 ജൂലൈ മാസത്തില്‍ കാനഡയുടെ പടിഞ്ഞാറേ അതിര്‍ത്തി പ്രദേശമായ യുകോണ്‍ ടെറിട്ടറിയിലൂടെ അലാസ്കയിലെ കുറച്ച് ഭാഗങ്ങളിലേക്കും, പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 2018 ഫെബ്രുവരിയില്‍ അലാസ്കയിലേക്ക് മാത്രമായും നടത്തിയ യാത്രകളുടെ വിവരണങ്ങളാണ് ഇ-പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.
കഴിഞ്ഞകാലത്തിലെ സാധരണമായിരുന്ന പലതിന്റെയും മൂല്യം എത്ര വലുതായിരുന്നു എന്ന് ഈ കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. നഷ്ടമാവുമ്പോഴാണല്ലോ പലതിന്റെയും മൂല്യം നാം തിരിച്ചറിയുക. പ്രകൃതിയുടെ മാസ്മരിക ചെതന്യത്തിലൂടെ, വംശനാശഭീഷണി നേരിടുന്ന ജീവിവർഗത്തെക്കുറിച്ചുള്ള ആകുലതകളിലൂടെ, ആത്മപ്രകാശനത്തിന് അവസരം തന്ന ആമസോണിന്റെ കനിവിലൂടെ .... എല്ലാം കടന്നുപോയ ഈ ചെറിയ കുറിപ്പ് അത്യാകർഷകം ...
ReplyDeleteസത്യം, കുറെ തിരിച്ചറിവുകളുണ്ടായി ഈ കാലത്ത്! നമ്മളെ പഠിപ്പിക്കാൻ പ്രകൃതി തന്നെ ഇറങ്ങി പുറപ്പെട്ട പോലെ...
Deleteകൊറോണ കാരണം എന്നുമെന്നും കിട്ടിക്കൊണ്ടിരുന്ന പലതും മിസ്സായ നാലഞ്ചുമാസങ്ങൾ എന്നെ വിഷാദത്തിലേക്കാണ് കൊണ്ടുപോയത് .എന്നാലും ഇതുവരെ കിട്ടാത്ത പല അനുഭവങ്ങളും തൊട്ടറിയുവാൻ സാധിച്ച അനുഭൂതികളും ഇതുപോലെ എനിക്കും ഉണ്ടായി കേട്ടോ .
ReplyDeleteനഷ്ടങ്ങൾ വേദനിപ്പിക്കുമ്പോഴും, നമ്മളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ ഈ സമയം ഉപകാരപ്പെട്ടുവെന്നതാണ്...
Deleteഈ സമയം വിവിധ രൂപത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിച്ചതിൽ ഞാനും സന്തോഷിക്കുന്നു
ReplyDeleteചെറിയ യാത്രകളും, യൂ ട്യൂബ് ചാനലും, ഒരു പുസ്തകത്തിന്റെ പണിപ്പുരയിലുമാണെന്ന് അറിഞ്ഞു.. സന്തോഷം മാഷേ, എല്ലാം നന്നായി നടക്കട്ടെ :)
Delete